ഭൂപരിഷ്കരണം കേരളത്തിൽ സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയ ഒരാളാണ് താങ്കൾ. ഈ നിയമം വന്നതിനുശേഷം പല ജനവിഭാഗങ്ങളും സാമൂഹികമായും സാമ്പത്തികമായും ഉയർച്ച നേടി. എന്നാൽ, ഇപ്പോഴും ദലിത്-ഗോത്രവിഭാഗങ്ങൾ ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു?
വളരെ ചുരുക്കത്തിൽപ്പറഞ്ഞാൽ ഏറെ പ്രതീക്ഷകൾ ഉണർത്തിയ ആവേശംപകർന്ന ഭൂപരിഷ്‌ക്കരണം ഒരു വൻവിജയമെന്നു പറയാനാവില്ല. ശരിയാണ് 1970 ജനുവരി 1-നു ജന്മിത്തം കടപുഴകി. പൊതുവെ പറഞ്ഞാൽ പാട്ടകുടിയാന്മാർക്ക് അവരുടെ കൈവശഭൂമിയിൽ ജന്മാവകാശം ലഭിച്ചു. ഏതാണ്ട് 25 ലക്ഷം വരുന്ന കുടിയാന്മാർക്ക് ഇതിന്റെ പ്രയോജനം സിദ്ധിച്ചു. കുടികിടപ്പുകാരായ ഏകദേശം 5 ലക്ഷം പേർക്ക് അവരുടെ കുടികിടപ്പു ഭൂമികളിൽ സ്ഥിരാവകാശം നൽകി. പഞ്ചായത്ത് പ്രദേശങ്ങളിൽ 10 സെന്റും, മുനിസിപ്പാലിറ്റികളിൽ 5 സെന്റും, കോർപ്പറേഷനുകളിൽ 3 സെന്റുമാണ് പതിച്ചുനൽകിയത്. ഓരോ തലമുറകൾ കഴിഞ്ഞു വീണ്ടും അരക്ഷിതാവസ്ഥ തീവ്രമായി. കണ്ണൻദേവൻ കമ്പനിയോടും, ഹാരിസൺ മലയാളത്തോടും കാട്ടിയ ഔദാര്യവും, മാന്യതയും ഭൂരഹിത കർഷകതൊഴിലാളികളോടു കാണിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ,, ചെങ്ങറ, അരിപ്പ തുടങ്ങിയ ഭൂസമരങ്ങൾ ആവർത്തിക്കുമായിരുന്നില്ല.
1957-നുമുന്‍പുതന്നെ കൃഷിഭൂമി കർഷകന് (Land to the tiller) എന്ന മുദ്രാവാക്യം മുഴക്കിയിരുന്നു. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നത് വെറും പാട്ടായിരുന്നു. പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഏപ്രിലിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾത്തന്നെ ഒരു കുടി ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസും, പിന്നെ നിയമവും പാസ്സാക്കിയതിനു പുറമെ ഒരു സമഗ്ര ഭൂപരിഷ്‌ക്കരണ കാർഷികബന്ധ ബില്ലിനു തുടക്കമിട്ടു. പിന്നീടു കമ്മ്യൂണിസ്റ്റ് സർക്കാർ നീക്കം ചെയ്യപ്പെട്ടതിനുശേഷം 1970 ജനുവരി ഒന്നിനു നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നിയമം വരെയുള്ള കാലയളവിൽ ഭൂരിപരിഷ്‌ക്കരണം ഒരു വലിയ അളവിൽ ദുർബലമാക്കാനും, ഭൂപരിധി നിർണയിച്ച് മിച്ചഭൂമി വിതരണത്തിനുള്ള സകല അവസരങ്ങളും നഷ്ടപ്പെടുത്തുകയുംചെയ്തു. തോട്ടംവിളകൾ മാത്രമല്ല, മതസ്ഥാപനങ്ങളുടെ ഭൂമികൾപോലും ഭൂപരിധിയിൽനിന്നു ഒഴിവാക്കപ്പെട്ടു.
1965-66-ൽ മൊത്തം കൃഷിഭൂമിയുടെ 5.9 ശതമാനമായിരുന്ന റബർ കൃഷിയിടങ്ങൾ ഇന്നു 21 ശതമാനത്തിലധികമാണ്. തെങ്ങുകൃഷി കഴിഞ്ഞാൽ ഏറ്റവും കൃഷി ചെയ്യപ്പെടുന്ന വിള 1951-ൽ പ്രവൃത്തി എടുക്കുന്ന ജനസംഖ്യ (Working population) യുടെ 25.5 ശതമാനവും 1971-ൽ 30.7 ശതമാനവുമായിരുന്ന കർഷകത്തൊഴിലാളികളെ കൃഷിയുടെ മുഖ്യധാരയുടെ കണ്ണിയാക്കാൻ സാധിക്കുന്നിടത്തുനിന്നാണ് ചോദ്യത്തിന്റെ മറുപടി തുടങ്ങേണ്ടതെന്നു ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രി ഗൗരിയമ്മ അംസബ്ലിയിൽ 1957-ൽ പറഞ്ഞ കണക്കനുസരിച്ച് 7.82 ലക്ഷം ഹെക്ടർ ഭൂമി വിതരണത്തിനു ലഭിക്കുമെന്നു പ്രസ്താവിച്ചിരുന്നുവെന്ന് ഓർക്കുക.
1960നു ശേഷം നടന്ന ആദിവാസി വികസനത്തിനുശേഷം അവിടെ നടന്ന ചൂഷണം ഒരു കെട്ടുകഥയാണ്. അവരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്തു നൽകാൻ ഒരു 1975-ൽ കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. 1986 വരെ അതിന്റെ ചട്ടങ്ങൾ ആരും ഉണ്ടാക്കാൻ മിനക്കെട്ടില്ല. ആദിവാസികളുടെ സമരം കാരണം 1996-ൽ നിയമം വീണ്ടും ഭേദഗതിചെയ്തു. പക്ഷേ,, അതിനു 1986 മുതൽ (ചട്ടം എഴുതി ഉണ്ടാക്കിത്തീർത്ത വർഷം) മാത്രമേ പ്രാബല്യമുള്ളു. ഒന്നും നടന്നില്ലെന്നാണ് എന്റെ വിശ്വാസം.
1974-ലെ കർഷക തൊഴിലാളി നിയമം, ലക്ഷംവീടുപദ്ധതി ഒക്കെ നല്ല പരിഷ്കാരങ്ങളായിരുന്നു. പക്ഷേ,, ദലിത്, ഗോത്രവർഗവിഭാഗങ്ങൾക്ക് അവർ അർഹിക്കുന്ന അംഗീകാരമോ, വിഭവവിന്യാസമോ, പ്രാപ്തിവൽക്കരണമോ നടന്നിട്ടില്ല. ഹരിജൻ കോളനികൾക്കപ്പുറമുള്ള വികസനമുഖ്യധാരയിൽ ഇക്കൂട്ടർ ഇന്നും അന്യവൽക്കരിക്കപ്പെട്ടാണ് കഴിയുന്നത്.
അന്താരാഷ്ട്രതലത്തിൽ പ്രശംസിക്കപ്പെടുമ്പോഴും, കാർഷികതകർച്ച, വ്യാവസായിക മുരടിപ്പ്, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്നിവയും, പ്രവാസിപണത്തിലുള്ള ആശ്രിതത്വവും സർക്കാരിന്റെ ഭീമമായ കടക്കെണിയും ‘കേരള മോഡലി‘ന്റെ പ്രധാന പരിമിതികളല്ലേ? സാമ്പത്തികമായി സുസ്ഥിരമല്ലാത്ത ഒന്നിനെ എങ്ങനെ ഒരു വിജയമാതൃക എന്ന് വിശേഷിപ്പിക്കാനാകും?.
രാഷ്ട്രീയക്കാരും, മാധ്യമങ്ങളും, എഴുത്തുകാരും, മാത്രമല്ല സാധാരണക്കാരും ഏതാനും സാമ്പത്തിക പണ്ഡിതരും ‘കേരളാമോഡൽ’ എന്ന പദം നിർലോഭം ഉപയോഗിക്കാറുണ്ട്. ഇതു ശരിയല്ല. മോഡൽ വളരെ വിപുലമായ അർഥതലം പേറുന്ന വാക്കാണ്. മോഡൽ അധ്യാപകർ, ഗാന്ധിജിയുടെ മോഡൽ, നടിയുടെ മോഡൽ എന്നിങ്ങനെ പലതും. ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ മോഡലാണ് മാപ്പ് അഥവാ ഭൂപടം. സാമ്പത്തികശാസ്ത്രത്തിലും, ഗണിതശാസ്ത്രത്തിലും മറ്റും മോഡൽ എന്നു പറഞ്ഞാൽ ചില അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിയതമായ ഫലങ്ങൾ പ്രവചിക്കുന്ന സമവാക്യങ്ങളും, സാമ്പത്തി ഘടകങ്ങളുമടങ്ങുന്നതാണ്. കേരളാമോഡൽ അത്തരത്തിൽ ആരും ഉണ്ടാക്കിയിട്ടില്ല. കാർഷിക തകർച്ച, വ്യവസായ പരാജയം, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ, സാമ്പത്തികപ്രതിസന്ധി (ഒരുപക്ഷേ, സർക്കാരിന്റെ ധനകാര്യപ്രതിസന്ധി?) എന്നിവയൊന്നും കേരളാ മോഡലിൽകെട്ടിവയ്ക്കുക യുക്തിയല്ല. കേരളത്തിന്റെ കുറഞ്ഞ പ്രതിശീർഷ വരുമാന കാലഘട്ടത്തിൽ (ഗൾഫ് പണമൊഴുക്കിനുമുൻപുതന്നെ) ഉയർന്ന സാക്ഷരത, ഉയർന്ന ശരാശരി ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണനിരക്ക്, മെച്ചപ്പെട്ട സ്ത്രീപുരുഷ അനുപാതം എന്നിങ്ങനെ വികസിതരാജ്യങ്ങളോടു കിടപിടിക്കാവുന്ന സ്ഥിതിവിവരണക്കണക്കുകളാണ് കേരളത്തെ ഒരു മാതൃകയാക്കിയത്. കൂടാതെ, ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതി-വർഗ അന്തരത്തിലെ പ്രകടമായ സാമൂഹികസമത്വം. ഇവയൊക്കെയാണ് അമർത്യാസെന്നിനെപ്പോലെ പലരും കേരളത്തെ വികസന പദ്ധതി ലോകത്തിനു പരിചയപ്പെടുത്തിയ അപൂർവ അനുഭവം. സെൻ ഒരിക്കലും കേരളാമോഡൽ എന്നു പറഞ്ഞിട്ടില്ല. ആ സങ്കല്പനത്തെ ശക്തിയായി എതിർത്തിട്ടുമുണ്ട്. 2002-ൽ അദ്ദേഹം ജുവാൻ ഡ്രീസുമായി ചേർന്ന് എഴുതിയ India: Development and Participation എന്ന പുസ്തകത്തിൽ ഇങ്ങനെ വ്യക്തമാക്കുന്നു. ”കേരളത്തിന്റെ അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ പഠിക്കാതെ വ്യാജ അവകാശവാദങ്ങൾ മുന്നോട്ടുവയ്ക്കുന്ന വാചാടോപം മാത്രമാണ് കേരളമോഡൽ. അത് ഒരിക്കലും കേരളത്തിന്റെ അനുഭവത്തെ മറ്റു സംസ്ഥാനങ്ങളുമായോ രാജ്യങ്ങളുമായോ ചേർത്ത് പാഠങ്ങൾ ഉൾക്കൊള്ളാൻ സഹായിക്കുന്നില്ല.” 2012-ൽ രണ്ടു സാമ്പത്തിക വിദഗ്ധർ (ജഗദീഷ് ഭവഗതി, പനാഗരിയാ) അമർത്യാസെൻ കേരളാ മോഡലിന്റെ ഉപജ്ഞാതാവാണെന്നു പറഞ്ഞു, മോഡലിനെ നഖശിഖാന്തം എതിർത്തത് (India’s Tryst With Destiny by Arvind Panagariya and Jagdish Bhagwat) ഒന്നാംതരം ഉദാഹരണമാണ്.
കേരളത്തിന്റെ അദ്വിതീയ വികസനാനുഭവം മാനവികവികസനത്തിന്റെ കഥയാണ്. ഒരുപക്ഷേ, 19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ തുടങ്ങിയ സാമൂഹിക മുന്നേറ്റത്തിന്റെ ആഖ്യാനം കൂടിയാണ്. മിഷനറിമാർ സാധാരണക്കാരുടെ ഇടയിൽ സാക്ഷരതയും ആരോഗ്യസേവനങ്ങളുമായി തുടങ്ങിയ വിപ്ലവം (ഒ.വി. വിജയന്റെ ‘തലമുറകൾ’ വായിക്കുക), തിരുവിതാംകൂർ, കൊച്ചി നാട്ടുരാജാക്കന്മാരുടെ പിന്തുണ, ശ്രീനാരായണഗുരു, അയ്യങ്കാളി, ചാവറ അച്ചൻ, ചട്ടമ്പിസ്വാമികൾ, വക്കം മൗലവി തുടങ്ങിയ സാമൂഹ്യപരിഷ്‌കർത്താക്കൾ, അടിച്ചമർത്തപ്പെട്ട ജാതികളുടെ വിമോചനത്തിനു മുന്നിട്ടിറങ്ങി മാറ്റങ്ങൾക്കു ചുക്കാൻപിടിച്ചു. കമ്യൂണിസ്റ്റുപാർട്ടിയുടെ സമരങ്ങൾ, സാഹിത്യകാരന്മാരുടെ ആവേശംപകരുന്ന രചനകൾ ഒക്കെ ഒരു കാലഘട്ടത്തെ പുനർനിർമിച്ചു. വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും ജനസാമാന്യത്തിനു ഉതകുംവണ്ണം അവസരങ്ങൾ ഒരുങ്ങി, ഒരുക്കി. അവിടെയാണ് കേരളാ മോഡൽ സങ്കല്പനത്തിന്റെ അടിത്തറ.
കേരളീയരുടെ ആയുർദൈർഘ്യം ഉയർന്നതാണെന്ന് അവകാശപ്പെടുമ്പോഴും അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകളിലുള്ളവരുടെ ആയുർദൈർഘ്യം 50 വയസ്സിൽ താഴെയാണ്. സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗങ്ങൾക്ക് വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കുന്നതിൽ കേരളം പരാജയപ്പെട്ടു എന്നല്ലേ ഇത് തെളിയിക്കുന്നത്?
സമൂഹത്തിന്റെ ഏറ്റവും ദുർബലവിഭാഗങ്ങൾക്ക് വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കുന്നതിൽ കേരളം പരാജയപ്പെട്ടു എന്നത്, പ്രത്യേകിച്ച് 1991-നുശേഷമുള്ള കമ്പോളാധിഷ്ഠിത സമ്പ്രദായത്തിലേക്ക് ശക്തമായി മുന്നിട്ടിറങ്ങിയതിനുശേഷം എന്നുപറയാം. പക്ഷേ, ആരാണീ ദുർബലവിഭാഗം? പരമ്പരാഗത കർഷകതൊഴിലാളികൾ (ഒട്ടുമുക്കാലും ദലിത്-ഗോത്രവിഭാഗം), തോട്ടംതൊഴിലാളികൾ എന്നിവർക്ക് പുറമേ, തീരദേശവാസികളായ മത്സ്യത്തൊഴിലാളികൾ എന്നീ വിഭാഗങ്ങളാണെന്ന് തീർച്ച. ഇവരെക്കൂടാതെ മുന്നാക്ക വിഭാഗത്തിൽപ്പെട്ട തട്ടുകടക്കാർ, ചെറു ചായപ്പീടികപോലുള്ള സ്വയംതൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി കൂട്ടരുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിൽനിന്ന് ഇവരൊക്കെ പുറംതള്ളപ്പെട്ടിരിക്കുകയാണ്. ഇന്ന് വിദ്യാഭ്യാസവും ആരോഗ്യവും വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നതിനാൽ അവസരസമത്വം കിട്ടാക്കനിയാണ്. ഗൾഫ് മേഖലയിലെ അവസരങ്ങൾ ഇപ്പറഞ്ഞ കൂട്ടരിൽ ഭൂരിഭാഗത്തിനു നിഷേധിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയപ്പാർട്ടികളുടെ മുൻഗണനയിൽ ഇക്കൂട്ടർ ഇനിയും ഉൾപ്പെട്ടിട്ടില്ല. പക്ഷേ, വാക്കുകളിൽ അവരോടൊപ്പം ആണെങ്കിലും ഒരു പുത്തൻ വികസനവിചാരത്തിനു അവർ തയ്യാറാകുമെന്നു കരുതുക പ്രയാസം.
കേരളത്തിലെ സ്ത്രീകളുടെ സാമൂഹികപദവി ഉയർത്തുന്നതിൽ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ പങ്കിനെക്കുറിച്ച് താങ്കൾ ഒരു പഠനം നടത്തിയിരുന്നല്ലോ. ഇന്ന് കേരളത്തിൽനിന്നു വിദേശരാജ്യങ്ങളിലേക്ക് ജോലിതേടിപ്പോകുന്നവരിൽ നല്ലൊരു ശതമാനം സ്ത്രീകളാണ്. മലയാളി സ്ത്രീകൾ ആഗോളപൗരയായി വളരുന്ന ഈ കാലത്ത് കുടുംബശ്രീപോലുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തി കുറയുന്നുണ്ടോ? കേരളീയസ്ത്രീകളുടെ തൊഴിൽജീവിതത്തെയും സാമ്പത്തികസ്വാതന്ത്ര്യത്തെയും താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?
സ്ത്രീകളുടെ സാമൂഹികവും, സാമ്പത്തികവുമായ പദവിയും തുല്യതയോടൊപ്പം സ്ത്രീശാക്തീകരണവുമാണ് കാതലായ പ്രശ്‌നം. 2023-ൽ ലോക്‌സഭ പാസാക്കിയ 106-ാമത് ഭരണഘടനാ ഭേദഗതിപ്രകാലം സ്ത്രീകൾക്ക് മൂന്നിലൊന്നു സംവരണം ഏർപ്പെടുത്തിയത് വലിയ നേട്ടമാണ്. പക്ഷേ, അതു നടപ്പാക്കാൻ ബഹുദൂരം പോകേണ്ടതുണ്ട്. മാത്രമല്ല, 78/74 ഭരണഘടന ഭേദഗതിപ്രകാരം പഞ്ചായത്ത് മുനിസിപ്പാലിറ്റികൾക്ക് മൂന്നിലൊന്നു സംവരണം നൽകി. കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ 50 ശതമാനമാക്കി ഉയർത്തി. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തദ്ദേശ സർക്കാരുകളിൽ 54 ശതമാനം സ്ത്രീകളായിരുന്നു. പക്ഷേ, കേരളത്തിലെ സ്ത്രീകൾക്ക് ലിംഗനീതി എല്ലാ അർഥത്തിലും ലഭ്യമാണോ? അവർ കേരളസമൂഹത്തിൽ, രാഷ്ട്രീയത്തിൽ, സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനമുണ്ടോ? എന്ത് ഏജൻസി കർമമാണ് അവർ നിർവഹിക്കുക? സ്ത്രീകൾ സാക്ഷരതയിൽ മുമ്പിലാണെങ്കിലും 80 ശതമാനം പ്രൈമറി സ്‌കൂൾ അധ്യാപകർ സ്ത്രീകളാണെങ്കിലും എത്രമാത്രം നിർണായകശക്തിയാണ് കേരളസ്ത്രീകൾ. ഇവിടെയാണ്, കുടുംബശ്രീയുടെ ചരിത്രപരമായ ദൗത്യം ജയിച്ചോ പരാജയപ്പെട്ടോ എന്ന പ്രശ്‌നം ചർച്ചാ വിഷയമാകേണ്ടതുണ്ട്.
കേരളത്തിലെ കുടുംബശ്രീ സ്ത്രീകളുടെ സ്വയംസഹായ അയൽക്കൂട്ടങ്ങളിലൂടെ ബാങ്കിംഗ് സേവനം നൽകുന്ന ഒരു സാധാരണ സൂക്ഷ്മതല ധനകാര്യ പരിപാടി (Microfinance) യെന്നു കരുതിയാൽ തെറ്റി. തൊണ്ണൂറുകളുടെ തുടക്കത്തിൽ നഗരങ്ങളിൽ അടിസ്ഥാനസേവനങ്ങൾ നൽകുന്നതിന് തദ്ദേശീയസമൂഹത്തിന്റെ സഹകരണത്തോടെ ആരംഭിച്ച് വിജയംകണ്ട ഒരു സംരംഭം (അതിനു യൂണിസെഫി(UNICEF)ന്റെ സഹായവും തുടക്കത്തിൽ ലഭിച്ചിരുന്നു.) മലപ്പുറത്തേക്ക് വ്യാപിപ്പിച്ചു. പിന്നീടാണ് 1998-ൽ വാജ്‌പേയി മലപ്പുറത്ത് സമൂഹ സഹകരണത്തോടെ ഒരു സ്ത്രീശക്തീകരണ ദാരിദ്ര്യ നിർമാർജന പരിപാടിയായി കുടുംബശ്രീക്ക് തുടക്കമിട്ടത്. അതൊരു പ്രസ്ഥാനമായി വളർന്ന് അന്തർദേശീയ പ്രശസ്തി നേടി. (ആലപ്പുഴ, മലപ്പുറം മാത്രമായിരുന്ന കാലത്തും, കുടുംബശ്രീ ആയതിനുശേഷവും ഞാന്‍ പഠനറിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു) തികച്ചും ദരിദ്രകുടുംബങ്ങളിലെ സ്ത്രീകളെ (വ്യക്തമായ മാനദണ്ഡങ്ങൾ ഉപയോഗിച്ചായിരുന്നു കുടുംബങ്ങളെ തിരഞ്ഞെടുത്തത്) ശക്തീകരിക്കാൻ തുടങ്ങിയ പരിപാടിയിൽ ഇന്ന് ഏത് സ്ത്രീക്കും അംഗമാകാം. കേരളത്തിലെ 941 പഞ്ചായത്തുകളിലും എല്ലാ നഗരസഭകളിലുമായി ഏതാണ്ട് 41 ലക്ഷം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന ഈ പ്രസ്ഥാനം ഒരു സർക്കാർ സംവിധാനമായി മാറി. തദ്ദേശസ്ഥാപനങ്ങളുടെ അനുബന്ധ അനുയായിട്ടാണ് ഇന്ന് വർത്തിക്കുക. പാഴ്‌വസ്തുശേഖരണംമുതൽ ഒന്നാംകിട കാപ്പി, ചായ പീടികകൾ വരെ മാത്രമല്ല, വികലാംഗ കുട്ടികൾക്ക് ബഡ് സ്‌കൂളുകളും ഉൾപ്പടെ നിരവധി സേവനങ്ങൾ അവർ കാഴ്ചവയ്ക്കുന്നു.
പക്ഷേ, കുടുംബശ്രീ ഒരു കേരള സ്ത്രീശബ്ദമല്ല. സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾക്കും അവരുടെ അവകാശ ലംഘനങ്ങൾക്കുമെതിരെ അവർ ശബ്ദമുയർത്തുന്ന വേദിയല്ല എന്ന കാര്യം അടിവരയിടട്ടെ. സ്ത്രീപുരുഷ തുല്യനീതിക്കുവേണ്ടി ശബ്ദമുയർത്താനും, മാറ്റങ്ങളുടെ ചാലകശക്തിയാകുവാനും സ്ത്രീകൾക്ക് കഴിയുന്നില്ല. സ്ത്രീസമൂഹം ഏറെ ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. അവർക്ക് ഒരു പൊതുമുഖമില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 30 ശതമാനത്തിലധികം (7071 പേർ) കുടുംബശ്രീയിൽ നിന്നുവന്ന അംഗങ്ങളാണ്. അവർ മിക്കവരും ഇടതുപക്ഷ രാഷ്ട്രീയക്കാരാണ്. ഏതെങ്കിലും ഒരു പാർട്ടിയുടെ നിയന്ത്രണത്തിൽ ഒരു സാമൂഹിക പ്രസ്ഥാനമാകുമ്പോൾ അതിന്റെ തനിമയും സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നു. സ്ത്രീശക്തീകരണം പുറകോട്ടുപോകുന്നു.
മലയാളസ്ത്രീകൾ ആഗോളപൗരരായി വളരുന്ന ഇക്കാലത്ത് എന്ന പ്രസ്താവത്തോടു എനിക്ക് യോജിപ്പില്ല. വിദേശത്തുപോയി അടുക്കളപ്പണി ചെയ്യേണ്ടിവരുന്നത് ഇവിടെ അവസരമില്ലാത്തതുകൊണ്ടാണ്. നേഴ്‌സുമാരുടെ വിദേശ ജോലികൾ വലിയ പൗരത്വമായി കാണാനാവില്ല. അത് ആഗോളപൗരത്വത്തിന്റെ സൂചനയല്ലല്ലോ? പിന്നാക്ക സമുദായത്തിൽപ്പെട്ട സ്ത്രീകൾ കൂടുതൽ ദുരിതങ്ങൾ പേറുന്നവരാണ്. അത് പ്രകൃതി നീതി അല്ലതാനും. പ്രസ്താവന ശരിയായി വരട്ടെ എന്നതാണ് നമ്മുടെ ലക്ഷ്യം.
ധനകമ്മി, കടമെടുപ്പ്, കടമെടുപ്പ് പരിധി എന്നീ പ്രയോഗങ്ങൾ മലയാളികൾക്ക് സുപരിചിതമാണ്. മാറിമാറി വരുന്ന സർക്കാരുകൾ കടമെടുത്തു നടത്തുന്ന വികസന പദ്ധതികൾ കേരളത്തിന് വലിയ ബാധ്യത ആകില്ലേ? ഇതിന് ബദൽ മാർഗങ്ങൾ സാധ്യമാണോ?
കടമെടുത്ത് ഒരു സർക്കാർ വികസനം നടത്തുന്നത് ഒരു അപകടം പിടിച്ച കാര്യമല്ല. പ്രത്യുല്പാദനപരമായി ചെലവിടാൻ കടം എടുത്താൽ ഒരു തെറ്റുമില്ല. സ്വകാര്യകമ്പനികൾ അങ്ങനെയാണ് ചെയ്യാറ്. പങ്കുപറ്റു രാഷ്ട്രീയത്തിലെ വികസനത്തിൽ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിങ്ങനെ ഏതു നിർമാണമായാലും കെണിയാണ്. ലണ്ടനിൽപോയി 2150 കോടി രൂപയുടെ മസാലബോണ്ടുകൾ 9.7 ശതമാനം പലിശയ്ക്ക് കടം വാങ്ങിയത് ഒരു നല്ല ഗവൺമെന്റിനു യോജിച്ച കാര്യമാണെന്നു പറയാൻ വിഷമം. ഒന്നരപതിറ്റാണ്ടിലെ വാർഷിക കടമെടുപ്പു നിരക്ക് സംസ്ഥാനത്തിന്റെ ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ടിന്റെ (ആഭ്യന്തര ഉല്പാദനം) നിരക്കിനേക്കാൾ കൂടുതലായിരുന്നു. തീർച്ചയായും ഉത്തമമായ ധനകാര്യ മാനേജ്‌മെന്റല്ല ഈ പോക്ക്. ഒരു മഴയ്ക്ക് ഒലിച്ചുപോകുന്ന റോഡുകൾ, ഉദ്ഘാടനത്തോടെ തകരുന്ന പാലങ്ങൾ ഒക്കെ ബാധ്യതകളാണ്. വികസന ആസ്തികളല്ല.
കേരളം അതിന്റെ മുൻഗണനകൾ നിർവചിക്കേണ്ട നിർണായക ഘട്ടത്തിലാണ്. സാമ്പത്തിക വളർച്ച മാത്രം ലക്ഷ്യമാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാരുകൾ പ്രാധാന്യം നൽകുന്നത്. സാമൂഹിക നീതി തഴയപ്പെടുന്ന അവസ്ഥ. താങ്കളുടെ നിരീക്ഷണത്തിൽ കേരളത്തിന് ആവശ്യമായ വികസന മാതൃക എങ്ങനെയുള്ളതാണ് ?
തീർച്ചയായും കേരളം അതിന്റെ മുൻഗണനകൾ നിർണയിക്കേണ്ട നിർണായക ഘട്ടത്തിലാണ്. സംശയമില്ല. കേരളം സാമ്പത്തിക വളർച്ചമാത്രം ലക്ഷ്യമാക്കിയിട്ടുള്ള വികസനമാണെന്നും സാമൂഹികനീതി തഴയപ്പെടുമെന്നുള്ള ആക്ഷേപം ശരിയാണെന്നു തോന്നുന്നില്ല. ‘കേരളാമോഡലി’നെക്കുറിച്ചുള്ള വലിയ ആക്ഷേപം ഒരുകാലത്ത് അത് സാമ്പത്തികവികസനത്തിന് മുൻഗണന നൽകിയില്ലെന്നതാണ്. അമർത്യാസെൻ പറയുന്നുതുപോലെ സാമ്പത്തിക വളർച്ച, മനുഷ്യന്റെ പ്രാപ്തിയും സ്വാതന്ത്ര്യവും, ക്ഷേമവും ഉയർത്തുന്നതിന്റെ ഉപകരണമാണ്. ഒരുകാലത്ത്, താരതമ്യേന ഇന്നും, ഇന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹ്യക്ഷേമത്തിനും സുരക്ഷയ്ക്കും ഏറ്റവും കൂടുതൽ ഊന്നൽനൽകുന്നത് കേരളമാണെന്നു പറയാം. മാറിമാറിവന്ന സർക്കാരുകൾ വിദ്യാഭ്യാസ സൗജന്യങ്ങൾ, ആരോഗ്യസേവനം, പൊതുവിതരണം ശക്തിപ്പെടുത്തൽ, പോഷകാഹാര പരിപാടികൾ, വികലാംഗപെൻഷൻ, കർഷകത്തൊഴിലാളിപെൻഷൻ, വൃദ്ധജന പ്രത്യേക പദ്ധതികൾ ഒട്ടേറെ തൊഴിലാളി ക്ഷേമബോർഡുകൾ എന്നിങ്ങനെ സാധാരണക്കാർക്കുവേണ്ടി ക്ഷേമപദ്ധതികൾ പ്രദാനംചെയ്യുന്നതിൽ കേരളം പിന്നിലല്ല. അവയെല്ലാം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നല്ല വിവക്ഷ. സാമാന്യമായി പറഞ്ഞാൽ സാമൂഹികനീതി അവഗണിച്ച സംസ്ഥാനമല്ല കേരളമെന്നു തറപ്പിച്ചുപറയാം. എന്നാൽ സാമ്പത്തികനീതിയിൽ വളരെ പിന്നാക്കം പോകുകയാണ് ഉദാഹരണത്തിന് 1980-ൽ കർഷക തൊഴിലാളിക്ക് 45 രൂപ വാര്‍ഷിക പെന്‍ഷന്‍ നല്‍കിയപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശരാശരി പെന്‍ഷന്‍ 900 രൂപ ആയിരുന്നു. ഇന്നു കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 1600 ആയി എങ്കിലും, സര്‍ക്കാര്‍ ജീവനക്കാരുമായുള്ള അന്തരം 20-ല്‍ വളരെ മടങ്ങുവരും. ഇത്തരക്കാര്യങ്ങള്‍ വിസ്മരിക്കുന്നില്ല.
വാസ്തവത്തിൽ മുൻഗണനകള്‍ നിവചിച്ചു നടപ്പാക്കുന്നതില്‍ കേരളം വിജയിച്ചിട്ടില്ല. 1970-കളുടെ മധ്യംമുതല്‍ ഇന്നുവരെ ഒഴുകിയെത്തിയ വിദേശപ്പണം ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ നാം പരാജയപ്പെട്ടു. കേരളം ഒരു വമ്പന്‍ ഉപഭോഗസമ്പദ്‌വ്യവസ്ഥയായി. നാം വില്‍ക്കുന്നതിനെക്കാള്‍ വാങ്ങുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരംവരെ (പല്ലിടകുത്തിവരെയെന്നു ഞാന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതിയിരുന്നു.) വെളിയില്‍നിന്നുവാങ്ങുന്ന അധികത്തുക ഒരു വര്‍ഷം ഏതാണ്ട് 10 ലക്ഷം കോടിയാണ്. ഇതിന്റെ സാമ്പത്തികപ്രയോജനം അയല്‍സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കുമാണ്. പാല്‍ ഉല്‍പാദനമൊഴിച്ചാല്‍ മെച്ചപ്പെട്ട കാര്‍ഷികമേഖല മുന്നോട്ടല്ല. ആശുപത്രി ആവശ്യങ്ങളിലൊന്നും ഇവിടെയല്ല നിര്‍മിക്കുക. ഹോട്ടല്‍, ടാക്സി, ഓട്ടോ തുടങ്ങിയ സേവനമേഖലകൾക്കാണ് മുന്‍തൂക്കം.
കേരളത്തിന് ആവശ്യമായ വികസനമാതൃക ചുരുക്കത്തിൽ വരച്ചിടുക സാധ്യമല്ല. എന്തായാലും ഒരു ദർശനം വേണം. ഹ്രസ്വവും ദീർഘവുമായ ആവശ്യങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞു രേഖപ്പെടുത്തി വികസന മുൻഗണനകൾ നിശ്ചയിക്കണം. തെരുവുനായ ശല്യം മുതൽ മനുഷ്യ-മൃഗ സംഘട്ടനങ്ങൾവരെ ഏതാണ്ട് ഒരു ഡസനിലേറെ അടിയന്തര പ്രശ്‌നങ്ങൾക്ക് ടാസ്‌ക് ഫോഴ്‌സ് ഉണ്ടാക്കണം. മിക്കവാറും എല്ലാംതന്നെ തദ്ദേശീയ സർക്കാരുകളുടെ സഹകരണം കൂടിയേ കഴിയൂ. കേരളം നേരിടുന്ന ധനകാര്യ പ്രതിസന്ധി അഭിമുഖീകരിക്കാതെ അടിയന്തര പ്രശ്‌നങ്ങളായാലും ദീർഘകാല വികസനമായാലും അസാധ്യമാണ്. ഏതാണ്ട് 130-ൽപരം പൊതുമേഖലാ സ്ഥാപനങ്ങളെ താങ്ങിനിർത്തേണ്ട ബാധ്യതകൂടി സർക്കാരിനുണ്ട്. ഇതോടെ ചേർത്തുവായിക്കേണ്ട ഒന്നാണ് പങ്കുപറ്റു രാഷ്ട്രീയത്തിനു കടിഞ്ഞാൺ ഇടുക എന്ന ഉപാധി.
ഏതൊരു വികസനത്തിനും പ്രകൃതിമൂലധനവും, മനുഷ്യമൂലധനവും വളർത്തി രൂപമാറ്റം വരുത്താതെ ആധുനികയുഗത്തിൽ മുന്നേറാൻ ആവില്ല. 44 നദികളും, വിസ്തൃതമായ കടലോരങ്ങളും തുറമുഖങ്ങളും, കായലും, നെൽപ്പാടങ്ങളുമടങ്ങിയ കേരളത്തെ ദീർഘവീക്ഷണത്തോടെ വളർത്തിയെടുക്കാൻ നമ്മുടെ ആസൂത്രണം എത്രകണ്ടു വിജയിച്ചുവെന്നു ആഴത്തിൽ അന്വേഷിക്കണം. കേരളത്തിന്റെ ജൈവവൈവിധ്യം ലോകഭൂമിശാസ്ത്രത്തിലെ അപൂർവ വരദാനമാണ്. 2018-ലെ വെള്ളപ്പൊക്ക തകർച്ചയിൽനിന്നു കരകേറാൻ നിർലോഭം അന്താരാഷ്ട്ര സഹകരണം ലഭിച്ചു. അതു നാം എത്രകണ്ടു വീണ്ടെടുത്തു? ‘നദികൾക്ക് അർഹമായ ഇടം’ (Room for rivers) വല്ലതും നടന്നോ? ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ വേമ്പനാട്ടുകായലിന്റെ ഗതി എന്താണ്? മണലൂറ്റു മാഫിയയും, ഖനനമാഫിയയും നേതാക്കൾക്ക് കറവപ്പശുക്കളാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
നമ്മുടെ ഏറ്റവും വലിയ ഒസ്യത്ത് മനുഷ്യസമ്പത്താണ്. വിദ്യാഭ്യാസവും ആരോഗ്യവും നമ്മെ ഒരു ഉന്നതസമൂഹമായി ഉയർത്തുന്നുണ്ടോ? കേരളത്തിലെ വിജ്ഞാനസമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സാധ്യതകളുണ്ട്. ഏതാണ്ട് ഇരുപതോളം സർവകലാശാലകളുണ്ടെങ്കിലും അന്തർദേശീയ നിലവാരമുള്ള ഒരെണ്ണമെങ്കിലുമുണ്ടോ? കേരളത്തെ വിജ്ഞാനസമൂഹമാക്കാൻ ഈ സർവകലാശാലകൾക്ക് അതിന്റെ എല്ലാ അർഥത്തിലും – അനതിവിദൂരഭാവിയിൽ സാധിക്കുമോ? കൈയും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാൽ തലയും വെട്ടുമെന്ന് സധൈര്യം വിളിക്കാൻ കലാലയ അന്തരീക്ഷത്തിൽ സാധിക്കുമെന്നത് എന്താണ് സൂചിപ്പിക്കുക? ഏതായാലും കേരളത്തെ മാതൃകയാക്കിയത് അതിന്റെ വിദ്യാഭ്യാസ, ആരോഗ്യമേഖലകളാണെങ്കിൽ അവയെ പുനർനിർമിക്കാതെ കേരളത്തിനു നല്ല ഭാവിയുണ്ടാവാൻ വിഷമം.
ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കേരളം, തമിഴ്നാട് പോലുള്ള ബി.ജെ.പി ഇതര സംസ്ഥാനങ്ങളും യൂണിയൻ സർക്കാരും തമ്മിലുള്ള ബന്ധത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. സംസ്ഥാനങ്ങളിലെ സാമ്പത്തിക പോരായ്മ പരിഹരിക്കാൻ സർക്കാരുകൾ തമ്മിലുള്ള വിഭവ കൈമാറ്റം ആവശ്യമാണ്. എന്നാൽ ഇപ്പോൾ ഇത് കൃത്യമായി നടക്കുന്നില്ല. താങ്കൾ എങ്ങനെയാണ് ഈ സാഹചര്യത്തെ കാണുന്നത് ?
ഇന്ത്യൻ ഭരണഘടന രൂപീകരിച്ചപ്പോൾ നിലവിലിരുന്ന ശിഥിലീകരണ പ്രവണതകൾ കണക്കിലെടുത്ത് ഭരണഘടനാശില്പികള്‍ യൂണിയന്‍ സ്വഭാവമുള്ള ഫെഡറേഷനായിട്ടാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. കൂടുതല്‍ നികുതി നികുതിയേതര ധനസ്രോതസ്സുകള്‍ യൂണിയനില്‍ (കേന്ദ്രം എന്ന വാക്ക് ഭരണഘടന ഉപയോഗിക്കുന്നില്ല.) നിക്ഷിപ്തമാണ്. എന്നാല്‍ വികസന ചുമതലകള്‍ അധികവും സംസ്ഥാനങ്ങളിലാണ്. 73/74 ഭരണഘടനാ ഭേദഗതികള്‍ക്കുമുന്‍പ് ഇന്ത്യ ഒരു യൂണിയനും സംസ്ഥാനങ്ങളും അടങ്ങിയ ദ്വിതല ഫെഡറേഷനായിരുന്നു. യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെയാണ് ചുമതലകൾ വിഭജിച്ചിരിക്കുന്നത്. എന്നാൽ, കാലക്രമത്തിൽ കേന്ദ്രം കൂടുതൽ ചുമതലകൾ കൺകറന്റ് ലിസ്റ്റിൽപെടുത്തി. സ്വാധീനം വർധിപ്പിച്ചു. കൂടാതെ, കൂടുതൽ നികുതി സ്രോതസ്സുകളും കേന്ദ്രത്തിന്റെ കീഴിലായി. 2016-ലെ ഗുഡ്‌സ് ആന്റ് സർവീസ് നിയമം നിരവധി പരോക്ഷനികുതികൾ ഒറ്റയടിക്ക് കേന്ദ്രത്തിന്റെ അധികാരവലയത്തിലാക്കി. അങ്ങനെ വിഭവസ്രോതസ്സുകളും, വികസന ചുമതലകളും തമ്മിലുള്ള വിടവ് വർധിച്ചു. ഭരണഘടന ഈ വിടവ് നേരിടുന്നതിനായിട്ടാണ് യൂണിയൻ ഫിനാൻസ് കമ്മീഷൻ ഏർപ്പെടുത്തിയത്. സംസ്ഥാനങ്ങൾക്ക് പ്ലാൻ ഗ്രാന്റുകൾ നൽകാൻ പ്ലാനിംഗ് കമ്മീഷൻ 1950 മുതൽ തുടങ്ങിയെങ്കിലും 2014-ൽ അത് നിർത്തലാക്കി. കൂടാതെ കേന്ദ്ര മന്ത്രാലയങ്ങൾ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. ഇതു വെട്ടിച്ചുരുക്കണമെന്നു കേരളംപോലുള്ള സംസ്ഥാനങ്ങൾ വാദിച്ചെങ്കിലും ഇപ്പോൾ കേന്ദ്രത്തിന്റെ വിഭവ കൈമാറ്റത്തിന്റെ 23 ശതമാനം ഇതിലൂടെയാണ്. ഇത് കേന്ദ്രസർക്കാർ വലിയ മാനദണ്ഡങ്ങൾ ഇല്ലാതെയാണ് കൈമാറുക.
തീർച്ചയായും യൂണിയൻ ഫിനാൻസ് കമ്മീഷനാണ് വിഭവ കൈമാറ്റത്തിലെ നിർണായക സ്രോതസ്. ഒരു ഫെഡറൽ സിസ്റ്റത്തിലെ ധനകാര്യ ബാലൻസ് ( Fiscal balance) സൂക്ഷിക്കുന്ന കർത്തവ്യം കമ്മീഷനുണ്ട്. അതായത് ലംബമാനമായതും തിരശ്ചീനമായതുമായ ബാലൻസ് (vertical and horizontal balance) യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ളതും, സംസ്ഥാനങ്ങൾ തമ്മിൽ തമ്മിലുള്ള സമാന്തര ധനകാര്യ ബാലൻസുകളാണ് ഇവിടെ പരാമർശം. 2000-ലെ 80-ാമത് ഭരണഘടനയനുസരിച്ച് (പത്താം ധനകാര്യ കമ്മീഷന്റെ ശുപാർശപ്രകാരം) സകല യൂണിയൻ നികുതികളും സംസ്ഥാനങ്ങളുമായി വിഭജിക്കപ്പെടുന്നു. 15-ാം ധനകമ്മീഷൻ 41 ശതമാനം നികുതി വിഹിതം ശുപാർശ ചെയ്തു നടപ്പാക്കി. ഇപ്പോൾ അരവിന്ദ് പനാഗരിയായുടെ അധ്യക്ഷതയിലുള്ള 16-ാം കമ്മീഷന്റെ പ്രവർത്തനം അന്ത്യഘട്ടത്തിലാണ്. സംസ്ഥാനങ്ങൾ പൊതുവെ 50 ശതമാനം വിഹിതം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, മുമ്പുള്ളതിൽ കൂടുതൽ ലഭിക്കുമെന്നു പ്രതീക്ഷിക്കാൻ വകയില്ല.
സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം കുറയ്ക്കുക ഒരു ഭരണഘടനാ ലക്ഷ്യമാണ്. എന്നാൽ, കഴിഞ്ഞ 38 വർഷങ്ങളുടെ സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനം പഠിച്ചശേഷമുള്ള എന്റെ നിഗമനം സംസ്ഥാനങ്ങൾ തമ്മിലുള്ള വരുമാന അന്തരം വളരെ വർധിച്ചുവെന്നതാണ്. 1990-കളിലെ കമ്പോള വ്യവസ്ഥതിയിലേക്കുള്ള എടുത്തുചാട്ടത്തിനുശേഷം ഈ അന്തരം കൂടുതൽ രൂക്ഷമായി. മാനവവികസന സൂചികയിലും (Human Development Index) ഈ അന്തരം പ്രകടമാണ്. എന്നാൽ, പ്രതിശീർഷ അന്തരത്തെക്കാൾ കുറവാണ്. ഇതുവരെ മാനവ വികസനസൂചികയിൽ കേരളംതന്നെയാണ് മുന്നിട്ടുനിൽക്കുന്നത്. അതുപോലെത്തന്നെ യു.എന്നിന്റെ സസ്റ്റൈനബിൾ വികസനസൂചികയിൽ (Sustainable development goals) കേരളംതന്നെയാണ് മുന്നിൽ എന്നതും എടുത്തുപറയേണ്ടതുണ്ട്. കേരളത്തെപ്പോലെ ഭരണഘടനയുടെ നിരവധി ലക്ഷ്യങ്ങൾ നേടുന്നതിൽ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനം മെച്ചപ്പെട്ട വിഹിതം അർഹിക്കുന്നുണ്ടെന്നാണ് എന്റെ പക്ഷം.
ഒരുകാര്യംകൂടി ഇവിടെ സൂചിപ്പിക്കട്ടെ. വിഭവസ്രോതസ്സും ചെലവുകളുടെ വർധിച്ചുവരുന്ന ഉത്തരവാദിത്വത്തിന്റെ പശ്ചാത്തലവും കണക്കിലെടുത്തു നിലവിലുള്ള യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് തിരുത്തി സംസ്ഥാനങ്ങളുടെ വിഭവങ്ങളും ചുമതലകളും തമ്മിലുള്ള അന്തരം കുറയ്ക്കാൻ യത്‌നിക്കുന്നതിനു സംസ്ഥാനങ്ങൾ വാദിക്കണമെന്നാണ് തോന്നുന്നത്. ഏതായാലും ഭരണഘടന രൂപീകരണകാലത്തെ സ്ഥിതിയല്ല ഇന്ന്. പതിനൊന്നും, പന്ത്രണ്ടും ഷെഡ്യൂളുകൾ (പഞ്ചായത്ത്, മുനിസിപ്പൽ ചുമതലകൾ വ്യവസ്ഥചെയ്യുന്ന ഷെഡ്യൂളുകൾ) ഒരുപാടു പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരു ലോക്കൽ ലിസ്റ്റ് പുതുതായി എഴുതിച്ചേര്‍ത്തു ഭരണഘടനയുടെ ചുമതലകൾ വിഭജിച്ചു കൂടുതൽ കാര്യക്ഷമവും, യുക്തിസഹവുമാക്കേണ്ടതാണ്.
തിരഞ്ഞെടുപ്പ് പ്രകിയ ജനാധിപത്യത്തിന്റെ മുഖ്യഘടകമാണ്. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് സമ്പ്രദായം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നില്ല എന്ന വിമർശനം ശക്തമാകുന്നുണ്ട്. തിരഞ്ഞെടുപ്പ് സിസ്റ്റം സുതാര്യമാക്കുവാനും ഭരണഘടനയിൽ ഊന്നിയ ജനാധിപത്യത്തെ വിജയിപ്പിക്കുവാനും നാം അടിയന്തരമായി എന്തു ചെയ്യണം ?
വളരെ കരുതലോടുകൂടിയും, കൃത്യമായും ജനാധിപത്യത്തെ ദയാവധത്തിനു വിധേയമാക്കുന്ന ഒരു പ്രക്രിയ ഇന്ത്യയിൽ നടക്കുന്നുവെന്നു ഇന്ത്യൻ ജനാധിപത്യത്തെ പഠിക്കുന്ന നിഷ്പക്ഷമതികൾക്ക് മനസ്സിലാകുന്നുണ്ട്. ഒരു ചീഫ് ഇലക്ഷൻ കമ്മീഷന്റെ സ്ഥാനത്ത് ഇപ്പോൾ മൂന്നുപേർ കമ്മീഷനെ നിയമിക്കുന്നതിൽനിന്ന് ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി. ഇപ്പോൾ പ്രധാനമന്ത്രിയും, മറ്റൊരു യൂണിയൻ മന്ത്രിയും, പ്രതിപക്ഷ നേതാവും അടങ്ങുന്ന കമ്മറ്റിയാണ്. ഭൂരിപക്ഷം കേന്ദ്രത്തിന് എന്നു വ്യക്തം. പൗരസ്വാതന്ത്ര്യം നിഷ്‌കരുണം ഹനിക്കപ്പെടുന്നു. പൗരാവകാശ സംഘടനകൾ മിക്കതും അടച്ചുപൂട്ടപ്പെട്ടു. ഇലക്ഷൻ തിരിമറിയെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ ആരോപണം അമ്പരപ്പിക്കുന്നതാണ്.
സ്വീഡനിലെ ഗോതൻബർഗ് യൂണിവേഴ്‌സിറ്റിയുടെ വിഡെം (Variety of Democracy) ഇൻസ്റ്റിറ്റ്യൂട്ട് 2014 മുതൽ ജനാധിപത്യ രാജ്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നുണ്ട്. അവരുടെ ആറു ജനാധിപത്യസൂചികയിലും ഇന്ത്യ മുന്നോട്ടല്ല. മാത്രമല്ല, ഇൻസ്റ്റിറ്റ്യൂട്ട് വസ്തുനിഷ്ഠമാനദണ്ഡങ്ങൾ ഉപയോഗിച്ച് രാജ്യങ്ങളെ നാലായി തരംതിരിക്കുന്നു. ഉദാരജനാധിപത്യങ്ങൾ, തിരഞ്ഞെടുപ്പ് ജനാധിപത്യങ്ങൾ, തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം, അടഞ്ഞ സ്വേച്ഛാധിപത്യം. 2019 മുതൽ ഇന്ത്യയെ തിരഞ്ഞെടുപ്പു സ്വേച്ഛാധിപത്യമായിട്ടാണ് രേഖപ്പെടുത്തുന്നത്. ഇത് വലിയ സൂചികയാണ്.
എന്താണ് പോംവഴി? നിയമങ്ങൾകൊണ്ട് പോംവഴികൾ അടയ്ക്കപ്പെടുകയാണ്. എന്നാൽ, അടിയന്തരാവസ്ഥ നേരിട്ട സാഹചര്യം ഒരു പ്രേരണയാണ്. മാധ്യമസ്വാതന്ത്ര്യം ഇപ്പോൾതന്നെ പരിമിതമാണ്. സ്വതന്ത്രമാധ്യമമില്ലെങ്കിൽ ജനാധിപത്യവും സ്വാതന്ത്ര്യവും ഇല്ലാതാകുമെന്ന് ഉറപ്പാണ്. യഥാർഥ ദേശീയത സംരക്ഷിക്കപ്പെടണം. പ്രചാരണതന്ത്രങ്ങളെ നേരിടാൻ വിശാലമായ സാമൂഹികമാധ്യമങ്ങൾ രൂപപ്പെടണം. വ്യാജസ്വത്വബോധത്തിന്റെ മയക്കുമരുന്നിൽ ഇന്ത്യൻ സ്വാതന്ത്ര്യം കശാപ്പുചെയ്യാതിരിക്കാൻ ഓരോ പൗരനും ശ്രമിക്കേണ്ടതുണ്ട്.
കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. ഗ്രാമസഭ, സ്ത്രീസംവരണം, അരികുവൽക്കരിക്കപ്പെട്ടവരുടെ പ്രാതിനിധ്യം തുടങ്ങിയ നടപടികളിലൂടെ പങ്കാളിത്തജനാധിപത്യം നടപ്പാക്കാനുള്ള ശ്രമങ്ങൾ കേരളത്തിൽ എത്രമാത്രം വിജയിച്ചു? തദ്ദേശീയജനാധിപത്യം യാഥാർഥ്യമാക്കാൻ സർക്കാരുകൾ എന്തു ചെയ്യണം?
ഗ്രാമസഭ, സ്ത്രീസംവരണം, അരികുവൽക്കരിക്കപ്പെട്ടവരുടെ പ്രാതിനിധ്യം എന്നീ നടപടികൾ, 73/74 ഭരണഘടനാഭേദഗതികൾ ഉറപ്പുവരുത്തുന്ന അവശ്യ തദ്ദേശീയ ജനാധിപത്യഘടകങ്ങളാണ്. പക്ഷേ, കുറെയേറെ പൂരകഘടകങ്ങൾകൂടി പ്രവൃത്തിയിൽ വരുമ്പോൾ മാത്രമേ ജനാധിപത്യം വിജയിക്കുകയുള്ളു. കേരളത്തിന്റെ സന്ദർഭത്തിൽ ഇക്കാര്യം പഠിച്ച് 2009-ൽ ഞാനൊരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതു കില (KILA) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ജനകീയാസൂത്രണം പങ്കാളിത്ത ജനാധിപത്യത്തിലെ ഒരു വൻ പരീക്ഷണമായിരുന്നു. അതു ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗ്രാമസഭയിൽ ജനങ്ങളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും ഉയരുകയും, അവയെ ശ്രദ്ധാപൂർവം ക്രോഡീകരിച്ച് ജില്ലാതലംവരെ ജനാധിപത്യമാർഗത്തിലൂടെ രൂപപ്പെടുത്തുന്ന ഒരു പങ്കാളിത്തപരീക്ഷണം ഒരു വഴിപാടായി ഉദ്യോഗസ്ഥരുടെ കൈയിൽ ഒതുങ്ങുന്നത് വിജയമല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രധാന തടസ്സം ജാതിവ്യവസ്ഥയും ശ്രേണീബദ്ധമായ സാമൂഹിക ബന്ധങ്ങളുമാണെന്ന് നൊബേൽ ജേതാക്കളായ ഡാറൺ അസി മോഗ്ലുവും, ജെയിംസ് റോബിൻസണും പറയുന്നത് കേരളത്തിൽ വലിയ പ്രശ്‌നമായിരുന്നില്ലെങ്കിലും രാഷ്ട്രീയ ഇച്ഛാശക്തിയുടെ അയവുവരെ നീളുന്ന ഒട്ടേറെ കാര്യങ്ങൾ പ്രസ്ഥാനത്തെ ബലഹീനമാക്കി. ഗ്രാമസഭ കോറം തികയ്ക്കാൻ കുടുംബശ്രീക്കാരെ പങ്കുചേർക്കുമ്പോൾ പങ്കാളിത്തത്തിന്റെ തനിമ നഷ്ടപ്പെടുന്നു. പൗരാവലിയുടെ നൈസർഗികമായ കൂട്ടായ്മയാണ് പങ്കാളിത്തം. അതിനുള്ള നിരവധി സ്ഥാപനങ്ങൾ ജനകീയാസൂത്രണത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഒരു മഹത്തായ സംരംഭമായി അത് ഉയർന്നില്ല എന്നത് ഒരുവക ദുരന്തമാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശങ്ങൾ അർഹതപ്പെട്ടവർക്ക് നിഷേധിക്കുന്ന അവസ്ഥ വർധിക്കുകയാണ്. അതോടൊപ്പം മതവിദ്വേഷം പടർത്തി ന്യൂനപക്ഷ – ഭൂരിപക്ഷ ചേരിതിരിവ് സൃഷ്ടിച്ച് ഇന്ത്യ എന്ന ആശയത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്നു. ഈ സാഹചര്യത്തോടുള്ള താങ്കളുടെ പ്രതികരണം എന്താണ്?
ഒരു ന്യൂനപക്ഷ പ്രശ്‌നം എന്നതിനെക്കാൾ ഇന്ത്യ എന്ന ആശയം വെല്ലുവിളി നേരിടുന്ന ചരിത്രസന്ദർഭത്തിലൂടെ കടന്നുപോകുകയാണ് നാം. 1917-ൽ രവീന്ദ്രനാഥ ടാഗോർ തന്റെ ‘ദേശീയത’ (Nationalism) എന്ന പുസ്തകത്തിലാണ് ഇന്ത്യ എന്ന ആശയം അവതരിപ്പിച്ചത്. 1945-ൽ അഹമ്മദാബാദ് ഫോർട്ട് ജയിലിൽ കിടന്ന് ‘ഡിസ്‌ക്കവറി ഓഫ് ഇന്ത്യ’ എഴുതിയപ്പോൾ ജവഹർലാൽ നെഹ്‌റു ഉയർത്തിയ പ്രശ്‌നമാണ് എന്തോന്നാണ് ഈ ഇന്ത്യ? അവിടെനിന്ന് അദ്ദേഹം ഏറെ മുമ്പോട്ടുപോയി. ഭാരതവും. എനിക്ക് പറയാനുള്ള കാര്യങ്ങൾ താഴെ ചേർക്കുന്ന രണ്ട് ഉദ്ധരണികളിലൂടെ ഞാൻ വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. ഒന്ന് സുനിൽ കിൽലാനിയുടെ ‘ഇന്ത്യ എന്ന ആശയം’ എന്ന പുസ്തകത്തിൽനിന്നാണ്. മറ്റേത് ശശിതരൂരിന്റെ ‘അംബേദ്കർ’ എന്ന പുതിയ ഗ്രന്ഥത്തിൽനിന്ന്. “ബ്രിട്ടീഷ്, ഹിന്ദു ദേശീയത ചരിത്ര കൈകാര്യം ചെയ്തതിൽനിന്ന് വ്യത്യസ്തമായി, നെഹ്‌റു ഓർമകൾ ഉത്തേജിപ്പിക്കുന്ന ടാഗോറിന്റെ ആധികാരിക പഴമയെ വാരിയെടുത്തു”. എന്നാൽ, പഴങ്കഥകളെ മാറ്റി ആധുനിക ഇന്ത്യ എന്ന ആശയത്തെ ഇങ്ങനെ രേഖപ്പെടുത്തുന്നു: “ഇന്ത്യ എന്ന സങ്കല്പനത്തിന്റെ ആധുനിക ആശയം ടാഗോറിന്റെ നിഗൂഢമർമത്തിന്റെ സ്വാധീനമുണ്ടെങ്കിലും ഗാന്ധിയുടെ ആത്മീയവും ധാർമികവുമായ സ്വാധീനമുണ്ടെങ്കിലും അംബേദ്ക്കർ, നെഹ്‌റു, പട്ടേൽ (ഇംഗ്ലീഷ് അക്ഷരമാലക്രമത്തിൽ) എന്നീ റിപ്പബ്ലിക്കിന്റെ അടിസ്ഥാനശില്പികളുടെ ബലിഷ്ഠമായ മതേതരവും, നിയമപരവുമായ ദർശനത്തിന്റെ അടിത്തറയിൽ പണിതിട്ടുള്ളതാണ്. ഭരണഘടനയുടെ പീഠിക (Preamble) തന്നെ ഈ ദർശനത്തിന്റെ വാചാലമായ അടയാളപ്പെടുത്തലാണ്.” ഈ ഉദ്ധരണികൾ നിരത്തിയത് ഇന്ത്യ എന്ന ആശയത്തിന്റെ നഗ്നമായ എതിർപ്പാണ്. വെറുപ്പിന്റെ രാഷ്ട്രീയം എന്നു പറയാനാണ്. മനുഷ്യത്വത്തെ മാനിക്കാത്ത എല്ലാ പ്രസ്ഥാനങ്ങളും ക്രൂരവും, നിന്ദ്യവുമാണ്. ഇത് ന്യൂനപക്ഷങ്ങളുടെ പ്രശ്‌നമല്ല.
ഒരാളുടെ വിശ്വാസം, ഭക്ഷണം, നിറം ഒക്കെ നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ ഹിംസാത്മക സമീപനം സ്വീകരിക്കുന്നത് ഒരു മതത്തിനും യോജിച്ചതല്ല. പഞ്ജരത്തിൽ പറ്റിനിന്നുകൊണ്ട് ഒരു പക്ഷിക്കും ഒരു കഴുകനും ഉയർന്നു പറക്കാനാവില്ല.


