ജനാധിപത്യത്തിന്റെ അസംതൃപ്തികൾ – ശശികുമാർ

വിവിധ രാജ്യങ്ങളെ ജനാധിപത്യത്തിന്റെ മൂല്യം വിലയിരുത്തുന്ന അന്തർദേശീയ സംഘടനകൾ പത്തുവർഷക്കാലത്തെ ഇന്ത്യയെ വിശേഷിപ്പിച്ചത്, മൂല്യം ഇടിഞ്ഞ ജനാധിപത്യം (Lesser Democracy) അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം (Elected Autocracy) എന്നൊക്കെയത്രേ. ഇന്ത്യയിൽ നാം നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണല്ലോ, ‘നേരിട്ടുള്ള ജനാധിപത്യം’ (Direct Democracy). ഇതിന്റെ ആവിഷ്‌ക്കാരമാണ്, ആൾക്കൂട്ടക്കൊലപാതക മനോഭാവം. ഇത് ഇലക്‌ട്രോണിക് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രകടമാണ്. ഇത് പ്രതീകാത്മകമെന്നതിലുപരി, ദൈനംദിന പ്രാവർത്തിക ജീവിതത്തിലും അനുഭവവേദ്യമത്രേ.


ജേണലിസ്റ്റുകളും, ധിഷണാശാലികളും പണ്ഡിതരുമടങ്ങിയ ഒരു സംഘടന, ഇന്ത്യ ഹെയ്റ്റ് ലാബ് (India Hate Lab) എന്ന പേരിൽ, വാഷിങ്ടൺ കേന്ദ്രമായി 2023-ൽ വിവരശേഖരണം നടത്തുകയുണ്ടായി. ന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ച് മുസ്ലീങ്ങൾക്കെതിരെ, ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് അതിൽ കാണാനാവും. ഇവ, വീഡിയോയിൽ വന്നതും ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യപ്പെട്ടവയുമാണ്.


ഈയിടെ പുറത്തുവിട്ട അവരുടെ കണ്ടെത്തലുകൾ ഏറെ ആശങ്ക ഉളവാക്കുന്നവയത്രേ; അവ പ്രതീക്ഷിച്ചിരുന്നവ തന്നെയാണ്. മുസ്ലീങ്ങൾക്കെതിരെ മൊത്തം 668 വിദ്വേഷ പ്രസംഗങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അവയിൽ 75 ശതമാനവും ഉണ്ടായത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ആണെന്നതാണ് ഏറെ ശ്രദ്ധേയമായിട്ടുള്ള വസ്തുത. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയും അവയിൽ ഉൾപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ് അവിടത്തെ പോലീസിന്റെയും ക്രമസമാധാനപാലനത്തിന്റെയും ചുമതല.


കുഴപ്പം ഉണ്ടാക്കുന്നവരിലെ പ്രബലവിഭാഗം സംഘപരിവാർ ശക്തികളാണ്. അതിൽ ബിജെപി നേതാക്കളും ആ സമുദായത്തിലെ തീവ്രവാദികളും ഉൾപ്പെടും. മുസ്ലീങ്ങളെ പരിഹസിക്കുന്നതിലും അവർക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിലും മുന്നേറുന്ന ഇക്കൂട്ടർ, ബിജെപി – ആർഎസ്എസ് നേതാക്കളെപ്പോലും അനാദരിക്കുന്നവരത്രേ. ഇങ്ങനെ ചെയ്യുന്നതിൽ ഇക്കൂട്ടർക്ക് യാതൊരുവിധ ലജ്ജയും അനുഭവപ്പെടുന്നില്ല.


കന്നുകാലികളെ സംരക്ഷിക്കുന്നുവെന്നവകാശപ്പെട്ട്, 2014 മുതൽ പശുസംരക്ഷക സംഘങ്ങൾ അക്രമാസക്തമായത് നിഷ്‌ക്കളങ്കരായ അനവധി ആളുകളുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. ഇതിനെയൊക്കെ സാധൂകരിക്കാൻ ഉപയോഗിക്കുന്നത് ‘ഗൂഢാലോചനാ സിദ്ധാന്ത’മത്രേ. ഹിന്ദുജനതതിയെ ഉന്മൂലനം ചെയ്ത് മുസ്ലീം ജനതതി ഇന്ത്യയിൽ അധികാരമുറപ്പിക്കുന്ന പ്രബലവിഭാഗമാകുമെന്നാണ്, ഈ ആശങ്ക. വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയുടെ ആശയമാണിത്.


വിവിധതരം ജിഹാദുകൾ പടച്ചുണ്ടാക്കുന്നതിന്റെ പിറകിൽ ചില ഗൂഢമായ അജണ്ടകൾ ഉണ്ടാവും. ലൗ ജിഹാദിനു പുറമേ, ഭൂമി ജിഹാദ്, സാമ്പത്തിക ജിഹാദ്, ഹലാൽ ജിഹാദ്, മസർ ജിഹാദ്, തുപ്പൽ ജിഹാദ്, ജനസംഖ്യ ജിഹാദ്, യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ ജിഹാദ്, രാസവള ജിഹാദ് എന്നിവ കൂടിയുണ്ട്. ലക്ഷ്യംവയ്ക്കുന്ന സമുദായത്തെ സംബന്ധിച്ച് മാരകമായ ഭവിഷ്യത്തുകളൊന്നുമുണ്ടാകുന്നില്ലെങ്കിൽ, അതൊരു തികഞ്ഞ കോമാളിത്തവും ഫലിതവുമായി കലാശിക്കും. ഇവിടെ യാതൊരുവിധത്തിലുമുള്ള നിയമങ്ങളോ നിയന്ത്രണങ്ങളോ കാണാനില്ല.


നിയമവാഴ്ചയെന്നത്, വിനീതവിധേയത്വത്തോടെ വിശകലനം ചെയ്യപ്പെടുന്ന ഭരണകർത്താക്കളുടെ നിയമമായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു. നീതിനിർവഹണ സംവിധാനവും ക്രമസമാധാന സമ്പ്രദായങ്ങളുമെല്ലാം അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ക്രമിനൽ നിയമം തലകുത്തി നിൽക്കുകയാണ്. ജയിൽ എന്നത് നിയമവും ജാമ്യം എന്നത് അപവാദനവും ആയിത്തീർന്നിരിക്കുന്നു. ശരിക്കും വേണ്ടത്, നേരേ വിപരീതമായിരുന്നു.


ഈ വ്യതിയാനത്തെക്കുറിച്ച് കോടതികൾ നൽകുന്ന സൂചനകൾ സമ്മിശ്രവും സങ്കീർണവുമത്രേ. ചില പൊരുത്തക്കേടുകൾ ഇവിടെ വ്യക്തമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, ഡി.വൈ. ചന്ദ്രചൂഡ് ജില്ലാ ജഡ്ജിമാരുടെ അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിച്ചപ്പോൾ ഈ ഒരു പ്രവണതയ്‌ക്കെതിരെ ആശങ്ക പ്രകടിപ്പിച്ചു. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വം നിർവഹിക്കാതെ ജില്ലാ കോടതികൾ തീരുമാനമെടുക്കാതെ ഉയര്‍ന്ന കോടതികളിലേക്ക് ഈ ഉത്തരവാദിത്വം കൈമാറി കൈകഴുകുന്ന പ്രവണതയെ അദ്ദേഹം വിമർശിച്ചു.


എന്നിരുന്നാലും, ഒരു മാസം മുൻപ് ജാമ്യം എന്ന സാധാരണ തത്ത്വം  യു.എ.പി.എ(U.A.P.A) കേസുകൾക്ക് ബാധകമല്ലെന്ന് സുപ്രീം കോടതി നിലപാട് എടുത്തിരുന്നു. വിവേകവും വിവേചനവുമില്ലാതെ ഈ നിയമം അമിതാധികാര സർക്കാർ നടപ്പിലാക്കുമ്പോൾ പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യമാണ് കൂടുതൽ ധ്വംസിക്കപ്പെടുന്നതും അപകടത്തിലാവുന്നതും.


മുഖ്യധാരാ വാർത്താമാധ്യമങ്ങൾ സത്യം പറയുമെന്ന തങ്ങളുടെ ദൗത്യം അധികാരത്തിന് അടിയറവ് വച്ചതായി തോന്നുന്നു. ടെലിവിഷൻ ചാനലുകളുടെ കാരയത്തിൽ ഇത് കൂടുതൽ പ്രസക്തമാണ്. ധീരമായ, നിഷ്പക്ഷമായ നിലപാടുകൾ സ്വീകരിക്കുന്നതിനു പകരം, ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ ദുർബലമായിത്തീർന്നിരിക്കുന്നു. അവർ ക്ഷമാപണക്കാരും, ഭരണകക്ഷിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സഹതാപം തോന്നുന്ന വിധത്തിലുള്ള പ്രചാരകരുമായി അധഃപതിച്ചിരിക്കുന്നു.


ഇതിലും മോശമായിട്ടുള്ള കാര്യം അവർ അധികാരം കൈയാളുന്നവരുടെ പകച്ചക്കൈകളായി പ്രവർത്തിക്കുന്നുവെന്നതാണ്. എതിർ ശബ്ദങ്ങളെയും വിമർശനങ്ങളെയും തൂത്തുമാറ്റി പ്രതിപക്ഷത്തെ സാത്താന്മാരായി മുദ്രകുത്തുകയും ചെയ്യുന്നത് അവരത്രേ. ജീവസ്സായ ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്, നിഷ്പക്ഷമായ മാധ്യമം. തിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്ന ഒറ്റക്കാരണത്താൽ ജനാധിപത്യം ശക്തമാണെന്നു വരുന്നില്ല.


അഡോൾഫ് ഹിറ്റ്‌ലർ, ബെനിറ്റോ മുസ്സോലിനി തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേക്കു വന്നവരാണല്ലോ! ഹംഗറിയിലെ വിക്ടർ ഓർബൻ, തുർക്കിയിലെ പ്രസിഡന്റ് റെജപ് തയ്യിപ്പ് എർദോഗൻ, ഫിലപ്പൈൻസ് മുൻ പ്രസിഡന്റ് റൊഡ്രിഗോ ഡുറ്റർട്ട് തുടങ്ങിയ ആധുനികരെയും ഈ ലിസ്റ്റിൽപെടുത്താം. നിഷ്പക്ഷമായ മാധ്യമങ്ങളുടെ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിന്റെ അഭാവത്തിൽ ജനാധിപത്യം ഏകാധിപത്യത്തിനു വേഗം വഴിമാറാൻ ഇടയാക്കും. ഈ രാജ്യങ്ങൾ എല്ലാം നൽകുന്ന സൂചനയും ഇന്ത്യയുടെ പോക്കിന്റെ ദിശയും കാണിക്കുന്നത് അതാണ്.


അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യമെടുത്താലും ഇന്ത്യയിലെ സാഹചര്യം പിന്നാക്കം പോയിട്ടുണ്ടെന്നു കാണാം. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേട്ടങ്ങളെയെല്ലാം ഇല്ലാതാക്കുന്നതാണത്. ഇംഗ്ലണ്ടിൽ 18-ാം നൂറ്റാണ്ടിലുണ്ടായ രാജവാഴ്ചയ്‌ക്കെതിരെയുള്ള ചെറുത്തുനില്പും സമരവും ജേണലിസത്തിനു നൽകിയ കരുത്ത് വലുതാണ്. ആദ്യകാലത്തെ പാർലമെന്ററി അരിസ്റ്റോക്രസിയെയും അവർ എതിർത്തു.


എഴുത്തുകാർ പ്രഭുക്കന്മാരെയും രാജവാഴ്ചയെയും വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുക അന്ന് പതിവില്ലായിരുന്നു. റ്റിയൂഡർ രാജാവായ ഹെൻറി എട്ടാമന്റെ ‘സ്‌കന്ദാലും മഗ്നാത്തും’ (ScandalumMagnatum) എന്ന നിയമമനുസരിച്ച് നാട്ടിലെ ഭരണവർഗത്തെ കുറ്റപ്പെടുത്തുന്ന ഒരു കാര്യം പ്രസിദ്ധപ്പെടുത്തുന്നത് വിലക്കിയിരുന്നു.


രാജാവിന്റെയും പാർലമെന്റിന്റെയും ഭരണത്തെ വിമർശിച്ച, ആദ്യകാലത്തെ, വ്യക്തമായ രൂപഭാവങ്ങൾ കൈവന്നിട്ടില്ലാതിരുന്ന മാധ്യമപ്രവർത്തകർ സർക്കാരിന്റെ ശക്തമായ വിദ്വേഷത്തിനും പ്രതികാര നടപടികൾക്കും വിധേയരായി. സർക്കാരിനെ വിമർശിക്കുകയെന്നത് രാജ്യദ്രോഹക്കുറ്റമായി വിലയിരുത്തപ്പെട്ടു.


1704-ൽ ചീഫ് ജസ്റ്റിസ് ജോൺ ഹോൾറ്റ് അതിനെ നീതിമത്കരിച്ചതിങ്ങനെ: ”സർക്കാരിനെക്കുറിച്ച് മോശമായ അഭിപ്രായം വച്ചുപുലർത്തുന്ന ജനങ്ങളെ വിളിച്ചുവരുത്തി വിശദീകരണം നൽകാൻ ആവശ്യപ്പെടാനാവില്ലെങ്കിൽ ഒരു സർക്കാരിനും നിലനിൽക്കാനാവില്ല. ജനങ്ങൾക്ക് സർക്കാരിനെക്കുറിച്ച് നല്ല അഭിപ്രായം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.


വിമർശനം നീതിപൂർവകമോ സത്യമോ എന്നുള്ളതല്ല ഇവിടെ പ്രസക്തമായ കാര്യം. അപകീർത്തിക്കേസിനു മുമ്പിൽ സത്യം ഒരു സാധൂകരണമല്ല. സത്യം എത്ര വലുതാണോ, അപകീർത്തിക്കേസും അതുപോലെ വലുതാണ്. അക്കാലത്തെ വക്രീകരിക്കപ്പെട്ട നിയമം അതായിരുന്നു.


നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അന്നത്തേതിനു സമാനമായ ഭോഷത്തം നിറഞ്ഞ കാലത്താണ് നാം ഇന്ന് ജീവിക്കുന്നതെന്നു തോന്നുന്നു. ഭരണകർത്താവിനെ വിമർശിക്കുകയെന്നാൽ രാജ്യദ്രോഹിയായി മാറുന്നതിനു തുല്യമാണുപോലും! സാമൂഹിക മാധ്യമങ്ങളിലും തെരുവുകളിലും വിദ്വേഷപ്രസംഗങ്ങൾ പെരുകുകയാണ്. എന്നാൽ, അതു മാധ്യമങ്ങൾ റിപ്പോർട്ടുചെയ്താൽ, സാമുദായിക കലാപം ഇളക്കിവിടുന്നുവെന്നാരോപിച്ചുകൊണ്ട് അവർക്കെതിരെതന്നെ കേസെടുക്കാനാവും.


പൊതുവേ, നുണപ്രചാരകരല്ലാത്ത മാധ്യമപ്രവർത്തകരുടെ കാര്യമെടുത്താൽ, അസ്വസ്ഥതയുളവാക്കുന്ന സത്യത്തിൽനിന്ന് അകന്നുമാറി മൗനം പാലിക്കുകയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത് എന്നു കാണാം. എന്നാൽ, റഷ്യൻ കവിയായ യവ്‌ജെനിയെവ്തുഷെൻകോ നമ്മെ ഓർമപ്പെടുത്തുന്നതുപോലെ ‘സത്യത്തെ മൗനംകൊണ്ട് മാറ്റി സ്ഥാപിക്കുകയാണെങ്കിൽ ആ മൗനം ഒരു വലിയ നുണയത്രേ.’ സന്താപമുള്ള നുണകളുടെ ഒരു ജീവിതമാണ് നമുക്ക് നയിക്കേണ്ടിവന്നിരിക്കുന്നത്.


(മൊഴിമാറ്റം: മാത്യു കുരിശുംമൂട്ടിൽ)