എഴുത്തുവാതില്‍ സമകാലിക സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ വിശകലനം – എം. കൃഷ്ണന്‍ നമ്പൂതിരി

എഴുത്തുവാതില്‍ സമകാലിക സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ വിശകലനം – എം. കൃഷ്ണന്‍ നമ്പൂതിരി

ബിഗ് സല്യൂട്ട്


‘Patriots always talk of dying for their country but never of killing for their country’ – Bertrand Russell


രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന ധീരദേശാഭിമാനികള്‍ എല്ലാക്കാലത്തും വാഴ്ത്തപ്പെടട്ടെ. കൊല്ലുന്നതിലും കൊല്ലിക്കുന്നതിലും അല്ല ഭാരതീയ മനസ്സ് ധീരതയെ കണ്ടിരുന്നത്; സ്വയം സമര്‍പ്പിത ജീവിതത്തിലൂടെ ദേശത്തെയും ജനതയെയും സംരക്ഷിച്ചു നിര്‍ത്തുന്നതിലായിരുന്നു. ഗാന്ധിജിയുടെ അഹിംസാ സങ്കല്പമാണ് ഇന്ത്യന്‍ സേനയുടെ ആദര്‍ശവാക്യം. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നാല്‍പതിലധികം സി.ആര്‍.പി.എഫ്. ഭടന്മാര്‍ കൊല്ലപ്പെട്ട അതിദാരുണമായ സംഭവത്തില്‍ നിന്നും ഇന്ത്യന്‍ മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല. മലയാളിയായ വീരജവാന്‍ വി.വി. വസന്തകുമാര്‍ അടക്കം ഭീകരാക്രമണത്തിനിരയായ ഓരോ സൈനികനും പകരം വയ്ക്കാന്‍ എന്താണുള്ളത്? ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ആരോപണങ്ങളും അവകാശവാദങ്ങളും വാഗ്ദാനങ്ങളും ഒന്നും വീരമൃത്യുവിനു പകരമാകുന്നില്ല. ജയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകളെ നിരോധിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നമുക്കു മുന്നിലുണ്ട്. 2001-ല്‍ ശ്രീനഗറിലെ സെക്രട്ടേറിയറ്റിനു സമീപം നടന്ന ഭീകരാക്രമണത്തില്‍ 38 പേരുടെ ജീവന്‍ കവര്‍ന്നുകൊണ്ടാണ് ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന ഇന്ത്യന്‍ സുരക്ഷാ സേനയ്ക്ക് വെല്ലുവിളിയാകുന്നത്. പിന്നീടു നടന്ന മുംബൈ ഭീകരാക്രമണത്തിലും ഈ സംഘടനയുടെ പങ്കാളിത്തം തെളിഞ്ഞിട്ടുള്ളതാണ്. ഇന്ത്യയെ മാത്രം ലക്ഷ്യം വയ്ക്കുന്ന ഇത്തരം ഭീകരസംഘടനകള്‍ക്ക് അഭയവും സഹായവും നല്‍കുന്ന രാഷ്ട്രശക്തികളെ ഒറ്റപ്പെടുത്താന്‍ അന്തര്‍ദേശീയതലത്തില്‍ നടത്തുന്ന നീക്കങ്ങള്‍ ശക്തമാക്കേണ്ടിയിരിക്കുന്നു.


രക്തസാക്ഷിദിനം – ഒരു ഫാസിസ്റ്റ് വ്യാഖ്യാനം


രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമദിനമായ ജനുവരി 30 നമുക്കു രക്തസാക്ഷിദിനമാണ്. മഹാത്മജിയുടെ ജന്മദിനമായ ഒക്‌ടോബര്‍ 2 ലോക അഹിംസാദിനവുമാണ്. മാനവികതയുടെ ആള്‍രൂപമായിരുന്ന ഗാന്ധിജിയെ വീണ്ടും വീണ്ടും ഹിംസിക്കുക എന്ന പൈശാചികകൃത്യത്തിലൂടെ രക്തസാക്ഷിദിനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന ഫാസിസ്റ്റു ശക്തികള്‍ പരസ്യമായി രംഗത്തുവരുന്നതിനും നാം സാക്ഷികളായി. ഹിന്ദുമഹാസഭയുടെ ജനറല്‍ സെക്രട്ടറി പൂജാശകുന്‍ പാണ്‌ഡെയുടെ നേതൃത്വത്തില്‍ ഗാന്ധിയുടെ ചിത്രത്തിനുനേരേ വെടിയുതിര്‍ത്തുകൊണ്ട് പ്രതീകാത്മകമായി ഗാന്ധിവധം പുനരാവിഷ്‌കരിച്ച ദേശവിരുദ്ധ നടപടി അത്യന്തം അപലപനീയമായ ഒന്നായിരുന്നു.


രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത്


വടക്കന്‍ കേരളം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു വളക്കൂറുള്ള മണ്ണാണെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. രക്തക്കറപുരണ്ട കണ്ണൂരിന്റെ രാഷ്ട്രീയ സംസ്‌കാരം കാസര്‍ഗോടിനും അന്യമല്ല എന്ന് പെരിയയിലെ ഇരട്ടക്കൊലപാതകം വെളിവാക്കുന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും 25 വയസ്സില്‍ താഴെയുള്ളവര്‍, കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നവുമായിരുന്നവര്‍, സാമ്പത്തികമായും സാമൂഹികമായും ഏറ്റവും താഴെത്തട്ടില്‍ നിന്നുള്ളവര്‍, പച്ചയായ രാഷ്ട്രീയ കൊലപാതകത്തിന്റെ അതിദാരുണമായ സാക്ഷ്യങ്ങള്‍. ഓരോ രാഷ്ട്രീയ കൊലപാതകം നടക്കുമ്പോഴും കേരള ജനത പറയുന്നുണ്ട്; ഇനിയെങ്കിലും ഇതവസാനിക്കണം എന്ന്. പക്ഷേ, മാസങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും അരുംകൊലകള്‍ മനഃസാക്ഷിയെ മരവിപ്പിച്ചുകൊണ്ട് അരങ്ങേറുകയാണ്. പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്ക് കൂടുതലായി വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ലോക്കല്‍ സെക്രട്ടറി പീതാംബരന്റെ അറസ്റ്റും ഏറ്റുപറയലുകളും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജീവനെടുത്തുകൊണ്ടുള്ള അക്രമരാഷ്ട്രീയം പാര്‍ട്ടിവിരുദ്ധമാണെന്നും അത്തരക്കാരെ ഒരുവിധത്തിലും സംരക്ഷിക്കുകയില്ലെന്നും, പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി ഒറ്റപ്പെടുത്തുമെന്നും, നിയമത്തിന്റെ മുന്നിലെത്തിച്ച് അര്‍ഹമായ ശിക്ഷ നല്‍കുന്നതിനായി വാദിക്കുമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ എന്ന് ഉറപ്പിക്കുന്നുവോ അന്നേ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാവുകയുള്ളൂ.


ലോകമാതൃഭാഷാദിനം


മാതൃഭാഷയ്ക്കുവേണ്ടി അഞ്ചു വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ലോകമാതൃഭാഷാ ദിനമായി ആചരിച്ചുവരുന്നത്. ബംഗ്ലഭാഷ മാതൃഭാഷയായും വിദ്യാഭ്യാസ മാധ്യമമായും അംഗീകരിച്ചു കിട്ടുന്നതിനുവേണ്ടി കിഴക്കന്‍ പാക്കിസ്ഥാനിലെ (ഇന്നത്തെ ബംഗ്ലാദേശ്) ഢാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിസമൂഹം 1952 ഫെബ്രുവരി 21-നു നടത്തിയ പ്രക്ഷോഭം പാക് ഭരണകൂടത്തിന്റെ വെടിവയ്പില്‍ കലാശിക്കുകയും അതില്‍ 5 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഉറുദു ഏക ദേശീയഭാഷയായി അടിച്ചേല്‍പ്പിക്കപ്പെട്ടതിന്റെ പ്രതിഷേധമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിനു പിന്നിലുണ്ടായിരുന്നത്. മാതൃഭാഷയ്ക്കുവേണ്ടിയുള്ള രക്തസാക്ഷിത്വം ലോകചരിത്രത്തില്‍ത്തന്നെ ആദ്യമായിട്ടായിരുന്നു. ഈയൊരു ചരിത്രപ്രാധാന്യം പരിഗണിച്ചാണ് യുനെസ്‌കോ ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി അംഗീകരിച്ചത്.


കവിതയുടെ വഴികള്‍


ഉണ്ണുനീലി സന്ദേശത്തിലെ കാവ്യകല്പനകളുടെ അടുത്തെങ്ങും നില്‍ക്കാനുള്ള യോഗ്യത ആധുനിക ഉത്തരാധുനിക കവിതകള്‍ക്കുണ്ടോ എന്ന വെല്ലുവിളിയുമായി എസ്. രമേശന്‍ നായര്‍ (കലാകൗമുദി, ഫെബ്രുവരി 17) കടന്നുവരുന്നു. കുറെ നല്ല കവിതകളും അതിനേക്കാള്‍ മികച്ച ഗാനങ്ങളും എഴുതിയിട്ടുള്ള എസ്. രമേശ് നായര്‍ ഉണ്ണുനീലി സന്ദേശത്തിന്റെ വക്കാലത്തുമായി വരുമ്പോള്‍ അതും ഒരു ‘മുഴുത്തചിരി’ (കുട്ടികൃഷ്ണമാരാരോട് കടപ്പാട്)യായി കാണുകയേ വഴിയുള്ളൂ. കാവ്യസങ്കല്പങ്ങളിലും ഭാവുകത്വത്തിലും വന്നുചേരുന്ന കാലപരിണതികളെ തിരിച്ചറിയാതെയുള്ള ഇത്തരം ഉപരിപ്ലവ പ്രസ്താവനകള്‍ കവിതയെ വളര്‍ത്താന്‍ വഴിയില്ല. മാധവന്‍ പുറച്ചേരിയുടെ ‘അമ്മക്കടല്‍’ എന്ന കവിത (മാതൃഭൂമി, ഫെബ്രുവരി 24) എസ്. രമേശന്‍ നായര്‍ വായിക്കട്ടെ. പുറച്ചേരിയുടെ ആത്മാനുഭവസ്പര്‍ശം കൊണ്ടു ശക്തമായ കവിതയാണ് ‘അമ്മക്കടല്‍’. ജീവിതവും അനുഭവവും ഒന്നാകുന്ന പെരുങ്കടലിന്റെ തീരത്തുനിന്നുകൊണ്ടെഴുതിയ കവിത എന്നുവേണം അമ്മക്കടലിനെ വിശേഷിപ്പിക്കാന്‍. അനുഭവത്തിന്റെ ആഴക്കടലിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ പോരുന്ന ഈ കവിത സമീപകാല കാവ്യാനുഭവത്തില്‍ ഏറ്റവും മികച്ചതുതന്നെ.


കഥയരങ്ങ്


ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ചെറുകഥയ്ക്കു നല്‍കുന്ന പ്രധാന്യം, ധാരാളം പുതുകഥാകൃത്തുക്കളെ കഥയരങ്ങിലേക്കു കടന്നുവരാന്‍ പ്രചോദകമാക്കുന്നുണ്ട്. ഒരു ലക്കം ഒരു കഥ നല്‍കിയിരുന്ന പ്രസിദ്ധീകരണങ്ങള്‍ ഇപ്പോള്‍ മൂന്നും നാലും കഥകള്‍ക്ക് ഇടം നല്‍കുന്നുണ്ട്. എണ്ണം കൂടുമ്പോള്‍ ഗുണം കുറയുന്നു എന്ന സാമാന്യസങ്കല്പത്തെ സാധൂകരിക്കുന്ന രചനകളാണ് അവയിലേറെയും. സാമാന്യത്തിലധികം നീണ്ടുപോകുന്ന കഥകള്‍ വായനയെ പ്രോത്സാഹിപ്പിക്കുന്നില്ല. ഭാഷയിലും ആഖ്യാനത്തിലും പുലര്‍ത്തുന്ന ധൂര്‍ത്ത് കഥാകൃത്തുക്കള്‍ തന്നെ ആദ്യം തിരിച്ചറിയണം; രണ്ടാമതു പത്രാധിപന്മാരും.


അടുത്തകാലത്ത് ശ്രദ്ധേയനായ കഥാകൃത്താണ് പ്രമോദ് കൂവേരി. അദ്ദേഹത്തിന്റെ ചില നല്ല കഥകള്‍ വായിച്ചതിന്റെ പിന്‍ബലത്തിലാണ് ‘മരണം വന്നു തൊടുന്നേരം’ എന്ന കഥ (ചന്ദ്രിക, ഫെബ്രു. 9) വായിച്ചത്. ആഖ്യാനവിരസമായ ഈ കഥ നിരാശപ്പെടുത്തുകയാണുണ്ടായത്. വത്സന്‍ അഞ്ചാംപീടികയുടെ ‘അനാട്ടമി ഹാളിലെ പ്രണയം’ വളരെ ചെറിയ കഥയാണ്. എന്നാല്‍ ജീവിതത്തെ സംബന്ധിക്കുന്ന വലിയ തത്ത്വം ഈ കഥ ഉള്ളടക്കുന്നുണ്ട്.


ലേഖനവിചാരം


രാഷ്ട്രീയക്കാരില്‍ നല്ല വായനക്കാരും എഴുത്തുകാരും ഉണ്ടായിരിക്കുന്നത് നല്ലതുതന്നെയാണ്. എഴുത്തുകാര്‍ക്ക് രാഷ്ട്രീയം ഉണ്ടായിരിക്കുന്നതുപോലെയല്ല രാഷ്ട്രീയക്കാര്‍ക്ക് എഴുത്തുശീലം ഉണ്ടായിരിക്കുക എന്നത്. പക്ക രാഷ്ട്രീയക്കാരനായിരിക്കെത്തന്നെ എഴുത്തുകാരന്‍ കൂടിയായിരിക്കുന്നതിന് ഇടതുപക്ഷക്കാരില്‍ ധാരാളം മാതൃകകള്‍ എടുത്തുകാട്ടാനാകും. ഇ.എം.എസ്., സി. അച്യുതമേനോന്‍, ടി.കെ. രാമകൃഷ്ണന്‍, ഇ.കെ. നായനാര്‍, ബിനോയ് വിശ്വം അങ്ങനെ നിരവധിപേര്‍. ആക്കൂട്ടത്തിലേക്ക് നിര്‍ദേശിക്കാവുന്ന രാഷ്ട്രീയ നേതാവാണ് മുല്ലക്കര രത്‌നാകരന്‍. സി.പി.ഐ. നേതാവും മുന്‍മന്ത്രിയും ഇപ്പോള്‍ ചടയമംഗലം എം.എല്‍.എയും ആയ മുല്ലക്കര മഹാഭാരതത്തിലെ ഏഴു കഥാപാത്രങ്ങളെ ദേവഭാവത്തില്‍നിന്നും മാനുഷികഭാവത്തിലാക്കി വിശകലനം ചെയ്യുകയാണ് കലാകൗമുദി വാരികയില്‍. സത്യവതി, ഭീഷ്മര്‍, കര്‍ണന്‍, യുധിഷ്ഠിരന്‍, പാഞ്ചാലി, ശ്രീകൃഷ്ണന്‍, ഹിഡുംബി എന്നീ കഥാപാത്രങ്ങളാണ് മുല്ലക്കരയുടെ വിചാരണയ്ക്കു വിധേയമാകുന്നത്. സാധാരണക്കാര്‍ക്കുവേണ്ടി അവര്‍ക്കു മനസ്സിലാകുന്ന ഭാഷയിലും ശൈലിയിലുമാണ് മുല്ലക്കരയുടെ പ്രതിപാദനം. പാണ്ഡിത്യപ്രകടനത്തിന്റെ ഗിരിപ്രഭാഷണമല്ല, വായനക്കാരുമായുള്ള അഭിമുഖഭാഷണമാണ് മുല്ലക്കര ചെയ്യുന്നത്. കലാകൗമുദി ലേഖനം അഞ്ചുലക്കം പൂര്‍ത്തിയാകുമ്പോഴും വായനക്കാരുടെ മികച്ച പ്രതികരണങ്ങള്‍കൊണ്ട് വാരികയുടെ പ്രതികരണവേദി നിറയുന്നു.