This Content Is Only For Subscribers
ആർ.എസ്.എസ്സിന്റെ നൂറുവർഷത്തെ ചരിത്രത്തെയും അതിന്റെ ഫാസിസ്റ്റ് സ്വഭാവത്തെയും പ്രത്യയശാസ്ത്രപരമായ അടിത്തറയെയും വിമർശനാത്മകമായി വിശകലനംചെയ്യുന്ന ലേഖനം. സവർക്കറുടെ ‘ഹിന്ദുത്വ’യിൽ തുടങ്ങി, ഗാന്ധിവധം, ബീഹാർ വംശഹത്യ, ഗുജറാത്ത് കലാപം തുടങ്ങിയ ചരിത്രസംഭവങ്ങളിലൂടെ സംഘടനയുടെ ബലതന്ത്രം വിശദീകരിക്കുന്നു.
1923-ൽ വി.ഡി.സവർക്കർ എഴുതിയ ‘ഹിന്ദുത്വ’ എന്നു പറയുന്ന ഹിന്ദുത്വമാനിഫെസ്റ്റോയെ അടിസ്ഥാനപ്പെടുത്തിയുണ്ടായ ആദ്യ സംഘടനയാണ് 1925-ൽ വിജയദശമി ദിനത്തിൽ നിലവിൽവന്ന ആർ..എസ്.എസ്. ആർ.എസ്.എസിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ അത് ഉണ്ടാക്കുന്നതിനുമുമ്പ് ആദ്യത്തെ സർസംഘചാലക് ആയ ഹെഡ്ഗേവാർ സവർക്കറെ പോയി കാണുന്നുണ്ട്. രത്നഗിരി ജില്ലയിലായിരുന്നു അന്ന് സവർക്കർ വസിച്ചിരുന്നത്. അദ്ദേഹത്തിന് ആ ജില്ല വിട്ടുപോകാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ജില്ലാതടവിലായിരുന്നു ആ സമയത്ത് സവർക്കർ. നാഗ്പൂരിൽനിന്ന് ഡോ. ഹെഡ്ഗേവാർ രത്നഗിരിയിൽച്ചെന്ന് സവർക്കറെ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ആർ.എസ്.എസിന് രൂപംകൊടുത്തതെന്നും ചരിത്രം നമ്മളോടു പറയുന്നുണ്ട്. ഡി.വി.കേൽക്കർ എക്കണോമിക് വീക്കിലിയിൽ എഴുതിയ ആർ.എസ്.എസ് എന്ന ലേഖനം ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ‘ഹിന്ദുത്വ’ എന്ന പുസ്തകം മുന്നോട്ടുവച്ച ആശയം യാഥാസ്ഥിതിക ബ്രാഹ്മണിസം ആയിരുന്നില്ല. മനുസ്മൃതിയിൽ അധിഷ്ഠിതമായ ബ്രാഹ്മണിസത്തിൽനിന്ന്, അല്ലെങ്കിൽ സ്മൃതി,ശ്രുതി പുരാണോക്ത എന്നു നമ്മൾ വിളിക്കുന്ന ഒരുപാട് പാഠങ്ങളെ പുതിയ കാലഘട്ടത്തിലേക്കു വികസിപ്പിക്കുന്ന ഒരു സമീപനമാണ് സവർക്കർ ഹിന്ദുത്വയിൽ സ്വീകരിച്ചിരുന്നത്.
യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന് പുതിയ പരിസ്ഥിതിയിൽ അതേപടി നിലനിൽക്കാൻ സാധിക്കില്ല എന്നുള്ള തിരിച്ചറിവ് സവർക്കർക്കുമുമ്പുതന്നെ ബോംബെ പ്രൊവിൻസിൽ പ്രത്യേകിച്ച് പൂന കേന്ദ്രമായുള്ള ബ്രാഹ്മണ സംഘങ്ങൾക്കൊക്കെ ബോധ്യപ്പെട്ടിരുന്നു. തിലകനാണ് ആദ്യമായി അതിനെ മറ്റൊരുതരത്തിൽ രാഷ്ട്രീയമായി വികസിപ്പിക്കാൻ ശ്രമിച്ചത്. തിലകന്റെ ശിഷ്യനായ സവർക്കറാവട്ടെ കുറെകൂടി മുന്നോട്ടു പോവുകയും ചെയ്തു.
സവർക്കർ മുന്നോട്ടുവച്ചിട്ടുള്ള ബ്രാഹ്മണിസം എന്നു പറയുന്നത് യാഥാസ്ഥിതിക ബ്രാഹ്മണിസത്തെ ആധുനികവൽക്കരിച്ച ഒന്നായിരുന്നു. അതു ജാതിവ്യവസ്ഥയെ പരസ്യമായി അംഗീകരിച്ചിരുന്നില്ല. മറിച്ച് മതത്തെ ഒരു ജാതിയായി വികസിപ്പിക്കാൻ സാധിക്കുമോ എന്ന ഒരു പരീക്ഷണമാണ് സവർക്കർ നടത്തിയത്. എന്നുപറഞ്ഞാൽ ഹിന്ദുമതത്തിലെ വിവിധ വിഭാഗങ്ങളെല്ലാംതന്നെ, അല്ലെങ്കിൽ വ്യത്യസ്ത ജാതിഘടനയുള്ള എല്ലാ വിഭാഗങ്ങളെയും ബ്രാഹ്മണിസത്തിൽ ഉൾച്ചേർക്കാൻ കഴിയുമോ എന്ന പരീക്ഷണമാണ് സവർക്കർ നടത്തിയത്. അതിന്റെ ഒരു പ്രായോഗിക പരീക്ഷണം രത്നഗിരി ജില്ലയിൽ നടത്തുകയുണ്ടായി. നമ്മൾ സാധാരണഗതിയിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി കരുതുന്ന പന്തിഭോജനം, ക്ഷേത്രപ്രവേശനം തുടങ്ങിയൊക്കെ സവർക്കർ ഹിന്ദുവംശീയത വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി രത്നഗിരി ജില്ലയിൽ നടത്തിയിരുന്നു. മഹർ, ഭാഗി, ചമർ തുടങ്ങി ഏറ്റവും താഴ്ന്ന വിഭാഗക്കാരെ,ദലിതരെ ഉൾപ്പെടുത്തിയിട്ടുള്ള പന്തിഭോജനം അദ്ദേഹം നടത്തി. അതുപോലെ പതീത് പാവൻ ക്ഷേത്രം ദലിതർക്കായി തുറന്നുകൊടുക്കുന്നുണ്ട്. നവോത്ഥാന പ്രക്രിയയിലെ പന്തിഭോജനവും സവർക്കർ നടത്തിയ പന്തിഭോജനവും തമ്മിലുള്ള വ്യത്യാസം എന്താണെന്നു നോക്കികഴിഞ്ഞാൽ പെട്ടെന്ന് നമുക്കതു മനസ്സിലാവില്ല. പക്ഷേ, സൂക്ഷ്മമായി നോക്കി കഴിഞ്ഞാൽ കാര്യം പിടികൂടും. കേരളീയ നവോത്ഥാനത്തിൽ, പ്രത്യേകിച്ച് നമ്പൂതിരിമാർക്കിടയിൽ നടന്ന നവോത്ഥാനത്തിൽ വി.ടി. മുന്നോട്ടുവച്ച ആശയം നമ്പൂതിരിയെ മനുഷ്യനാക്കുക എന്നതായിരുന്നു. എന്നു പറഞ്ഞാൽ ബ്രാഹ്മണൻ ബ്രാഹ്മണ്യത്തിൽനിന്ന് രക്ഷപ്പെടുക എന്ന ആശയമായിരുന്നു. ഇവിടെ നേരേതിരിച്ചാണ്. അവസാനത്തെ മനുഷ്യനെയും ബ്രാഹ്മണനാക്കുക എന്ന തരത്തിലുള്ള ഒരു സങ്കല്പനമാണ് ഹിന്ദു വംശീയവാദത്തിന് ഉണ്ടായിരുന്നത്. മഹറിനെ പൂണുലിടീക്കുക, ചമറിനെ പൂണൂലിടീക്കുക, അങ്ങനെ അവർക്കൊക്കെ വ്യാജമായ ഒരു സാമൂഹികചലനാത്മകത സിദ്ധിച്ചു എന്നു തോന്നിപ്പിക്കുക എന്ന പ്രവർത്തനമായിരുന്നു അവരുടേത്. അതു വലിയതോതിൽ വിജയിക്കുകയുംചെയ്തു. സവർക്കറുടെ ചരിത്രം പരിശോധിച്ചാൽ അതിലൊരു പ്രത്യേക സന്ദർഭത്തിൽ ശിവു എന്നുപറയുന്ന ഒരു മഹർ ജാതിക്കാരൻ പൂണൂലണിഞ്ഞ് അഭിമാനത്തോടെ ഇങ്ങനെ ഉറക്കെ പ്രഖ്യാപിക്കുന്നത് കാണാം: “നിങ്ങൾ ബ്രാഹ്മണർ മതംമാറിയാലും ഞാൻ ഹിന്ദുധർമ്മത്തിനുവേണ്ടി നിലകൊള്ളും.” ഇങ്ങനെ പറയുന്ന തരത്തിൽ അവരെ മാറ്റിയെടുക്കാനുള്ള ശ്രമമാണ് സവർക്കർ നടത്തിയത്. കാരണം അതുവഴി മാത്രമേ ആധുനികലോകത്ത് ബ്രാഹ്മണ്യം മുന്നോട്ടുപോവുകയുള്ളൂ എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു. മറിച്ച് യാഥാസ്ഥിതികബ്രാഹ്മണ്യം അനുവർത്തിച്ചു കഴിഞ്ഞുകൂടിയാൽ അതു വളരെ പെട്ടെന്ന് ന്യൂനപക്ഷമാകും എന്നു സവർക്കർ തിരിച്ചറിഞ്ഞിരുന്നു. സവർക്കർ ആ സമയത്ത് യാഥാസ്ഥിതിക ബ്രാഹ്മണരായിട്ട് സംവാദത്തിൽ ഏർപ്പെടുന്നുണ്ട്. യാഥാസ്ഥിതിക ബ്രാഹ്മണർക്ക് ഈ രീതികളോട് സ്വാഭാവികമായും എതിർപ്പ് തോന്നുകയും സവർക്കറെ അറിയിക്കുകയും ചെയ്തപ്പോൾ സവർക്കർ തിരിച്ചുപറയുന്നത് ഇംഗ്ലീഷുകാർ ദലിതർക്കുവേണ്ടി വിദ്യാലയങ്ങൾ തുറന്നുകൊടുത്തു. പല പരിഷ്കരണങ്ങളും കൊണ്ടുവന്നു. ഇനി നിങ്ങൾ അവരെ അകറ്റിനിറുത്തിയാൽ നിങ്ങൾക്ക് അടികൊള്ളുക മാത്രമായിരിക്കും മെച്ചം. ബ്രിട്ടീഷുകാരുടെ ലാത്തിയും ഉണ്ടയുമൊക്കെ നിങ്ങൾ ഏറ്റുവാങ്ങുക എന്നതായിരിക്കും അതിന്റെ ആത്യന്തികമായ ഫലം. മറിച്ച് ഹിന്ദുമതം എന്നു പറയുന്ന മതത്തിനുള്ളിൽപ്പെട്ട വ്യത്യസ്തജാതികളിൽ വലിയൊരു ശതമാനംവരുന്ന ദലിതരെയും പിന്നോക്കക്കാരെയും കൂടെ നിറുത്തുന്നതുവഴി മാത്രമേ ഈ ഹിന്ദു വംശീയവാദത്തിന്, അല്ലെങ്കിൽ ബ്രാഹ്മണിസത്തിന് മുന്നോട്ടു പോകാൻ പറ്റുകയുള്ളൂ. അതായത് ബ്രാഹ്മണിസത്തിന് മുന്നോട്ടുപോകാനുള്ള വഴി ഒരുക്കലായിരുന്നു ഹിന്ദു വംശീയവാദത്തിലൂടെ സവർക്കർ ചെയ്തത്. ഇതാണ് യഥാർഥത്തിൽ ആർ.എസ്.എസ് ഏറ്റെടുത്തത്.
ഗോഡ്സെ ഒരിക്കൽ ആർ.എസ്.എസുകാരനായിരുന്നില്ല എന്നു പലരും പറയാറുണ്ട്. എന്നാൽ, ഗാന്ധിയെ വധിച്ചശേഷം കോടതിയിൽ നടത്തുന്ന പ്രസ്താവനയിൽ ഗോഡ്സെ പറയുന്നത് താൻ ആർ.എസ്.എസിന്റെ ജാതിവിരുദ്ധ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു എന്നായിരുന്നു. ജാതിവിരുദ്ധത എന്ന് പറയുന്ന ഒരു ആശയത്തെ പുറമേക്ക് പ്രദർശിപ്പിച്ചുകൊണ്ട് ബ്രാഹ്മണ്യത്തെ ഏറ്റവും അടിത്തട്ടുവരെ എത്തിച്ച് ഹിന്ദുവംശീയത രൂപംകൊടുക്കുകയാണ് സവർക്കർ ഉദ്ദേശിച്ചത്. അതാണ് ആർ.എസ്.എസ് തുടങ്ങിവച്ചത്. ആർ.എസ്.എസിന്റെ സോഷ്യൽ എൻജിനീയറിംഗ് എന്നു പറയുന്നത് അതാണ് അന്നും ഇന്നും. അതു തിരിച്ചറിഞ്ഞാൽ മാത്രമേ യഥാർഥത്തിൽ ആർ.എസ്.എസ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്, അല്ലെങ്കിൽ ആർ.എസ്.എസിന്റെ നവബ്രാഹ്മണ്യം യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിൽനിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നു മനസ്സിലാവുകയുള്ളൂ.
ബീഹാർ കൂട്ടക്കൊല
ആർ.എസ്.എസ് ഈ ഹിന്ദു വംശീയവാദത്തെ ആദ്യമായി ഇന്ത്യൻ ചരിത്രത്തിൽ പ്രയോഗിക്കുന്നത് വലിയ ഒരു ഹിംസയിലൂടെയാണ്, അതു ഗാന്ധിവധമായിരുന്നു എന്നു സാധാരണ പറയാറുണ്ട്. പക്ഷേ, ഗാന്ധിവധത്തിനുമുമ്പുതന്നെ ഹിന്ദുവംശീയവാദികൾ തങ്ങളുടെ ഹിന്ദുത്വരാഷ്ട്രത്തെ മുൻനിറുത്തിയുള്ള വലിയ ഹിംസ ഇന്ത്യൻചരിത്രത്തിൽ പ്രയോഗിക്കുന്നത് 1946-ൽ ബീഹാറിലാണ്. അതു മുസ്ലീമുകൾക്ക് നേരെയുള്ള വംശഹത്യയായിരുന്നു. അന്നുപക്ഷേ, ആരും അതിനെ വംശഹത്യ എന്നു പറഞ്ഞില്ല. ഇന്ത്യൻ ചരിത്രകാരന്മാരും ഇന്ത്യൻ രാഷ്ട്രീയനിരീക്ഷകരുമൊക്കെ അപ്പോഴും ഇപ്പോഴും ബീഹാർ കൂട്ടക്കൊലയെ കാണുന്നത് അതിനു തൊട്ടുമുമ്പ് കൊൽക്കത്തയിലും നവഖലിയിലുമൊക്കെ ഉണ്ടായ വർഗീയ കലാപത്തിന്റെ അനുരണനമായി മാത്രമാണ്. കൊൽക്കത്തയിൽ 1946 ഓഗസ്റ്റ് 16-ന് ജിന്നയുടെ മുസ്ലിംലീഗ് പാകിസ്ഥാനുവേണ്ടി ആദ്യമായി കോൺസ്റ്റിറ്റ്യൂഷനുവെളിയിൽ ഒരു സമരം പ്രഖ്യാപിക്കുന്നു. അതു രക്തരൂക്ഷിതമായി. ഹിന്ദുമഹാസഭ ജിന്നയുടെ മുസ്ലിംലീഗിനെതിരെ രംഗത്തിറങ്ങി. അങ്ങനെ വലിയ വർഗീയകലാപമായി അതു മാറി. രണ്ടുവിഭാഗത്തിലുംപെട്ട നിരവധിപേർ മരിച്ചുവീണു. ആ വർഗീയ കലാപത്തിന്റെ മറപറ്റി പച്ചയായ വംശഹത്യയാണ് ബീഹാറിൽ നടത്തിയത്. അവിടെ വളരെ സംഘടിതമായി ഹിന്ദുമഹാസഭയും ആർ.എസ്.എസ്സും ഒക്കെ ചേർന്നിട്ടുള്ള ഹിന്ദുവംശീയവാദികൾ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുകയാണുണ്ടായത്. ഈ കൂട്ടക്കൊലയുടെ കണക്കുകൾ ഇന്നും ലഭ്യമല്ല. ഗവൺമെന്റ് റിപ്പോർട്ടു നോക്കിയാൽ 5000-ത്തിനടുത്തുള്ള ഒരു സംഖ്യയാണ് മരിച്ചവരുടെ എണ്ണമായി കരുതുന്നത്. ഏതാണ്ട് ഒന്നരലക്ഷംപേർ പലായനംചെയ്തു. പിൽക്കാലത്ത് പല ഗവേഷകരുടെയും കണക്കനുസരിച്ച് 10000 പേരെങ്കിലും അവിടെ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ കൂട്ടക്കൊലയെ കുറിച്ച്, അതിന്റെ ദാരുണദൃശ്യങ്ങളടക്കം, അക്കാലത്ത് ബീഹാർ മന്ത്രിസഭയിലെ വികസനകാര്യ മന്ത്രിയായിരുന്ന ഡോ. സയ്യദ് മഹമ്മൂദിന്റെ ഒരു വലിയ റിപ്പോർട്ടുതന്നെയുണ്ട്. ഗാന്ധി അന്ന് നവഖലിയിലെ വർഗീയ കലാപം ശമിപ്പിക്കാൻ വേണ്ടിയുള്ള യാത്രയിലായിരുന്നു. ഡോ. സയ്യിദ് മുഹമ്മദ് ബീഹാറിൽ നടന്ന കലാപത്തെ പറ്റിയുള്ള ഒരു വലിയ റിപ്പോർട്ട് ഗാന്ധിക്ക് കൊടുക്കുന്നുണ്ട്. അന്ന് ബീഹാർ ഭരിച്ചിരുന്ന കോൺഗ്രസ് മുഖ്യമന്ത്രി ശ്രീകൃഷ്ണ സിൻഹയും ആ ഗവൺമെന്റിലെ മന്ത്രിയായിരുന്ന ഡോ. സയ്യിദ് മുഹമ്മൂദും ഈ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ട്. അവർ പറയുന്ന വാചകങ്ങൾ നമ്മളെ ഞെട്ടിപ്പിക്കുന്നതാണ്. ശരൺ ജില്ലയിലെ പൈഗമ്പൂർ എന്നു പറയുന്ന ഒരു സ്ഥലത്തെത്തിയപ്പോൾ കുറേ മുസ്ലിംസ്ത്രീകൾ ഒരു മരത്തിനടിയിലിരുന്ന് കരയുന്നുണ്ട്. ഞങ്ങൾ ആ ഗ്രാമത്തിലേക്ക് നടന്നുപോകുമ്പോൾ കാലിൽ എല്ലുകളും തലയോട്ടികളും തടഞ്ഞു എന്നാണ് സയ്യദ് മഹ്മൂദ് പറയുന്നത്. ഒരു കുടിലിൽ ഒരു മനുഷ്യൻ കത്തികരിഞ്ഞിരിക്കുന്നത് ഞങ്ങൾ കണ്ടു. വേറൊരു സ്ഥലത്ത് പുറത്തുനിന്ന് വാതിലടച്ച ഒരു കുടിൽ അപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീ വന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നുണ്ട്, ഈ ഗ്രാമത്തിലെ കാവൽക്കാരൻ തന്നെ, അവർ ഉദ്ദേശിച്ചത്, പോലീസിനെയാണ്, തന്റെ മടിയിൽനിന്ന് കുഞ്ഞിനെ വലിച്ചെടുത്ത് രണ്ടാക്കി മുറിച്ചു എന്ന്. അതുപോലെ മറ്റൊരു സ്ത്രീ പറയുന്നത് കലാപകാരികൾ അവരുടെ കൈയിൽ ഉണ്ടായിരുന്ന പണം മുഴുവൻ വാങ്ങിയിട്ട് രണ്ടു മക്കളെ വെട്ടിക്കൊന്നെന്ന്. ബീഹാർകലാപത്തിലെ ഇപ്പറയുന്ന അനുഭവസ്മരണകളിലൂടെ പോകുമ്പോൾ നമുക്ക് 2002-ൽ ഉണ്ടായ ഗുജറാത്ത് കലാപത്തെ ഓർമവരും. പക്ഷേ, ബീഹാർ കലാപത്തെ വംശഹത്യ എന്നു വിളിക്കാത്തതിന്റെ ഒരു പ്രധാനപ്പെട്ട കാരണം അന്ന് വംശഹത്യ എന്നതിന് ഒരു നിർവചനം ഉണ്ടായിട്ടില്ല എന്നതാണ്. 1948-ലാണ് അതിനൊരു നിർവചനം വരുന്നത്. അതുപ്രകാരം ഗോത്രപരമോ ദേശീയമോ മതപരമോ ആയിട്ടുള്ള ഏതെങ്കിലും ഒരു കൂട്ടത്തെ ഭാഗികമായോ മുഴുവനായോ കൊന്നൊടുക്കാൻ ശ്രമിക്കുന്നതിനെയാണ് വംശഹത്യ എന്നു പറയുന്നത്. കൊന്ന് മാത്രമല്ല, മാനസികമായും ഭൗതികമായും പീഡിപ്പിച്ച്, ആ പീഡനത്തിന്റെ ഫലമായി ആ കൂട്ടം ചുരുങ്ങി വരുകയാണെങ്കിൽ അതും വംശഹത്യയുടെ പരിധിയിൽ വരും. അതുപോലെത്തന്നെ ഭീഷണിപ്പെടുത്തിയോ മറ്റോ ആ കൂട്ടത്തിലെ ജനനനിരക്ക് കുറയ്ക്കുകയാണെങ്കിൽ അതും വംശഹത്യയുടെ പരിധിയിൽവരും. ഈ നിർവചനം ബീഹാർ കലാപത്തിൽ പ്രയോഗിക്കുകയാണെങ്കിൽ കൊൽക്കത്തയിൽ ഉണ്ടായപോലെ വർഗീയകലാപമല്ല, മറിച്ച് ഹിന്ദുവംശീയവാദികൾ നടത്തിയ വംശഹത്യയുടെ ആദ്യ രൂപമാണ് ബീഹാറിലുണ്ടായത് എന്നു മനസ്സിലാകും.
ബീഹാറിൽ നടന്നത് സംഘടിതമായ ആക്രമണമായിരുന്നു എന്നുള്ളതിന്റെ തെളിവ് അന്ന് ഹിന്ദു മഹാസഭയും ആർ.എസ്.എസും ഒക്കെക്കൂടി വിതരണംചെയ്ത ലഘുലേഖതന്നെയാണ്. ബീഹാറിലെ വർത്തമാനകാല ഹിന്ദുവിനുള്ള വൈഷമ്യങ്ങൾ എന്നോ മറ്റോ പേരിലാണ് ആ ലഘുലേഖ വിതരണം ചെയ്തത്. അതിൽപ്പറയുന്നത് നിങ്ങൾ ധൈര്യമുള്ള ഒരു ഹിന്ദു ആകാത്തിടത്തോളംകാലം ഈ രാജ്യത്ത് ജീവിക്കാൻ പറ്റില്ല എന്ന തരത്തിൽ ഹിന്ദുക്കളുടെ ഭീരുത്വത്തെ ഇല്ലാതാക്കി, ആണത്തമുള്ള ഒരു ഹിന്ദു, ഒരു മാസ്കുലിൻ ഹിന്ദു എന്നു പറയുന്ന ആർ.എസ്.എസിന്റെ ഏറ്റവും പ്രിയപ്പെട്ട സങ്കല്പമായിരുന്നു. അന്നുമുതൽ രാമജന്മഭൂമി കാലത്ത് അവതരിപ്പിച്ച രാമൻവരെ ഈ ആണത്തസങ്കല്പത്തിന്റെ ഉള്ളിലാണ് നിൽക്കുന്നത്. അങ്ങനെ ആണത്തം നിറഞ്ഞ ഒരു ഹിന്ദുവിനെ ഉണ്ടാക്കാൻ വേണ്ടിയാണ് ആ ലഘുലേഖ ഉദ്ബോധിപ്പിച്ചത്. അതിൽപ്പറഞ്ഞത് അന്നു നിലവിലുണ്ടായിരുന്ന കോൺഗ്രസ് ഗവൺമെന്റ്, അതു ഹിന്ദു ഭൂരിപക്ഷ കക്ഷിയാണെങ്കിൽപ്പോലും, ഭീരുക്കളായ ഹിന്ദുക്കളെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്, അതു ഹിന്ദുമതത്തെ നശിപ്പിക്കും എന്നായിരുന്നു. അതുകൊണ്ട് നമ്മൾ ആയുധമേന്തുന്ന ഹിന്ദുക്കളാവുക എന്ന് ഉദ്ബോധിപ്പിക്കുന്ന ഈ ലഘുലേഖയ്ക്കു പിന്നാലെയാണ് ബീഹാർ വംശഹത്യ നടക്കുന്നത്. അന്ന് ഹിന്ദുമഹാസഭയുടെ നേതാവായിട്ടുള്ള ബി.എസ്.മൂഞ്ജേയാണ് ആർ.എസ്.എസിന്റെ രൂപീകരണത്തിനുശേഷം അതിന്റെ സ്വഭാവം നിർണയിക്കുന്നതിൽ വലിയ പങ്കുവഹിച്ചത്. മൂഞ്ജേ നേരിട്ട് ഇറ്റലിയിൽപ്പോയി മുസോളനിയെ കാണുകയും മുസോളിനിയുടെ ഫാസിസ്റ്റ് സമ്പ്രദായം പഠിച്ചുവരികയും അതു ആർ.എസ്.എസിൽ പ്രയോഗിക്കുകയുമായിരുന്നു. ഫാസിസ്റ്റ് പ്രബോധനസമ്പ്രദായം എങ്ങനെയാണ് പുതിയ തലമുറയിലേക്ക് എത്തുക, തലമുറതലമുറയായിട്ട് എങ്ങനെയാണ് ഒരു ദേശത്തെ മനുഷ്യരെ ഫാസിസ്റ്റുകളാക്കി തീർക്കുക എന്നു കൃത്യമായി പഠിച്ചുവന്ന മൂഞ്ജേ ബീഹാറിലെ കലാപത്തിനുശേഷം അവിടെ സന്ദർശിച്ച് സന്തോഷവാനായി നടത്തിയ ഒരു പ്രസ്താവനയുണ്ട്. അദ്ദേഹം പറയുന്നത് ഇതാണ് ഇന്ത്യയിലെ ഹിന്ദുക്കൾക്ക് മാതൃക എന്നായിരുന്നു. അതൊരു വംശഹത്യയാണെന്ന സത്യം മൂടിവെക്കാൻ കൊൽക്കത്തയിൽ മുസ്ലീങ്ങൾ ഉണ്ടാക്കിയ കലാപങ്ങളുടെ പ്രതിധ്വനി ആണെന്നൊക്കെ അതിന്റെ തുടക്കത്തിൽ പറയുന്നുണ്ട്. പക്ഷേ, എത്രയോ മനുഷ്യർ മരിച്ചുപോയ ഒരു കലാപത്തെ സംബന്ധിച്ച് ആഹ്ലാദം കലർന്ന സ്വരത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഒരു നേതാവും ഇല്ലാതെ തന്നെത്താൻ ഒരു ഫാസിസ്റ്റ് ഹിന്ദു ഉണ്ടായി എന്നു പറയുന്നതരത്തിൽ. ഫാസിസ്റ്റ് എന്നു പറയുന്ന പദം ഉപയോഗിക്കാതെ അഭിമാനി ഹിന്ദു ഉണ്ടായി എന്ന തരത്തിലാണ് മൂഞ്ജേ ആ കലാപത്തെ വർണിച്ചിട്ടുള്ളത്. ഹിന്ദുവിന്റെ വലിയ തരത്തിലുള്ള ഉയർത്തെഴുന്നേൽപായിട്ടാണ് മൂഞ്ജേ കലാപത്തെ കാണുന്നത്. ഏതാണ്ട് ഒന്നര ലക്ഷം മുസ്ലീങ്ങൾ ഓടിപ്പോയ കലാപം. ഓടുന്ന വഴിക്ക് തരേഗ്ന എന്ന തീവണ്ടി സ്റ്റേഷനിലിട്ട് നൂറോളം പേരെ വെട്ടികൊല്ലുന്ന ഒരു ഹിന്ദുവിനെ അവിടെ അവർ സൃഷ്ടിച്ചിരുന്നു. നേരത്തെ പറഞ്ഞ ഡോ. സയ്യദ് മുഹമ്മദിന്റെ റിപ്പോർട്ടിൽ തങ്ങൾ സ്റ്റേഷനിൽ നടന്ന സംഭവത്തിനു ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് അവിടെ എത്തിയതെങ്കിലും 50 ജഡങ്ങളെങ്കിലും കണ്ടതായി വിവരിക്കുന്നുണ്ട്. ഇത്രമാത്രം ദാരുണമായ ഒരു സംഭവത്തെ ആഹ്ലാദിക്കാവുന്ന ഒരു സംഭവമായാണ് ഹിന്ദുവംശീയവാദികൾ കാണ്ടത്.
ബീഹാർ വംശഹത്യക്കുശേഷമാണ് ഗാന്ധിവധം നടക്കുന്നത്. അപ്പോൾ നമുക്കു മനസ്സിലാക്കാവുന്ന ഒരു കാര്യം 1946 ആയപ്പോഴേക്കും ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായുള്ള ശ്രമങ്ങൾ ആർ.എസ്.എസും മറ്റു ഹിന്ദു സംഘടനകളും, മൊത്തം ഈ ഹിന്ദുവംശീയപരിവാരം, അക്കാലത്തുതന്നെ സാംശീകരിച്ചിരുന്നു എന്നാണ്. അവർക്ക് പാകിസ്ഥാൻ സംഭവിക്കണമായിരുന്നു. പാകിസ്ഥാൻ സംഭവിക്കാനുള്ള ഒരു വലിയ വടി കൊടുക്കുന്നത് ഇവർതന്നെയാണ്. ബീഹാറിലെ കൂട്ടക്കൊലയ്ക്കുശേഷമാണ് ജിന്ന പാകിസ്ഥാൻ വാദത്തിൽ വീണ്ടും ഉറച്ചു നിൽക്കുന്നത്. ഒരുപക്ഷേ, ജിന്നയ്ക്ക് പിന്തുണ വർധിക്കുന്നതിനുകാരണം കോൺഗ്രസ് ഭരിക്കുന്ന ബീഹാറിലെ ഈ കൂട്ടക്കൊലയായിരുന്നു. തുടർന്ന് ജിന്ന ഇന്ത്യയിലെ മുസ്ലിങ്ങളോട് ചോദിക്കുന്നു, ഒരു കോൺഗ്രസ് ഗവൺമെന്റിന്റെ കീഴിൽ ഇതാണ് സ്ഥിതിയെങ്കിൽ, സ്വാതന്ത്ര്യംകിട്ടി ഇന്ത്യയിൽ മൊത്തം ഒരു കോൺഗ്രസ് ഗവൺമെന്റ് വന്നാൽ മുസ്ലിങ്ങളുടെ സ്ഥിതി എന്തായിരിക്കും എന്നാണ്. അതായത് ബീഹാറിലെ വംശഹത്യ ചൂണ്ടിക്കാട്ടിയാണ് ജിന്ന പിന്തുണ സമാഹരിക്കുന്നത്. പൊതുവേ അഖണ്ഡഭാരതം എന്നൊക്കെ ആർ.എസ്.എസ് പറഞ്ഞിരുന്നെങ്കിലും ജിന്നയുടെ പാകിസ്ഥാൻ ഉണ്ടാകുന്നതിൽ അവർ അകമേ സന്തോഷിച്ചിരുന്നു. കാരണം ഇസ്ലാംരാഷ്ട്രം വേർപെട്ടാൽ ബാക്കിയുള്ള സ്ഥലം ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക എന്നത് വളരെ എളുപ്പമായ ഒന്നാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. പക്ഷേ, അതിനെ തടയിടുകയാണ് രാജ്യത്തെ അന്നത്തെ ഏറ്റവും വിവേകികൾ ആയിട്ടുള്ള മുഴുവൻ നേതാക്കളും ചെയ്തത്.
പാകിസ്ഥാനിലേക്കു പോകാതെ ഇന്ത്യയെ തിരഞ്ഞെടുത്ത മുസ്ലീങ്ങളെ മുഴുവൻ അടിച്ചോടിക്കാനാണ് ഹിന്ദുമഹാസഭയും ആർ.എസ്.എസും ശ്രമിച്ചത്. ഗാന്ധിയാകട്ടെ മുസ്ലിങ്ങൾക്കുവേണ്ടി നിലകൊണ്ടു. ആ സമയമായപ്പോഴേക്കും ഗോൾവാൾക്കർയായി ആർ.എസ്.എസിന്റെ സംഘചാലക്. ഗോൾവാൾക്കർ ഹിന്ദുത്വ എന്ന സവർക്കറുടെ പ്രത്യയശാസ്ത്രത്തെ മറ്റൊരുതരത്തിലേക്ക് വികസിപ്പിക്കുന്നുണ്ട്. സവർക്കറുടെ ഹിന്ദുത്വയിൽ പറഞ്ഞിരുന്നത് ഹിന്ദുരാജ്യം എന്നാൽ വടക്ക് സിന്ധുനദി മുതൽ തെക്ക് ഇന്ത്യൻ മഹാസമുദ്രംവരെയുള്ള പ്രദേശമാണ്. ആ പ്രദേശം പിതൃഭൂമിയും പുണ്യഭൂമിയും ആയിരിക്കുന്നവരായിരിക്കണം ഇവിടത്തെ പൗരന്മാർ എന്നാണ്. മെക്കയോ മദീനയോ പുണ്യസ്ഥലമായിട്ടുള്ള മുസ്ലിങ്ങൾക്ക് ഇവിടെ പൗരത്വം ഇല്ല എന്നാണ് അത് ഭംഗ്യന്തരേണ പറയുന്നത്. ഗോൾവാൾക്കർ ‘വി ഓർ ഔവർ നേഷൻഹുഡ് ഡിഫൈൻഡ് ‘ എന്ന പുസ്തകത്തിൽ ഇതിനെ കുറച്ചുകൂടി വികസിപ്പിക്കുന്നുണ്ട്. അതിൽ ശരിക്കും, രണ്ടാംകിട പൗരരായിട്ടാണ് മുസ്ലീങ്ങളെ വിശദീകരിക്കുന്നത്. എന്നു പറഞ്ഞാൽ ഭൂരിപക്ഷത്തിന്റെ ഹിതമനുസരിച്ച് ജീവിക്കേണ്ട ഒരുകൂട്ടം മാത്രമാണ് മൈനോറിറ്റി അഥവാ ന്യൂനപക്ഷം എന്ന നിർവചനമാണ് ഗോൾവാൾക്കർ ന്യൂനപക്ഷത്തിന് കൊടുക്കുന്നത്. ന്യൂനപക്ഷത്തിന്റെ അവകാശം ഭൂരിപക്ഷം അനുവദിച്ചുതരുന്നതു മാത്രമാണ്. ആ അവകാശം ഏതു സമയത്ത് പിൻവലിക്കാനും സാധിക്കും. അല്ലെങ്കിൽ അവർ ഇവിടുന്ന് പുറത്തു പൊയ്ക്കോട്ടെ എന്ന സന്ദേശമാണ് ഈ പുസ്തകത്തിലുള്ളത്. ഇന്ന് ആർ.എസ്.എസ് ആ പുസ്തകത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. എന്നാൽ, ഒരു കാലത്ത് അവരുടെ ബൈബിൾ ആയിരുന്നു അത്. ഇപ്പോഴും ആ പുസ്തകത്തിൽ പറയുന്നതസരിച്ചാണ് അവർ പെരുമാറുന്നത്.
വിഭജനം
സ്വാതന്ത്ര്യം കിട്ടിയ ഉടനെ ഇന്ത്യ റിപ്പബ്ലിക് ആയിട്ടുണ്ടായിരുന്നില്ല. അംബേദ്കറുടെ നേതൃത്വത്തിൽ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിക്കുള്ള കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു. മറുവശത്ത് വിഭജനത്തെ തുടർന്ന് അതിർത്തികളിൽ വലിയ സംഘർഷം ഉണ്ടാകുന്നു. വലിയ ചോരപ്പുഴകൾ ഒഴുകുന്നു. കേന്ദ്രത്തിലാണെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റ് ഇല്ല. ഒരു സർവകക്ഷി മന്ത്രിസഭയാണുള്ളത്. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയും സർദാർ പട്ടേൽ ആഭ്യന്തരമന്ത്രിയും അംബേദ്കർ നിയമമന്ത്രിയും. അങ്ങനെ വ്യത്യസ്തകക്ഷികളിൽപ്പെട്ടവരാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. സിക്കുകാരുടെ പാർട്ടിയായ പാന്തിക് പാർട്ടിയുടെ ബാൽദേവ്സിങ്ങും ഹിന്ദുമഹാസഭയുടെ ശ്യാമപ്രസാദ് മുഖർജിയും ആ മന്ത്രിസഭയിൽ ഉണ്ടായിരുന്നു. എന്നു പറഞ്ഞാൽ ഒരു തീരുമാനമെടുക്കാൻ പറ്റുന്ന തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭ ആയിരുന്നില്ല അത്. ഇന്ത്യയിലെ സംവിധാനങ്ങളൊന്നും പൂർണമായിട്ടില്ല. നിയമസംവിധാനവും ക്രമസമാധാനപാലന സംവിധാനവുമൊക്കെ തകർന്നു കിടക്കുകയാണ്. കൂടാതെ വിഭജനം വന്നപ്പോൾ എല്ലാ സേനകളും വിഭജിക്കപ്പെട്ടു. കുറേപേർ പാകിസ്ഥാനിൽപ്പോകുന്നു. പാകിസ്ഥാന്റെ പ്രവിശ്യകളിലുള്ളവർ ഇങ്ങോട്ടുവരുന്നു. അങ്ങനെ ആകെ കുഴമറിഞ്ഞു കിടക്കുന്ന ഒരവസ്ഥയാണ് ആ സമയത്ത് ഉണ്ടാകുന്നത്. അതാണ് ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന് ഏറ്റവും പറ്റിയ സമയം എന്നാണ് ആർ.എസ്.എസും ഹിന്ദുവംശീയവാദികളും വിചാരിച്ചത്.
അവരുടെ ആ ലക്ഷ്യത്തിന് പ്രധാന തടസ്സമായി നിന്നത് എല്ലാ പ്രധാനനേതാക്കളും ഇന്ത്യ ഒരു സെക്കുലർ കൺട്രി ആവണം, ഒരു ബഹുസ്വരരാഷ്ട്രമായി ജനാധിപത്യരാഷ്ട്രമായി നിലകൊള്ളണം, ഏതെങ്കിലും മതരാഷ്ട്രം ആകരുത് എന്ന കാര്യത്തിൽ അവരെല്ലാവരും യോജിച്ചുനിന്നതാണ്. രണ്ടാമത്തെകാര്യം ഇന്ത്യയിലെ മുസ്ലിങ്ങൾ ഭൂരിപക്ഷവും പാകിസ്ഥാനിലേക്കു പോയില്ല, ഇന്ത്യയിൽത്തന്നെ താമസിക്കാൻ നിശ്ചയിച്ചതാണ്. ഇന്ത്യ വിടാത്ത മുസ്ലീങ്ങളെ ബലംപ്രയോഗിച്ച് പാക്കിസ്ഥാനിലേക്കു വിടുക എന്നതായി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രയോഗം. ഡൽഹിയിലെ മുഴുവൻ മുസ്ലീങ്ങളെയും അവർ താമസിച്ചിരുന്ന അവരുടെ സ്വന്തം വസതിയിൽനിന്ന് ബലംപ്രയോഗിച്ച് പുറത്താക്കാനായി ശ്രമം. അതുപോലെത്തന്നെ അവരുടെ പള്ളികൾ കൈയേറി. കച്ചവടസ്ഥലങ്ങൾ ഒഴിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് ഗാന്ധി തന്റെ അവസാന നിരാഹാരത്തിലേക്കു പോകുന്നത്. അദ്ദേഹം 1948 ജനുവരി 13 മുതൽ 18 വരെ അഞ്ചുദിവസം നിരാഹാരം ഇരിക്കുന്നുണ്ട്. അദ്ദേഹം മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ മുസ്ലീങ്ങളെ അവരുടെ വീടുകളിൽ താമസിക്കാൻ അനുവദിക്കുക, അവർക്ക് അതിന് അവസരം ഒരുക്കി കൊടുക്കുക, അവരുടെ കച്ചവടസ്ഥാപനങ്ങൾ അവർക്ക് വിട്ടുകൊടുക്കുക, ഖ്വാജ കുത്ബുദ്ദീന്റെ ഖബർ അവർക്ക് ആരാധനക്കായി തുറന്നുകൊടുക്കുക, അതിനു വരുത്തിയ കേടുപാടുകൾ ശരിയാക്കുക, എല്ലാകൊല്ലവും നടത്തുന്ന ഉറൂസ് നടത്താനുള്ള സൗകര്യംചെയ്തുകൊടുക്കുക തുടങ്ങിയവയായിരുന്നു. അഞ്ചുദിവസത്തെ ഈ നിരാഹാരമാണ് യഥാർഥത്തിൽ ഹിന്ദു വംശീയവാദികളുടെ സ്വപ്നം തകർത്തുകളഞ്ഞത്. അവസാനം ഗാന്ധിയുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും നിർബന്ധിതരായി. ലോകരാഷ്ട്രങ്ങളുടെ വരെ സമ്മർദം വന്നപ്പോഴാണ് ഈ നിബന്ധനകളെല്ലാം അംഗീകരിക്കപ്പെട്ടത്.
ഗാന്ധിവധം
ഹിന്ദു ആയിട്ടുള്ള ഗാന്ധി വളരെ കുറച്ചേ ക്ഷേത്രങ്ങളിൽ പോയിട്ടുള്ളൂ. അതേസമയം അദ്ദേഹം അവസാനം സന്ദർശിച്ച തീർത്ഥാടനകേന്ദ്രം മെഹറോളിയിലെ ക്വാജാ ഖുത്ബുദ്ദീന്റെ ഖബറിടമായിരുന്നു. ജനുവരി 30-ന് കൊല്ലപ്പടുന്നതിനു മുമ്പ് 27-നായിരുന്നു അത്. അതിന്റെ ചിത്രം ഭാഗ്യവശാൽ ഇന്റർനെറ്റിൽ ഉണ്ട്. മൂന്നുദിവസത്തിനുള്ളിൽ ഗാന്ധി വധിക്കപ്പെടുന്നു. ഗാന്ധിയെയും തങ്ങളുടെ ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന് എതിർ നിൽക്കുന്നവരേയും കൊല്ലാനുള്ള പദ്ധതിയാണ് അവർ തയ്യാറാക്കിയിരുന്നത് എന്നു പല രേഖകളിൽനിന്ന് ഇന്നു നമുക്കറിയാം. അതിനുള്ള ഒരു ലിസ്റ്റ് തന്നെ അവർ തയ്യാറാക്കിയിരുന്നു. ഗാന്ധിവധത്തെ സംബന്ധിച്ച് എഫ്.ഐ.ആറിൽ അതു വളരെ വ്യക്തമായി കാണാൻ കഴിയും.
എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഗാന്ധി വധിക്കപ്പെട്ടതോടെ ജനങ്ങൾ മുഴുവൻ അവർക്ക് എതിരാവുകയായിരുന്നു. ബോംബയിലെ ദാദറിൽ ശിവാജിപാർക്കിലുള്ള സവർക്കറുടെ വീട് ജനങ്ങൾ കൈയേറുന്നുണ്ട്. ഗോൾവാൾക്കർ അറസ്റ്റ് ചെയ്യപ്പെടുന്നു. ഇതിനെല്ലാം പുറമേ ഗാന്ധിവധത്തിനുശേഷം ഫെബ്രുവരി നാലിന് ആർ.എസ്.എസ് നിരോധിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിവധത്തിനു കൂട്ടുനിന്നു എന്ന കാരണത്താൽ, ഭീകരസംഘടന എന്ന കാരണത്താൽ, അല്ലെങ്കിൽ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന കാരണത്താൽ നിരോധിക്കപ്പെട്ട ആദ്യ സംഘടനയാണ് ആർ.എസ്.എസ് എന്നുള്ളത് നമ്മൾ ഓർക്കണം. ആർ.എസ്.എസിന്റെ സർസംഘചാലക് ഗോൾവാൾക്കർ അടക്കം പ്രധാനപ്പെട്ട നേതാക്കൾ മുഴുവനും തടവിലാകുന്നു. അങ്ങനെ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാൻ മോഹിച്ചവർ തികച്ചും ജനകീയ വിരുദ്ധരായിത്തീരുന്ന കാഴ്ച നമ്മൾ കാണുന്നുണ്ട്.
അത്തരമൊരവസ്ഥയിൽനിന്നാണ് അവർ തിരിച്ചുവന്നത് എന്നാണ് നമ്മളിപ്പോൾ മനസ്സിലാക്കേണ്ടത്. 1951-52ലെ തിരഞ്ഞെടുപ്പിൽ ഹിന്ദുമഹാസഭ എന്ന പേരിൽ മത്സരിച്ചാൽ ജനങ്ങൾ തളളിക്കളയുമെന്ന് തിരിച്ചറിഞ്ഞ് ആർ.എസ്.എസ് പുതിയൊരു രാഷ്ട്രീയകക്ഷി ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഹിന്ദുമഹാസഭയ്ക്ക് ആകെ മൂന്നു സീറ്റാണ് കിട്ടിയത്. പുതിയ കക്ഷിയെപ്പറ്റിയുള്ള ചർച്ച നടക്കുമ്പോൾ അതിനു നേതൃത്വംനൽകിയിരുന്ന ശ്യാമപ്രസാദ് മുഖർജി മുന്നോട്ടുവച്ച ഒരാവശ്യം ആ കക്ഷിയുടെ പേരിൽ ഹിന്ദു എന്ന പദം ഉണ്ടാവാൻ പാടില്ല എന്നായിരുന്നു. കാരണം ഹിന്ദു എന്നുള്ള പേരുണ്ടായാൽ ജനം വലിച്ചെറിയും എന്നതായിരുന്നു. അതുകൊണ്ട് ‘ഭാരതീയ ജനസംഘം’ എന്ന പേരാണ് നിർദേശിച്ചത്. ഭാരതീയ ജനസംഘത്തിനും മൂന്നു സീറ്റാണ് കിട്ടിയത്. യോഗി ആദിത്യനാഥിന്റെ മുൻഗാമി എന്ന് വിളിക്കാവുന്ന കർപ്പത്രി മഹാരാജ് നയിച്ചിരുന്ന രാമരാജ്യ പരിഷത്തിനും മൂന്നു സീറ്റ്. ആകെ ഒമ്പത്.
ആർ.എസ്.എസിന്റെ നിരോധനം ഏതാണ്ട് ഒന്നരവർഷം നീണ്ടുനിന്നു. ഇതിനിടയിൽ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ പട്ടേലുമായി നിരവധി കത്തിടപാടുകൾ ഗോൾവാൾക്കർ നടത്തുന്നുണ്ട്. ഗോൾവാൾക്കർ നടത്തുന്ന കത്തിടപാടിൽനിന്ന് ആർ.എസ്.എസിന്റെ സ്വഭാവം ഒരു പരിധിവരെ അന്ന് വളരെ ആഴത്തിൽ നെഹ്റു തിരിച്ചറിഞ്ഞിരുന്നു. അവർക്കെതിരെ വളരെ ശക്തമായ നിലപാടാണ് നെഹ്റു സ്വീകരിച്ചത്. അവർ ഫാസിസ്റ്റുകളാണെന്ന് ആദ്യം തിരിച്ചറിയുന്ന പ്രധാനപ്പെട്ട ഒരാൾ നെഹ്റുവാണ്. കാരണം നെഹ്റു യൂറോപ്യൻ ഫാസിസത്തെപ്പറ്റി ആഴത്തിൽ മനസ്സിലാക്കിയിരുന്നു. പല നേതാക്കൾക്കും ഈ പുള്ളിപ്പുലിയുടെ പുള്ളി കാണാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും അതു സാംസ്കാരിക സംഘടനയൊക്കെ ആയാണ് മുന്നിൽ വരുന്നത്. നിങ്ങൾ രണ്ടു മൂന്ന് കാര്യങ്ങൾ അടിയന്തരമായി ചെയ്താൽ മാത്രമേ നിരോധനം പിൻവലിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാൻപോലും സാധ്യമാകൂ എന്നുള്ള തരത്തിലാണ് സർദാർ പട്ടേലിന്റെ കത്തുകളിൽ കാണുന്നത്. സർദാർപട്ടേൽ ആഭ്യന്തര മന്ത്രിയായിരുന്നു. നെഹ്റു അടക്കമുള്ള ആളുകളുടെ അഭിപ്രായമാണ് ആ കത്തിൽ കൂടെവരുന്നതെന്ന് നമുക്ക് ഇന്നറിയാം. അതിൽ പ്രധാനമായിട്ട് ചൂണ്ടിക്കാണിച്ചത് നിങ്ങൾ ഒരു ഭീകരസംഘടനയാണ്, അല്ലെങ്കിൽ ജനാധിപത്യവിരുദ്ധ സംഘടനയാണ്. ആരാണ് നിങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി അല്ലെങ്കിൽ അംഗങ്ങൾ എന്നതിനൊന്നും യാതൊരു തെളിവുമില്ല. ഒരു അംഗത്വരജിസ്റ്റർ പോലുമില്ല. സാധാരണ ജനാധിപത്യസംഘടനയ്ക്ക് ഭാരവാഹികൾ ഉണ്ടാവും. എന്നാലിവിടെ ഒരു സർസംഘചാലകിന്റെ പേര് മാത്രമേ പുറത്തേക്ക് കേൾക്കുന്നുള്ളൂ. നിങ്ങൾ ഒരു ജനാധിപത്യസംഘടനയായി മാറണം. ഒരു ഭരണഘടന ഉണ്ടാക്കണം. ഒരു നിയമാവലി ഉണ്ടാക്കണം. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ ചേർക്കുകയാണെങ്കിൽ അച്ഛനമ്മമാരുടെ സമ്മതപത്രം വേണം. അങ്ങനെ കുറെ നിബന്ധനകൾ ഈ സംഘടനയെ ജനാധിപത്യവൽക്കരിക്കാനായി ഗവൺമെന്റ് നൽകുകയുണ്ടായി.
രണ്ടാമതായിപ്പറഞ്ഞകാര്യം ആർ.എസ്.എസ് അന്നു നടന്നുകൊണ്ടിരുന്ന കോൺസ്റ്റിറ്റ്യൂയന്റ് അസംബ്ലിയെ അംഗീകരിച്ചിരുന്നില്ല എന്നതായിരുന്നു. ഭരണഘടന അസംബ്ലിയുടെ പ്രവർത്തനങ്ങളെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, വലിയതോതിൽ എതിർക്കുകയുംചെയ്തു. കാരണം ഇവരുടെ ബ്രാഹ്മണിസകേന്ദ്രിതമായ സംസ്കാരത്തെ തകർത്ത് പകരം ആധുനികമായ ഭരണഘടന വന്നുകഴിഞ്ഞാൽ പുതിയ മൂല്യങ്ങൾ ഇന്ത്യയിൽ പ്രസരിക്കുമെന്ന് അവർ ഭയപ്പെട്ടു. മറ്റൊന്ന് ഇന്ത്യൻ ദേശീയപതാകയെ അവർ അംഗീകരിച്ചിരുന്നില്ല എന്നതാണ്. അവർ ശിവജിയുടെ കാവിക്കൊടിയാണ് ദേശീയപതാകയായിട്ട് നിർദേശിച്ചിരുന്നത്. ഇതൊന്നും നടപ്പിലാക്കാത്തിടത്തോളംകാലം ഇന്ത്യയിലെ ഗവൺമെന്റിനെ അംഗീകരിക്കില്ല എന്നുള്ള നിലപാടായിരുന്നു ആർ.എസ്.എസ് എടുത്തിരുന്നത്. എന്നാൽ, ഇതിലൊക്കെ വെള്ളംചേർക്കാൻ അവർ നിർബന്ധിതരായി. തത്വത്തിലെങ്കിലും ഭരണഘടനാഅസംബ്ലിയെ അംഗീകരിക്കുന്നു എന്നവർക്ക് എഴുതികൊടുക്കേണ്ടിവന്നു. ദേശീയപതാകയെ അംഗീകരിക്കുന്നു എന്നും എഴുതികൊടുക്കേണ്ടിവന്നു. മൂന്നാമതായി പിൽക്കാലത്ത് അവരുടെ സർസംഘചാലക് ആയ ബാലാസാഹിബ് ദേവരസിനെ ചെയർമാനാക്കി ഒരു കമ്മിറ്റിയുണ്ടാക്കുകയും ഭരണഘടനയ്ക്ക് രൂപംകൊടുക്കുകയുംചെയ്തു. അതൊക്കെ സമർപ്പിച്ചിട്ട് ഒന്നൊന്നരവർഷം നീണ്ടുനിന്ന ഒരു പ്രക്രിയയിൽക്കൂടിയാണ് ആർ.എസ്.എസിന്റെ നിരോധനം പിൻവലിക്കുന്നത്. അതാകട്ടെ താൽക്കാലികമായിരുന്നു. എഴുതിക്കൊടുത്ത കാര്യങ്ങളിൽ എന്തെങ്കിലും ലംഘനം ഉണ്ടാവുകയാണെങ്കിൽ വീണ്ടും നിരോധിക്കാനുള്ള ഒരു ക്ലോസ് കൂടി നിരോധന ഉത്തരവ് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിലുണ്ടായിരുന്നു.
അതേസമയം ആർ.എസ്.എസ് നിരോധിക്കപ്പെട്ടു എന്നതുകൊണ്ട് ഹിന്ദുത്വവാദികൾ അവരുടെ പ്രവർത്തനം നിർത്തി എന്നർഥമില്ല. ആ സമയത്താണ് എ.ബി.വി.പി ഉണ്ടാകുന്നത്. പലരും വിചാരിക്കുന്നത് സംഘപരിവാര സംഘടനകളിൽ പിൽക്കാലത്തുണ്ടായ ഒരു സംഘടനയാണ് അതെന്നാണ്. അങ്ങനെയല്ല. ആർ.എസ്.എസ് നിരോധിക്കപ്പെട്ടപ്പോൾ ബദലായിട്ട് പ്രവർത്തിക്കാൻ വേണ്ടിയിട്ടാണ് അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് എന്നു പറയുന്ന എ.ബി.വി.പി, ബൽരാജ് മധോക്കും കൂട്ടരുംകൂടി രൂപവൽക്കരിക്കുന്നത്. സമാനമായും സമാന്തരമായും നിരവധി സംഘടനകൾ രൂപവൽക്കരിച്ച് പ്രവർത്തിക്കാനുള്ള ഒരു മെക്കാനിസം അവർ അക്കാലത്തുതന്നെ പഠിക്കുന്നുണ്ട്. അവരുടെ മുന്നിലുണ്ടായിരുന്ന പ്രധാനപ്രശ്നം എന്താണെന്നുവച്ചാൽ, ഗാന്ധിവധത്തിനുശേഷം വലിയ അൺപോപ്പുലർ ആയ, പിന്നീട് നിരോധനത്തിനുശേഷം വലിയതരത്തിൽ ജനങ്ങൾ കൈയൊഴിഞ്ഞ ഒരു സ്ഥലത്തുനിന്ന് തിരിച്ചുവരിക എന്നുള്ളതായിരുന്നു. ഈ തിരിച്ചുവരവിനാണ് അവർ ഭാരതീയ ജനസംഘം എന്നു പറയുന്ന, ഹിന്ദുത്വവാദത്തിന്റെ ഒരംശംപോലും പേരിലില്ലാത്ത, ദേശീയത, ഭാരതീയത എന്ന ആശയങ്ങളെ മുൻനിറുത്തി, ഭാരതീയ ജനസംഘം രൂപീകരിക്കുന്നത്.
ഭാരതമാതാ സങ്കല്പം
ഭാരതീയ ജനസംഘിന്റെ പ്രധാനപ്പെട്ട പ്രവർത്തകനായി ദീൻദയാൽ ഉപാധ്യായയെ ആർ.എസ്.എസിന്റെ ഉള്ളിൽനിന്നാണ് കൊണ്ടുവരുന്നത്. ആർ.എസ്.എസ് അതുവരെ എടുത്തിരുന്ന ഒരു നിലപാട് നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടില്ല എന്നാണ്. മറിച്ച് സംസ്കാരത്തെ മാറ്റിമറിച്ചുകൊണ്ട് ഹിന്ദുത്വരാഷ്ട്രത്തിന് അനുകൂലമായ ഒരു പരിസരം സൃഷ്ടിക്കലാണ് തങ്ങളുടെ കടമയായിട്ട് അവർ സ്വയം വിചാരിച്ചിരുന്നത്. ഇത് വെടിഞ്ഞിട്ടാണ് ദീൻദയാൽ ഉപാധ്യായ നേരിട്ട് ജനസംഘത്തിൽ പ്രവർത്തിക്കാൻ എത്തുന്നത്. മാത്രമല്ല ഹിന്ദുത്വ എന്നു പറയുന്ന ടെക്സ്റ്റ് അതിനുശേഷം വന്ന ഗോൾവാൾക്കറുടെ ‘വി ഓർ ഔവർ നേഷൻഹുഡ് ഡിഫൈൻഡ്’, ‘ബഞ്ച് ഓഫ് തോട്സ്’ തുടങ്ങിയ പുസ്തകങ്ങളെ അണിയറയിലേക്ക് മാറ്റിവച്ച്, മുന്നിൽ മറ്റൊന്നു പ്രദർശിക്കാൻ തുടങ്ങി. മൃദുവായ ഒരു പ്രത്യശാസ്ത്രമാണ് അവർ പ്രദർശിപ്പിച്ചത്. അതാണ് ‘ഏകാത്മക മാനവവാദം’ എന്നു പറയുന്ന ദീൻദയാൽ ഉപാധ്യായയുടെ തത്വശാസ്ത്രം. അതു പ്രത്യക്ഷമായി ഹിന്ദുത്വയിൽ പറയുന്നപോലെ മുസ്ലിം വിരുദ്ധമോ അല്ലെങ്കിൽ ലിബറൽ ഡെമോക്രാറ്റുകൾക്കോ കമ്യൂണിസ്റ്റുകൾക്കോ ക്രിസ്ത്യാനികൾക്കോ എതിരോ അല്ല. മറിച്ച് ദേശീയത എന്നുപറയുന്ന ആശയത്തെ മതവുമായിട്ട് വളരെ സൂക്ഷ്മമായി കൂട്ടിക്കലർത്തുന്ന ഒരു പ്രത്യയശാസ്ത്രമായിരുന്നു. അവിടെയാണ് ഈ ഭാരതമാതാവൊക്കെ വരുന്നത്. ദേശമെന്നത് കല്ലുംമണ്ണും മാത്രമല്ല, അതിനൊരു ആത്മാവുണ്ട്, ചൈതന്യമുണ്ട് എന്ന ആശയമെല്ലാം ആ സമയത്താണ് കൊണ്ടുവരുന്നത്. എന്നാൽ, ആർ.എസ്.എസിന്റെ ഭാരതമാതസങ്കല്പത്തിന് സ്വാതന്ത്ര്യസമരത്തിനുള്ളിൽ ഉരുത്തിരിഞ്ഞുവന്ന ഭാരതമാതാസങ്കല്പവുമായി യാതൊരു ബന്ധവുമില്ല. മറിച്ച് ബ്രാഹ്മണിസത്തെ മൂടിവയ്ക്കാൻ, ന്യൂനപക്ഷവിരുദ്ധതയെ മൂടിവയ്ക്കാൻ ഒരു പ്രത്യേക സന്ദർഭത്തിൽ വീണ്ടും ഇന്ത്യയിലെ രാഷ്ട്രീയരംഗത്തേക്കും സാംസ്കാരികരംഗത്തേക്കും കടന്നുവരാൻ വേണ്ടി ദീൻ ദയാൽ ഉപാധ്യായ കൊണ്ടുവന്ന ഒരു ബിംബം മാത്രമാണ് ഈ ഭാരതമാത സങ്കല്പം.
അതായത് ആ സമയത്ത് ഹിന്ദുവംശീയവാദികൾ ബലിഷ്ഠമായിട്ടുള്ള ആണത്തസ്വരൂപം തൽക്കാലം കർട്ടനുപിന്നിൽ മറച്ചുവച്ച്, വളരെ മൃദുവായി പ്രവർത്തിക്കുന്ന ഒരു സംഘടനയായി തിരിച്ചുവരാൻവേണ്ടി ഒരു വേഷപ്രച്ഛന്നത നടത്തുന്നുണ്ട്. അയോധ്യയെ മുൻനിറുത്തിയുള്ള ഒരു വലിയ ഓപ്പറേഷൻ ആസൂത്രണംചെയ്യുന്നതും ആ സമയത്താണ്.
1949 ഡിസംബറിലാണ് അഭിറാംദാസ് എന്നു പറയുന്ന പൂജാരിയെ ഉപയോഗിച്ച് ഒരു രാമവിഗ്രഹം ബാബറി മസ്ജിദിനുള്ളിൽ കൊണ്ടുവയ്ക്കുന്നത്. അക്കാര്യത്തിൽ അന്നത്തെ ഫൈസാബാദ് മജിസ്ട്രേറ്റായിരുന്ന മലയാളിയായ കെ.കെ.നായർ വഹിച്ച പങ്കും വളരെ പ്രധാനപ്പെട്ടതാണ്. അയോധ്യയിലെ പുതിയ രാമക്ഷേത്രം പണിതപ്പോൾ കേരളത്തിൽനിന്ന് അവർ ക്ഷണിച്ചുകൊണ്ടുപോയ ഒരാൾ കെ.കെ.നായരുടെ പിൻഗാമി ആയിരുന്നു. കെ.കെ.നായർ പിന്നീട് ജനസംഘത്തിന്റെ എം.പി ആകുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു പ്രാവശ്യം ജനസംഘത്തിന്റെ എം.പി ആകുന്നുണ്ട്. ഫൈസാബാദിൽ ഒരുപാട് സ്വത്തുക്കൾ കെ.കെ.നായർക്ക് ലഭിക്കുന്നുണ്ട്. ബാബറി മസ്ജിദ് തകർത്ത ചരിത്രമൊക്കെ നമുക്കറിയാം.
രണ്ടാമതായി ഇത്തരത്തിലുള്ള മതപ്രശ്നങ്ങളിൽ ഇടപെട്ട്, അവയെ പതുക്കെ പതുക്കെ വളർത്തിയെടുത്ത് 2002 എത്തുമ്പോൾ ബീഹാറിൽ 1946-ൽ നടന്ന വംശഹത്യ ഗുജറാത്തിൽ ആവർത്തിക്കുന്നുണ്ട്. ബീഹാറിൽ 46-ൽ എടുത്ത അതേ സ്ട്രാറ്റജി തന്നെയാണ് ഗുജറാത്തിൽ എടുത്തത്. എന്നുപറഞ്ഞാൽ പിൽക്കാലത്ത് അവരുടെ തത്വശാസ്ത്രത്തിൽ പലതരത്തിൽ വെള്ളംചേർത്ത് അവതരിപ്പിച്ചെങ്കിലും, ആത്യന്തികമായി ആർ.എസ്.എസ് എന്നുപറയുന്നത് ഹിംസാത്മകമായ ഫാസിസ്റ്റ് പ്രസ്ഥാനമാണ്, അല്ലെങ്കിൽ ഹിന്ദുവംശീയവാദത്തിന്റെ ചുറ്റും അണിനിരക്കുന്ന സംഘപരിവാർ എന്നു പറയുന്നത് അത് അങ്ങേയറ്റം ഹിംസാത്മകമായ ആണത്തസ്വരൂപമാണെന്ന് 2002-ലെ ഗുജറാത്ത് കലാപത്തിലൂടെ നമുക്ക് മനസ്സിലാകുന്നുണ്ട്. അവിടെ നടന്നത് വംശഹത്യതന്നെയായിരുന്നു. അന്നു കോൺഗ്രസ് എം.പി ആയിരുന്ന ഇഹ്സാൻ ജാഫ്രിയെ വധിച്ച കഥ എല്ലാവർക്കും അറിയാം. അതു നോക്കിക്കഴിഞ്ഞാൽ അവരുടെ നിഷ്ഠുരമായ മെക്കാനിസം എങ്ങനെയാണ് പ്രവർത്തിച്ചത് എന്നു മനസ്സിലാക്കാം. ഇഹ്സാൻ ജാഫ്രി അന്നു പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾതൊട്ട് മുഖ്യമന്ത്രിവരെയുള്ള എല്ലാ അധികാരികളെയും മാറിമാറി വിളിച്ചതിന്റെ തെളിവുകളുണ്ട്. മുൻ മുഖ്യമന്ത്രിയായിരുന്ന അമർസിംഗ് ചൗധരി നേരിട്ട് ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡിയെ വിളിച്ചു എന്നു പലരും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. ആ കൊല എത്ര നിഷ്ഠൂരമായിരുന്നു. ഇഹ്സാൻ ജാഫ്രിയെ വലിച്ചിഴച്ച് നഗ്നനാക്കുന്നു. ജയ് ശ്രീറാം എന്നു വിളിപ്പിക്കുന്നു. അതിനുശേഷമാണ് കൊലചെയ്യുന്നത് അതോടൊപ്പം ആ വീട്ടിൽ അഭയംതേടിയ നൂറിൽത്താഴെയുള്ള മനുഷ്യരെയും കൊല്ലുന്നു.
ഇങ്ങനെ ആർ.എസ്.എസ് പലതരത്തിൽ വേഷംമാറി പലകാലങ്ങളിൽ വന്നിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനതത്വം എന്നു പറയുന്നത് നേരത്തെപറഞ്ഞ സവർക്കറുടെ ഹിന്ദുത്വയും ഗോൾവാൾക്കറുടെ ‘വി ഓർ ഔവർ നേഷൻഹുഡ് ഡിഫൈൻഡ്’, എന്ന പുസ്തകവുമാണ്. ആ പുസ്തകത്തിലെ തത്വപ്രകാരം ഡെമോക്രാറ്റുകളെയോ ജനാധിപത്യവിശ്വാസികളെയോ ബഹുസ്വരതയിൽ വിശ്വസിക്കുന്ന മനുഷ്യരെയോ അങ്ങേയറ്റത്തെ ശത്രുക്കളായിട്ടാണ് കാണുന്നത്. മാത്രമല്ല ഹിറ്റ്ലറുടെയോ മുസോളനിയുടെയോ ഫാസിസവും നാസിസവുമൊക്കെ ഇന്ത്യൻമണ്ണിൽ കുഴച്ചെടുത്ത ബ്രാഹ്മണിസത്തിന്റെ ഉള്ളിലൂടെ സാംശീകരിച്ചിട്ടുള്ള ഒരു ഇല്ലാത്ത വംശീയതയാണത്.
ശരിയായ നിറം
സത്യത്തിൽ ഹിന്ദുക്കളെ ഒരു വംശം എന്നു വിളിക്കാൻ പറ്റില്ല. ഇന്ത്യയിൽ ഒരാളെയും ഒരു കൂട്ടത്തേയും വംശീയം എന്ന് വിളിക്കാൻ പറ്റില്ല. കാരണം ഇന്ത്യയിലെ എല്ലാ മനുഷ്യരും കലർപ്പുള്ള മനുഷ്യരാണ്. അതിനാൽത്തന്നെ ഒരു വംശീയരാഷ്ട്രീയം ഇവിടെ ഓടില്ല. പക്ഷേ, ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ അതിനെ അങ്ങേയറ്റം കനപ്പെടുത്തി ഫാസിസവൽക്കരിച്ച് ഇല്ലാത്ത വംശീയതയ്ക്ക് രൂപംകൊടുക്കുകയും അതു മുന്നോട്ടുകൊണ്ടുപോവുകയാണ് ഹിന്ദുത്വരാഷ്ട്രീയം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ നട്ടെല്ലായിട്ട് പ്രവർത്തിക്കുന്ന സംഘമാണ് ആർ.എസ്.എസ്. ആർ.എസ്.എസ് ഭീകരസംഘമാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ ഗവൺമെന്റിന്റെതന്നെ രേഖകൾ നോക്കുക. ഗാന്ധിവധത്തെപ്പറ്റിയുള്ള ഗൂഢാലോചന അന്വേഷിച്ച കപൂർകമ്മീഷൻ റിപ്പോർട്ടിൽ ആർ.എസ്.എസ് എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് വളരെ വിശദമായിട്ട് പറയുന്നുണ്ട്. എങ്ങനെയാണ് അതു ജനാധിപത്യവിരുദ്ധമായി വർഗീയത പരത്താൻ, അതിലൂടെ ഒരു ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനുള്ള കളമൊരുക്കാൻ പ്രവർത്തിച്ചുവെന്ന് പലവട്ടം പറയുന്നുണ്ട്. ഇങ്ങനെ ഗവൺമെന്റിന്റെ കൈയിലുള്ള റിപ്പോർട്ടുകളടക്കം പരിശോധിക്കുകയാണെങ്കിൽ ഈ പറയുന്ന പ്രസ്ഥാനത്തിന്റെ ശരിയായ നിറം എന്തെന്നു തെളിഞ്ഞുകിട്ടും. പക്ഷേ, ഇന്നും ഇന്ത്യയിലെ ജനസാമാന്യത്തിന് അതിനെപ്പറ്റി യാതൊരുതരത്തിലുള്ള അറിവും ഇല്ല എന്നതാണ് യാഥാർഥ്യം.
ഇപ്പോൾ ഇന്ത്യയിലെ വ്യത്യസ്ത രാഷ്ട്രീയപ്പാർട്ടികൾ ആർ.എസ്.എസ് ആയിട്ടുള്ള ബന്ധത്തെപ്പറ്റി പലതരം വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഒരുകാലത്ത് അല്ലെങ്കിൽ മറ്റൊരുകാലത്ത് ആർഎസ്എസുമായിട്ട് സഹകരിച്ചിട്ടുണ്ടെന്ന് ചരിത്രംനോക്കിയാൽ നമുക്കു മനസ്സിലാകും. ഇന്ദിരയുടെയും കോൺഗ്രസിന്റെയും ഇന്ത്യയുടെയും ചരിത്രത്തിലെ ഒരു വിഡ്ഢിത്തം നിറഞ്ഞ മുഹൂർത്തം എന്നു പറയാവുന്ന അടിയന്തരാവസ്ഥ പ്രഖ്യാപനം അവർക്ക് കടന്നുവരാനുള്ള വലിയ വഴിയൊരുക്കി. സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദുത്വവാദികൾക്ക് ഏറ്റവും എതിരുനിന്നിരുന്ന ജയപ്രകാശ് നാരായണനാണ് ജനതാ പാർട്ടിയിലേക്ക് അവരെ കൊണ്ടുവരുന്നത്. ഓരോ സന്ദർഭം പരിശോധിക്കുകയാണെങ്കിലും അവർ അവരുടെ പ്രത്യശാസ്ത്രത്തിൽനിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല എന്നു കാണാനാകും. ചിലപ്പോൾ അതിനെ മറച്ചുവച്ചിട്ടുണ്ടാവും എന്നുമാത്രം. പക്ഷേ, സന്ദർഭംകിട്ടിയാൽ അവരത് പുറത്തെടുക്കും. അത് 1946-ലെ ബീഹാർ ആയാലും 2002-ലെ ഗുജറാത്ത് ആയാലും ഭരണംകിട്ടിയപ്പോൾ നടത്തുന്ന സി.ഐ.എ പോലെയുള്ള സംഭവങ്ങൾ ആയാലും 370-ാം വകുപ്പ് എടുത്തുകളയുന്ന തീരുമാനങ്ങളായാലും അവർ, ഭരണത്തിനുള്ളിൽ നിൽക്കുമ്പോഴും പുറത്തു നിൽക്കുമ്പോഴും, എപ്പോഴും പ്രത്യശാസ്ത്രപരമായ ഒരു ദൃഢത പുലർത്തിയിരുന്നു. എന്നാൽ, മറ്റു പാർട്ടികൾക്ക് ആ ദൃഢത പുലർത്താൻ സാധിക്കാറില്ല. അതിനാൽത്തന്നെ ഇന്ന് പ്ലേഗ്രൗണ്ടിലുള്ള എല്ലാവരും, അത് അംബേദ്കറുടെ പിൻഗാമികളായിട്ടുള്ള റിപ്പബ്ലിക്കൻ പാർട്ടി ആയിക്കൊള്ളട്ടെ, സോഷ്യലിസ്റ്റുകൾ ആയിക്കൊള്ളട്ടെ, കോൺഗ്രസുകാർ ആയിക്കൊള്ളട്ടെ, കമ്മ്യൂണിസ്റ്റുകാർ ആയിക്കൊള്ളട്ടെ, എല്ലാവരും ഒരു സന്ദർഭത്തിൽ അല്ലെങ്കിൽ മറ്റൊരു സന്ദർഭത്തിൽ ഇവർക്ക് ലെജിറ്റിമസി കൊടുക്കാനായി അറിഞ്ഞോ അറിയാതെയോ പ്രവർത്തിക്കുകയുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ദുർബലതകളെ ആർ.എസ്.എസ് സമർഥമായിട്ട് ഉപയോഗിച്ചതിന്റെ ചരിത്രം അതിൽനിന്ന് നമുക്ക് മനസ്സിലാകും.
ആർ.എസ്.എസിനെ പറ്റിയുള്ള അവബോധം ഉണ്ടാക്കുക എന്നു പറയുന്ന വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതു മറ്റേതു ജനാധിപത്യകക്ഷിയെയുംപോലെയല്ല. ആർ.എസ്.എസ്സിനാൽ നിയന്ത്രിക്കപ്പെടുന്ന ഈ സംഘപരിവാരം എന്നു പറയുന്നത് ഫാസിസ്റ്റ് ആണെന്നു മാത്രമല്ല, അതു നവബ്രാഹ്മണിസമാണ്. നവബ്രാഹ്മണിസം എന്നു പറഞ്ഞാൽ യാഥാസ്ഥിതിക ബ്രാഹ്മണിസത്തെ അപേക്ഷിച്ച് എത്രയോ ഹിംസാത്മകമാണ്. ലോകത്തെ എല്ലാ ആയുധങ്ങളും പ്രയോഗിക്കാൻ ഒരു മടിയുമില്ലാത്ത ഒരു സംഘമാണത്. ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള ഫാസിസ്റ്റ് പ്രസ്ഥാനമാണ് ആർ.എസ്.എസ് എന്നു തിരിച്ചറിയുകയാണ് ഈ 100-ാം വർഷത്തിൽ നമ്മൾ തിരിച്ചറിയേണ്ടത്.


