ഇന്ത്യന്‍ സമ്പദ്ഘടന – തളരുന്ന വളര്‍ച്ചാനിരക്ക് -സൂചനകള്‍?

Print this article
Font size -16+
ഫോക്കസ്
ആര്‍. മോഹന്‍
പെരുപ്പിച്ചു കാണിച്ച കണക്കുകളും ചരിത്രപരമായ മണ്ടത്തരവുമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ശേഷിപ്പ്. ജനക്ഷേമകരമായി ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സാമ്പത്തികവ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായിരിക്കും ഫലം. ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് വളരെ കുറഞ്ഞിരിക്കുന്നതിന്റെ കാര്യകാരണങ്ങളിലേക്ക് ഒരു എത്തിനോട്ടം.
ഇന്ത്യന്‍ സമ്പദ്ഘടന 1950 കള്‍ മുതല്‍ 1980 വരെ ശരാശരി 3.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.. ഒരു ദീര്‍ഘകാല പരിപ്രേക്ഷ്യത്തില്‍, ഇതിനെ ഒരു സ്തംഭനാവസ്ഥയായും മുരടിപ്പായും ആണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന പ്രൊഫസ്സര്‍ രാജ്കൃഷ്ണയുടെ വാക്കുകളില്‍, ഇതിനെ ”ഹിന്ദുവളര്‍ച്ചാനിരക്ക്”, എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1980 കളുടെ മദ്ധ്യത്തിനുശേഷം 5 ശതമാനവും 1990 കളുടെ ആദ്യ പാദത്തില്‍ 6.5 – 7 ശതമാനവും വളര്‍ച്ചാനിരക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൈവരിച്ചു. പിന്നീട് 1990 കളുടെ അവസാന പാദം മുതല്‍ 2001-02 വരെ വളര്‍ച്ച താഴോട്ടിറങ്ങി, 4 ശതമാനം വരെയെത്തി. 2003 -04 ല്‍ ഇത് 8 ശതമാനത്തിലേക്ക് ഉയരുകയും പിന്നീട് 9 ശതമാനത്തിലെത്തുകയും ചെയ്തു (ഇന്ത്യ തിളങ്ങുന്നു എന്ന പ്രചരണം ഇതിനോടൊപ്പം ഉണ്ടായതാണ്) പിന്നീട് (2008, 2009) ഉണ്ടായ ആഗോള മാന്ദ്യകാലത്തും ഇന്ത്യന്‍ സമ്പദ്ഘടന 7-7.5 ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തി. എന്നാല്‍ 2013-14 ല്‍ ഇത് 5 ശതമാനത്തിലേക്ക് താഴ്ന്നു. നമ്മുടെ ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുപ്പിന്റെ അടിസ്ഥാനവര്‍ഷം 2004-05 ല്‍ നിന്നും 2011-12 ലേക്ക് മാറ്റിയത് കൊണ്ട് ഈ ഇടിവിന്റെ ആഘാതം കുറച്ച് കണിക്കുവാന്‍ സാധിച്ചു. 2016-17 ല്‍ ആഭ്യന്തര ഉത്പാദന വളര്‍ച്ച 6.6 ശതമാനത്തിനടുത്താണ്. പഴയ അടിസ്ഥാനവര്‍ഷമെടുത്താല്‍ ഇതിലും കുറയും. കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2017-18 ആദ്യപാദത്തില്‍, സാമ്പത്തിക വളര്‍ച്ച 5.7 ശതമാനം മാത്രമായി തീര്‍ന്നിരികുന്നു.
ഒരു ദീര്‍ഘകാല വിശകലനം നടത്തിയാല്‍ 1950-1980 കാലത്തെ 3.5 ശതമാനം വളര്‍ച്ചാ നിരക്ക്, കൊളോണിയല്‍ ഭരണകാലത്തെ 1-2 ശതമാനം വളര്‍ച്ചയെക്കാള്‍ വളരെ മെച്ചപ്പെട്ടതായി കാണാം. ഇതിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള വളര്‍ച്ചാ വ്യതിയാനങ്ങളെ വിലയിരുത്തേണ്ടത്. 1980 കളില്‍ ഇന്ത്യന്‍ ഭരണകൂടം അതിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രകടമായ വ്യതിയാനം വരുത്തി. മദ്ധ്യവര്‍ഗ്ഗ ഉപഭോഗത്തിനായുള്ള വസ്തുക്കള്‍ കൂടുതല്‍ കാര്യക്ഷമമായി ഉത്പാദിപ്പിക്കുവാന്‍ ഭരണകൂടം പ്രത്യേക താല്‍പ്പര്യമെടുത്തു. കാര്‍, ടൂ വീലര്‍ മേഖലയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറങ്ങി. കേന്ദ്ര സര്‍ക്കാര്‍, ചെലവുകള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ച ഒരു കാലഘട്ടം കൂടിയാണിത്. വിദേശ വിപണിയില്‍ നിന്നും ഹ്രസ്വകാല വയ്പയെടുത്തും കമ്മി വര്‍ദ്ധന നടത്തിയും സര്‍ക്കാര്‍ മദ്ധ്യവര്‍ഗ്ഗ വാങ്ങല്‍ ശേഷി പരിപോഷിപ്പിക്കാന്‍ കൃത്യമായ ഇടപെടല്‍ നടത്തി. നൂതന സാങ്കേതികവിദ്യ ഗണ്യമായ തോതില്‍ (റെയില്‍വേ, ബാങ്കുകള്‍ തുടങ്ങിയവയില്‍) രംഗപ്രവേശം ചെയ്തതും ഈ കാലയളവിലാണ്. എന്നാല്‍ നികുതി വരുമാനം, പ്രത്യേകിച്ച് പ്രത്യക്ഷനികുതി വരുമാനം ആഭ്യന്തര ഉത്പാദനത്തിന്റെ വളരെ താഴ്ന്ന അനുപാതത്തിലായിരുന്നു. 1990 ല്‍ ഗള്‍ഫ് യുദ്ധവും, ഉയര്‍ന്ന എണ്ണവിലയും, എന്‍.ആര്‍.ഐ നിക്ഷേപങ്ങളുടെ പിന്‍വലിയലും, ഹ്രസ്വകാല വായ്പകളുടെ തിരിച്ചടവ് ബാദ്ധ്യതയും കൂടിച്ചേര്‍ന്നപ്പോള്‍ ഒരു വലിയ വിദേശനാണ്യ പ്രതിസന്ധി രൂപപ്പെട്ടു. രാജ്യം ഒരു കടം തിരിച്ചടവില്‍ വീഴ്ച് വരുത്തുന്നതിന്റെ (ഉലയ േഉലളമൗഹ)േ വക്കത്തെത്തി. എന്നാല്‍, ഇറക്കുമതി നിയന്ത്രിച്ചും, സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കിയും ഇതിനെ അടിയന്തരമായി നേരിട്ട ഭരണകൂട നടപടി കാരണം 1991-92 ല്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ച 1.2 ശതമാനത്തിലേക്ക് താഴ്ന്നു. എന്നാല്‍ പെട്ടെന്ന് തന്നെ (1992-93 1995-96), ഇത് 6.5-7.5 ശതമാനത്തിലേക്ക് ഉയര്‍ന്നു. വ്യവസായ മേഖലയിലെ ഉദാരവത്കരണവും സേവന മേഖലയിലെ നല്ല വളര്‍ച്ചയും കാരണമാണ് ഇത് സാധ്യമായത്. പക്ഷേ, ഉയര്‍ന്ന പണപ്പെരുപ്പവും, സ്വകാര്യ ഉപഭോഗത്തിലെ മാന്ദ്യവും കാരണം, വളര്‍ച്ചാ നിരക്ക,് 1997 – 2001 ല്‍ വീണ്ടും 4 ശതമാനത്തിലേക്ക് താഴ്ന്നു.
ഈ കാലയളവില്‍ നമ്മുടെ ഉത്പാദന ഘടകങ്ങളുടെ വരുമാന അനുപാതം മൂലധനത്തിന് അനുകൂലമായി ഗണ്യമായി മാറി. തന്‍മൂലം, 2001-02 2005-06 കാലഘട്ടത്തില്‍, കോര്‍പ്പറേറ്റ് ലാഭത്തോത് വര്‍ദ്ധിക്കുകയും, മൊത്തംനിക്ഷേപം ആഭ്യന്തര വരുമാനത്തിന്റെ 34-36 ശതമാനം വരെ ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് (2008-2009) ആഗോള സാമ്പത്തിക മാന്ദ്യവും അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയും ഉണ്ടായത്. ഒരു പരിധിവരെ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഉത്തേജക പാക്കേജുകളിലൂടെ സാമ്പത്തിക വളര്‍ച്ച പിടിച്ച് നിന്നെങ്കിലും, ഘടനാപരമായ ബലഹീനതകള്‍ തലപൊക്കുക തന്നെ ചെയ്തു. അതിന്റെ ലക്ഷണങ്ങള്‍ ഇന്നും തുടരുകയാണ്.
വളരെ പ്രതീക്ഷകള്‍ ഉയര്‍ത്തിവിട്ടാണ് 2014 ല്‍ പുതിയ ഭരണ സംവിധാനം നിലവില്‍ വന്നത്. കള്ളപ്പണം (പ്രത്യേകിച്ച് വിദേശ അക്കൗണ്ടുകളില്‍ ഉള്ളവ) തിരിച്ചുപിടിക്കുക, ഉത്പാദന മേഖലയില്‍ കുതിച്ചുചാട്ടം ഉണ്ടാക്കുക, പുതിയ നികുതി സംസ്‌കാരം സൃഷ്ടിക്കുക തുടങ്ങിയ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടു. ഇന്ത്യന്‍-നികുതി-വരുമാന (ടാക്‌സ്-ജി.ഡി.പി റേഷ്യോ) ഏതാണ്ട് 10-11 ശതമാനത്തിലാണ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി (ചെറിയ ഏറ്റക്കുറച്ചിലുകള്‍ പ്രതിവര്‍ഷം ഉണ്ടായിട്ടുണ്ട്) ഇത് നമ്മുടെ സര്‍ക്കാര്‍ ചെലവ് ബാദ്ധ്യതയെ തട്ടിച്ച് നോക്കുമ്പോള്‍ (പ്രത്യേകിച്ച് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ) വളരെ കുറവാണ്. വലിയ തോതില്‍ നികുതിവെട്ടിപ്പ് നടത്തി എന്ന് കേന്ദ്രധനകാര്യമന്ത്രി തന്നെ ലോക്‌സഭയില്‍ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഏജന്‍സികളുടെ (162 രാഷ്ട്രങ്ങളിലെ നിഴല്‍ സമ്പദ്‌വ്യവസ്ഥ യെക്കുറിച്ച് നടത്തിയ പഠനം കാണിക്കുന്നത് ഇന്ത്യന്‍ ആഭ്യന്തര വരുമാനത്തിന്റെ 22-23 ശതമാനം നികുതി വെട്ടിപ്പ് ഉണ്ടെന്നതാണ്. നടപ്പു വിലയില്‍ ഇത് 23-25 ലക്ഷം കോടി രൂപ ഏകദേശം വരും. world Bank Policy Research working paper 5356 – July 2010 -2010 ഈ പഠനം വെളിവാക്കുന്നത് ആഭ്യന്തര വരുമാനത്തിന്റെ കാല്‍ഭാഗം നികുതിവ്യവസ്ഥക്ക് വെളിയിലാണെന്നതാണ്. ദേശീയതലത്തില്‍ പ്രൊഫസര്‍ അരുണ്‍ കുമാര്‍ നടത്തിയ പഠനം ഇത് 62 ശതമാനമാണെന്ന് വ്യക്തമാക്കുന്നു. ഈ വ്യാപകമായ നികുതി വെട്ടിപ്പ് സര്‍ക്കാരിന്റെ സാമൂഹിക പശ്ചാത്തല മേഖലകളിലെ ഇടപെടല്‍ ശേഷിക്ക് വിഘാതമായി നില്‍ക്കുകയാണ്. സാമ്പത്തിക വളര്‍ച്ചക്ക് ഒരു മുഖ്യ തടസ്സവും ഇതുതന്നെ. നികുതിവെട്ടിപ്പ് സ്വയം വെളിപ്പെടുത്താനുള്ള പദ്ധതികള്‍ പലതും തുച്ഛമായ വരുമാന വെളിപ്പെടുത്തലുകളില്‍ ഒതുങ്ങിയപ്പോഴാണ് 2016 നവംബര്‍ 8-ാം തീയതി നോട്ടു നിരോധനം പരീക്ഷിച്ചത്. കറന്‍സിയുടെ 86 ശതമാനം മൂല്യവും പിന്‍വലിക്കപ്പെട്ടു. നികുതിവെട്ടിപ്പ് തടയാനുള്ള ഉദകക്രിയയായാണ് ഈ തീരുമാനം വീക്ഷിക്കപ്പെട്ടത്.
ഇതിന്റെ ജയ-പരാജയവും ഇതു കാരണം സമ്പദ്ഘടനയിലുണ്ടായ പ്രത്യാഘാതവും പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്. ഈ നിയമത്തിന്റെ അടിസ്ഥാന പ്രമാണം നികുതിവെട്ടിപ്പിനും, അഴിമതിക്കും (ഒരുപരിധി വരെ ഭീകരവാദത്തിനും) കറന്‍സി ഉപഭോഗമാണ് മുഖ്യകാരണം എന്നതാണ്. ഇന്ത്യയിലെ കറന്‍സി വരുമാന അനുപാതം 12.5 ശതമാനമാണ്.
കറന്‍സി വരുമാന അനുപാതം കുകുറഞ്ഞാല്‍ നികുതി വെട്ടിക്കുന്ന സമാന്തരസമ്പദ്ഘടന തകരുമെന്ന അടിസ്ഥാന പ്രമാണത്തെ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പഠനങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ സാധൂകരിക്കുന്നില്ല. എന്നാല്‍ കറന്‍സി ഇതര മാര്‍ഗ്ഗങ്ങളിലൂടെ ഇടപാടുകള്‍ നടന്നാല്‍ നികുതി അന്വേഷണങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നത് വസ്തുതയാണ് എന്നാല്‍ ഇത് പൊടുന്നനെ സാധിക്കുന്ന കാര്യമല്ല. യു.എസ്.എ യുടെ കറന്‍സി – വരുമാന അനുപാതം 6.5 – 7 ശതമാനംവരും ബാങ്കിംഗ് വ്യാപ്തിയിലും, കറന്‍സി ഇതര ഇടപാടുകള്‍ക്ക് ഉതകുന്ന സാങ്കേതികവിദ്യയിലും മാത്രമല്ല പ്രതിശീര്‍ഷ വരുമാനത്തിലും അമേരിക്ക വളരെ മുന്നിലാണ് (ഇന്ത്യയെക്കാള്‍ 40 ഇരട്ടി പ്രതിശീര്‍ഷ വരുമാനമാണ് യു.എസ്.എ യില്‍) അവിടെയും സമാന്തര സമ്പദ്ഘടന വരുമാനത്തിന്റെ 10 ശതമാനം വരെയുണ്ട്. ഹ്രസ്വകാലയളവില്‍ നോട്ടു നിരോധനം നികുതിവരുമാനം വര്‍ദ്ധിപ്പിച്ചില്ല എന്ന വസ്തുത സാമ്പത്തിക സര്‍വ്വേ, വാല്യം – 11 പട്ടിക 6, കൃത്യമായി വെളിവാക്കുന്നു. നോട്ടു നിരോധനത്തിന് ശേഷം 5.4 ലക്ഷം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെടുകയും 10,587 കോടി അധികവരുമാനം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സര്‍വ്വേ പ്രകാരം ശരാശരി 2.7 ലക്ഷം രൂപ (നികുതി ഒഴിവ് നിലവില്‍ 2.5 ലക്ഷം രൂപ) ചുരുക്കിപ്പറഞ്ഞാല്‍ അധിക വരുമാനത്തില്‍നിന്നും വളരെ തുച്ചമായ നികുതി വര്‍ദ്ധന മാത്രമേ ഉണ്ടായിട്ടുള്ളു. സര്‍വ്വേയില്‍ പ്രതിപാദിക്കാത്ത ഒരുവശം ഇതാണ്. കള്ളപ്പണം കൈവശം വച്ചിരുന്നാല്‍ പല പേരുകളില്‍ നികുതി കൊടുക്കാതെയോ, തുച്ചമായ നികുതി കൊടുത്തോ പണം നികുതി വിധേയമാക്കി എന്ന വസ്തുത. ഇന്ത്യയിലെ കറന്‍സി വരുമാന അനുപാതം വീണ്ടും (ജൂലൈ 2017 വരെ ) ക്രമാനുഗതമായി വര്‍ദ്ധിക്കുകയുമാണ് . ചിത്രം 1 വിനിമയത്തിലുള്ള കറന്‍സി മാര്‍ച്ച് 2015 ജൂലൈ 2017
കറന്‍സിരഹിത അല്ലെങ്കില്‍ കുറഞ്ഞ കറന്‍സി ഉപയോഗ വ്യവസ്ഥ നോട്ടു നിരോധനം മൂലം സാധ്യമായിട്ടില്ല. കറന്‍സിരഹിത ഇടപാടുകളുടെ തോത് കുറഞ്ഞുവരികയാണ് (സാമ്പത്തിക സര്‍വ്വേ വാല്യം -11 ചിത്രം 18, 19, 20 പേജ് 21) നോട്ട്‌നിരോധനം മൂലം അധിക നികുതി സമാഹരണവും സര്‍ക്കാരിന്റെ ഇടപെടല്‍ ശേഷിയും ഉയര്‍ന്നു എന്ന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ തെളിയാനിരിക്കെ, ഹ്രസ്വകാലാടിസ്ഥാനത്തില്‍ നോട്ടു നിരോധനം സാമ്പത്തിക വളര്‍ച്ചയെ എങ്ങനെ ബാധിച്ചു എന്ന് കാണുക.
ഇതില്‍ പൊതുഭരണം, ഡിഫന്‍സ് മേഖലയിലെ വളര്‍ച്ച 7-ാം ശമ്പള കമ്മീഷന്‍ നല്‍കിയ വേതനവര്‍ദ്ധന കാരണമാണ്. കാര്‍ഷികമേഖല ഒരു താഴ്ന്ന വളര്‍ച്ചയില്‍നിന്നുമാണ് 4.5 ശതമാനത്തിലെത്തിയത്. വൈദ്യുതി, വാതകം, ജലവിതരണ മേഖലയെ നോട്ടുനിരോധനം കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ കച്ചവടം, ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ഗണ്യമായ മാന്ദ്യം അനുഭവപ്പെട്ടിട്ടുണ്ട്. മൊത്തം വരുമാനം 7.9 (2015-16) ശതമാനത്തില്‍ നിന്നും 6.6 (2016-17) ശതമാനത്തിലേക്ക് താഴ്ന്നു. 7-ാം ശമ്പള കമ്മീഷന്‍ വര്‍ദ്ധന ഇല്ലായിരുന്നുവെങ്കില്‍ 6.6 ശതമാനം 6 ശതമാനത്തില്‍ താഴെ പോയേനെ. ചുരുക്കത്തില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴുകയും പ്രത്യക്ഷനികുതി വരുമാനത്തില്‍ വലിയ മാറ്റമില്ലാത്ത അവസ്ഥയിലുമാണ് ഇപ്പോള്‍ സമ്പദ്ഘടന. ചരക്ക് സേവന നികുതി (ജി.എസ്.ടി) യിലാണ് ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതീക്ഷ. ഒരുപരിധി വരെ ഈ ശുഭാപ്തി വിശ്വാസം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാം. പക്ഷേ സമ്പദ്ഘടനയില്‍ ബലഹീനതയുടെ മറ്റു പല ലക്ഷണങ്ങളും വളരെ പ്രകടമാണ്. ഉദാഹരണത്തിന്, എ) ബാങ്കുകളുടെ കിട്ടാക്കടം വലിയ ഒരു സമസ്യയാണ് ബി) കോര്‍പ്പറേറ്റുകളുടെ ബാലന്‍സ് ഷീറ്റ് കടം-പലിശ ബാദ്ധ്യതയുടെ സമ്മര്‍ദ്ദത്തിലാണ് സി) നിക്ഷേപ-വരുമാന അനുപാതം 34 ല്‍ നിന്നും 28 ശതമാനമായി താഴ്ന്നിരിക്കുന്നു. സ്വകാര്യ നിക്ഷേപത്തില്‍ മുരടിപ്പ് അനുഭവപ്പെടുന്നു.
ഡി) കാര്‍ഷിക മേഖലയില്‍ വില തകര്‍ച്ചയും പ്രതിസന്ധിയും രൂപപ്പെടുന്നു. ഇ) വായ്പാ തോത് വളരെ കുറഞ്ഞുവരുന്നു. എഫ്) വര്‍ധിച്ചു വരുന്ന വരുമാന അസമത്വങ്ങള്‍ എല്ലാവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നു. ആര്‍.ബി.ഐ. 2017വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2017 ആദ്യപാദത്തിലെ വളര്‍ച്ചാ നിരക്ക് 5.7 ശതമാനമാണ്. 2016 ആദ്യപാദത്തില്‍ വളര്‍ച്ചാ നിരക്ക് 7.6 ശതമാനമായിരുന്നു. ഈ കുറവിന് മുഖ്യ കാരണം, ഉദ്പാദന മേഖലയില്‍ 2016 ആദ്യപാദത്തിലെ 10.7 ശതമാനത്തില്‍ നിന്നും 2017 ആദ്യപാദത്തില്‍ 1.2 ശതമാനത്തിലേക്കുള്ള താഴ്ച്ചയാണ്.
സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ അഭിപ്രായപ്രകാരം ജി.എസ്.ടി. നടപ്പാക്കിയപ്പോഴുള്ള തുടക്ക പ്രയാസങ്ങള്‍ കാരണമാണ് ഈ മാന്ദ്യം സംഭവിച്ചത്. എന്നാല്‍, ഈ കേന്ദ്രങ്ങള്‍ കാണാതിരിക്കുന്ന വസ്തുത നിക്ഷേപ തോതില്‍ വന്ന കുറവാണ്. 2005-2011 കാലത്തെ 34 ശതമാനത്തില്‍ നിന്നും 2017 ആദ്യ പാദത്തിലെത്തിപ്പോള്‍ 29 ശതമാനമായുള്ള കുറവ്. ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യത്വരകം സര്‍ക്കാര്‍, സ്വകാര്യ ഉപഭോഗമാണ്. ഇത് സ്ഥിരമായ വളര്‍ച്ചയെ തുണയ്ക്കില്ല എന്ന് 2017 ലെ ആര്‍.ബി.ഐ. വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ചുരുക്കത്തില്‍, ഇന്ത്യന്‍ സമ്പദ്ഘടന വ്യവസ്ഥ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണ്. മൂലധന, സാമൂഹിക മേഖലകളില്‍ കൂടുതല്‍ നിക്ഷേപം അനിവാര്യമാണ്. നിലവില്‍ സ്വകാര്യ മേഖലയ്ക്ക് ഇതിന് കെല്‍പ്പില്ല. സര്‍ക്കാര്‍ ഇടപെടല്‍ കൂടിയേ തീരൂ. ഇതിനോടൊപ്പം ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടാനും, കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പ് വരുത്താനും, അതിലൂടെ വിപണി വിപുലീകരിക്കാനും വളര്‍ച്ചാ നിരക്ക് കൂട്ടുവാനും കഴിയും ഇതിന് അധിക വിഭവ സമാഹരണം അത്യാവശ്യമാണ്. ജി. എസ്.ടി. ക്ക് പുറമെ, പ്രത്യക്ഷനികുതി, പ്രത്യേകിച്ച് അതിസമ്പന്നര്‍ക്ക് മേലുള്ള നികുതി ഫലപ്രദമാക്കാനും നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഈ നടപടികള്‍ക്ക് മറ്റൊരു രാഷ്ട്രീയ, സാമ്പത്തിക വീക്ഷണം ആവശ്യമാണ്. ഇതിന്റെ ആവശ്യകത ഉയരേണ്ട അവസ്ഥയിലാണ് ഇന്നത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ.
No comments
Write a comment
No Comments Yet!
You can be first to comment this post!