വടിയല്ല, അധ്യാപകവിശ്വാസമാണ് ആവശ്യം – ജിസ ജോസ്

മാറുന്ന ലോകത്ത്, വിദ്യാഭ്യാസം വെറും അറിവു നേടൽ മാത്രമല്ല, വ്യക്തിത്വവികസനം കൂടിയാണ്. ഇന്നത്തെ അധ്യാപകർ നേരിടുന്ന വെല്ലുവിളികളും അവരെ വിശ്വാസത്തിലെടുക്കേണ്ടതിന്റെ ആവശ്യകതയും ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയും മാറുന്ന സാമൂഹികസാഹചര്യങ്ങളും അധ്യാപക-വിദ്യാർഥി ബന്ധങ്ങളിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.
”Invest in our teachers, and our children will succeed ” എന്നു മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞ വാചകം വളരെയേറെ പ്രസക്തമായൊരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. സാങ്കേതികവിദ്യയും വിനിമയസാധ്യതകളുമൊക്കെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കാലത്ത് സ്വാഭാവികമായും മൂല്യബോധത്തിൽ മാറ്റംവന്നു. ധാർമ്മികതയെയും മാനവികതയെയും സംബന്ധിച്ച പരികല്പനകൾ മാറിമറിഞ്ഞു. ഇതൊന്നും പെട്ടന്നുണ്ടായ മാറ്റങ്ങളല്ല. ടെക്നോളജി സമകാലജീവിതത്തെ നിർണയിക്കുന്നത്, കുടുംബങ്ങൾ കുട്ടികളെ കേന്ദ്രീകരിച്ചാവുന്നത്, ഉപഭോഗസംസ്കാരം വ്യാപകമാവുന്നത് ഇതൊക്കെയുംമെല്ലെയാണ് നമ്മളെ ആവേശിച്ചുതുടങ്ങിയത്. കോവിഡനന്തരകാലം അതിന് അസാധാരണമായ വേഗം നല്കിയിരിക്കുന്നു, അതിന്റെ ദൃശ്യത വർധിച്ചിരിക്കുന്നു എന്നുമാത്രം.
മുമ്പ് കുട്ടികൾ ഒരു വീട്ടിലെ ഏറ്റവും അപ്രധാനമായ കണ്ണികളായിരുന്നെങ്കിൽ ഇന്നവർ കുടുംബത്തിന്റെ കേന്ദ്രമായി മാറി. അവരുടെ ഇഷ്ടത്തിനും താല്പര്യങ്ങൾക്കുമനുസരിച്ചായി കുടുംബത്തിന്റെ പ്രവർത്തനം. സ്വന്തം മക്കൾക്ക് രക്ഷിതാക്കൾ കൊടുക്കുന്ന അതേ പരിഗണനയും പരിലാളനയും സ്കൂളിൽനിന്നും അവർ പ്രതീക്ഷിക്കുന്നു. കിട്ടാതെ വരുമ്പോൾ ക്ഷുഭിതരാവുന്നു. ബാലാവകാശങ്ങൾ, കുട്ടികൾക്കനുകൂലമായ നിയമങ്ങൾ ഇവയെക്കുറിച്ചൊക്കെയുള്ള അവബോധം ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണമാണ്. പക്ഷേ, ഇവയെത്തന്നെ വിപരീതഫലമുണ്ടാക്കുന്ന രീതിയിൽ ദുരുപയോഗപ്പെടുത്തുന്നതാണ് അപകടകരം.
അധ്യാപകരിൽ നിക്ഷേപിക്കാൻ, അവരെ വിശ്വസിക്കാൻ സമൂഹം മടിക്കുന്നു, കുട്ടികളെ കരുക്കളാക്കുകയും ചെയ്യുന്നു. ഒറ്റപ്പെട്ട സംഭവങ്ങളും ചില ദുരനുഭവങ്ങളും മുൻനിറുത്തി അധ്യാപക സമൂഹത്തെയൊന്നാകെ പ്രതിക്കൂട്ടിൽ നിറുത്തുന്നു. മുമ്പ് സ്കൂളുകളിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നുണ്ടാക്കിയിരുന്ന ഹാർമണി തീർത്തും ഇല്ലാതാവുകയും രണ്ടുകൂട്ടരും വിരുദ്ധധ്രുവങ്ങളായി പിരിയുകയുംചെയ്യുന്നു.
അധ്യാപകർക്ക് വടി തിരികെക്കൊടുത്തതുകൊണ്ടോ തല്ലി മര്യാദപഠിപ്പിക്കാനുള്ള അധികാരം നൽകിയതുകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. പരിഹരിക്കപ്പെടാതിരുന്നാലോ തലമുറകളെത്തന്നെ തകർത്തുകളയുന്ന പ്രത്യാഘാതങ്ങളുണ്ടാവുകയുംചെയ്യും. മാറിയ കാലത്തെയും പുതിയ മൂല്യബോധത്തെയും പരമാവധി ഉൾക്കൊണ്ടുകൊണ്ടുമാത്രമേ പ്രതിവിധികളെക്കുറിച്ച് ആലോചിക്കാനും നടപ്പിലാക്കാനും പറ്റൂ. അതിലേറ്റവും പ്രധാനം അധ്യാപകരെ വിശ്വാസത്തിലെടുക്കുക, അവരിൽ നിക്ഷേപിക്കുക എന്നതാണ്. പുതിയ തലമുറയ്ക്കൊപ്പം നിന്നുകൊണ്ട് അക്കാദമിക വിഷയങ്ങൾക്കൊപ്പം അവരുടെ വ്യക്തിത്വവികാസത്തിന്, മാനസിക വളർച്ചയ്ക്കുകൂടി അധ്യാപകർക്ക് പങ്കുവഹിക്കാനുള്ള സാഹചര്യമുണ്ടാവണം. ശാസിക്കാനും ആവശ്യമെങ്കിൽ ശിക്ഷിക്കാനുമുള്ള അധികാരമുണ്ടാവണം. അധ്യാപകർ അവരുടെ സബ്ജക്ടിലും തങ്ങൾ കൈകാര്യം ചെയ്യുന്ന പുതിയ തലമുറയുടെ അറിവിനും സാങ്കേതികമികവിനുമനുസൃതമായി സ്വയം പുതുക്കിക്കൊണ്ടേയിരിക്കണം. കരിക്കുലം ഡിസൈനിങും സിലബസ് തയ്യാറാക്കലുമൊക്കെ അതീവജാഗ്രതയോടെ ചെയ്യണം. കുട്ടികൾക്കൊപ്പം നൃത്തംചെയ്യുന്നതും തെറ്റുകൾക്കുനേരെ ലാഘവത്വം കാണിക്കുന്നതും തോളത്തുകൈയ്യിട്ടു നടക്കുന്നതുമാണ് സൗഹൃദാന്തരീക്ഷമുണ്ടാക്കാനുള്ള എളുപ്പവഴിയെന്നു പല അധ്യാപകരും തെറ്റിദ്ധരിക്കുന്നുണ്ട്. വിദ്യാലയങ്ങളിലെ അധ്യാപക-വിദ്യാർഥിബന്ധങ്ങൾ സൗഹൃദത്തിലൂന്നാത്തതാണ് നല്ലത്. പരസ്പരബഹുമാനവും മതിപ്പും വിശ്വാസവും ആവണം അതിന്റെ അടിത്തറ.
ഒരു സംഭവകഥ
SSLC പരീക്ഷയെഴുതാൻ വന്ന കുട്ടിക്ക് ബസ്സിറങ്ങുമ്പോഴോ മറ്റോ കാലിന് ചെറിയ പരിക്കുപറ്റുന്നു, വേദനയോടെ ക്ലാസിലിരിക്കുന്ന കുട്ടിയുടെ അസ്വസ്ഥതകണ്ട് വേറെ സ്കൂളിൽ നിന്നുവന്ന ഇൻവിജിലേറ്റർ കാര്യമന്വേഷിക്കുന്നു, കുട്ടിക്ക് വേദനയുണ്ടെന്നു മനസ്സിലാക്കി ഡോക്ടറുടെ അടുത്ത് കൊണ്ടുപോവണ്ടേ എന്നു പ്രധാനാധ്യാപകനോടു ചോദിക്കുമ്പോൾ രക്ഷിതാവിനെ വിളിക്കാം എന്നാണ് മറുപടി. രക്ഷിതാവറിയാതെ കൊണ്ടുപോയാൽ കുട്ടിയെ പരീക്ഷയെഴുതാൻ അനുവദിക്കാത്ത അധ്യാപകർ എന്ന രീതിയിലാവും ആരോപണം. കൊണ്ടുപോവാതിരുന്നാൽ വേദന തിന്നുന്ന കുട്ടിയെ പരിഗണിച്ചില്ല എന്നു പറഞ്ഞേക്കും, പക്ഷേ, നമ്മൾ രക്ഷിതാവിനെ അറിയിക്കുന്നുണ്ടല്ലോ. അതാണ് സുരക്ഷിതം. രക്ഷിതാവ് വരുന്നതുവരെ കുട്ടി പരീക്ഷഹാളിലിരുന്നു വേദന തിന്നു, കാലിന് വീക്കം കൂടി. അതിനിടയിൽ പരീക്ഷപേപ്പറിൽ എന്തെങ്കിലും എഴുതാനും ശ്രമിച്ചിരിക്കും. പണ്ടാണെങ്കിൽ പരീക്ഷ പിന്നെയും എഴുതാം, ആദ്യം ഡോക്ടർ എന്ന തീരുമാനത്തിലെത്താൻ അധ്യാപകർ വൈകില്ലായിരുന്നു. ഇന്ന് അതത്ര എളുപ്പമല്ല.
അധ്യാപകരുടെ ഈ നിഷ്ക്രിയത്വം നിസ്സഹായതയിൽനിന്നുണ്ടായതാണ്. വരുംകാലത്ത് എന്തു കണ്ടാലും മിണ്ടണ്ട, നോക്കണ്ട എന്ന മനോഭാവം കൂടുതൽക്കൂടുതൽ അധ്യാപകർ വേദനയോടെ രൂപപ്പെടുത്തിയെടുക്കും. അവരതിനു നിർബന്ധിതരാവുകയാണ്. നമ്മുടെ വിദ്യാലയങ്ങൾ അതിനനുസരിച്ച് ഊഷരമായിക്കൊണ്ടിരിക്കും.