അക്രമാസക്തത ബാഹ്യവും ആന്തരികവുമായ ഘടകങ്ങൾ – എതിരൻ കതിരവൻ

അക്രമാസക്തത  ബാഹ്യവും ആന്തരികവുമായ ഘടകങ്ങൾ – എതിരൻ കതിരവൻ

മനുഷ്യന്റെ സ്വതവേ ഉള്ള വികാരപ്രകടനങ്ങിലെ ഒന്നായ ദേഷ്യം സ്വരക്ഷയ്ക്കായി പരിണാമം വച്ചുതന്നതാണെങ്കിലും ഇത് അതിരുകടക്കുമ്പോൾ, നിയന്ത്രണം നഷ്ടപ്പെടുമ്പോൾ അത് സമൂഹത്തിന്റെ മൊത്തം സുരക്ഷയ്ക്ക് വെല്ലുവിളി ആകുകയാണ്. സമൂഹത്തിന് ഇത് നിയന്ത്രിക്കാനുള്ള സംവിധാനം ദുർബലമാകുമ്പോഴാണ് ആ സമൂഹം പൊതുവേ അക്രമാസക്തമാകുന്നത് .


ജൈവികമായ വിപത്ത്/അപകടസാധ്യതകൾ  (risk factors) സാമൂഹികമായ അപകടസാധ്യതകളോട് ഇടപഴകേണ്ടി വരുമ്പോഴാണ് അക്രമാസക്തത ഉരുത്തിരിഞ്ഞുവരുന്നത്. അകമേയും പുറമേയും  ഉരുത്തിരിയുന്ന ഘടകങ്ങൾ ഒരുപോലെ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇതിന്റെ ഒഴിവാക്കലും നേരിടലും കൈകാര്യചെയ്യലും സങ്കീർണമാകുകയാണ്. മനുഷ്യന്റെ സ്വതവേ ഉള്ള വികാരപ്രകടനങ്ങിലെ ഒന്നായ ദേഷ്യം  (anger)  സ്വരക്ഷയ്ക്കായി പരിണാമം വച്ചുതന്നതാണെങ്കിലും ഇത് അതിരുകടക്കുമ്പോൾ, നിയന്ത്രണം നഷ്ടപ്പെടുമ്പോൾ അത് സമൂഹത്തിന്റെ മൊത്തം സുരക്ഷയ്ക്ക് വെല്ലുവിളി ആകുകയാണ്. സമൂഹത്തിന് ഇത് നിയന്ത്രിക്കാനുള്ള സംവിധാനം ദുർബലമാകുമ്പോഴാണ് ആ സമൂഹം പൊതുവേ അക്രമാസക്തമാകുന്നത്. മറ്റു പല കാരണങ്ങൾ ഉണ്ടെങ്കിലും ഇതു പ്രധാന ഉദാഹരണം തന്നെ.


അക്രമാസക്തത നമ്മുടെ  ജീനുകളിൽ ചെറിയതോതിലെങ്കിലും ഉറഞ്ഞുകിടക്കുന്നുണ്ട്. ഉചിത അവസരങ്ങൾ കിട്ടിയാൽ അത് ഉണർന്നെണീറ്റ് വരാനുള്ള സാധ്യതയുണ്ട്. ഗോത്രകാലത്ത് വിഭവങ്ങൾ നേടാനും സ്വഗോത്രത്തെ പരിരക്ഷിക്കാനും അക്രമാസക്തത ആവശ്യമായി വന്നിരിക്കാം, പരിണാമം   ആണുങ്ങളിൽ ഇതിന്റെ ജൈവിക ഘടകങ്ങൾ ഉറപ്പിച്ചും വച്ചിരിക്കാം. പക്ഷേ, പലർക്കും പല തോതിലാണ് ഈ അക്രമം ചെയ്യാനുള്ള വാസന. ജനിതകമായി ഈ സ്വഭാവം കിട്ടുന്നതുമാണ് എന്നത് അക്രമാസക്തി നമ്മോട് ചേർന്നതാണെന്നും അത് നിയന്ത്രിച്ച് വയ്ക്കാനുള്ള സാമഗ്രികളും ഉൾച്ചേർന്നിട്ടുണ്ട് എന്നത്  സത്യമായി ഭവിക്കുന്നു. സാഹചര്യങ്ങൾ മാറുമ്പോൾ ഒരു ജനത അതിന്റെ സ്വഭാവം മാറ്റിയെടുക്കുന്നത് പരിണാമത്തിന്റെ ഒരു ഭാഗവുമാണ്. സ്വച്ഛന്ദവും സമാധാനപരവുമായി വർത്തിക്കുന്ന ഒരു ജനത അക്രമാസക്തിയിലേക്ക് നീങ്ങുമ്പോൾ അതിന്റെ കാരണങ്ങൾ അന്വേഷിക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഈ മാറ്റങ്ങൾ പൊടൂന്നനെ സംഭവിക്കുന്നതല്ല, ദീർഘനാൾകൊണ്ട് സമൂഹത്തിന്റെ മനഃസാക്ഷിയിൽ ഏൽപ്പിക്കപ്പെട്ട ആഘാതങ്ങൾ വ്യക്തികളുടെ പെരുമാറ്റത്തിൽ പ്രകടമായതിന്റെ ദൃഷ്ടാന്തമാണ്. അതുകൊണ്ടുതന്നെ എളുപ്പം ഒരു ചികിത്സ സാധ്യമല്ല, സ്നേഹപരിചരണംകൊണ്ട് മാറ്റാവുന്നതുമല്ല.


കേരളത്തിൽ ഇന്ന് അക്രമാസക്തത കൂടുന്നു എന്നു നിലവിളിയ്ക്കുമ്പോൾ കുറെക്കാലമായി നമ്മൾതന്നെ ഇതിലേക്കുള്ള വഴി വെട്ടുകയായിരുന്നു എന്നു സമ്മതിക്കേണ്ടതാണ്. ചെറുതലമുറയെ മാത്രം കുറ്റംപറഞ്ഞ് അവരെ നേർവഴിക്ക് എങ്ങനെ നടത്തും എന്നാലോചിക്കുന്നത് മൗഢ്യമാണ്, ഇന്നത്തെ അവസ്ഥയിൽ. റാഡിക്കലായുള്ള ഒരു മാറ്റം എല്ലാ മേഖലകളിലും സംഭവിപ്പിക്കേണ്ടുന്ന ഇക്കാലത്ത് ചെറുതലമുറയ്ക്കുവേണ്ടിമാത്രം ഒരു അജണ്ടയും നിശ്ചയിക്കപ്പെടാൻ സാധ്യമല്ല. കാരണം, ജീർണത അടിതൊട്ട് മുടിയോളം ഗ്രസിച്ചുകഴിഞ്ഞ സമൂഹവ്യവസ്ഥകൾക്ക് പുനർനവീകരണം സാധ്യമാക്കിയിട്ടുവേണം കുട്ടികളെ നേരിടാൻ. അവരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ പ്രശ്നങ്ങളുടെ ഒരു അവ്യയഭാഗമാണെന്ന് ധരിച്ചുവശാകേണ്ടതുണ്ട്. അല്ലാതെ ഒരു കുറുക്കുവഴിയും ഇല്ലതന്നെ.


സമൂഹ/പരിതസ്ഥിതി ഘടകങ്ങൾ


വിദ്വേഷം അക്രമാസക്തിയിലേക്ക് നയിക്കുന്ന ഘടകമാണ്, അതോടൊപ്പം ആശാഭംഗങ്ങളും നിഷ്ഫലതാനുഭവങ്ങളും ഇതിലേക്ക് നയിക്കാൻ പ്രാപ്തമാണ്. ഇത് സമൂഹത്തിൽ രൂഢമൂലമാകുന്നതിനു കാരണങ്ങൾ പലതാണ്. പുറമേനിന്ന് സമ്മർദം ചെലുത്തുന്നവയും അകമേനിന്ന് പുറപ്പെടുന്നവയും.


1. ഭരണകൂടത്തിന്റെ കെടുതികൾ


ഉറച്ചതും കാര്യക്ഷമതയും വിശ്വാസ്യതയുമുള്ള ഒരു ഭരണകൂടമുണ്ടെന്ന ബോധ്യം ഉത്തമപൗരന്മാരെ വാർത്തെടുക്കുന്നതിൽ നിർണായകമാണ്. തങ്ങൾക്ക് സംരക്ഷണമേകുന്ന, അതിനുവേണ്ടി സമൂഹത്തെ നയിക്കാൻ സാമർഥ്യമുള്ളവരും അതിൽ പ്രാവീണ്യമുള്ളവരും അടങ്ങുന്ന ഒരു സംഘമാണ് സമൂഹപരിചരണത്തിനും നയതന്ത്രതീരുമാനങ്ങൾക്കും കൃതകൃത്യതയ്ക്കും ഉടമകളായിട്ടുള്ളതെന്ന ബോധ്യം പ്രധാനമാണ്. സ്വജനപക്ഷപാതിത്വത്തിനു അതീതമായിട്ടുള്ളവരും എല്ലാ മത/ജാതി/സാംസ്കാരികവിഭാഗങ്ങളോട് കൂറുള്ളവരും ആയിരിക്കും ഈ ഭരണസഘം എന്നാണ് പ്രജകളുടെ കാംക്ഷയും പ്രത്യാശയും. ഇതിലുള്ള ഉറച്ചബോധ്യം മാത്രമേ സമൂഹത്തെ മനഃചാഞ്ചല്യമില്ലാതെ നിലനിർത്തൂ. ഇതിൽ വന്നുകൂടുന്ന കെടുതികൾ സമൂഹത്തെ ഉത്കണ്ഠാകുലമാക്കുകയാണ്. അതിജീവനത്തിനുള്ള മിനിമം സൗകര്യങ്ങൾ ലഭിക്കാത്തവർ വികലചിന്തയിലേക്ക് വഴുതിവീഴുന്നു. വൈകൃതങ്ങളും  തെറ്റുകളും ഉടലെടുക്കുന്നു എന്നത് ന്യായത്തിൽ ഉൾപ്പെട്ടതുതന്നെ. ബാലലൈംഗികപീഡനങ്ങൾ പ്രത്യേകിച്ചും പെൺകുട്ടികളോടുള്ളവ പലപ്പോഴും അമ്മ അറിഞ്ഞുകൊണ്ടാണ് എന്ന സത്യത്തിനു പിറകിൽ സ്വന്തം  ജീവിതരീതിയിൽ മെച്ചം സംഭവിക്കും എന്ന നിശ്ചയത്താലാണ്.


2.നീതിപാലനത്തിലെ ച്യുതികൾ, കെടുകാര്യസ്ഥത


സമൂഹത്തെ നിരാശയിൽ ആഴ്ത്തുന്നതും ഉത്ക്കണ്ഠാകുലമാകുന്നതും നീതി ലഭിയ്ക്കാനുള്ള വഴികൾ അടഞ്ഞു വരികയാണ്  എന്ന അറിവാണ്. രാഷ്ട്രീയസ്വാധീനംകൊണ്ട് നിയമത്തെ മറികടക്കുന്നത് കേരളത്തിൽ ‘നോർമലൈസ്’ ചെയ്യപ്പെട്ട വേലയാണ്. അല്ലെങ്കിൽ സമ്പത്ത് അധികം ഉണ്ടായിരിക്കണം, പോലീസിനോ രാഷ്ട്രീയ പാർട്ടികൾക്കോ ഇതു നൽകി കേസുകളിൽനിന്ന് പുറത്തുചാടാം. കുട്ടികൾക്കും ഇതറിയാം. വ്യവസ്ഥകളോട് പൊതുവെ ബഹുമാനമോ നിയമങ്ങളോട് ആദരവോ ആവശ്യമല്ലെന്ന ധാരണ തെറ്റുകളും അക്രമങ്ങളും നിർബാധം ചെയ്തുകൂട്ടാൻ സമൂഹത്തിനു കിട്ടിയ ലൈസൻസുകളാണ്. ഭരണകൂടത്തിന്റെ അനാസ്ഥതന്നെയാണ് പ്രധാനകാരണമായി ഇതിനു പിന്നിൽ വർത്തിക്കുന്നത്.  ഇക്കാര്യത്തിൽ കർശനമായ പരിപാലനം നടക്കുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങൾ വളരെ സമാധാനപരമാണെന്നത് ശ്രദ്ധിക്കുക.


കൃത്യമായ ശിക്ഷ നടപ്പാക്കാതിരിക്കുന്നത് കുട്ടികളിൽപ്പോലും തെറ്റായ സന്ദേശമാണെത്തിക്കുന്നത്. എന്നു മാത്രമല്ല അവർക്ക് കുറ്റകൃത്യത്തിനു സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു എന്ന തോന്നലും രൂഢമൂലമാവുകയാണ്. കേരളത്തിൽ ഈയിടെ നടന്ന പല കേസുകളിലും വിദ്യാർഥികൾക്ക് ശിക്ഷ ലഭിച്ചിട്ടില്ല എന്നത് സുവിദിതമാണ്. കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ കോളെജ് പ്രിൻസിപ്പൽമാരും കൂട്ടുചേരുന്നു, രാഷ്ട്രീയ സ്വാധീനവും പോലീസിന്റെ ഒത്താശയും ഒരുമിച്ച് പ്രവർത്തിക്കുന്നു,  അക്രമികളെ പൊതുമധ്യത്തിൽ കയറൂരി വിടുന്നു. 


3.അഴിമതി


സമൂഹത്തിനു ഒരു കൂട്ടുത്തരവാദിത്തം (collective responsibility) ഉണ്ടെങ്കിൽ അതിനു ബദലായി വർത്തിക്കുന്ന ഭരണകൂടം ശുഭോദർക്കമായ പരിണതികൾക്ക് സാധ്യതയണയ്ക്കുന്നില്ല. കൈക്കൂലിയും പക്ഷപാതവും എല്ലാ മേഖലകളിലും ആഴ്ന്നിറങ്ങിയിരിക്കുന്നതിനാൽ സുഗമജീവിതം ദുഷ്കരമായിരിക്കുമ്പോൾ മേൽപ്പറഞ്ഞ നിരാശാ ബോധം അക്രമാസക്തിയെ തുറന്നുവിട്ടാൽ കുറ്റംപറയാനില്ല. ഒരു ഡ്രൈവേഴ്സ് ലൈസെൻസ് കിട്ടാൻ മുതൽ വൻ വ്യവസായത്തിനുള്ള അനുമതി വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. ചെറിയ വ്യവസായ സംരംഭങ്ങൾക്ക് വൻ കൈക്കൂലി ചോദിച്ച് അത് അസാധ്യമെന്നറിഞ്ഞ് ആത്മഹത്യചെയ്ത സംരഭകരുടെ കഥകൾ നിത്യവാർത്തയാണ്. അവരുടെ ബന്ധുക്കളുടെ മനസ്സിൽ പകയും വിദ്വേഷവും വളർന്നെങ്കിൽ കുറ്റം പറയാനില്ല. ചെറുതലമുറ ഇത് അറിയുന്നില്ല എന്നു ധരിക്കുന്നെങ്കിൽ ശുദ്ധ ഭോഷ്ക്കാണ്. പണിഞ്ഞെടുത്ത പുതിയ പാലം ഉടൻ പൊളിഞ്ഞുവീഴുന്നത് കണ്ടിട്ടുള്ളവരുടെ സമൂഹമാണ്. ബാങ്കുകളിൽനിന്ന് നിക്ഷേപകരുടെ പണം കാണാതാകുന്ന നാടാണ്. മനഃസാക്ഷിക്കെതിരെ പ്രവർത്തിക്കുമ്പോൾ അക്രമം ഒരു മറുമരുന്നായി ഉപയോഗിപ്പെടാൻ മനുഷ്യമനസ്സ് ഒരുമ്പെട്ടാൽ അത് അവരുടെ കുറ്റം അല്ല തന്നെ.


4.വിദ്യാഭാസരംഗത്തെ തകർച്ചകൾ


ഏറ്റവും സുതാര്യവും നേർവഴി മാത്രം പ്രാവർത്തികമാക്കേണ്ടുതുമായ മേഖലയാണ് വിദ്യഭ്യാസത്തിന്റേത്. പ്രഗത്ഭർക്കും ചിന്താശക്തി ഏറുന്നവർക്കും മുൻഗണന നൽകേണ്ടുന്ന ഇടം. ഇന്നത്തെ തലമുറയ്ക്ക് മാർഗദർശനം അരുളേണ്ട വ്യവസ്ഥ അതല്ലാതാകുമ്പോഴുള്ള സംഭ്രാന്തി, പാവം കുട്ടികളാണ് ഏറ്റെടുക്കേണ്ടി വരുന്നത്. അറിവ് എന്നത് ഗരിമ എന്നു വായിക്കപ്പെടേണ്ട ഇടത്ത് ഭരണകൂടമോ അന്നന്ന് ഭരിക്കുന്ന പാർട്ടിയോ സ്വാധീനംചെലുത്തി നിയമനങ്ങൾ നടക്കുന്ന കാലത്തോളം വിദ്യാർഥികൾ അനുസരണക്കേടുള്ളവരായിരിക്കും. കഴിവ്, പരിചയം എന്നിവ അടിസ്ഥാനമാക്കേണ്ടതില്ലാത്ത, പണംകൊടുത്ത് അധ്യാപകജോലി വാങ്ങിച്ചെടുക്കുന്ന പതിവ് ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തതാണ്. വൈദഗ്ധ്യത്തിന് അവസരങ്ങൾ നിഷേധിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ തെറ്റിനെ ശരിയാക്കാൻ നടത്തുന്ന ശ്രമങ്ങൾ വിദ്യാർഥികൾ എളുപ്പം വേർതിരിച്ചറിയുന്നുണ്ട് എന്നത് ഓർമവേണം. അവരോട് ഗുണദോഷിക്കാൻ ചെല്ലാമെന്ന് ആരും കരുതുകയും വേണ്ട.


അക്രമാസക്തതയുടെ പശ്ചാത്തലം ഇങ്ങനെ സമൂഹത്തിൽ ആഴത്തിൽ വേരോടിയിട്ടുള്ളതുകൊണ്ട് ഒരു പരിഹാരം നിർദേശിക്കുന്നതോ ആവിഷ്കരിക്കുന്നതോ നടപ്പിൽവരുത്തുന്നതോ എളുപ്പമല്ല. മേൽച്ചൊന്നപോലെ, നീണ്ടനാളത്തെ അഴുക്കും ജഡിലതയും ഉൾച്ചേർന്ന സമൂഹാപചയത്തിന്റെ ഒരു  ഉപോൽപന്നം(by-product) തന്നെ അക്രമം പോംവഴിയായി സ്വീകരിക്കൽ. കേരളത്തിൽ ഇവയ്ക്കെല്ലാം എങ്ങനെ പരിഹാരം തേടും? നെടുനാളുകൊണ്ട് അനുസ്യൂതമായി സംഭവിച്ചുകൊണ്ടിരുന്ന മേൽച്ചൊന്ന കാര്യങ്ങളുടെ  സമ്മിശ്ര പരിണതിയാണ് ഇന്നത്തെ അവസ്ഥ. ഇത് മുൻകൂട്ടിക്കാണാൻ വിചക്ഷണർക്ക് സാധിച്ചിരുന്നിരിക്കാം പക്ഷേ, ഒരിക്കലും നമ്മുടെ പ്രാഥമിക പരിഗണനയിലെത്തിയില്ല. ഇന്നത്തെ ചെറിതലമുറയെയും അതുവഴി അടുത്തതലമുറയെയും കരാള പരിണാമോൽപന്നം ഗ്രസിച്ചിരിക്കുന്നു


വ്യക്തിപരമായ ഘടകങ്ങൾ


മേൽച്ചൊന്ന സാമൂഹിക/രാഷ്ട്രീയക്ഷതങ്ങൾ എല്ലാവരെയും ഒരേപോലെയല്ല ബാധിക്കുന്നത്. പല മാനസികനിലകൾ, ഗാർഹികാന്തരീക്ഷം, സാമ്പത്തികസ്ഥിതി ഇങ്ങനെ വ്യക്തിപരമായ കാരണങ്ങൾ ഇടപെടുന്നുണ്ട് അക്രമാസക്തതാ പ്രത്യക്ഷത്തിന്റെ ഏറ്റക്കുറച്ചിലുകളിൽ. ജൈവികമായതും ബാഹ്യവുമായ പീഡകളോ ദണ്ഡങ്ങളോ  പ്രത്യക്ഷവും സ്പഷ്ടവും പ്രകടവും ആയ പെരുമാറ്റദൂഷ്യങ്ങളായി മാറുകയാണ്.


ജൈവികഘടകങ്ങളിൽ പ്രധാനം ജനിതക കാരണങ്ങൾതന്നെ. അക്രമാസക്തതയ്ക്ക് വഴിവയ്ക്കുന്ന ജീനുകൾ പാരമ്പര്യമായി ലഭിക്കാവുന്നതാണ്. പക്ഷേ, ഇവയ്ക്ക് പ്രകാശനം ലഭിക്കുന്നത് പരിസ്ഥിതിപരമായ സമ്മർദങ്ങളാലാണ്. തലച്ചോറിന്റെ ചില ഭാഗങ്ങളും ചില ന്യൂറോസംവേദിനി(neurotransmitters)കളും  അക്രമാസക്തതയെ നിയന്ത്രിക്കുന്നതായി അറിവുണ്ട്. ഇവിടെ സംഭവിക്കുന്ന അസന്തുലിതാവസ്ഥകളോ പ്രവർത്തനശേഷിക്കുറവോ അക്രമംചെയ്യാനുള്ള പെരുമാറ്റരീതികളിലേക്ക് വഴുതിവീഴാൻ ഇടനൽകിയേക്കും. മറ്റൊരു ഘടകം ഹോർമോണുകളാണ്. ആൺകുട്ടികളിൽ യൗവനാരംഭകാലത്തോ നവതാരുണ്യാവസ്ഥയിലോ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ അക്രമാവസ്ഥയ്ക്ക് പ്രോത്സാഹനം ഏറ്റിയേക്കും.


വ്യക്തിപരതയിലെ ക്ഷതികൾ (personality disorders) മറ്റൊരു കാരണമാണ്. ഇത് പാരമ്പര്യമായോ ഫിസിയോളജിയിലെ മാറ്റങ്ങളാലോ സംഭവിക്കാം. സമൂഹവിരുദ്ധ വ്യക്തിഹാനികൾ (antisocial traits and behaviour) പിന്നീട് അക്രമാസക്തിയിലേക്ക് നയിച്ചേക്കാം. മാനസികപ്രശ്നമുള്ളവർ-ഉത്ക്കണ്ഠാകുലത  (anxiety disorder), അനിയന്ത്രിത വികാരക്ഷോഭരീതി (mood disorder), ലഹരി ഉപയോഗം – മിക്കപ്പോഴും അക്രമാസക്തിയിലേക്ക് എളുപ്പം ചായും. ഉൽക്കടമായ മാനസികാഘാതം (mental trauma) സംഭവിച്ചവരും ഇക്കൂട്ടത്തിൽപ്പെടും.


സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങൾ ഈ വ്യക്തിപരതയിൽ ഉൾച്ചേർന്നതാണ്. കുടുംബത്തിന്റെ  ബലതന്ത്രങ്ങളും (dynamics) ഗതിവിഗതിക്രമങ്ങളും ഇതിൽ ഉൾപ്പെട്ടതാണ്. മാതാപിതാക്കളുടെ പീഡനം നേരിടേണ്ടിവന്നവർ പിന്നീട് അക്രമരീതിയിലേക്ക് വഴിമാറുന്നത് ഏറെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ശരിയായ ശിക്ഷണരീതികൾ നൽകാത്ത മാതാപിതാക്കൾ വാസ്തവത്തിൽ ഉള്ളിലുള്ള അക്രമിയെ തുറന്നുവിടാൻ അവസരമൊരുക്കുകയാണ്. വീട്ടിൽ കഠിനമായ അവഗണന നേരിട്ടവരും അതിന്റെ ചൊരുക്ക് പുറത്ത് ബഹിർഗമിപ്പിക്കുന്നത് അക്രമങ്ങളിലൂടെയാണ്. കൂടെപഠിക്കുന്നവരോ കൂട്ടുകാരോ എങ്ങനെയുള്ളവർ ആണെന്നുള്ളത് അതിപ്രധാനമാണ്. അക്രമാസക്തത ഉളവാകാൻ കണ്ണാടി ന്യൂറോണുകൾ തലച്ചോറിലുണ്ട്. പീഡനവും അതിക്രമങ്ങളും കൂടെയുള്ളവർ ചെയ്യുമ്പോൾ ഇളംമനസ്സ് അതിൽപ്പെടുകയും ആ രീതിയിൽ നീങ്ങുകയും ചെയ്യും. ചില ചേരികളിൽ അക്രമാസക്ത നോർമലൈസ് ചെയ്യപ്പെട്ടതാണെന്ന് ഓർക്കുക.


ഉള്ളിൽ അടക്കപ്പെട്ട അക്രാമാസക്തിക്ക് ബഹിർഗമനം സാധ്യമാക്കുന്നത് അതിനോടുള്ള പ്രതികരണശേഷി നഷ്ടപ്പെടുമ്പോഴാണ്. Desensitized ആയിപ്പോയവരാണിവർ. മീഡിയ, പ്രത്യേകിച്ചും ടെലിവിഷൻ ഇതിനു ചൂടും ചൂരും നൽകുന്നുണ്ട്.  സിനിമയ്ക്ക് വലിയ ഒരു സ്വാധീനം ഉണ്ടെന്നുള്ളത് സുവിദിതമാണ്.  അതിഘോരമായ, ഭീകരമായ പീഡനങ്ങൾകണ്ട് രസിക്കേണ്ട ദൃശ്യങ്ങളാണത്രെ. വീഡിയോ ഗെയ്മുകൾ കീഴ്പ്പെടുത്തലുകൾക്കും കൊലപാതകങ്ങൾക്കും പരിശീലനംനൽകുന്നതുപോലെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ചില സമൂഹങ്ങളോ സംസ്കാരങ്ങളോ അക്രമാസക്തതകൊണ്ട് നീതി നടപ്പാക്കാം എന്ന രീതിയിൽ കെട്ടിപ്പടുത്തവയാണ്. ഇവിടെയും പിഞ്ചുമനസ്സുകൾ desensitize ചെയ്യപ്പെടുകയാണ്. ഇവരിൽ അക്രമാസക്തി സ്വതവേ ഉരുത്തിരിയുകയാണ്. ഒരു ആൾക്കൂട്ടം ഒന്നടങ്കം അക്രമത്തിൽ ഏർപ്പെടുമ്പോൾ അതിൽ ഉൾപ്പെട്ട സാധാരണക്കാരും അക്രമാസക്തതയിൽ ഉൾച്ചേരും എന്ന വിചിത്ര മനോനിലയും നമുക്കുണ്ട്..


ഇന്നത്തെ യുവതലമുറയ്ക്ക് നിരാശകൾ ഏറെയുണ്ട്. മേൽവിവരിച്ച സമൂഹരീതികൾ ഇതിനു പ്രധാനകാരണമാണ്. ജീവിതത്തിനു അർഥവും സദ്‌ഭാവിയും നൽകാൻ പരിതസ്ഥിതി അനുവദിക്കുന്നില്ല എന്ന ബോധ്യം അവർ സ്വായത്തമാക്കിയവരാണ്. ലഹരി ഉപയോഗത്തിലേക്ക് നിപതിക്കുന്നതിനു കാരണവും മറ്റൊന്നല്ല. അവരെ മാത്രം കേന്ദ്രീകരിച്ച് ഒരു സുധാരണം സാധ്യമല്ലതന്നെ. സാമൂഹിക/രാഷ്ട്രീയ ചരിത്രം സംഭാവനചെയ്ത ദുഷിപ്പ് തുടച്ചുകളയാൻ വിപ്ലവാത്മകമായ പരിചിന്തനങ്ങൾ അനിവാര്യമാണ്.