ഓര്‍മ്മകളുടെ കലാപങ്ങള്‍ – രോഷ്‌നി സ്വപ്ന

വിസ്മൃതരുടെ കടല്‍ (വായന, കാഴ്ച, കേള്‍വി) ‘For the dead, and the living, We must bear witness’ – Elie Wiesel

രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിനൊപ്പമല്ല ഒരിക്കലും സാംസ്‌കാരിക സ്മൃതികളുടെ (Cultural memory) സ്ഥാനം. അത് യാഥാര്‍ത്ഥ്യത്തിനും പ്രാതിനിധ്യ യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള ഒരു സംഘര്‍ഷം കൂടിയാണത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ലോകത്തിന്റെ ഓര്‍മ്മകളില്‍ ‘ഹോളോകോസ്റ്റ്’ എന്തായിരുന്നു? ആറുകോടി മനുഷ്യര്‍ മരണപ്പെട്ടതിന്റെ അതിഭീകരവും നിഗൂഢവുമായ പേടിസ്വപ്നങ്ങളോ? 1941 നും 1945 നുമിടയില്‍ ഇരയാക്കപ്പെട്ട യുദ്ധത്തടവുകാര്‍, സോവിയറ്റ് പൗരന്മാര്‍, രാഷ്ട്രീയ, വിപ്ലവയുവാക്കള്‍, യഹോവയുടെ സാക്ഷ്യക്കാര്‍, സാധാരണ മനുഷ്യര്‍, പ്രഭുക്കന്മാര്‍… തുടങ്ങി എണ്ണമറ്റവരുടെ മരണം ചരിത്രത്തില്‍ എവിടെയാണ് എങ്ങനെയാണ് എഴുതിവച്ചിട്ടുള്ളത്? ”അധികാരത്തിന്റെ ക്രൂരവും മ്ലേഛവുമായ പ്രവൃത്തിയെന്ന് മുദ്രകുത്തപ്പെട്ട, സ്വേച്ഛാധിപത്യത്തിന്റെ ഏറ്റം നികൃഷ്ടവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയെന്ന് വായിക്കപ്പെട്ട ഹോളോകോസ്റ്റ് കൊലകളുടെ ഓര്‍മ്മകളില്‍ നിന്ന് മുക്തമാകാത്ത ഒരുപറ്റം മനുഷ്യര്‍ ഇന്നുമുണ്ട്. അതുപോലെതന്നെ ഒരു കെട്ടുകഥപോലെ ഈ യാഥാര്‍ത്ഥ്യത്തെ വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞവരുമുണ്ട്.


ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളെ ഓര്‍ക്കേണ്ടിവരുന്നത് ചരിത്രത്തിനേറ്റ വലിയ മുറിവുകളെ മറക്കാതിരിക്കാന്‍ കൂടിയാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ട് അവര്‍ അതിദുരന്തത്തിന്റെ ഒരു കാലഘട്ടത്തെ തിരിച്ചുപിടിക്കുന്നു. തങ്ങളുടെ കലയിലൂടെ, ചിത്രങ്ങളിലൂടെ, ശില്പങ്ങളിലൂടെ കവികളിലൂടെ.


ഷെല്ലി ഹോണ്‍സ്റ്റയിനും (Shelly Hornstein) ഫ്‌ളോറന്‍സ് ജാകോബോവിറ്റ്‌സും (Florence Jacobowitz) ചേര്‍ന്ന് എഡിറ്റ് ചെയ്ത ‘ഇമേജ് ആന്റ് റിമമ്പറന്‍സ്’ എന്ന പുസ്തകം രണ്ടാം ലോകമഹായുദ്ധത്തെയും ഹോളോകോസ്റ്റ് ഓര്‍മ്മകളെയും, അവയുടെ ആഴങ്ങളിലുള്ള മുറിവുകളെയും ഒന്നുകൂടി സന്ദര്‍ശിക്കുന്നു. ഹോളോകോസ്റ്റ് എന്ന അനുഭവത്തിന്റെ ആഘാതങ്ങളെ ഒരേസമയം ചരിത്രത്തിന്റെയും മാനുഷികതയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും അളവുമാപിനികളില്‍വച്ച് കണ്ടെടുക്കുകയും, വര്‍ത്തമാനകാലത്തിലേക്ക് ആ ആഘാതങ്ങളെ പ്രതിഷ്ഠാപനം ചെയ്യുകയുമാണ് ഈ പുസ്തകം.,/p>

പതിനെട്ട് ലേഖനങ്ങളുള്ള ഈ പുസ്തകം ഹോളോകോസ്റ്റ് ഓര്‍മ്മകളുടെ കേവല രേഖീകരണം മാത്രമല്ല, മാഞ്ഞുപോയി എന്ന് നാം കരുതുന്ന ഭീതിതമായ ഓര്‍മ്മകളെ തിരിച്ചെടുക്കാനായി ഒരു കൂട്ടം കലാകാരന്മാര്‍ നടത്തുന്ന വേദനിപ്പിക്കുന്ന യാത്രകളാണ്. ചരിത്രത്തെ സജീവമായി (vital) നിലനിറുത്തുന്നതിനായി ഓര്‍മ്മകളിലൂടെ ചിലര്‍ നടത്തുന്ന കലാപം കൂടിയാണ് ഈ പുസ്തകം. ഹോളോകോസ്റ്റ് ഓര്‍മ്മകള്‍ സമകാലിക കലയില്‍ സഞ്ചരിക്കുന്നതെങ്ങനെയെന്ന് പ്രതിപാദിക്കുന്ന ലേഖനങ്ങളാണീ പുസ്തകത്തില്‍.


ഓര്‍മ്മകളെ അടയാളപ്പെടുത്തല്‍, സമയത്തെ കീറിമുറിച്ച് യാത്ര ചെയ്യല്‍, ദുരന്തങ്ങളെ ഓര്‍ത്തെടുക്കല്‍ എന്നിവ ചരിത്രത്തിന്റെ കണ്ണുകളിലൂടെയാവുമ്പോളത് ഏറെ പ്രയാസമേറിയ ഒരു ഭൂപട നിര്‍മ്മിതി പോലെയാണ്. ഹോളോകോസ്റ്റ് ഓര്‍മ്മകളെക്കുറിച്ചുള്ള ഓരോ പില്‍ക്കാല ചിന്തയിലും ഈ മുറിവുകളുടെ വേദനകള്‍ നമുക്ക് കാണാം. അതേസമയം കലാകാരന്മാരാകട്ടെ, ഈ അവസ്ഥയെ ആവിഷ്‌കരിക്കാനുള്ള ഭാഷ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടുന്നതായും കാണാം.


പുസ്തകത്തിന്റെ ആമുഖത്തില്‍ പ്രമോലെവി ഇങ്ങനെ പറയുന്നുണ്ട്.


”നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് അതിജീവിച്ചു വന്നവര്‍ക്ക് ഒരു ചെറിയ വാക്കുപോലും ആഴത്തിലുള്ള ആത്മാനുഭവങ്ങളുടെ ഭാഗമായി മാത്രമേ വിശദീകരിക്കാനാവൂ. അത് എഴുതപ്പെട്ടതോ ഉച്ചരിക്കപ്പെട്ടതോ ആകട്ടെ, ആ വാക്കുകള്‍ക്ക് വിശദീകരിക്കാനാവാത്ത (indescribable), പ്രകടിപ്പിക്കാവുന്നതിലുമപ്പുറം (in expressible), വാക്കുകള്‍ക്കതീതം (words are not enough) എന്നീ അര്‍ത്ഥതലങ്ങളുണ്ടാകുന്നു.”


അത്രയേറെ തീവ്രമായ ആ അനുഭവങ്ങളെക്കുറിച്ച് പറയാന്‍ പര്യാപ്തമായ ഭാഷ ഇനിയും കണ്ടെടുക്കപ്പെട്ടിട്ടില്ല എന്ന് ലെവി കരുതുന്നു. ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ ഒരേസമയം മറ്റൊരു ഭാഷയെ കണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റൊരു ലോകത്തെ എഴുതാന്‍, മറ്റൊരനുഭവത്തെ ആവിഷ്‌കരിക്കാന്‍.


1945 നുശേഷം പൊതുഇടങ്ങളില്‍ സംസ്‌കാരത്തെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍, ഒരാള്‍ ട്രോമയിലേക്ക് പ്രവേശിക്കുന്നു എങ്കില്‍ അതിന് കൃത്യമായ വിശദീകരണങ്ങളുണ്ട്.