പുറകിലേക്കുള്ള ഓർമകളെ ഞാൻ എല്ലാകാലത്തും റദ്ദ് ചെയ്തിട്ടേയുള്ളൂ. സ്നേഹം, ദുഃഖം, ഏകാന്തത ഇവയായിരുന്നു എന്റെ ജീവിതത്തെ മുന്നിലേക്കു നടത്തിച്ച മൂന്നു വാക്കുകൾ. ഇപ്പോൾ അതിൽ ഏകാന്തത മാത്രമേ അവശേഷിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെയാവണം ഇന്നലെയും ഇന്നും ദ മൗണ്ടൻ റസ്റ്റോറന്റിന്റെ ലിഫ്റ്റിനടുത്തുവച്ച് കണ്ട മുപ്പത്തിയഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന യുവാവിനെകുറിച്ച് എനിക്കൊരു എത്തുംപിടിയും കിട്ടാത്തത്. അയാളെ സംബന്ധിക്കുന്ന എന്തെങ്കിലും ഡാറ്റകൾ എന്റെ ഓർമകളുടെ ആർക്കൈവ്സിൽ ബാക്കിയുണ്ടോ എന്നത് ഇനിയും കണ്ടുപിടിക്കാനാവാത്ത രഹസ്യം. അതെന്നെ ഉലയ്ക്കുന്നു.
നേരം രാത്രി രണ്ടുമണി കഴിഞ്ഞിരിക്കുന്നു. അയാളെക്കുറിച്ചാലോചിച്ച് അസ്വസ്ഥയുണ്ടായിത്തുടങ്ങിയപ്പോഴാണ് സുമന ഡയറിലെഴുതിത്തുടങ്ങിയത്. വെളിച്ചം കണ്ണിലേക്കടിച്ചപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. കൺപോളകളിലെ ഞരമ്പുകൾ വലിഞ്ഞുമുറുകുന്ന ആ ഒറ്റനിമിഷത്തിൽ ഒരു നേരിയ ഓർമ അവളെ തൊട്ടു. ‘ചുരുളൻ മുടികൾ’ അവൾ രണ്ടുതവണ ഒരേ വാക്ക് ആവർത്തിച്ചു പറഞ്ഞുനോക്കി. ഇല്ല, ഇതിലുമപ്പുറം മറ്റൊന്നും തനിക്ക് ഓർക്കാനാവില്ലെന്നു തോന്നിയപ്പോഴാണ് എല്ലാം മടക്കിവച്ച് ഉറങ്ങാൻ കിടന്നത്. ഇപ്പോഴെങ്കിലും ഉറങ്ങിയാലേ നാളെ രാവിലെ ഓഫീസിലേക്ക് പോകാനാവൂ. ബാംഗ്ലൂർ നഗരത്തിലെ ഏറ്റവും മുന്തിയ ഐ.ടി കമ്പനികളിലൊന്നായ ബിൽഡ്‌വേയിലെ മെയിൻ ആർക്കിടെക്റ്റുകളിൽ ഒരാളാണ് സുമന.
പിറ്റേന്നു രാവിലെ നേരത്തെ എഴുന്നേറ്റ് ഓഫീസിലേക്ക് പോകുമ്പോൾ ചിന്തകളിൽ മുഴുവന്‍ ചുരുളൻ മുടികൾ നിറഞ്ഞിരുന്നു. ഇന്നലെ കണ്ട മനുഷ്യന് ചുരുണ്ടമുടികൾ ആയിരുന്നില്ലല്ലോ, അവൾക്കത്ഭുതം തോന്നി. ഡെസ്കിൽ ചെന്നിരുന്നപ്പോൾ അവളാ മുടിയിഴകളെയൊന്നു വരയാനാണ് ശ്രമിച്ചത്. ടീം ഹെഡുകളിലൊരാളായ വിവേക്നാഥ് എന്ന കർണാടക്കാരൻ മലയാളത്തിലും കന്നടയിലും ഇംഗ്ലീഷിലും മാറിമാറി വിളിച്ചപ്പോഴും അവൾ ഒന്നും കേട്ടതേയില്ല. തലയിലെ ഓരോ മുടിയിഴകളിലെയും ചുരുളുകളെ സൂക്ഷ്മമായി വിടർത്തിവച്ച് വരഞ്ഞ് ഒരുമിപ്പിക്കുന്നതിലായിരുന്നു അവളുടെ ശ്രദ്ധ. അയാളുടെ ഏതോ ഒരു വിളിയുടെ ഞെട്ടലിൽ വരച്ചുകൊണ്ടിരിക്കുന്ന മുടിയിഴ നെറ്റിയിലേക്ക് വീണുപോയി. അവൾ അയാളുടെ മുഖത്തേക്കും സ്ക്രീനിലെ ചിത്രത്തിലേക്കും മാറിമാറി നോക്കി. ഓർമകൾ മുടിയിഴകൾ വേർപെടുന്നപോലെ വേറിട്ടു കിട്ടുന്നുണ്ട്. സുമന ആ ചിത്രത്തിൽ തറഞ്ഞു നിൽക്കുന്നതു കണ്ടപ്പോൾ വിവേക് പിറുപിറുത്തുകൊണ്ട് സ്വന്തം ഡസ്കിനടുത്തേക്ക് പോയി. ഓർമകളുടെ ആർക്കൈവിന് ചെറിയൊരു അനക്കം സംഭവിച്ചിരിക്കുന്നു. എനിക്ക് മുഖം തെളിഞ്ഞു കിട്ടുന്നുണ്ട്. സുമനയ്ക്ക് ആശ്വാസം തോന്നി. അന്നു രാത്രിമുഴുവനും ഉറങ്ങാതെകിടന്നിട്ടാണ് ആ പേര് അവൾക്കൊന്ന് ഉറച്ചു പറയാനായത്.
“റോൾ നമ്പർ സിക്സ്….?”
“റോൾ നമ്പർ സിക്സ് ഇല്ലേ?” ആയിഷ ടീച്ചർ രണ്ടുതവണ വിളിച്ചു ചോദിച്ചു.
അമീർ അശ്റഫ് എന്ന പേര് വിളിച്ചുപറഞ്ഞപ്പോൾ ഉറക്കെ പരക്കെ ചിരിക്കുന്ന കുട്ടികൾ ക്ലാസിന്റെ മൂലയിലേക്ക് ഒരുമിച്ചു നോക്കി. ഏറ്റവും പിറകിലത്തെ ബെഞ്ചിൽ നീളമുള്ള ഒരു കുട്ടിയുടെ കാഴ്ച ആദ്യത്തെ ബെഞ്ചിലിരുന്ന് സുമന കണ്ടു.
“അമീർ പുതിയകുട്ടി ആണല്ലേ?”
അവിടെ തലയാട്ടുന്നു. അവന്റെ ചുരുണ്ട് പാറി കിടക്കുന്ന മുടിയിഴകളിലേക്കാണ് ആദ്യമവളുടെ ശ്രദ്ധ പോയത്.
“ഇനിമുതൽ റോൾ നമ്പർ സിക്സ് കേട്ടോ… കുട്ടി ഇരുന്നോളൂ.” ടീച്ചർക്ക് മറ്റു ചോദ്യങ്ങൾ ഒന്നുമില്ല. ആദ്യമായും അവസാനമായും അമീറിനെ ഞാൻ കണ്ടത് ആ ചുരുളൻ മുടിയിഴകളിലൂടെയായിരുന്നു. ഹാജ്യാരുപീടികയിലെ മാപ്പിള സ്കൂളിൽ ആറാംക്ലാസ്സുതൊട്ട് പത്താംക്ലാസ്സുവരെ ഞങ്ങൾ പ്രണയത്തിലായിരുന്നു. അതായത് പ്രണയത്തെക്കുറിച്ച് ഒന്നുമറിയാത്ത പ്രായംതൊട്ട് എന്തെങ്കിലും അറിയാവുന്ന കാലംവരെ ഞങ്ങൾ പ്രണയിച്ചിരുന്നു എന്ന്. ഭൂതകാലത്തിൽ എനിക്കു സ്വന്തമെന്നു പറയാനായി ആകെ ഉണ്ടായിരുന്ന ഒരേയൊരു മനുഷ്യൻ അമീറായിരുന്നു. അമ്മ മരിച്ചതിനുശേഷവും അച്ഛൻ രോഗിയായി കിടപ്പിലായതിനുശേഷവും മാത്രമേ എനിക്ക് ബോധമുറയ്ക്കുന്നുള്ളൂ. വലിയ തറവാടുവീടിന്റെ ഇരുണ്ട മുറികളിലൊന്നിൽ വലിയ ജനാലയ്ക്കഭിമുഖമായി അച്ഛൻ കിടന്നിരുന്ന കാഴ്ച ഇന്നലെയിലെന്നപോലെ മനസ്സിൽ തെളിയുന്നു. ആ കാലത്തിൽ ഞാൻ തനിച്ചായിരുന്നു. ഏറ്റവും പിന്നിലത്തെ ബെഞ്ചിലിരിക്കുന്ന നീളമുള്ള, ചാരകണ്ണുകളുള്ള, ചുരുണ്ട മുടിയുള്ള ചെക്കനെ ഞാൻ തന്നെയാണ് കേറി പരിചയപ്പെട്ടത്. ഒരുച്ചയ്ക്ക് അൻപതുപൈസയുടെ ശോഭാസ് അവനുനേരെ നീട്ടിയപ്പോൾ അവനതു വാങ്ങാതെ തലവെട്ടിച്ച് നടന്നുപോയി. പക്ഷേ, അതിനുശേഷം എല്ലാക്ലാസ്സിലും പിന്നിലെ ബെഞ്ചിൽനിന്നു രണ്ടു കണ്ണുകൾ നീണ്ടുവരുന്നത് അല്പം സന്തോഷത്തോടെ ഞാനും കണ്ടിരുന്നു. പിന്നീട് ഒരു വെള്ളിയാഴ്ച ഉച്ചയിലാണ് ഞങ്ങൾ ആദ്യമായി മിണ്ടുന്നത്. ക്ലാസ്സിൽ ഒറ്റയ്ക്കിരുന്ന് മഞ്ചാടിക്കുരുക്കൾ എണ്ണുന്ന എന്റെ മുന്നിലേക്ക് ചുരുണ്ടമുടികൾ നീണ്ടുവന്നു. “മഞ്ചാടിക്കുരുക്കൾ ഇനിയും വേണോ..?”
“വേണം.” പെൺകുട്ടി മറുപടി പറഞ്ഞു.
“എങ്കിൽ വാ…” അവൻ മുമ്പിലായി നടന്നു, അവൾ പിന്നിലായും. മെയിൻ റോഡ് കടന്ന്, വെട്ടുവഴിയിലൂടെ, ഒരു തിണ്ടുപറ്റി കടന്ന്, ഇടുങ്ങിയ വഴിയിൽ അവരോളം പൊക്കത്തിൽ പടർന്നുനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചകൾ പിന്നിട്ട് ഒരു പറമ്പിന്റെ വിജനതയുടെ മൂലയിലെത്തി. സുമനയ്ക്ക് പേടിതോന്നി. മുന്നിൽ അറ്റംകാണാത്ത പച്ചയാണ്. മേലേക്ക് നോക്കുമ്പോൾ നൂലുപോലെ വെളിച്ചം താഴേക്കിറങ്ങിവരുന്നു. മുന്നിലെ ഇരുമ്പുഗേറ്റിൽ നിറയെ വയലറ്റ് ശംഖുപുഷ്പങ്ങൾ. അതിലൂടെയുള്ള കാഴ്ച പള്ളിപ്പറമ്പിലേക്ക് നീളുന്നു. ഇന്നലെ പെയ്തമഴയിൽ കുതിർന്ന മൺകൂമ്പാരങ്ങൾക്കു മീതെ വലുതുംചെറുതുമായ മീസാൻ കല്ലുകൾ, അകലെ ഹാജ്യാരുപള്ളിയുടെ പിൻഭാഗം.
“ചെക്കാ.. ഇതേതാ രാജിയം…” പേടിയോടെ പെൺകുട്ടിയത് ചോദിച്ചു. ചെക്കൻ ഉറക്കെ ചിരിച്ചു. “എല്ലാ രാജിയവും ഒന്നെന്നെ.ഇത് ചത്തവരുടെ രാജിയം.”
“ഇങ്ങോട്ട് വാ ഇനിയും കാണാനുണ്ട്..” പെൺകുട്ടി അനങ്ങിയില്ല. ഇതിനപ്പുറം കടന്നാൽ ശവപ്പറമ്പാണ്. മീസാൻ കല്ലുകൾക്കു താഴെനിന്നു നീണ്ടുവരുന്ന കൈകൾ കാലുകൾ വലിച്ചു താഴെയിടുമോ എന്ന പേടിയിൽ സുമന ഇരുമ്പുഗേറ്റിൽ തറഞ്ഞു നിന്നു.
“പേടിയുണ്ടോ?”
‘ഉണ്ട്’.
“എന്തിനാ പേടിക്കുന്നേ?”
“മരിച്ചുപോയവരെണീറ്റ് വന്നാലോ?” കുഞ്ഞുകണ്ണുകളിൽ പേടിയുടെ നിഴലാട്ടം.
“ഇല്ല ആരും വരില്ല,ഞാൻ എപ്പളും ഇവിടെ വരാറുണ്ട്, പേടിക്കാതെ വാ.”
അവൻ അവളുടെ കൈയിൽപ്പിടിച്ച് മുന്നിലേക്ക് നടന്നു. തട്ടുകളായി തിരിച്ച പറമ്പിൽ നിറയെ മരങ്ങളാണ്. ചുറ്റും നോക്കിയാൽ ഒറ്റമനുഷ്യനെപ്പോലും കാണുകയില്ല. ആൺകുട്ടിയുടെ കൈയിൽ രണ്ടുകൈകൊണ്ടും മുറുക്കിപിടിച്ച് കൈയിലേക്ക് മാത്രം നോക്കി പെൺകുട്ടി മുന്നിലേക്കുനടന്നു. വഴിയിൽ നിറയെ വയലറ്റ് പൂക്കൾ നിറഞ്ഞ ചെറിയ ചെടികളാണ്. വയലറ്റ് പൂക്കളുടെ കാഴ്ച ചെന്നുനിൽക്കുന്നത് വലിയൊരു കുളത്തിലേക്കാണ്. പച്ച എന്നുപറഞ്ഞാൽ കരിമ്പച്ചനിറമുള്ള വെള്ളത്തിൽ വെളുത്തകൊഴുപ്പ് നിറഞ്ഞുനിൽക്കുന്ന വെള്ളം നിറഞ്ഞ കുളം.
“അതാ അവിടെ നോക്ക് മഞ്ചാടിക്കുരു.” ചെക്കൻ വലതുവശത്തേക്ക് കൈചൂണ്ടി.
പെൺകുട്ടി വെള്ളത്തിനടുത്തേക്കുനടന്ന് അതിലേക്കു സൂക്ഷിച്ചുനോക്കി.
“ഇതെന്താ വെള്ളനിറത്തില്.” നീട്ടിയ കാഴ്ചയിൽ നിരാശനായ ആൺകുട്ടി കുളത്തിനടുത്തേക്ക് നടന്നു.
“ഇത് ചത്തുപോയ മനുഷ്യരുടെ കൊഴുപ്പാണ്.” പെൺകുട്ടി മനസ്സിലാവാതെ ചെക്കനെ നോക്കി.
“മരിച്ചുകഴിഞ്ഞാൽ മനുഷ്യർക്ക് കൊഴുപ്പുണ്ടാവുമത്രേ, അത് മണ്ണിനടിയിലൂടെ കുളത്തിലെത്തും. മരിച്ചവർക്ക് ദാഹിക്കുമ്പോൾ വെള്ളം കുടിക്കാൻ വരുന്നതുകൊണ്ടാണ് ഇങ്ങനെ കിടക്കുന്നതെന്ന് ഉസ്താദ് പറഞ്ഞതാണ്.”
പെൺകുട്ടി ഒന്നും മനസ്സിലാവാതെ വെള്ളത്തിലും അവന്റെ കണ്ണുകളിലേക്കും നോക്കി.
ഞങ്ങൾ പിന്നെയും പലതവണ അവിടേക്കു പോയിട്ടുണ്ട്, ആരുമറിയാതെ തന്നെ. ആദ്യമായി പോയന്ന് രാത്രിയെനിക്ക് പനിച്ചു. ഉറക്കത്തിൽ നീണ്ടുവരുന്ന കൈകൾ വെള്ളി പാദസരമിട്ട കാലുകളിലേക്ക് നീണ്ടു വന്ന് വലിച്ചു താഴെക്കിടുന്നതും പാദസരം പൊട്ടുന്നതുമായിരുന്നു കാഴ്ച. ഉറക്കത്തിൽ പനിച്ച് നിലവിളിച്ചപ്പോഴും ആരുമറിഞ്ഞില്ല. വലിയമുറിയുടെ ചുമരുകളിൽ തട്ടി ഒച്ചകൾ അനന്തതയിൽ ലയിച്ചു. പിറ്റേന്ന് കണ്ടപ്പോൾ പൊട്ടിപ്പോയ പാദസരത്തിന്റെ മണികളെടുത്ത് സ്വപ്നത്തെക്കുറിച്ച് പറഞ്ഞപ്പോഴും അമീർ ചിരിക്കുകയായിരുന്നു. അമീർ ചിരി നിർത്തി ചോദിച്ചു:
“പേടി തോന്നിയോ?
“മ്…. പേടിച്ചു കരഞ്ഞു പക്ഷേ, ആരും വന്നില്ല, എനിക്ക് ആരുമില്ല.” ഒരു പതിനൊന്നുവയസ്സുകാരി ആദ്യമായി ഒരാളോട് തന്റെ ഏകാന്തതയെക്കുറിച്ച് പറയുകയായിരുന്നു. അവനത് കേട്ട് അവളുടെ കൈയ്യിൽ മെല്ലെ പിടിച്ചു.
“നീ നഖം വെട്ടിയിട്ടില്ല, നഖത്തിനറ്റത്ത് ചേറിക്കുന്നു.” വെള്ളച്ചാലുകൾ ഇറങ്ങിപ്പോയ കണ്ണുകൾ നഖത്തിനറ്റത്തേക്ക് നീണ്ടു.
“മ്…” അവൾ പതിഞ്ഞ ശബ്ദത്തിൽ മൂളി.
സുമന രണ്ടു കൈകളും വെളിച്ചത്തിലേക്ക് നീട്ടിനോക്കി. അല്പം നീട്ടിയ, നെയിൽ പോളിഷ് ഇടാത്ത വൃത്തിയുള്ള വിരലുകൾ. എല്ലാനഖങ്ങളുടെയറ്റത്തും വെളിച്ചമിരിക്കുന്നു.
“സുമീ നീട്ടിയ നഖങ്ങളിൽ ചായം തേക്കരുത്, ചേറിരിക്കുന്നത് അറിയില്ല, നഖത്തിനറ്റത്ത് വെളിച്ചമുണ്ടാവണം. എല്ലാകാലത്തും.” അവൻ വിരലുകളെ നീട്ടിപ്പിടിച്ച് വെളിച്ചമുണ്ടോയെന്ന് ഉറപ്പു വരുത്തി.
ഇപ്പോഴുമതേ. ഞാനാ വെളിച്ചത്തെ സൂക്ഷിക്കുന്നു.ഞങ്ങളുടെ പ്രണയത്തിന്റെ ഭൂപടം പളളിപറമ്പിന്റെ വിജനതയുടെ മൂലയിൽ മരിച്ചവരുറങ്ങുന്ന പറമ്പാണ്. കുറച്ചുകൂടി ബുദ്ധിയുറച്ച അന്നു ഞാൻ ചോദിച്ചു,
“അമീർ, നമ്മുടെ പ്രണയം മരിച്ചവർക്ക് കാവലിരിക്കുന്നു അല്ലേ..?” അമീർ ചിരിച്ചു, പതിവുള്ള അതേ ചിരി. ചുരുണ്ടമുടിയിഴകൾ കാറ്റിൽ പാറുന്ന അത്രയും വളർന്നിരുന്നു.
അവന്റെ കണ്ണുകളിലെന്നും പലരാത്രികളിലുറങ്ങാത്ത മനുഷ്യന്റെ ദൈന്യതയുണ്ടായിരുന്നു. അവന്റെ വെളുത്ത നെഞ്ചിലെ മുറിപ്പാടുകളിൽ മെല്ലെത്തൊട്ട് ഒരിക്കൽ സുമന ചോദിച്ചു:
“ഇതെങ്ങനെയുണ്ടായതാണ്?” അവൾ ചാരനിറമുള്ള നരച്ച ഷർട്ടിന്റെ ബട്ടണുകൾ ഒറ്റ കൈകൊണ്ട് അവനറിയാതെ തുറന്നു. പള്ളിപറമ്പിന്റെ മൂലയിൽ വയലറ്റുപൂക്കൾക്കുമീതെ കിടക്കുന്ന അമീർ കണ്ണുകളടച്ച് ധ്യാനത്തിലായിരുന്നു. രണ്ട് ബട്ടണുകളഴിച്ചപ്പോഴേക്ക് വെളുത്ത നെഞ്ചിൽ അങ്ങിങ്ങായി പടർന്നുകിടക്കുന്ന മുറിപ്പാടുകൾ. അവൾ വേരുകൾക്ക് മീതെയെന്നവണ്ണം ഒന്നിൽനിന്നു മറ്റൊന്നിലേക്ക് വിരലുകൾകൊണ്ട് പരതി.
“അമീർ..” അവൾ ഇടർച്ചയോടെ പതുക്കെ വിളിച്ചു. അവൻ കൈകളെടുത്തുമാറ്റി കുപ്പായത്തിന്റെ ബട്ടണുകളിട്ട് കണ്ണുകളിറുക്കിയടച്ചു. കൺപോളകളിലെ നീലിച്ചഞരമ്പുകൾ ഞെട്ടിയെണീറ്റ് തലയിലേക്ക് പടർന്നു കേറുന്നത് സുമന കണ്ടു. മങ്ങിയ വൈകുന്നേര വെളിച്ചത്തിൽ അമീറിന്റെ കണ്ണുകൾ തിളങ്ങുന്നു. ചുറ്റും ഞെരിഞ്ഞമർന്ന്, തലപൊക്കാനാവാതെ കൂമ്പിപ്പോയ വയലറ്റു പൂക്കൾ.
“വേദനിക്കുന്നുണ്ടാ?”’ അവൾ ചോദിച്ചു.
“ഇല്ല, ഇപ്പോഴില്ല.. ഉണ്ടായിരുന്നു, പണ്ട്.”
അവൻ പിന്നെയൊന്നും പറഞ്ഞില്ല. അവനും ആരുമുണ്ടായിരുന്നില്ല. ഞങ്ങൾ പരസ്പരമിട്ട ഏകാന്തതയുടെ പാലത്തിലിരുന്നാണ് ഞങ്ങളുടെ പ്രേമവും സഞ്ചരിച്ചത്. ഇന്നലെ കുഴിച്ചിട്ട മനുഷ്യരുടെ കുഴിമാടത്തിനടുത്തു ചെന്നുനിന്ന് ദുഅ ചൊല്ലുന്ന അമീറിന്റെ കാഴ്ച എന്റെ കണ്ണിൽ ഇപ്പോഴുമുണ്ട്. എന്നിട്ടും ഞാനവനെ മറന്നു കഴിഞ്ഞിരിക്കുന്നു.
പത്താംക്ലാസ്സ് പരീക്ഷയുടെ രണ്ടാമത്തെ ദിവസം അവൻ യാതൊന്നും പറയാതെ അപ്രത്യക്ഷനായി. അവൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഒരു വർഷക്കാലം ഹാജ്യാരുപള്ളിയിലെ യത്തീംഖാനയുടെ വാതിൽക്കൽ ഞാൻ വെറുതെ നോക്കിനിന്നിട്ടുണ്ട്. ഞാൻ പിന്നീട് അവനെ കണ്ടതേയില്ല. ഞങ്ങളുടെ പ്രണയമിന്നും ആ പള്ളിപ്പറമ്പിൽ മരിച്ച മനുഷ്യർക്ക് കാവലിരിക്കുകയാവും.
അച്ഛൻ മരിക്കുമെന്ന് കരുതിയിരുന്നേയില്ല. പ്ലസ്‌ടു പരീക്ഷ കഴിഞ്ഞയുടനെ വലിയ മുറിയിലെ വലിയ കട്ടിലിൽനിന്ന് ആ ശരീരം പെട്ടെന്ന് ഒരുദിവസം അപ്രത്യക്ഷമായി. ഒറ്റദിവസംകൊണ്ട് ഭൂമിയിലൊരു മനുഷ്യൻപോലും തേടിവരാനില്ലാത്തവണ്ണം മേൽവിലാസമില്ലാത്ത മനുഷ്യനായി ഞാൻ. അതിന് രണ്ടു കാരണങ്ങളുണ്ട്. അത്, തറവാട്ടിൽ ഓർമപ്പിശകുബാധിച്ചു കിടക്കുന്ന കാർത്ത്യായനി എന്ന സ്ത്രീയും അവരുടെ മരണവുമാണ്.അവരെന്റെ അച്ഛന്റെ അമ്മയാണ്.
അവരുടെ ഓർമയുടെ ഞരമ്പുകൾ തണുപ്പുകാലങ്ങളിൽ ഉറഞ്ഞുകിടക്കുകയും ചൂടേറിവരുന്ന കാലങ്ങളിൽ സ്ഥാനഭ്രംശം വന്ന മാതിരി പരവശപ്പെടുകയും ചെയ്യും. ഒരുകാലത്തും അവരെന്നെ സ്നേഹിച്ചിരുന്നേയില്ല. പക്ഷേ, അവരുടെ കണ്ണുകൾ വലിയ മുറികളുടെ ചുമരുകളിൽ സദാസമയം ചിമ്മാതെനിന്നതുകൊണ്ടാവണം ഞാനിന്നും അവശേഷിക്കുന്നത്. വീട്ടിൽ അപരിചിത മണങ്ങളുയരുമ്പോൾ രാത്രികാലങ്ങളിൽ ബലമായ രണ്ടു കൈകൾ നീണ്ടുവന്ന് എന്നെ കട്ടിലിലേക്ക് മറിച്ചിടും. മെലിഞ്ഞുണങ്ങിയ ശരീരവുമായി ഓർമപോലുമുറയ്ക്കാത്ത ഒരു കുഞ്ഞുപെൺകുട്ടി പേടിച്ചരണ്ട്, മിണ്ടാതെ സ്ത്രീയുടെ കൈകൾക്കുള്ളിൽ കിടക്കും. കൈകളുടെ ആ പൂട്ട് വെളിച്ചം വീഴുംവരെ അഴിയുകയില്ല. ഉറച്ച വെളുത്ത മുലകൾക്കിടയിൽ ശ്വാസമെടുക്കാനാവാതെ ഞാൻ കിടന്നിട്ടുണ്ട്. എത്രകുളിച്ചാലും പിറ്റേന്നു മുഴുവൻ എന്നെ ചന്ദനാദിതൈലം മണക്കും.
ആരാത്രികളിലും അവരെന്നോട് ഒന്നും മിണ്ടിയതേയില്ല. സ്ത്രീയായി പരിണമിക്കുന്ന ശരീരത്തിലേക്ക് നീണ്ടുവരുന്ന കണ്ണുകളെ പിന്നീടറിഞ്ഞ ഒരുരാത്രി ഞാനവരുടെ കത്രികപ്പൂട്ടിന്റെ സ്വാസ്ഥ്യമനുഭവിച്ചു. വലതു കൈത്തണ്ടയിലെ നഖപോറലുകളിൽ തൊട്ടാണ് ഞാനവരുടെ മുറിവുകളുടെ വേദനയോട് ഐക്യപ്പെട്ടത്. ഒരിക്കലൊരു രാത്രി അവരെന്നോട് മിണ്ടിയതോർക്കുന്നു. അതൊരു തണുത്ത രാത്രിയായിരുന്നു. ഞാനന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്നു.
“അമ്മു” അങ്ങനെയൊരു പേര് എനിക്കുണ്ടായിരുന്നില്ല, പക്ഷേ, ആ രാത്രിയുണ്ടായി. അവരെന്റെ തലയിലൂടെ വിരലുകളോടിച്ചുകൊണ്ട് പറഞ്ഞു.
‘അമ്മൂ..അച്ചുതനെ ഞാമ്പെറ്റതാണ്, പക്കേങ്കില് ഓനീട്ത്താള മോനല്ല. ഈട്ത്താളെന്നെ കെട്ടുമ്പം ഓനെന്റെ വയറ്റിലിണ്ട്.” അവർ ചിരിച്ചു.
“ഓനെന്റെ മൂത്ത മോനാണ്. പറഞ്ഞിറ്റെന്ത്നാന്ന് കാരിയം, മാലതീനേം കെട്ടി ഓനൊന്ന് ജീവിക്കാമ്പറ്റീല്ല…” അവർ ഒന്നു നിർത്തി, ചെവിയിലേക്ക് വായയടുപ്പിച്ച് പിന്നേയും പറഞ്ഞു:
“കൊന്നതാന്ന്, അന്റ മോന് കെടത്തിയതാന്ന്, ഓനെണീറ്റാ ഇതൊക്കെ ഓന്റെയാവ്ന്നോണ്ട്. ഞാമ്പോയാ അന്റ കുഞ്ഞിനെയെല്ലാരും ചിള്ളി പൊറത്ത് കളേം.”
ചന്ദനാദിതൈലത്തിന്റെ മണം മൂക്കിലേക്കടിച്ചു കയറിയപ്പോൾ എനിക്ക് ശ്വാസംമുട്ടി. രണ്ടുകള്ളി ജനാലയ്ക്ക് പുറത്ത് മഞ്ഞുപെയ്യുന്നു. നോട്ടം പിൻവലിക്കുമ്പോൾ ചെവിക്കുള്ളിൽ കൂർക്കംവലി നിറയുന്നു. ഓർമയുടെ രഹസ്യച്ചരട് പൊട്ടിയതിനാലാവണം അവരങ്ങനെ പറഞ്ഞിട്ടുണ്ടാവുകയെന്ന് ഞാൻ വിശ്വസിച്ചു. അച്ഛൻ മരിക്കുന്നകാലത്ത് അവർ കിടപ്പിലായിരുന്നു. പക്ഷേ, അച്ഛൻ മരിച്ചന്ന് ശവമെടുത്തുകഴിഞ്ഞ് മുറിയിലെത്തുമ്പോൾ ചന്ദനാദിതൈലത്തിന്റെ മണമൊരു രഹസ്യം പോലെന്റെ തലയിലേക്കുപാഞ്ഞു. ബലമുള്ള കൈകൾ നീണ്ടുവരാതെതന്നെ ഞാനവരുടെ കത്രികപ്പൂട്ടിന്റെ സ്വാസ്ഥ്യത്തിലേക്കുമടങ്ങി. നേർത്തുനേർത്തുവരുന്ന ശ്വാസത്തിന്റെ തരംഗങ്ങളിൽ ആശ്വാസത്തിന്റെ നേരിയ നൂലുള്ളപോലെ.
“അമ്മൂ” രണ്ടാമത്തെ തവണ അവരെന്നെ വിളിച്ചു.
“അമ്മു..മോളിവിടെ നിക്കണ്ട, ഏട്യാന്ന് വെച്ചാ പോണം, എന്താന്ന് വെച്ചാ പഠിക്കണം. മോക്കിനി ഇവിടെയാരൂലാ… എല്ലത്തിനും ഏർപ്പാട് ഇണ്ടാക്കീന്. അന്റ കുഞ്ഞി ഇഷ്ടംപോലെ ജീവിക്കി.” പിറ്റേന്നു രാവിലെ തൊട്ടടുത്തുകിടന്ന് അവർ സുഖമായി മരിച്ചു. ഒരു ദൗത്യം നിർവഹിച്ച ആശ്വാസം ഞാനാ പീളനിറഞ്ഞ കണ്ണുകളിൽക്കണ്ടു. എന്റെ ഏകാന്തത അന്ധതയിലേക്ക് കൂടുമാറി.
“അമീർ നീയെന്നെ ഉപേക്ഷിച്ച് പോവുമോ..?” ഒരു കുട്ടി ആവലാതിപ്പെടുന്നു.
മറുവശത്ത് മറുപടിയില്ല. കാറ്റിൽ പാറുന്ന ചുരുണ്ട മുടിയിഴകളിൽ മൗനം വന്നുനിറയുന്നു. രണ്ടുദിവസങ്ങളിലായി കണ്ട യുവാവിനെയന്വേഷിച്ച് സുമന മൗണ്ടൻ റസ്റ്റോറന്റിനു മുന്നിൽ ഇരിപ്പ് തുടങ്ങിയിട്ട് ഒരാഴ്ചയാവുന്നു. അങ്ങനെയൊരാൾ അവിടെ വന്നുപോയതായി റിസപ്ഷനിലെ പെൺകുട്ടിയും പറഞ്ഞില്ല. അങ്ങനെയൊരു പേരുപോലും ഈയടുത്തായി കേട്ടിട്ടില്ലല്ലോ എന്നു പെൺകുട്ടി പറഞ്ഞു. പതിവുപോലെ ഒരു വെള്ളിയാഴ്ച വൈകുന്നേരം കാപ്പിയും കാത്തിരിക്കുമ്പോൾ അങ്ങനെയൊരു മുഖം മൂലയിലെ ടേബിളിനടുത്തേക്ക് നടന്നുപോകുന്നതായി അവൾ കണ്ടു. കൂടെ കറുത്ത വലിയ കണ്ണടവെച്ച് മെലിഞ്ഞ പെൺകുട്ടിയും. അടുത്തുചെന്ന് അമീർ എന്ന് നീട്ടി വിളിച്ചാലോയെന്ന് അവളും കരുതി. പക്ഷേ, ചലിക്കാനുള്ള ധൈര്യമില്ലാത്തതുപോലെ. അതിനു കാരണങ്ങളുണ്ട്, ഈ കണ്ട മനുഷ്യന് ചുരുളൻ മുടികളില്ല, അയാളുടെ കറുത്തകണ്ണുകൾ നടന്നുപോകുമ്പോൾ അവളിൽ തറച്ചിരുന്നു. നിരനിരയായി വളർന്ന പുരികങ്ങളിൽ മാത്രം അമീറിന്റെ ഛായ. അവൾ അൽപനേരം കൂടിയിരുന്ന് ഫ്ലാറ്റിലേക്കുപോയി. സുമന അന്നു രാത്രിയും ഉറങ്ങിയില്ല. കണ്ണടക്കുമ്പോൾ പച്ചയിൽ കുതിർന്ന പള്ളിപ്പറമ്പാണ് കൺമുന്നിൽ. ഒറ്റ മനുഷ്യൻപോലുമറിയാതെ ഇരുമ്പ് ഗേറ്റ് ചാടി മീസാൻ കല്ലുകൾക്കു ചുറ്റുമാണ് പ്രേമത്തെയറിഞ്ഞിരുന്നത്. ആദ്യമായി അമീർ തന്റെ ചുണ്ടുകളിലേക്ക് ഉമ്മവച്ചിരുന്ന ദിവസം സുമനയോർത്തു. ഇരുമ്പ് ഗേറ്റിനടുത്തുള്ള തൊട്ടാൽ മുറിയുന്ന പുല്ലുകൊണ്ട് വാർന്ന, കാലിലൂടെ ചോരതുള്ളികൾ ഇറ്റുന്നുണ്ടായിരുന്നു. ആ ഒറ്റനിമിഷത്തിൽ ചുറ്റും കുഞ്ഞു വയലറ്റ് പൂക്കൾ നൃത്തം ചെയ്യുന്നതായി അവൾക്കുതോന്നി. അമീർ ആദ്യമായും അവസാനമായും എഴുതിയ കവിത ആ ദിവസത്തെക്കുറിച്ചുള്ള ഓർമയായിരുന്നു, വരികൾ അവളോർത്തെടുക്കാൻ ശ്രമിച്ചു. “മരിച്ചവരുടെ രാജ്യത്തിന് വയലറ്റ് പൂക്കളുടെ ഓർമയാണ്,
തിരസ്കരിക്കപ്പെട്ടവരുടെ നഗരത്തിലേക്ക് കുഴിമാടങ്ങൾ
എണീറ്റ് മാർച്ച്പാസ്റ്റ് ചെയ്യുന്നു.”
അപൂർണമായ വരികൾ, സ്ഥാനഭ്രംശം വന്ന വാക്കുകൾക്കും ഓർമകൾക്കും മുന്നിൽ വിയർത്തൊട്ടി സുമന കിടന്നു. അവൾക്കന്നും ഉറങ്ങാനായില്ല. പതിവുപോലെ വൈകുന്നേരത്തിൽ മൗണ്ടൻ റസ്റ്റോറന്റിലെ ഒരു മൂലയിലിരുന്ന് കോഫി കുടിക്കുകയായിരുന്നു അവൾ. അവിടെയിരുന്നാൽ റസ്റ്റോറന്റിലേക്ക് കടന്നുവരുന്നവരെ വ്യക്തമായി കാണാം. രണ്ടുപേർക്കും മാത്രം ഇരിക്കാവുന്ന മേശയായിരുന്നു അത്. പിന്നിലെ ഗ്ലാസ് ചുവരുകൾക്കപ്പുറത്ത് മെട്രോനഗരം തിരക്കുകളിൽ നിറയുന്നു. അവൾ മേശപ്പുറത്തിരിക്കുന്ന ചെറിയ കാക്റ്റസിലേക്ക് സൂക്ഷിച്ചുനോക്കി, താമരപ്പൂവിന്റെയതേ മാതിരിയിൽ ഒന്നാണത്. പച്ചനിറത്തിലുള്ള ഓരോ ഇലയുടെയും അറ്റത്ത് നേർത്ത വരപോലെ വയലറ്റ് നിറം. അപ്പോഴേക്കും ആ യുവാവ് റസ്റ്റോറന്റിലേക്കു കടന്നുവന്നിരുന്നു. കൂടെ മറ്റൊരു പെൺകുട്ടി.
പലതവണ ശ്രമിച്ചിട്ടും അൽപനേരം കഴിയട്ടെ എന്നുവച്ച് കാത്തിരുന്നു. ഭിത്തിയിലെ വലിയ ക്ലോക്കിലെ സൂചികൾ വേഗത്തിൽ ചലിക്കുന്നതായി അവൾക്കു തോന്നി. രണ്ടുപേരും പുറത്തേക്കിറങ്ങുന്നു എന്നു തോന്നിയ നിമിഷത്തിൽ അവൾ ധൃതിയിൽ എഴുന്നേറ്റ് അവരുടെ പിന്നാലെ പാഞ്ഞു. മെലിഞ്ഞുനീണ്ട പെൺകുട്ടി സൺഗ്ലാസ് ഊരാതെ മുന്നിൽ നടക്കുന്നു, പിന്നിലായി യുവാവും. അയാൾ മുന്നിലേക്ക് സഞ്ചരിക്കുമ്പോഴും ചുറ്റും എന്തിനെയോ തിരയുകയാണെന്നു തോന്നും. അവൾ ധൃതിയിൽ ചെന്ന് അയാളുടെ ചുമലിൽ തൊട്ടു വിളിച്ചു, യുവാവ് അപരിചിതമായ നോട്ടത്തോടെ തിരിഞ്ഞു നോക്കി. “എക്സ്ക്യൂസ് മീ….മിസ്റ്റർ അമീർ?” അല്‍പം വിറയലോടെ സുമന പറഞ്ഞൊപ്പിച്ചു.
അയാളുടെ മുഖം ചോദ്യചിഹ്നംപോലെ വളഞ്ഞു. അമീർ നിങ്ങളെന്നെ ഓർക്കുന്നുവോ എന്നു ചോദിക്കണമെന്ന് മനസ്സിൽ കണക്കു കൂട്ടിയിരുന്നു. പക്ഷേ, അതിനു കഴിഞ്ഞില്ല. മുന്നിൽ നടക്കുന്ന സ്ത്രീ ചോദ്യചിഹ്നംപോലെ ശരീരവുമായി അനിഷ്ടത്തോടെ യുവാവിന്റെ പിന്നിൽ വന്ന് എന്തോ ചോദിച്ചു. സുമന ആ ചോദ്യം വ്യക്തമായി കേട്ടില്ല. പെൺകുട്ടിയുടെ ചായംതേച്ച ചുണ്ടുകൾ പ്രത്യേകരീതിയിൽ ചലിക്കുന്നതു മാത്രമേ കണ്ടുള്ളൂ. സുമനയുടെ നോട്ടം യുവാവിന്റെ മൂക്കിൻ തുമ്പത്തെ വളഞ്ഞ മൂക്കുത്തിയിലേക്ക് പാളിപ്പോയി. അതുകഴിഞ്ഞ് യു ആർ മിസ്റ്റേക്കൺ എന്നയാൾ പറഞ്ഞു. പിന്നീട് അയാൾ സംസാരിച്ചതത്രയും കന്നടയിലായിരുന്നു. വളരെ വേഗത്തിൽ സംസാരിച്ചിരുന്നതുകൊണ്ട് സുമനയ്ക്ക് അയാൾ പറയുന്നതിന്റെ അര്‍ഥം പിടികിട്ടിയില്ല. അയാളുടെ ശരീരഭാഷയിൽനിന്നു നിങ്ങൾ അന്വേഷിക്കുന്ന ആ മനുഷ്യൻ ഞാനല്ല, താങ്കൾക്ക് തെറ്റുപറ്റിയിരിക്കുന്നു എന്നാണെന്ന് എനിക്കു മനസ്സിലായി. റസ്റ്റോറന്റിൽ നല്ല തിരക്കുണ്ടായിരുന്നു. പ്രധാനകവാടത്തിൽ കൂടിനിൽക്കുന്ന മനുഷ്യരെ ബാക്കിയുള്ളവർ സൂക്ഷിച്ചുനോക്കുന്നു. താളപ്പിഴകളാണ് റിസപ്ഷനിലെ ഉയരം കൂടിയ മനുഷ്യനെ അവർക്കരികിലേക്ക് വരുത്തിയത്.
“മാഡം എന്തെങ്കിലും പ്രശ്നം..?”
അയാൾ മലയാളി ആയിരുന്നതിനാലും ചില ദിവസങ്ങളുടെ പരിചയമുള്ളതിനാലും ഇല്ല എനിക്ക് ആളുമാറി എന്നു തോന്നുന്നു എന്നു പറഞ്ഞൊഴിഞ്ഞു.പെൺകുട്ടിയും യുവാവും സമയം നഷ്ടപ്പെടുന്ന അമർഷത്തോടെ പുറത്തേക്കിറങ്ങി പോയി. ആൾക്കൂട്ടത്തിൽനിന്നു നീണ്ടുവരുന്ന കണ്ണുകൾ ഒഴിവാക്കാൻ അവൾ പഴയയിടത്തു തന്നെ ചെന്നിരുന്നു. ഒരു ഫ്രൈഡ് റൈസിനുകൂടി ഓർഡർ കൊടുത്തു. ഒരു പതിനാറുവയസ്സുകാരന്റെ ചിത്രത്തിൽനിന്നാണ് താൻ പലതും വേർപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്നത്. ആയിരുന്നതിനെയും ആയതിനെയും പരസ്പരം നോക്കി സാമ്യത ആരോപിക്കുന്ന വിദ്യ തെറ്റിയിരിക്കുന്നു. എത്ര ശ്രമിച്ചാലും പരസ്പരം ഇണങ്ങാത്ത അഭേദകല്പനകൾ. പിന്നെയും ആലോചിച്ചുനോക്കി. കണ്ണുകളെകുറിച്ച്, മുടിയെക്കുറിച്ച്, നീണ്ട വിരലുകളെകുറിച്ച് അവൾ നിരാശയിലായി.
അപ്പോൾ എങ്ങുനിന്നോ ഒരു സായിപ്പ് അനുവാദംപോലും ചോദിക്കാതെ സുമനയുടെ മുന്നിൽ ചെന്നിരുന്നു. അയാളുടെ ഇരിപ്പ് തീർത്തും അപ്രതീക്ഷിതമായതിനാൽ അവൾ ഒരു നിമിഷത്തേക്ക് നിശ്ചലയാവുകയും എഴുന്നേറ്റുപോകാൻ കാല് ചലിക്കും മുന്നേ അയാൾ സംസാരിച്ചു തുടങ്ങുകയും ചെയ്തു.
അവൾ അയാളെ സൂക്ഷിച്ചുനോക്കി യുവാവ് നടന്നുപോയ വഴിയിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട് അയാൾ വീണ്ടും ചോദ്യം ആവർത്തിച്ചു.
Do you want to meet him?
സുമനയ്ക്ക് പെട്ടെന്ന് മറുപടിയുണ്ടായിരുന്നില്ല. ചുറ്റും ശബ്ദങ്ങൾ നിറയുന്നുണ്ടെങ്കിലും എന്താണ് സംഭവിക്കുന്നതെന്നു വേർതിരിച്ചറിയാനാവാത്തവിധം തല പെരുത്തുതുടങ്ങിയിരുന്നു. പൈസ അടയ്ക്കാനാണ് അയാൾ പറയുന്നതെങ്കിലും അത് എന്തിനു വേണ്ടിയാണെന്നു സുമനയ്ക്കപ്പോൾ മനസ്സിലായില്ല. ആ പറഞ്ഞ വാക്കും അവൾക്ക് വ്യക്തമായില്ല. മുന്നിലിരിക്കുന്ന മനുഷ്യന്റെ വായ വർത്തുളാകൃതിയിൽ ചലിക്കുന്നുണ്ട് എന്നു മാത്രമേ അറിയുന്നുള്ളൂ. അയാൾ ഒരു കാർഡ് മേശയിലേക്ക് നീക്കിവച്ച് പുറത്തേക്ക് വേഗത്തിൽ ഇറങ്ങിപ്പോയി. അവളപ്പോഴും ആ വാക്ക് വിടർത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഏതോ പ്രതീക്ഷയുടെ പേരിൽ അന്നു രാത്രി ഉറങ്ങാൻകിടന്നപ്പോൾ അവളാ മനുഷ്യനെ കാണുകതന്നെ വേണമെന്ന തീരുമാനത്തിലെത്തി. അസ്വസ്ഥമാണെങ്കിലും ഉറക്കത്തിലേക്ക് ചാഞ്ഞുവീഴുമ്പോൾ രണ്ടു കൈകൾ ബലമായി തന്നെ മുറുക്കുംപോലെ അവൾക്കു തോന്നി. മുറിയിൽ ചന്ദനാദിതൈലം മണക്കുന്നു.
ഒരു വൃദ്ധസ്വരം ജിഗോളോ* എന്ന വാക്ക് ചെവിയിൽ പറയുന്നു. സായിപ്പിന്റെ വായിൽനിന്നു താൻ കേൾക്കാതെപോയ ആ വാക്ക് അതായിരുന്നില്ലേ എന്ന ഓർമയിൽ സുമന കിടക്കയിൽ ഞെട്ടി എഴുന്നേറ്റ് മൊബൈലിൽ അര്‍ഥം തിരഞ്ഞപ്പോൾ അവൾ ഇരുട്ടിൽ നിശ്ചലയായി നിന്നു. ഹൃദയം തകർന്നേക്കാവുന്ന വേദനയിൽ ഉറക്കെ കരയുമ്പോഴും താൻ മനഃപൂർവം വലിച്ചിട്ട് എകാന്തതയുടെ മറനീക്കാൻ ആരുമില്ലല്ലോയെന്ന വേദനയാണ് അവളെയുലച്ചു കളഞ്ഞത്. അലമാരയുടെ മൂലയിൽ വച്ച ചന്ദനാദിതൈലമെടുത്ത് വെറുതെ പുരട്ടി ആരെങ്കിലുമുണ്ടെന്ന് ഉറപ്പുവരുത്തി.
തുടർച്ചയായ നാലഞ്ച് ആഴ്ചകളിൽ അവൾ മൗണ്ടൻ റസ്റ്റോറന്റിലേക്ക് പോയില്ല. ഒരു വെള്ളിയാഴ്ച വൈകുന്നേരം അവളെയും കാത്ത് ഒരു കത്ത് അവിടെയിരുപ്പുണ്ടായിരുന്നു. റസ്റ്റോറന്റിന്റെ മൂലയിൽ പതിവു സ്ഥലത്തിരുന്ന് ഏറ്റവും ആശ്വാസത്തോടെ അവളാ കത്ത് വായിച്ചു.
“സുമീ… നിന്റെ നഖത്തിനറ്റത്ത് ഇപ്പോഴും വെളിച്ചമിരിക്കുന്നു.”
സുമനയ്ക്ക് ഒന്നും തോന്നിയില്ല. ഓർമകളുടെ ആർക്കൈവ്സ് നിശ്ചലമായിരിക്കുന്നു.
Note:-
*ചന്ദനാദിതൈലം ബുദ്ധിഭ്രമത്തിനും മോഹാലസ്യത്തിനും മരുന്നായി ആയൂർവേദത്തിൽ കൊടുക്കുന്ന ഒന്നാണ്.