ബിനോയ് വിശ്വം ഫ്രാൻസിസ് മാർപാപ്പ വിപ്ലവകാരിയായ പുണ്യവാളൻ
അവിശ്വാസിയായ ഞാൻ ഒരിക്കലെങ്കിലും കാണണമെന്ന് കൊതിച്ച മതാചാര്യനാണ് ഫ്രാൻസിസ് മാർപാപ്പ. ‘പത്രോസേ നീ പാറയാകുന്നു, നിന്റെ പാറമേൽ ഞാൻ എന്റെ പള്ളി പണിയും’ എന്ന വചനം ക്രൈസ്തവ സഭാ വിശ്വാസത്തിന്റെ അടിക്കല്ലാണ്. പത്രോസിന്റെ ആ സിംഹാസനത്തിൽ നൂറ്റാണ്ടുകളിലൂടെ മാർപാപ്പമാർ നിരവധിപേർ വന്നു കടന്നുപോയി. അവരിൽനിന്നെല്ലാം വ്യത്യസ്തനായി നിൽക്കുന്നു ഇരുന്നുറ്റി ഇരുപത്താറാമത് മാർപാപ്പയായ പോപ്പ് ഫ്രാൻസിസ്. വിമോചന ദൈവശാസ്ത്രത്തിന്റെ വിത്തുവീണ ലാറ്റിനമേരിക്കയിൽനിന്നു വന്ന ബ്യൂണസ് അയേഴ്സിലെ ആർച്ച് ബിഷപ്പ് ജോർജ് മരിയോ ബർഗോളിയോ വത്തിക്കാനിലെ നൂറ്റാണ്ട് പഴക്കമുള്ള ആചാരാനുഷ്ഠാന ശൈലികളോട് കലഹിച്ചു. “നിങ്ങൾ എന്റെ പിതാവിന്റെ ആലയത്തെ അശുദ്ധമാക്കുന്നു. ഞാൻ നിങ്ങളെ ചാട്ടവാർകൊണ്ട് അടിച്ചുപുറത്താക്കും” എന്നുപറഞ്ഞ യേശുവിന്റെ വഴിയാണ് തന്റേതെന്ന് അദ്ദേഹം വിശ്വസിച്ചു. ആ ചാട്ടവാർ ഉയർന്നുപൊങ്ങിയപ്പോൾ കത്തോലിക്കാസഭയുടെ കർശനമായ അധികാരഘടനകളിൽ ഉണ്ടായ അസ്വസ്ഥതകളുടെ വിശദാംശങ്ങൾ നമുക്കറിയില്ല. എന്നാൽ, സഭ അതിന്റെ മനുഷ്യബന്ധങ്ങളുടെ പാതയിൽ അപ്പോൾ നവവഴക്കങ്ങൾ തേടുകയായിരുന്നു. ക്രിസ്തീയമായ എല്ലാത്തിന്റെയും അടിസ്ഥാനം നിന്ദിതരോടും പീഡിതരോടും ഉള്ള പക്ഷപാതിത്വം തന്നെയാണല്ലോ. മൂലധന കേന്ദ്രിതമായ ആഗോളവൽക്കരണകാലത്ത് ആ പക്ഷപാതിത്വം കർശനമായ ചില നിലപാടുകൾ ആവശ്യപ്പെട്ടിരുന്നു. അവയ്ക്ക് ഉത്തരം നൽകാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പതർച്ച ഉണ്ടായില്ല. പുറമേക്ക് ശാന്തനായിരുന്ന അദ്ദേഹം നിലപാടുകളുടെ കാര്യം വരുമ്പോൾ ഉരുക്കുപോലെ ഉറച്ചവനായിരുന്നു. മൂലധനം എല്ലാവരോടും കാണിക്കുന്ന അനീതികൾ അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞു. വൃദ്ധരെയും യുവാക്കളെയും അത് വഞ്ചിക്കുന്നു. സ്ത്രീയെയും പ്രകൃതിയെയും അത് ചവിട്ടടിയിലാക്കുന്നു. അദ്ദേഹം അക്ഷോഭ്യനായി വിളിച്ചുപറഞ്ഞു.
അതെല്ലാം കണ്ടുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പയുടെ വരവിന് ഒരുവർഷം പൂർത്തിയാവും മുമ്പേ ലോകത്തെമ്പാടുമുള്ള തീവ്രവലതുപക്ഷം അതിൽ അപകടം മണത്തത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വലതുപക്ഷനാവായ ഫോക്സ് ടിവി വിളിച്ചുപറഞ്ഞു “വത്തിക്കാനിൽ ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നു” ഫ്രാൻസിസ് മാർപാപ്പ അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ ലോകം കാത്തിരുന്നു. അദ്ദേഹം സ്വതവേയുള്ള ശാന്തത കൈവിടാതെ പ്രതിവചിച്ചു – “ഞാനൊരു കമ്മ്യൂണിസ്റ്റല്ല. പക്ഷേ, അവർ സത്യം പറഞ്ഞാൽ അതു സത്യമാണെന്ന് ഞാൻ പറയും. “ഒരു മാർപാപ്പ എങ്ങനെ ആയിരിക്കണം എന്നതിനെപ്പറ്റിയുള്ള പരമ്പരാഗതസങ്കല്പങ്ങളോടെല്ലാം ഫ്രാൻസിസ് മാർപാപ്പ സ്വജീവിതംകൊണ്ട് വിയോജിപ്പ് രേഖപ്പെടുത്തി. വത്തിക്കാനിലെ സമ്പത്ത് കൈകാര്യംചെയ്യുന്ന കർദിനാൾമാരുടെ ചെറുസംഘത്തെ സഭയ്ക്കുള്ളിൽ വിശുദ്ധപശുക്കളെപ്പോലെയായിരുന്നു കണക്കാക്കിയിരുന്നത്. ആരും അവരെ തൊടാൻ ധൈര്യപ്പെട്ടിട്ടില്ല. ആ സംവിധാനമാകെ മാർപാപ്പ ഉടച്ചുവാർത്തു. പീഡാനുഭവങ്ങളുടെ ചരിത്രമുള്ള ക്രിസ്തീയ സഭകൾ പലപ്പോഴും കാൽകഴുകൽ ശുശ്രൂഷ നടത്തുന്നത് ഒരു കടമ നിർവഹിക്കുന്നതുപോലെ ആയിരുന്നു. പെട്ടെന്ന് ഒരു മാർപാപ്പ സ്ത്രീകളുടെ കാൽ കഴുകാൻ മുന്നോട്ടുവരുന്നു. അതേ, ഫ്രാൻസിസ് പാപ്പ തന്നെയാണ് അക്രൈസ്തവരുടെയും ജയിൽപ്പുള്ളികളുടെയും കാലുകഴുകാനുള്ള തന്റേടംനിറഞ്ഞ ആത്മാർഥത കാണിച്ചതും ഭിന്ന ലൈംഗികാഭിരുചി മാപ്പില്ലാത്ത പാതകമാണെന്ന് വിശ്വസിച്ചുപോന്ന സഭയെ എൽ.ജി.ബി.ടി.ക്യൂ എന്നറിയപ്പെടുന്ന ആ ലൈംഗികന്യൂനപക്ഷം അനിഷേധ്യമായ ഒരു യാഥാർഥ്യമാണെന്നു ബോധ്യപ്പെടുത്താൻ അദ്ദേഹം ധീരതകാണിച്ചു.
തന്റെ ഒടുവിലത്തെ ക്രിസ്മസ് സന്ദേശത്തിൽ മാർപാപ്പ പറഞ്ഞത് ഏവരും ഓർത്തുവയ്ക്കണം. അത് ഇങ്ങനെയായിരുന്നു: “എല്ലാ രാജ്യങ്ങളിലുമുള്ള പാവങ്ങളെ ചൊല്ലി രാഷ്ട്രീയക്കാർ വ്യഥകൊള്ളുന്നകാലം വരേണമേ” ജനാധിപത്യയുഗത്തിൽ രാഷ്ട്രീയവും രാഷ്ട്രീയക്കാരും നയനിർണയത്തിൽ വഹിക്കുന്ന സുപ്രധാനമായ സ്ഥാനം ജനാധിപത്യവാദിയായ ഒരു വിശ്വപൗരൻ ഇങ്ങനെയല്ലെങ്കിൽ മറ്റെങ്ങനെയാണ് വരച്ചുകാട്ടേണ്ടത്? രണ്ടുനാൾ മുമ്പ് പുറപ്പെടുവിച്ച ഈസ്റ്റർ ദിനസന്ദേശത്തിലും അദ്ദേഹം സാമ്പത്തികനീതി എന്ന ആശയത്തോട് ദൈവശാസ്ത്രം എങ്ങനെ വേണം പ്രതികരിക്കാൻ എന്ന് സൂചിപ്പിച്ചു. ഗാസയിലെ തെരുവുകളിലും ആശുപത്രികളിലും പള്ളിക്കൂടങ്ങളിലും വീട്ടകങ്ങളിലും നിഷ്കളങ്കരായ മനുഷ്യർ കൂട്ടക്കുരുതിക്കിരയായപ്പോൾ സമാധാനത്തിന്റെ കാവൽക്കാരനെപ്പോലെ അദ്ദേഹം നിലകൊണ്ടു. ലോകത്തെവിടെയും യുദ്ധക്കൊതിയന്മാർ സംഘർഷങ്ങൾ കുത്തിപ്പൊക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹം സമാധാനത്തിന്റെ സമരഭടനായി ശബ്ദമുയർത്തി. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തമ്മിൽത്തല്ലിക്കാൻ മനുഷ്യവിരുദ്ധശക്തികൾ ആഗോളവ്യാപകമായി തന്ത്രങ്ങൾ മെനയാൻ തുടങ്ങിയപ്പോൾ അറേബ്യൻ നാടുകളിലെ ഗ്രാൻഡ് മോസ്കുകളിൽപ്പോയി സൗഹൃദസംഭാഷണങ്ങൾക്ക് പാപ്പ മുൻകൈയെടുത്തു. നീതിയുടെ പാതയിൽ സഞ്ചരിക്കാൻ ഒരാൾ ഈശ്വരവിശ്വാസിയായേതീരുവെന്ന് ശാഠ്യംപിടിക്കുന്നതിൽ അർഥമില്ല എന്നു പറയാൻപോലും തയ്യാറായ വിശ്വാസികളുടെ വലിയ ഇടയനാണ് യാത്ര പറയുന്നത്. ഇവിടെ വിശ്വാസ-അവിശ്വാസങ്ങളുടെ അതിർവരമ്പുകൾ എല്ലാം മാഞ്ഞുപോകുന്നു. മനുഷ്യന്റെ മഹത്വമാണ് ആത്യന്തികമായി ശരിയെന്ന സത്യം ശക്തിയാർജിക്കുന്നു. ഭാവിയിലേക്ക് പ്രത്യാശാപൂർവം നോക്കാൻ ഈ ഇരുണ്ടകാലത്തും നാം കരുത്തുനേടുന്നു. ആ കരുത്താണ് ഫ്രാൻസിസ് മാർപാപ്പ നമുക്കുതന്ന ഏറ്റവുംവലിയ സംഭാവന. അതുകൊണ്ടാണ് നമ്മുടെ ചരിത്രകാലഘട്ടത്തിലെ ഏറ്റവുംവലിയ മനുഷ്യസ്നേഹി എന്ന് അദ്ദേഹത്തെ വിളിക്കാൻ നമുക്കാർക്കും മടിയില്ലാത്തത്.