എന്റെ ഹൃദയത്തിലെ പാപ്പ – ഷൗക്കത്ത്

കീർത്തിമത്തായ ജന്മപരമ്പരയിൽ വന്നുപിറന്ന ഒരു നനവായിരുന്നു ഫ്രാൻസിസ് പാപ്പ. പാപ്പ ശരീരം വെടിഞ്ഞെങ്കിലും ചേർത്തു പിടിക്കുന്ന, ചേർന്നിരിക്കുന്ന ഹൃദയസാന്നിധ്യമായി എന്നും നമുക്കൊപ്പമുണ്ടാകും.
ചിന്തകളെക്കാൾ, വാക്കുകളെക്കാൾ, പ്രവൃത്തികളെക്കാൾ നമ്മെ സ്വാധീനിക്കുന്ന ആഴമേറിയ അനുഭവമാണ് സാന്നിധ്യം. വെറുതെ ഒന്നു കാണുമ്പോൾത്തന്നെ അടിമുടി തൊടുന്ന സൗമ്യവും ശാന്തവുമായ സാന്നിധ്യം. ഏതു ദേശത്ത്, ഏതു മതത്തിൽ, ഏത് ആശയത്തിൽ പിറന്നു എന്നതോ ജീവിച്ചു എന്നതോ വിഷയമല്ല. വിശ്വാസിയോ അവിശ്വാസിയോ എന്നതും പ്രസക്തമല്ല. അവരുടെ കണ്ണിലെ തിളക്കത്തിൽ, മൃദുവായ സ്പർശത്തിൽ സർവരെയും ഒന്നായി കാണുന്ന സ്നേഹത്തിന്റെ, കരുതലിന്റെ, കാരുണ്യത്തിന്റെ പ്രവാഹമുണ്ടാകും.
അവർ ശരീരം വെടിഞ്ഞാലും പ്രപഞ്ചാവബോധത്തിൽ അനശ്വരരായി തുടരും. ഭൂതകാലവും വർത്തമാനകാലവും നേരിട്ടതും നേരിടുന്നതുമായ എല്ലാ കാലുഷ്യങ്ങളും ഇല്ലാതെയാക്കാൻ എന്താണു വഴി എന്നന്വേഷിക്കുന്നവർക്ക് ആ വെളിച്ചം വഴിവിളക്കാകും.
അനുകമ്പാദശകത്തിൽ നാരായണഗുരു പറയും;
“ഉരുവാമുടൽവിട്ട് കീർത്തിയാമു-
രുവാർന്നിങ്ങനുകമ്പ നിന്നിടും” എന്ന്. കീർത്തിമത്തായ ജന്മപരമ്പരയിൽ വന്നുപിറന്ന ഒരു നനവായിരുന്നു ഫ്രാൻസിസ് പാപ്പ. പാപ്പ ശരീരം വെടിഞ്ഞെങ്കിലും ചേർത്തു പിടിക്കുന്ന, ചേർന്നിരിക്കുന്ന ഹൃദയസാന്നിധ്യമായി എന്നും നമുക്കൊപ്പമുണ്ടാകും.
സൂഫിവര്യനായ ജലാലുദ്ദീൻ റൂമിയുടെ കബറിടത്തിലേക്കുള്ള കവാടത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ടത്രെ:
വരിക, വരിക, നിങ്ങൾ ആരുമായ്ക്കൊള്ളട്ടെ.
അലഞ്ഞുതിരിയുന്നവരാകട്ടെ
ഭക്തോത്തമന്മാരാകട്ടെ
വിഗ്രഹാരാധകരോ അഗ്നിപൂജചെയ്യുന്നവരോ ആകട്ടെ…
വരിക, നിങ്ങൾക്കു സ്വാഗതം.
ഈ ഇടത്താവളം നിരാശയുടേതല്ല.
എല്ലാം നഷ്ടപ്പെട്ടവരായാലും
പ്രേമത്തിന്റെ കടന്നൽക്കുത്തേറ്റവരായാലും
നാടോടികളായാലും പ്രശ്നമില്ല.
ആയിരംതവണ ശപഥമെടുത്തു ലംഘിച്ചവരായാലും
കുഴപ്പമില്ല.
വരിക, വീണ്ടും വരിക,
സ്വാഗതം.
ഫ്രാൻസിസ് പാപ്പയെ ഓർക്കുമ്പോൾ ആദ്യം നെഞ്ചിൽ നിറയുന്നത് റൂമിയുടെ ഈ വചനങ്ങളാണ്. പാപ്പ ആരോടും നിങ്ങൾ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നു ചോദിക്കുന്നില്ല. കരുണയോടെ കണ്ണിലേക്കു നോക്കുന്നേയുള്ളൂ. കരുണയുള്ള മനുഷ്യരായിരിക്കൂ എന്നു പറയാതെ പറയുന്നേയുള്ളൂ.
കഴിഞ്ഞദിവസം അനു പാപ്പച്ചൻ എന്ന സുഹൃത്തിന്റെ ഫേസ്ബുക്ക് പേജിൽ ഒരു കുറിപ്പു വായിച്ചു. ഫ്രാൻസിസ് പാപ്പ സുഖമില്ലാതെ ആശുപത്രിയിലായ ദിവസങ്ങളിലൊന്നിൽ അവർ പുത്തൻപള്ളിയിൽ പോയപ്പോൾ ഒരു മനുഷ്യൻ പള്ളിക്കു പുറത്ത് മുട്ടു കുത്തി പ്രാർഥിച്ചിരിക്കുന്നതു കണ്ണിൽപ്പെട്ടു. എന്തോ ആസ്വാഭാവികത തോന്നി അവർ അദ്ദേഹത്തിന്റെ അടുത്തുചെന്നു പറഞ്ഞു: “അകത്ത് സ്ഥലമുണ്ട്. ബെഞ്ചുമുണ്ട്. അവിടെ ഇരുന്ന് പ്രാർഥിക്കാം.”
അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ക്രിസ്ത്യാനിയല്ല.”
അനു: “അതു സാരമില്ല. അകത്തു കയറാൻ പറ്റും.”
അദ്ദേഹം പറഞ്ഞു: “എന്റെ പേര് കാദർ എന്നാണ്. ഒരു കാര്യം പ്രാർഥിക്കാൻ വന്നതാണ്. പാപ്പയില്ലേ, പാപ്പയ്ക്കുവേണ്ടി പ്രാർഥിക്കാൻ വന്നതാണ്. വാർത്ത കേട്ടപ്പോൾമുതൽ മനസ്സിന് ദണ്ണാ. പടച്ചോനോട് പറയുന്നുണ്ട്. പിന്നെ ഇവിടത്തെ മാതാവിനോടും.”
ഉന്തുവണ്ടിയിൽ ഫ്രൂട്ട്സ് വില്ക്കുന്ന ആ മനുഷ്യനെ അനുവിന്റെ കുറിപ്പിൽ വായിച്ചപ്പോൾ കണ്ണുനിറഞ്ഞു. ഹൃദയം വിങ്ങി. സ്നേഹമെന്നത് എല്ലാ അതിരുകളേയും ഭേദിക്കുന്ന മഹാപ്രവാഹമാണെന്നത് എത്ര സത്യമെന്ന വെളിച്ചം അകമേ നിറഞ്ഞു. എന്തിനെന്നില്ലാതെ കുറേ കരഞ്ഞു.
നാരായണഗുരുവിനെ ഓർത്തു. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ കഴിഞ്ഞ് തനിക്കുചുറ്റുംകൂടിയ മനുഷ്യർക്കൊപ്പം ഗുരു ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഗുരു അകലെ മാറിനിൽക്കുന്ന മെലിഞ്ഞുണങ്ങിയ രണ്ടു കുഞ്ഞുങ്ങളെ ശ്രദ്ധിച്ചത്. ഗുരു അവരെ അടുത്തേക്കുവിളിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ അകന്നു മാറിനില്ക്കുന്നതെന്നു ചോദിച്ചു. അവരുടെ കണ്ണുനിറഞ്ഞു. ഗുരുവിന്റെയും. ഗുരു അവരെ ചേർത്തുപിടിച്ചു. അവർ ജാതിയിൽ ഏറെ താഴെയുള്ളവരായിരുന്നു.
അകന്നുനില്ക്കുന്ന, അകറ്റിനിറുത്തിയ എത്രയോ മനുഷ്യരെയാണ് പാപ്പ അടുത്തേക്ക് വിളിച്ച് ചേർത്തു നിറുത്തിയത്. പാദം കഴുകി ചുംബിച്ചത്. പദവി പകരുന്ന എല്ലാ ആഢംബരങ്ങളും തള്ളിമാറ്റി ലളിതമായി അദ്ദേഹം നമുക്കുമുമ്പിൽ ജീവിച്ചു കടന്നുപോയപ്പോൾ മൂല്യനവീകരണം ചെയ്യേണ്ട ആചാരാനുഷ്ഠാനങ്ങളുടെയും ശീലവിധേയമായ ജീവിതചര്യകളുടെയും പാഠങ്ങളാണ് ഉപദേശിക്കാതെ, ജീവിച്ചു പകർന്നത്.
മഹാഗുരുക്കന്മാരിൽ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. അവർ കൂട്ടത്തിലിരിക്കുമ്പോൾ കൂട്ടത്തിൽനിന്ന് മാറി നില്ക്കുന്നവരെയും മാറ്റിനിറുത്തിയവരെയും ശ്രദ്ധിക്കും. അവരെ കൂട്ടത്തിലേക്ക് ചേർക്കുകയോ അവരിലേക്ക് നടന്നുചെല്ലുകയോ ചെയ്യും. സ്വജീവിതം മുഴുവൻ അതുചെയ്ത മഹാസാന്നിധ്യമായിരുന്നു പാപ്പയെന്നതുതന്നെയാണ് കാലം നല്കിയ ഏറ്റവും മഹത്തായ വെളിച്ചമായി ആ ഗുരുത്വത്തെ നെഞ്ചിൽ എന്നന്നേക്കുമായി പ്രതിഷ്ഠിക്കുന്നതിന് കാരണമായത്.
ഞാനിതെഴുതുമ്പോൾ എനിക്കു തൊട്ടടുത്ത് ആ സാന്നിധ്യം ഞാനനുഭവിക്കുന്നുണ്ട്. എന്റെ തോളിൽ ആ കൈവിരലുകൾ തലോടുന്നത് ഞാനറിയുന്നുണ്ട്. ആ മന്ദഹാസം ഹൃദയം മൊഴിയുന്ന വഴിയിൽ മുന്നോട്ടു നടക്കൂ എന്ന് എനിക്ക് ധൈര്യം പകരുന്നുണ്ട്. തളരാതെ, തകരാതെ, വഴികളെ ശാന്തമായി താണ്ടാൻ ശക്തിയുള്ളവരാകുകയല്ല, വിനയമുള്ളവരാകുകയാണ് വേണ്ടതെന്ന് പാപ്പ നെഞ്ചിൽ അടക്കം പറയുന്നുണ്ട്.
ഉയരങ്ങളെ ലക്ഷ്യം വയ്ക്കാതെ താഴ്വരയെ ഭവനമാക്കൂവെന്നാണ് പാപ്പ പഠിപ്പിച്ചത്. അലിവില്ലാത്ത അറിവും ആരാധനയും നിരർഥകമെന്നാണ് തൊട്ടുതന്നത്. സർവരെയും സോദരരായി അനുഭവിക്കുന്ന തരത്തിൽ ഹൃദയത്തെ വിശാലമാക്കാൻ വിശാലതയെ ധ്യാനിക്കൂ എന്നാണ് ചേർത്തുപിടിച്ച് പറഞ്ഞത്.
ആകാശം മുട്ടിനില്ക്കുന്ന ആരാധനാലയങ്ങളും ആർത്തട്ടഹസിക്കുന്ന പ്രാർഥനകളുംകൊണ്ട് ശമുഖരിതമായ മത-ആത്മീയലോകത്തോട് എങ്ങനെയാണ് സൗമ്യമായും ശാന്തമായും മൗനമായും ലളിതമായും പ്രാർഥനാന്വിതരാകേണ്ടതെന്ന് ജീവിച്ചുതന്നിട്ടാണ് ആ വെളിച്ചം പ്രപഞ്ചത്തിൽ വിലയിച്ചത്. ആ സ്മരണ നമ്മെ കുറച്ചുകൂടി നല്ല മനുഷ്യരാക്കാൻ വെളിച്ചമാകട്ടെ എന്നു മാത്രമാണ് പ്രാർഥന.