കവിതയുടെയും വിശ്വാസത്തിന്റെയും പാതയിൽ – സിസ്റ്റർ മേരി ബനീഞ്ഞ
ഓര്മ/ സെലിൻ ചാൾസ്
മലയാളസാഹിത്യത്തിൽ, പ്രത്യേകിച്ച് മതപരമായ ചിട്ടവട്ടങ്ങൾ കർശനമായിരുന്ന ഒരു കാലഘട്ടത്തിൽ, കവിതയുടെയും വിശ്വാസത്തിന്റെയും വഴികളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സിസ്റ്റർ മേരി ബനീഞ്ഞയുടെ ജീവിതത്തിലേക്കും അതുല്യമായ സാഹിത്യ സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ലേഖനം. സന്യാസജീവിതത്തിന്റെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട്, പ്രകൃതിയെയും ജീവിതത്തെയും ദാർശനികമായി നോക്കിക്കണ്ട അവരുടെ കാവ്യജീവിതം പ്രതിരോധത്തിന്റെയും അർപ്പണബോധത്തിന്റെയും അടയാളപ്പെടുത്തൽകൂടിയാണ്. മേരി ജോൺ തോട്ടം എന്ന പെൺകുട്ടി സിസ്റ്റർ മേരി ബനീഞ്ഞയായി മാറിയതിന്റെയും, അവരുടെ തൂലികയിൽനിന്ന് പിറന്ന ശ്രദ്ധേയമായ കൃതികളുടെയും, ലഭിച്ച അംഗീകാരങ്ങളുടെയും അടയാളപ്പെടുത്തൽ.
ചില കാലഘട്ടങ്ങളിൽ കലയോടും സാഹിത്യത്തോടുമുള്ള മതപരമായ സമീപനങ്ങൾ കർശനമായിരുന്നു. നൃത്തവും സാഹിത്യവായനയും പോലും വിശ്വാസത്തിന് വിരുദ്ധമായി വ്യാഖ്യാനിക്കപ്പെട്ട കാലമുണ്ടായിരുന്നു. അന്യമതസ്ഥരുമായി ഇടപെഴകുന്നതും ആരാധനാലയങ്ങൾക്ക് മുന്നിലൂടെ കടന്നുപോകുന്നതും പോലും കുറ്റമായി കണ്ടിരുന്ന ഒരു കാലഘട്ടം. സാധാരണ വിശ്വാസികൾക്ക് വേദഗ്രന്ഥങ്ങൾപോലും അപ്രാപ്യമായിരുന്ന അത്തരമൊരു സാമൂഹിക-മത പശ്ചാത്തലത്തിലാണ് ഒരു കന്യാസ്ത്രീ കവിതയെഴുത്തിലൂടെ സ്വയം അടയാളപ്പെടുത്തിയത്.
1961-ലെ രണ്ടാം വത്തിക്കാൻ സൂനഹദോസ് നൽകിയ പുതിയ ഉൾക്കാഴ്ചകൾ വിശ്വാസികൾ ഉൾക്കൊള്ളുന്നതിന് മുൻപുള്ള കാലഘട്ടത്തിൽ പോലും, സഭയ്ക്കുള്ളിലെ കർശനമായ വ്യവസ്ഥകൾ നിലനിൽക്കുമ്പോൾത്തന്നെ, കവിതയെഴുതിയ സിസ്റ്റർ മേരി ബനീഞ്ഞയുടെ ജീവിതം ഒരു പ്രതിരോധം കൂടിയായിരുന്നു.സന്യാസജീവിതത്തിന്റെ ഭാഗമായ അനുസരണവ്രതം പലപ്പോഴും വ്യക്തിപരമായ അഭിരുചികൾക്കും ആവിഷ്കാരങ്ങൾക്കും തടസ്സമായിരുന്ന ഒരു കാലഘട്ടത്തിൽ, സിസ്റ്റർ മേരി ബനീഞ്ഞ എഴുതാനുള്ള ധൈര്യം കാണിച്ചു. കാലഹരണപ്പെട്ട പല നിയമങ്ങളും ഭാഗികമായെങ്കിലും നിലനിന്നിരുന്ന അക്കാലത്ത്, കവിതയെഴുതിയ ഒരു കന്യാസ്ത്രീക്ക് നേരിടേണ്ടി വന്ന വെല്ലുവിളികൾ ചെറുതായിരിക്കില്ല. എങ്കിലും, എഴുത്തിനോടുള്ള അഭിനിവേശം അവരെ മുന്നോട്ട് നയിച്ചു.
1899 നവംബർ 6-ന് എറണാകുളം ജില്ലയിലെ ഇലഞ്ഞിയെന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിലെ പ്രശസ്തമായ തോട്ടം തറവാട്ടിൽ ജോൺ-മറിയം ദമ്പതികളുടെ മകളായാണ് മേരി ജോൺ തോട്ടം ജനിച്ചത്. ആശാൻ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്കൂളിലും, മൂത്തോലി കോൺവെന്റ് സ്കൂളിൽനിന്ന് വെർണാക്കുലർ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് നേടി. തുടർന്ന് വടക്കൻ പറവൂരിലെ സെന്റ് തോമസ് പ്രൈമറി സ്കൂളിൽ അധ്യാപികയായി പ്രവർത്തിച്ചു. അതിനുശേഷം കൊല്ലം ഗവണ്മെന്റ് മലയാളം സ്കൂളിൽ ചേർന്ന് മലയാളം ഹയർ പരീക്ഷ പാസ്സാകുകയും വടക്കൻ പറവൂരിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപികയാകുകയും ചെയ്തു. 1922-ൽ കുറുവിലങ്ങാട് കോൺവെന്റ് മിഡിൽ സ്കൂളിൽ അധ്യാപികയായി ചുമതല ഏറ്റെടുക്കുകയും, അതിന്റെ അടുത്ത വർഷം പ്രഥമാധ്യാപികയായി നിയമിതയാകുകയും ചെയ്തു. 1928 ജൂലൈ 16-ന് കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ‘സിസ്റ്റർ മേരി ബനീഞ്ഞ’ എന്ന പേര് സ്വീകരിച്ചു. 1950-ൽ ഇലഞ്ഞി ഹൈസ്കൂളിലേക്ക് സ്ഥലം മാറുകയും 1961-ൽ അധ്യാപകവൃത്തിയിൽനിന്ന് വിരമിക്കുകയും ചെയ്തു. 1985 മെയ് 21-ന് നിര്യാതയായി.
ഇലഞ്ഞിയുടെ പ്രകൃതിരമണീയത സിസ്റ്റർ ബനീഞ്ഞയുടെ കവിതകൾക്ക് പ്രചോദനമായിരുന്നു. പച്ചപ്പരവതാനി വിരിച്ച പാടങ്ങളും തെങ്ങിൻ തോപ്പുകളും കളകളമൊഴുകുന്ന തോടുകളും പൂക്കളുടെ പരിമളവും തഴുകിയെത്തുന്ന ഇളംകാറ്റും അവരുടെ തൂലികയ്ക്ക് ചലനമേകി. പ്രകൃതിയോടുള്ള കവിയുടെ ആത്മബന്ധം വ്യക്തമാക്കുന്ന വരികൾ പ്രസിദ്ധമായ ‘കവനമേള’യിൽ നിന്നുള്ള ഈ വരികളിലുണ്ട്:
‘സ്വാഗതം കുഞ്ഞിക്കാറ്റേ, പൊന്നിളങ്കാറ്റേ, നിന്റെ-
യാഗമം പ്രതീക്ഷിച്ചുതന്നെ ഞാനിരിക്കുന്നു.
വന്നിടാമകത്തേയ്ക്കു സംശയം വേണ്ട, നല്ല
സന്ദേശമെന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ടാവാം.
ചന്ദനക്കുന്നില്നിന്നോ വന്നിടുന്നതു? സുധാ-
സ്യന്ദിയാണല്ലോ ഭവാന് ചിന്തുന്ന പരിമളം’
ഈ കവിത മലയാളം പാഠാവലികളിൽ ഉൾപ്പെടുത്തിയിരുന്നു എന്നത് അവരുടെ കവിതകൾക്ക് ലഭിച്ച സ്വീകാര്യതയുടെ തെളിവാണ്.
സിസ്റ്റർ ബനീഞ്ഞയുടെ സാഹിത്യസംഭാവനകൾ ശ്രദ്ധേയമാണ്. 1927-ൽ പുറത്തിറങ്ങിയ ‘ഗീതാവലി’യാണ് ആദ്യകൃതി. പ്രശസ്ത കവി ഉള്ളൂർ എസ്. പരമേശ്വര അയ്യർ ഈ കൃതിക്ക് ആമുഖം എഴുതി എന്നത് അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ‘മാർത്തോമ വിജയം’, ‘ഗാന്ധി ജയന്തി’ എന്നീ മഹാകാവ്യങ്ങൾ, പത്ത് ഖണ്ഡകാവ്യങ്ങൾ, വിവിധ സമാഹാരങ്ങളിലായി 350-ലധികം കവിതകൾ, നാല് ഗദ്യ പുസ്തകങ്ങൾ, ഒരു വിവർത്തനം എന്നിവ അവരുടെ പ്രധാന കൃതികളിൽ ഉൾപ്പെടുന്നു. മലയാളസാഹിത്യത്തിൽ സ്ത്രീ എഴുത്തുകാരുടെ മുന്നേറ്റത്തിന് വഴിതുറന്നവരിൽ പ്രമുഖ സ്ഥാനമാണ് സിസ്റ്റർ ബനീഞ്ഞയ്ക്ക് ഉള്ളത്.
സിസ്റ്റർ ബനീഞ്ഞയെ വ്യാപകമായി പ്രശസ്തയാക്കിയ കൃതി, ഒരു ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ ‘കവിതാരാമം’ എന്ന സമാഹാരത്തിലെ ‘ലോകമേ യാത്ര’ എന്ന കവിതയാണ്. ഈ കവിത ഒരു യാത്രാമംഗളത്തിന്റെ വൈകാരികത നിറഞ്ഞ ആവിഷ്കാരമാണ്. ജീവിതത്തിന്റെ നശ്വരതയെയും ലൗകിക വസ്തുക്കളുടെ നിരർഥകതയെയും കുറിച്ചുള്ള ആഴമേറിയ ദാർശനികചിന്തകൾ ഈ കവിതയിലുണ്ട്. ‘ജനിച്ച നാൾ തുടങ്ങി…’ എന്ന് തുടങ്ങുന്ന വരികൾ ജീവിതയാത്രയുടെ യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്:
‘ജനിച്ച നാൾ തുടങ്ങിയെന്നെയോമനിച്ചു തുഷ്ടിയോ-
ടെനിക്കു വേണ്ടതൊക്കെ നൽകിയാദരിച്ച ലോകമേ!
നിനക്കു വന്ദനം; പിരിഞ്ഞു പോയിടട്ടെ ഞാനിനി-
ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയേ വരിക്കുവാൻ.
മരിച്ചിടും ജനിച്ച മർത്ത്യരൊക്കെയും വിതർക്കമി-
ങ്ങൊരുത്തരും പറഞ്ഞിടാത്ത സത്യമാണതെങ്കിലും
മരിച്ചതിന്റെ പിമ്പു മറ്റൊരന്തമറ്റ ജീവിതം,
വരിച്ചിടുന്നതാണു മർത്ത്യനുള്ള മേന്മയോർക്ക നീ.
സമര്ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന് തുടങ്ങിയുള്ള വിജ്ഞരും
അമര്ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്.
ഒരിക്കലീജ്ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം
തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ
കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം.
ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും
വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ
അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത പുണ്യമൊന്നുതാൻ
മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും.’
കവിത ഇനിയും നീണ്ടുനീണ്ടുപോകുന്നു.
ഭൗതികസമ്പത്തോ സ്ഥാനമാനങ്ങളോ മരണാനന്തരജീവിതത്തിൽ ഉപകാരപ്പെടില്ലെന്നും പുണ്യകർമ്മങ്ങൾക്കു മാത്രമേ പ്രയോജനമുള്ളൂ എന്നും കവി അടിവരയിടുന്നു. ജീവിതവ്യഗ്രതയുടെ നിരർഥകതയെക്കുറിച്ചുള്ള ഈ ദാർശനികചിന്തകൾ തലമുറകളെ സ്വാധീനിച്ചു. വ്യഥിതയായ പ്രണയിനിയുടെ പരിദേവനവും കവി ഹൃദയസ്പർശിയായി വർണ്ണിച്ചിട്ടുണ്ട്:
പ്രഭാകരാ, ഭവാന്റെയിഷ്ടമൊന്നുമാത്രമേതിലും
പ്രഭാവതിക്കു മാർഗദർശിയായിരുന്നു നിശ്ചയം.
ശുഭത്തിലും വിപത്തിലും ഭവൽപദാംബുജങ്ങളെ
അഭംഗം ഭജിച്ചിരുന്നതോർത്തുനോക്കണം ഭവാൻ’
ഇലഞ്ഞിയുടെ മണ്ണിൽ സിസ്റ്റർ ബനീഞ്ഞയുടെ സ്വാധീനം വലുതായിരുന്നു. പ്രദേശവാസികൾക്ക്, പ്രത്യേകിച്ച് കത്തോലിക്കാ സമൂഹത്തിന്, അവർ അഭിമാനമായിരുന്നു. അവരുടെ കവിതകൾ തലമുറകൾ ഏറ്റുചൊല്ലി. പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ സിസ്റ്റർ ബനീഞ്ഞയുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ ലേഖികയ്ക്കും സ്കൂൾ കാലഘട്ടത്തിൽ അവരെ നേരിൽ കാണാനും അനുഗ്രഹംതേടാനും ഭാഗ്യമുണ്ടായിട്ടുണ്ട്. ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂളിൽ അപ്പർ പ്രൈമറിയിൽ പഠിക്കുമ്പോഴാണ് ആദ്യമായി അമ്മയെ കാണുന്നത്. അന്ന് സിസ്റ്റർ ബനീഞ്ഞ അധ്യാപനവൃത്തിയിൽനിന്നു വിരമിച്ച് ഇലഞ്ഞിയിലെ കർമ്മലീത്ത മഠത്തിൽ വിശ്രമജീവിതവും കാവ്യസപര്യയുമായി കഴിയുന്ന കാലം. ഉച്ചഭക്ഷണ സമയത്തോ വൈകുന്നേരങ്ങളിലോ ഞങ്ങൾ കുട്ടികൾ സ്കൂളിൽനിന്ന് അമ്മയെ സന്ദർശിക്കുന്നതിനായി മഠത്തിൽ പോകുമായിരുന്നു. കൃശഗാത്രിയായ സിസ്റ്റർ ബനീഞ്ഞ എപ്പോഴും വളരെ സ്നേഹത്തോടെ പുഞ്ചിരിയോടെയാണ് ഞങ്ങളെ സ്വീകരിച്ചിരുന്നത്. തന്നെ കാണാന്വരുന്ന കുട്ടികളോട് കവിതകൾ ചൊല്ലാൻ ആവശ്യപ്പെടുമായിരുന്നു. ഇത് അവരുടെ കാവ്യജീവിതത്തോടും പുതിയ തലമുറയോടുമുള്ള സ്നേഹത്തെയാണ് കാണിക്കുന്നത്.
1971-ൽ ‘മാർത്തോമാവിജയം’ മഹാകാവ്യത്തിന്റെ പ്രകാശനവും സിസ്റ്റർ മേരി ബനീഞ്ഞയുടെ സപ്തതിയാഘോഷവും ഇലഞ്ഞി ഗ്രാമത്തിന് ഒരു ഉത്സവമായിരുന്നു. ബാലികാബാലന്മാരുടെ നൃത്തച്ചുവടുകളോടെയും വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലുമാണ് അവരെ വേദിയിലേക്ക് ആനയിച്ചത്. അന്നത്തെ ആഘോഷങ്ങളിൽ ശിഷ്യഗണങ്ങൾ ആലപിച്ച സ്വാഗതഗാനത്തിലെ വരികൾ ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നു:
‘സപ്തതിയാഘോഷിച്ചീടും
മേരി ബനീഞ്ജാമ്മയിന്നു –
ഇസ്സദസ്സിലാഗതയായ് വിരാജിച്ചാലും’
ഈ ആഘോഷങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ കഴിഞ്ഞത് അന്നത്തെ സ്കൂൾ വിദ്യാർഥികൾക്ക് ലഭിച്ച മഹത്തായ ഒരവസരമായിരുന്നു. അനേകം മഹത് വ്യക്തികളുടെ പാദസ്പർശത്താൽ ഇലഞ്ഞിയുടെ മണ്ണ് അന്ന് പുളകിതയായിട്ടുണ്ടാവാം. സീറോ മലബാർ സഭയുടെ പ്രഥമ കർദിനാൾ അഭിവന്ദ്യ ഡോ. ജോസഫ് പാറേക്കാട്ടിൽ തിരുമേനി അവരെ ‘ഇലഞ്ഞിപ്പൂവ്’ എന്ന് വിശേഷിപ്പിച്ച് ആദരിച്ചു. പരിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ പ്രതിനിധി “ബെനേമെരേന്തി” മെഡൽ നൽകി അവരെ ആദരിക്കുകയും ചെയ്തു.
സിസ്റ്റർ ബനീഞ്ഞയുടെ സാഹിത്യത്തിലെ സ്ഥാനം ദേശീയതലത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ‘ഹാൻഡ് ബുക്ക് ഓഫ് ട്വന്റിയത്ത് സെഞ്ച്വറി ലിറ്ററേചേഴ്സ് ഓഫ് ഇൻഡ്യ’ എന്ന ഗ്രന്ഥത്തിൽ ഇരുപതാം നൂറ്റാണ്ടിലെ മലയാളസാഹിത്യത്തിലെ പ്രമുഖരിൽ ഒരാളായി അവരെ വിശേഷിപ്പിച്ചിരിക്കുന്നു. കേരള കത്തോലിക്ക അല്മായ അസോസിയേഷൻ 1981-ൽ ‘ചെപ്പേട്’ (ചെമ്പുതകിടിൽ എഴുതിയ രേഖ) നൽകി അവരെ ആദരിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരമായ ‘തോട്ടം കവിതകൾ’ 1973-ലും രണ്ടാമത്തെ സമാഹാരം ‘ലോകമേ യാത്ര’ ഇവരുടെ മരണാനന്തരം 1986-ലും ആത്മകഥയായ വാനമ്പാടി 1986-ലും പ്രസിദ്ധപ്പെട്ടു.
സിസ്റ്റർ മേരി ബനീഞ്ഞ (മേരി ജോൺ തോട്ടം), ഓർമയായിട്ട് 2025 മെയ് 20-ന് നാല്പത് വർഷം പൂർത്തിയാവുകയാണ്. അവരുടെ സ്മാരകങ്ങൾ സന്ദർശിക്കുമ്പോൾ, മലയാളകാവ്യലോകത്തിന് അവർ നൽകിയ സംഭാവനകളെക്കുറിച്ചുള്ള ഓർമകൾ മനസ്സിൽ നിറയുന്നു. അർഹിച്ച അംഗീകാരം പൂർണമായി ലഭിക്കാതെ പോയോ എന്നൊരു പരിഭവം നിലനിൽക്കുന്നുണ്ട്. ദാർശനികമായ ഉൾക്കാഴ്ചയുള്ള അവരുടെ കവിതകൾ കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മരിക്കപ്പെടേണ്ടവയല്ല, മറിച്ച് കൂടുതൽ പഠിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.