യുദ്ധകാല സ്വാതന്ത്ര്യം

യുദ്ധകാല സ്വാതന്ത്ര്യം

തുഷാര്‍ എ. ഗാന്ധി

ഗാസയിലെ ബോംബുവർഷത്തിൽനിന്ന് ഉയരുന്ന പുകപടലങ്ങൾ, ഉക്രെയ്‌നിലെ തകർന്ന നഗരങ്ങൾ, മണിപ്പൂരിലെ കത്തിയെരിയുന്ന ഗ്രാമങ്ങൾ – ഇവയെല്ലാം 2025-ലെ ലോകയാഥാർഥ്യങ്ങളാണ്. യുദ്ധം എന്ന പേരിൽ സ്വാതന്ത്ര്യം ബലിയർപ്പിക്കപ്പെടുന്ന, ജനാധിപത്യം സ്വേച്ഛാധിപത്യത്തിന് കീഴടങ്ങുന്ന ഒരു കാലഘട്ടത്തിന്റെ സാക്ഷികളാണ് നാം. 

ആഗോളരാഷ്ട്രീയത്തിന്റെ ചക്രവാളങ്ങളിൽ സംഘർഷത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, യുദ്ധം എന്നത് കേവലം അതിർത്തിയിലെ വെടിയൊച്ചകൾ മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ ആത്മാവിനേൽക്കുന്ന മുറിവുകൂടിയാണെന്നു നാം തിരിച്ചറിയുന്നു. യുദ്ധം, അടിയന്തരാവസ്ഥ പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ജനാധിപത്യസംവിധാനങ്ങൾക്കും, വിശേഷിച്ച് പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങൾ ആവശ്യമാണെന്ന ഒരു പൊതുബോധം നിലനിൽക്കുന്നുണ്ട്. എന്നാൽ, യുദ്ധത്തിന്റെ മറപിടിച്ച് ജനാധിപത്യഭരണകൂടങ്ങൾ സ്വേച്ഛാധിപത്യത്തിന്റെ മുഖംമൂടിയണിയുന്നതാണ് ചരിത്രത്തിലെവിടെയും കാണാനാവുക. രാഷ്ട്രസുരക്ഷയുടെയും പരമാധികാരത്തിന്റെയും പേരിൽ വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനും, ബാഹ്യഭീഷണിയുടെ ഭീതിവിതച്ച് തീവ്രദേശീയതയ്ക്ക് ആക്കംകൂട്ടുന്നതിനും ഭരണകൂടങ്ങൾ എളുപ്പത്തിൽ ന്യായീകരണം കണ്ടെത്തുന്നു. പലപ്പോഴും ഇതൊരു അനിവാര്യതയായി കണ്ട് പൗരസമൂഹം നിശ്ശബ്ദമായി അതിന് വഴങ്ങിക്കൊടുക്കുകയും ചെയ്യുന്നു.

ഈ അപകടകരമായ പ്രവണതയെ തിരിച്ചറിഞ്ഞ് പൗരസമൂഹം അതീവ ജാഗ്രത പുലർത്തേണ്ട സന്ദർഭങ്ങളാണിത്. ഭരണകൂടം അതിന്റെ അധികാരപരിധി ലംഘിക്കുന്നില്ലെന്നും ഒരു പൗരന്റെയും മൗലികാവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം, ജനാധിപത്യം എന്നത് ജനങ്ങളുടേതും ജനങ്ങളാൽ നയിക്കപ്പെടുന്നതും ജനങ്ങൾക്കുവേണ്ടിയുള്ളതുമാണ്. അതിനാൽ, സമാധാനത്തിന്റെ നാളുകളിലായാലും സംഘർഷത്തിന്റെ കാലത്തായാലും പൗരസ്വാതന്ത്ര്യം അലംഘനീയമായി തുടരുക എന്നതുതന്നെയാണ് ജനാധിപത്യത്തിന്റെ കാതൽ.

മഹാത്മാഗാന്ധി 1938 ഒക്ടോബർ 15-ലെ ‘ഹരിജനി’ൽ കുറിച്ച വാക്കുകൾക്ക് ഇന്നത്തെ കാലത്ത് പ്രസക്തിയേറുന്നു: “യുദ്ധത്തിന്റെ ശാസ്ത്രം ഒരുവനെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നു, അത് വളരെ ലളിതമാണ്. എന്നാൽ അഹിംസയുടെ ശാസ്ത്രത്തിനു മാത്രമേ ഒരുവനെ ശുദ്ധമായ ജനാധിപത്യത്തിലേക്ക് നയിക്കാനാവൂ.”

ജനാധിപത്യത്തിന്റെ അടിസ്ഥാന ആദർശങ്ങൾക്ക് തന്നെ മൂല്യച്യുതി സംഭവിക്കുന്ന ഒരു കാലഘട്ടത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ജനാധിപത്യപരമായ നടപടിക്രമങ്ങൾ പാലിക്കുന്നുവെന്നും അതിന്റെ സംരക്ഷണ കവചത്തിനുള്ളിലാണ് പ്രവർത്തിക്കുന്നതെന്നും വരുത്തിത്തീർത്ത്, ഏകാധിപത്യ പ്രവണതയുള്ള നേതാക്കൾ അധികാരം പിടിച്ചെടുക്കുന്നു. തുടർന്ന് അവർ ജനാധിപത്യത്തിന്റെ സുരക്ഷാസംവിധാനങ്ങളെ ഒന്നൊന്നായി അട്ടിമറിക്കുകയും ജനാധിപത്യവ്യവസ്ഥയെ ദുർബലമാക്കുകയും ചെയ്യുന്നു. ശക്തനായ ഒരു നേതാവ് എന്ന റൊമാന്റിക് സങ്കല്പത്തിലുള്ള ജനങ്ങളുടെ ഭ്രമമാണ് ഇതിന് വളംവച്ചുകൊടുക്കുന്നത്. ഇതേ നേതാവുതന്നെ പിന്നീട് പൗരസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയും സ്വേച്ഛാധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു.

ലോകമെമ്പാടും യഥാർഥ ജനാധിപത്യങ്ങൾ പിൻവാങ്ങുന്നതായും, സ്വേച്ഛാധിപതികളും സ്വാർഥരും അധികാരമോഹികളുമായ നേതാക്കൾക്ക് ജനപ്രീതിയും സ്വീകാര്യതയും വർധിക്കുന്നതായും കാണാം. “നമ്മെ മഹത്തരമാക്കുക” (Make us great) എന്നതരം മുദ്രാവാക്യങ്ങൾ ജനക്കൂട്ടത്തിന്റെ പിന്തുണ നേടുന്നതിനും അധികാരം പിടിച്ചെടുക്കുന്നതിനുമുള്ള സമർഥമായ ഉപാധിയായി മാറുന്നു. ഭൂരിപക്ഷവാദത്തോടുള്ള ഈ അഭിനിവേശം ജനാധിപത്യത്തിനു കനത്തഭീഷണിയാണ്. ജനങ്ങളുടെ, ജനങ്ങളാലുള്ള, ജനങ്ങൾക്കുവേണ്ടിയുള്ള ഭരണം എന്ന മഹത്തായ സങ്കല്പത്തെ “ആൾക്കൂട്ടഭരണം” വിഴുങ്ങിക്കൊണ്ടിരിക്കുന്നു. സമൂഹത്തിലെ ഏറ്റവും ദുർബലനായ അവസാനത്തെ മനുഷ്യന്റെയും (അന്തിം ജൻ) സേവനമായിരിക്കണം ഭരണം എന്ന ബാപ്പുവിന്റെ ആദർശത്തിന് പകരം, “ജനക്കൂട്ടത്തിന്റെ ഭരണം, ജനക്കൂട്ടത്തിനുവേണ്ടി, ജനക്കൂട്ടത്താൽ” എന്ന വ്യവസ്ഥ സ്ഥാപിക്കപ്പെടുകയാണ്.

ഇന്ത്യയിൽ, ആൾക്കൂട്ടം നടത്തുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾക്കും അതിലെ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്നതിനും നാം സാക്ഷികളായിട്ടുണ്ട്. ഭൂരിപക്ഷ പ്രീണനത്തിൽ ശ്രദ്ധയൂന്നുന്ന സർക്കാരിന്റെ നിർദേശപ്രകാരം, നിയമനടപടികൾക്ക് വിധേയമാക്കാൻ കഴിയാത്ത “മുഖമില്ലാത്ത ജനക്കൂട്ട”ത്തിനെതിരെ പോലീസ് കേസെടുക്കുമ്പോൾ യഥാർഥ കുറ്റവാളികൾ നിയമവലയിൽനിന്ന് രക്ഷപ്പെടുന്നു..

ജനാധിപത്യത്തിന്റെ ഈ മൂല്യച്യുതിക്ക് കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യ സാക്ഷ്യംവഹിക്കുകയാണ്; സമാനമായ ഒരവസ്ഥയിലൂടെയാണ് അമേരിക്കയും ഇന്നു കടന്നുപോകുന്നത്. എന്നാൽ, ഫാസിസത്തിലേക്കുള്ള വളർന്നുവരുന്ന പ്രവണതയാണ് ജനാധിപത്യങ്ങൾക്ക് കൂടുതൽ അപകടകരമായ സൂചനയും കനത്ത ഭീഷണിയുമാകുന്നത്. 1938 ഒക്ടോബർ 15-ലെ ‘ഹരിജനി’ൽ ബാപ്പു ഇപ്രകാരം എഴുതി: “സമാധാനം സ്വപ്നം കാണുകയും, അതിനായി ഒരു ചോരക്കടൽ നീന്തിക്കടക്കേണ്ടി വരുമെന്ന് കരുതുകയും ചെയ്യുന്ന ഒരു സ്വേച്ഛാധിപതി റഷ്യയിലുണ്ട്. റഷ്യൻ സ്വേച്ഛാധിപത്യം ലോകത്തിന് എന്താണ് അർത്ഥമാക്കുകയെന്ന് ആർക്കും പ്രവചിക്കാനാവില്ല.” ഇതേ വാക്കുകൾ ഇന്നത്തെ റഷ്യയെയും അതിന്റെ ഭരണാധികാരിയെയും കുറിച്ചോ, അല്ലെങ്കിൽ ഇസ്രായേലിനെയും അതിന്റെ ഇപ്പോഴത്തെ സ്വേച്ഛാധിപതിയെയും കുറിച്ചോ അദ്ദേഹത്തിന് എഴുതാമായിരുന്നു.

1942 ഫെബ്രുവരി 1-ലെ ‘ഹരിജനി’ൽ ഗാന്ധിജി എഴുതി: “വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രമേ ഒരു മനുഷ്യനെ സാമൂഹികസേവനത്തിനായി സ്വമേധയാ പൂർണമായും സമർപ്പിക്കാൻ പ്രേരിപ്പിക്കാൻ കഴിയൂ. ആ സ്വാതന്ത്ര്യം കവർന്നെടുക്കപ്പെട്ടാൽ അവൻ ഒരു യാന്ത്രികജീവിയായി അധഃപതിക്കുകയും തന്മൂലം സമൂഹം നാശത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. പൗരസ്വാതന്ത്ര്യത്തെ നിരാകരിച്ചുകൊണ്ട് ഒരു സമൂഹത്തിനും നിലനിൽക്കാനാവില്ല.” നിർഭാഗ്യവശാൽ, 2025-ലെ ഇന്ത്യയെ നോക്കുമ്പോൾ ഈ വാക്കുകൾ എത്രത്തോളം യാഥാർഥ്യമാണെന്ന് നമുക്ക് കാണാം. ഭാരതത്തിന്റെ ആത്മാവിനെത്തന്നെയാണ് വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്നത്. വെറുപ്പിന്റെ വിഷബീജങ്ങൾ നമ്മുടെ സാമൂഹികാന്തരീക്ഷത്തെ മാരകമാക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അതിന്റെ വക്താക്കൾക്ക് വലിയ നേട്ടങ്ങൾ കൊയ്യാനുള്ള ഉപാധിയായി വെറുപ്പ് മാറിയിരിക്കുന്നു. അധികാരം പിടിച്ചടക്കുന്നതിനും അത് നിലനിറുത്തുന്നതിനുമുള്ള ആയുധമായും ഉപകരണമായും വിദ്വേഷം സമർഥമായി പ്രയോഗിക്കപ്പെടുന്നു.

ഈയൊരു സാമൂഹികാന്തരീക്ഷത്തിന്റെ പ്രതിഫലനമാണ് മണിപ്പൂരിൽ നാം കാണുന്നത്. രണ്ടു വർഷത്തിലേറെയായി ആ നാട് കത്തിയെരിയുമ്പോൾ, രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയും ഭയാനകമായ ഒരു നിസ്സംഗതയിൽ അഭയം പ്രാപിച്ചിരിക്കുന്നു. ‘അതൊന്നും നമ്മളെ ബാധിക്കുന്ന വിഷയമല്ല’ എന്ന മനോഭാവം ഒരു സാമൂഹിക രോഗമായി പടർന്നുപിടിച്ചിരിക്കുന്നു. ഈ നിസ്സംഗതയ്ക്ക് ഒരു ആഗോളമാനം കൂടിയുണ്ട്. യുക്രെയ്‌നിലെ ജനങ്ങളുടെ ദുരിതത്തിൽ മുതലക്കണ്ണീരൊഴുക്കുന്ന പാശ്ചാത്യലോകം, ഗാസയിൽ നടക്കുന്ന വംശഹത്യയെക്കുറിച്ചോ അവിടുത്തെ സാധാരണക്കാരുടെ കൂട്ടക്കുരുതിയെക്കുറിച്ചോ ബോധപൂർവം മൗനം പാലിക്കുന്നു. ഇതിൽനിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യമുണ്ട്; ഇന്നത്തെ ലോകത്ത് യുദ്ധം എന്നത് കേവലം ഒരു സംഘർഷമല്ല, മറിച്ച് വലിയ ലാഭം കൊയ്യാവുന്ന ഒരു വ്യവസായമാണ്.

കോർപ്പറേറ്റുകൾ യുദ്ധരംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത് ആയുധ നിർമാതാക്കളും വിതരണക്കാരും എന്ന നിലയിൽ മാത്രമല്ല, മറിച്ച്, യുദ്ധംചെയ്യാൻ കരാറെടുക്കുകയും, കൂലിപ്പട്ടാളത്തെ നൽകുകയും, പകരക്കാരായി (proxy) യുദ്ധംചെയ്യാൻ ലേലംവിളിക്കുകയും ചെയ്യുന്ന വൻകിട കോർപ്പറേഷനുകളെയാണ് നാം ഇന്ന് കാണുന്നത്. സൈനിക-വ്യാവസായിക സമുച്ചയം (Military-Industry nexus) ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കവെ, പ്രസിഡന്റ് ഡ്വൈറ്റ് ഐസൻഹോവർ മുന്നറിയിപ്പ് നൽകിയിരുന്നു: “ഈ സംയോജനത്തിന്റെ ഭാരം നമ്മുടെ സ്വാതന്ത്ര്യങ്ങളെയോ ജനാധിപത്യപ്രക്രിയയെയോ അപകടത്തിലാക്കാൻ നാം ഒരിക്കലും അനുവദിക്കരുത്. നാം ഒന്നും നിസ്സാരമായി കാണരുത്. ജാഗ്രതയും അറിവുമുള്ള ഒരു പൗരസമൂഹത്തിന് മാത്രമേ, ഈ ഭീമാകാരമായ വ്യാവസായിക-സൈനിക പ്രതിരോധ സംവിധാനത്തെ സമാധാനപരമായ രീതികളുമായും ലക്ഷ്യങ്ങളുമായും ശരിയായ രീതിയിൽ സംയോജിപ്പിക്കാൻ നിർബന്ധിക്കാൻ കഴിയൂ, അങ്ങനെ സുരക്ഷയും സ്വാതന്ത്ര്യവും ഒരുമിച്ച് അഭിവൃദ്ധിപ്പെടും.”

ഐസൻഹോവർ വിഭാവനംചെയ്തത് സൈന്യവും ആയുധവ്യവസായവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചായിരുന്നെങ്കിൽ, ഇന്നു സ്ഥിതി കൂടുതൽ ഗുരുതരമാണ്. പ്രതിഫലം വാങ്ങി യുദ്ധംചെയ്യാൻ സൈനികരെ നൽകുന്ന, യാതൊരുവിധ കൂറോ ദേശീയ പ്രതിബദ്ധതയോ ഇല്ലാതെ, ലാഭം മാത്രം മുൻനിറുത്തി ഏറ്റവുംകൂടുതൽ പണം നൽകുന്നവർക്കായി പകരക്കാരായി പോരാടുന്ന കോർപ്പറേറ്റ് സൈന്യങ്ങളെയാണ് നാം കാണുന്നത്. റഷ്യയും ഇസ്രായേലും തങ്ങളുടെ സൈനിക ആവശ്യങ്ങൾക്കായി അന്യരാജ്യങ്ങളിലെ തൊഴിൽരഹിതരായ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ഈ പുതിയ പ്രവണതയുടെ നേർസാക്ഷ്യമാണ്.

 

യുദ്ധങ്ങൾ ഒരുകാലത്ത് ഒരു നിശ്ചിത നിയമാവലിക്കനുസൃതമായാണ് നടന്നിരുന്നത്. ജനീവ കൺവെൻഷൻ പോലുള്ള അന്താരാഷ്ട്ര ഉടമ്പടികൾ സർവരാലും ആദരിക്കപ്പെട്ടു. സാധാരണ പൗരന്മാരെ ലക്ഷ്യമിടുന്നതു നിഷിദ്ധമായിരുന്നു, നിയമലംഘകരെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ വിചാരണയ്ക്ക് വിധേയമാക്കാമായിരുന്നു. എന്നാൽ, യുദ്ധം ഒരു കോർപ്പറേറ്റ് ലാഭോപാധിയായി പരിഗണിക്കപ്പെടുന്ന പുതിയ കാലഘട്ടത്തിൽ ഈ നിയമങ്ങൾക്ക് പുല്ലുവിലയാണ്. ലാഭം ഗണ്യമാണെങ്കിൽ, സിവിലിയൻ ആൾനാശം അവർക്ക് സ്വീകാര്യമായ ‘പാർശ്വനാശം’ മാത്രമായി ചുരുങ്ങും. അത്തരം സാഹചര്യങ്ങളിൽ രാഷ്ട്രങ്ങൾ നിസ്സഹായത വാദിക്കുകയും യുദ്ധക്കുറ്റങ്ങളിൽനിന്ന് കൈകഴുകുകയുംചെയ്യുന്ന അവസ്ഥ സംജാതമാകും.

ഈ ഭീതിതമായ യാഥാർഥ്യത്തിന്റെ നിഴൽ പരക്കുമ്പോൾ, ജനാധിപത്യത്തിന്റെ നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെടുകയാണ്. പണത്തിന്റെ സ്വാധീനത്താൽ ജനാധിപത്യസംവിധാനങ്ങളെ അട്ടിമറിക്കാനും ജനഹിതത്തെ ചവിട്ടിമെതിക്കാനും സാധിക്കും. കൊളോണിയൽ ഭരണത്തിനു ശേഷമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ, ജനാധിപത്യസർക്കാരുകളെ താഴെയിറക്കി തങ്ങളുടെ പാവ ഭരണാധികാരികളെ സ്ഥാപിക്കാൻ മുൻ കൊളോണിയൽ ശക്തികൾ കൂലിപ്പടയെ ഉപയോഗിച്ചത് ഇതിന്റെ ചരിത്രപരമായ ഉദാഹരണമാണ്. കൊള്ളസംഘങ്ങളെപ്പോലെ പ്രവർത്തിച്ചിരുന്ന ആ കൂലിപ്പട്ടാളത്തിൽനിന്ന് ഇന്നു നാം യുദ്ധത്തിന്റെ കോർപ്പറേറ്റുവൽക്കരണത്തിൽ എത്തിനിൽക്കുന്നു. ബഹുരാഷ്ട്ര സൈനിക കോർപ്പറേഷനുകൾ അധികാരം കൈയ്യടക്കുകയും ഒരു പ്രഭുഭരണം സ്ഥാപിക്കുകയും ചെയ്യുന്ന, രാഷ്ട്രങ്ങൾ പൗരക്ഷേമത്തിനല്ല, ലാഭത്തിനുവേണ്ടി മാത്രം നിലനിൽക്കുന്ന ഒരു കാലം വിദൂരമല്ലായിരിക്കാം. അതു നാഗരികതയുടെ അന്ത്യവും ജനാധിപത്യത്തിന്റെ അന്തിമമായ പതനവും കുറിക്കുന്നതാവും.

ഈ അപകടകരമായ പ്രവണതയെ മറികടക്കാൻ, ദേശീയതയുടെയും പരമാധികാരരാഷ്ട്രമെന്ന സങ്കല്പത്തിന്റെയും അതിർവരമ്പുകൾ ലംഘിക്കുന്ന ഒരു ആഗോള പൗരസഖ്യം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. ഈ കൂട്ടായ്മയുടെ ലക്ഷ്യം, ജനാധിപത്യരാഷ്ട്രങ്ങളുടെ ഒരു ആഗോള സംയുക്ത സംവിധാനത്തെയോ (federation), അല്ലെങ്കിൽ ജനങ്ങൾക്ക് പ്രഥമസ്ഥാനവും രാഷ്ട്രത്തിന് ദ്വിതീയസ്ഥാനവും നൽകുന്ന ഭൂഖണ്ഡാന്തര കൂട്ടായ്മകളെയോ ബലപ്പെടുത്തുക എന്നതായിരിക്കണം. സങ്കുചിത താൽപര്യങ്ങളെ അതിജീവിച്ച് മാനവരാശിയെ ഒരൊറ്റ അസ്തിത്വമായി, ഒരു യഥാർഥ ആഗോള ജനാധിപത്യ കുടുംബമായി—’വസുധൈവകുടുംബ’മായി—സങ്കല്പിക്കാൻ നമുക്കു കഴിയണം.