അവനും മാനും ഞാനും ഒരു തമാശക്കഥ

അവനും മാനും ഞാനും ഒരു തമാശക്കഥ

കഥ / ബിനുരാജ്. ആർ. എസ്.

പണ്ടാണ്, എന്നാൽ അത്ര പണ്ടുമല്ല.ഒരു ജന്മിയുണ്ടായിരുന്നു. എല്ലാ ജന്മിമാരെയുംപോലൊരു ജന്മി. ഇരുപതുപറക്കണ്ടം. തെങ്ങ്, കവുങ്ങ്, ആഞ്ഞിലി, തേക്ക്. കരിവീട്ടിയൊത്ത കല്ലൻ പണിക്കാർ. നിലത്ത് വീണതെടുക്കാനും കുനിയേണ്ട. കണ്ണെത്താപ്പറമ്പിന്റെ നാലതിരിനും കാവൽമാടങ്ങൾ. വിളിപ്പുറത്തെ കുടിലിൽ അടിയാനും പെണ്ണും. ഓടിട്ടടച്ച ഇരുനിലവീട്. ഭാര്യ;സുന്ദരി, മകൾ; തങ്കക്കുടം. നല്ലൊരു കലാഹൃദയൻ. പടിക്കൽ ചാരുകസേരയിൽ ഉറക്കംകാത്ത് കിടക്കുമ്പോഴും കൈകൾ താളംപിടിച്ചു കൊണ്ടേയിരിക്കും. ഒരിറക്ക് സംഭാരം കുടിക്കുമ്പോഴും തലയാട്ടി, സാവധാനം, ആസ്വദിച്ച്..

അതേ സാവധാനത്തിൽ, സ്വാഭാവികതയോടെ ഒരാഗ്രഹം ജന്മിയുടെ മനസ്സിലേക്ക് അനങ്ങിയനങ്ങി വന്നങ്ങ് കയറിക്കൂടി. അതിന്റെ ഇക്കിളിയും തരക്കേടുമൊക്കെ ജന്മി അറിഞ്ഞാസ്വദിക്കുന്നുണ്ടായിരുന്നു. കൈയെത്താക്കൊമ്പിലിരിക്കുന്നതും, എങ്ങനെയും സ്വന്തമാക്കണമെന്നു തോന്നലുണ്ടാക്കുന്നവയുമാണല്ലോ ആഗ്രഹങ്ങൾ. അങ്ങനെ നോക്കിയാൽ ജന്മിയുടെ ആഗ്രഹം ഒരാഗ്രഹമൊന്നുമല്ല. എപ്പോൾ വേണമെങ്കിലും കൈപ്പിടിയിലൊതുക്കാവുന്ന, കൺമുന്നിലിരിക്കുന്ന സ്വന്തം വക – തന്റെ വിശ്വസ്തനായ, തന്റെ വീടിനടുത്ത് വിളിപ്പുറത്തുതന്നെ കുടിലുകെട്ടിപ്പാർക്കുന്ന അടിയാന്റെ ഭാര്യ. അവളത്ര സുന്ദരിയൊന്നുമല്ല. എന്നാൽ, ഈയിടെയായി അവൾ യജമാനത്തിയുടെ തുണിയലക്കാൻ കുളക്കരയിലേക്കു പോകുന്നതുകാണുമ്പോൾ ഒരു കൗതുകം. അടിച്ചുവാരാൻ വീടിനകത്തുകയറുമ്പോൾ, ഇടനാഴിയിൽവച്ച് അടുത്തുകൂടി നടന്നുപോകുമ്പോൾ വിയർപ്പുപൊടിയുന്ന മണം മൂക്കിൽത്തൊടുമ്പോൾ ഒരുത്സാഹം.

ഓർക്കുമ്പോൾ ജന്മിക്ക് തന്നെ വലിയ തമാശ. എന്റെ ജന്മിത്വംവച്ച്, എന്റെ പൂർവികരുടെ തന്റേടംവച്ച്, എന്റെതന്നെ പൂർവചരിത്രത്തിന്റെ കേമത്തംവച്ച് ഇതൊക്കെയൊരാഗ്രഹമാണോ? ഇനിയൊരാഗ്രഹമാണെങ്കിൽത്തന്നെ, ആഗ്രഹവും സാഫല്യവും തമ്മിലുള്ള അകലം എത്ര കഷ്ടി.

പക്ഷേ, വേണ്ട. ജന്മിയുടെ കലാഹൃദയം ഇടപെട്ടു. കാത്തിരുന്ന്, കണ്ടറിഞ്ഞ്, ഇംഗിതമറിയിച്ച്, നയത്തിൽ ആഗ്രഹപൂർത്തീകരണം നടത്തുന്നതിലൊരു സൗന്ദര്യമില്ലേ. അല്ലെങ്കിൽ അതുമാത്രമല്ലേ സുന്ദരം. അവളാണെങ്കിൽ കാണക്കാണെ കൂടുതൽ സുന്ദരിയായി മാറുന്നു. നടപ്പിലും ഇരുപ്പിലുമൊക്കെ ഒരിക്കിളിതരുന്നു. കുറച്ചസൂയയും. എന്നുവച്ച് അവളൊരിക്കലും തന്റെ ഭാര്യയുടെ ഏഴയൽപക്കത്ത് വരില്ലെന്ന് ജന്മിക്ക് നന്നായറിയാം. അതങ്ങനെ വരാനേ പാടുള്ളൂതാനും. മൂന്നുനേരം ശരിക്കുണ്ട്, ചന്ദനംതേച്ചുകുളിച്ച് തുടുത്തിരിക്കുന്ന അകത്തമ്മയോളം വരുമോ കെട്ടുമാടത്തിലെ കിടാത്തി? എങ്കിലും അവളുടെ നടപ്പിന്റെയൊരു താളവും ചൊടിയും. ഇവളെന്റെ കെട്ട് പൊട്ടിക്കുമോ? ഓർക്കുന്തോറും വല്യ തമാശതോന്നി ജന്മി ഇടയ്ക്കിടെ ഒറ്റയ്ക്കിരുന്ന് ചിരിക്കാനും തുടങ്ങി.

പുസ്തകം വായിച്ചും കവിതയെഴുതിയും ചെലവഴിച്ച വിശ്രമനേരങ്ങൾ, ജന്മി പിന്നെ അവളെക്കുറിച്ചോർത്ത് പുഷ്ക്കലമാക്കി. നാലുംകൂട്ടി മുറുക്കുമ്പോൾ ചിന്തിക്കാൻ ഇതിലുംനല്ലൊരു വിഷയമില്ലെന്നു ജന്മിയറിഞ്ഞു. ഓർക്കുന്തോറും ചിരി. ചിരിക്കുന്തോറും രസം. ഈ രസച്ചരട് പൊട്ടിക്കാതെതന്നെ നീട്ടിച്ചുറ്റിക്കൊണ്ട് പോകണമെന്ന് ജന്മിയോർത്തു.

എന്നാലും എങ്ങനെ? നേരെപോയി കാര്യമറിയിക്കാൻ പറ്റുമോ? അടിയാനെ ഒരു തടസ്സമായിക്കാണേണ്ടതില്ല. അവനെ പാടത്തേക്കു പറഞ്ഞയയ്ക്കാം. അല്ലെങ്കിലും ഞാൻ കൊടുക്കുന്ന ആജ്ഞ ലംഘിക്കാൻ അവനാര്? അവൻ വേണമെങ്കിൽ വിളക്കുംപിടിച്ച് കാവൽ നിൽക്കും. നിറുത്തിയിട്ടുണ്ട്, പലകാലത്തും. ഇവിടെ, പക്ഷേ, അതുവേണ്ട. അതിലൊരു സൗന്ദര്യമില്ല. പിന്നെയെങ്ങനെ? ഓർക്കുന്തോറും ചിരി. ചിരിക്കുന്തോറും രസം.

അതിനിടയിൽ, ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത പലതും അടിയാളത്തിയിൽ ജന്മിക്ക് കണ്ടെത്താനും കഴിഞ്ഞു. ഒറ്റമുണ്ടുമുടുത്ത് അവളങ്ങനെ നടന്നുപോകുന്നത് നോക്കിനിന്നപ്പോൾ തോളിന്റെ വശത്തായൊരു കാക്കപ്പുള്ളി. പിന്നെ, കുളിച്ചുനനച്ചുവരുന്ന തക്കംനോക്കി കാത്തുനിന്ന് എതിരേ ചെന്നപ്പോഴുണ്ട്, അപ്പോഴും നനവുപടർന്നിരിക്കുന്ന മുഖത്ത്, മൂക്കിനുതാഴെ, നനുത്ത് പടർന്ന് ചെമ്പൻ രോമങ്ങൾ. അവളുടെ കൺപുരികത്തിനിത്ര കട്ടിവന്നതെന്നാണെന്ന് പുകഞ്ഞാലോചിച്ച് പിന്നെയും ചിരി. ചിരിക്കുന്തോറും രസം. എന്തായാലും ആ ചിരിയും രസവും അങ്ങനെയങ്ങ് തീർക്കേണ്ടെന്ന് ജന്മിക്കുംതോന്നി. സമയമുണ്ടല്ലോ. ഒരായുസ്സിന്റെ നീളം. പിന്നെ, കലാസ്വാദകനുമല്ലേ. എത്തിച്ചേരേണ്ടയിടം മാത്രമല്ല, നടക്കുന്ന വഴിയും ആസ്വദിക്കേണ്ടതല്ലേ.

ഇടയ്ക്ക് പറമ്പിന്റെ അതിർത്തിക്കപ്പുറത്തുള്ള ചെറുവനത്തിൽ വേട്ടയ്ക്കുപോകുന്ന ശീലമുണ്ട്, ജന്മിക്ക്. അടിയാനെയും കൊണ്ടാവും പോക്ക്, ഭക്ഷണം ചുമക്കാനും വഴിതെളിക്കാനുമൊക്കെ. മുത്തച്ഛൻ സംഘടിപ്പിച്ച് സൂക്ഷിച്ച പഴയൊരു തോക്കുണ്ട് വീട്ടിൽ. അന്ന് മനുഷ്യനെ കൊന്നിട്ടുള്ളത്. ഇന്ന് കൊല്ലാൻ കാട്ടിൽപോലും മൃഗങ്ങളില്ലെങ്കിലും തോക്കുംകൂടി കൈയിലെടുക്കും ജന്മി. ഒരു മുയലിനെപ്പോലും കിട്ടാറില്ല. എങ്കിലും തിരിച്ചിറങ്ങുംവഴി ആകാശത്തേക്ക് പിടിച്ച് ഒരു വെടി പൊട്ടിക്കും. കിളികൾ കരഞ്ഞ് പറക്കുന്നതെങ്കിലും കാണാമല്ലോ.

ഒരുനാൾ, അങ്ങനെയൊരു നായാട്ടിനുപോയി ഒരു കിളിയൊച്ചപോലും കേൾക്കാൻ കഴിയാതെ നിരാശനായി തിരിച്ചിറങ്ങുകയായിരുന്ന ജന്മി മരച്ചുവട്ടിൽ ഒരു കേഴമാൻ ഉറങ്ങിക്കിടക്കുന്നതുകണ്ടു. ശ്ശെടാ, ഇത്രനാളും ഞാനീ കേഴയെ കണ്ടിട്ടേയില്ലല്ലോ. ഒച്ചയുണ്ടാക്കാതെ, ശ്രദ്ധിച്ച് രണ്ടടികൂടി മുന്നോട്ട് വച്ചു. അടിയാനെ പിറകിലേക്കു മാറാൻ കൈയാംഗ്യം കാട്ടി. അനക്കമില്ല കേഴയ്ക്ക്. തോക്കുചൂണ്ടി. വെടി വച്ച് പരിചയം കുറവാണ്. ഉന്നം തെറ്റിപ്പോകുമോ? എന്നാലും കുഴപ്പമില്ല. ആരും അറിയാനൊന്നും പോകുന്നില്ലല്ലോ. അടിയാനൊരക്ഷരം മിണ്ടില്ല.

ഉന്നം നോക്കി അല്പനേരം നിന്ന ശേഷമാണ് ജന്മിക്കൊരു സംശയമുദിച്ചത്. തോക്കു താഴ്ത്തി ഒന്നുകൂടി അടുത്തേക്കു ചെന്നു. ഇല്ല. അനക്കമില്ല. തൊട്ടടുത്തുചെന്ന് ഒന്നറച്ചുനിന്നശേഷം തൊട്ടുനോക്കി. ഉറപ്പിച്ചു. ചത്തു.

ശവശരീരം. അതും കേഴമാന്റെ. ജന്മി ഉള്ളാലെ പുഞ്ചിരിച്ചു. തിരിച്ചുംമറിച്ചും നോക്കി. ചത്തിട്ട് അധികമായിട്ടില്ല. കേഴയുടെ വായ തുറന്നുനോക്കി. വയറ് തട്ടിനോക്കി. നാക്ക് തൊട്ടുനോക്കി. വായിൽ നിന്നൂറിയ പതവീണ നനവ് മണ്ണിൽനിന്ന് മാറിയിട്ടില്ല. വിഷക്കായ കടിച്ചതാണ്. വൈദ്യപാരമ്പര്യമുള്ള താവഴിയാണ് ജന്മിക്ക്. ഇതൊക്കെ നോട്ടംകൊണ്ട് തിരിച്ചറിയാം. കേഴയുടെ ശരീരംകൂടി ചുമന്ന് കൊള്ളാൻ അടിയാനോട് കല്പിച്ചു. പിന്നെ വൈകിയില്ല. നേരേ വീട്ടിലേക്ക്. അതിർത്തിയിലെ കാവൽമാടത്തിൽ മാനിനെ കിടത്തിയിട്ട് അടിയാനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു ജന്മി. എന്നിട്ട് തൊടിയാകെ കയറിയിറങ്ങി തനിക്ക് മാത്രമറിയുന്ന ചില പച്ചമരുന്നുകളും പറിച്ച് തിരിച്ചെത്തി. അരച്ചുരുട്ടി മുന്നിൽ വച്ചു. ചില മരുന്നിലകൾ കശക്കി കേഴയുടെ മൂക്കിലിറ്റിച്ചു. മാനിനെ അവിടെക്കിടത്തി നേരേ വീട്ടിലേക്ക്. അപ്പോഴും ജന്മിക്ക് ചിരി. ചിരിക്കുന്തോറും രസം.

തലമുറകളായി കൈമാറിവന്നു ജന്മിക്ക് കിട്ടിയ ഒരു രഹസ്യവിദ്യയുണ്ട് – കൂടുവിട്ട് കൂടുമാറൽ. ശീലിച്ചെടുക്കാൻ ഏറ്റവും പ്രയാസം. ശീലിച്ചെടുത്താൽ ഏറ്റവും എളുപ്പം. സ്വന്തംസത്തയെ ശരീരം വിട്ട് പുറത്തിറക്കാം. എവിടെ വേണമെങ്കിലും പോകാം. എന്തും കാണാം. സത്തയില്ലാത്ത മറ്റൊരു ദേഹത്തു കടക്കാം. ആ ദേഹത്തിന്റെ സാധ്യതകളൊക്കെ അനുഭവിക്കാം. തിരിച്ചുവരാം.

ഇതുപോലൊരു ശരീരം ഞാനെത്ര നാളായി കൊതിക്കുന്നു. നായയും പൂച്ചയുമൊന്നും മാനോളമൊക്കില്ലല്ലോ. പൂട്ടിയിട്ട മുറിയിൽ സ്വന്തംശരീരം ഉറക്കിക്കിടത്തി, ഓടിച്ചെന്ന് മാനിലേക്ക് പാഞ്ഞു കയറുന്നതിനിടയിൽ ജന്മിയുടെ സത്ത ചിന്തിച്ചു. കേഴയുടെ ശരീരത്തിലാകെ ഒരുസ്വസ്ഥതയുണ്ട്. എണീക്കാൻ ബുദ്ധിമുട്ട്. കിടന്നുകൊണ്ടുതന്നെ ജന്മിമാൻ അടുത്തുകിടന്ന മരുന്നുരുള ഭക്ഷിച്ചു. നിമിഷങ്ങൾക്കുള്ളിൽ നിർത്താതെ ഛർദ്ദി. ഇപ്പോൾ ആശ്വാസമുണ്ട്. വിശപ്പും. എണീറ്റ് പറമ്പിലേക്കിറങ്ങി യഥേഷ്ടം മേഞ്ഞു. നീർച്ചാലിൽനിന്ന് തെളിനീരുകുടിച്ചു. പിന്നെ കുണുങ്ങിച്ചാടി അടിയാളക്കുടിയിലേക്ക്. ചിരി. രസം.

അടിയാളത്തി നോക്കിയപ്പോൾ ഓമനത്തമുള്ളൊരു കേഴമാൻ. എന്നെക്കണ്ടിട്ടും പേടിച്ചോടാതെ അവനവിടെത്തന്നെ നിൽക്കുന്നുണ്ടല്ലോ. ഹാ, ഹാ. തുള്ളിച്ചാടിക്കളിക്കുന്നത് കാണാനെന്തു രസം. അടിയാളത്തി പണിയെടുപ്പു നിർത്തി ഒട്ടുനേരം നോക്കിനിന്നു. പിന്നെ ജന്മി വരുന്നുണ്ടോന്ന് ചുറ്റും നോക്കി.

അയാൾക്കീയിടെ എന്നെയൊരു നോട്ടമുണ്ട്. മുന്നുംപിന്നും മണപ്പിച്ച് നടപ്പാ. ഇങ്ങനെയാണോ ജന്മിമാര്? ചുറ്റുപാടും ആരുമില്ലെന്നുറപ്പ് വരുത്തി അടിയാളത്തി പതുക്കെ മാനിനടുത്തേക്ക് നീങ്ങി.

കൊള്ളാമല്ലോ, ഇവനെന്താ എന്നെ കാണിക്കാൻ വേണ്ടിയാണോ ഇങ്ങനെ കിടന്നു കഥകളി തുള്ളുന്നത്? പൃഷ്ടവും തലയും കുലുക്കി, താളത്തിലാടി. രസം തന്നെ.

തൊടാവുന്നത്ര അടുത്തെത്തിയിട്ടും ഓടിപ്പോകാഞ്ഞതു കണ്ട് അടിയാളത്തി മാനിനെ കൈനീട്ടി തൊട്ടു. തടവി. ചേർത്തുപിടിച്ചു. ആസകലം തഴുകി. പുണർന്നു. ചുണ്ട് ചേർത്തു. മനുഷ്യസ്നേഹം കൊതിച്ചിട്ടെന്നപോലെ അത് അവളോട് ചേർന്നുനിന്നുകൊടുത്തു. ഒട്ടുനേരം വാരിപ്പുണർന്ന് നിന്നശേഷം അവൾ പതുക്കെ കേഴയെ വിടുവിച്ചു. ഓടിപ്പൊയ്ക്കളയുമോ എന്നു സംശയമുണ്ടായിരുന്നു. പോയില്ല. ചുറ്റിപ്പറ്റി, മണപ്പിച്ച്, തൊട്ട്, നക്കി, നിന്നു. അടിയാളത്തി വച്ചുനീട്ടിയ പുൽനാമ്പുകൾ കടിച്ചു. പിന്നെ തുള്ളിച്ചാടി മറഞ്ഞു.

കേഴയെ വളർത്താൻ കിട്ടിയിരുന്നെങ്കിലെന്ന് അടിയാളത്തി ആത്മാർഥമായും ആഗ്രഹിച്ചു. പക്ഷേ, എങ്ങനെ? എവിടെ വളർത്താൻ? ആ ജന്മിയെങ്ങാനും കണ്ടാൽ കൊന്നുകളയാനും മതി. തോക്കും ചൂണ്ടി കാട്ടിൽ കയറുന്ന വഴിക്കൊന്നും മുന്നിച്ചെന്നുനിന്ന് കൊടുക്കല്ലേ. ഇത്രയ്ക്ക് ഇണങ്ങിയതുകൊണ്ട് ഇനിയും വരുമായാരിക്കും. എന്തായാലും രസം തന്നെ.

കാവൽപ്പുരയിൽ മാനിന്റെ ശരീരമുപേക്ഷിച്ച് സ്വന്തം ശരീരത്തിലേക്ക് പായുന്ന ജന്മിയുടെ സത്തയും ഏറിയ രസത്തിൽത്തന്നെ. പരിപാടി കൊള്ളാം. അവളെ തൊട്ടും മണപ്പിച്ചുമിരിക്കാൻ ഇതിലുംനല്ലൊരു രൂപമില്ല. ഒരുമാത്ര, ജന്മിസത്തയുടെ ആവേശം ശ്രവിച്ച് കേഴശരീരത്തിലെ പൊടിപ്പുപോലും ഒന്നുണർന്നു. അവളതിലും രസംപിടിച്ചങ്ങ് മദിക്കുകയല്ലായിരുന്നോ. ഇത്രയും രസമൊക്കെ കിട്ടുമോ പഴയ ജന്മിത്തം കാട്ടലിൽ? ഇതിലല്ലേ സൗന്ദര്യം, കവിത. ഒറ്റക്കാര്യം മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. നിശ്ചിതസമയത്തിനകം സ്വന്തംശരീരത്തിൽ കയറിക്കൊള്ളണം. സത്തയില്ലാത്ത ദേഹത്തെ അണുക്കൾ നശിപ്പിക്കാൻ തുടങ്ങും. കേഴയുടെ ദേഹവും അതുപോലെ സൂക്ഷിക്കണം. ഇനിയുമിനിയും കയറേണ്ടതല്ലേ. കേഴജന്മം തരുന്ന സുഖാനന്ദത്തിൽ ജന്മിജന്മം മറക്കല്ലേന്ന് സ്വയമുപദേശിച്ച് ജന്മി ഊറിച്ചിരിച്ചു. ചിരിക്കുന്തോറും രസം.

സമയം കിട്ടുമ്പോഴൊക്കെ ജന്മി പിന്നെയും കേഴജീവിതം ആടിക്കൊണ്ടേയിരുന്നു. അണുശല്യമുണ്ടാകാതിരിക്കാൻ പ്രത്യേക ലേപനങ്ങൾ തയ്യാറാക്കി ഇടയ്ക്കിടെ കേഴദേഹം ഉഴിഞ്ഞു. കൃമികൾക്ക് കടക്കാൻ അവസരം കിട്ടാത്തതരത്തിൽ കേഴദേഹവും സ്വദേഹവും മാറിമാറി ഉപയോഗിച്ചു.

അടിയാളത്തിക്കും അതിശയം. ഇടയ്ക്കിടെ മാൻ എന്നെക്കാണാൻ വരുന്നു. എവിടെയൊക്കെ തൊടുന്നു. എന്തൊക്കെ കാട്ടിക്കൂട്ടുന്നു. ജന്മി ഉറങ്ങുന്നനേരം കൃത്യമായി നോക്കിയിട്ടാണെന്നു തോന്നുന്നു ഇവനെന്നോടൊത്ത് കളിയാടാൻ വരുന്നത്. കുസൃതികാട്ടൽ കനക്കുമ്പോൾ എടുത്തങ്ങു തിന്നാൻ തോന്നും. ശ്ശൊ, എന്റാണാപ്പിറന്നോൻ ഇതൊന്നും അറിയണ്ട.

ഒരുദിവസം മാൻവേഷമഴിച്ച് സ്വദേഹത്തിലേക്ക് കൂടുമാറാനുള്ള മടക്കയാത്ര ചെയ്യുകയായിരുന്നു ജന്മിയുടെ സത്ത. ഇക്കിളിയും രസവും ഉച്ചിയിൽ നിൽക്കുകയാണ്. ഇനി ജന്മിത്തം കാട്ടിയാണെങ്കിലും അവളെ പ്രാപിക്കാതെ വയ്യ. ജന്മിയുടെ ഉള്ളിൽ ഒരു കലാകാരനും കാട്ടാളനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിപ്പെട്ടു. ആരു ജയിക്കുമെന്നു ജന്മിക്ക് നന്നായറിയാം. പോകുംവഴി ജന്മിയുടെ സത്ത അടിയാളക്കുടിയിലേക്ക് ഒന്നുകൂടിയൊന്നു പാളി. ഒരിക്കൽക്കൂടി കാണാമല്ലോ. പക്ഷേ, അവളെക്കാണുംമുന്നേ തികച്ചും അപ്രതീക്ഷിതമായി സത്ത മറ്റൊന്നു കണ്ടു. തന്റെ അടിയാൻ അതാ വീട്ടിനുള്ളിൽ പാവിരിച്ച് കിടന്നുറക്കം. ഇവനെന്തിനാ ഈ നേരം ഉറങ്ങാൻ വന്നത്? പാടത്ത് പണിയൊന്നുമില്ലേ? സത്തയ്ക്ക് കോപംവന്നു. ചവിട്ടിയെണീപ്പിക്കണമെന്നുണ്ട്. പക്ഷേ, സത്തയല്ലേ. ചവിട്ടിയാലും ഏൽക്കില്ലല്ലോ. അതിനിടയിൽ സത്ത മറ്റൊന്നുകൂടി ശ്രദ്ധിച്ചു. അടിയാന്റെ ശരീരത്തിന് അനക്കമില്ല. നേരിയ മിടിപ്പുപോലും. സത്ത അടുത്തുചെന്നുനോക്കി. അതേ, അവൻ ചത്തു. ചൂട് അപ്പാടെ മാറിയിട്ടില്ല. അധികനേരമായിക്കാണില്ല. ഒരുനിമിഷം തന്റെ വിശ്വസ്തസേവകൻ മരിച്ചതിൽ സത്തയ്ക്ക് ദുഃഖം തോന്നിയെങ്കിലും, തൊട്ടടുത്ത നിമിഷം ദുഃഖത്തെക്കാൾ ശക്തിയുള്ള മറ്റൊരു വികാരം തുള്ളിത്തെറിച്ച് മുന്നിൽവന്നു.

ഹാ, ഇവന്റെ ദേഹം എനിക്ക് കിട്ടിയാൽ.. രസമിങ്ങനെ കേറിക്കേറിപ്പോയാൽ താമസിയാതെ എനിക്കുതന്നെ അവനെ കൊല്ലേണ്ടിവരുമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഇതിപ്പൊ വിശ്വസ്തനായ അടിയാനെ കൊല്ലുന്ന പ്രയാസത്തിൽനിന്ന് ഒഴിഞ്ഞല്ലോ.

ജന്മിസത്ത വേഗം അടിയാളന്റെ ശരീരത്തിലേക്കുവീണു. അടിയാളശരീരം ഒന്നനങ്ങി. എന്നാലും ഇവനെങ്ങനെ മരിച്ചു? ശരീരത്തിന് അസ്വാസ്ഥ്യമൊന്നുമില്ലല്ലോ. ജന്മി അടിയാളശരീരത്തിൽ എണീറ്റു. നടന്നു. കൈകാലുകളുയർത്തിത്താഴ്ത്തി. ശരീരത്തിനു കേടൊന്നുംവരാതെ അവനെങ്ങനെ മരിച്ചു? ങാ, ചിലപ്പോൾ ചങ്കിടിപ്പ് പെട്ടെന്ന് നിന്നുപോയിക്കാണും. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതുമാവാം. ജീവൻ പോയ വെപ്രാളത്തിൽ ഭക്ഷണം ഉള്ളിലേക്കും പോയിക്കാണും. സമയമാകുമ്പോൾ കാറ്റു വീശിയാലും മതിയല്ലോ. ഇപ്പൊ അതൊന്നും ചിന്തിക്കാൻ ജന്മിക്ക് സമയമില്ല. വേഗം കൂരയുടെ പിൻവാതിലിലേക്ക്.

മാനുമായി കെട്ടിമറിഞ്ഞ്, രസിച്ചാർത്ത് മടങ്ങിയതായിരുന്നു അടിയാളത്തി. കൂരയിൽ കയറാനോങ്ങിയതും തൊട്ടുമുന്നിലതാ തന്റെ ആണാപ്പിറന്നവൻ. ഇതെന്താ ഇപ്പൊ ഒരു വരവ്? ഇങ്ങനെയൊരു നോട്ടം? ജന്മി കാണില്ലേയെന്നു പരിഭ്രമിച്ചെങ്കിലും പൊട്ടാൻ വെമ്പിനിൽക്കുന്ന രസച്ചരട് ഉള്ളിലൊതുക്കി വശംകെട്ട് ഇനിയുമെത്രയിങ്ങനെ? അവളും അയാളെയൊന്നു കടാക്ഷിച്ചു.

കുന്നോളം രസിച്ചതിന്റെ സുഖാലസ്യത്തോടെ ജന്മിസത്ത അടിയാളശരീരത്തിലേറി വേച്ചുനടന്നു. ഇനി ഞാനിവന്റെ ദേഹവും തൈലമിട്ട് സൂക്ഷിക്കേണ്ടി വരുമല്ലോ. ആവട്ടെ. പക്ഷേ, ഇപ്പൊ സ്വദേഹത്തേക്ക് കയറാനുള്ള സമയമായിക്കഴിഞ്ഞു. മാനിനൊപ്പം അടിയാന്റെ ദേഹവും കിടത്തിയിട്ട് ജന്മിസത്ത വേഗം സ്വദേഹത്തേക്ക് പറന്നു.

ഉള്ളിൽനിന്നു പൂട്ടിയിട്ടുപോയ അറയിലെത്തിയ ജന്മിസത്ത ഒരു സത്തയ്ക്ക് ഞെട്ടാവുന്നയത്രയും ഉച്ചത്തിൽ ഞെട്ടി. പക്ഷേ, സത്തയുടെ ഞെട്ടലൊച്ച ആരു കേൾക്കാൻ?

എന്റെ ദേഹമിതെവിടെപ്പോയി?

സത്ത ചുറ്റും നോക്കി. കതക് ആരോ തുറന്നിട്ടിരിക്കുന്നു. കട്ടിലിനടിയിലും അലമാരയ്ക്കുള്ളിലും കടന്നുനോക്കി. ഇല്ല. ഏറ്റവും ഭീകരമായ ഒരു സാധ്യത ജന്മിക്കു മുന്നിൽ ചിത്രംപോലെ തെളിഞ്ഞു. പുറത്തുനിന്ന് തട്ടിയിട്ട് തുറക്കാതെ വന്നപ്പോൾ ഭാര്യ പണിക്കാരെ വിളിച്ച് കതക് തള്ളിത്തുറന്നതാകുമോ? അനക്കമറ്റ ശരീരംകണ്ട് മരിച്ചെന്നു വിശ്വസിച്ചിട്ടുണ്ടാവുമോ? അങ്ങനെയാണെങ്കിൽ? ജന്മി വേഗം വീടിന്റെ മുൻഭാഗത്തേക്കോടി. ശരീരം വെള്ളപുതച്ച് കിടത്തിയിരിക്കുകയാവും. പെട്ടെന്നു കയറിപ്പറ്റണം. ആളു കൂടുംമുന്നേ എണീക്കണം. ഇല്ലെങ്കിൽ കുഴപ്പമാവും. ഇനിയെന്റെ ദേഹം അവർ കത്തിക്കാനെങ്ങാനും തുടങ്ങിക്കാണുമോ?

ചിന്തിക്കുന്ന വേഗത്തിൽ മുൻഭാഗത്തെത്തിയ ജന്മിസത്ത ഒരു സത്തയ്ക്ക് ഞെട്ടാൻ കഴിയുന്നതിനെക്കാളും ഒച്ചയിൽ വീണ്ടും ഞെട്ടി. അതാ താനിരിക്കുന്ന ചാരുകസേരയിൽ തന്റെ ശരീരം ഇരിക്കുന്നു. വെറുതെ ഇരിക്കുകയല്ല, താളത്തിൽ തലയാട്ടി, രസിച്ച്, മുറുക്കുന്നു. ഇതെങ്ങനെ? ഇതിനുള്ളിൽ തന്റെ ദേഹത്തിൽ ഇതാരു കയറിപ്പറ്റി? അധികമാലോചിക്കേണ്ടി വന്നില്ല ജന്മിസത്തയ്ക്ക്. അടിയാന്റെ ശരീരം ചെറുപോറൽ പോലുമില്ലാതെ നിശ്ചലമായെങ്കിൽ അതുതന്നെ കഥ. പക്ഷേ, അവനെവിടുന്ന് കൂടുവിട്ട് കൂടുമാറൽ വിദ്യ വശപ്പെടുത്തി? അല്ല, അടിയാളനറിയാത്ത ഒടിവിദ്യയുണ്ടോ?

ജന്മിസത്തയ്ക്ക് തലചുറ്റി. ഇനിയെന്താക്കുമെന്ന് ആന്തലായി. നോക്കിനിൽക്കേ ജന്മിയായി ആകപ്പാടെ പരിണമിക്കുകയാണ് അടിയാളൻ. തന്റെ മകളോട് അവനെത്ര വാത്സല്യം. തന്റെ ഭാര്യയോട് അവനെന്തു സ്നേഹഭാവം. ഒരുവേള തന്നെക്കാൾ ജന്മിയാകുന്നുണ്ടോ ജന്മിവേഷത്തിൽ നിൽക്കുന്ന അടിയാളൻ. പണിക്കാരോടുള്ള ആജ്‌ഞകളിൽ എന്തൊരാജ്ഞാസ്വരം. കൂലികൊടുക്കാൻ അരിയളക്കുമ്പോഴും അതേ കള്ളത്തരം. ഇത്രനാളും ഇവനെന്നെ നോക്കി ജന്മിത്തം പഠിക്കുകയായിരുന്നോ?

ഗത്യന്തരമില്ലാതെ ജന്മിസത്ത അടിയാളശരീരരത്തിലേക്ക് തിരിച്ചുപോയി. ഇതിൽ കയറിയില്ലെങ്കിൽപ്പിന്നെ നിൽക്കാൻ മനുഷ്യശരീരമില്ലാതായിപ്പോവും. സത്യം എങ്ങനെയെങ്കിലും പുറത്തുകൊണ്ടുവരാൻ എനിക്ക് സംസാരശേഷിയുള്ള ഒരു ശരീരംവേണം. അടിയാളശരീരത്തിൽക്കയറി ജന്മിസത്ത സ്വഭവനത്തിനു മുന്നിലെത്തി. അടിയാളൻ ഇപ്പോഴും തന്റെ ശരീരത്തിൽ ആടിത്തിമിർക്കുന്നുണ്ട്.

പിന്നെ നടന്നത് എപ്പോഴത്തെയും കഥതന്നെ. ജന്മി, തന്റെ വിശ്വസ്തനായ അടിയാളനെ അരികിലേക്ക് വിളിച്ചു. ജോലികളേല്പിച്ചു. പരിഹസിച്ചു. ശിക്ഷിച്ചു. വഴിയൊരുക്കാൻ മുന്നേ നടത്തിച്ചു. ഒന്നുപോലും അനുസരിക്കാതിരിക്കാൻ അടിയാളശരീരത്തിലിരിക്കുന്ന ജന്മിസത്തയ്ക്ക് കഴിഞ്ഞില്ല. സത്തകൊണ്ട് ജന്മിയാണെങ്കിലും ശരീരംകൊണ്ട് അടിയാളനല്ലേ. അനുസരിച്ചില്ലെങ്കിൽ ജന്മിയുടെ കൈക്കാരൻമാർ അടിച്ച് പുറംപൊളിക്കും. സത്യം എത്രയുറക്കെ വിളിച്ചുപറഞ്ഞാലും ആരും വിശ്വസിക്കില്ല. തന്റെ ശബ്ദംപോലും നഷ്ടപ്പെട്ടോ? ഇതെന്തൊരു പങ്കപ്പാട്.

ഇനിയെന്താണൊരു മാർഗം? ഉറങ്ങാൻ കിടക്കുന്നേരം അടിയാളജന്മി ചിന്തിച്ചു. എനിക്കെന്റെ വീട് വേണ്ടേ? ഭാര്യയോടൊത്ത് കിടക്കണ്ടേ? മകളെ ഓമനിക്കണ്ടേ? തന്റെ അസാന്നിധ്യം ആരുമറിയുന്നില്ലല്ലോ. എല്ലാവരും തന്റെ സ്ഥാനം അടിയാളസത്തയ്ക്ക് കൊടുക്കുകയാണ്. എന്റെ ശരീരം മാത്രമായിരുന്നോ ഞാൻ?

കാര്യങ്ങളെ എങ്ങനെ ശരിയാക്കിയെടുക്കണമെന്ന് ഒന്നു ചിന്തിച്ചു വശപ്പെടുത്താൻപോലും ജന്മിസത്തയ്ക്ക് പിന്നെ സമയം കിട്ടിയില്ല. ഒന്നുറങ്ങാൻപോലും ശരിക്കു കഴിയുന്നില്ല. പിന്നെയല്ലേ വിശ്രമം? എപ്പോഴും ജോലിമാത്രം. അടിയാളത്തിയോടുള്ള അഭിനിവേശമൊക്കെ ശരീരക്ഷീണമേറുന്നതിനനുസരിച്ച് കെട്ടണഞ്ഞു. മാനിന്റെ ദേഹമെടുത്തു പോയി ഭാര്യയെ ഒന്ന് കാണണമെന്നുണ്ട്. ആ ദേഹത്തിനുള്ളിലായാൽ മകളെയും ഓമനിക്കാം. പക്ഷേ, അതിനും സമയം കിട്ടുന്നില്ല. അതുമല്ല, ജന്മിവേഷത്തിൽ അവൻ സദാ തന്നെ നിരീക്ഷിക്കുന്നുമുണ്ട്. മറ്റാർക്കുമറിയില്ലെങ്കിലും എനിക്കും അവനും സത്യമറിയാമല്ലോ. അതുകൊണ്ടുതന്നെ, ഈ കളിയിൽ, കാത്തിരിക്കൽ മാത്രമാണ് ഇനിയുള്ള തന്റെ കർത്തവ്യമെന്ന് ജന്മിസത്തയ്ക്ക് മനസ്സിലായി.

അവനിപ്പോൾ എന്റെ ജന്മിവേഷത്തിൽ അധികാരമാസ്വദിക്കുകയാണ്. അതിന്റെകൂടെ എന്റെ ഭാര്യയെയും മകളെയും അവൻ കൈക്കലാക്കും. അടിയാളത്തികളെയൊക്കെ അവൻ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തും. എന്റെ തോക്കും അവന്റേതാവും. എന്നെ വീണ്ടുംവീണ്ടും ശിക്ഷിക്കും.. എന്നിട്ട് കാലംകഴിയുമ്പോൾ അവനിൽ പതുക്കെ ഒരു കലാഹൃദയം വളരും. തോക്കും ചാട്ടവാറും ഉപയോഗിക്കുന്നതിനെക്കാൾ സുന്ദരമായ മറ്റു പലതിലേക്കും അവൻ വഴുതിവീഴും. പുസ്തകവായനയും കവിതയെഴുത്തും തുടങ്ങും. അന്ന് അവന്റെ കണ്ണ് എന്റെ കുടിലിലെ അടിയാളത്തിയിലേക്കും നീളും. അവളെ ബലപ്രയോഗത്തിലൂടെയല്ലാതെ പ്രാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് അവൻ ചിരിക്കും. ചിരിക്കുന്തോറും രസിക്കും.

അന്ന് അവനാ കേഴമാന്റെ ശരീരം തേടിവരും. അത്രനാളും ഞാൻ കാത്തിരിക്കും. സമയമുണ്ടല്ലോ. ഒരായുസ്സിന്റെ നീളം. അന്നുവരെയും ആ കേഴയുടെ ശരീരവും കേടുപറ്റാതെ ഞാൻ സൂക്ഷിക്കും. ഇതൊക്കെ എനിക്കറിയാവുന്നതല്ലേ. അവനും മാനും ഞാനും ഇത് എത്ര കാലമായി നടത്തുന്ന കളിയാണ്.