വീട് എന്ന സങ്കൽപ്പത്തെ ഗ്രീക്ക്, യഹൂദ പാരമ്പര്യങ്ങളെ താരതമ്യം ചെയ്തുകൊണ്ട് ആരംഭിക്കുന്ന ഈ ലേഖനം, ഗൃഹാതുരത്വത്തിന്റെ ആഴമേറിയ തലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ചരിത്രപരമായ ദുരന്തങ്ങളെ അതിജീവിച്ച്, ഭൗതികമായ ദേവാലയങ്ങൾക്കും നാടിനും പകരം ‘വാക്കിൽ’ അഥവാ വിശുദ്ധഗ്രന്ഥത്തിൽ വീടണഞ്ഞ യഹൂദ പാരമ്പര്യത്തിന്റെ വിപ്ലവകരമായ മാറ്റമാണ് ലേഖനത്തിന്റെ കാതൽ. വായനയെ അനുഷ്ഠാനമാക്കുകയും ചിന്തയെ അതിജീവനത്തിന്റെ മാർഗമാക്കുകയും ചെയ്ത ഒരു ജനത ലോകത്തിന് നൽകിയ സംഭാവനകളെ ഇത് അടയാളപ്പെടുത്തുന്നു.
ക്രൈസ്തവവൈദികനായ ഞാൻ വീടില്ലാത്തവനാണ്. ഇപ്പോൾ വിരമിച്ച് അവസാന വഴിയമ്പലത്തിൽ സമാനരായ വൈദികരുമൊത്തു കഴിയുന്നു. വൈദികന് സ്വന്തമായ വീടോ കുടുംബമോ ഇല്ല. ജർമൻകാരനായ നോവാലിസ് തത്വചിന്ത എന്നത് നൊസ്റ്റാൾജിയ എന്ന ഗൃഹാതുരത്വമാണ് എന്നെഴുതി. എന്നോടൊത്തുള്ള വൈദികരിൽ അധികവും 12-15 പള്ളികളിൽ സേവനമനുഷ്ഠിച്ച് ആയുസ്സിന്റെ അവസാനഘട്ടത്തിൽ വീട്ടിലേക്ക് നോക്കി കാത്തിരിക്കുന്നു. ഏതു മനുഷ്യനും വീടിനുവേണ്ടി വേദനിക്കുന്നു;വീടുറപ്പിക്കാനുള്ള വ്യഗ്രതയിലുമാണ്. വീടണയാനാണ് ഹോമറിന്റെ യൂളിസെസ് ജീവിതത്തിന്റെ സാഗരയാത്ര നടത്തുന്നത്. ഇത് ഗ്രീക്ക് സംസ്‌കാരത്തിലെ വീടണയലിന്റെ കഥയാണ്. എന്നാൽ, യഹൂദ പാരമ്പര്യത്തിലെ അബ്രഹാം വീടണയാൻ ദൈവകല്പന പ്രകാരം വീടും നാടും വിട്ട് ഇറങ്ങുന്ന പുറപ്പാടിലാണ്. ഇവിടെ ജീവിതം പുറപ്പാടായി മാറുന്നു. രണ്ടു സംസ്‌കാരങ്ങളിലും വീടണയലിനെ സംബന്ധിച്ച കാഴ്ചപ്പാട് ഭിന്നമാണ്. യൂളിസ്സിസ് സ്വന്തമെന്നു കരുതുന്ന നാട്ടിൽ വീടണയുന്നു. പക്ഷേ, തിരിച്ചു ചെല്ലുമ്പോൾ അയാളെ തിരിച്ചറിയുന്നത് സ്വന്തം പട്ടി മാത്രം. വീടണയൽ ഇടത്തിലല്ല, കാലത്തിലാണോ?
മതജീവിതത്തിൽ വിപ്ലവങ്ങൾ സൃഷ്ടിച്ചവരാണ് യഹൂദർ. അവരുടെ വീടണയൽ ദൈവത്തിനു വീട് പണിത്, ദേവാലയത്തിൽ ദൈവത്തെ കുടിയിരുത്തികൊണ്ടാണ്. ഇസ്രയേൽജനത ദേവാലയത്തിന്റെ പുണ്യഭൂമിയിൽ വസിച്ചു. എന്നാൽ സോളമൻ രാജാവ് നിർമ്മിച്ച ഈ ദേവാലയം ബാബിലോണിയൻ രാജാവ് നബുക്കദ്‌നേസർ ബി. സി. 586 ൽ നശിപ്പിച്ചു. ഇസ്രയേലിലെ കൊള്ളാവുന്നവരെയെല്ലാം അദ്ദേഹം നാടുകടത്തി.അടിമത്തകാലത്ത് വിദേശത്തിരുന്നു സ്വദേശത്തെ ഓർത്ത് അവർ വിലപിച്ചു. പ്രവാസാനുഭവം അവർ ചിന്തയ്ക്ക് വിധേയമാക്കി. പിന്നീട് തിരിച്ചുവന്ന് ദേവാലയം പണിതു. പക്ഷേ, ക്രിസ്തുവർഷം 70 ൽ റോം ജെറുസലേമിനെ ആക്രമിച്ച് ഈ ദേവാലയവും നശിപ്പിച്ചു. അതോടെ യഹൂദർ ചിതറിക്കപ്പെട്ടു. അവർ നാടോടികളായി ലോകത്തിൽ അലഞ്ഞു. ബാബിലോണിയൻ അടിമത്തം ചിന്തയ്ക്കു വിഷയമാക്കിയവർ മതവിശ്വാസത്തിന്റെ വിവിധതലങ്ങളിൽ വലിയ അഴിച്ചുപണി നടത്തി. അവർ പിന്നെ ദേവാലയം പണിതില്ല. തങ്ങളുടെ വെളിപാടിന്റെ ഭാഷയായ ഹീബ്രു ദേവഭാഷയാണെന്നു അവർ കരുതിയിരുന്നു. പക്ഷേ, നാടില്ലാതെ അലഞ്ഞപ്പോൾ ദേവഭാഷ മറന്നു. ചെന്നെത്തിയ നാടുകളിലെ ഭാഷകൾ പഠിച്ചു. ഹീബ്രു ബൈബിൾ ഗ്രീക്ക് ഭാഷയിലേക്ക് തർജമ ചെയ്തു. ബാബേൽ ഗോപുര കഥ അവരുടെ വേദത്തിൻ്റെ ഭാഗമായി. ദൈവം ഭാഷയെ ഭിന്നമാക്കി. ഭാഷകൾ പലതാണ്, എല്ലാം ദേവഭാഷകളായി. അവരുടെ ഗ്രീക്ക് ബൈബിളിൽ സൈറൺ എന്ന ഗ്രീക്ക് വാക്ക് ആറു സ്ഥലങ്ങളിൽ ഉണ്ടായിരുന്നു. സൈറൺ എന്നത് ഹോമറിന്റെ ഭാവനയിലെ കടലിൽ സംഗീത ഭീഷണി ഉയർത്തുന്ന യക്ഷികളാണ്. അങ്ങനെ ഹോമർ ബൈബിളിൽ പ്രവേശിച്ചു.
ദേവാലയം മാത്രമല്ല അവർ നിർത്തിക്കളഞ്ഞത്. പൗരോഹിത്യവും നിർത്തലാക്കി. ലേവി വംശം വേറെ പണി നോക്കി. ബലിയും ദേവാലയാനുഷ്ഠാനങ്ങളും ഇല്ലാതായി. അവർ പകരം സിനഗോഗുകൾ ഉണ്ടാക്കി. സിനഗോഗ് എന്ന വാക്ക് ഹീബ്രുവല്ല, സമ്മേളന ഇടം എന്നർഥമുള്ള ഗ്രീക്കാണ്. അത് ദേവാലയമല്ലായിരുന്നു, വായനശാലയായിരുന്നു. ബലിയും അനുഷ്ഠാനങ്ങളും അവസാനിപ്പിച്ചവർ കണ്ടുപിടിച്ചത് വേദവായനയായിരുന്നു. അതിന്റെ ഇടമായിരുന്നു സിനഗോഗുകൾ. അവിടെ വൈദികരില്ലായിരുന്നു. പകരം അവർ റാബിമാരെ സൃഷ്ടിച്ചു. വേദവായനയുടെ പണ്ഡിതർ. സിനഗോഗുകൾ ബലിവേദിയായിരുന്നില്ല. വായന വിശുദ്ധമായ അനുഷ്ഠാനമാക്കി.
വായന ഒരു അനുഷ്ഠാനം
വായന അനുഷ്ഠാനമാക്കിയതിനു പിന്നിൽ ഇസ്രയേൽ സമൂഹത്തിന്റെ തനിമ വെളിവാകുന്നുണ്ട്. അബ്രാഹത്തിന്റെ പിൻഗാമികൾ പേരില്ലാത്തവരും പരദേശികളുമായി. സാധാരണ അസ്തിത്വത്തിൽ നിന്നു ബന്ധം പിരിഞ്ഞവരായി ഹേഗൽ വിലയിരുത്തി. എല്ലാറ്റിൽ നിന്നു വിമുക്തരായവർ ഇച്ഛയുടെ ജീവിതം നയിച്ചവരായി. അത് അബ്രാഹത്തിന്റെ നിശ്ചയമായിരുന്നില്ല; ദൈവത്തിന്റെ കല്പനയായിരുന്നു. വേദശാസ്ത്രപരമായി മനസ്സിലാക്കാനാവാത്ത രഹസ്യം ഭൂമിയിൽ സ്വസ്ഥതയില്ലാതെ എവിടെയും വിരുന്നുകാരാകേണ്ടി വന്ന വിധിയായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ യഹൂദരെ കൊന്നൊടുക്കിയ നാത്‌സി പാർട്ടിയിൽ ചേർന്ന ഹൈഡഗർ എഴുതിയതു മനുഷ്യത്വം ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടതാണ് എന്നതായിരുന്നു. അദ്ദേഹം എഴുതി ”നാമെല്ലാം ജീവിതത്തിൽ വിരുന്നുകാരാണ്.” മനുഷ്യൻ പ്രാകൃതനും ജീവശാസ്ത്രപരമായി ലക്ഷ്യമില്ലാത്ത സൃഷ്ടിയുടെ അർഥമറിയാത്തവനുമായി. മനുഷ്യൻ അസ്തിത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടതിന്റെ സാധ്യമായ ലക്ഷ്യമറിയുന്നില്ല. ഇവിടെയാണ് യഹൂദർ ഭിന്നരായത്. അത് അവർ അറിയുന്നു എന്ന് വ്യക്തമായി ആഖ്യാനം നടത്തുന്ന സാഹിത്യ ചിന്തകനായിരുന്നു ജോർജ് സ്‌റ്റെയ്‌നർ. ”യഹൂദന്റെ മൂന്ന് ചരിത്രസംഭവങ്ങൾ ലോകത്തിനു വേണ്ടി മനുഷ്യനെ നിർവചിച്ചു.” അവരായിരുന്നു – മോസസ്, ജീസസ്, മാർക്‌സ്. മോസസിൽ ലഭിച്ച ഏകദൈവ വിശ്വാസം ശുദ്ധവും കലർപ്പില്ലാത്തതുമായ അമൂർത്ത ചിന്തയായിരുന്നു. വിഗ്രഹങ്ങളെയും രൂപങ്ങളെയും അനുവദിക്കാതെ അതികഠിനമായ വിലക്കിയ അനന്യനുമാണ്. ഇത് യഹൂദരെ ലോകത്തിൽ ഭിന്നരാക്കി എന്നാണ് സ്‌റ്റെയിനർ എഴുതിയത്. ”യഹൂദർ പരദേശത്തു അതിഥി എന്ന വിധത്തിൽ നിലനിൽക്കുന്നു,” ലോകത്തിനുവേണ്ടി ഒരു ഉത്തരവാദിത്വത്തിന്റെ ധാർമ്മിക കടമയും പേറി. ഈ ഉത്തരവാദിത്വം എന്ന മറുപടിയിലേക്കാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നു എന്നു വിശ്വസിച്ചവർ. ”ആയിരിക്കുന്നവൻ ഞാനാകുന്നു” എന്നത് പൂർണ്ണമായി അമൂർത്തമായി മാത്രം മനസ്സിലാക്കേണ്ട ദൈവചിന്തയിൽ അവർ ജീവിച്ചു.
ദൈവത്തെ ഉണ്ടാക്കിയ മനുഷ്യർ
പുരാതന ഗ്രീസിനു പതിനായിരം ദൈവങ്ങളുണ്ടായിരുന്നു. അതാണ് സ്വാഭാവികം, സന്തോഷപ്രദം. കാരണം ലോകത്തിൽ വളരെ അദ്ഭുതപരവും സുന്ദരവുമായതു ദൈവങ്ങളായി. അതായിരുന്നു മറ്റു പല സംസ്‌കാരങ്ങളുടെയും കഥകളും. എന്നാൽ യഹൂദർക്ക് എല്ലാ ദൈവചിത്രങ്ങളും നിഷിദ്ധമായിരുന്നു. ദൈവത്തെക്കുറിച്ചുള്ള ഏകധാരണ ധർമ്മശുദ്ധിയുടേതായി. ഈ ധർമ്മബോധം ലഭിച്ചവൻ തിരഞ്ഞെടുക്കപ്പെട്ടവരായി. യഹൂദരെ നയിച്ച കഥ അഥവാ അവരുടെ ആദിയുടെ കഥ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള പുറപ്പാടിന്റെയാണ്. അവരെ സംബന്ധിച്ച് ഏറ്റവും പ്രാചീനമായ ചരിത്രരേഖ മൂകമോ മൃതമോ അല്ല. അത് എഴുതിയവൻ എന്നെ ഓർമ്മിപ്പിക്കുന്നു – വായനയിൽ. അത് രാഷ്ട്രീയമായിരുന്നു – സ്വാതന്ത്ര്യത്തിന്റെ ഇടം എന്നും സ്വാതന്ത്ര്യം നഷ്ടമാകാവുന്നതും വീണ്ടെടുക്കാവുന്നതുമായ മൂർത്തമായ അനുഭവങ്ങളിലൂടെയുള്ള ജീവിതയാത്രയായിരുന്നു. ദൈവത്തെപ്പോലെ മനുഷ്യനും ഏകനായിരിക്കണം. അത് അവന്റെ മനസ്സിന്റെ ജീവിതമാണ്. മണൽക്കാടിന്റെ ഏകാന്തത എന്നത് ഞാൻ ഞാനുമായിരിക്കുന്നതാണ്.
സ്‌റ്റെയ്‌നറിന്റെ നോവലിലെ കഥാപാത്രമായ ഹിറ്റ്ലർ നാത്‌സിസത്തെ ന്യായീകരിച്ചുകൊണ്ട് പറയുന്നു, ”യഹൂദർ മനസ്സാക്ഷിയുടെ കണ്ടുപിടുത്തക്കാരാണ്.” നാത്‌സികളുടെ ആര്യ പ്രത്യയശാസ്ത്രം യഹൂദരുടെ ‘തിരഞ്ഞെടുക്കപ്പെട്ടവർ’ എന്നതിന്റെ ഹാസ്യാനുകരണമായിരുന്നു. അത് മനസ്സമാധാനത്തോടെ ജീവിക്കാനാവാത്തവിധം ഭാരം ഉണ്ടാക്കിയവരെ ഉന്മൂലനം ചെയ്യുന്ന കൊലപാതക ഫാക്ടറികൾ സ്ഥാപിച്ച യുദ്ധമായിരുന്നു. ദേശീയതയുടെ മൗലികവാദ ദുരന്തത്തിന്റെ ഭീകരത. എല്ലാത്തരം ദേശീയതകളും ആയുധങ്ങളുടെ സംരക്ഷണയിലാണ്. വീട് കണ്ടെത്തി എന്ന് അവകാശപ്പെടുന്നവർ വീടില്ലാത്തവരെ പുറത്താക്കി കൊന്ന കഥ. എല്ലാത്തരം ദേശവാദങ്ങളും ആയുധബലത്തിന്റെ രാഷ്ട്രീയത്തിൽ നിലനിൽക്കുന്നു. ഈ യുദ്ധം മനുഷ്യനും മനുഷ്യത്വത്തിനും എതിരായ യുദ്ധമായിരുന്നു. വീടില്ലാത്ത യഹൂദർ എവിടെയാണ് വസിക്കുന്നത്? അതാണ് യഹൂദരുടെ വായനയുടെ കണ്ടെത്തലിന്റെ മഹത്വം. വീട് കൃതിയിലാണ്, അവർ പുസ്തകത്തിന്റെ മനുഷ്യരാണ് – വചനത്തിൽ വസിക്കുന്നവർ.
മൂന്ന് തവണ യഹൂദൻ
മോസസിനു ലഭിച്ച ദൈവവെളിപാട്, ജനങ്ങൾക്ക് എഴുതികൊടുത്തത് പത്തു കല്പനകളായിട്ടായിരുന്നു. ഈ വെളിപാടിന്റെ തന്നെ രണ്ടു മുഹൂർത്തങ്ങൾ കൂടി ഉണ്ടായി യേശുവിലും മാർക്‌സിലും. അവർ യഹൂദ പാരമ്പര്യത്തിന്റെ തന്നെ ഭിന്നമായതും പാഷണ്ഡതകളായതുമായ ആവർത്തനങ്ങളായിരുന്നു. യേശുവിൽ ധർമ്മം മൗലികമായി, അവിടെ കര്‍മങ്ങളല്ല നിഷേധിച്ചത്, നിശ്ചയങ്ങളാണ്. വ്യഭിചാരം ചെയ്യരുത് എന്നല്ല കാമേച്ഛയോടെ നോക്കുകപോലുമരുത്. ശത്രുവിനെയും സ്‌നേഹിക്കാൻ ആവശ്യപ്പെട്ട മൗലികത. മൂന്നാം തവണ വന്ന മാർക്‌സ് എഴുതി ”നിനക്ക് നല്ലൊരു വീടുണ്ടായാൽ, അതിന്റെ രണ്ടു മുറികൾ ഒഴിഞ്ഞു കിടന്നാൽ, ചുറ്റും വീടില്ലാത്തവർ ഉണ്ടെങ്കിൽ നീ ഏറ്റവും ഹീനനായ പന്നിയാണ്.” സ്വകാര്യമോഹത്തിനു ന്യായീകരണമില്ല. പരാർഥത ഒരു പുണ്യമല്ല, കടമയാണ്. മൂന്നു പ്രാവശ്യം യഹൂദൻ മനുഷ്യനോട് ആവശ്യപ്പെട്ടു, ”മനുഷ്യനാകുക, മനുഷ്യവ്യക്തിയാവുക.” ഡാർവിന്റെയും ലമാർക്കിന്റെയും ജാതി ഗോത്രങ്ങളുടെ ബയോളജിയായിരുന്നില്ല യഹൂദൻ പറഞ്ഞത്. അത് നാടോടി എന്ന മനുഷ്യന്റെ കഥയായിരുന്നു. ഒരു ശതമാനം പോലുമില്ലാത്ത അവർ 70 ശതമാനം നോബൽ സമ്മാനങ്ങൾ വാരിക്കൂട്ടി. അവർ ലോകത്തിൽ ഒരു ആശ്ചര്യമായി. അവരുടെ ഉദ്ഭവം, പിടിച്ചുനിൽപ്പ്, അന്തർദേശീയ പ്രതിസന്ധികളും നേട്ടങ്ങളും എല്ലാം സാമാന്യബോധത്തെ മറികടക്കുന്നു. ഈ ജനത്തിന്റെ വീട് ഭൂമിയിലെ ഉഴുതു വിതക്കുന്ന ഇടമല്ല. ഭൂമിയിൽ വേരുപിടിക്കാൻ തയ്യാറില്ലാത്ത സ്വാതന്ത്ര്യം. അവർ അലയുമ്പോഴും ഏതോ വിശ്വസ്തതയുടെ മാടമ്പിമാരായിരുന്നു. അത് അവരുടെ സർഗാത്മകതയുടെയായിരുന്നു. തുടക്കങ്ങൾ ഉണ്ടാക്കാൻ വിളിക്കപ്പെട്ടവർ. സർഗാത്മകത പൊട്ടിവിരിയുന്ന മനുഷ്യർ. ചരിത്രത്തിൽ ഇങ്ങനെ കിരീടമണിഞ്ഞവർ: ഫ്രോയിഡ്, ഐൻസ്‌റ്റൈൻ, വിറ്റ്‌ഗെൻസ്‌റ്റൈൻ, കഫ്ക, ഹുസ്സേൽ, അഡോർണോ, ട്രോഡ്‌സ്‌കി, വാൾട്ടർ ബെഞ്ചമിൻ, ഏർണസ്റ്റ് ബ്ലോക്, ഹന്ന അറന്റ് തുടക്കങ്ങിയവർ ഒരു ഹ്രസ്വ കാലയളവിലെ യഹൂദപ്രബുദ്ധതയുടെ മനുഷ്യരായിരുന്നു. വാക്കിന്റെ വാസ്തു പുണ്യത്തിൽ ഏതു ദേശീയരുമായി ഉടമ്പടി ഉണ്ടാക്കി ധർമ്മബോധത്തിന്റെ കാലുകളിൽ അവർ ചരിച്ചു. അവർ മനുഷ്യരുടെ ചിന്താശക്തിയിൽ വിശ്വസിച്ചു. മനുഷ്യന്റെ മഹത്വത്തിൽ.
ഹന്ന അറന്റ് എന്ന ജർമ്മൻ യഹൂദസ്ത്രീയാണ് അമേരിക്കയിൽ നിന്ന് 60 ലക്ഷം യഹൂദരെ കൊല്ലാൻ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടി കൊണ്ടുപോയി കൊടുത്ത അഡോൾഫ് ഐയ്ക്ക്മാനെ 1961-ൽ ഇസ്രയേലിൽ വിസ്തരിച്ചപ്പോൾ ജെറുസലേമിൽ അതിന്റെ കഥയെഴുതാൻ എത്തിയത്. അവർ പ്രതിക്കൂട്ടിൽ ഒരു സത്വത്തെയോ പിശാചിനെയോ കാണാമെന്നാണു സങ്കൽപ്പിച്ചത്. പക്ഷേ, അവർ എഴുതി, കണ്ടത് ഒരു സാധാരണ മനുഷ്യനെയാണ്. ഒരു സാധാരണ മനുഷ്യന് ഇത് എങ്ങനെ സാധിച്ചു? അവർ എഴുതി, ”സാധാരണ മനുഷ്യൻ” പക്ഷേ ”ചിന്തയില്ലാത്തവൻ.” ചിന്ത വെടിഞ്ഞാൽ സാധാരണക്കാരായ ആർക്കും ഇത് സാധിക്കുമെന്നാണ് അവരുടെ നിഗമനം. അവർ എഴുതി, ”യഹൂദർ ദൈവത്തിൽ വിശ്വസിച്ചപ്പോഴും, അവനിലുള്ള സ്‌നേഹവും ഉറപ്പും അവരുടെ ഭയത്തേക്കാൾ വലുതായിരുന്നു. ഈ മനുഷ്യർ തങ്ങളിൽ മാത്രമാണോ വിശ്വസിച്ചത്? ഇതിൽനിന്നും എന്താണ് വ്യക്തമാകുന്നത്? മനുഷ്യനാകാൻ വിസമ്മതിക്കുന്നതാണ് തിന്മ. ഇതു സംഭവിക്കുന്നത് മനുഷ്യൻ തന്നിൽതന്നെയും തന്നിലുള്ള ദൈവത്തെയും വിശ്വസിക്കാത്തപ്പോഴാണ്. മനുഷ്യന്റെ അകത്തെ വെളിച്ചത്തിന്റെ പ്രബുദ്ധതയുടെ വായനയിലും മനനത്തിലുമാണ് മനുഷ്യനാകുന്നതും.
മൂന്നുതവണകളിൽ യഹൂദരിൽ സംഭവിച്ചപ്പോൾ മാർക്‌സിൽ മാത്രം തെറ്റിയ ഒരു കാര്യമാണ് ഹന്ന അറന്റ് ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യനെ മാർക്‌സ് നിർവചിച്ചത് തൊഴിലിലാണ്. പക്ഷേ, അവർ വിയോജിക്കുന്നു. മനുഷ്യന്റെ മഹത്വം കാണേണ്ടത് കര്‍മത്തിലല്ല. കര്‍മമുക്തമായ ധ്യാനത്തിലാണ്. അവിടെ നിന്നാണ് എല്ലാ കലകളും ധർമ്മവും സങ്കല്പവും ജനിക്കുന്നത്. കൃതിയിൽ വസിക്കുന്ന മനുഷ്യൻ ഭാഷയിലാണ് വസിക്കുന്നത്. വായിക്കുമ്പോൾ അവർ എന്ത് ചെയ്യുന്നു. അവരും എഴുതപ്പെടാത്ത എഴുത്തുകാരുമായി സംഭാഷണം നടത്തുന്നു.
പ്രപഞ്ചകേളിയുടെ അദ്ഭുതം
പ്രപഞ്ചകേളിയിലാണ് നാം. കേളിയിൽ മുഴുകുമ്പോൾ ചോദിച്ചുപോകും, ഇത് എന്ത് ? തത്വചിന്ത ആരംഭിക്കുന്നത് പ്രപഞ്ചകേളിയുടെ അദ്ഭുത ബോധത്തിൽനിന്നാണ്. പ്രത്യക്ഷമാകുന്നതിനെ അദ്ഭുതത്തോടെ കാണുന്നു. പക്ഷേ, ഈ പ്രത്യക്ഷമാകലിന്റെ പിന്നിൽ കാണാനാകാത്തത് എന്ത്? അനുസ്യൂതമായ കേളിയുടെ പിന്നിലേക്കു പിൻവാങ്ങി നിൽക്കുന്നത് കാണാതിരിക്കുന്നത് എങ്ങനെ? നാട്യത്തിന്റെ നാടകം കാണുന്നു. നാട്യത്തിനു പിന്നിൽ എന്ത് എന്നു ചോദിക്കാതിരിക്കുന്നതു എന്തുകൊണ്ട്? ഹൈഡഗർ പറയുന്ന അസ്തിത്വവിസ്മൃതിയുടെ പ്രസക്തി ഇവിടെയാണ്. ലോകത്തിലെ എല്ലാ ശാസ്ത്രങ്ങളും പ്രത്യക്ഷമായവയുടെ പഠനമാണ്. പക്ഷേ അസ്തിത്വവിസ്മയത്തെക്കുറിച്ച് ചിന്തിക്കാതെ വിടുന്നു. സംഭവിക്കുന്നു എന്നതാണ് അദ്ഭുതം. ഈ സംഭവത്തിന് അടുത്തു നിൽക്കുന്നത് ആത്മീയതയുണ്ടാക്കും.
ലോകത്തിലായിരിക്കുന്ന ഞാൻ അപരനുമായി പങ്കുചേർന്നാണ് എന്നെ പിടികൂടുന്നത്. ആവരണംചെയ്യുന്ന അപരന്റെ അസ്തിത്വം എന്താണ്, ആരാണ്? എന്റെ ചുറ്റുമുള്ളവരുടെ ആവാസം ഞാൻ മറക്കുകയാണോ? പുറപ്പാടിന്റെ അബ്രാഹം അശ്വമേധം നടത്തിയവനല്ല, അപരനെ കണ്ടെത്തിയവനാണ്. അവൻ വീടു കണ്ടെത്തുന്നത് അപരനുമായുള്ള ബന്ധത്തിലാണ്. അബ്രഹാം പുറപ്പാട് നയിച്ച് സമൂഹങ്ങളും അപരരുമായി നിരന്തരം സംഭാഷണം നടത്തി, ഉടമ്പടികൾ ഉണ്ടാക്കി പാരസ്പര്യത്തിൽ വസിച്ചവനാണ്. നാത്‌സികൾ ഉണ്ടാക്കിയതു അപരനില്ലാത്ത ഒരുവന്റെ ഏകാധിപത്യമാണ്. സ്വാതന്ത്ര്യം പുറപ്പാട് നടത്തി അപരനെ കണ്ടെത്തി ഒന്നിച്ചു തീരുമാനിച്ച് ഒന്നിച്ചു വസിക്കുന്ന സൗഹൃദം. അതാണ് ഉടമ്പടിയുടെ വിപ്ലവങ്ങൾ. മനുഷ്യസ്വാതന്ത്ര്യം അപരനു കൊടുക്കുന്ന ഉത്തരവും അപരന്റെ കേൾവിയുമാകുന്നു. മനുഷ്യാവസ്ഥ മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെയും സൗഹൃദത്തിന്റെയും സംഘാത ഉടമ്പടിയുടെ പുറപ്പാട് വഴിയിലാണ്. ഇതു ഒരാളുടെ ചിന്തയല്ല, എല്ലാവരും ഭാഷണത്തിൽ മുഴുകി ഉണ്ടാക്കുന്ന ജീവിത വ്യാകരണത്തിന്റെ രാഷ്ട്രീയ വഴിയാണ്.
അസ്തിത്വാനുഭവത്തിന്റെ ആത്മീയത
പാശ്ചാത്യനാടുകളുടെ പ്രബുദ്ധത അതിന്റെ ശാസ്ത്രങ്ങളുടെ ആധുനിക വികാസത്തിന്റെയാണ്. എന്തുകൊണ്ടാണ് പാശ്ചാത്യ നാടുകൾ ശാസ്ത്രസാങ്കേതിക വിദ്യകളുടെ വികാസത്തിന്റെ ഈറ്റില്ലമായത്? ബുദ്ധിയിലുള്ള അവരുടെ വിശ്വാസം തന്നെ. വേദഗ്രന്ഥം വായിക്കുന്നതു പോലെ പ്രപഞ്ചഗ്രന്ഥം വായിക്കാമെന്നും രണ്ടും ദൈവത്തിന്റെ യുക്തിയിൽ എഴുതപ്പെട്ടതാണെന്നുമുള്ള അടിസ്ഥാന വിശ്വാസം. പ്രപഞ്ച വായനയിൽ അവർ അസ്തിത്വം മറന്നു എന്ന ഗൗരവമായ ആരോപണമുണ്ട്. ഈ മറവിയുടെ പ്രതിസന്ധി കാവ്യബോധത്തിന്റെ തിരോധാനം ഉണ്ടാക്കി. ഈ മാറ്റം ലോകത്തെ മുഴുവൻ ബാധിച്ചിട്ടുണ്ട്. എന്നാൽ അത് യൂറോപ്പിനെ ബാധിച്ചതുപോലെ ഭാരതത്തെ ബാധിച്ചിട്ടില്ല.
വായനാനുഭവങ്ങളാണ് മനുഷ്യനെ ഉണർത്തുന്നതും ഉയർത്തുന്നതും. അതില്ലാതെ പോയാൽ ആൾക്കൂട്ടത്തിന്റെ നിർവികാരമായ മിഥ്യയിലേക്ക് ഊർന്നുവീണ് ശരാശരിയിൽ ജീവിക്കും. മനസ്സാക്ഷിയുടെ ഉണർത്തുപാട്ട് മന്ദീഭവിച്ചു പോകും. എന്നിൽ നിന്നുള്ളതും എന്റേതല്ലാത്തതും എന്നിൽ നിന്നും വിദൂരതയിൽ നിന്നും വരുന്നതുമായ വിളിയാണ്. അതാണ് എന്റെ അസ്തിത്വവിളി – അഥവാ അസ്തിത്വം എന്നിൽനിന്നു എന്നെ വിളിക്കുന്നു. അസ്തിത്വവിസമൃതിയെക്കുറിച്ച് ആകുലപ്പെട്ട ഹൈഡഗറിൽ അസ്തിത്വത്തിൽനിന്ന് ഉണരുന്ന അപരൻ ഇല്ലാതെ പോയതാണ് നാത്‌സിസത്തിലേക്ക് അദ്ദേഹം ഊർന്നു വീഴാൻ കാരണം. നമ്മുടെ ഭാഷയ്ക്ക് അസ്തിത്വപരമായ അടിസ്ഥാനമുള്ളത് ഈ അദ്ഭുതബോധം നമ്മിൽ അന്തർലീനമായതുകൊണ്ടാണ്. ലോകത്തിലായിരിക്കുന്നതും അത് ഉച്ചരിക്കുന്നതും അസ്തിത്വം അതിന്റെ ഭാഷണം നടത്തുന്നതും ഭാഷയിലാണ്. ഇവിടെയും ഭാഷയുടെ ശരാശരിയിലേക്കു വീണു ഭാഷണം അലസമായ വാചകമടിയായി മാറാം; വെറും അപവാദ സല്ലാപമായി അധഃപതിക്കാം.