എറണാകുളം മഹാരാജാസ് കോളെജിന്റെ നടുമുറ്റത്ത് ഒരുനെല്ലിമരം നിൽക്കുന്നുണ്ട്, നെല്ലിക്കയൊന്നും ഉണ്ടായിക്കണ്ടിട്ടില്ലാത്ത ഒരുവൃദ്ധനെല്ലിമരം. പ്രതിക്ഷേധങ്ങളുടെ മുദ്രാവാക്യംവിളികൾ കോളെജിൽ തുടങ്ങുന്നത് അതിന്റെ ചുവട്ടിൽനിന്നാണ്. ലോകത്തെവിടെ അനീതി നടന്നാലും അതിന്റെ ചുവട്ടിൽ പ്രതിക്ഷേധം ഉയരും, അനീതി അംഗോളയിലായാലും ആഗോളമായാലും. അതുകൊണ്ട്, നെല്ലിമരം എന്നപേരിലല്ല അതിന് പ്രശസ്തി, സമരമരം എന്ന പേരിലാണ്. എല്ലാ പ്രതിക്ഷേധങ്ങളും അതിന്റെ ചുവട്ടിൽനിന്ന് ആരംഭിക്കുന്നു.
കേരളത്തിനും പണ്ടൊരു സമരമരം ഉണ്ടായിരുന്നു, ഏ.കെ.ജി. അനീതികണ്ടാൽ പ്രതിരോധിക്കാൻ അദ്ദേഹം ചാടിയിറങ്ങും. ജനങ്ങളെ തടുത്തുകൂട്ടി ചെറുത്തുനിൽപുകൾ സംഘടിപ്പിക്കും. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തിന്റെ പിന്നാലെ ഓടിയെത്താൻ കഴിയാതെ വിഷമിക്കും. അതിന്റെ ഫലമായി പാർട്ടിയിൽ രൂപപ്പെടുന്ന അസ്വസ്ഥതകളെ കുറിച്ചുള്ള സൂചനകൾ എ.കെ.ജിയുടെ ആത്മകഥയിലുണ്ട്. സംഘടനയാണോ സംഘടന മുന്നോട്ടുവയ്ക്കുന്ന ആശയമാണോ പ്രധാനം എന്നൊരു പ്രശ്നം എല്ലാക്കാലത്തുമുണ്ട്, മതസംഘനകളിൽപ്പോലും.
സവിശേഷമായ എന്തെങ്കിലുമൊരു ആദർശം സംരക്ഷിക്കാനാണ് സംഘടനകൾ ഉണ്ടാകുന്നത്. പക്ഷേ, സംഘടനാരൂപം സംരക്ഷിക്കാൻ ചിലർ സംഘടനയുടെ ആദർശങ്ങൾ ബലികൊടുക്കും. എങ്കിലും അപൂർവം ചിലർ അതിനോട് യോജിക്കാതെ സംഘടനയിൽ കലാപക്കൊടി ഉയർത്തും. സംഘടനയല്ല സംഘടനയുടെ ആദർശമാണ് വലുത് എന്നു വിശ്വസിക്കുന്നവർ എപ്പോഴും സംഘടനയിൽ ഉണ്ടാകും. സാധാരണഗതിയിൽ അത്തരം ആളുകളെ വിമതന്മാർ എന്നു മുദ്രകുത്തി സംഘടനകൾ തമസ്കരിക്കും. അപൂര്‍വം ചിലർ ഊതിക്കാച്ചിയ പൊന്നുപോലെ അഗ്നിപരീക്ഷകൾ അതിജീവിച്ച് ജ്വലിച്ചുയരുകയും ചെയ്യും. അത്തരക്കാരിൽ ഒന്നാംസ്ഥാനത്ത് ഏ.കെ.ജിയും രണ്ടാംസ്ഥാനത്ത് വി.എസും ആയിരുന്നു. രണ്ടും സമരകേരളത്തിന്റെ വീരപുത്രന്മാർ.
കേരളത്തിന്റെ ഒന്നാംസമരമരം എ.കെ.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട എ.കെ.ഗോപാലനും രണ്ടാം സമരമരം വി.എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന വി.എസ്. അച്യുതാനന്ദനും ആയിരുന്നു. അച്യുതാനന്ദന്റെ വേർപാട് ജനലക്ഷങ്ങളെ ദുഃഖിപ്പിച്ചത് അതുകൊണ്ടുമാത്രമാണ്. അതിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര. ഇത്രയ്ക്കു വികാരപരമായ ഒരു യാത്രയയപ്പ് കേരളത്തിൽ അധികം നേതാക്കൾക്കൊന്നും ലഭിച്ചുകാണില്ല. ഓർമയിൽ ഇ.കെ.നായനാരും ഉമ്മൻ ചാണ്ടിയുമുണ്ട്. ഇതുപക്ഷേ, കനത്ത കാലാവർഷത്തിൽ, ആളുകൾ വീട്ടിൽനിന്നിറങ്ങാൻപോലും മടിച്ചുനിൽക്കുന്ന കാലത്താണ്, ജനലക്ഷങ്ങൾ അച്യുതാനന്ദന് അന്ത്യോപചാരങ്ങൾ അർപ്പിക്കാൻ ഓടിയെത്തിയത്.
നായനാരെപ്പോലെ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന് പ്രിയങ്കരനായിരുന്നില്ല അച്യുതാനന്ദൻ. പാർട്ടി നേതൃത്വവും അച്യുതാനന്ദനും തമ്മിലുള്ള വിയോജിപ്പുകൾ പിണറായി വിജയന്റെ കാലത്തുമാത്രം ഉണ്ടായതുമല്ല. പാർട്ടി നേതൃത്വവും അച്യുതാനന്ദനും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് ദീർഘകാല ചരിത്രവുമുണ്ട്. ഒന്നല്ലെങ്കിൽ മറ്റൊരു വിഷയത്തിൽ എല്ലാക്കാലത്തും അദ്ദേഹം കലാപക്കൊടി ഉയർത്തിയിരുന്നു.
അംഗങ്ങളിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടികൾ ആഗ്രഹിക്കുന്ന സമ്പൂർണ അച്ചടക്കം അച്യുതാനന്ദന്റെ കാര്യത്തിൽ ഒട്ടും എളുപ്പമായിരുന്നില്ല. അതിൽ പലതും സമ്പൂർണമായും മാധ്യമവല്‍ക്കരിക്കപ്പെട്ട ഇന്നത്തെ കേരളത്തിൽ ആർക്കും അറിയാത്തതുമല്ല. ഉമ്മൻ ചാണ്ടിയെപ്പോലെ സഹായം തേടിയെത്തിയവർക്കുമുഴുവൻ സഹായമെത്തിക്കാൻ അച്യുതാനന്ദൻ ഓടിനടന്നിട്ടുമില്ല. എങ്കിലും അച്യുതാനന്ദൻ മലയാളി മനസ്സിനെ എവിടെയോ സ്പർശിച്ചിരുന്നു, നൂറ്റിരണ്ടുവർഷം നീണ്ടുനിന്ന ആ കമ്യൂണിസ്റ്റ് ജീവിതം മലയാളികൾക്കൊരു പാഠപുസ്തകമായിരുന്നു. അവർ കൗതുകത്തോടെ നോക്കിക്കണ്ട പാഠപുസ്തകം.
ജനങ്ങൾക്കൊരു പ്രശ്നംവന്നാൽ അവിടെ ഏ.കെ.ജിയുണ്ട് എന്നു പണ്ട് ജനങ്ങൾ പറഞ്ഞിരുന്നതുപോലെ അവിടെ വി.എസ് ഉണ്ടെന്ന് കേരളത്തിലെ ജനങ്ങൾ പിൽക്കാലത്ത് പറഞ്ഞിരുന്നു. ദാരിദ്ര്യത്തിന്റെയും അനാഥത്വത്തിന്റെയും കുട്ടിക്കാലത്തുനിന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഓരോ ഇഞ്ചും പടപൊരുതിയാണ് അദ്ദേഹം ജീവിച്ചത്. ഒന്നും വെള്ളിത്തളികയിൽ ആരും വച്ചുനീട്ടിയതുമല്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വിജയങ്ങൾക്ക് ഒരപൂർവതയുള്ളത്.
വ്യക്തിപരമായും എനിക്ക് വി.എസിനെ പരിചയമുണ്ടായിരുന്നു. എന്റെ രാഷ്ട്രീയ അനുഭാവം മിക്കവാറും സി.പി.എമ്മിന്റെ ഓരംപറ്റി ആയിരുന്നതുകൊണ്ട് മിക്കവാറും സി.പി.എം നേതാക്കളെ എനിക്ക് പരിചയമുണ്ടായിരുന്നു. പാർട്ടിയിൽ വിഭാഗീയ യുദ്ധങ്ങൾ അരങ്ങേറുന്ന കാലത്ത് ഞാൻ മലയാളംവാരികയിൽ ജോലിചെയ്തിട്ടുണ്ട്. വി.എസ് ആയാലും പിണറായി ആയാലും നമുക്ക് ശരിയെന്ന് തോന്നുന്നതിനെ പിന്തുണയ്ക്കുക എന്നതുമാത്രമായിരുന്നു അക്കാലത്തെ എന്റെ രീതി. എങ്കിലും ഇരുപക്ഷത്തുമുള്ളത് പരിചയമുള്ള സുഹൃത്തുക്കൾ. എങ്കിലും മലയാളംവാരിക മാത്രമല്ല, കേരളത്തിലെ മിക്കവാറും മാധ്യമങ്ങളും സാവകാശത്തിൽ വി.എസ് പക്ഷമായി മാറി. സ്വാഭാവികമായും അച്യുതാനന്ദന് നായകപരിവേഷവും പിണറായി വിജയന് പ്രതിനായക പരിവേഷവും ലഭിച്ചു. ജനങ്ങളെ സ്പർശിക്കുന്ന വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ അച്യുതാനന്ദൻ കാണിച്ച വൈദഗ്ദ്യം അദ്ദേഹത്തെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഒരുപോലെ പ്രിയങ്കരനാക്കി മാറ്റി. മലയാളിയുടെ സങ്കല്പത്തിലുള്ള ആദർശ കമ്യൂണിസ്റ്റ് അച്യുതാനന്ദനായി, ജീവിച്ചിരിക്കുന്ന ഏ.കെ.ജി.
അച്യുതാനന്ദന്റെ പേരു കേൾക്കുമ്പോൾ ക്ഷോഭിച്ചിരുന്ന ഒരുപാട് കമ്യൂണിസ്റ്റുകാരെ ഞാൻ കണ്ടിട്ടുണ്ട്. അതിന്റെ ആയിരംമടങ്ങ് ആരാധകരും അദ്ദേഹത്തിനുണ്ടായിരുന്നു. പാർട്ടിയിൽ അച്യുതാനന്ദന് മേൽക്കൈ ഉണ്ടായിരുന്ന കാലത്ത് അച്യുതാനന്ദൻ പക്ഷമായി അഭിനയിച്ചിരുന്നവർ പിന്നീട് പിണറായി പക്ഷമായി അഭിനയിക്കുന്നതും കണ്ടിട്ടുണ്ട്. വിചിത്രമായൊരു കമ്യൂണിസ്റ്റ് കാലമായിരുന്നു അത്. കമ്യൂണിസ്റ്റ് പാർട്ടിയിലെ അച്യുതാനന്ദൻ യുഗം ഒരു പുസ്തകം എഴുതാൻ കൊള്ളാവുന്ന വിഷയമാണ്, ആരാധനയോ അധിക്ഷേപമോ ഇല്ലാതെ.
അച്യുതാനന്ദന്റെ യോഗാധ്യാപകൻ എന്റെ അയൽവാസി സുധീറാണ്. ആ വഴിക്കും വിവരങ്ങളറിയാൻ എനിക്ക് മാർഗങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിലെ ത്യാഗിയായ പഴയ ആദർശ കമ്യൂണിസ്റ്റ് പി.ഗംഗാധരൻ ആയിരുന്നു. പിണറായിയിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകസമ്മേളനത്തിൽ പങ്കെടുത്തയാൾ. പിന്നീട് പാർട്ടിയിൽനിന്ന് പുറത്തായെങ്കിലും അദ്ദേഹത്തിന്റെ ജന്മശതാബ്ദിവർഷത്തിൽ നാട്ടിൽ സ്ഥാപിതമായ ഫൗണ്ടേഷൻ നൽകിയ ആദ്യപുരസ്കാരം ഏറ്റുവാങ്ങിയത് അച്യുതാനന്ദൻ ആയിരുന്നു. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ക്ഷണിക്കാൻ തൃശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിൽ ഞാൻ ചെല്ലുമ്പോൾ ഉണ്ടായ രസകരമായ പഴയൊരു ഫലിതവും ഓർമവരുന്നു.
പി.ഗംഗാധരനെ ഞാൻ കണ്ടിട്ടുണ്ടെങ്കിലും അക്കാലത്ത് പാർട്ടിയിൽ നടന്ന കലാപങ്ങളെക്കുറിച്ച് എനിക്ക് കേട്ടറിവുമാത്രമാണ് ഉള്ളത്. സ്വാഭാവികമായും സംസാരം പി.ഗംഗാധരനിൽ എത്തി. അപ്പോൾ അച്യുതാനന്ദൻ പറഞ്ഞു: ‘’പി.ജി (അന്ന് പാർട്ടിയിലെ പി.ജി, പി.ഗോവിന്ദപ്പിള്ള ആയിരുന്നില്ല പി.ഗംഗാധരനായിരുന്നു) ഭയങ്കര കടുംപിടുത്തക്കാരനായിരുന്നു. ഒട്ടും ഫ്ലക്സിബിളല്ലാത്ത ആൾ’. കടുംപിടുത്തത്തിനു പേരുകേട്ട അച്യുതാനന്ദനാണ് ഇതുപറയുന്നത്. മറുപടി പറയാതെ ഞാൻ ഒന്നു ചിരിച്ചു. ചിരിയുടെ അര്‍ഥം മനസ്സിലായതുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘അയ്യോ എന്നെപ്പോലെയൊന്നുമല്ല ഒരു വിട്ടുവീഴ്ചയും പി.ജിക്ക് ഉണ്ടായിരുന്നില്ല. ആർക്കും വഴങ്ങാത്ത ആൾ’.
അതു ശരിയാണെന്നു തോന്നുന്നു. അതുകൊണ്ട് പി.ജി പാർട്ടിക്ക് പുറത്തും ഏ.കെ.ജിയും വി.എസും പാർട്ടിക്കകത്തും തുടർന്നു.
ഒരുകാര്യംകൂടി ഇവിടെ രേഖപ്പെടുത്തണമെന്നു തോന്നുന്നു. മൂന്നുവർഷംമുമ്പ് ലണ്ടനിൽ കാൾ മാർക്സിന്റെ ശവകുടീരം സന്ദർശിക്കാൻ ചെന്നപ്പോൾ അവിടെ ഒരു ബ്രിട്ടീഷ് വൃദ്ധൻ പേരക്കുട്ടിയുമായി വന്നിരിക്കുന്നു. അദ്ദേഹത്തിന് കാൾ മാർക്സിനോട് അനുഭാവമുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാധാന്യവും അദ്ദേഹത്തിന് അറിയാം. അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുന്നതാണ് സാധാരണഗതിയിൽ കമ്യൂണിസ്റ്റ് വിപ്ലവം. എന്നാൽ, കേരളത്തിൽ ആശയപ്രചരണത്തിലൂടെ ജനാധിപത്യ മാർഗത്തിലൂടെയാണ് കമ്യൂണിസ്റ്റുകൾ അധികാരത്തിലേറിയത്. ആഗോളകമ്യൂണിസ്റ്റുകൾക്ക് കേരളം ഒരു മാതൃകയാകേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അങ്ങനെയല്ല സംഭവിച്ചത്. ജനാധിപത്യത്തിൽ വിയോജിക്കുന്നവനും ഇടമുണ്ട്. അട്ടിമറിയിലൂടെ നേടുന്ന ഭരണത്തിൽ വിയോജിപ്പിനുള്ള ഇടമില്ല. ആ പരിമിതി മറികടക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ് ലോകംമുഴുവൻ കമ്യൂണിസ്റ്റ് ഭരണങ്ങൾ ചീട്ടുകൊട്ടാരംപോലെ തകർന്നത്.
അദ്ദേഹത്തോട് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. കുഴപ്പം മാർക്സിനല്ല മാർക്സിന്റെ പിന്മുറക്കാർക്കാണെന്നു വാദിക്കുന്ന പോസ്റ്റ് മാർക്സിസ്റ്റാണ് അദ്ദേഹമെന്നു എനിക്കുതോന്നി. തീർച്ചയായും അച്യുതാനന്ദന്റെ ജീവിതം ജനാധിപത്യത്തിലൂടെ ഇതൾവിരിഞ്ഞ ഒരു മാർക്സിസ്റ്റിന്റെ ജീവിതവിജയമാണ്. സാധാരണക്കാർക്കും സാമൂഹ്യപഠിതാക്കൾക്കും പഠിക്കാനുള്ള ഒരുപാട് പാഠങ്ങൾ ആ ജീവിതത്തിലുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിൽനിന്ന് ഉയർന്നുവന്ന് ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയായി മാറിയ അദ്ദേഹത്തിന്റെ ചരിത്രപരമായ പരിണാമം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്.
പരേതരുടെ തെറ്റുകുറ്റങ്ങൾ മറക്കുക. അവർ സൃഷ്ടിച്ച അത്ഭുതങ്ങളാണ് നമ്മൾ ഓർമയിൽ സൂക്ഷിക്കേണ്ടത്. ചരിത്രംസൃഷ്ടിച്ച് കടന്നുപോയ വി.എസ്. അച്യുതാനന്ദനെ നമ്മൾ സ്നേഹത്തോടെ ഓർക്കുക.