ഒറ്റമുറിവീട്

മരുന്നിലകളും മുറിവുകളും
പരസ്പരം ഭേദമാക്കുന്നിടം
മണ്ണുമായുള്ള ബന്ധം ജൈവമായി നിലനിറുത്തുന്നവരുടെ ജീവിതനാടകം അനാവരണം ചെയ്യപ്പെടുന്ന അരങ്ങ്. ചെളിയും വിത്തുകളും ചെടികളും വെള്ളവും മരിച്ചുപോയവരും ദൈവങ്ങളും പ്രാർത്ഥനകളും സ്വത്വവും സമൂഹവും അധ്വാനവും ഭക്ഷണവും കല്ലുകളും കൊണ്ട് രൂപം കൊടുത്തത്.
“ഞങ്ങളുടെ ഒറ്റമുറിവീടുകളിൽ വീട്ടുസാധനങ്ങളും ആഹാരവും പണിയായുധങ്ങളും ദൈവങ്ങളും പൂർവികരും എല്ലാം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി നിൽക്കുന്നു. ആയുധവും അധ്വാനവും പണിയെടുക്കുന്ന മണ്ണും ഞങ്ങളും എല്ലാം ഒരേ യാഥാർഥ്യത്തിന്റെ ഭാഗമാണ്.” 2022-ൽ ഈ കലാപദ്ധതിയുടെ ഭാഗമായി നടത്തിയ ഒരു ശില്പശാലയിൽ വച്ച് പണിയ ആദിവാസിവിഭാഗത്തിലെ പ്രജിത പറഞ്ഞ വാക്കുകളാണിത്. ആറുദശകങ്ങൾക്കു മുൻപ് വരെയും അടിമകളായി കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു അവരുടേത്.
ഇപ്പോൾ, മൂന്നു വർഷത്തിനുശേഷം, ‘ഒറ്റമുറി വീട് – മരുന്നിലകളും മുറിവുകളും പരസ്പരം ഭേദമാക്കുന്നിടം’ എന്ന പേരിൽ ഒരു കലാവിന്യാസം ഒരുക്കി. വള്ളിയൂർക്കാവ് ക്ഷേത്രമൈതാനിയിലായിരുന്നു പ്രദർശനം. ആറു ദശകം മുൻപുവരെ അടിമക്കച്ചവടം നടന്നിരുന്ന അതേയിടത്ത്. ഇക്കഴിഞ്ഞ ജനുവരി അവസാനവാരം നടന്ന ഫെയർ ട്രേഡ് അലയൻസ് കേരളയുടെ വിത്തുത്സവത്തിന്റെ ഭാഗമായിരുന്നു ഈ അവതരണം. തങ്ങളുടെ അസ്തിത്വത്തിന്റെ ഭാഗമായ കാടും മണ്ണും തമ്മിൽ ആദിവാസി ജനങ്ങൾക്കും കർഷകർക്കുമുള്ള ബന്ധത്തിന്റെ സമസ്യകൾ, പൊരുളുകൾ, അന്വേഷിക്കാനാണ് ഈ കലാപദ്ധതിയിലൂടെ ഉദ്യമിച്ചത്. എട്ടുവർഷമായി പശ്ചിമഘട്ട മലനിരകളിലെ ‘ഫെയർ ട്രേഡ് അലയൻസ് കേരള’ എന്ന കർഷക കൂട്ടായ്മയുമായി നടത്തുന്ന പരസ്പര വിനിമയത്തിൽനിന്ന്‍ ഉരുവംകൊണ്ട ‘ഒറ്റമുറി വീട്’ മണ്ണും സമൂഹവും മാറുന്ന ഭൂപ്രകൃതിയുമായി നമുക്കുള്ള ബന്ധത്തെ പുനരാലോചന ചെയ്യാനുള്ള ഒരു ക്ഷണമായിരുന്നു.
കഴിഞ്ഞ ഒരുവര്‍ഷം, പണിയർ മുതൽ കുറിച്യർ വരെയുള്ള ആദിവാസി സമൂഹങ്ങളോടൊപ്പമായിരുന്നു ചെലവഴിച്ചത്. അവരുടെ വാക്കുകളുടെ പൊരുൾ അറിയാൻ ആ സഹവാസം സഹായിച്ചു. കാടുമായി, കൃഷിയിടങ്ങളുമായി, സമൂഹവുമായി ഉള്ള അവരുടെ ബന്ധത്തെക്കുറിച്ച്. പട്ടിണി, അടിമത്തത്തിന്റെ ഓർമകൾ, ഇന്നത്തെ അവസ്ഥ, പേടികൾ, യാതനകൾ, കഥകൾ, പാട്ടുകൾ… അങ്ങനെയങ്ങനെ അവരുടെ ജീവിതം കേട്ടു.
അവതരണഇടം
കർഷകരെയും ഗോത്രജനതയെയും കേൾക്കാൻ-അവരുടെ വേദനകൾ മനസ്സിലാക്കാൻ, മണ്ണിനെക്കുറിച്ചുള്ള അവരുടെ ജ്ഞാനം ഉൾക്കൊള്ളാൻ, പരിധിക്കുള്ളിലെ സമൃദ്ധിയിലുള്ള അവരുടെ തൃപ്തിയെക്കുറിച്ചറിയാൻ- ഇടയാകുന്ന വിധമാണ് ഒറ്റമുറിവീട് ഒരുക്കിയത്. രക്തസാക്ഷിമതിൽ, ഉൾവനം, വയൽ, അടുക്കള എന്നിങ്ങനെ നാല് ഇടങ്ങൾ (space) ഉൾക്കൊള്ളുന്നതായിരുന്നു അത്. ഗോത്രമനുഷ്യരുടെ പരമ്പരാഗത വീടുകൾക്കും മുറ്റത്തിനും സമാനമായി മണ്ണുകൊണ്ട് നിർമിച്ച്, ചാണകം മെഴുകിയതായിരുന്നു അവയിലെ എടുപ്പുകൾ. സന്ദർശകർക്ക് ദീർഘവൃത്താകൃതിയിൽ ചുറ്റിനടപ്പ് സാധ്യമാകുന്ന വിധം ഈ നാലിടങ്ങളും ഏതാണ്ട് ഒമ്പതിനായിരം ചതുരശ്രയടി വിസ്തൃതിയിൽ പരസ്പരം ബന്ധപ്പെട്ടു നിലകൊണ്ടു. കാടും കൃഷിയിടവും പാർപ്പിടവും അടങ്ങുന്ന ഒരു ജൈവവ്യൂഹത്തിന്റെ പരസ്പരബന്ധം സൂചിപ്പിച്ച്, ഒരു പ്രതീകാത്മക വയലിടവും പാടവരമ്പും അടുക്കളയെ കാടുമായി ബന്ധിപ്പിച്ചു.
72 അടി നീളവും മൂന്ന് മുതൽ 8 അടി വരെ ഉയരവുമുള്ള, മണ്ണ് കുഴിച്ചു രൂപപ്പെടുത്തിയ ഒരു മൺഭിത്തി അഞ്ഞൂറോളം ചെരാതുകൾ വഹിക്കുന്നതായിരുന്നു രക്തസാക്ഷി മതിൽ. തറനിരപ്പിനു താഴേക്കായി നിർമിച്ച ഈ രക്തസാക്ഷി മതിലിനെ അഭിവാദ്യംചെയ്താണ് സന്ദർശകർ ഒറ്റമുറിവീട്ടിലെ മറ്റിടങ്ങളിലേക്ക് പ്രവേശിക്കുക. ഭൂമിയുടെ ആഴത്തിൽനിന്നും ഉപരിതലത്തിലേക്ക് ഉയർന്നു നിൽക്കുന്ന ഈ മതിലിന്റെ ഓരം ചേർന്നുനിന്ന്, മണ്ണിനെ അതിന്റെ വേദനയിലും, സഹനശക്തിയിലും ദൃഢപ്രജ്ഞയിലും നമ്മുടെ ജൈവികചോദനയിലേക്ക് ഉൾക്കൊള്ളുകയാണ് സന്ദർശകർ. മതിലിനു മുകളിൽ മൂന്നു പ്രാർത്ഥനാപതാകകൾ പാറുന്നു. ഇരുളിനെ അറിയുന്നതും ജീവിതത്തിന്റെ ഭാഗമാണ്; മണ്ണിനോട് ചേർന്നു ജീവനെ കാത്തു പരിപാലിക്കാനും പരിപോഷിപ്പിക്കാനും വഴികാട്ടണമെന്നും ഭൂമിയോടും ദിവ്യചൈതന്യത്തോടും ഈ ഇരുളിനെ നേരിടാനുള്ള ശക്തി തരണമെന്നും മറ്റും മൂന്നു പ്രാർത്ഥനകൾ ആ പതാകകളിൽ ഓരോന്നിലും എഴുതിവച്ചിരുന്നു. എല്ലാ ദിവസവും സന്ധ്യയ്ക്ക് നൂറുകണക്കിനു സന്ദർശകർ ഈ രക്തസാക്ഷിമതിലിൽ ചെരാതുകൾ തെളിയിച്ചു. മണ്ണിനുവേണ്ടി ജീവൻവെടിഞ്ഞ കർഷകരെയും ഗോത്രജനതയെയും ആദരിച്ചുകൊണ്ട്. ഭൂമിയും ജീവനും പരിപാലിക്കാനുള്ള യത്നത്തിൽ ജീവൻ പൊലിഞ്ഞവർക്കുള്ള ആദരമായിരുന്നു അത്. ആ ചെരാതുകളുടെ വെളിച്ചത്തിൽനിന്ന് ആളുകൾ പ്രിയപ്പെട്ടവരെ ഓർമിച്ചു, പതിയെ സംസാരിച്ചു, ചിലർ ഫോട്ടോയെടുത്തു, സഹനത്തിന്റെയും സ്ഥിരതയുടെയും ഒരു തലത്തിൽ പരസ്പരം ആദരിച്ചുകൊണ്ട് കുറെ നേരം നിലകൊണ്ടു.
ഇവിടെനിന്ന് സന്ദർശകർ പ്രവേശിക്കുന്നത് ഉൾവനം എന്നു പേരിട്ട ഒരു കുരുക്കിടത്തേക്കാണ് (labyrinth).
“കാടുകളിലായിരുന്നു എല്ലാ വിത്തുകളുടെയും പിറവി.
പൂവുകൾ, പ്രാണികൾ, പറവകളൊക്കെയും.
എല്ലാ പുഴകളുടെയുമുറവകൾ, കായ്കനികൾ, മഴകൾ.
കിളിയുടെ കൂടുപോലതു പൊതിയുന്നു
ഇക്കാണുമുടലും ഉലകങ്ങളും.
കാട്ടിൽത്തുടങ്ങുന്നു പാട്ടുകൾ,
തുടി, തെയ്യം, കനവ്, മൊഴികളൊക്കെയും.
കാടാണു നാം, ഉള്ളും പുറവും.”
കയറുവലകൊണ്ടുണ്ടാക്കിയ ഭൂവസ്ത്രമാണ് കുരുക്കിടത്തിൽ വിന്യസിച്ചിരിക്കുന്നത്. പന്ത്രണ്ടുമുതൽ പതിനെട്ടടിവരെ ഉയരങ്ങളിൽനിന്ന് അവ അടരുകളായി ഞാന്നുകിടന്നു. ഈ അടരുകൾക്കിടയിലൂടെ ആളുകൾ വഴിതേടി നീങ്ങി, ഒരു കാട്ടിലെന്നപോലെ. കയർവലകളുടെ വിടവുകളിലൂടെ മറുപുറം കാണാം. കാഴ്ചക്കാരെയും, ഇടങ്ങളെയും വസ്തുക്കളെയും കോർത്തിണക്കിയതുപോലെ.
“ഒരു കല്ലിനെ ഒരു പുഴുവിൽനിന്ന് എങ്ങനെയാണ് വേർതിരിക്കാനാവുക ?
തേനീച്ചകളെ ഭൂമിയുടെ ഭ്രമണത്തിൽനിന്ന്…?
മനുഷ്യരെയും മൃഗങ്ങളെയും ഈ കാടുകളിൽനിന്ന്…?”
തൂങ്ങിക്കിടക്കുന്ന കയർവലകൾ ചിത്രകംബളം (tapestry) പോലെയാണ് വിന്യസിച്ചിരുന്നത്. കട്ടിയിൽ അടുക്കിയ ഉണക്കപ്പുല്ലും, ചുള്ളിക്കമ്പുകളും മരത്തൊലിയും ഉപേക്ഷിക്കപ്പെട്ട തേനടകളും. ദ്രവിച്ച മരങ്ങളിൽ മുളപൊട്ടിയ കൂണുകൾ… പറമ്പുകളിൽനിന്നും കാടുകളിൽനിന്നും ശേഖരിച്ച ഒട്ടനവധി വസ്തുക്കൾ അതിൽ വിന്യസിക്കപ്പെട്ടു, ഒക്കെയും ഉണങ്ങിദ്രവിച്ചുകൊണ്ടിരുന്നവ. ജീവനുണ്ടായിരുന്ന കാലത്തിന്റെ അവശേഷിക്കുന്ന ഓർമയാണത്. മണ്ണായിമാറി പുതുനാമ്പുകൾക്ക് വളമാവുന്നതിനു തൊട്ടുമുന്നേയുള്ള അവസ്ഥ. ഉൾവനത്തിന്റെ അവതരണത്തിനായി എന്തുചെയ്യണം എന്ന് ഗോത്രമനുഷ്യരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞ പദാർത്ഥങ്ങളാണിവ; ഭംഗിയുള്ള പൂക്കളും, വലിയ വൃക്ഷങ്ങളും കിളികളുമല്ല.