അധികാരത്തിന്റെ ഔന്നത്യങ്ങളിൽ നിന്ന് തെരുവിലെ നിസ്സഹായരുടെ പക്ഷത്തേക്ക് നടന്ന ഒരാളാണ് ഹർഷ് മന്ദർ. പ്രശസ്തനായ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ, എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ ഇന്ത്യയിലെ ഏറ്റവും അടിച്ചമർത്തപ്പെട്ടവർക്കായി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. ഭരണസിരാകേന്ദ്രങ്ങളിൽനിന്ന് സാമൂഹികനീതിയുടെ പോർമുഖത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, ധീരവും അന്തസ്സുറ്റതുമായ ഒരു മനഃസാക്ഷിയുടെ കഥയാണ്. ഈ പ്രത്യേക അഭിമുഖത്തിൽ, തന്റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷങ്ങളെക്കുറിച്ചും, സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സന്ദേശവുമായി രാജ്യമെമ്പാടും സഞ്ചരിക്കുന്ന ‘കർവാൻ-എ-മുഹബ്ബത്ത്‘ എന്ന അതുല്യമായ സംരംഭത്തെക്കുറിച്ചും, ഇന്ത്യയുടെ മതേതരമൂല്യങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ചുമുള്ള തന്റെ നിരീക്ഷണങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു.
സുരക്ഷിതമായൊരു ഐ.എ.എസ്. പദവിയിൽനിന്ന് സാമൂഹികപ്രവർത്തനത്തിന്റെ ദുർഘടമായ വഴിയിലേക്കുള്ള മാറ്റം, തീർച്ചയായും വലിയൊരു തീരുമാനമായിരുന്നു. 2002-ൽ താങ്കളെ ആ തീരുമാനത്തിലേക്കു നയിച്ച സാഹചര്യങ്ങളെയും പ്രേരണകളെയും കുറിച്ച് വിശദീകരിക്കാമോ?
ഇരുപത് വർഷത്തോളം ഞാൻ സിവിൽ സർവീസിൽ ഉണ്ടായിരുന്നു. അതിൽ ഭൂരിഭാഗവും മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ആദിവാസി മേഖലകളിലായിരുന്നു. മുസ്സൂറിയിലെ ഐ.എ.എസ്. അക്കാദമിയിൽ അധ്യാപകനായും പ്രവർത്തിച്ചു. ആ കാലം എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, പല പോരാട്ടങ്ങളിലും പങ്കാളിയായി.
എന്നാൽ, 2002-ലെ ഗുജറാത്ത് വംശഹത്യ എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യംവച്ചുള്ള ആ ആസൂത്രിത ആക്രമണങ്ങൾക്ക് ഞാൻ സാക്ഷിയായി. മുൻപ് പല കലാപങ്ങളും കൈകാര്യംചെയ്തിട്ടുള്ളതുകൊണ്ട് എനിക്കൊരു കാര്യം ഉറപ്പായിരുന്നു: ഭരണകൂടം മനസ്സുവച്ചാൽ ഏതൊരു കലാപവും മണിക്കൂറുകൾക്കകം അടിച്ചമർത്താൻ കഴിയും. എന്നാൽ, ഗുജറാത്തിൽ മണിക്കൂറുകളല്ല, ദിവസങ്ങളോളം, ആഴ്ചകളോളം, ഇരുപതോളം ജില്ലകളിൽ ഈ അതിക്രമം വ്യാപിച്ചു. ഇതൊരു സാധാരണ കലാപമല്ല, മറിച്ച് ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന ഒരു വംശഹത്യയാണെന്ന് എനിക്ക് വ്യക്തമായി. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ ഭരണകൂടം തന്നെ വേട്ടയാടുകയായിരുന്നു.
ഇന്ത്യ അതീവ അപകടകരമായ ഒരു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഭരണഘടനയുടെ നാല് ചുവരുകൾക്കുള്ളിൽനിന്ന് എനിക്കു പോരാടാം. പക്ഷേ, ഇവിടെ ഭരണകൂടംതന്നെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. അത്തരമൊരു സർക്കാരിന്റെ ഭാഗമായി തുടരാൻ എന്റെ മനഃസാക്ഷി അനുവദിച്ചില്ല. ഇന്ത്യയുടെ മതേതര ജനാധിപത്യത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള ഈ പോരാട്ടം ഒരു സ്വതന്ത്രപൗരനായി തെരുവിൽനിന്നുതന്നെ നടത്തണമെന്നു ഞാൻ തീരുമാനിച്ചു.
താങ്കളുടെ ‘കർവാൻ-എ-മുഹബ്ബത്ത്‘ (സ്നേഹത്തിന്റെ യാത്രാസംഘം) എന്ന സംരംഭം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. എന്താണ് അതിന്റെ ലക്ഷ്യങ്ങൾ? പ്രവർത്തനങ്ങൾ എങ്ങനെയാണ്? ജനങ്ങളിൽ നിന്നുള്ള പ്രതികരണം എന്തായിരുന്നു?
സിവിൽസർവീസ് വിട്ടശേഷം വർഷങ്ങളോളം ഞാൻ ഗുജറാത്ത് അതിക്രമത്തിലെ ഇരകൾക്ക് നീതി ലഭിക്കാനായി പ്രവർത്തിച്ചു. എന്നാൽ, മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കണ്ട ആൾക്കൂട്ടക്കൊലകൾ (lynching) ഒരു പുതിയ പ്രതിഭാസമായിരുന്നു. ഇതു കലാപത്തിൽനിന്ന് വ്യത്യസ്തമാണ്. മതവിദ്വേഷത്തിന്റെ പേരിൽ കുറേപ്പേർ ചേർന്ന് ഒരാളെ പരസ്യമായി തല്ലിക്കൊല്ലുകയും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതു വെറുമൊരു കൊലപാതകമല്ല, മറിച്ച് ഒരു സമൂഹത്തെയാകെ ഭയപ്പെടുത്താനുള്ള പ്രതീകാത്മകമായ ഒരു പ്രവൃത്തിയാണ്. ന്യൂനപക്ഷ സമുദായങ്ങളിൽ കടുത്ത ഭീതിവിതയ്ക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
വിദ്വേഷത്തിന്റെ ഈ പുതിയ രൂപത്തിന് സ്നേഹംകൊണ്ട് മറുപടി നൽകണമെന്ന് എനിക്കുതോന്നി. വിദ്വേഷത്തെ വിദ്വേഷംകൊണ്ട് നേരിടാനാവില്ലെന്നും, ‘തീവ്രമായ സ്നേഹം’ (Radical Love) കൊണ്ട് മാത്രമേ അതിനെ മറികടക്കാനാവൂ എന്നും ഗാന്ധിജി പഠിപ്പിച്ചിട്ടുണ്ട്. ആ ചിന്തയിൽനിന്നാണ് ‘കർവാൻ’ ആരംഭിച്ചത്. 2017 സെപ്റ്റംബറിൽ അസമിലെ ഒരു ക്രൂരമായ ആൾക്കൂട്ടക്കൊല നടന്ന സ്ഥലത്തുനിന്നാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലൂടെ ഒരു മാസം സഞ്ചരിച്ച്, ഗാന്ധിജിയുടെ ജന്മദിനത്തിൽ പോർബന്തറിൽ യാത്ര അവസാനിപ്പിച്ചു. ആ യാത്ര അത്രയേറെ വൈകാരികവും ഹൃദയസ്പർശിയുമായിരുന്നു. അതുകൊണ്ട് ഞങ്ങൾ അതു തുടർന്നു. ഇതുവരെ അൻപതിലധികം യാത്രകൾ പൂർത്തിയാക്കി.
ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായ ഒരു കുടുംബത്തെ സന്ദർശിക്കുമ്പോൾ ഞങ്ങൾ നാല് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു. ഒന്ന്, ഈ വേദനയിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് അവരോട് പറയുന്നു. രണ്ട്, ഒരു സമൂഹം എന്ന നിലയിൽ നമുക്ക് സംഭവിച്ച വീഴ്ചകൾക്ക് അവരോട് മാപ്പ് ചോദിക്കുന്നു. മൂന്ന്, തകർന്ന ജീവിതം തിരികെപ്പിടിക്കാനും നീതിക്കായി പോരാടാനും ഞങ്ങൾ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. നാല്, നിങ്ങളുടെ കഥ ഞങ്ങൾ ലോകത്തോട് പറയുമെന്ന് വാക്ക് കൊടുക്കുന്നു. ഒരുപാട് വെല്ലുവിളികൾക്കിടയിലും ‘കർവാൻ’ ഈ ദൗത്യം തുടർന്നുകൊണ്ടേയിരിക്കുന്നു.
ബിനോയ്: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലീങ്ങളും ക്രിസ്ത്യാനികളും, ഇന്ന് നേരിടുന്ന വെല്ലുവിളികളെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഹർഷ് മന്ദർ: ഈ പ്രതിസന്ധിയെ നാം ആർ.എസ്.എസ്സിന്റെ പ്രത്യയശാസ്ത്രപരമായ പദ്ധതിയുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കണം. ഗാന്ധിജിയുടെയും അംബേദ്കറുടെയും നെഹ്റുവിന്റെയുമൊക്കെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ അടിസ്ഥാന ആശയം ഇതായിരുന്നു: എല്ലാ മതത്തിലും ജാതിയിലും ഭാഷയിലും പെട്ടവർക്ക് തുല്യാവകാശങ്ങളുള്ള ഒരു ഇന്ത്യ കെട്ടിപ്പടുക്കുക.
എന്നാൽ ആർ.എസ്.എസ്സും ഹിന്ദു മഹാസഭയും ഈ സമരത്തിൽ നിന്ന് വിട്ടുനിന്നു. അവരുടെ ശത്രു ബ്രിട്ടീഷുകാർ ആയിരുന്നില്ല, മറിച്ച് അവർ ‘ആഭ്യന്തര ശത്രുക്കൾ’ എന്ന് വിളിച്ച മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായിരുന്നു. അവരുടെ സിദ്ധാന്തമനുസരിച്ച്, പുണ്യഭൂമി ഇന്ത്യക്ക് പുറത്തുള്ളതുകൊണ്ട് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഇവിടെ തുല്യ പൗരന്മാരാകാൻ കഴിയില്ല. ഒന്നുകിൽ രാജ്യം വിട്ടുപോകണം, അല്ലെങ്കിൽ രണ്ടാംതരം പൗരന്മാരായി ജീവിക്കണം. ഭയപ്പെടുത്തുന്ന യാഥാർത്ഥ്യം, ഇന്ന് ആ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെയാകെ നിയന്ത്രിക്കുന്നു എന്നതാണ്. അതിനാൽ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും നേരെയുള്ള ആക്രമണങ്ങൾ കേവലം ചില വ്യക്തികൾക്കെതിരെയുള്ളതല്ല; അത് ഇന്ത്യയുടെ ഭരണഘടനയ്ക്കും തുല്യ പൗരത്വം എന്ന വാഗ്ദാനത്തിനും നേരെയുള്ള കടന്നാക്രമണമാണ്.
ആക്രമണങ്ങളുടെ രീതികൾ വ്യത്യസ്തമാണ്. പശുവിന്റെ പേരിലും ‘ലൗ ജിഹാദി’ന്റെ പേരിലും മുസ്ലീങ്ങൾ ശാരീരികമായി ആക്രമിക്കപ്പെടുന്നു. ക്രിസ്ത്യാനികൾക്കെതിരെ, പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ, ‘നിർബന്ധിത മതപരിവർത്തനം’ എന്ന ആരോപണം ഉന്നയിച്ചാണ് ആക്രമണം. അവിടെയുള്ള ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്ന മികച്ച സ്കൂളുകളും ആശുപത്രികളും അവരുടെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണത്തിന് കാരണമായി മാറുന്നു.
ബിനോയ്: പൗരത്വ ഭേദഗതി നിയമം (CAA), മതപരിവർത്തന വിരുദ്ധ നിയമങ്ങൾ എന്നിവ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിന് എങ്ങനെയാണ് ഭീഷണിയാകുന്നത്?
ഹർഷ് മന്ദർ: വിഭജനകാലത്ത് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം പൗരത്വത്തെക്കുറിച്ചായിരുന്നു. ഗാന്ധിയെപ്പോലുള്ള നേതാക്കൾക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നു: ഇന്ത്യയെ തങ്ങളുടെ രാജ്യമായി തിരഞ്ഞെടുക്കുന്ന ഏതൊരാൾക്കും ഇവിടെ തുല്യാവകാശമുണ്ടായിരിക്കും. എന്നാൽ, പിൽക്കാലത്ത് ഈ കാഴ്ചപ്പാട് മാറി. ഒരാളുടെ മാതാപിതാക്കളും ഇന്ത്യയിൽ നിയമപരമായി താമസിക്കുന്നവരായിരിക്കണം എന്ന നിബന്ധന വന്നു.
ഇതോടെ, പൗരത്വം തെളിയിക്കേണ്ട ഭാരം സാധാരണക്കാരന്റെ ചുമലിലായി. സാധാരണയായി ഒരാൾ കുറ്റക്കാരനാണെന്ന് ഭരണകൂടമാണ് തെളിയിക്കേണ്ടത്. ഇവിടെ നേരെ തിരിച്ചാണ്. ദരിദ്രരായ മനുഷ്യരുടെ കയ്യിലില്ലാത്ത രേഖകൾ ഹാജരാക്കി അവർ പൗരത്വം തെളിയിക്കണമെന്ന അവസ്ഥ വന്നു. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ (NRC) നിന്ന് 19 ലക്ഷം പേർ പുറത്തായി, അതിൽ 4 ലക്ഷം പേർ മാത്രമായിരുന്നു മുസ്ലീങ്ങൾ. അതിനുശേഷമാണ് സർക്കാർ CAA കൊണ്ടുവന്നത്. രേഖകളില്ലാത്തവർക്ക് പൗരത്വം നൽകുമെന്നും, എന്നാൽ അയൽരാജ്യങ്ങളിൽ നിന്നുള്ള പീഡിത ന്യൂനപക്ഷങ്ങൾക്ക് മാത്രമേ അത് ലഭിക്കൂ എന്നും നിയമം പറയുന്നു. അതിൽ നിന്ന് മുസ്ലീങ്ങളെ ബോധപൂർവം ഒഴിവാക്കി. ഇത് ഇന്ത്യൻ പൗരത്വത്തിന്റെ അടിസ്ഥാനത്തെത്തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്. 2019-ലെ പ്രതിഷേധങ്ങൾ ഇതിനെതിരായ വലിയ ചെറുത്തുനിൽപ്പായിരുന്നു.
ബിനോയ്: വിദ്വേഷ പ്രസംഗങ്ങൾ ഇന്ന് സർവസാധാരണമായിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും എത്രത്തോളം കഴിയുന്നുണ്ട്?
ഹർഷ് മന്ദർ: വിദ്വേഷ പ്രസംഗം ഒരു കാൻസർ പോലെ പടർന്നിരിക്കുന്നു. വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുന്നതിന് പകരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നേടുന്നു. 2020-ലെ ഡൽഹി കലാപത്തിന് തിരികൊളുത്തിയ വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്ര ഇന്ന് ഒരു മന്ത്രിയാണ്. അഞ്ച് വർഷമായിട്ടും അയാൾക്കെതിരെ ഒരു എഫ്.ഐ.ആർ. പോലുമില്ല.
വിദ്വേഷ പ്രസംഗങ്ങളെ നാം ഗൗരവമായി കാണണം. ഹോളോകോസ്റ്റിനെ അതിജീവിച്ചവരുടെ ഒരു സംഘടനയുണ്ട്. അതിന്റെ പേര് ‘അത് വാക്കുകളിൽ നിന്നാണ് തുടങ്ങിയത്’ എന്നാണ്. അവർ പറയുന്നത്, ഹോളോകോസ്റ്റ് ഗ്യാസ് ചേംബറുകളിൽ നിന്നല്ല, ഹിറ്റ്ലറെപ്പോലുള്ളവരുടെ വിദ്വേഷ പ്രസംഗങ്ങളിൽ നിന്നാണ് ആരംഭിച്ചതെന്നാണ്. ‘കർവാൻ-എ-മുഹബ്ബത്തി’ലൂടെ ഞങ്ങൾ ഇപ്പോൾ പ്രധാനപ്പെട്ട വിദ്വേഷ പ്രസംഗ കേസുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പൊതുസമൂഹം ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ട്.
ബിനോയ്: ‘ലുക്കിംഗ് എവേ’ (Looking Away) എന്ന താങ്കളുടെ പുസ്തകത്തിൽ, മുഖ്യധാരയുടെ അനാസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. സാമൂഹികവും സാമ്പത്തികവുമായ സമത്വത്തിലേക്ക് ഇന്ത്യ എത്രത്തോളം മുന്നോട്ട് പോയി എന്നാണ് താങ്കളുടെ വിലയിരുത്തൽ?
ഹർഷ് മന്ദർ: ഇന്ത്യയിലെ ഭാഗ്യം ചെയ്തവർ—സമ്പന്നരും മധ്യവർഗവും, അതിൽത്തന്നെ ഭൂരിഭാഗവും സവർണരും—എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നു. ചുറ്റുമുള്ളവരുടെ വേദനയോടും അനീതിയോടും നമുക്ക് സഹാനുഭൂതിയില്ല. ലോകത്തിലെ ഏറ്റവും അലസരും നിസ്സംഗരുമായ ജനവിഭാഗങ്ങളിലൊന്നാണ് ഇന്ത്യയിലെ മധ്യവർഗവും ഉപരിവർഗവും എന്ന് ഞാൻ പറയും. എത്ര വലിയ ദുരന്തം കണ്ടാലും അതിനെ അവഗണിക്കാൻ നാം ഒരു കഴിവ് വളർത്തിയെടുത്തിട്ടുണ്ട്. സ്നേഹത്തിന്റെ വിപരീതം വെറുപ്പല്ല, നിസ്സംഗതയാണെന്ന് ഹോളോകോസ്റ്റിനെ അതിജീവിച്ച ഒരാൾ പറഞ്ഞിട്ടുണ്ട്. ആ നിസ്സംഗതയുടെ ഉത്തമ ഉദാഹരണമാണ് നമ്മൾ.
ഗാസയിലോ മണിപ്പൂരിലോ എവിടെയായാലും നമുക്ക് രോഷമോ പ്രതിഷേധമോ ഇല്ല. ക്രിസ്ത്യൻ സഭാനേതൃത്വത്തിന്റെ നിസ്സംഗതയും എന്നെ അത്ഭുതപ്പെടുത്തുന്നു. ഞങ്ങളുടെ ‘കർവാൻ’ യാത്രകളിൽ, ഒരു മുസ്‌ലിം ആൾക്കൂട്ടക്കൊലയ്ക്ക് ഇരയാകുമ്പോൾ തൊട്ടടുത്തുള്ള ഒരു ക്രിസ്ത്യൻ സ്ഥാപനം പോലും സഹായത്തിനെത്തുന്നില്ലെന്ന് എന്റെ സഹപ്രവർത്തകൻ ജോൺ ദയാൽ കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാതിരിക്കുന്നത് വലിയൊരു പരാജയമാണ്. ചിലപ്പോൾ സഭാനേതൃത്വം ആർ.എസ്.എസ്സിനോടും ബി.ജെ.പി.യോടും അടുപ്പം കാണിക്കാൻ ശ്രമിക്കുന്നു. അത് ധാർമികമായി തെറ്റാണ്, പ്രായോഗികമായി ആത്മഹത്യാപരവുമാണ്.
ബിനോയ്: ഇന്ത്യയുടെ ബഹുസ്വരതയെ ഉൾക്കൊണ്ടുകൊണ്ട്, 21-ാം നൂറ്റാണ്ടിൽ മതേതരത്വം എങ്ങനെ പുനർനിർവചിക്കപ്പെടണം?
ഹർഷ് മന്ദർ: ഇന്ത്യൻ മതേതരത്വം ഫ്രഞ്ച് മതേതരത്വത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഫ്രാൻസിൽ, ഒരു പെൺകുട്ടി ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നതിനെ ഭരണകൂടം വിലക്കും. എന്നാൽ ഇന്ത്യയിൽ, അവൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു. ഇന്ത്യൻ മതേതരത്വം എന്നത് മതനിഷേധമല്ല, മറിച്ച് എല്ലാ മതങ്ങളെയും, ഒരു മതത്തിലും വിശ്വസിക്കാത്തവരെയും ഒരുപോലെ ബഹുമാനിക്കലാണ്.
നിങ്ങൾ ധരിക്കുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം, സ്നേഹിക്കുന്ന വ്യക്തി, ആരാധിക്കുന്ന ദൈവം—ഇതെല്ലാം തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് മതേതരത്വം സംസാരിക്കുന്നത്. ഈ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളെ ഭരണഘടനാപരമായ ധാർമ്മികത കൊണ്ട് മാത്രമേ പരിമിതപ്പെടുത്താവൂ. അതായത്, എന്റെ മതവിശ്വാസം ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ—ഉദാഹരണത്തിന്, അത് സ്ത്രീ-പുരുഷ അസമത്വത്തെയോ ജാതീയമായ വേർതിരിവിനെയോ പ്രോത്സാഹിപ്പിക്കുന്നുവെങ്കിൽ—ഭരണഘടനയ്ക്കായിരിക്കണം മുൻഗണന. ആ ചട്ടക്കൂടിനുള്ളിൽ, ഓരോ വ്യക്തിക്കും തുല്യമായ സ്ഥാനവും സ്വാതന്ത്ര്യവുമുണ്ടായിരിക്കണം.
ബിനോയ്: ഈ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്താൻ നയപരമായ മാറ്റങ്ങൾ മുതൽ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ വരെ എന്തെല്ലാം ചെയ്യാനാകും?
ഹർഷ് മന്ദർ: തുടക്കം ഓരോ വ്യക്തിയിൽ നിന്നുമാണ്. മറ്റ് മതങ്ങളിലോ ജാതികളിലോ പെട്ടവരെക്കുറിച്ച് നമ്മുടെ മനസ്സിലുള്ള മുൻവിധികളെ നാം ചോദ്യം ചെയ്യണം. ‘ഹൃദയത്തിന്റെ വിഭജനങ്ങൾ’ (Partitions of the Heart) എന്നൊരു പുസ്തകം ഞാനെഴുതിയിട്ടുണ്ട്. അതിൽ ഞാൻ പറയുന്നത്, നമ്മുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും സൗഹൃദങ്ങളിലും വിദ്വേഷത്തിന്റെയും മുൻവിധിയുടെയും പേരിൽ ലക്ഷക്കണക്കിന് വിഭജനങ്ങൾ നടക്കുന്നുണ്ടെന്നാണ്.
അതിനെതിരെ നാം നിലകൊള്ളണം. വിവേചനം അനുഭവിക്കുന്ന ഏതൊരാളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കണം. നമ്മുടെ സമൂഹത്തിലെ നേതാക്കളോടും രാഷ്ട്രീയ പാർട്ടികളോടും നാം കൂടുതൽ ഉത്തരവാദിത്തം ആവശ്യപ്പെടണം. ഉദാഹരണത്തിന്, നിങ്ങൾ ക്രിസ്തുവിന്റെ യഥാർത്ഥ അനുയായിയാണെങ്കിൽ, പീഡിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൽ നിങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കണം. നമ്മുടെ സ്വകാര്യ ഇടങ്ങളിലും ജോലിസ്ഥലങ്ങളിലും സോഷ്യൽ മീഡിയയിലും വിദ്വേഷത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ, നമ്മുടെ നേതാക്കൾ ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും നീതിയും പാലിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, അവിടെയാണ് യഥാർത്ഥ പോരാട്ടം ആരംഭിക്കുന്നത്.
ബിനോയ്: സമൂഹങ്ങൾക്കിടയിൽ പാലങ്ങൾ പണിയാനും സമാധാനം പുനഃസ്ഥാപിക്കാനും താഴെത്തട്ടിൽ പ്രവർത്തിക്കുന്നവർക്ക് നൽകാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?
ഹർഷ് മന്ദർ: അതൊരു വലിയ വിഷയമാണ്, എങ്കിലും ചില കാര്യങ്ങൾ പറയാം.
ഒന്നാമതായി, ഐക്യദാർഢ്യം സാർവത്രികമായിരിക്കണം. എവിടെ അനീതി നടന്നാലും നാം ശബ്ദമുയർത്തണം—ഒരു ദളിതൻ ആക്രമിക്കപ്പെടുമ്പോൾ, ഒരു ആദിവാസി കുടിയിറക്കപ്പെടുമ്പോൾ, ഒരു മുസ്‌ലിം വേട്ടയാടപ്പെടുമ്പോൾ, ഒരു ക്രിസ്ത്യൻ പുരോഹിതൻ ഉപദ്രവിക്കപ്പെടുമ്പോൾ—എല്ലാവർക്കും വേണ്ടി ഒരേ ആവേശത്തോടെയും പ്രതിബദ്ധതയോടെയും നാം നിലകൊള്ളണം.
രണ്ടാമതായി, എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രാദേശിക ഇടങ്ങൾ സൃഷ്ടിക്കണം. ഞാൻ ‘സംവിധാൻ കേന്ദ്രങ്ങൾ’ അല്ലെങ്കിൽ ‘ഗാന്ധി-അംബേദ്കർ കേന്ദ്രങ്ങൾ’ എന്നൊരു ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഓരോ ഗ്രാമത്തിലും പ്രദേശത്തും എല്ലാ സമുദായങ്ങളിലെയും ചെറുപ്പക്കാർക്ക് ഒത്തുകൂടാൻ കഴിയുന്ന ഒരിടം. അവിടെ ഒരു ലൈബ്രറിയും വിനോദപരിപാടികളും ഉണ്ടാകാം. പക്ഷേ, അതിന്റെ പ്രധാന ലക്ഷ്യം ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ദളിതരെയും ആദിവാസികളെയും ഒരുമിപ്പിക്കുക എന്നതാണ്. സമുദായങ്ങൾക്കിടയിൽ മതിലുകൾ ഉയരുന്ന ഈ കാലത്ത്, അത്തരം കേന്ദ്രങ്ങൾക്ക് ആ മതിലുകൾ തകർക്കാൻ കഴിയും.
അവസാനമായി, വിശക്കുന്നവർക്കും ഭവനരഹിതർക്കുമായി ഒരു വലിയ സൗഹൃദ ഭക്ഷണ ശൃംഖല ആരംഭിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു. സിഖ് സമൂഹം അവരുടെ ‘ലംഗർ’ പാരമ്പര്യത്തിലൂടെ വലിയ മാതൃക കാണിച്ചിട്ടുണ്ട്. അതുപോലെ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഹിന്ദുക്കളെയും ഒരുമിപ്പിച്ച് ഭക്ഷണശാലകൾ തുടങ്ങാൻ നമുക്ക് സാധിക്കുമോ? ജാതിയുടെയും മതത്തിന്റെയും വേർതിരിവ് ഏറ്റവും പ്രകടമാകുന്നത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുമ്പോഴാണ്. ഭക്ഷണം പങ്കുവെക്കുക എന്ന ലളിതമായ പ്രവൃത്തിയിലൂടെ ആ വേലിക്കെട്ടുകൾ പൊളിക്കാൻ കഴിഞ്ഞാൽ, നമുക്ക് യഥാർത്ഥ സൗഹൃദം സ്ഥാപിക്കാൻ കഴിയും.
ബിനോയ്: വളരെ പ്രായോഗികവും പ്രതീക്ഷ നൽകുന്നതുമായ ആശയങ്ങളാണിത്. ശ്രീ. മന്ദർ, അങ്ങയുടെ സമയത്തിനും ആഴത്തിലുള്ള ഉൾക്കാഴ്ചകൾക്കും, നീതിക്കും മനുഷ്യത്വത്തിനും വേണ്ടിയുള്ള അങ്ങയുടെ അക്ഷീണമായ പോരാട്ടങ്ങൾക്കും ഹൃദയത്തിൽ നിന്ന് നന്ദി. നിങ്ങളുടെ വാക്കുകൾ വലിയ പ്രചോദനമാണ്, ഒപ്പം ഒരുപാട് ചിന്തകൾക്ക് വഴിയൊരുക്കുന്നതുമാണ്.
ഹർഷ് മന്ദർ: നന്ദി.