മയക്കുമരുന്നിനെതിരായ പോരാട്ടം – ഹോര്‍മിസ് തരകൻ

മയക്കുമരുന്നിനെതിരായ പോരാട്ടം – ഹോര്‍മിസ് തരകൻ

ഫോക്കസ്

1980-കളിൽ മധ്യമേഖലയുടെ പോലീസ് മേധാവിയായിരുന്ന കാലത്ത്, ഹോർമിസ് തരകൻ കണ്ട ലഹരിമരുന്ന് ഭീഷണിയുടെ നേരിയ തുടക്കം ഇന്ന് കേരളത്തിൽ വലിയൊരു സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു. അന്നത്തെ ആശങ്കകളും ഇന്നത്തെ യാഥാർഥ്യവും വിലയിരുത്തുന്ന ഈ ലേഖനത്തിൽ മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സർക്കാരിനും സമൂഹത്തിനും എന്ത് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ ഈ വിഷയത്തിൽ ഗൗരവമായ ചർച്ചകൾക്ക് വഴിതെളിയിക്കും.


1980-കളുടെ ഉത്തരാർധത്തിൽ കേരളാ പോലീസിൽ മധ്യമേഖലാ ഡി.ഐ.ജിയായി എറണാകുളത്ത് പ്രവർത്തിക്കവേ, ഉയർന്നുവരുന്ന ലഹരിമരുന്ന് ഭീഷണിയെക്കുറിച്ച് ഒന്നിലധികം വ്യക്തികൾ എന്നെ സന്ദർശിച്ച് അവരുടെ ആശങ്കകള്‍ പങ്കുവച്ചിരുന്നു. വിദ്യാലയങ്ങളിൽ മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചുവരുന്നു എന്നാണവർക്ക് പ്രധാനമായും എന്നോട് പറയാനുണ്ടായിരുന്നത്. നഗരത്തിലെ ഒരു പ്രശസ്ത ഉന്നത വിദ്യാലയത്തിലെ വിദ്യാർഥിനികൾക്കിടയിൽ ഈ ദുശ്ശീലം വ്യാപകമായിരിക്കുന്നു എന്നും അവർ സൂചിപ്പിച്ചു. എന്നാൽ, എന്റെ അന്വേഷണത്തിൽ ഈ ആരോപണങ്ങളോ ആശങ്കകളോ പൂർണമായും വസ്തുതകൾക്കനുസൃതമല്ലെന്ന് ഞാൻ കണ്ടെത്തി.


ഇന്ന്, ഏതാണ്ട് നാൽപതു വർഷങ്ങൾക്കുശേഷം വായിക്കുന്ന വാർത്തകളും കേൾക്കുന്ന വിവരങ്ങളും കാലവും ചിത്രവും മാറിമറിഞ്ഞിരിക്കുന്നുവോ എന്ന പ്രതീതി ജനിപ്പിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോഴും അവരുടെ അഭിപ്രായവും മയക്കുമരുന്ന് ഒരു വലിയ സാമൂഹിക വെല്ലുവിളി ആയിത്തീർന്നിരിക്കുന്നു എന്നുതന്നെയാണ്. ഈ പശ്ചാത്തലത്തിൽ പ്രശ്‌നത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങൾ എന്തെങ്കിലും ലഭിക്കുമോ എന്ന് ഞാൻ ശ്രമിച്ചുനോക്കി. ഭാരതത്തിലെ മയക്കുമരുന്നുപയോഗത്തെക്കുറിച്ചുള്ള ദേശീയ സർവേഫലങ്ങൾ 2012-വരെ മാത്രമേ എനിക്കു ലഭ്യമായുള്ളു. ആ സർവേ ഫലങ്ങൾ ആകട്ടെ മദ്യപാനത്തിലോ മയക്കുമരുന്നുപയോഗത്തിലോ ഏറ്റവും വലിയ പ്രശ്‌നം നേരിടുന്ന സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെടുന്നതായി കാണിക്കുന്നില്ല. കൂടാതെ ഈയിടെ ലോക്‌സഭയിൽ വച്ച കണക്കുകൾ പ്രകാരം പോയ അഞ്ചു വർഷങ്ങളിൽ ആയിരംകോടി രൂപയുടെ മയക്കുമരുന്നുകൾ ഭാരതത്തിലെ പല തുറമുഖങ്ങളിൽനിന്ന് പിടിച്ചെടുത്തതായി വെളിപ്പെടുന്നു. കേരളത്തിലെ ഒരു തുറമുഖത്തുനിന്നും ഇത്തരം വസ്തുക്കൾ പിടിച്ചെടുക്കപ്പെട്ടിട്ടില്ല. ഇതൊക്കെ കേരളത്തിന് ആശ്വാസം നൽകുന്ന വസ്തുതകളാണെങ്കിലും നമ്മുടെ വിമാനത്താവളങ്ങളിലും സംസ്ഥാന അതിർത്തി ചെക്‌പോസ്റ്റുകളിലും നിന്ന് പിടിച്ചെടുക്കപ്പെടുന്ന മയക്കുമരുന്നിന്റെ കണക്കുകൾ നമ്മെ അസ്വസ്ഥരാക്കുന്നു.


ഇതിന്റെയൊക്കെ ഫലമായി അടുത്തകാലത്ത്, മയക്കുമരുന്ന് എന്ന പ്രശ്‌നത്തിന്റെ ഗൗരവം കേരളജനത അഭൂതപൂർവമായി ഉൾക്കൊണ്ടതായി കാണുന്നു. മയക്കുമരുന്നിന്റെ പ്രശ്‌നം കൈകാര്യംചെയ്യുന്നതിനും നേരിടുന്നതിനുമായി ഒരു തന്ത്രം മെനഞ്ഞെടുക്കണമെങ്കിൽ ആദ്യമായി ആരുടേതാണ് ഈ പ്രശ്‌നം നേരിടുവാനുള്ള ചുമതല എന്നു നാം ആരായേണ്ടിയിരിക്കുന്നു. അതിന്റെ മറുപടി ഇതാണ് – ഇക്കാര്യത്തിൽ സർക്കാരിനും സമൂഹത്തിനും തുല്യ ചുമതലയുണ്ട്. സർക്കാരിന്റേത് നിയമപരമായ ചുമതലയാണ്. യു.എൻ. കൺവെൻഷൻ ഓൺ സൈക്കോട്രോപിക് സബ്സ്റ്റൻസസ് 1971-ൽ സ്വീകരിക്കപ്പെടുകയും 1976-ൽ ബലത്തിൽ വരികയും ചെയ്തു. ഭാരത സർക്കാരുംകൂടി ഒപ്പിട്ട ഈ ഉടമ്പടിപ്രകാരം മയക്കുമരുന്നുകളുടെ ഉൽപാദനം, വില്പന എന്നിവയിൽ കർശനമായ  നിയന്ത്രണം ഏർപ്പെടുത്തുക എന്നത് അംഗരാജ്യങ്ങളുടെ ചുമതലയാണ്. തദനുസരണം, നാർകോട്ടിക്‌സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് ഡ്രഗ്‌സ് ആക്റ്റ് 1985 എന്ന നിയമം പാസ്സാക്കപ്പെട്ടു. ഈ നിയമം നടപ്പിലാക്കാക്കേണ്ട ചുമതല കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും ആണ്. കേന്ദ്രതലത്തിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്ക് ആണ് ഇതിൽ പ്രധാന ചുമതല. മയക്കുമരുന്നും മറ്റു കുറ്റകൃത്യങ്ങളും കൈകാര്യംചെയ്യുന്ന UNODC എന്ന സംഘനയുമായി ഇടപഴകി അന്താരാഷ്ട്ര മയക്കുമരുന്നു സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുക എന്ന ചുമതലയും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടേതാണ്. NDPS ആക്ട് പ്രകാരം മയക്കുമരുന്നിനെതിരെ ഉള്ള നടപടികൾക്കായി ഒരു ദേശീയഫണ്ട് ഉണ്ടാക്കുക എന്ന ചുമതലയും ബ്യൂറോയുടെ തന്നെയാണ്. ഈ നിയമം നടപ്പിലാക്കാനുള്ള അധികാരങ്ങൾ  (അതായത് അന്വേഷണം, കണ്ടുകെട്ടൽ, അറസ്റ്റ് തുടങ്ങിയവ) സംസ്ഥാന സർക്കാരിന്റെ റവന്യു, ഡ്രഗ് കൺട്രോൾ, എക്‌സൈസ്, പോലീസ് വകുപ്പുകൾക്കും നൽകപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന് മയക്കുമരുന്നിനെതിരായ നടപടി സ്വീകരിക്കുന്നതിന് നിയമപരമായ ബാധ്യതയുണ്ട് എന്ന് ഇതിൽനിന്നെല്ലാം വ്യക്തമാകുന്നു.


സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ ചുമതല മയക്കുമരുന്നെന്ന അപകടത്തിനെതിരെ വേണ്ട പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നതാണ്. നിയമപാലകർക്കുവേണ്ട വിവരങ്ങൾ എത്തിച്ചുകൊടുക്കുക എന്നത് ഈ പ്രതിരോധത്തിന്റെ ഒരു പ്രധാന ഭാഗമാണ്. കൂടാതെ, യുവജനങ്ങളെ മയക്കുമരുന്നിന്റെ അപകടത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിലും സമൂഹത്തിന് ഒരു വലിയ പങ്കുവഹിക്കുവാനുണ്ട്. ഇതൊന്നും നിയമത്തിൽ പറഞ്ഞിട്ടുള്ളതല്ല, മറിച്ച്, സാമൂഹികപ്രതിബദ്ധതയിൽനിന്ന് ഉളവെടുക്കേണ്ട പ്രക്രിയകളാണ്.


മയക്കുമരുന്നെന്ന വെല്ലുവിളിക്കെതിരെ നമുക്കെന്തു ചെയ്യുവാൻ കഴിയും?


1.പ്രശ്‌നത്തെക്കുറിച്ച് കൂലങ്കഷമായും സ്ഥിരമായും പഠിക്കുവാൻ കഴിവുള്ള ഒരു സംവിധാനം നിലവിൽ കൊണ്ടുവരിക. ഈ പ്രശ്‌നം സങ്കീർണവും കാലാകാലങ്ങളിൽ പുതിയ മാനങ്ങൾ കൈവരിക്കുന്നതുമായ ഒന്നാണ്. തെളിവിലാസ്പദമായ വിശകലനത്തിലൂടെയേ പ്രശ്‌നം ശരിയായി മനസ്സിലാക്കുവാനും ശാശ്വതപരിഹാരം നിർദേശിക്കുവാനും കഴിയൂ. മയക്കുമരുന്നിന്റെയും കള്ളക്കടത്തിന്റെയും ചരിത്രം നന്നായി അറിയാവുന്നവർക്കു മാത്രമേ മറ്റു രാജ്യങ്ങളിൽ എടുത്ത നടപടികളുടെ വരുംവരായ്കകളെക്കുറിച്ച് മതിപ്പുണ്ടാവുകയുള്ളു. ഉദാഹരണത്തിന് 1930-കളിൽ അമേരിക്കയിൽ നടപ്പിലാക്കിയ മദ്യനിരോധനനയം, ഈ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ ഫെലിപ്പേ കാൾദറോൺ മെക്‌സിക്കോയിൽ മയക്കുമരുന്നിനെതിരെ എടുത്ത നടപടികൾ, അടുത്തകാലത്ത് ഫിലിപ്പീൻസിൽ മയക്കുമരുന്നു നിയന്ത്രിക്കാനായി റൊദ്രഗോ ദുത്തേർത്തേ സ്വീകരിച്ച മനുഷ്യാവകാശലംഘനങ്ങൾ എന്നിവ. പ്രശ്‌നപരിഹാരത്തിന് നിർദേശിക്കുന്ന നടപടികൾ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. അതിനൊക്കെ കഴിവുള്ള വിദഗ്ധർ, അവർ നിയമപാലകരോ, നിയമപണ്ഡിതരോ, സാമൂഹികപ്രവർത്തകരോ ആകാം, ഉൾക്കൊള്ളുന്ന ഒരു ഉപദേശകസമിതി സർക്കാരിന് ഉണ്ടാകുന്നത് നല്ലതാണ്.


2.സാമൂഹികപ്രതിരോധത്തിന് ശക്തിയായ നടപടികൾ എടുക്കുക. കമ്യൂണിറ്റി പോലീസിങ്, കുടുംബശ്രീ എന്നീ നിലവിലുള്ള സംവിധാനങ്ങൾ സാമൂഹികപ്രതിരോധത്തിന് ഉപയോഗിക്കാം. മെക്‌സിക്കോയിൽ ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു പ്രസ്ഥാനം ”ജയിക്കുവാൻ ജനിച്ചവർ” എന്ന പേരിൽ വിജയകരമായി മയക്കുമരുന്നിനെതിരെ പോരാടുന്നു എന്നു വായിക്കുകയുണ്ടായി. ഇത്തരം മാതൃകകൾ നമുക്ക് പിന്തുടരാവുന്നതാണ്.


3.മയക്കുമരുന്നിനെതിരായ പ്രവർത്തനങ്ങളുടെ ചുമതലയുള്ള വകുപ്പുകളുടെ (പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസം, സ്ത്രീകളും കുട്ടികളും, സാമൂഹികവികസനം) ഏകോപനത്തിന് ഒരു സംവിധാനം ഏർപ്പെടുത്തുകയും ഈ വകുപ്പുകൾക്കാവശ്യമാണ്. ഈ വകുപ്പുകളിൽ ഇപ്പോൾത്തന്നെ സ്തുത്യർഹമായ പല പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. അവരുടെ സേവനം വേണ്ടവിധത്തിൽ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽത്തന്നെ മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വലിയൊരു മാറ്റം പ്രതീക്ഷിക്കാം.


(ലേഖകൻ: RAWയുടെ മുൻ മേധാവി)