അമേരിക്കൻ ജനാധിപത്യത്തിന്റെ ജീർണതയും ആഗോള ജനാധിപത്യത്തിന്റെ പതനവും – പ്രഫ. ഡോറിയൻ ബി. കാന്റർ

പുരാതന ഗ്രീസിൽ ആരംഭം കുറിച്ച ജനാധിപത്യഭരണക്രമം നൂറ്റാണ്ടുകളിലൂടെയുള്ള പരിണാമത്തിനു വിധേയമായിട്ടുണ്ട്. ആധുനിക ഭരണരീതിയുടെ അടിസ്ഥാനമായി വർത്തിക്കുന്ന ഈ സംവിധാനം, തുല്യമായ പ്രാതിനിധ്യം, ഉത്തരവാദിത്വം, വ്യക്തിസ്വാതന്ത്ര്യം എന്നീ പ്രമാണങ്ങൾ ഉൾക്കൊള്ളുന്നതാണ്. എന്നാൽ, ജനാധിപത്യത്തിന്റെ ഈ ആഗോളവ്യാപനം രേഖീയമായ ഒരു വളർച്ചയ്ക്ക് ജനാധിപത്യതരംഗങ്ങളുടെ സ്വഭാവസവിശേഷതകളുണ്ടായിരുന്നുവെങ്കിലും, ഇടയ്ക്കിടെ തിരിച്ചടികളും സംഭവിച്ചിട്ടുണ്ട്. രണ്ടാംലോകമഹായുദ്ധത്തെത്തുടർന്ന്, ജനാധിപത്യഭരണക്രമത്തിന് ഏറെ വ്യാപകമായ വ്യാപനം സിദ്ധിച്ചുവെന്നത് ചരിത്ര യാഥാർത്ഥ്യമത്രേ. ഈ വളർച്ച ഏറെ പ്രകടമായത് പശ്ചിമയൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ്.


ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, അന്തർദേശീയ സഹകരണം എന്നീ മേഖലകളിൽ പൊതുവായ ചില വിശ്വാസവും പ്രതീക്ഷയും അക്കാലത്തെ ജനങ്ങളിലുണ്ടായിരുന്നു. ഐക്യരാഷ്ട്രസഭ (UNO), നാറ്റൊ (NATO) എന്നീ സംഘടനകളും അക്കാലത്തുണ്ടായി.


1974 മുതൽ 1990 വരെയുള്ള കാലത്തെ ജനാധിപത്യത്തിന്റെ മൂന്നാം തരംഗകാലം എന്നു വിശേഷിപ്പാക്കാറുണ്ട്. ജനാധിപത്യഭരണക്രമം ലോകത്തെ ഇരട്ടിച്ച കാലമാണത്. കമ്മ്യൂണിസത്തിന്റെ തകർച്ച, പട്ടാളമേധാവിത്വത്തിന്റെയും ഏകാധിപത്യത്തിന്റെയും സ്ഥാനത്ത് ജനാധിപത്യം ഉടലെടുക്കുക എന്നിവ അക്കാലത്തെ സവിശേഷ സ്വഭാവമായിരുന്നു. ലാറ്റിൻ അമേരിക്കയിലെ ജനാധിപത്യവത്കരണവും തെക്കേ ആഫ്രിക്കയിലെ വർണവിവേചനത്തിന്റെ അവസാനവും അക്കാലത്തെ നിർണായക പ്രാധാന്യമുള്ള കാര്യങ്ങളാണ്.


ആഗോള ജനാധിപത്യവ്യവസ്ഥിതി നേരിടുന്ന വെല്ലുവിളി, ജനാധിപത്യ വ്യാപനതരംഗങ്ങളെയും പ്രത്യാശകളെയും പിറകോട്ടടിക്കാൻ പോന്നതാണ്. ഏകാധിപത്യവും ഇടുങ്ങിയ ദേശീയതയും രാജ്യങ്ങൾക്കിടയിലെ സംഘർഷങ്ങളും നൂറ്റാണ്ടുകളായി അന്തർദേശീയ സുസ്ഥിരത നിലനിറുത്തുന്നതിന് സഹായിച്ച ജനാധിപത്യ വ്യവസ്ഥിതിയെയും മൂല്യങ്ങളെയും സ്ഥാപനങ്ങളെയും വീണ്ടുവിചാരത്തോടെ വിലയിരുത്താനുള്ള സാഹചര്യമാണ് ഒരുക്കിയിട്ടുള്ളത്. തീർച്ചയായും, ജനാധിപത്യവ്യവസ്ഥയുടെ ഈ മൂല്യശോഷണം, യുദ്ധാനന്തരകാലത്തെ അന്തർദേശീയ ലിബറൽ  ഭരണക്രമത്തിന്റെ നിലനില്പിനെക്കുറിച്ചുതന്നെ ആശങ്കകൾ ഉണർത്താൻപോന്ന പ്രവണതകളാണ് നാം ഇന്ന് പല രാജ്യങ്ങളിലും കാണുന്നത്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (The Economic Intelligence Unit) 2016 മുതലുള്ള റിപ്പോർട്ടു നൽകുന്ന സൂചന, ആഗോള ജനാധിപത്യഭരണക്രമത്തിന് നേരിട്ടുകൊണ്ടിരിക്കുന്ന അപചയത്തിന്റെ ആശങ്കപ്പെടുത്തുന്ന പ്രവണതകളെക്കുറിച്ചാണ്. ആഗോള ജനാധിപത്യ സൂചിക  (Global Democratic Index) കാണിക്കുന്നത്, അധോഗമനത്തിന്റെയും മാന്ദ്യത്തിന്റെയും കണക്കുകളാണ്.


ലോകജനതയുടെ 45.4 ശതമാനവും ഏതെങ്കിലും രീതിയിലുള്ള ജനാധിപത്യ വ്യവസ്ഥിതിയിലാണെന്നിരിക്കെ, 7.8 ശതമാനം പൂർണ ജനാധിപത്യത്തിൻ കീഴിലാണ് ജീവിക്കുന്നത്. 2015-ലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 1.1 ശതമാനത്തിന്റെ കുറവ് സംഭവിച്ചിട്ടുണ്ട്. 2016-ൽ അമേരിക്കയിൽ സംഭവിച്ച ജനാധിപത്യത്തിന്റെ വികലമായ ഈ അധഃപതനം പ്രമുഖമാക്കിക്കാണിക്കുന്നത് ലോകമാസകലം ജനാധിപത്യം നേരിടുന്ന വികസ്വരമായ വെല്ലുവിളികളെത്തന്നെയാണ്. അത് ഊന്നിപ്പറയുന്നത്, പഴക്കം ചെന്ന ജനാധിപത്യരാജ്യങ്ങളിൽപ്പോലും സംഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യമൂല്യങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും തിരോധാനത്തെയും നിരാസത്തെയും രോഗാതുരമായ അവസ്ഥയെയും കുറിച്ചാണ്. സ്വാഭാവികമായും അത് അടിവരയിടുന്നത് വിവിധ രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന്റെയും സുസ്ഥിതിയുടെയും പരസ്പരബന്ധത്തെക്കുറിച്ചുതന്നെയാണ്. ഡൊനൾഡ് ട്രംപിന്റെ സ്വാധീനം ബ്രസീലിലെ ജായിർ ബോൾസനാരോവിന്റെ പ്രവർത്തനങ്ങളിൽ എത്രമാത്രമുണ്ടായിരുന്നുവെന്നു നോക്കിയാൽ, ഇതിനുള്ള നല്ല തെളിവായിരിക്കും, നമുക്കു ലഭിക്കുക.


അമേരിക്കൻ ജനാധിപത്യത്തിന്റ ഈ അധഃപതനത്തിനുത്തരവാദി ട്രംപ് മാത്രമല്ല. അമേരിക്കൻ രാഷ്ട്രീയത്തിൽ അഭിസംബോധന ചെയ്യപ്പെടാതെപോയ, അനേകം കുഴഞ്ഞ പ്രശ്‌നങ്ങൾ കാലങ്ങളായുണ്ടായിരുന്നു. വ്യവസ്ഥയിലെ വർണവിവേചനം, താത്പരകക്ഷികളുടെ സ്വാധീനം, നിയമനിർമാണത്തിലെ അപാകതകൾ, എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ അനിയന്ത്രിതമായ വളർച്ച, രാഷ്ട്രീയ ധ്രുവീകരണം, ആഴത്തിൽ വേരൂന്നിയ, സ്വത്വരാഷ്ട്രീയത്തിലധിഷ്ഠിതമായ യുദ്ധത്തിന്റെ സംസ്‌കാരം, സർക്കാരിലുള്ള വിശ്വാസത്തിനു സംഭവിച്ച ഇടിവ്, എല്ലാ ആശയാദർശനങ്ങൾക്കും ഇടംകൊടുക്കാതെ, സ്വന്തം മുൻവിധികളും നിലപാടുകളും സാധൂകരിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന മാധ്യമം മാത്രം ശ്രദ്ധിക്കുന്ന നിലപാട് എന്നിവ ഇവയിൽ ഉൾപ്പെടുന്നുണ്ട്.


അമേരിക്കൻ ജനാധിപത്യത്തിന്റെ അപചയത്തെക്കുറിച്ച് വിശദീകരിക്കണമെങ്കിൽ വിവിധ സ്ഥാപനങ്ങളുടെ കൂട്ടായ പ്രഭവത്തെ നാം പരിഗണിക്കേണ്ടതുണ്ട്. ട്രംപിന്റെ കാലഘട്ടം അമേരിക്കൻ രാഷ്ട്രീയത്തിൽ ഏറെ പരിവർത്തനങ്ങൾ ഉണ്ടാക്കായി ഒന്നായിരുന്നു. രാഷ്ട്രീയ ഭൂമികയെ അടിസ്ഥാനപരമായി മാറ്റിത്തീർക്കുന്നതിനും വ്യവസ്ഥാപിതമായ മൂല്യങ്ങളെയും കീഴ്‌വഴക്കങ്ങളെയും വെല്ലുവിളിക്കാൻപോന്നവയുമായിരുന്നു. മുൻ പ്രസിഡന്റ് ഉപയോഗിച്ചത്, വന്യമായ ഗൂഢാലോചനാ സിദ്ധാന്തമാണ്. ധ്രൂവീകരണ രാഷ്ട്രീയത്തിന്റെ വാചാടോപശൈലിയെ നിസ്സാരവത്കരിച്ചുകൊണ്ട് സാധാരണമാക്കിത്തീർക്കുകയും ചെയ്തു. അമേരിക്കൻ സർക്കാരിന്റെ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസത്തിന് ഏറെ ഇടിവുണ്ടായി. സമൂഹത്തിൽ ദൂരവ്യാപകമായ വിള്ളലുകളും സംഘർഷങ്ങളും സൃഷ്ടിക്കാൻ പോന്നവിധം വർണവും വർഗവും രാഷ്ട്രീയവും ഉപയോഗപ്പെടുത്തി. അന്തർദേശീയതലത്തിൽ അമേരിക്കയുടെ വിശ്വസനീയതയ്ക്കും നേതൃത്വത്തിനും ഏറെക്കാലം നിലനിൽക്കുന്ന വിധത്തിൽ തകർച്ചയുണ്ടായി.


2021 ജനുവരി 6-ാം തീയതി, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജിതനായതിനെത്തുടർന്ന് ട്രംപ് കാപ്പിറ്റോൾ ആക്രമിച്ചത് സമാധാനപരമായ അധികാരക്കൈമാറ്റത്തെ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഭരണഘടനാടിസ്ഥാനത്തിലുള്ള അമേരിക്കൻ ജനാധിപത്യവ്യവസ്ഥയിലുള്ള ട്രംപിന്റെ വിനാശകരമായ സ്വാധീനം തന്നെയാണ് ഈ അക്രമത്തിന് അവസരമൊരുക്കിയത്.


നേരേമറിച്ച്, രണ്ടു ദശകങ്ങളായി ശക്തമായ വലതുപക്ഷ വ്യതിയാനത്തിന് വിധേയപ്പെട്ടിരിക്കെ, നിയമനിർമാണ സഭയായ അമേരിക്കൻ കോൺഗ്രസ് പക്ഷപാതത്തിന്റെയും തടസ്സവാദത്തിന്റെയും ഒരു സങ്കേതമായി മാറി. ഉദാഹരണത്തിന്, ന്യൂനപക്ഷമായ റിപ്പബ്ലിക്കൻ സഭ തീരുമാനിച്ചത്, ജനുവരി 6-ാം തീയതി നടന്ന അക്രമവുമായി ബന്ധപ്പെട്ട് ട്രംപിനെതിരെയുള്ള കേസിനെക്കുറിച്ച് അന്വേഷിക്കേണ്ട എന്നായിരുന്നു. ഭരണസംവിധാനത്തിലെ നിയന്ത്രണങ്ങളും സന്തുലിതാവസ്ഥയും (Checks and Balances) ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വം ഇവിടെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.


ഭൂരിപക്ഷമുള്ള ഇപ്പോഴത്തെ റിപ്പബ്ലിക്കൻ സഭയ്ക്ക് ഫെഡറൽ ബജറ്റ് പാസ്സാക്കാനായില്ല. 2022 മുതൽ ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിച്ചത്. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗിനെ പ്രതികൂലമായി ഇത് സാധിച്ചു. നിക്ഷേപകരിലും ഇത് ഏറെ  ആശങ്കകളുളവാക്കി. ഇതിനിടെ, അടിയന്തര പ്രാധാന്യമുള്ള രാഷ്ട്രീയ കാര്യങ്ങൾ അഭിസംബോധന ചെയ്യപ്പെടാതെ പോയി. കൂട്ടവെടിവയ്പ്, തെക്കേ അതിർത്തിയിലെ അഭയാർഥികളോടുള്ള പെരുമാറ്റം, സാമൂഹിക മാധ്യമങ്ങളുടെ പക്ഷപാതപരമായ നിലപാട്, സ്ത്രീകളുടെ അവകാശങ്ങളോടുള്ള സമീപനം, വിവിധ വിഭാഗം ന്യൂനപക്ഷങ്ങളോടുള്ള കരുതൽ എന്നിവ അവയിൽപെടും.


നവംബറിൽ ട്രംപ് വീണ്ടും അധികാരത്തിലേക്കു തിരിച്ചുവരുകയാണെങ്കിൽ, അമേരിക്കൻ ജനാധിപത്യസ്ഥാപനങ്ങൾ ഒരിക്കൽക്കൂടി പരീക്ഷിക്കപ്പെടുന്നതാണ്. അയോഗ്യതയെക്കുറിച്ചുള്ള 14-ാം ഭേദഗതി ഉണ്ടായിരുന്നിട്ടുകൂടിയാണീ സാധ്യത നിലനിൽക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ജനാധിപത്യത്തെ സംരക്ഷിക്കുക (Protect Democracy) എന്ന പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പ്ലെയ് ബുക്ക് (Play Book) വിശദീകരിക്കുന്നതുപോലെ, ട്രംപിന്റെ രണ്ടാം ഘട്ട പദ്ധതികൾ സ്വതന്ത്ര സ്ഥാപനങ്ങളെയെല്ലാം രാഷ്ട്രീയവത്കരിവത്കരിക്കുക, എക്‌സിക്യൂട്ടീവ് അധികാരങ്ങൾ വർധിപ്പിക്കുക, തെറ്റായ വിവരങ്ങൾക്ക് പ്രചാരം നൽകുക, ഭിന്നസ്വരങ്ങളെ ഇല്ലായ്മചെയ്യുക, അരികുവത്കരിക്കപ്പെട്ട സമുദായങ്ങളെ ഇരയാക്കുക, തിരഞ്ഞെടുപ്പിൽ അഴിമതിയും അട്ടിമറിയും കാണിക്കുക, അക്രമത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം ഉൾപ്പെടുമെന്നാണ്.


ഭരണത്തിന്റെ വിവിധ ഏജൻസികളിലെല്ലാം ട്രംപിന്റെ വിശ്വസ്തരം നിയമിക്കുക, നാടുകടത്തൽ, പ്രതിഷേധങ്ങളെ അടിച്ചമർത്തൽ തുടങ്ങിയവ നിയമനടപടികളിലൂടെ നടപ്പിലാക്കുക, നീതി നിർവഹണ സംവിധാനത്തെ ആയുധവത്കരിക്കുക (എതിർക്കുന്നവർക്കും വിമർശകർക്കുമെതിരെ) നിയമലംഘകർക്കു മാപ്പു നൽകുക, (ജനുവരി 6-ാം തീയതി കലാപം സൃഷ്ടിച്ചവർ) രാജ്യത്തിനകത്ത് പട്ടാളത്തെ വിന്യസിക്കുക എന്നിവ ട്രംപിന്റെ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.


അമേരിക്ക ഒഴികെയുള്ള ഇതര രാജ്യങ്ങൾ എന്തുകൊണ്ട് കരുതലോടെ ഇരിക്കണം? അമേരിക്കയുടെ ജനാധിപത്യ മൂല്യശോഷണം തീർച്ചയായും സ്വതന്ത്ര ലോകക്രമത്തിന്റെ ശിഥിലമാകൽ പ്രക്രിയയെ കൂടുതൽ ശക്തമാക്കും. ഒന്നാമത്, ഫലവത്തായ ഒരു ഭരണഘടനയുടെ സർക്കാർ എന്ന വിശേഷണം അമേരിക്കയ്ക്ക് തുടർന്നു നൽകാനാവാത്ത സ്ഥിതി ഉണ്ടാവും. നിയമവാഴ്ച (Rule of Law), മനുഷ്യാവകാശങ്ങളുടെ സംരക്ഷണം (Protection of ഇശ്ശഹ Rights) എന്നിവ ഉറപ്പാക്കുന്ന രാജ്യത്തിന് ഉദാഹരണമായി അമേരിക്കയെ ചൂണ്ടിക്കാണിക്കാനാവാത്ത സ്ഥിതി സംജാതമാകും.


സ്വാഭാവികമായും, തത്ഫലമായി ഇതര ഭരണവ്യവസ്ഥയായി, മാതൃകയായി, ചൈനയിലെയും റഷ്യയിലെയും സംവിധാനങ്ങളെ നീതിമത്കരിക്കുന്നതിനിടയാക്കും. ഹംഗറി, തുർക്കി, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിലനിൽക്കുന്ന വിധത്തിലുള്ളതും ഉദാരമല്ലാത്തതുമായ ഭരണക്രമം സൂചിപ്പിക്കുന്നത്, അതൊരു ഭീഷണിതന്നെയെന്നത്രേ. അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിനുള്ള കരുത്ത് അവർ ആർജിക്കുക ഒരു ‘പോസ്റ്റ്-അമേരിക്കൻ’ ലോകത്തുനിന്നായിരിക്കും.


ട്രംപ് പ്രസിഡന്റായിരിക്കവേ പാരീസ് ഉടമ്പടി ലോകാരോഗ്യസംഘടന ട്രാൻസ് പസഫി…. പാർട്ണർഷിപ്പ് എന്നിവയിൽ നിന്നെല്ലാം അമേരിക്ക പിൻമാറുകയുണ്ടായി. ഇത്തരം വിട്ടുനിൽക്കലിലേക്കുള്ള മടങ്ങിപ്പോക്ക് ഉണ്ടാക്കുന്ന അധികാര ശൂന്യത (Power Vacccum) നികത്താൻ റഷ്യയും ചൈനയും വേഗം ശ്രമിക്കുന്നതാണ്.


സ്വതന്ത്രമായ അന്തർദേശീയ ഭരണക്രമം രൂക്ഷമായ സമ്മർദം നേരിടാനുള്ള സാഹചര്യങ്ങളും ഉരുത്തിരിഞ്ഞുവരാനിടയുണ്ട്. അധികാര പ്രമത്തരായ വൻശക്തികൾ തങ്ങൾക്കനുകൂലമായ രീതിയിൽ നിലവിലുള്ള നിയമങ്ങൾ തിരുത്തിക്കുറിക്കും. അവസാനമായി, അമേരിക്കതന്നെ ഈ ഒറ്റപ്പെടുത്തൽ തന്ത്രത്തിന്റെ ഇരയാകും. ആശ്രയിക്കാൻ പറ്റാത്ത അമേരിക്കൻ ബന്ധത്തിൽ നിരാശരായിത്തീർന്ന ഇതര രാഷ്ട്രങങൾ സുസ്ഥിരമായ മറ്റു രാജ്യങ്ങളെ സഖ്യരാഷ്ട്രമായി കണ്ടെത്തും. ചൈനയും റഷ്യയും രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കും.


രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കൻ നേതൃത്വം ഉയർത്തിപ്പിടിച്ചത് ഉദാരമായൊരു ലോകക്രമമാണ്. ഈ സംവിധാനം നിലനിൽക്കുമോയെന്നു തീരുമാനിക്കുക നവംബറിലെ വോട്ടർമാരായിരിക്കും. ഭരണഘടനാടിസ്ഥാനത്തിലുള്ള ഒരു സംവിധാനത്തിന്റെ ആർജവത്വം നിലനിറുത്തുന്നതിൽ നാം പരാജയപ്പെട്ടാൽ ലോകത്തിനു നഷ്ടപ്പെടുക, നിയമവാഴ്ച പുലരുന്ന അന്തർദേശീയ ഭരണക്രമത്തിന്റെയും ഉദാരമായ ജനാധിപത്യത്തിന്റെയും പിന്തുണക്കാരനെയും പ്രോത്സാഹകനെയും ആയിരിക്കും.


(മൊഴിമാറ്റം: മാത്യു കുരിശുംമൂട്ടിൽ)