തൊഴില്‍ നിയമ ഭേദഗതികളും പുതിയ തൊഴില്‍ ജീവിതവും – സി.പി.ജോണ്‍
ഏതാനും പതിറ്റാണ്ടുകളായി തൊഴിലാളികൾക്കനുകൂലമായ പല തൊഴിൽനിയമങ്ങളും വെറും ഡെഡ്‌ലെറ്ററുകളാണ്. തൊഴിൽനിയമങ്ങൾ പുസ്തകത്തിൽ ഉണ്ടാവുകയും പക്ഷേ, അതൊന്നുംതന്നെ നടപ്പിലാക്കാൻ ഗവൺമെന്റ് തയ്യാറാകാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. പക്ഷേ, അത്തരം നിയമങ്ങൾ ഇനിയില്ല. ആ നിയമങ്ങളുടെ പേരിൽ ആരും ഇനി കോടതികളിൽ പോകേണ്ടതില്ല. രാജ്യത്ത് നിലനിന്നിരുന്ന 44 തൊഴിൽനിയമങ്ങൾ നാല് സംഹിതകളിലേക്ക് കോഡിഫൈ ചെയ്തിരിക്കുകയാണ്. മുൻകാലത്ത് തൊഴിലാളികൾക്ക് കഴിയുന്നതും സ്ഥിരജോലിയും മാന്യമായ കൂലിയും സംഘടിതമേഖലയിലെങ്കിലും ഉണ്ടായിരുന്നു. ഫലത്തിൽ ഇവ എടുത്തുകളഞ്ഞിരിക്കുകയാണ്. തൊഴിൽകമ്പോളത്തിലെ സമ്മര്‍ദത്തിന്റെ വേലിയേറ്റത്തിലും ഇറക്കത്തിലും എപ്പോൾ വേണമെങ്കിലും തൊഴിൽ നഷ്ടപ്പെടാം. ചിലപ്പോള്‍ പുതിയത് കിട്ടിയെന്നുമിരിക്കും ഇല്ലെന്നും വരും.എന്നാല്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെപ്പോലെ തൊഴിലില്ലായ്മാ ആനുകൂല്യം ഇന്ത്യയിൽ ചര്‍ച്ചചെയ്യപ്പെടുകപോലും ചെയ്യുന്നില്ല.
നവസാങ്കേതിക വിദ്യകളും തൊഴിലാളിക്ഷേമവും
ദൗര്‍ഭാഗ്യവശാൽ എല്ലാ നവസാങ്കേതികവിദ്യകളും ഒരു മുതലാളിത്ത ഉത്പാദനക്രമത്തിൽ തൊഴിൽ സാധ്യതകളെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ഒരു പുതിയ പ്രതിഭാസമല്ല. കഴിഞ്ഞ നൂറ്റാണ്ടുകളിൽ നെയ്ത്ത് ഒരു പ്രധാന തൊഴിൽ മേഖലയായിരുന്ന കാലത്ത് കൈത്തറിക്ക് പകരമായ് വന്ന നെയ്ത്ത് യന്ത്രങ്ങൾ തല്ലിപ്പൊട്ടിക്കുന്ന ഒരു പ്രസ്ഥാനം ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു. അതിന്റെ പേരാണ് ലുഡൈറ്റ് പ്രസ്ഥാനം. അത് ഒരു സാങ്കല്പിക നേതാവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ വലിയ പ്രതിഷേധമായിമാറി. ഇതേക്കുറിച്ച് കാൾമാർക്‌സ് വിശദമായി അദ്ദേഹത്തിന്റെ മുഖ്യ ഗ്രന്ഥമായ ‘മൂലധന’ത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയുടെ ആവിർഭാവവും സാങ്കേതിക വിദ്യയുടെ മികവും ശാസ്ത്രജ്ഞന്മാരുടെ അധ്വാനം കൊണ്ടാണ് ഉരുത്തിരിയുന്നത്. എന്നാൽ, ഇത് രണ്ടും മുതലാളിമാര്‍ മൂലധനമുപയോഗിച്ച് തട്ടിപ്പറിക്കുകയും ലാഭം വര്‍ധിപ്പിക്കുവാനുള്ള കുറുക്കുവഴിയായി മാറ്റുകയും ചെയ്യുന്നു. അത്തരത്തിൽ സാങ്കേതികവിദ്യ എന്ന മനുഷ്യർക്കാകെ സ്വന്തമാകേണ്ട ഒരു ചരക്കിനെ അല്ലെങ്കിൽ അറിവിനെ സ്വന്തമാക്കിക്കൊണ്ട്, തൊഴിലാളികളുടെ ഭാരം കുറയ്ക്കുന്നതിന് ഉപയോഗിക്കേണ്ട സാങ്കേതികവിദ്യയെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള മാർഗമായി മാറ്റുക എന്നത് വ്യാവസായിക മൂലധന കാലഘട്ടത്തിലെ സ്ഥിരം പ്രതിഭാസമാണ്. ഇവിടെ തൊഴിലാളി വർഗപ്രസ്ഥാനങ്ങൾ സാങ്കേതികവിദ്യയ്ക്കെതിരായിട്
തൊഴിലാളികളുടെ അവകാശങ്ങളും സാമൂഹ്യസുരക്ഷയും
പുതിയ കോഡ് പ്രകാരം തൊഴിലാളികളെ തനിക്ക് ആവശ്യമുള്ളപ്പോൾ വിളിച്ച് പണി കൊടുക്കാനും വേണ്ടെന്ന് തോന്നുമ്പോള്‍ ഒഴിവാക്കാനുമുള്ള – ഹയർ ആന്റ് ഫയർ – തൊഴിലുടമയുടെ അവകാശം നിയമപരമാക്കുന്നു. ഇത് അമേരിക്കൻ മാതൃകയാണ്. തൊഴിലാളി ചൂഷണത്തിന്റെ പറുദീസ കൂടിയായിട്ടുള്ള മുതലാളിത്ത കേന്ദ്രമെന്ന് വിളിക്കപ്പെടുന്ന അമേരിക്കയിൽപ്പോലും തൊഴിലാളികൾക്ക് അവരുടെ അടിസ്ഥാന അവകാശങ്ങൾ ഇതിലുമധികം സംരക്ഷിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് അവിടെ മണിക്കൂർ അനുസരിച്ച് മിനിമം കൂലി നിശ്ചയിച്ചിട്ടുണ്ട്. അമേരിക്കയിലെ ഇപ്പോഴത്തെ മിനിമം കൂലി ഒരു മണിക്കൂറിന് ഏതാണ്ട് എട്ട് ഡോളറാണ്. അങ്ങനെ എട്ട് മണിക്കൂർ പണിയെടുക്കുമ്പോൾ 64 ഡോളർ കിട്ടും. പക്ഷേ, ഇന്ത്യയിൽ അങ്ങനെയില്ല. ഇവിടെ അസംഘടിത മേഖലയിൽ ഒരു തൊഴിൽ ദിവസം എന്നത് എട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുപോലുമില്ല. എട്ട് മണിക്കൂർ എന്ന് പറഞ്ഞാലും ചിലപ്പോൾ 12 മണിക്കൂർ പണിയെടുത്താലും ഒരു ദിവസത്തെ കൂലിയേ ലഭിക്കൂ. തൊഴിൽസമയത്തെ മണിക്കൂറുകളായി വിഭജിച്ചുകൊണ്ട് തൊഴിലാളി, തൊഴിലിടങ്ങളിൽ പ്രവേശിച്ച സമയം മുതൽ എട്ട് മണിക്കൂർ അവസാനിക്കുന്നതുവരെ ഒരു കൂലി എന്ന സമ്പ്രദായം ഇന്ത്യയിൽ പലയിടത്തും നിലവിലില്ല. സിനിമാ ഷൂട്ടിംഗ് മേഖലയിൽ നടന്മാർ മുതൽ ഡ്രൈവര്‍മാർക്ക് വരെ എട്ട് മണിക്കൂർ കാള്‍ഷീറ്റ് സമ്പ്രദായം നിലവിലുണ്ട്. ഇത് വ്യാപകമാക്കണമെന്ന നിര്‍ദേശവും പുതിയ നിയമങ്ങളിൽ കാണുന്നില്ല.
മാത്രമല്ല, തൊഴിലിന്റെ കാഠിന്യം വര്‍ധിപ്പിച്ചും തൊഴിൽ സമയം കൂട്ടിയും കുടിയേറ്റ തൊഴിലാളികളെക്കൊണ്ട് ഒരു ദിവസത്തെ പണി ഒമ്പതും പത്തും മണിക്കൂറാക്കുകയും ചെയ്യുന്നത് സര്‍വ സാധാരണമാണ്. എട്ടു മണിക്കൂർകൊണ്ട് ചെയ്തു തീർക്കാവുന്ന കാര്യങ്ങൾ അഞ്ചോ ആറോ മണിക്കൂർകൊണ്ട് ചെയ്ത് തീർപ്പിക്കുകയും ചെയ്യുന്ന കടുത്ത ചൂഷകരായ തൊഴില്‍ദാതാക്കളുമുണ്ട്. ഇത്തരം ചൂഷണങ്ങൾ നിയന്ത്രിക്കാനുള്ള യാതൊരു ശ്രമവും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
തൊഴിൽ സമരങ്ങൾ കാലഹരണപ്പെടുന്നുണ്ടോ
തൊഴിൽ സമരങ്ങൾ തീർച്ചയായും അനിവാര്യമാണ്. പലപ്പോഴും മധ്യവർഗത്തിന്റെ ചില തെറ്റുധാരണകളിൽ നിന്നാണ് സമരങ്ങളോടുള്ള പുച്ഛം അവരിൽ ഉടലെടുക്കുന്നത്. മധ്യവർഗവും ആത്യന്തികമായി തൊഴിലാളികൾ തന്നെയാണ്. എങ്കിൽപ്പോലും അസംഘടിത തൊഴിലാളിവർഗത്തിന്റെ സമരങ്ങളോട് പലപ്പോഴും അവർ പുറംതിരിഞ്ഞു നില്കാറാണുള്ളത്. അവർക്കുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾ അവർക്കുകൂടി ഉണ്ടാകുന്ന നല്ല മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള സമരമാണ് എന്ന ബോധ്യത്തിന്റെ കുറവുകൊണ്ടാണ് ഈ തുറന്നെതിർക്കൽ. മധ്യവർഗത്തെ ആശ്രയിക്കുന്ന മാധ്യമങ്ങൾ അത് ഊതിപ്പെരുപ്പിക്കുകയും ചെയ്യും. പക്ഷേ, ഇത്തരത്തിലുള്ള മാധ്യമസൃഷ്ടികളെ മാധ്യമത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളി(ജേര്‍ണലിസ്റ്റ്)കളെ എതിർത്തുകൊണ്ടല്ല തൊഴിലാളികൾ നേരിടേണ്ടത്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന ഒരു സ്ഥിതിവിശേഷം ഈ അടുത്തകാലത്ത് കേരളത്തിൽ ഉണ്ടായിട്ടുണ്ട്. തികച്ചും അമാനവികവും തൊഴിലാളി വിരുദ്ധവുമാണത്. മാധ്യമപ്രവര്‍ത്തകരും ഒരു സ്ഥാപനത്തിലെ തൊഴിലാളിയാണെന്ന കാര്യം മറക്കരുത്.
എന്തിനാണ് സമരം എന്നത് കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തണം. ഒപ്പംതന്നെ തൊഴിലാളി നേതാക്കന്മാർ സമരത്തിന്റെ സജീവ പങ്കാളികളാകണം. അവർ സമര ദിനങ്ങളിൽ കേവലം പ്രസംഗങ്ങളിലേക്ക് മാത്രം ചുരുങ്ങരുത്. 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഈയിടെ പ്രഖ്യാപിച്ചു. പക്ഷേ, ഇന്ത്യയുടെ 1000 കേന്ദ്രങ്ങളിൽ തൊഴിലാളി നേതാക്കന്മാർ 48 മണിക്കൂർ നിരാഹാരം കിടന്നിരുന്നെങ്കിൽ അത് വലിയൊരു ചലനം സൃഷ്ടിക്കുമായിരുന്നു. തൊഴിലാളിനേതൃത്വവും തൊഴിലാളികളും തമ്മിലുള്ള അന്തരങ്ങൾ പെരുപ്പിച്ചു കാണിക്കുവാനുള്ള ശ്രമങ്ങൾ പല മാധ്യമങ്ങളും നടത്തുന്നുണ്ടെന്നതും യാഥാർത്ഥ്യമാണ്. നേതാക്കന്മാര്‍ 48 മണിക്കൂർ പണിമുടക്കിൽ നിരാഹാരം പോലുള്ള സമരപരിപാടികളിൽ പങ്കെടുക്കുകയോ അതിലധികം നീണ്ടുനില്ക്കുന്ന ത്യാഗം സഹിച്ചുള്ള സമരങ്ങളിലൂടെ തൊഴിലാളികളുമായി കൂടുതല്‍ അടുക്കുകയോ വേണമായിരുന്നു. എ.കെ.ജി. കാണിച്ച മാതൃക അതായിരുന്നു.
അതിനുപകരം ട്രേഡ് യൂണിയൻ ബോസിസം ഉണ്ടാകുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. തൊഴിലാളി നേതാക്കന്മാരുടെ ഭാഷ വളരെ പ്രധാനമാണ്. രണ്ടുമാസം മുമ്പ് പറഞ്ഞിട്ടല്ലേ പണിമുടക്ക് നടത്തിയത് പിന്നെ എന്തിനാണ് നിങ്ങൾ പുറത്തിറങ്ങിയത് എന്ന് തലേദിവസം കുഞ്ഞിന് ശ്വാസംമുട്ടൽ വന്ന് മരുന്നു വാങ്ങാൻ പുറത്തിറങ്ങിയ അമ്മയോട് ചോദിക്കുകന്നത് ശരിയല്ല. രണ്ട് മാസം മുമ്പ് പണിമുടക്ക് പ്രഖ്യാപിച്ചത് അവർ അറിയാഞ്ഞിട്ടല്ല. മനുഷ്യർക്ക് ഇതുപോലെ അവരുടേതായ ദൈനംദിനപ്രശ്‌നങ്ങൾ ധാരാളമുണ്ട്. അപൂർവം ചില കുത്തകമുതലാളിമാർ ഒഴികെ എല്ലാവരും ഈ സമരത്തിന്റെ ഭാഗമാകേണ്ടവരാണെന്നും അവർ സമരത്തിന് പലപ്പോഴും പുറത്തിറങ്ങുന്നത് അവരുടെ നിവൃത്തികേടുകൊണ്ടാണ് എന്നും മനസ്സിലാക്കിക്കൊണ്ട് വളരെ അനുകമ്പയോടെ അവരെക്കൂടി സമരത്തിൽ ഉൾപ്പെടുത്തേണ്ട ശ്രമമാണ് വേണ്ടത്. മറിച്ച് ഒരു ഓട്ടോറിക്ഷയുമായി ഇറങ്ങിയ ആളെ അടിക്കുകയും കുത്തുകയും ചെയ്യുന്നത് തൊഴിലാളി വിരുദ്ധമായ രീതിയാണ്. ആ തൊഴിലാളിയെ അടുത്ത തൊഴിലാളി സമരത്തിന്റെ പതാക പിടിക്കുന്ന ഒരു തൊഴിലാളി സംഘടനാ പ്രവർത്തകനായി മാറ്റുക എന്നതാണ് യഥാർത്ഥ ട്രേഡ് യൂണിയൻ പ്രവര്‍ത്തനം. പ്രത്യേകിച്ചും പുരോഗമന ട്രേഡ് യൂണിയൻ പ്രവര്‍ത്തനം.
പൊതുമേഖലയെ തളർത്തുന്ന അമിതമായ ട്രേഡ് യൂണിയനിസം
പൊതുമേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനം വളരെ ഗൗരവത്തോടെ ചെയ്യേണ്ട ഒരു കാര്യമാണ്. കാരണം പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന സേവനങ്ങളിൽ പലപ്പോഴും പല കാരണങ്ങൾകൊണ്ടും ആളുകൾ തൃപ്തരാകാറില്ല. ഈ അതൃപ്തിക്ക് കാരണം ആ സംരംഭം പൊതുമേഖലയായതുകൊണ്ടാണ് എന്ന പ്രചരണം ശക്തമാണ്. ബി.എസ്.എൻ.എൽ ഫോൺ പ്രവര്‍ത്തനരഹിതമായാൽ അത് പൊതുമേഖലയായതുകൊണ്ടാണെന്ന് അങ്ങനെ സംഭവിക്കുന്നതെന്ന്‍ നാം കുറ്റം പറയാറുണ്ട്. മറ്റ് സ്വകാര്യമേഖലയിലെ സേവന ദാതാക്കളിൽനിന്ന് അത്തരമൊരു അനുഭവമുണ്ടായാൽ അതത്ര കാര്യമാക്കാറുമില്ല. നമ്മുടെ പൊതുബോധത്തിലെ മുതലാളിത്തത്തിന്റെ സ്വാധീനമാണ് ഇവിടെ കാണുന്നത്. പക്ഷേ, ട്രേഡ് യൂണിയൻ അത് മനസ്സിലാക്കണം. യൂണിയൻ കൃത്യമായ നിർദേശങ്ങൾ കൊടുത്തിട്ടും സ്വകാര്യമേഖലയെ സഹായിക്കാനുള്ള സമീപനം കേന്ദ്രഗവൺമെന്റ് എടുത്തതുകൊണ്ടാണ് ബി.എസ്.എൻ.എൽ എന്ന സ്ഥാപനത്തിൽ ഞങ്ങൾക്ക് കൃത്യമായി പ്രവർത്തിക്കാൻ കഴിയാത്തത് എന്ന പൊതുബോധ സൃഷ്ടിക്ക് ഇന്നത്തെ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് വലിയ ബുദ്ധിമുട്ടില്ല. എന്നാൽ സമൂഹമാധ്യമങ്ങൾ എടുത്തുനോക്കി കഴിഞ്ഞാൽ അതിൽ ട്രേഡ് യൂണിയനുകളുടെ പ്രവർത്തനങ്ങൾ തുലോം തുച്ഛമാണെന്ന് കാണാം. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എച്ച്.എം.എസ്, എ.ഐ.ടി.യു.സി തുടങ്ങിയ ദേശീയ ട്രേഡ് യൂനിയനുകള്‍ക്ക് തൊഴിലാളികളുടെ പൊതുപ്രശ്‌നങ്ങൾ പൊതുമണ്ഡലത്തിലേക്ക് എത്തിക്കുവാനുള്ള ഏറ്റവും എളുപ്പ മാർഗമാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭ്യർത്ഥനകളും ചർച്ചകളും. സമൂഹമാധ്യമങ്ങൾ വഴി ആകെ അറിയുന്നത് തൊഴിലാളി വിരുദ്ധമായ ആശയങ്ങളാണ്. മധ്യവർഗത്തെ സ്വാധീനിക്കാൻ കഴിയുന്ന മാധ്യമതന്ത്രങ്ങളാണത്. നൂറു വര്‍ഷം മുന്‍പ് ഉച്ചഭാഷിണി ഉണ്ടായിരുന്നില്ല. ഉച്ചഭാഷിണി ഉപയോഗിച്ചത് ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ വലിയൊരു മുന്നേറ്റത്തിന് ഇടവരുത്തി. ട്രേഡ് യൂണിയനുകളെ ശക്തിപ്പെടുത്തിയ ഏറ്റവും വലിയ മാധ്യമം ഉച്ചഭാഷിണിയാണ് എന്നു എനിക്ക് തോന്നുന്നു. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെ തൊഴിലാളികളോട് ചേർന്ന് നിൽക്കാം എന്ന് ചിന്തിക്കണം.