ആശയങ്ങളുടെ ലോകം വേരുകളും പരിണാമവും – വിനോദ് നാരായണ്‍

ആശയങ്ങളുടെ ലോകം  വേരുകളും പരിണാമവും – വിനോദ് നാരായണ്‍

നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രകടമാകുന്ന ‘പരിണാമം’ എന്ന പ്രക്രിയയെ തള്ളിക്കളയാൻ പ്രയാസമാണ്. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. മാറുകയും വേണം. ഏത് ആശയവും കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ തയ്യാറാകണം. അതിന് വിമുഖത കാണിക്കുമ്പോൾ അവ കാലഹരണപ്പെട്ട് പോകും. മാർക്സിസം, മുതലാളിത്തം, മാനവികത എന്നിങ്ങനെ ഏത് ‘ഇസ’മായാലും, മതമായാലും ഇത് ബാധകമാണ്. നവീകരണമാണ് മുന്നോട്ടുള്ള വഴി.


മനുഷ്യജീവിതത്തിൽ ആശയങ്ങൾക്ക് എന്ത് സ്ഥാനമാണുള്ളത്? ഒരാൾ ഒരു ആശയത്തെ സ്വീകരിക്കുന്നതും അതിൽ ഉറച്ചുനിൽക്കുന്നതും എന്തുകൊണ്ടാണ്? പലപ്പോഴും, അത് അവരുടെ അസ്തിത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് തോന്നുമ്പോഴോ അല്ലെങ്കിൽ മറ്റെല്ലാത്തിനേക്കാൾ ശരിയായ മാർഗം അതാണെന്ന് വിശ്വസിക്കുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്. ഈ ‘ആശയം’ എന്ന വിശാലമായ തലക്കെട്ടിൽ ഉൾക്കൊള്ളാൻ കഴിയുന്നതെന്തൊക്കെയാണ്? സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ചിന്താധാരകളായ മാർക്സിസം, മുതലാളിത്തം (കാപിറ്റലിസം), മാനവികത (ഹ്യൂമണിസം), ഫാസിസം എന്നിങ്ങനെയുള്ള വിവിധ ‘ഇസങ്ങൾ’ ഇതിൽപ്പെടുന്നു. തീർച്ചയായും, മതവും ഈ പട്ടികയിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്.


മതം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ‘വേണ്ട’ എന്ന് ഉത്തരം നൽകുന്ന നിരവധി പേർ ഈ ലോകത്തിലുണ്ട്. എന്നാൽ, ഏതെങ്കിലും ഒരു മതം വേണമെന്ന് ശഠിക്കുന്നവരുടെ മറുഭാഗത്ത്, ആ പ്രത്യേക മതം ആവശ്യമില്ലെന്ന് വാദിക്കുന്ന മറ്റു മതവിശ്വാസികളും നിരീശ്വരവാദികളും നിലകൊള്ളുന്നു. മതം മനുഷ്യരെ നേർവഴിക്ക് നയിക്കാനുള്ള ഉപാധിയാണെന്നു ചിലർ വാദിക്കാറുണ്ട്. എന്നാൽ, അത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രത്യേകതയാണോ, അതോ എല്ലാ മതങ്ങൾക്കും ഇത് ഒരുപോലെ ബാധകമാണോ? എല്ലാ മതങ്ങളും ഒരേപോലെ ശരിയാണെങ്കിൽ, പിന്നെ എന്തിനാണ് വ്യത്യസ്ത മതങ്ങൾ എന്ന ചോദ്യവും പ്രസക്തമാകുന്നു.


പരിണാമസിദ്ധാന്തം കേവലം ഒരു സിദ്ധാന്തം മാത്രമാണെന്നും എന്നാൽ, മതം പറയുന്നതാണ് പരമസത്യമെന്നും ചിലർ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ആർക്കും ഏത് ആശയവും പ്രസക്തമായി തോന്നാനുള്ള സ്വാതന്ത്ര്യം ഈ ലോകത്തിലുണ്ട്, അല്ലെങ്കിൽ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകണം. ഇതിൽ നാം യോജിക്കാത്ത ആശയങ്ങളും ഉൾപ്പെടുന്നു എന്നതാണ് യാഥാർഥ്യം. അതു മതമായാലും മാർക്സിസമായാലും ഫാസിസമായാലും മറ്റെന്തായാലും. ഈ ആശയങ്ങൾ നമ്മെ വ്യക്തിപരമായി എങ്ങനെ രൂപപ്പെടുത്തുന്നു എന്നതാണ് യഥാർഥത്തിൽ പരിഗണിക്കേണ്ട വിഷയം. ഫാസിസംപോലുള്ള ആശയങ്ങളെ മാർക്സിസം, കമ്യൂണിസം, മതം എന്നിവയോടൊപ്പം താരതമ്യപ്പെടുത്തിയതിനെക്കുറിച്ച് ചിലർക്ക് ആശങ്കയുണ്ടാവാം. എന്നാൽ, ഈ ചിന്താധാരകളെയെല്ലാം ഒരുപോലെ കാണുന്ന നിരീക്ഷകരും നമുക്കിടയിലുണ്ട്. അതിനാൽ, തുറന്ന സംവാദത്തിൽ എല്ലാം ഉൾപ്പെടുത്തുന്നത് ഉചിതമാണ്.


എല്ലാ ‘ഇസങ്ങൾക്കും’ മതങ്ങൾക്കും ചില വ്യക്തികളിൽ ശക്തമായ സ്വാധീനംചെലുത്താൻ കഴിയും. ഈ വ്യക്തികൾ സമൂഹത്തിലെ അധികാരകേന്ദ്രങ്ങളിലെത്തുമ്പോൾ, അവരുടെ ആശയങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ നേരിട്ടുബാധിക്കാൻ തുടങ്ങുന്നു. ആശയങ്ങൾ അധികാരത്തിലെത്തുമ്പോൾ അവയുടെ പ്രവർത്തന സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വരുന്നു. കാരണം, അവ കേവലം ആശയങ്ങൾ എന്നതിലുപരി, പ്രാവർത്തികമാക്കാനുള്ള പദ്ധതികളായി രൂപാന്തരപ്പെടുന്നു. തങ്ങളുടെ ആശയങ്ങളുടെ കുടക്കീഴിൽ എല്ലാ മനുഷ്യരെയും ഉൾക്കൊള്ളിക്കാനുള്ള നിർബന്ധബുദ്ധി പലപ്പോഴും ഉടലെടുക്കുന്നു. ഇവിടെയാണ് സംഘർഷങ്ങളും പ്രശ്നങ്ങളും ആരംഭിക്കുന്നതെന്നു നിരീക്ഷിക്കാവുന്നതാണ്.


മാർക്സിസം ഒരു സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സിദ്ധാന്തമാണ്, സമാനമായ മറ്റു പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. മാർക്സിസം അതിന്റെ വിവിധ രൂപങ്ങളിൽ അധികാരത്തിലെത്തിയപ്പോഴെല്ലാം വ്യക്തിസ്വാതന്ത്ര്യം പരിമിതപ്പെട്ടിട്ടുണ്ട്. പഴയ സോവിയറ്റ് യൂണിയനിലായാലും ഇന്നത്തെ ചൈനയിലായാലും ഇതു പ്രകടമാണ്. ആശയം പൂർണവും തെറ്റുപറ്റാത്തതുമാണെന്ന ധാരണയിൽ, അതു കേവലം ഒരു സിദ്ധാന്തം എന്നതിനപ്പുറം ഒരു പരമോന്നത സത്യമായി ചിലർക്ക് മാറുന്നു.


മതങ്ങളാകട്ടെ, അവയിൽ വിശ്വസിക്കുന്ന മനുഷ്യർക്ക് യാതൊരു തെളിവിന്റെയും ആവശ്യമില്ലാതെ തന്നെ ഒരു മഹാസത്യമായി മാറുന്നു. അവ പലപ്പോഴും ചോദ്യങ്ങൾക്കതീതമായി കണക്കാക്കപ്പെടുന്നു. മാർക്സിസം പോലുള്ള സിദ്ധാന്തങ്ങൾ അധികാരകേന്ദ്രങ്ങളിലെത്തുമ്പോൾ അവയ്ക്കും മതങ്ങൾക്കു സമാനമായ ഒരു പരിവേഷം കൈവരുന്നതായി കാണാം. ഇതിന്റെ ഭാഗമായി, ആ ആശയങ്ങളെ മാതൃകയാക്കി ഭരിക്കുന്നവർക്ക് ചിലപ്പോൾ ദൈവികമായ പരിവേഷം പോലും ലഭിക്കുന്നു. ആശയങ്ങൾ മാറിയാലും മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങൾക്ക് വലിയ മാറ്റം വരുന്നില്ല എന്നതാണ് ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ട ഒരു വസ്തുത.


ഒന്നിനെയും ന്യായീകരിക്കേണ്ട ആവശ്യം ഇല്ലാതിരിക്കുമ്പോൾ മാത്രമാണ് നമുക്ക് ഏതൊരു കാര്യത്തെയും വസ്തുനിഷ്ഠമായി വിലയിരുത്താൻ കഴിയുന്നത്. ലോകത്തിൽ മുഴുവൻ മാർക്സിസം നടപ്പാക്കിയാൽ ലോകം കൂടുതൽ മെച്ചപ്പെടുമോ? ഒരിക്കലുമില്ല. അതുപോലെ, ലോകം മുഴുവൻ ഒരൊറ്റ മതത്തിന്റെ കീഴിലായാൽ കാര്യങ്ങൾ കൂടുതൽ സുന്ദരമാകുമോ? അതും അസംഭവ്യമാണ്. എങ്കിലും, പലപ്പോഴും എല്ലാവരും ആഗ്രഹിക്കുന്നത് തങ്ങളുടെ ആശയം ലോകം മുഴുവൻ വ്യാപിക്കണമെന്നാണ്. ലോകം സുന്ദരമാവണം എന്ന ആഗ്രഹത്തിനു പിന്നിൽ, തങ്ങളുടെ ആശയങ്ങൾക്ക് ലോകത്തിൽ മേൽക്കോയ്മ ലഭിക്കണം എന്ന ലക്ഷ്യമാണുള്ളത്. ഇവിടെ പ്രസക്തമാകുന്നത് ആശയമല്ല, മറിച്ച് ചില വ്യക്തികളുടെ അല്ലെങ്കിൽ വിഭാഗങ്ങളുടെ ആവശ്യകതകളാണെന്ന് തോന്നിയിട്ടുണ്ട്.


മനുഷ്യന്റെ ഉൽപത്തിയെക്കുറിച്ചുള്ള പരിണാമസിദ്ധാന്തത്തോട് വിയോജിച്ചാലും, നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രകടമാകുന്ന ‘പരിണാമം’ എന്ന പ്രക്രിയയെ തള്ളിക്കളയാൻ പ്രയാസമാണ്. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. മാറുകയും വേണം. ഏത് ആശയവും കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ തയ്യാറാകണം. അതിന് വിമുഖത കാണിക്കുമ്പോൾ അവ കാലഹരണപ്പെട്ട് പോകും. മാർക്സിസം, മുതലാളിത്തം, മാനവികത എന്നിങ്ങനെ ഏത് ‘ഇസ’മായാലും, മതമായാലും ഇത് ബാധകമാണ്. നവീകരണമാണ് മുന്നോട്ടുള്ള വഴി.


വിമർശനങ്ങളെ അതിജീവിക്കാൻ കഴിയുന്നത് അവയെ അടിച്ചമർത്തി നിശ്ശബ്ദമാക്കുന്നതിലൂടെയല്ല, മറിച്ച് അവയെ ഉൾക്കൊള്ളുന്നതിലൂടെയാണ്. എല്ലായിടത്തും സ്വന്തം നിലപാടുകളെ ന്യായീകരിക്കുന്നതിനു പകരം, എതിർപ്പുകളെയും വിമർശനങ്ങളെയും മനസ്സിലാക്കാൻ ശ്രമിച്ചാൽ പല ആശയങ്ങൾക്കും ഈ ലോകത്തിൽ സഹവർത്തിക്കാൻ ഇടമുണ്ടാകും. എന്നാൽ, പലർക്കും വേണ്ടത് പൂർണമായ നിയന്ത്രണമാണ് (Full Control) എന്ന് തോന്നിയിട്ടുണ്ട്.


നമുക്കെല്ലാം ചില ചായ്‌വുകളും വിശ്വാസങ്ങളും ഉണ്ടാവാം. അവയെ പിന്തുടരുകയും ചെയ്യാം, ചെയ്യുകയും വേണം. കാരണം, ഏതെങ്കിലും ഒരു ദർശനത്തിൽ നിന്നുകൊണ്ട് ലോകത്തെ നോക്കുമ്പോഴാണ് കൂടുതൽ ആഴത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുക. എന്നാൽ, ഈ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം കേവലം ന്യായീകരണമാകരുത്, മറിച്ച് ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും നവീകരണമാകണം. ഇത് തിരിച്ചറിഞ്ഞാൽ പല പ്രശ്നങ്ങളെയും കൂടുതൽ വ്യക്തതയോടെ കാണാൻ നമുക്ക് സാധിച്ചേക്കാം.


എനിക്ക് മാർക്സിസം വേണ്ട, നിങ്ങൾക്ക് വേണോ? വേണ്ടെന്ന് പറയുന്നവരും വേണമെന്ന് പറയുന്നവരും തങ്ങളുടെ നിലപാടുകളെ നവീകരിക്കാതെ കേവലം ന്യായീകരിച്ച് മുന്നോട്ടുപോയാൽ, ഇരുപക്ഷവും തമ്മിൽ അടിസ്ഥാനപരമായി വലിയ വ്യത്യാസങ്ങളൊന്നും കാണാൻ സാധിക്കില്ല. ആശയങ്ങൾക്കപ്പുറം, അവയെ നാം എങ്ങനെ സമീപിക്കുന്നു, അവ നമ്മുടെ കർമങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പ്രധാനം.