ഇതൊന്നും ഇങ്ങനെ ആകേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. എന്റെ ഹൃദയം കടുത്തു. അണപ്പല്ലുകൾ തമ്മിലുരഞ്ഞു.
എട്ടു വയസ്സുള്ളപ്പോൾ എന്നെ ഉപേക്ഷിച്ചു പോയതാണ് അച്ഛൻ. അമ്മയെയും. അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നത് ചുറ്റുവട്ടത്തുള്ള പലരും അറിഞ്ഞിരുന്നിട്ടും അമ്മ മാത്രം അറിഞ്ഞില്ല, അച്ഛൻ നേരിട്ടു പറയുംവരെ. അമ്മയ്ക്കെന്നും ടണൽവിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുന്നിലുള്ളത്, നേർരേഖയിലുള്ളതുമാത്രം കാണും, വിശ്വസിക്കും. അച്ഛൻ, ഞാൻ, ജോലി, സന്തോഷമുള്ള ജീവിതം. ഇതായിരുന്നു അമ്മയുടെ സ്വർഗം. അങ്ങേയറ്റം ലളിതമായ ജീവിതദർശനം. അവിടെയൊരു കുഴപ്പമുണ്ട്. അതിലാളിത്യം മനുഷ്യരെ മടുപ്പിക്കും. അച്ഛനെപ്പോലുള്ളവരെ അതിവേഗം.
അച്ഛനിറങ്ങിപ്പോയ രാത്രി ഇന്നലെയെന്നോണം വ്യക്തമായി എനിക്കിപ്പോഴും ഓർമയുണ്ട്. എന്നോടൊരു വാക്കുപോലും അച്ഛൻ പറഞ്ഞില്ല. ഞാൻനിന്ന ഇരുണ്ട മൂലയിലേക്കൊന്നു പാളിനോക്കുകപോലും ചെയ്യാതെ “അവൾക്ക് ഞാനൊന്നിനും കുറവു വരുത്തില്ല” എന്നു പറഞ്ഞത് പണം ഉദ്ദേശിച്ചായിരുന്നു. അതിൽ എനിക്ക് നന്ദിയോ നിന്ദയോ തോന്നേണ്ട കാര്യമുണ്ടായിരുന്നില്ല. എട്ടിൽനിന്ന് പതിനെട്ടിലേക്ക് ഞാനൊരുനിമിഷംകൊണ്ട് വളർന്നു. അവകാശങ്ങൾ ഔദാര്യങ്ങളല്ലെന്ന് ഞാൻ എന്നെ പറഞ്ഞു പഠിപ്പിച്ചു.
അച്ഛൻ പോയി മണിക്കൂറുകളോളം അച്ഛന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു യാചിച്ചുകിടന്ന അതേനിലയിൽ അമ്മ കിടന്നു കരഞ്ഞു. അച്ഛന്റെ പരസ്ത്രീബന്ധം അറിഞ്ഞതിനുശേഷവും അച്ഛൻ സ്വയമേ ഇറങ്ങി പോയില്ലായിരുന്നുവെങ്കിൽ അമ്മ തന്റെ സ്വർഗത്തെ പഴയപടിതന്നെ സ്നേഹിക്കുമായിരുന്നു എന്ന തിരിച്ചറിവിൽ മാത്രം എന്റെയുള്ളിൽ നിന്ദയുടെ കയ്പ്പു നുരഞ്ഞു. എന്റെ ഇരുണ്ടകോണിൽ ഞാൻ തറഞ്ഞുനിന്നു. പുറത്തെ കനത്ത ഇരുട്ടിൽ കൊഴുത്ത് മഴ കടുപ്പിച്ചു പെയ്തുകൊണ്ടിരുന്നു.
ആലിമോണിയല്ലാതെ അച്ഛന്റെ നിഴൽപോലും പിന്നെ ആ ഭാഗത്തേക്കു വന്നില്ല. പതിയെ വീണ്ടും ജീവിച്ചു തുടങ്ങിയപ്പോൾ അമ്മ കൂടുതൽ മൗനിയായി. ഉപേക്ഷിക്കപ്പെട്ട സ്നേഹത്തെ ഉദാത്തമായി ആഘോഷിക്കുന്ന സിനിമകൾ മാത്രം ആവർത്തിച്ചുകണ്ടു. കേൾക്കുമ്പോഴേ കരയാൻ തോന്നിപ്പിക്കുന്ന പാട്ടുകൾമാത്രം കേട്ടു. അലങ്കാരങ്ങളും ആനന്ദങ്ങളും പാടെയുപേക്ഷിച്ചു. അമ്മയെന്ന ബിംബം എന്നിൽ സഹതാപം കുത്തിനിറച്ചു. സഹതാപത്തെ നിങ്ങൾ സ്നേഹമെന്നു തെറ്റി വായിക്കരുത്.
ഇത്രയുമൊക്കെ ഇപ്പോൾ പറയാൻ കാരണമുണ്ട്. അച്ഛനിറങ്ങിപ്പോയ രാത്രിയിലേതുപോലൊരു മഴ ഈ വൈകുന്നേരത്തെയും വല്ലാത്തൊരിരുട്ടിൽ പുതച്ചുനിറുത്തിയിട്ടുണ്ട്. അന്നത്തേതുപോലെ ശക്തമായിട്ടല്ലെങ്കിലും ‘കരച്ചിൽ സമം സങ്കടം സമം ഞാൻ’ എന്ന മുഖഭാവത്തിൽ കറുത്തൊരു സാരിയും പുതച്ച് അമ്മ എന്നെ കെട്ടിപ്പിടിച്ച് അരികത്തിരിപ്പുണ്ട്. അമ്മയുടെ കൈകൾ കുടഞ്ഞെറിഞ്ഞ് സ്വതന്ത്രയാകാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും സാഹചര്യം ആവശ്യപ്പെടുന്ന അച്ചടക്കത്തെ മാനിച്ച് ഞാൻ എന്റെ മുട്ടോളമെത്തുന്ന കറുത്ത ഉടുപ്പിലേക്ക് കണ്ണുംനട്ട് വിഷാദഭരിതയായി നിലകൊണ്ടു. പറഞ്ഞല്ലോ, എട്ടിൽനിന്ന് പതിനെട്ടിലേക്ക് നൊടിയിടയിൽ വളർന്നവൾക്ക് പതിനെട്ടിൽ അതിലുമൊക്കെയേറെ പക്വത ഉണ്ടാകുമല്ലോ.
ഇന്ന് അവന്റെ ശവസംസ്കാരമാണ്. ഞാൻ ഹൃദയവും ശരീരവും പരിപൂർണമായി ഏല്പ്പിച്ചു സ്നേഹിച്ചവന്റെ.
കത്തീഡ്രൽസീലിങ്ങുള്ള മനോഹരമായ പഴയ വിക്ടോറിയൻപള്ളി നിറയെ ആളുകളാണ്. കറുപ്പിന്റെ ഒരു സമുദ്രം. അവന്റെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും കരച്ചിൽ കടിച്ചമർത്താൻ പാടുപെടുന്നു. അവന്റെ അമ്മ തൊട്ടപ്പുറത്തിരുന്ന് ഇടയ്ക്കിടെ വിതുമ്പലോടെ എന്നെ നോക്കുന്നത് തലയുയർത്താതെതന്നെ എനിക്കറിയാൻ കഴിയുന്നുണ്ട്. പലതവണ അവരുടെ സങ്കടം വിങ്ങുന്ന വിരൽത്തുമ്പുകൾ എന്റെ കരതലങ്ങളെ തേടിവരികയും ചെയ്തിരുന്നു ഇതിനിടെ. പക്ഷേ,, ചലനമേതുമില്ലാതെ ഞാൻ അതേയിരിപ്പു തുടർന്നു.
വികാരനിർഭരമായിരുന്നു ഫ്യൂണറൽ സർവീസ്. കുഞ്ഞുന്നാൾതൊട്ടേ അവനെയും കുടുംബത്തെയും അടുത്തറിയുന്ന പാസ്റ്റർ.
പത്തൊൻപതെന്ന ഇളംപ്രായത്തിൽ തീരെ പ്രതീക്ഷിക്കാത്ത സമയത്ത് സ്വന്തം പാഷനുകളായ ഹൈക്കിങ്ങിനും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിക്കും വേണ്ടിയുള്ള യാത്രയിൽ പൊലിഞ്ഞുപോയ അവന്റെ ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും പാസ്റ്റർ എണ്ണിപ്പെറുക്കിയപ്പോൾ ചർച്ച് അടിമുടി മൗനത്തിലുറഞ്ഞു. അവന്റെ ആദ്യത്തെയും അവസാനത്തെയും ഒഫീഷ്യൽ ഗേൾഫ്രണ്ട് എന്ന നിലയിൽ രണ്ടുവാക്കു പറയുന്നില്ലേ എന്ന് സർവീസിന്റെ മുന്നെ അവന്റെ അമ്മ എന്നോടു ചോദിച്ചിരുന്നു. “എനിക്ക് പറയാനുള്ളതെല്ലാം അവനോടല്ലേ? അതൊക്കെ അവനിപ്പോൾ പറയാതെതന്നെ അറിയാം,” എന്നു ഞാൻ ഒഴിഞ്ഞു മാറി. അവന്റെ സഹോദരങ്ങളും കൂട്ടുകാരും യൂലിജി*(Eulogy) പറഞ്ഞു. അവന്റെ കുസൃതികളെപ്പറ്റി, കുട്ടിക്കുറുമ്പുകളെപ്പറ്റി, സൗഹൃദത്തിന്റെ ആഴത്തെപ്പ, ചിരിയുണർത്തുന്നതും ചിന്തിപ്പിക്കുന്നതുമായ പലതും അവർ പങ്കുവച്ചു. എല്ലാം അതീവ ഹൃദ്യമായിരുന്നു.
അതുവരെ കറുപ്പിൽ കണ്ണുനട്ട് കുനിഞ്ഞിരുന്ന ഞാൻ യൂലിജിക്കുവേണ്ടി അവൾ എഴുന്നേറ്റപ്പോൾ തലയുയർത്തി. അവൾ, കിന്റർഗാർട്ടൻ മുതൽക്കുള്ള അവന്റെ ഏറ്റവുമടുത്ത സുഹൃത്ത്. എന്റെയും അവന്റെയും ഇടയിലെ സൗന്ദര്യപ്പിണക്കങ്ങളിൽ പലവട്ടം മധ്യസ്ഥവേഷമണിഞ്ഞവൾ. കണ്ണുകൾ ധാരമുറിയാതെ ഒഴുകിയെങ്കിലും ശബ്ദം ഇടയ്ക്കൊക്കെ ഇടറിയെങ്കിലും, അവളുടെ വാക്കുകളിൽ അവൻ പത്തൊൻപതുവയസ്സുവരെ ഒരുവട്ടംകൂടെ ജീവിച്ചു. കറുപ്പിന്റെ സമുദ്രത്തിൽ ഏങ്ങലുകളും വിതുമ്പലുകളും തിരകളുണ്ടാക്കി. യൂലിജി അവസാനിപ്പിച്ച് പോഡിയത്തിൽനിന്ന് ഇറങ്ങുവോളം അവൾ ഒരു തവണപോലും ഞാനിരുന്നിടത്തേക്കു നോക്കിയില്ല. ഇരിപ്പിടത്തിലേക്ക് തിരികെ പോകുംവഴി, അവളുടെ വിരലുകൾ വെളുത്ത ലില്ലിപ്പൂക്കൾ അലങ്കരിച്ച അവന്റെ അടഞ്ഞ കാസ്കറ്റിനെയും അടുത്തുതന്നെ വച്ചിരുന്ന അവന്റെ ക്യാമറപായ്ക്കിനെയും തലോടി. അപ്പോൾ മാത്രം ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു.
ഒൻപതിൽ പഠിക്കുമ്പോഴാണ് അവനെ ഞാൻ ആദ്യമായി കാണുന്നത്. ഹൈസ്കൂളിലെ ആദ്യത്തെ ആഴ്ച. എന്റെ തലയുയർത്തിപ്പിടിച്ചുള്ള നടപ്പും കൂസലില്ലാത്ത ഭാവവും പത്താംക്ലാസ്സുകാരായ അവന്റെ ചില കൂട്ടുകാർക്ക് അത്ര പിടിച്ചില്ല. പ്രത്യേകിച്ച് അവൾക്ക്. എന്നെ നിലയ്ക്കുനിറുത്താൻ വന്ന അവനെ ഞാൻ അത്രകൂടെ ഗൗനിച്ചില്ല. നീ പോയി പണിനോക്കെന്നു തല വെട്ടിത്തിരിച്ചു ഞാൻ നടന്നപ്പോൾ അവന്റെ ആണഹന്തയ്ക്കു നൊന്തു. അതും കൂട്ടുകാരുടെ മുന്നിൽ. അവൻ എന്റെ കൈയിൽ ബലമായി പിടിച്ചുതിരിച്ചു. ആ പിടിത്തത്തിൽ എന്റെ കൈയിലെ ഗ്ലാസ് ബ്രേസ്ലെറ്റ് പൊട്ടി, തൊലിയിൽ തറച്ചുകയറി. ചോരയൊഴുകാൻ തുടങ്ങിയപ്പോൾ അവൻ പരിഭ്രമിച്ചു. കൂട്ടുകാരെ നോക്കി. അവരും അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ അവന്റെ കണ്ണിലേക്ക് തറപ്പിച്ചുനോക്കി. കുത്തിക്കയറിയ കഷണം ഊരിയെടുത്ത്, അവന്റെ നേർക്കു വലിച്ചെറിഞ്ഞു. എന്നിട്ട് അവന്റെ കൈകൾ തട്ടി മാറ്റി, ഉറച്ച കാൽവയ്പ്പുകളോടെ തിരിഞ്ഞുനടന്നു.
അവന്റെ സ്റ്റൈലൻ വെള്ള വിൻഡ് ബ്രേക്കർ ജാക്കറ്റിൽ എന്റെ ചോരയുടെ പുള്ളിക്കുത്തുകൾ.
സ്കൂളിൽ പരാതിപ്പെടുമെന്നും അവരെ പ്രശ്നത്തിലാക്കുമെന്നും അവനും കൂട്ടുകാർക്കും പേടിയുണ്ടായിരുന്നു. ഞാൻ പക്ഷേ, അതിനൊന്നും പോയില്ല. സ്കൂൾബസ് കയറാൻ ഓടിയപ്പോൾ കാൽ മടിഞ്ഞുവീണ് ബ്രേസ്ലെറ്റ് പൊട്ടി കൈയിലുരഞ്ഞ മുറിവെന്ന് അമ്മയോട് കളവുപറഞ്ഞു. അമ്മ മുറിവ് ഡ്രസ്സ് ചെയ്തുതന്നു. അവനെ കാണുമ്പോഴൊക്ക എന്റെ തല അല്പംകൂടെ ഉയർന്നു, നോട്ടം കൂടുതൽ കടുത്തു. പറഞ്ഞില്ലേ, അതിലാളിത്യം ആരേയും മടുപ്പിക്കും. അല്പം കോംപ്ലക്സിറ്റി നമ്മുടെ മാറ്റുകൂട്ടുകയേയുള്ളൂ. ഞാനതു ബാലപാഠമായി പഠിച്ചതാണ്. ഒരാഴ്ചക്കുള്ളിൽ അവൻ വീണു. എന്നോട് വന്നു മാപ്പുപറഞ്ഞു. അവന്റെ കൂട്ടുകാർ എന്റെയും കൂട്ടുകാരായി. അവളും.
അവന് എന്നോടുണ്ടായ ഇൻഫാച്ചുവേഷൻ പ്രണയമാക്കി മാറ്റാൻ സത്യംപറഞ്ഞാൽ എനിക്ക് കാര്യമായി ഒന്നും ചെയ്യേണ്ടിവന്നില്ല. എന്നെ സംബന്ധിച്ചതെന്തും അവനൊരു കൗതുകമായിരുന്നു. അവൻ എന്നോടു കാണിച്ച താല്പര്യത്തെക്കാൾ, അതു കാണുമ്പോൾ മറ്റു പെൺകുട്ടികളുടെ കണ്ണുകളിൽക്കണ്ട അസൂയയാണ് എന്നെ കൂടുതൽ ഹരംകൊള്ളിച്ചത്. എല്ലാ കാര്യങ്ങളിലും ഞങ്ങൾ ഭിന്നതാൽപര്യക്കാർ ആയിരുന്നു. അവൻ പെർഫോമൻസ് ആർട്സ്, സ്കീ ക്ലബ്, ഫോട്ടോഗ്രഫി, ഹൈക്കിങ് എന്നിവിടങ്ങളിൽ വിലസി നടന്നപ്പോൾ ഞാൻ ചെസ്സ് ക്ലബ്ബിലും റോബോട്ടിക്സിലും സ്പീച്ച് ആൻഡ് ഡിബേറ്റിലും വിരാജിച്ചു. ‘ഓപ്പസിറ്റ്സ് അട്രാക്റ്റ്’ എന്നാണല്ലോ. സ്കൂൾ സോഷ്യലുകളിലും ഡാൻസ് പാർട്ടികളിലും പ്രോമിലും(prom)** ഒക്കെ ഞങ്ങൾ ജോഡികളായി. ഞാൻ അവന്റേതും അവൻ എന്റേതും എന്നൊരു ധാരണ സ്കൂളിൽ പരക്കെ എല്ലാവർക്കുമുണ്ടായി. അവന്റെ മാതാപിതാക്കളും സഹോദരങ്ങളും ഈ വസ്തുത സന്തോഷപൂർവം അംഗീകരിച്ചു. പഠനത്തെ ബാധിക്കാത്തിടത്തോളം അമ്മയ്ക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽത്തന്നെ എന്തെങ്കിലും കാര്യത്തിൽ എന്നെങ്കിലും അമ്മയ്ക്ക് എതിർപ്പുണ്ടായതായി ഒരു ഓർമപോലും എനിക്കില്ല.
ഹൈസ്ക്കൂളിലെ അവസാനവർഷങ്ങളിൽ കോളെജ് വിസിറ്റും പരീക്ഷകളും പ്രൊജെക്ടുകളും ആപ്ലിക്കേഷനും ഒക്കെയായി ഞാൻ നല്ല തിരക്കിലായി. ഏതെങ്കിലും ഐവി ലീഗ് കോളെജിൽ കയറിപ്പറ്റുക എന്നത് എന്റെ ആജന്മ ആഗ്രഹമായിരുന്നു. അതിനുവേണ്ടി എത്രമാത്രം കഷ്ടപ്പെടാനും ഞാൻ തയ്യാറായിരുന്നു.
അപ്പോഴേക്കും ഹൈസ്കൂൾ കഴിഞ്ഞ്, അവൻ കോളെജിൽ ചേർന്നിരുന്നു. സോഷ്യോളജി മെയിൻ എടുത്ത് അവനോടൊപ്പം അവളും അതേ കോളെജിൽത്തന്നെയാണ് ചേർന്നത്. എനിക്കറിയുന്നകാലംമുതൽക്കും അതിനു മുൻപും അവന്റെ നിഴലായിരുന്നു അവൾ. അപ്പോൾ അവൾ അങ്ങനെയൊരു തീരുമാനമെടുത്തതിൽ ഒട്ടും അതിശയപ്പെടാനില്ല. അതിനുശേഷം ഞാനും അവനും തമ്മിൽക്കാണുന്ന അവസരങ്ങൾ കുറഞ്ഞു. സ്കൂളിന്റെയും കോളെജിന്റെയും ഒഴിവുസമയങ്ങൾ ഒത്തുവരാത്തതായിരുന്നു പ്രധാനകാരണം. ഞാനാണെങ്കിൽ പഠനത്തിരക്കുകളിൽ മൂക്കറ്റം മുങ്ങിയ നിലയിലും.
ഹൈക്കിങ്ങും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയും കഴിഞ്ഞേ അവന് മറ്റെന്തുമുണ്ടായിരുന്നുള്ളൂ. ശരീരത്തിൽ ഇഴഞ്ഞുകയറിയേക്കാവുന്ന കൃമികീടങ്ങളും അറിയാതെയെങ്ങാനും തൊട്ടുപോയാൽ അസഹ്യമായ ചൊറിച്ചിലും തടിപ്പുമുണ്ടാക്കുന്ന പോയിസൺ ഐവി എന്ന ചൊറിയണവും എനിക്ക് മുജ്ജന്മശത്രുക്കളെ പോലെ ആയിരുന്നതിനാൽ ഇതിൽ രണ്ടിലും എനിക്കുള്ള താല്പര്യക്കുറവ് അവനറിയാമായിരുന്നു. കൂടാതെ എന്റെ പഠനത്തിരക്കുകൾകൂടെ പരിഗണിച്ച് വല്ലപ്പോഴുമേ ഹൈക്കിങ്ങിനു വരുന്നോ എന്നവൻ ചോദിക്കാറുണ്ടായിരുന്നുള്ളു. മറ്റു കൂട്ടുകാരോടൊപ്പമാണ് അവൻ ഹൈക്കിങ് ട്രിപ്പുകൾ പ്ലാൻ ചെയ്തിരുന്നത്. ഈ യാത്രകളിൽ അവൾ നിരന്തരസാന്നിധ്യമായിരുന്നു എന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. ചുരുക്കിപ്പറഞ്ഞാൽ അവനിൽനിന്ന് എന്നിലേക്കുള്ള ദൂരം കൂടുന്നതായും അവളിലേക്കുള്ള ദൂരം കുറയുന്നതായും എനിക്കു തോന്നിത്തുടങ്ങി.
കരുതി പ്രവർത്തിച്ചില്ലെങ്കിൽ അപകടമാകുമെന്നൊരു ഉൾവിളി എനിക്കുണ്ടായി. അതുകൊണ്ട് ഇല്ലാത്ത സമയത്തിൽനിന്ന് മിച്ചംപിടിച്ച് ഞാൻ അവനുവേണ്ടി കാത്തിരുന്നു തുടങ്ങി. എങ്കിലും ഒരുമിച്ചുള്ള സമയങ്ങളിൽ പഴയ ഊഷ്മളതയും ഉന്മേഷവും അവനിൽ കുറഞ്ഞുവരുന്നതായി എനിക്കനുഭവപ്പെട്ടു. ഒരുമിച്ചായിരിക്കുമ്പോഴും അകലെയെങ്ങോ ആയിരിക്കുന്നതുപോലെ.
അങ്ങനെയിരിക്കുമ്പോഴാണ് പ്രിൻസ്റ്റണിൽനിന്ന് എനിക്ക് അഡ്മിഷൻ ശരിയായി എന്നു കാണിക്കുന്ന ലെറ്റർ വന്നത്. ഞാൻ ആനന്ദത്തിന്റെ പരകോടിയിലായിരുന്നു. അമ്മയെക്കാളും മുന്നെ അവനോടു വേണം ഇതു പറയാൻ. അത്യധികമായ സന്തോഷത്തോടെ ഞാൻ അവനെ വിളിച്ചു. ഫോൺ എടുത്തയുടനെ, എനിക്ക് നിന്നോട് കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ട് എന്നാണവൻ പറഞ്ഞത്. അവന്റെ ശബ്ദത്തിൽ എനിക്ക് ഈയിടെയായി പരിചിതമായിക്കൊണ്ടിരിക്കുന്ന തണുപ്പ് അധീകരിച്ചതായിത്തോന്നി. അതെന്റെ ഉത്സാത്തിന്റെമേൽ നിഴൽപരത്തി. പക്ഷേ, ഞാനത് പുറമെ കാണിച്ചില്ല. എനിക്കും കുറച്ചുകാര്യങ്ങൾ പറയാനുണ്ട്. നമുക്കൊന്നു മൗണ്ട് മൊണാഡ്നോക്കിൽ പോയാലോ? ഒത്തിരി നാളായി ഹൈക്കിങ്ങിന് പോയിട്ട്, എന്നു ഞാൻ പറഞ്ഞപ്പോൾ അവൻ സമ്മതിച്ചു.
മൊണാഡ്നോക്കിലേക്കുള്ള ഡ്രൈവിൽ മനഃപൂർവം പഴയ കാര്യങ്ങളൊക്കെ പറഞ്ഞുംചിരിച്ചും അവനെ ഉത്സാഹവാനാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അവൻ ഒരുപാട് മാറിയതുപോലെത്തോന്നി എനിക്ക്. ഇടയ്ക്കൊന്നു രണ്ടുതവണ അവളുടെ ഫോൺവിളികൾ വരുകയും ചെയ്തു. തിരിച്ചുവന്നിട്ട് വിളിക്കാമെന്നുപറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു.
ഹൈക്കിങ് ചെയ്തിട്ട് കുറച്ചുകാലമായതുകൊണ്ട് കുന്നുകയറ്റം എനിക്കല്പം ബുദ്ധിമുട്ടായിത്തോന്നി ആദ്യം. അവൻ കരുതലോടെ കൂടെനിന്ന് സഹായിച്ചു. ഇടയ്ക്ക് വിശ്രമത്തിന് ഒരിടത്ത് അല്പമിരുന്നപ്പോൾ ഞാൻ പ്രിൻസ്റ്റൺ വിശേഷം പറഞ്ഞു. ഹി വാസ് ട്രൂലി ഹാപ്പി ഫോർ മി. എന്നെ കെട്ടിപ്പിടിച്ച് വട്ടംകറക്കി അനുമോദനമറിയിച്ചു. അവന്റ കരവലയത്തിനുള്ളിൽ അങ്ങനെ നിന്നപ്പോൾ പഴയ ഇമോഷൻസ് എന്റെയുള്ളിലേക്ക് കുത്തിയൊലിച്ചു വന്നു. എന്റെ ചുണ്ടുകൾ അവന്റെ ചുണ്ടുകളെ തിരഞ്ഞു ചെന്നു. പെട്ടന്നുതന്നെ പിടി വിടുവിച്ച് അവൻ അകന്നു മാറി. എന്റെ മനസ്സിരുണ്ടു. കാര്യങ്ങൾ എങ്ങോട്ടേക്കാണ് പോകുന്നതെന്നു മനസ്സിലാക്കാൻ പ്രിൻസ്റ്റൺ ബുദ്ധിയുടെയൊന്നും ആവശ്യമുണ്ടായിരുന്നില്ല.
തുടർന്നുള്ള കയറ്റത്തിൽ കഴിയുവോളം അവന്റെ സഹായമെടുക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ആരുടെയും ദയാദാക്ഷിണ്യങ്ങൾ എനിക്കാവശ്യമില്ല. അവനും എന്റെ ഭാവമാറ്റം മനസ്സിലായി. മുഖം തരാതെയും അധികം സംസാരിക്കാതെയുമാണ് ഞങ്ങൾ സമ്മിറ്റിൽ എത്തിയത്. അവിടെയപ്പോൾ വളരെ കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ. ധ്യാനനിരതരരായി പ്രകൃതിയെ ആഗിരണംചെയ്തു നിൽക്കുന്നവർ.
മേലെ എത്തിയ ഉടൻതന്നെ അവൻ ക്യാമറയെടുത്ത് ചുറ്റുമുള്ള കാഴ്ച്ചകൾ ഒപ്പിയെടുക്കാൻ തുടങ്ങി. പഞ്ഞിമെത്ത പൊട്ടിച്ചിതറിയതുപോലെ ആകാശത്തിൽ മേഘങ്ങളുടെ മേലാപ്പ്. താഴെ ഭൂമിയെ പൊതിഞ്ഞ് പൈൻ മരങ്ങളുടെ കരിമ്പച്ചപ്പുതപ്പ്. ഇടയിൽ ഇളംമഞ്ഞ വെയിൽ ഇടയ്ക്കിടെ ഒളിഞ്ഞുനോക്കി മായുന്നു. മുൻ സന്ദർശനങ്ങളിലേതുപോലെ ഇതൊന്നും എന്റെ മനസ്സിനെ തൊട്ടതേയില്ല. ഞാനൊരല്പം മാറിനിന്ന് അവനെ സൂക്ഷ്മമായി നിരീക്ഷിച്ചു.
അവനെന്നെ ശ്രദ്ധിക്കുന്നതേയില്ല. മൂവായിരത്തിലധികം അടി ഉയരത്തിൽ തീർത്തും അപരിചിതരെപ്പോലെ ഞങ്ങൾ. ഈ വിശാലമായ ഭൂമിയിൽ ഞാൻ ഒറ്റയ്ക്ക്. എന്റെ മുഖം വലിഞ്ഞുമുറുകി. ഹൃദയം കടുത്തു. പല്ലുകൾ അമർന്നു ഞെരിഞ്ഞു. അച്ഛനിറങ്ങിപ്പോയ രാത്രിയിലെ അതേ കയ്പ്പ് വായിൽ പനച്ചു. തോറ്റുപോയ അമ്മയുടെ തോറ്റുപോയ മകൾ.
സമ്മിറ്റിന്റെ അരികറ്റത്തായിരുന്നു അവൻ. ഞാൻ മുഖത്തൊരു പുഞ്ചിരി വരുത്തി അവന്റെ അടുത്തേക്ക് ചെന്നു. “ദാ..അങ്ങോട്ട് നോക്കൂ… അവിടെയൊരു ഫാൽക്കൺ ചിറകു വിടർത്തുന്നു, നീ കാണുന്നില്ലേ?”
“എവിടെ?” അവൻ ഞെട്ടിത്തിരിഞ്ഞു. അവന്റെ കാലുകൾ വഴുതി. അവനും ക്യാമറയും താഴേക്കു പതിക്കുന്നത് ഒരു സ്ലോ മോഷൻ മൂവി സീനിൽ എന്നോണം ഞാൻ നോക്കി നിന്നു.
സിമിത്തേരിയിലേക്കു പോകാറായപ്പോഴേക്കും മഴ പിന്നെയും കടുത്തു. അനവധി വലിയ കറുത്ത കുടകൾ വിടർന്നു. അവന്റെ മഞ്ചത്തിനു പിന്നാലെ, കുടകൾക്കു കീഴിൽ ഞങ്ങൾ നിശ്ശബ്ദം നടന്നു. മഴ ചാഞ്ഞും ചെരിഞ്ഞും ശൗര്യം പ്രകടിപ്പിച്ചു. അവസാന പ്രാർഥനകൾക്കൊപ്പം നനഞ്ഞൊട്ടിയ കറുത്തസാരിയിൽ എന്റെ അമ്മയെന്ന കരച്ചിൽപ്പക്ഷി വീണ്ടും വിറകൊണ്ടു. വെളുത്ത പഞ്ഞിത്തുണ്ടുപോലുള്ള ടിഷ്യു തൂവാലകൾ ആരുടെയൊക്കെയോ സങ്കടങ്ങളൊപ്പിയെടുത്തു. ഞാൻ കൂടുതൽ ഘനീഭവിച്ചു. അവനോടൊപ്പമയക്കാൻ ആരൊക്കെയോ വെളുത്തപൂക്കൾ വിതരണംചെയ്യുന്നുണ്ടായിരുന്നു. പൂക്കളും കുന്തിരിക്കവും മഴയും മൺതരികളും കുഴിയിലിറങ്ങി അവനെ ആലിംഗനംചെയ്തു.
മടക്കയാത്രയിൽ കാറിന്റെ ബാക്ക് വിൻഡോയിലൂടെ ഞാൻ തിരിഞ്ഞുനോക്കി. മഴയുടെ മറയിൽ ഉരുകിയൊലിക്കുന്ന ഒരു കറുത്ത ശില്പമായി അവൾ മാത്രം അവന്റെയരികിൽ. അതിവേഗം ഞാൻ തല തിരിച്ചു. കുഴിയിലിടാൻ മറന്നുപോയ ഒരു വെളുത്ത ലില്ലിപ്പൂവ് എന്റെ മടിയിൽ തളർന്നുകിടന്നു.
*Eulogy – മരണാനന്തര ചടങ്ങുകളിൽ നടത്താറുള്ള അനുസ്മരണ സന്ദേശം
**Prom – ഹൈസ്കൂളുകളിൽ അവസാന വർഷം കുട്ടികൾക്കായി നടത്തുന്ന ഫോർമൽ പ്രോഗ്രാം