സുഹൃത്തുക്കള്‍ ആസക്തിയുടെ അതിരുകൾക്കപ്പുറം – വിനോദ് നാരായണ്‍

ഇന്നു ഞാൻ മയക്കുമരുന്നിന് അടിമപ്പെടാതിരിക്കുന്നതിന്റെ പ്രധാനകാരണം എന്റെ സുഹൃത്തുക്കളാണ്. പതിനഞ്ചു വയസ്സുമുതൽ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളത് എന്റെ സുഹൃത്തുക്കളാണ്.
ബാല്യം മുതൽ ‘മയക്കുമരുന്നിന് അടിമയാവുക’ എന്ന പ്രയോഗം ഞാൻ കേട്ടു വരുന്നുണ്ട്. മയക്കം, മരുന്ന്, അടിമ എന്നീ പദങ്ങളും സുപരിചിതമാണ്. എന്തുകൊണ്ട് ഞാൻ മയക്കുമരുന്നിന് അടിമയായില്ല എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. എനിക്ക് അല്പം ആസക്തി പ്രവണതകളുണ്ട് എന്ന് ഞാൻ കരുതുന്നു. മദ്യപാനത്തിന് ഞാൻ അടിമയാണോ അതോ ഞാൻ ഒരു മദ്യാസക്തനാണോ എന്ന ചിന്ത ഇടയ്ക്കിടെ എന്നെ അലട്ടാറുണ്ട്. അത്തരം തോന്നലുകൾ അതികലശലാവുമ്പോൾ ഞാൻ അത് നിയന്ത്രിക്കാറുണ്ട്.
ഈ വർഷം ജനുവരി അഞ്ചാം തീയതി മുതൽ ഏകദേശം നാല്പത് ദിവസത്തേക്ക് ഞാൻ മദ്യപാനം പൂർണ്ണമായി ഒഴിവാക്കി. എങ്കിലും, പിന്നീട് അത് ഇടയ്ക്കിടെയായി മാറി. ഈ വരികൾ എഴുതുമ്പോൾ, ഞാൻ വീണ്ടും ഒരു മദ്യമില്ലാ ജീവിതം നയിക്കുകയാണ്. അതിന് പ്രത്യേക കാരണമൊന്നുമില്ല. മുൻപ് നാല്പത് ദിവസം മദ്യം ഒഴിവാക്കിയപ്പോൾ എന്റെ മനസ്സിനും ശരീരത്തിനും ഉറക്കത്തിനും ഉണ്ടായ ഗുണകരമായ മാറ്റങ്ങൾ അവഗണിക്കാനാവാത്തതുകൊണ്ടാണ് ഞാൻ വീണ്ടും ഇത്തരമൊരു തീരുമാനമെടുത്തത്. മദ്യത്തിനു പുറമെ, ഞാൻ പുകവലിയ്ക്കും അടിമയായിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് ഞാൻ അത് നിർത്തിയെങ്കിലും, പിന്നീട് ചില പ്രത്യേക സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് യാത്രകളിൽ വീണ്ടും ആരംഭിച്ചു. അത് വീണ്ടും ഒരു ദുശ്ശീലമായി മാറുമോ എന്ന ഭയം കാരണം ഞാൻ ഇപ്പോൾ അത് ഇടയ്ക്കിടെ നിർത്തിക്കൊണ്ടിരിക്കുന്നു.
എന്റെ ജീവിതത്തിൽ ഏകദേശം പത്തുതവണ ഞാൻ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടാവും. അവയെല്ലാം അമേരിക്കയിൽ എത്തിയതിനുശേഷം, ഇവിടെ അതിന്റെ ഉപയോഗം നിയമപരമാക്കിയതിനുശേഷമായിരുന്നു. എങ്കിലും, എനിക്കത് ഒരിക്കലും താൽപര്യമുള്ള അനുഭവമായി തോന്നിയിട്ടില്ല. ഇപ്പോഴും എന്റെ കട്ടിലിന്റെ സമീപം അഞ്ചോ ആറോ കഞ്ചാവ് ഗുളികകൾ ഉണ്ട്. ഏകദേശം ഒരു വർഷം മുൻപ് വാങ്ങിയവയാണവ. ഇത് എഴുതുന്നതുവരെ വാസ്തവത്തിൽ ഞാൻ അവയെക്കുറിച്ച് മറന്നിരിക്കുകയായിരുന്നു. എനിക്ക് അതിനോട് താല്പര്യമില്ല. അതുകൊണ്ടാണ് ഞാൻ അവ ഉപയോഗിക്കാത്തത്.
ഞാൻ കഞ്ചാവിന് അപ്പുറമുള്ള മറ്റു ലഹരിവസ്തുക്കളിലേക്ക് കടന്നിട്ടില്ല. എങ്കിലും, ഇത്രയധികം ആസക്തി പ്രവണതകളുണ്ടായിട്ടും എന്തുകൊണ്ട് ഞാൻ മയക്കുമരുന്നിന് അടിമയായില്ല എന്നത് ഞാൻ സ്വയം ഉന്നയിക്കുന്ന ഒരു ചോദ്യമാണ്. ലഹരിമരുന്നുകൾ കുത്തിവയ്ക്കുന്ന ദൃശ്യങ്ങൾ ഞാൻ ടെലിവിഷനിലും സിനിമയിലുമാണ് പ്രധാനമായും കണ്ടിട്ടുള്ളത്. എന്റെ അറിവിൽ, എന്റെ സുഹൃത്തുക്കൾ മദ്യവും കഞ്ചാവും ഒഴികെ മറ്റൊന്നും ഉപയോഗിക്കുന്നതായി ഞാൻ മനസ്സിലാക്കിയിട്ടില്ല.
എന്റെ ഓർമ്മയിൽ ഇപ്പോഴും മായാതെ നിൽക്കുന്ന ഒരു സംഭവം, ഞാൻ സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് ദൂരദർശനിൽ എൺപതുകളുടെ അവസാനത്തിൽ സംപ്രേഷണം ചെയ്ത ‘സുബഹ്’ എന്ന ഹിന്ദി പരമ്പരയാണ്. ആ പരമ്പരയുടെ ഇതിവൃത്തം കോളെജുകളിലെ മയക്കുമരുന്ന് ഉപയോഗവും അത് യുവതീയുവാക്കളുടെ ജീവിതത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതുമായിരുന്നു. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ അവർ സ്വന്തം കുടുംബാംഗങ്ങളെപ്പോലും ആക്രമിക്കുന്ന രംഗങ്ങൾ അതിലുണ്ടായിരുന്നു. എനിക്കന്ന് പതിനഞ്ച് വയസ്സായിരുന്നു. ആ പരമ്പരയ്ക്ക് അക്കാലത്ത് വലിയ ജനപ്രീതി ഉണ്ടായിരുന്നു
പിന്നീട് ഞാൻ കോളെജിൽ ചേർന്നപ്പോൾ ഇതൊക്കെ ഉണ്ടാവും എന്നു കരുതി. പക്ഷേ,എന്റെ പരിചയത്തിലോ,ബാച്ചിലോ,കോളെജ് കാമ്പസിലോ ആരുംതന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. ചില പേരുകൾ ഞാൻ ആയിടെ കേട്ടിട്ടുണ്ട് പക്ഷേ, അവർ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നുവോ എന്ന് സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ല. ഞാനത് നേരിട്ട് കണ്ടിട്ടില്ല. കോളെജ് കാലഘട്ടത്തിൽ എന്റെ സൗഹൃദവലയത്തിൽ ആരും ഒരിക്കൽപ്പോലും കഞ്ചാവോ മറ്റു മയക്കുമരുന്നുകളോ ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതായിപ്പോലും ഞാൻ ഓർക്കുന്നില്ല. കോളെജ് പോട്ടെ, എന്റെ ജീവിതത്തിൽത്തന്നെ മദ്യവും കഞ്ചാവുമല്ലാതെ മറ്റേതെങ്കിലും ലഹരി ഉപയോഗിക്കുന്നവരെ എനിക്കറിയില്ല. ഇതുകൊണ്ടുതന്നെ ഇന്ന് മയക്കുമരുന്നിനെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ അദ്ഭുതമാണ്.
ഇന്ന് മയക്കുമരുന്ന് സുലഭമാണ് എന്നാണോ വാര്‍ത്തകളിൽനിന്ന് മനസ്സിലാക്കേണ്ടത്. ലഭ്യതയും അതിലേക്കുള്ള വഴികളും നിർണായക ഘടകങ്ങളാണ്. അതിന്റെ ഉറവിടം കണ്ടെത്തുകയും അത് ഇല്ലാതാക്കുകയുമാണ് അടിയന്തിരമായി ചെയ്യേണ്ടത്. ‘Recreational Drug’ എന്ന പ്രയോഗംപോലും വികസിതസമൂഹങ്ങൾക്കുമാത്രം ഗ്രഹിക്കാൻ സാധിക്കുന്ന ഒരു ആശയമാണ്. ഇന്ന് അമേരിക്കയിലെ യുവതലമുറയിൽ സിഗരറ്റ് ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇല്ലെന്നുതന്നെ പറയാം.പക്ഷേ, Vape പ്രചാരത്തിൽ വന്നതോടെ ധാരാളം യുവതീയുവാക്കൾ അതുപയോഗിക്കാൻ തുടങ്ങിയതായി കാണാൻ സാധിച്ചിട്ടുണ്ട്.
ഞാൻ മയക്കുമരുന്നിനടിമയാകാതിരുന്നതിന് ചില കാരണങ്ങൾ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ഒന്നാമതായി, ഭയമാണ്. നിയമവിരുദ്ധമായ യാതൊന്നും ചെയ്യാനുള്ള ധൈര്യം എനിക്കില്ല. ഞാൻ കഴിവതും നിയമം ലംഘിക്കാതെ ജീവിക്കുന്ന ആളാണ്. ഞാൻ ഒരു നല്ല വ്യക്തിയായതുകൊണ്ടല്ല, മറിച്ച് പേടികൊണ്ടാണ്. മറ്റൊരു സുപ്രധാന കാരണം എന്റെ സുഹൃത്തുക്കളാണ്. എന്തൊക്കെ ചെയ്താലും മയക്കുമരുന്ന് ശരിയല്ല എന്ന ചിന്ത എല്ലാവർക്കും ഉണ്ടായിരുന്നു. അത് അന്നത്തെ സാമൂഹികസാഹചര്യങ്ങളുടെ ഫലമായിരുന്നോ എന്ന് എനിക്ക് നിശ്ചയമില്ല. പക്ഷേ, കഞ്ചാവ് സുലഭമായിരുന്ന കാലത്തുതന്നെയാണ് ഞാൻ സ്‌കൂളിലും കോളെജിലും പഠിച്ചിട്ടുള്ളത്. എന്നിട്ടും എന്തോ അതിൽ വീണില്ല. അതൊരു കേമത്തം അല്ല. എന്തോ ഒരു ഭാഗ്യം എന്നേ പറയാനുള്ളു. അന്ന് ഞാൻ അത്തരം ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ടിരുന്നെങ്കിൽ, ഇന്ന് ഞാൻ ഇവിടെയിരുന്ന് ഇത് എഴുതാൻ സാധ്യതയില്ലായിരുന്നു. സുബഹ് എന്ന പരമ്പര എന്റെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നുന്നു.
അതുകൊണ്ടായിരിക്കണം, പിന്നീടാരെങ്കിലും മയക്കുമരുന്നിനെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്റെ മനസ്സ് അതിനെ ഒരു ഗൗരവപ്രശ്നമായി വിലയിരുത്തിയിരുന്നത്. മദ്യത്തെയും സിഗരറ്റിനെയും ഇതേ ഗൗരവത്തോടെ കാണാതിരുന്നതുകൊണ്ടായിരിക്കാം എന്റെ മനസ്സ് അവയിലേക്ക് തിരിഞ്ഞത്. മയക്കുമരുന്ന് ഒരുതരം ‘തിരിച്ചുവരവില്ലാത്ത അവസ്ഥ’ ആണെന്ന ഒരു ചിന്ത എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ആ ചിന്ത എന്നെ അതിൽനിന്ന് അകറ്റിനിറുത്താൻ സഹായിക്കുകയും ചെയ്തു.
മറ്റൊരു സുപ്രധാന ഘടകം രാഷ്ട്രീയമാണ്. കലാലയരാഷ്ട്രീയം പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്. അതിന് ദോഷവശങ്ങൾ ഇല്ലാതില്ലെങ്കിലും, വാസ്തവത്തിൽ കലാലയരാഷ്ട്രീയം എന്നെ സംരക്ഷിക്കുകയാണ് ചെയ്തത്. രാഷ്ട്രീയമാണോ അന്ന് എന്റെ കൂടെ പ്രവർത്തിച്ച എന്റെ സഖാക്കളാണോ എന്നറിയില്ല. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മദ്യപാനം ഒഴിവാക്കണമെന്നും മയക്കുമരുന്ന് ഉപയോഗം ശരിയല്ലെന്നും എന്നെ ഉപദേശിച്ചത് അവരിൽ പലരുമായിരുന്നു. ഞാൻ കോളെജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്ന സമയത്താണ് ആദ്യമായി മദ്യം രുചിച്ചുനോക്കുന്നത്. തുടർന്ന് രണ്ടാംവർഷത്തിന്റെ മധ്യത്തിൽ ഞാൻ അതു നിർത്തി. രണ്ട് വർഷത്തോളം ഞാൻ മദ്യപാനം ഒഴിവാക്കി. പിന്നീട് കോളെജ് പഠനത്തിന്റെ അവസാനഘട്ടത്തിലാണ് ഞാൻ വീണ്ടും മദ്യപാനം ആരംഭിച്ചത്.
അതിന് പ്രധാനമായും പ്രേരകമായത് എന്റെ ഒരു സഖാവും സുഹൃത്തുമായിരുന്നു. അവൻ ഒരു ദിവസം എന്നോട് പറഞ്ഞു: “എടാ നമ്മുടെ ജീവിതത്തിലും സമൂഹത്തിലും എന്തെങ്കിലും ഒക്കെ മാറണമെന്നുണ്ടെങ്കിൽ അതിനു കൊടുക്കാൻ പറ്റുന്ന ചെറിയ ഒരു വിലയാണ് ലഹരി ഉപയോഗിക്കുന്നത് നിർത്തൽ” എന്റെ അതേ പ്രായമുള്ള ആ സുഹൃത്തിന്റെ അന്നത്തെ പക്വമായ ഉപദേശംപോലെ പലരും എനിക്ക് നന്മ വരാനായി എന്റെ കൂടെ നിന്നിട്ടുണ്ട്.
ഇന്നു ഞാൻ മയക്കുമരുന്നിന് അടിമപ്പെടാതിരിക്കുന്നതിന്റെ പ്രധാനകാരണം എന്റെ സുഹൃത്തുക്കളാണ്. ഏകദേശം പതിനഞ്ചു വയസ്സുമുതൽ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളത് എന്റെ സുഹൃത്തുക്കളാണ്, അല്ലാതെ എന്റെ കുടുംബാംഗങ്ങളല്ല. ഈ കുറിപ്പ് ഞാൻ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് സമർപ്പിക്കുന്നു. നിങ്ങൾ പലപ്പോഴായി സമയോചിതമായി ഇടപെട്ടിട്ടില്ലായിരുന്നെങ്കിൽ തകർന്നു തരിപ്പണമായി പോകുമായിരുന്ന ഒരു പായക്കപ്പൽ മാത്രമായിരുന്നു ഞാൻ. എന്റെ ഹൃദയംനിറഞ്ഞ നന്ദിയും സ്നേഹവും.