പ്രതീക്ഷയുടെ വീഞ്ഞുനിറച്ച കൽഭരണികൾ

പ്രതീക്ഷയുടെ വീഞ്ഞുനിറച്ച കൽഭരണികൾ

ഡോ.സെബാസ്റ്റ്യന്‍ ജോസഫ്

ഹൈറേഞ്ചിലെ ഒരു കുഗ്രാമത്തില്‍നിന്ന് പാരീസില്‍ ഉന്നതനിലയിലെത്തുന്ന ഒരാളുടെ ജീവിതകഥയാണിത്. പിന്നിട്ട മുള്‍വഴികളും അപ്രതീക്ഷിതമായ ചേര്‍ത്തുപിടിക്കലുകളും  ഒന്നൊഴിയാതെ ഇപ്പോഴും ഓര്‍മയുടെ നൂലിഴ പൊട്ടാതെ ഒരാള്‍ തന്റെ അമ്പതാം വയസ്സിലും ഓര്‍മിക്കുന്നു എന്നതുതന്നെ എത്രമാത്രം  ആഴത്തിലുള്ള പൊള്ളലുകളായിരുന്നു അവ എന്നു പറയാതെ പറയുന്നുണ്ട്.

1980-കളുടെ തുടക്കത്തില്‍ തൃശൂരിലെ അനാഥശാലയില്‍ അഭയം തേടേണ്ടിവന്ന  ഒരു  കൗമാരക്കാരന്‍  സെപ്റ്റിക് ടാങ്കില്‍നിന്ന് മനുഷ്യമലം വള്ളിക്കൊട്ടയില്‍ ചുമന്ന് മരങ്ങളുടെ ചുവട്ടില്‍ വിതറുന്ന ദൃശ്യം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ ?

വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ഈ നിര്‍ബന്ധിത തോട്ടിപ്പണിയില്‍ തലയില്‍നിന്ന് ഒലിച്ചിറങ്ങുന്ന മനുഷ്യവിസര്‍ജ്യത്തോട് അറപ്പും വെറുപ്പും ഇല്ലാതാകുന്നതെങ്ങനെ എന്നു നിങ്ങള്‍ അദ്ഭുതപ്പെട്ടേക്കാം. പതിവുള്ള പുഴുനിറഞ്ഞ ഗോതമ്പുകഞ്ഞിക്കുപകരം അന്നുമാത്രം  ഉച്ചനേരത്ത് ചോറും നേന്ത്രക്കായ ഇട്ടുവച്ച ലേശം ഇറച്ചിക്കറിയും കിട്ടും  എന്ന പ്രതീക്ഷയാണ് ‘ഒരിക്കലും വിശപ്പുതീരാത്ത ആ കുട്ടി’യെക്കൊണ്ട്  ഇതൊക്കെ ചെയ്യിക്കുന്നത്.

ഇത് അത്ര പഴയകാലം അല്ലല്ലോ? അതും നമ്മുടെ കേരളത്തില്‍.  എന്നു സന്ദേഹികള്‍ക്കു തോന്നാം. പട്ടിണിയും, അനാഥാവസ്ഥയും ഭാവിയെക്കുറിച്ചുള്ള ഭീതിയും മനുഷരെക്കൊണ്ട് എന്തും ചെയ്യിക്കും. ലോകസാഹിത്യത്തില്‍ ഒലിവര്‍ ട്വിസ്റ്റ് പോലെ നിസ്വരായ കുട്ടികളെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കഥകള്‍ പലതും നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍, ബാബു അബ്രഹാം എഴുതിയ ‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍’ ഒരു കല്‍പിതകഥയല്ല. സ്വന്തം ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത അതിന്റെ ഓരോ വാക്കിലും രക്തം പൊടിഞ്ഞിരിക്കുന്നു.

ഇത് എളിയവരിലൊരുവന്റെ ജീവിതകഥയുടെ സത്യസന്ധമായ സാക്ഷ്യപ്പെടുത്തലാണ്. ഇടുക്കി ജില്ലയില്‍  ഹൈറേഞ്ചിലെ അടിമാലി, കല്ലാര്‍കുട്ടി, കമ്പിളികണ്ടം പ്രദേശത്ത് തീരെ ദരിദ്രവും അരക്ഷിതവുമായ ചുറ്റുപാടില്‍  മണ്ണിനോടുമല്ലിട്ട് ജീവിക്കാനുഴറിയ ഒരു കുടുംബത്തിന്റെ അതിജീവനകഥ, അമ്പത് വയസ്സുകാരനായ ഒരാള്‍ കുട്ടിക്കാലം മുതല്‍ നെല്ലിട തെറ്റാതെ  ഓര്‍മിച്ചു പറയുകയാണ്. ആ കല്‍ഭരണിയില്‍ നിറയെ ഓര്‍മകള്‍ കല്ലിച്ച് കിടക്കുന്നുണ്ട്.

കുടുംബത്തിലെ നിറംകെട്ട ജീവിതസാഹചര്യങ്ങള്‍മൂലം  വക്കുപൊട്ടിയ ഒരു കല്‍ഭരണിയില്‍ നന്മനിറഞ്ഞ മനുഷ്യര്‍ വീഞ്ഞുനിറയ്ക്കുന്ന കഥയാണിത്. വായനക്കാരിലും പ്രതീക്ഷനിറയ്ക്കുന്ന ജീവിതകഥ. ഇത് അലസവായനയെ തൃപ്തിപ്പെടുത്തുന്നതരം നോവലോ ചെറുകഥയോ അല്ല.  അവിശ്വസനീയമെന്നു  തോന്നിപ്പിക്കുന്ന പൊള്ളിക്കുന്ന അനുഭവങ്ങളാണ് ഈ പുസ്തകത്തിലെ വിവരണങ്ങളില്‍ പലതും.

പുസ്തകം വായിച്ചുതുടങ്ങുമ്പോള്‍മുതല്‍ നമ്മള്‍ ആ കുടുംബത്തിനൊപ്പം സഞ്ചരിച്ചു തുടങ്ങും. പാതിവഴിയില്‍ അവരെ ഒറ്റയ്ക്കാക്കി വഴിപിരിയാന്‍ സാധിക്കാത്തവിധം അനുഭവങ്ങള്‍ നമ്മെ ചുറ്റിവരിയും. നമ്മുടെ കണ്‍മുന്നില്‍ വച്ചാണ് കുടിച്ച് ബോധംമറഞ്ഞ അപ്പന്‍ പതിവായി കഞ്ഞിക്കലം എറിഞ്ഞുടയ്ക്കുന്നതും പണിയെടുത്ത് വശംകെട്ട അമ്മയെ കരണത്തടിക്കുന്നതും. പേടിച്ചരണ്ട് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി ഒളിച്ചിരിക്കുന്ന കുട്ടികള്‍ക്കൊപ്പം നമ്മളും മരവിച്ചിരുന്നുപോകും.  ഹൃദയഭാരം നമ്മെ അസ്വസ്ഥരാക്കും. ഇതൊരു കഥയായിരുന്നെങ്കില്‍ എന്ന് ഉള്ളുരുകി പ്രാര്‍ഥിക്കും.

“ഈ പുസ്തകത്തിലുടനീളം അയാളുടെ ജീവിതം അധികനേരവും കയ്ച്ചു. വല്ലപ്പോഴും മാത്രം അല്‍പ്പം  മധുരിച്ചു.”  എന്ന് അവതാരികയില്‍ അഷ്ടമൂര്‍ത്തി എഴുതുന്നുണ്ട്. കണ്ണീരുപ്പു കലര്‍ന്ന സ്വന്തം ജീവിതപലഹാരം ലോകത്തിനുമുമ്പില്‍ വിളമ്പുന്ന എഴുത്തുകാരനു പക്ഷേ, ആരോടും പരിഭവമില്ല.  കുടിയനും കലഹപ്രിയനുമായ അപ്പന്‍ നിഷ്കരുണം കൈയൊഴിഞ്ഞ് പുറപ്പെട്ടുപോയതിനുശേഷം കുടുംബത്തെ  ഉറ്റബന്ധുക്കളും നാട്ടുകാരുംകൂടി  ഞെരുക്കി  വഴിമുട്ടിച്ചപ്പോള്‍ രാത്രിയുടെ മറവുപറ്റി കല്ലാര്‍കുട്ടി ഡാമില്‍ എല്ലാവരുംകൂടി ചാടിച്ചാകാന്‍ അമ്മ  തീരുമാനിച്ചു. ആറുകിലോമീറ്റര്‍ അകലെയുള്ള അങ്ങോട്ട് ഉറക്കപ്പായയില്‍നിന്ന്  കൈപിടിച്ച് കൊണ്ടുപോയ ആ കുടുംബത്തിലെ ഏക ആണ്‍തരിയാണ് ബാബു എബ്രഹാം. ഇപ്പോള്‍ ഫ്രാന്‍സില്‍ അധ്യാപകനും ഗവേഷകനുമായ ആ കുട്ടിയാണ്  സ്വന്തം ജീവിതം എഴുതുന്നത്.

സോഷ്യല്‍ മീഡിയക്കാലത്ത്  വ്ളോഗുകളില്‍ കാണുന്നതരത്തിലുള്ള സുന്ദരമായ ‘ടൂറിസ്റ്റ് സ്പോട്ട്’ അല്ല  ഈ പുസ്തകത്തിലെ കമ്പിളികണ്ടം. 1950-കളില്‍  തൊടുപുഴയില്‍നിന്നും മറ്റും ചുരംകയറിയ മുന്‍തലമുറക്ക്  അതിജീവനം മാത്രമായിരുന്നു ഏകലക്ഷ്യം. വികസനം എന്ന വാക്ക് അവര്‍ കേട്ടുതുടങ്ങിയിട്ടില്ല. എങ്കിലും  കാടും കാട്ടുമൃഗങ്ങളും മഞ്ഞൂംമഴയും അവരെ പിന്നോട്ടുവലിച്ചില്ല.  കന്നുകാലികളും കാട്ടുമൃഗങ്ങളും കൂടിക്കഴിഞ്ഞ ആ കാലത്ത് എക്സൈസുകാരോ ഗ്രാമങ്ങള്‍തോറും പള്ളികളോ വന്നുതുടങ്ങിയിരുന്നില്ല.

ആണും പെണ്ണും കഠിനാധ്വാനം ചെയ്താലും പട്ടിണിമാറാത്ത കാലമായിരുന്നു അത്.   അക്കാലത്ത് ഏതോ ഷാപ്പിലെ കള്ളിന്റെ ലഹരിയില്‍ പറഞ്ഞുറപ്പിച്ചതായിരുന്നു അമ്മയുടെ കല്യാണം.   വാറ്റിയെടുത്ത കശുമാമ്പഴക്കൊട്ടോടിയുടെ മിനുക്കത്തിലായിരിക്കുമ്പോഴാണത്രെ അമ്മ ആദ്യമായി അപ്പന്റെ മുഖം കാണുന്നത്. സ്ത്രീകള്‍ക്ക് കല്യാണം എന്നത് പണിയെടുക്കുന്ന ഇടത്തിന്റെ മാറ്റം മാത്രം ആയിരുന്നു. സ്നേഹരഹിതമായ ലൈംഗികജീവിതവും ദാരിദ്ര്യവും കഠിനാദ്ധ്വാനവും നല്‍കിയ കയ്പിനുമേല്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കാത്തതിനും ആ അമ്മ നിരന്തരമായി തല്ലുകൊണ്ടു.

ആരും തുണയില്ലാതെയാണ് അമ്മ ബാബുവിനെ  പ്രസവിക്കാനൊരുമ്പെടുന്നത്. ഇളയകുഞ്ഞുങ്ങള്‍ക്ക്  കഴിക്കാനും പ്രസവശേഷം  തനിക്കു കുടിക്കാനുമായി കൂലിപ്പണിക്കിടെ ആരംഭിച്ച പേറ്റുനോവിനിടയിലും കഞ്ഞിവയ്ക്കുന്ന അമ്മയുടെ അവസ്ഥ ഈ പുസ്തകത്തിലുണ്ട്. ആറും രണ്ടും വയസ്സുള്ള മൂത്തവരെ കഞ്ഞികുടിപ്പിച്ച് ഒരു കാലൊടിഞ്ഞ കയര്‍കട്ടിലില്‍ കിടത്തി. “അമ്മ കരയുന്നതു കേട്ടാലും മക്കള്‍ എണീറ്റുവരരുതെന്ന് മൂത്തമകള്‍ ജസ്സിയോട്” അമ്മ അടുത്തമുറിയില്‍ പോയി. പ്രസവത്തിന് സഹായിക്കാന്‍ ഹെല്‍ത്ത് സെന്ററിലെ നേഴ്സിനെ വിളിക്കണ്ട എന്ന് ആ കൊടിയ വേദനയ്ക്കിടയിലും അമ്മ കുടിച്ച് കൂത്താടി നില്‍ക്കുന്ന അപ്പനോട് വിളിച്ചുപറഞ്ഞു. “ആ ആഴ്ചയിലെ കൂലിയായിക്കിട്ടിയ അഞ്ചുരൂപ ആ നേഴ്സിന് കൊടുക്കേണ്ടിവരും എന്ന ആകുലതയാവണം അങ്ങനെയൊരു വിലക്കേര്‍പ്പെടുത്താന്‍ അമ്മയെ പ്രേരിപ്പിച്ചത്.”

വാസ്തവത്തില്‍ നന്ദികുന്നേൽ മേരി എന്ന ആ അമ്മയുടെ അസാധാരണമായ കര്‍മശേഷിയുടെയും  കടുത്ത പ്രതിസന്ധിയിലും സമനില കൈവിടാത്ത മനസ്സിന്റെയും പൊരുതലിന്റെയും വിജയകഥയാണിത്. കടംവീട്ടാന്‍ രാവുംപകലും പണിചെയ്യുന്നതിനൊപ്പം ഓരോ മക്കളുടെയും ഭാവി പച്ചപിടിപ്പിക്കാനും മേരി ശ്രദ്ധിച്ചു. മുഴുപ്പട്ടിണിക്കാരനായ ബാബു ബന്ധുവീടുകളുടെ ഔദാര്യത്തിലും സ്നേഹത്തിലുമാണ്  പഠനം പൂര്‍ത്തിയാക്കിയത്.  ആ യാത്രയില്‍ നന്മയുടെ തിരിവെട്ടവുമായി നിന്നവര്‍ നിരവധിയാണ്.

മഴയത്തു തകര്‍ന്നുവീണ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് അന്തിയുറങ്ങാന്‍  ക്ഷണിച്ചു കൊണ്ടുപോയ കുഞ്ഞാഗസ്തിച്ചേട്ടന്‍, സ്കൂള്‍ ക്ലാസ്സില്‍ ഊണ് പങ്കുവച്ച സുബൈദ,  പാഠപുസ്തകങ്ങള്‍ വാങ്ങിക്കൊടുത്ത ടെസ്സി സിസ്റ്റര്‍, ചെമ്പകപ്പാറയിലെ കുഞ്ഞമ്മ, കുട വാങ്ങിക്കൊടുത്ത അമ്മിണിട്ടീച്ചര്‍, തന്തയില്ലാത്തവന്‍ എന്ന പതിഞ്ഞൂപോയ വിളിപ്പേര് കൗമാരമനസ്സില്‍ ഉണര്‍ത്തിയ അക്രമാസക്തമായ പകയെ സ്നേഹംകൊണ്ട് കെടുത്തിയ കുഞ്ഞമ്മായി, ഇടവക വികാരിയായി വന്ന ജോസച്ചന്‍, നല്ല വൈദികനല്ല നല്ല മനുഷ്യനാകുകയാണ് വേണ്ടത് എന്നു വഴികാണിച്ച ചിയ്യാരം സെമിനാരിയിലെ ജോസച്ചന്‍, പഠിപ്പ് വിട്ട് വിദ്യാര്‍ഥിരാഷ്ട്രീയത്തിലേക്ക് വഴിമാറിയപ്പോള്‍ ശാസിച്ച് അവനെ തിരിച്ചുപിടിച്ച പാവനാത്മ കോളെജിലെ ആനി സിസ്റ്റര്‍, എസ്.ബി. കോളേജിലെ റൂബിള്‍ സാര്‍, സ്വന്തം സഭാധികാരികള്‍ തഴഞ്ഞപ്പോഴും എന്നും സ്നേഹവും കരുതലും നല്‍കിയ മാര്‍ത്തോമ സഭയിലെ അത്തനേഷ്യസ് തിരുമേനി, ഫ്രാന്‍സില്‍വച്ച് ലഭിച്ച കൊളേത്ത് എന്ന മറ്റൊരു അമ്മ എന്നിങ്ങനെ ദൈവം മനുഷ്യരൂപത്തില്‍ അവതരിച്ച നിരവധിപേരുണ്ട്.

ഇടവകപ്പള്ളിയിലെ രാത്രിക്കൂട്ടായ്മയില്‍ വന്നിരുന്ന് പക്ഷഭേദം കാണിച്ച ഇടവകവികാരി, അപ്പനില്ലാതെ നാലുമക്കളെ ഒറ്റയ്ക്കു വളര്‍ത്തുന്നതിൽ മാനക്കേടു കണ്ട അപ്പന്‍വീട്ടുകാരും അമ്മവീട്ടുകാരും, അകാരണമായി അടിക്കുന്ന അനാഥാലയത്തിലെ തലൈവി, മംഗളംവാരികയില്‍ നോവലെഴുതി പ്രസിദ്ധീകരിച്ച് പണം നേടാനുള്ള ഒളിച്ചോട്ടത്തിനിടയില്‍ കുരുക്കിലകപ്പെടുത്തിയ ബാലപീഡകന്‍ അഷറഫ്, കോട്ടയം അരമനയിലെ മെത്രാനച്ചന്‍, പണം തട്ടിപ്പറിച്ച് അടിച്ചോടിക്കുന്ന പോലീസുകാരന്‍, കോളെജ് ഹോസ്റ്റലിലെ വാര്‍ഡന്‍,  മാര്‍ക്ക് കുറച്ച് പ്രതികാരം ചെയ്ത ഹുസൈന്‍ സാര്‍ എന്നിങ്ങനെ ജീവിതം ചവിട്ടിമെതിച്ചവരും നിരവധി.

അമ്മയുടെ നേരും ശക്തിയുമാണ് ആ കുടുംബത്തെ എന്നും നയിച്ചത്. വാറ്റുചാരായത്തിന്റെ പങ്കുപറ്റി ഇടവക വികാരി പറഞ്ഞ പക്ഷംപിടിച്ചുള്ള തീരുമാനത്തോട് “താനെവിടുത്തെ അച്ചനാടോ? ദൈവം ചേര്‍ത്തത് തകര്‍ക്കാന്‍ തനിക്കാരാടോ പട്ടം തന്നത്.” എന്ന് അള്‍ത്താരക്കുമുന്നില്‍ അരിവാളുമായിനിന്ന്  കയര്‍ക്കുന്ന അമ്മ ‘നിത്യസഹായമാതാവിനേക്കാള്‍ ഏറെ വിശ്വാസം അന്നെനിക്ക് നല്‍കി’ എന്നു ബാബു പറയുന്നുണ്ട്. അയല്‍പക്കത്തുനിന്ന് തേങ്ങ എടുത്തതിന് അരിവാള്‍ മാടുകൊണ്ട് ഇളയമകളുടെ തള്ളവിരലിന് അടിക്കുന്ന മേരി, രാത്രിയില്‍ അവളെ ചേര്‍ത്തുപിടിച്ചു കരയുന്ന അമ്മ, പണിയെടുത്ത് ജീവിക്കാന്‍ സമ്മതിക്കാത്ത യൂണിയന്‍ നേതാവിന്റെ കരണത്തടിച്ച മേരി, തന്റെയും മക്കളുടെയും ജീവിതം അനാഥമാക്കിയ ഭര്‍ത്താവിനെ  വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവന്നപ്പോഴും മടികൂടാതെ  സ്വീകരിക്കുന്ന അമ്മ, മരിക്കുന്നതിനുമുമ്പ് അപ്പന്റെ  സുരക്ഷിതത്വം മക്കളെ പറഞ്ഞേല്‍പിക്കുന്ന അമ്മ എന്നിങ്ങനെ മരിക്കുവോളം കരുത്തോടെ നീതിബോധം   കാത്തുസൂക്ഷിക്കുന്നുണ്ട് നന്ദികുന്നേൽ മേരി എന്ന ആ അമ്മ.

ദൈവമനുഷ്യരുടെ പ്രച്ഛന്നവേഷങ്ങള്‍, അമ്പരപ്പിച്ച അല്‍പമനുഷ്യര്‍, തുടങ്ങിയ അധ്യായങ്ങളില്‍ മനുഷ്യര്‍ ദൈവിക പരിവേഷത്തില്‍ അവതരിക്കുന്നതും വലിയ മനുഷ്യര്‍ അല്‍പന്മാരാകുന്നതും നമുക്കു കാണാം.

ഹൈറേഞ്ചിലെ ഒരു കുഗ്രാമത്തില്‍നിന്ന് പാരീസില്‍ ഉന്നതനിലയിലെത്തുന്ന ഒരാളുടെ ജീവിതകഥയാണിത്. പിന്നിട്ട മുള്‍വഴികളും അപ്രതീക്ഷിതമായ ചേര്‍ത്തുപിടിക്കലുകളും  ഒന്നൊഴിയാതെ ഇപ്പോഴും ഓര്‍മയുടെ നൂലിഴ പൊട്ടാതെ ഒരാള്‍ തന്റെ അമ്പതാം വയസ്സിലും ഓര്‍മിക്കുന്നു എന്നതുതന്നെ എത്രമാത്രം  ആഴത്തിലുള്ള പൊള്ളലുകളായിരുന്നു അവ എന്നു പറയാതെ പറയുന്നുണ്ട്.

മലയാളത്തില്‍ ഓര്‍മക്കുറിപ്പുകള്‍ക്ക് തെല്ലും പഞ്ഞമില്ല. പ്രത്യേകിച്ച് കോവിഡിനുശേഷം ആ ജനുസ്സില്‍പ്പെട്ട അനവധി പുസ്തകങ്ങള്‍ പുറത്തിറങ്ങി. അവയില്‍ ചിലതൊക്കെ ശ്രദ്ധേയവും ആയിരുന്നു. എന്നാല്‍, ഓര്‍മകളെ തികഞ്ഞ നിര്‍മമതയോടെ പറഞ്ഞുപോകുന്ന  ഈ പുസ്തകം  വെറും ഏഴ് ആഴ്ചക്കുള്ളില്‍  നാലാം പതിപ്പിലേക്ക് കടക്കുന്നു എന്നത്  മലയാളികളുടെ മനസ്സില്‍ നന്മ വറ്റിയിട്ടില്ല എന്നും മികച്ചതിനെ നെഞ്ചോടുചേര്‍ക്കുന്ന വായനാസമൂഹത്തിന്റെ കുലം അറ്റുപോയിട്ടില്ല എന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്.  കുടുംബം, ബന്ധുക്കള്‍,  എന്നിവരൊക്കെ കൈവിട്ടാലും ഈ നാട്ടില്‍ നന്മനിറഞ്ഞവരുടെ ദൈവികമായ ഇടപെടലുകള്‍ ഉണ്ടാവുമെന്നും പ്രകാശം അകലെയല്ല എന്നും ഈ കൃതി നമ്മളോട് ഉറക്കെപ്പറയുകയാണ്. ആ നിലയ്ക്ക്  എക്കാലത്തെയും  നിരാശാഭരിതജന്‍മങ്ങള്‍ക്ക് ഇരുട്ടില്‍ ഒരു കൈവിളക്കാണ് ഈ പുസ്തകം.