This Content Is Only For Subscribers
സാമ്പ്രദായിക വായനാശീലത്തിന് മനസ്സടുപ്പം തോന്നുന്ന നോവലുകൾ എന്നും ധാരാളമായി ഉണ്ടാവാറുണ്ട്. അത്തരം രചനകൾക്ക് വായനയെ സ്വാധീനിക്കുന്നതരത്തിലുള്ള ഇതിവൃത്തം അഥവാ ഉള്ളടക്കം മാത്രമുള്ളതുതന്നെ ധാരാളമായിരിക്കും. ആശയം എങ്ങനെ, ഏത് ആവിഷ്കാരസങ്കേതത്തിലൂടെ പറഞ്ഞു എന്നത് അവിടെ ചോദ്യമേ ആവുന്നില്ല. ദേശപ്പെരുമയെയും പുരാണേതിഹാസങ്ങളെയും പിൻപറ്റിയുള്ള രചനകൾക്ക് പലപ്പോഴും ഈയൊരു വായനാനുകൂല്യം കിട്ടാറുണ്ട്. പക്ഷേ, പുരാണങ്ങളും ഇതിഹാസങ്ങളും അവയുടെ പ്രമേയത്തിനു മാത്രമല്ല, അതിന്റെ ആവിഷ്കാര സങ്കേതത്തിനും പ്രാധാന്യം നൽകി. ജാതകകഥകളുടെ അവതരണം, മഹാഭാരതത്തിന്റെ തുടക്കം, കിളിമൊഴിയിലൂടെ എഴുത്തച്ഛൻ പറഞ്ഞ രാമായണം തുടങ്ങി ഉദാഹരണങ്ങൾ നിരവധി.
‘നാബോ- മാലാഖകളെ കാത്തുനിറുത്തിയ കറുത്ത മനുഷ്യന്റെ കഥ’ എന്നു പേരുള്ള കഥ പറയാൻ മാർകേസ് ഉപയോഗിച്ച സങ്കേതം അദ്ദേഹത്തിന്റെ തന്നെ ഇതര കൃതികളിൽനിന്നു തീർത്തും വ്യത്യസ്തമായിരുന്നു. കുതിരയുടെ കാലിന്റെ അടികൊണ്ട് ഓർമ നഷ്ടപ്പെട്ടൊരു നീഗ്രോയുടെ മസ്തിഷ്കത്തിലൂടെ പരസ്പര ബന്ധമില്ലാതെ പായുന്ന ചിന്തകളെ ക്രോഡീകരിച്ച കഥയാണ് അത്.
20 വർഷങ്ങൾക്കു മുമ്പു നടന്ന ഒരു കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങളിൽ വച്ച് ഭൂത-വർത്തമാനങ്ങളെ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചുകൊണ്ടുള്ള എത്രയും ശ്രമകരമായ ഒരു സങ്കേതമാണ് ‘ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്’ എന്ന നോവലിലും മാർക്കേസ് ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ പതിവുരീതിക്ക് അതൊരു അതിബൃഹത്തായ നോവലാവേണ്ടതായിരുന്നു. ഹുവാൻ റൂൾഫോ, ‘പെദ്രോ പരാമോ’ വിഭാവനംചെയ്തത് ഒരു ദേശത്തെയും അവിടത്തെ ജീവിതത്തെയും മനുഷ്യരെയും മരണത്തിലേക്ക് മറിച്ചിട്ടുകൊണ്ടാണ്. വ്യക്തിയുടെ ഏകാന്തതയും നിസ്സാരതയും വെളിപ്പെടുത്താൻ കാഫ്ക പല്ലിയെ ആശ്രയിച്ചതും ചരിത്രം. ലോകസാഹിത്യത്തിൽ അങ്ങനെ ഉദാഹരണങ്ങൾ നിരവധിയനവധിയുണ്ട്.
എഴുത്തുകാരന്റെ ഇതുപോലുള്ള ചില കിറുക്കുകളാണ് രചനയെ അപൂർവസുന്ദരമാക്കുന്നത്. പറയാൻ ഒരു പുതുവഴി അന്വേഷിക്കുന്നിടത്ത് തീർച്ചയായും അതിനനുയോജ്യമായ ഒരു ഭാഷാശൈലിയും വേണ്ടിവരും. എന്നാൽ, രൂപഘടനയിലും സാഹിത്യഭാഷയിലും ഒരു മാറ്റം ഉണ്ടാക്കുക എന്നത് അതൊക്കെ ആത്മാർഥമായും ആഗ്രഹിക്കുന്ന ഒരു നോവലിസ്റ്റിന് വലിയ വെല്ലുവിളി തന്നെയാണ്.
സമീപകാലത്ത് ഏറെ പേരുകേട്ട നോവലുകളിൽ അപൂർവത്തിൽ അപൂർവമായത് മാത്രമേ രചനാപരമായ ഈ വെല്ലുവിളി ഏറ്റെടുത്തിട്ടുള്ളൂ. ആദി, മധ്യം, അന്ത്യം എന്ന എത്രയും സുരക്ഷിതമായ എഴുത്തുപാതയിലൂടെ സ്വസ്ഥവും സുരക്ഷിതവുമായി സർഗയാത്ര ചെയ്യാനുള്ള താൽപര്യം പല നോവലുകളിലും പ്രകടമാണ്. ഇതിൽനിന്ന് വിട്ടുനിൽക്കുന്നു എന്നു ബോധ്യപ്പെടുത്തിയ ചിലതിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു നോവലാണ് സുരേഷ് കുമാർ വി. എഴുതി ഡി.സി. ബുക്സ് പ്രസിദ്ധപ്പെടുത്തിയ ‘ഡയാസ്പൊറ’.
വാർധക്യത്തിന്റെ അങ്ങേയറ്റത്തേക്ക് എത്തിയ സ്ലോമോ മുത്ത എന്ന ജൂതന്റെ അവസാനകാലത്തെ കുറച്ചു ദിവസങ്ങളിലൂടെ നോവൽ വായനക്കാരനിലേക്കെത്തുന്നു എന്നത് ഉപരിപ്ലവമായി മാത്രം പറയാവുന്ന ഒന്നാണ്. അതിനപ്പുറം സ്മൃതികളുടെ ക്രമരഹിതമായ ഒഴുക്കിലൂടെ മുന്നോട്ടുനീങ്ങുന്ന കഥാഗതി ‘ഡയാസ്പൊറ’യെ വേറിട്ട ഒരു വായനാനുഭവത്തിലേക്കെത്തിക്കുന്നു. ജന്മനാ ഉള്ള ആവാസവ്യവസ്ഥയിൽനിന്നു അറിയാത്ത ദേശത്തേക്കു ജീവിതം പറിച്ചു മാറ്റപ്പെടുമെന്ന് ഉറപ്പായ, സോളമൻ മുത്ത എന്ന, വംശംകൊണ്ട് ജൂതനും പിറവികൊണ്ട് മലയാളിയുമായ ജൂതവൃദ്ധൻ. അതുവരെ അറിഞ്ഞ ഒരു നാട്, അതിന്റെ സംസ്കാരം, അത് കനിഞ്ഞു നൽകിയ, മുറിച്ചെറിയാൻ ആവാത്ത ബന്ധങ്ങൾ. ഭാര്യ തിമോരയുടെ വിരഹവും മകൻ ഇസഹാക്കിന്റെ വേർപാടും ഇക്കരെ അയാളെ പൊതിഞ്ഞു നിൽക്കുന്നുണ്ട്. അക്കരെ, ഇസ്രയേൽ എന്ന അതിവിദൂര ദേശത്ത് അയാളുടെ മക്കളുണ്ട്. അവർ അയാളുടെ അവസാനകാലം കവർന്നെടുക്കാൻ ശ്രമിക്കുകയാണ്. അവിടെ ആ ജൂത തനിമയിൽ അയാൾ അന്ത്യവിശ്രമം കൊള്ളണമെന്ന് അവർ ആഗ്രഹിക്കുന്നു. തനിമ അഥവാ സ്വത്വം എന്നത് എന്താണെന്നു കൂടി നോവൽ നിശ്ശബ്ദമായി അന്വേഷിക്കുന്നു. വംശത്തനിമയാണോ അത്? അതോ ജനിച്ചു വളർന്നു ജീവിച്ച മണ്ണുമായി ഒരു ജന്മംകൊണ്ട് ഒരാൾ ആവാഹിച്ചെടുത്ത ആത്മബന്ധമോ? ഈ ചോദ്യത്തിന് സോളമൻ മുത്ത നൽകുന്ന ഉത്തരവും അയാളെ ഇസ്രയേലിലേക്ക് പറിച്ചുനടാൻ യത്നിക്കുന്ന ആ രണ്ട് പെൺമക്കൾ നൽകുന്ന വ്യാഖ്യാനവും തമ്മിലുള്ള വൈരുധ്യമാണ് ഡയാസ്പൊറയുടെ കാതൽ. ഈ പൊരുത്തമില്ലായ്മയുടെ സംഘർഷഭൂമികയാണ് നോവലിന്റെ നിലപാടുതറയായി സുരേഷ് കുമാർ കണ്ടതും. ഇവിടെ സോളമൻ മുത്തയെ ഭദ്രമായി ഉറപ്പിച്ചുകൊണ്ട് കേരളതീരത്തേക്കുള്ള ജൂതരുടെ കുടിയേറ്റത്തെയും കുടിയേറ്റം ബാക്കിയാക്കിയ മുത്തയുടെ ജീവിതത്തെയും അയാളെ തീക്ഷ്ണമായി സ്വാധീനിച്ച മട്ടാഞ്ചേരി എന്ന ദേശത്തെയും അവിടത്തെ മനുഷ്യരെയും വായനക്കാരിലേക്ക് നോവലിസ്റ്റ് പകരുന്നത് കുറെയൊക്കെ ബോധധാരാ സങ്കേതം സമർഥമായി ഉപയോഗിച്ചുകൊണ്ടുതന്നെയാണ്.
കുടിയേറ്റചരിത്രത്തിന്റെ കൂടി കഥ പറയുന്ന പ്രമേയം എന്ന നിലയിൽ നേരത്തേ സൂചിപ്പിച്ച ആദിമധ്യാന്ത്യ പരമ്പരാഗത ശൈലി സ്വീകരിച്ചിരുന്നെങ്കിൽ സുരേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഡയാസ്പൊറയുടെ എഴുത്ത് കുറെയൊക്കെ ആയാസരഹിതമാകുമായിരുന്നു. പ്രായാധിക്യംകൊണ്ടും തീരാവ്യഥകൾകൊണ്ടും സോളമൻ മുത്തയുടെ മനസ്സാകെ തകർന്നിരിക്കുന്നതുകൊണ്ടും തുടർച്ചയില്ലാതായ, പലപ്പോഴും കാലക്രമം തെറ്റിപ്പോകുന്ന ഓർമകളും വിചാരങ്ങളും ഉൾച്ചേർന്ന ആഖ്യാനം ‘ഡയാസ്പൊറ’യെ കൂടുതൽ അനുഭവവേദ്യമാക്കുന്നു.
മരണംവരെ തന്റെ കൂടെ നിൽക്കുമെന്ന് ഉറപ്പുള്ള ഇളംപരിതിയെന്ന ഉറ്റ ചങ്ങാതിക്കോ പരിചാരകൻ, കാര്യക്കാരൻ എന്നീ നിലകൾക്കപ്പുറം വ്യാഖ്യാനിക്കാനോ വ്യവച്ഛേദിക്കാനോ കഴിയാത്തവിധം സങ്കീർണമായ അടുപ്പം സൂക്ഷിക്കുന്ന ലാസറിനോ സോളമൻ മുത്ത അയാളുടെ ആ അന്ത്യകാലത്ത് അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദന ഒരിറ്റുപോലും കുറയ്ക്കാൻ കഴിയുന്നില്ല. വേറിട്ട വൈകാരികാവസ്ഥകൾ അനുഭവിപ്പിക്കുന്നതിൽ അതിശയിപ്പിക്കുന്ന കരവിരുതാണ് നോവലിസ്റ്റ് ഉടനീളം പ്രകടമാക്കുന്നത്. കുടിയിറക്കപ്പെടുന്നതിന്റെ പറഞ്ഞറിയിക്കാനാവാത്ത വീർപ്പുമുട്ടലിൽ ഞെങ്ങിഞെരുങ്ങി നിൽക്കുന്ന സോളമൻ മുത്ത. അയാളെ ദൈവത്തെപ്പോലെ കാണുന്ന ലാസർ. ഒരേസമയം മുത്തയെ ചൂഷണംചെയ്യുകയും എന്നാൽ, വല്ലാത്തൊരു അഭിനിവേശത്തോടെ അയാളിലേക്ക് പടർന്നുകയറുകയുംചെയ്യുന്ന മാർത്ത. സൗഹൃദത്തിന്റെ ഇറുക്കമുള്ള ഇഴയടുപ്പം എന്തെന്ന് ബോധ്യപ്പെടുത്തുന്ന ഇളംപരിതി. മുത്തയുടെ ഓർമകളിലൂടെ കടന്നുവരുന്ന തിമോരയും ഇസഹാക്കും ഉമ്മയും ബാപ്പുച്ചയും പിന്നെ നിഗൂഢമായി നോവലിസ്റ്റ് ചേർത്തുവച്ചിരിക്കുന്ന ആ പന്ത്രണ്ട് പൂച്ചകളും. ഒറ്റപ്പെട്ട കഥാപാത്രങ്ങൾ. ഇവരെ പരസ്പരം അദൃശ്യമായി ബന്ധിപ്പിക്കുന്നത് മിതത്വമാർന്ന എന്നാൽ വികാരഭരിതമായ ഒരു ഭാഷ കൊണ്ടാണ്. ഈ പ്രമേയത്തിന് എത്രയും അഭിലഷണീയമായ ഒരു ഭാഷാശൈലിയാണത്. ഉള്ളിന്റെ ഉള്ളിലേക്ക് അമർത്തിയൊതുക്കിയ ആത്മഭാഷണ രീതി. കൊച്ചുകൊച്ചു വാചകങ്ങൾ വായനയ്ക്ക് ഗതിവേഗവും ഒപ്പം വൈകാരികമായ മുറുക്കവും നൽകുന്നു.
“എവിടെനിന്നോ പാളിവീണ വെളിച്ചത്തിൽ ജൂതപ്പുര ഒരു പ്രാചീന കപ്പലിനകംപോലെ തോന്നിപ്പിച്ചു.” “തുരുത്തിലെ കുടിയേറ്റങ്ങളുടെ അദ്ഭുതസങ്കലനങ്ങളിൽ കെട്ടുവിട്ട പട്ടംപോലെ സഞ്ചാരികൾ പാറി നടന്നു.” “മഴ ഇരച്ച് മേൽക്കൂരയിൽ വന്നിരുന്നു. പിന്നെ എവിടെക്കോ പറന്നുപോയി.” “കൂട്ടമായി കത്തുന്ന മെഴുകുതിരികൾ, ഒരുമിച്ച് കത്തുന്ന സങ്കടങ്ങളാണെന്ന് ലാസർ വിചാരിച്ചു.” -തുടങ്ങിയ സമാനമായ ഒരുപാട് വാചകങ്ങളിലൂടെ നോവലിന്റെ ഭാവതലം മുഴുനീളം സാന്ദ്രമായിരിക്കുന്നു. ഇതേ ഭാവതീവ്രതതന്നെ സോളമൻ മുത്തയും മാർത്തയും തമ്മിലുള്ള രതിയിലും മുത്തയുടെ സ്വയംരതിയിലും കാണാം.
ജൂതപ്പുര എന്ന തലമുറകൾ പഴക്കമുള്ള, മുത്തയുടെ ആ വലിയവീട് നോവലിന്റെ അന്ത്യഭാഗത്ത് ആക്രിസാധനങ്ങളുടെ ഒരു താൽക്കാലിക സൂക്ഷിപ്പ് കേന്ദ്രമായി മാറുന്നത് വേദനാജനകമായ അനുഭവമാണ്. മുത്തയുടെ പെൺമക്കൾ ഇസ്രയേലിൽനിന്ന് ഏർപ്പാടാക്കിയ ആക്രിസാധനങ്ങളുടെ ഇടപാടുകാരനായ ഡാൽറ്റൻ, മുത്തയുടെ ജീവിതത്തിലെ എത്രയും വിലപിടിപ്പുള്ള ഓരോ സാധനങ്ങൾക്കും നിസ്സാരമായ വിലയിടുമ്പോൾ ഒരുകാലത്ത് പ്രതാപിയായിരുന്ന സോളമൻ മുത്ത കാലണയ്ക്ക് വിലയില്ലാത്ത ആക്രിസാധനമായി മാറുന്നതിന്റെ നീറ്റൽ പിന്നീട് അങ്ങോട്ടുള്ള വായനയുടെ തീരാനോവാകുന്നു. ലാസറിന്റെ ഭാര്യ മാർത്തയ്ക്ക് സോളമൻ മുത്തയിൽ ജനിച്ച സന്തതിക്ക് നൽകിയ പേര് ഉചിതമായി. ഇമ്മാനുവൽ അഥവാ ദൈവം നമ്മോടുകൂടെ. യജമാനനായ സോളമൻ മുത്ത ലാസറിന് ദൈവതുല്യനല്ല, ദൈവംതന്നെയാണ്. തനിക്ക് പ്രാപ്യയല്ലാത്ത ഭാര്യ മാർത്തയും സോളമൻ മുത്തയും തമ്മിലുള്ള രഹസ്യബന്ധം അറിഞ്ഞിട്ടും ലാസർ അറിയാത്തമട്ടു നടിക്കുന്നത് അളവറ്റ ദൈവസ്നേഹംകൊണ്ടുതന്നെ. ദൈവത്തിലുണ്ടായ സന്തതിക്ക് നൽകിയ ഇമ്മാനുവൽ എന്ന പേര് മുത്തയുടെയും ലാസറിന്റെയും പരസ്പരപൂരകമായ ആത്മബന്ധത്തിന്റെ അടിവര കൂടിയാകുന്നു.
പിഞ്ചറ, സാബ, മിറ്റ്സ്വ തുടങ്ങിയ ജൂതസംസ്കൃതിയിൽനിന്നുള്ള വാക്കുകൾ പലതും ഉണ്ടെങ്കിലും അവയുടെ പ്രയോഗം തികച്ചും മിതമായ രീതിയിൽ ആയതുകൊണ്ട് വായനയിൽ ഭാരമാവുന്നില്ല. ഈ നോവലിന്റെ രചനയ്ക്ക് വേണ്ടി നോവലിസ്റ്റ് ജൂതചരിത്രം ആധാരമാക്കി ശേഖരിച്ച വിവരങ്ങൾ നടപ്പുരീതി അനുസരിച്ച് മടുപ്പുളവാക്കും വിധം എങ്ങും കുത്തിത്തിരുകിയിട്ടില്ലെന്നത് വലിയ കാര്യമായിത്തന്നെ കാണാം. കുടിയിറക്കപ്പെടുന്നവന്റെ, പ്രവാസിയുടെ, ഇടം നഷ്ടപ്പെടുന്നവന്റെ ആത്മനൊമ്പരം ആഴത്തിൽ അനുഭവിപ്പിക്കുക എന്ന കേന്ദ്രലക്ഷ്യത്തിൽനിന്നു വ്യതിചലിക്കാൻ ഇടയുള്ള ഒരുപാട് ഘടകങ്ങളെ നോവലിസ്റ്റ് സമർഥമായി ഒഴിവാക്കിയിരിക്കാം.
മട്ടാഞ്ചേരിയിലെ ജനജീവിതത്തിന്റെ ഭൂത-വർത്തമാന കാലങ്ങളെ സോളമൻ മുത്ത എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഇരുകൈകൾപോലെ നോവലിന്റെ ശരീരത്തോട് ചേർത്തുവയ്ക്കാനായിട്ടുണ്ട്. പൂർവകൽപിതമായ കഥാന്ത്യത്തെ ഫോർട്ടുകൊച്ചിയുടെ സാംസ്കാരിക തനിമയുമായി സംലയിപ്പിച്ചുകൊണ്ട് മുൻവിധി അപ്പാടെ തകിടംമറിച്ച് അപ്രതീക്ഷിതമായ ഒരു പരിണാമത്തിൽ നോവലിനെ എത്തിക്കാൻ സാധിച്ചതുൾപ്പെടെ വിസ്തരിച്ചുതന്നെ എഴുതാൻ പ്രേരിപ്പിക്കുന്ന ഒരുപാട് സർഗപരമായ സവിശേഷതകൾ ‘ഡയാസ്പൊറ’ ഉൾക്കൊള്ളുന്നു.
കുടിയിറക്കപ്പെടുന്നതിന്റെയും പ്രവാസത്തിന്റെയും വാങ്മയം എന്നതിനപ്പുറത്ത് ‘ഡയാസ്പൊറ’ വിനിമയം ചെയ്യുന്നത് ഏകാന്തത എന്ന ഉള്ളുനോവിക്കുന്ന അനുഭവംതന്നെയാണ്. ഏകാന്തത എന്നത് ഇവിടെ ഒരു വാക്കല്ല. അത് എത്രയും ദുഃഖഭരിതമായ ഒരനുഭവമാണ്. ‘പറയരുത്, കാണിച്ചുകൊടുക്കുക’ എന്ന ചെഖോവിന്റെ വാക്കുകളെ ഓർമിപ്പിച്ചുകൊണ്ട് സുരേഷ് കുമാർ എന്താണ് ഏകാന്തതയുടെ ആഴമെന്ന് മുത്തയുടെ ആന്തരികവും ബാഹ്യവുമായ വൈകാരിക ഭാവങ്ങളിലൂടെ നമ്മെ അനുഭവിപ്പിക്കുന്നു.
ഏകാന്തതയെ തീക്ഷ്ണമായി വരിയോടു വരി ആവിഷ്കരിച്ച നോവൽ എന്ന നിലയിൽ ‘ഡയാസ്പൊറ’യ്ക്ക് സമകാലീന നോവൽ സാഹിത്യത്തിൽ വേറിട്ട ഒരിടം അവകാശപ്പെടാം.


