മലയാളിയുടെ മാർക്‌സിസ്റ്റ് ജീവിതം – എൻ. എം. പിയേഴ്‌സൺ

കേരളത്തിൽ മാർക്‌സിസത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പരിണാമത്തെക്കുറിച്ചുള്ള ഒരു വിമർശനാത്മക വിലയിരുത്തൽ. റഷ്യൻ വിപ്ലവത്തിന്റെ കാല്പനിക സ്വപ്നങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കേരളത്തിൽ വേരുറപ്പിച്ച പ്രസ്ഥാനം, സാമൂഹിക അനീതിക്കും അസമത്വത്തിനുമെതിരെ ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി അധികാരത്തിലെത്തിയ വഴികളെക്കുറിച്ചും, തുടർന്നുണ്ടായ സൈദ്ധാന്തികമായ ദുർബ്ബലപ്പെടലുകളെക്കുറിച്ചും ധാർമിക പ്രതിസന്ധികളെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു. വിപ്ലവകരമായ തുടക്കത്തിൽനിന്ന് അധികാരം ലക്ഷ്യംവച്ചുള്ള പ്രായോഗികരാഷ്ട്രീയത്തിലേക്കുള്ള മാറ്റം പാർട്ടിക്കുണ്ടാക്കിയ അപചയങ്ങളെ ലേഖകൻ ശക്തമായ ഭാഷയിൽ അവതരിപ്പിക്കുന്നു.


മലയാളിയെ മാർക്‌സിലേക്ക് ആകർഷിച്ചത് മാർക്‌സോ ഏംഗൽസോ ആയിരുന്നില്ല. ആകർഷണവസ്തു റഷ്യൻവിപ്ലവം നിർമിച്ച കാൽപനികസ്വപ്നങ്ങളായിരുന്നു. നിക്കോസ് കസന്റ്‌സാക്കീസിനെപ്പോലും റഷ്യ അതിന്റെ കാൽപനിക വിപ്ലവസ്വപ്നങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ, അവിടെ കണ്ട കാര്യങ്ങൾ കസന്റ്‌സാക്കീസിനെ നിരാശനാക്കുകയായിരുന്നു. മനുഷ്യന് നീതിപൂർവമായ ലോകം- അത് ഏതൊരു ഉല്പതിഷ്ണുവിന്റെയും ആഗ്രഹമാണ്. ഈ ആഗ്രഹം നെഞ്ചേറ്റിയ മനുഷ്യരാണ് 1931-ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ലീഗ് ഉണ്ടാക്കിയതും പിന്നീട് 1939-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതും.


                കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ കേരളം അനീതി നിറഞ്ഞതും, അസമത്വം പെരുകിയതും അനാചാരങ്ങൾ ആഘോഷിക്കപ്പെടുകയുംചെയ്ത ആവാസ വ്യവസ്ഥയായിരുന്നു. അതിനെതിരെ നിരവധി ഇടങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. പക്ഷേ,, സംഘടിത രൂപത്തിന്റെ അഭാവത്തിൽ അവയെല്ലാം നിശബ്ദമാക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ചതോടുകൂടി കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ദളിതരുടെയും പിന്നാക്ക ജാതിക്കാരുടെയും പൊട്ടിത്തെറികൾക്ക് സംഘടിതരൂപം കൈവരാൻ തുടങ്ങി.


                കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്നിരുന്ന കലാപങ്ങളെ ഏകോപിപ്പിക്കാനും നേതൃത്വം ഏറ്റെടുക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കു കഴിഞ്ഞു. തൊഴിലാളികളും നിസ്വവർഗങ്ങളും അനുഭവിച്ചിരുന്ന അനിർവചനീയമായ ദുരിതങ്ങൾ ത്യാഗസന്നദ്ധമായ പടയാളികളെ സൃഷ്ടിക്കാൻ എളുപ്പമുള്ളതായിരുന്നു. നിർഭയരും നിസ്വാർഥരുമായ നേതാക്കളും കേഡർമാരും ഒരുമിച്ച് ചേർന്നപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു പടക്കൂട്ടമായി മാറി. നിരവധി ഇടങ്ങളിൽ സാമൂഹിക വിവേചനത്തിനെതിരെ സമരമുന്നണി ആരംഭിച്ചു. കൂലി കൂടുതലിനും ജീവിക്കാനാവശ്യമായ സാഹചര്യത്തിനുവേണ്ടിയും സമരമുഖം തുറന്നു. അവയിൽ പലതും സായുധപ്പോരാട്ടങ്ങളുടെ സ്വഭാവത്തിലേക്കുയർന്നു. പാർട്ടി രൂപവൽക്കരിച്ച് ഒരുവർഷം കഴിയുന്നതിനു മുന്നേ 1940-ൽ മൊറാഴ സമരം. 1941-ൽ കയ്യൂരിൽ പോരാട്ടം. 1946-ൽ പുന്നപ്ര-വയലാർ, കരിവെള്ളൂർ, കാവുമ്പായി കലാപങ്ങൾ. സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ളവർ, അടിമകൾ അവർ സ്വതന്ത്രരാവാൻ ശ്രമിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടി അവർ ജീവൻ ആഹൂതിചെയ്തു. അതിന് അവരെ പ്രാപ്തരാക്കിയത് ദുരിതങ്ങളുടെ ആഴക്കയങ്ങളായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും അവരുടെ ജീവിതം ദുരിതമയമായിത്തുടർന്നു. വീണ്ടും പോരാട്ടങ്ങളും കലാപങ്ങളും. 1948-ൽ ഒഞ്ചിയത്തും മുനയൻകുന്നിലും വെടിപൊട്ടി. ചോരചിതറി. നിരവധിപേർ രക്തനക്ഷത്രങ്ങളായി. 1949-ൽ ശൂരനാട് കലാപം 1950-ൽ ഇടപ്പള്ളിയിലും പാടിക്കുന്നിലും പോരാട്ടം. ഇതിനിടയിൽ ബി.ടി.രണദിവെയുടെ സായുധസമരമാർഗം പാർട്ടി ഉപേക്ഷിച്ചു. തെലുങ്കാനയിലെ സായുധ പോരാട്ടം വൻ പരാജയമായി മാറി. പാർട്ടി പാർലിമെന്ററി രംഗത്തേക്ക് ചുവടുമാറ്റി. കേരളത്തിനുമുന്നേ ആന്ധ്രയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്ന് കരുതി. പക്ഷേ, അതിനുപകരം കേരളത്തിലാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുണ്ടായത്.


                കേരളത്തിൽ മനുഷ്യർ മാർക്‌സിസത്തിലേയ്ക്ക് നടന്നുകയറിയത് മാർക്‌സിസം മനസ്സിലാക്കിയിട്ടായിരുന്നില്ല. കയർ പിരിക്കുന്ന തൊഴിലാളികളും ബീഡിതെറുക്കുന്നവരും മണൽവാരുന്നവരും നെയ്ത്തുകാരും തെങ്ങുകയറ്റ തൊഴിലാളികളും ചെത്തുകാരും കശുവണ്ടിത്തൊഴിലാളികളും പാർട്ടിയിൽ അണിചേർന്നത് അവരുടെ ദുരിതങ്ങളിൽ അവർക്കൊപ്പം നിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് എന്ന അനുഭവധാരയിലാണ്. അനുഭവമാണ് അവരെ പാർട്ടിക്കൊപ്പം ചേർത്തത്. പാർട്ടി ചേർത്തുപിടിക്കും എന്ന വിശ്വാസം. അതാണ് 1957-ൽ പാർട്ടിയെ അധികാരത്തിലേറ്റിയത്. പിന്നീട് പാർട്ടി അധികാരപാർട്ടിയായി. അതിനുശേഷം പാർട്ടി അതിന്റെ സൈദ്ധാന്തിക സ്വഭാവത്തിൽ വെള്ളം ചേർക്കാൻ തുടങ്ങി. അതൊരു ഡൈല്യൂഷനായിരുന്നു. ഭരണവർഗ പാർട്ടിക്ക് തൊഴിലാളിവർഗത്തിന്റെ താൽപര്യത്തോടൊപ്പം സമ്പന്നവർഗത്തിന്റെ താൽപര്യവും സംരക്ഷിക്കേണ്ടിവന്നു. അങ്ങനെ ധാർമികമായി പാർട്ടി പ്രതിസന്ധിയിലായി. ഈ പ്രതിസന്ധി വളർന്നുവലുതായി പാർട്ടിയെ പൂർണമായി വിഴുങ്ങുന്ന കാഴ്ചയാണ് തുടർവർഷങ്ങൾ കണ്ടത്. അവസാനം അതിനു തൊഴിലാളിവർഗ താൽപര്യങ്ങൾ കൈയൊഴിഞ്ഞ് ധനാഢ്യവർഗ താൽപര്യങ്ങളിൽ നങ്കൂരമിടേണ്ടിവന്നു.


                ഫ്രഞ്ച് നവോത്ഥാനവും ജർമൻ റൊമാന്റിസവും സ്വാധീനിച്ച മാർക്‌സ് തന്റെ ആശയ അന്വേഷണത്തിൽ അവസാനമെത്തിയത് പ്രൊമത്യൂസിലാണ്. സ്വേഛാധിപത്യത്തിനെതിരെ പ്രൊമത്യൂസ് നടത്തിയ പോരാട്ടം മാർക്‌സിനെ സ്വാധീനിച്ചു. പിന്നീട് ഗ്രീക്ക് മിത്തോളജിയിലെ ഈ കഥാപാത്രം മാർക്‌സിന്റെ മാതൃകാരൂപമായി മാറി. ആത്മീയമായും ഭൗതികമായും അന്ധകാരത്തിൽ അമർന്നിരുന്ന മനുഷ്യന് പ്രൊമത്യൂസ് അഗ്നിയും അറിവുമായി മാറി. തത്വചിന്താപരമായി മാർക്‌സിന്റെ തിരഞ്ഞെടുപ്പ് അങ്ങനെ മനുഷ്യനു വേണ്ടിയുള്ളതായി. പ്രൊമത്യൂസിനെ ചങ്ങലയ്ക്കിട്ട എല്ലാ ദൈവങ്ങളെയും മാർക്‌സ് വെറുത്തു. തത്വചിന്തതന്നെ ലോകത്തെ മാറ്റാനുള്ള ഉപാധിയായി മാർക്‌സ് കണ്ടെത്തുന്നത് പ്രൊമത്യൂസിൽനിന്നാണ്. മാർക്‌സിനെക്കാളും മൗലികമായ പലരും അക്കാലത്തുണ്ടായിരുന്നെങ്കിലും അവർക്കാർക്കും മാർക്‌സ് സൃഷ്ടിച്ച മൗലികത ഉൽപാദിക്കാനായില്ല. കാരണം, മാർക്‌സിന്റെ കഠിനാദ്ധ്വാനവും ലക്ഷ്യസാക്ഷാത്കാര ഇച്ഛയും അസാധാരണമായിരുന്നു. ആശയങ്ങളെ താൻ ആഗ്രഹിക്കുന്നതുപോലെ വാർത്തെടുക്കാൻ എത്ര വേദന സഹിക്കാനും അദ്ദേഹം ഒരുക്കമായിരുന്നു. ലോകത്തെ മാറ്റുക എന്ന ലക്ഷ്യത്തിലെത്തിയശേഷം അതെങ്ങനെ മാറണമെന്നും അതിനുശേഷം അതെങ്ങനെ ഉള്ളതായിരിക്കണം എന്നും മാർക്‌സിന് നിശ്ചയമുണ്ടായിരുന്നു. അതുവരെ നടന്ന വിപ്ലവങ്ങളുടെ അനുഭവങ്ങളും പാളിച്ചകളും സ്വാംശീകരിച്ചുകൊണ്ടുള്ള ആശയ സമന്വയമാണ് പുതിയ ലോകത്തിന്റെ മാനിഫെസ്റ്റോ തയ്യാറാക്കാൻ മാർക്‌സിനെ പ്രാപ്തനാക്കിയത്.


                മാർക്‌സിന്റെ – സിദ്ധാന്തം ലോകത്ത് പ്രയോഗവൽക്കരിക്കുകയും ലോകത്തിന്റെ സ്വഭാവം ഒരു പരിധിവരെ മാറ്റപ്പെടുകയും ചെയ്തു. വ്യവസായവിപ്ലവത്തിന്റെ ആരംഭകാലത്ത് യൂറോപ്പിനെ തുറിച്ചുനോക്കിയ കമ്മ്യൂണിസമെന്ന ഭൂതം ലോകം കീഴടക്കി. പക്ഷേ, അതു സൃഷ്ടിച്ച അക്രമണ പരമ്പരകളും അഴിമതികളും മാർക്‌സിന് കാണാൻ കഴിയാത്ത കാര്യങ്ങളായിരുന്നു. ബർലിൻമതിൽ മറിഞ്ഞുവീഴുന്ന ശബ്ദത്തിലാണ് ലോകം കമ്മ്യൂണിസത്തിന്റെ തകർച്ച കേട്ടത്. കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണിസത്തിന്റെ ശവപ്പറമ്പ് ഒരുങ്ങി. സോവ്യറ്റ് യൂണിയൻ ഛിന്നഭിന്നമായി. സോവ്യറ്റ് ഗുലാഗുകളും സൈബീരിയൻ തടവറകളും സ്റ്റാലിനിസവും പോൾപോർട്ടും കമ്മ്യൂണിസത്തെ വെറുക്കാൻ ജനങ്ങളെ പഠിപ്പിച്ചു. ആർഭാഡപൂർണമായ ഉപരിവർഗ ധനാഢ്യതയിൽ ഭ്രമിച്ച അഴിമതിയുടെ എക്കാലത്തെയും ക്ലാസിക് രൂപമായ ചെഷസ്‌ക്യു കമ്മ്യൂണിസ്റ്റ് ഭരണരൂപത്തിന്റെ നാണക്കേടായി. അങ്ങനെ കമ്മ്യൂണിസത്തെ ഉപേക്ഷിക്കാൻ ലോകം തയ്യാറായി.


                സോവ്യറ്റ് തകർച്ചയ്ക്കുശേഷം ഫുക്കയാമ പറഞ്ഞത് ചരിത്രത്തിന് അന്ത്യമായി. മാർക്‌സിസം മരിച്ചു എന്നാണ്. എന്നാൽ, ഇപ്പോഴും ലോകത്തിന്റെ 25% ആളുകളെങ്കിലും മാർക്‌സിസത്തിന്റെ അനുയായികളായി നടക്കുന്നുണ്ട്. ഇന്ത്യയിൽ ഏറിയാൽ 2% പേർ മാർക്‌സിസത്തിന്റെ അനുയായികൾ ആയി ഉണ്ടാകും. ഇന്ത്യ ഇന്ന് മാർക്‌സിസത്തെക്കുറിച്ച് ചർച്ചചെയ്യുന്നില്ല. മാർക്‌സിസത്തിന്റെ അല്ലെങ്കിൽ കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ ഇന്ത്യയിൽ ആർ.എസ്.എസ്. ആണ്. അവർക്ക് കൃത്യമായ പ്രത്യയശാസ്ത്ര അജണ്ടയുണ്ട്; കമ്മ്യൂണിസത്തിനെതിരെ. അതിനുകാരണം മാർക്‌സിസം മുന്നോട്ടുവയ്ക്കുന്ന മാനവീയതയാണ്. ഓരോരുത്തരും എല്ലാവർക്കുംവേണ്ടി എല്ലാവരും ഓരോരുത്തർക്കുംവേണ്ടി – എന്ന സങ്കല്പം മാർക്‌സിസത്തിലുണ്ട്. ലോകത്ത് മാർക്‌സിസം തകർന്ന് തരിപ്പണമായപ്പോൾ മാർക്‌സിസത്തിൽ ഇനിയും മരിക്കാത്തതെന്ത് എന്നന്വേഷിച്ച തത്വചിന്തകനാണ് ഴാക് ദരിദ. അദ്ദേഹത്തിന്റെ മാർക്‌സിസത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നിറഞ്ഞ പുസ്തകമാണ് Specters of Marx. ദരിദ പറയുന്നത് മാർക്‌സിനെ വായിക്കുകയും പുനർവായന നടത്താതിരിക്കുകയും ചെയ്യുന്നത് അബദ്ധമാണ് എന്നാണ്. അതു മനുഷ്യരാശിയുടെ രാഷ്ട്രീയ, ദാർശനിക, സൈദ്ധാന്തിക പരാജയമായിരിക്കും. മാർക്‌സിന്റെ സ്പിരിറ്റ് മരിക്കാതെ നിൽക്കുന്നുണ്ട്. അതിൽ മൂന്ന് ശബ്ദങ്ങൾ മുഴങ്ങി കേൾക്കാം. മാനവീയത, നിരന്തര വിപ്ലവം, ശാസ്ത്രീയ സംവാദം. ഈ സ്പിരിറ്റ് സ്വേച്ഛാധിപത്യത്തിനെതിരായി നിൽക്കുന്ന പ്രതിരോധബോധമാണ്. ദരിദയുടെ ഭാഷയിൽ ഇതാണ് മാർക്‌സിസത്തിന്റെ വാഗ്ദാനം. വിമർശനവും സ്വയം വിമർശനവും അതു മനുഷ്യനെ പുതുക്കുന്ന ഡൈയനാമിക്‌സാണ്. മാർക്‌സിന്റെ കാലത്ത് അധികാരിവർഗം കമ്മ്യൂണിസമെന്ന ഭൂതത്തിന്റെ ആഗമനത്തെക്കുറിച്ചാണ് വ്യാകുലപ്പെട്ടിരുന്നതെങ്കിൽ ഇന്ന് അധികാരിവർഗത്തിന്റെ ഭയം മരിച്ചുപോയ കമ്മ്യൂണിസത്തിന്റെ ഭൂതം തിരിച്ചുവരുന്നതിന്റെ വ്യാകുലതയാണ്, നമുക്കറിയാം ടെക്‌നോ-ടെലി-മീഡിയ ആധുനിക ലോകത്തെ അട്ടിമറിച്ചു കളഞ്ഞിരിക്കുന്നു. വസ്തുതകളെക്കുറിച്ചുള്ള പരികല്പനവരെ അതു തകർത്തെറിഞ്ഞു.


                മാർക്‌സിസം എന്തുകൊണ്ട് ഇങ്ങനെയാവുന്നു എന്നാണ് പിണറായി വിജയന്റെ മാർക്‌സിസത്തെ നോക്കി മലയാളി ചോദിക്കുന്നത്. മാർക്‌സിസത്തിന്റെ ജീവിതം ഇരട്ടമുഖമുള്ളതാണ്. ഒന്ന് സൈദ്ധാന്തികവും മറ്റൊന്ന് പ്രായോഗികവും. തിയറിയും പ്രാക്‌സിയുമാണ് (Theory & Praxy) ആ ദ്വിത്തം. ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി നശിച്ചത് പുറത്തുനിന്നുള്ള അക്രമണങ്ങൾ കൊണ്ടായിരുന്നില്ല. പാർട്ടിക്കകത്തുനിന്ന് ഉയർന്നുവന്ന പ്രതിലോമ പ്രയോഗങ്ങൾവഴിയായിരുന്നു പാർട്ടിയുടെ പതനം. സിദ്ധാന്തത്തിനനുസരിച്ച പ്രയോഗം ഇല്ലാതെ വന്നപ്പോളാണ് അണികൾ അകന്നുപോയത്. പാർട്ടിയുടെ 24-ാം കോൺഗ്രസ്സിൽ ഉയർന്ന ചില വിമർശനങ്ങൾ നോക്കാം. പാർട്ടി അംഗങ്ങൾ മതത്തിന്റെയും പിന്തിരിപ്പൻ ആശയങ്ങളുടെയും പിടിയിൽ അകപ്പെടുന്നു. പാർട്ടിയിൽ പിടിമുറുക്കിയ ആണധികാര മൂല്യബോധം സ്ത്രീകളെ പാർട്ടിയിൽനിന്ന് അകറ്റുന്നു. അഴിമതി, ലൈംഗികപീഡനം, ഗാർഹികപീഡനം, സ്ത്രീധനം ചോദിക്കൽ തുടങ്ങിയ ധാർമിക മൂല്യച്യുതി പാർട്ടി നേതാക്കൾക്കും കേഡർമാർക്കും ഉണ്ടെന്ന് സമ്മേളനം വിലയിരുത്തി. പാർട്ടിയിൽ വേരാഴ്ത്തിയ പാർലിമെന്ററി വ്യാമോഹമാണ് പ്രത്യയശാസ്ത്ര ജീർണത സൃഷ്ടിച്ചത്. എല്ലാ പാർട്ടി കോൺഗ്രസ്സും തെറ്റുതിരുത്തൽ രേഖ ഉണ്ടാക്കും. പക്ഷേ, അവയൊന്നും നടപ്പിലാവില്ല. തെറ്റുതിരുത്തൽ വെറും ചടങ്ങായി അധഃപതിച്ചു. അതിനാൽ അടിസ്ഥാനപരമായ പാളിച്ചകൾ കണ്ടെത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. അത് മൗലികമായ വീണ്ടെടുപ്പിന് സാധ്യമല്ലാതായി. പാർട്ടി മാറണം എന്നു വെറുതേ പറഞ്ഞിട്ട് കാര്യമില്ല.


                കേരളത്തിൽ പാർട്ടി ഒന്‍പതുനിലകളുള്ള പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. അത് നിർവഹിച്ചത് പിണറായി വിജയനായിരുന്നു. ആ ചടങ്ങിൽ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.ഏ.ബേബി ആശംസാപ്രാസംഗികനായിരുന്നു. ഇതിന്റെ മാനദണ്ഡം ആർക്കും മനസ്സിലാവില്ല. ഉദ്ഘാടനവേളയിൽ ഏ.കെ.ജി.സെന്ററിൽനിന്നു പുറത്തിറക്കുന്ന സുവനീറിന്റെ ബാക്ക് പേജിന് 25 ലക്ഷം രൂപയാണ് പരസ്യചാർജ്. മാത്രമല്ല ഓരോ സഹകരണസംഘത്തിൽനിന്ന്‍ കോംപ്ലിമെന്ററി പരസ്യത്തിന് ആവശ്യപ്പെടുന്ന തുക ഒരു ലക്ഷം രൂപയാണ്. ഒരു സുവനീർ പ്രസിദ്ധപ്പെടുത്തി കോടികൾ ലാഭമുണ്ടാക്കുന്ന സിദ്ധാന്തം മാർക്‌സിസത്തിന്റേതല്ല. അതു മുതലാളിത്തത്തിന്റേതാണ്. കേരള മാർക്‌സിസം ചുവപ്പണിഞ്ഞ മുതലാളിത്തമാണ്. ഫുക്കയാമ പറഞ്ഞതു ശരിയാണ് ലോകത്ത് ഒരു സിദ്ധാന്തമേ ഉള്ളൂ. അതു മുതലാളിത്ത നവ ലിബറൽ നയമാണ്. അതു പലരൂപത്തിലും പ്രത്യക്ഷപ്പെടും. പിണറായി വിജയനായും അത് അവതരിക്കുമെന്ന് കേരള മാർക്‌സിസം ലോകത്തെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ്.


                ഇതു തിരുത്താൻ കഴിയില്ലെങ്കിൽ മാർക്‌സിസം ശ്വാസംമുട്ടി മരിക്കും. ഇവിടെ പ്രയോഗത്തിൽ വന്ന പാളിച്ചകളെ പഴിചാരി രക്ഷപ്പെടാനാവില്ല. പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയെ ആശംസാ പ്രാസംഗികനാക്കി മാറ്റി പാർട്ടിയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനംചെയ്യുന്ന പാർട്ടി ഏതെങ്കിലും തരത്തിലുള്ള ധാർമികതയെ കാത്തുവയ്ക്കുന്നില്ല. നസ്രേത്തിൽനിന്ന് നന്മകൾ പ്രതീക്ഷിക്കരുത് എന്നത് സത്യമാണെന്ന് നാം തിരിച്ചറിയുന്നത് കേരളത്തിലെ മാർക്‌സിസ്റ്റ് പാർട്ടിയെ സാക്ഷ്യം നിറുത്തിയാണ്.


                ഈ ലേഖനം അവസാനിക്കുമ്പോൾ യഥാർഥത്തിൽ ഇടതുപക്ഷം എന്തുചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിക്കാം. ഇടതുപക്ഷത്തിന്റെ മുഖ്യചുമതല വിപ്ലവത്തെയും വിമോചകദർശനത്തെയും വീണ്ടെടുക്കുക എന്നതാണ്. സിദ്ധാന്തത്തിലേക്കും പ്രയോഗത്തിലേക്കും തിരിച്ചു കൊണ്ടുവരികയാണ്. അല്ലാതെ കൈയിലെത്തിയ അധികാരത്തിൽ രമിച്ചുകൊണ്ട് അതു നിലനിറുത്തുന്നതിന് എല്ലാ ധാർമികതയും കുഴിച്ചുമൂടുന്നത് ഒരുതരം അധികാരഭ്രാന്താണ്. അതിനെ മാർക്‌സിസം എന്നു പേരിട്ട് വിളിക്കരുത്.


                നീതിബോധമുള്ള സാമൂഹികനിർമിതിയുടെ പരികല്പനകളെ പ്രചോദിപ്പിച്ചിരുന്നകാലം വിടപറഞ്ഞിരിക്കുന്നു. ഇന്നു വിപണനലഹരിയുടെ കാലമാണ്. വിപ്ലവത്തിൽനിന്ന് വിൽപനയിലേക്ക് ലോകം വഴുതിവീണു. വിപ്ലവങ്ങളുടെ ഉത്സവരാവുകൾ കഴിയുമ്പോൾ ലോകം അസമത്വത്തിലേക്കും അനീതികളിലേക്കും അടിച്ചമർത്തലിലേക്കും തിരിച്ചുപോകും. പക്ഷേ, അതിന്റെ രൂപഭാവങ്ങൾക്കു മാറ്റം വരും. ഈ ചെറിയ മാറ്റത്തിനുവേണ്ടിയാണോ മനുഷ്യൻ മരിച്ചുവീഴുന്നത്? വിപ്ലവങ്ങളുടെ പരിമിതിയാണോ അത് ?