പ്രകൃതി ഒരുക്കിയ വിസ്മയങ്ങളുടെയും മനുഷ്യനിർമ്മിത മുറിവുകളുടെയും കാഴ്ചയാണ് കശ്മീർ. അവിടെനിന്ന് കേൾക്കുന്ന ചരിത്രഗാഥകൾ എപ്പോഴും അധികാരത്തിന്റെ പ്രഘോഷണങ്ങളോ വിജയഭേരികളോ ആകണമെന്നില്ല. അതിൽ കരുണയുടെയും സാന്ത്വനത്തിന്റെയും നിശ്ശബ്ദമായ ആഖ്യാനങ്ങളുമുണ്ട്. അവ നമ്മോടാവശ്യപ്പെടുന്നത് വിധേയത്വമല്ല, മറിച്ച് ആഴത്തിലുള്ള വിചിന്തനമാണ്. ഓർമ കേവലം സംഭവങ്ങളുടെ രേഖപ്പെടുത്തലല്ല. അതൊരു പുനരുജ്ജീവനമാണ്. ശവകുടീരങ്ങളുടെ മൗനത്തിൽനിന്നും പൂന്തോപ്പുകളിലെ വർണ്ണങ്ങളിൽനിന്നും അത് നമ്മോട് സംവദിക്കുന്നു. ഭിന്നിപ്പിന്റെ മുറിപ്പാടുകൾ മാത്രമല്ല, സാന്ത്വനത്തിന്റെ തലോടലുകളെയും ഓർത്തെടുക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു.
കശ്മീർ ജനതയ്ക്ക് ഒരു സൗഖ്യദായകനായിരുന്നു ഡോ. ആർതർ നീവ്. ചർച്ച് മിഷനറി സൊസൈറ്റിയുടെ ഭാഗമായി, 1882-ൽ ശ്രീനഗറിലേക്ക് പ്രേഷിതദൗത്യവുമായി എത്തിച്ചേർന്ന ബ്രിട്ടീഷ് ശസ്ത്രക്രിയ വിദഗ്ധനായിരുന്നു അദ്ദേഹം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾമുതൽ ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭംവരെ നീണ്ടുനിന്നു കശ്മീരിലെ അദ്ദേഹത്തിന്റെ ജീവിതവും സേവനവും. വിനയത്തിൽ നിലയുറപ്പിച്ച സേവനത്തിന് എങ്ങനെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും അതിർവരമ്പുകൾ ഭേദിക്കാൻ കഴിയുമെന്നതിന്റെ ഉജ്ജ്വലമായ നിദർശനമാണ് ഈ ജീവിതം. പതിറ്റാണ്ടുകളോളം ഡോ. നീവ് കശ്മീരിലെ വിവിധ ആതുരാലയങ്ങളിൽ സേവനംചെയ്തു. ദുർഘടമായ മലനിരകളിലൂടെ സഞ്ചരിച്ച് മുറിവുകളിൽ സാന്ത്വനലേപനം പുരട്ടി.
ആർതർ നീവിന്റെ ‘തേർട്ടി ഇയേഴ്‌സ് ഇൻ കശ്മീർ’ (1913) എന്ന ഓർമക്കുറിപ്പ് സാമ്രാജ്യത്വത്തിന്റെ വീരഗാഥയോ മതസംബന്ധമായ വിവരണമോ അല്ല. മറിച്ച് വേദനിക്കുന്ന മനുഷ്യർക്കിടയിൽ താൻ നടത്തിയ ധാർമ്മിക ഇടപെടലുകളുടെ രേഖപ്പെടുത്തലാണ്. കോളറ വാർഡുകളിലെ ദീനരോദനങ്ങളും കുഷ്ഠരോഗികളുടെ ഏകാന്തസഹനങ്ങളും അതിലുണ്ട്. ഹിമാലയകൊടുമുടികളുടെ ഔന്നത്യത്തേക്കാൾ മനുഷ്യവേദനയുടെ ആഴം അദ്ദേഹത്തെ സ്പർശിച്ചു. സാമ്രാജ്യത്വം കാരുണ്യത്തിന്റെ കപടവേഷമണിഞ്ഞിരുന്ന ഒരു കാലഘട്ടത്തിൽ, പരിചരണത്തിലൂടെ അനുരഞ്ജനത്തിന്റെ പാത തുറക്കുവാനുള്ള ഒരു നിഷ്കാമയത്നമായി നീവിന്റെ ജീവിതം ചരിത്രത്തിൽ വേറിട്ടുനിൽക്കുന്നു. അദ്ദേഹം കുറിച്ചു: “ഒരു ആദർശത്തിനുവേണ്ടി നിലകൊള്ളുന്നതിൽ അളവറ്റ സംതൃപ്തിയുണ്ട്.” അത് മതപരിവർത്തനത്തിന്റേതായിരുന്നില്ല, നിരുപാധികമായ കാരുണ്യത്തിന്റേതായിരുന്നു.
ജനങ്ങൾക്ക് ശാരീരികസൗഖ്യം മാത്രം മതിയാവില്ലെന്ന തിരിച്ചറിവ് ശ്രീനഗറിൽ കശ്മീർ മിഷൻ ഹോസ്പിറ്റൽ സ്ഥാപിക്കുന്ന വേളയിൽ നീവിന് ഉണ്ടായിരുന്നു. അങ്ങനെ തഖ്ത്-ഇ-സുലൈമാൻ കുന്നിൻചെരിവിൽ ഉയർന്ന ആ ആതുരാലയം, പരിചരണം തേടിയെത്തിയ നാനാവിധ സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും മുറിവേറ്റ അസ്തിത്വങ്ങളുടെയും ഒരു സംഗമകേന്ദ്രമായി മാറി. സാമൂഹിക,മത,രാഷ്ട്രീയ ഭിന്നതകളുടെ കാലഘട്ടത്തിൽ, അദ്ദേഹത്തിന്റെ ശസ്ത്രക്രിയാമുറി വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാത്ത ഉൾക്കൊള്ളലിന്റെ (Inclusion) ഭാവപ്രകടനമായിത്തീർന്നു. അവിടെയെത്തിയവർ ഏതെങ്കിലും മതത്തിന്റെയോ വർഗത്തിന്റെയോ പ്രതിനിധികളായിരുന്നില്ല; മറിച്ച് സാന്ത്വനവും അന്തസ്സും തേടിയെത്തിയ സഹജീവികൾ മാത്രമായിരുന്നു.
സഹാനുഭൂതിയുടെ ഉറവകൾ വറ്റിത്തുടങ്ങുന്ന ഈ കാലഘട്ടത്തിൽ, ഡോ.ആർതർ നീവിന്റെ ജീവിതം ചില സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നു. നമ്മൾ ആഗ്രഹിക്കുന്ന പാലങ്ങൾ നിർമ്മിക്കപ്പെടുന്നത് അധികാരത്തിന്റെ അകത്തളങ്ങളിലല്ല, മറ്റുള്ളവർക്ക് സേവനംചെയ്യാനുള്ള സന്നദ്ധതയിലാണ്. യുദ്ധങ്ങൾ വർധിക്കുന്ന കാലത്ത്, മുറിവുണക്കൽ സാധ്യമാണെന്നതിന്റെ നിശ്ശബ്ദസാക്ഷ്യമാണ് നീവിന്റെ ജീവിതം.
(ലേഖകൻ: കശ്മീരിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ സ്പിരിച്വൽ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസറാണ്.)