മാഗ്നകാർട്ട പൗരസ്വാതന്ത്ര്യരേഖയുടെ എണ്ണൂറ് വർഷങ്ങൾ – ബിനോയ് പിച്ചളക്കാട്ട്
മാഗ്നകാർട്ടയുടെ പ്രതീകാത്മകത, അതിന്റെ യഥാർത്ഥ ഉള്ളടക്കത്തെക്കാൾ വളരെ ശക്തമാണ്. ചരിത്രത്തിലുടനീളം, വിവിധ പ്രസ്ഥാനങ്ങളും വ്യക്തികളും ഇതിനെ തങ്ങളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചിഹ്നമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ന്,എണ്ണൂറ് വർഷങ്ങൾക്കിപ്പുറവുംമാഗ്നകാർട്ടയുടെ ചരിത്രപരമായ പ്രാധാന്യം അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ നിയമപരമായ പ്രയോഗം പരിമിതമാണ്. എന്നിരുന്നാലും, നിയമവാഴ്ചയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.
മാഗ്നകാർട്ട ഉടമ്പടിയുടെ എണ്ണൂറാം വാർഷികം,ഈ വര്‍ഷം ഇംഗ്ലണ്ടടക്കം ലോകത്തെ വിവിധരാജ്യങ്ങളിൽ ആഘോഷിക്കപ്പെടുകയാണ്. പതിമൂന്നാം നൂറ്റാണ്ടിൽ നിലവിൽവന്ന മാഗ്നകാർട്ട, മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യത്തിന്റെയും പ്രതീകമായി ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒരു നിയമരേഖയാണ്.മാഗ്നകാർട്ട ലിബർ ഏറ്റം സ്വാതന്ത്ര്യത്തിന്റെ ഉടമ്പടി എന്നും ഇത് അറിയപ്പെടുന്നു.ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട മാഗ്ന കാർട്ട യൂറോപ്യൻചരിത്രത്തിലെ ആദ്യത്തെ ലിഖിത ഭരണഘടനയായിരുന്നു. അതിന്റെ ചരിത്രപരമായ പ്രാധാന്യം, അതിൽ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കാൾ, അതിനു ലഭിച്ച പ്രതീകാത്മകമായ മൂല്യത്തിലാണ് നിലകൊള്ളുന്നത്.
1215-ൽ ഇംഗ്ലണ്ടിലെ ജോൺ രാജാവ് പ്രഭുക്കന്മാർക്ക് നൽകിയ ഈ അവകാശപത്രം, പിന്നീട് പലതവണ പുതുക്കുകയും പരിഷ്കരിക്കുകയും ചെയ്തു.ഉടമ്പടിയുടെ ആദ്യപതിപ്പ് 1215- ലും രണ്ടാം പതിപ്പ് 1217-ലും മൂന്നാം പതിപ്പ് 1225-ലുമാണ് ഒപ്പുവയ്ക്കപ്പെട്ടത്. പിന്നീട്ഇംഗ്ലണ്ടിലെ പൊതു നിയമവ്യവസ്ഥയുടെ അടിത്തറയായി വർത്തിക്കുകയും ചെയ്തു. ഇന്ന്, അതിലെ മൂന്നു വകുപ്പുകൾ മാത്രമാണ് ഇംഗ്ലണ്ടിലെ നിയമവ്യവസ്ഥയിൽ നിലനിൽക്കുന്നത്.
ഓക്സ്ഫഡ് സർവകലാശാലയിലെ പ്രസിദ്ധമായ വെസ്റ്റൺ ലൈബ്രറി (WestonLibrary)മാഗ്നകാർട്ടയുടെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് അഞ്ചുമാസം നീണ്ടുനിൽക്കുന്നപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നു. ഉടമ്പടിയുടെ മൂന്നുപതിപ്പുകളുടെയും പകർപ്പ് ലൈബ്രറിയുടെ പ്രവേശനഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എട്ടു നൂറ്റാണ്ടുകൾക്ക് ശേഷവും മാഗ്നകാർട്ട ആഗോളവ്യാപകമായി ആഘോഷിക്കാനുള്ള കാരണമെന്തെന്ന് ഒരുപക്ഷേ, നാം അതിശയിക്കും.
ജോൺ രണ്ടാമന്‍ രാജാവിന്റെ ഭരണകാലത്ത് (1199-1216), ഉയർന്ന നികുതികൾ, അടിക്കടിയുള്ള യുദ്ധപരാജയങ്ങൾ, മാർപ്പാപ്പയുമായുള്ള ഭിന്നത എന്നിവ അദ്ദേഹത്തെ പ്രഭുക്കന്മാരുടെ ഇടയിൽ അപ്രിയനാക്കി. അതിന്റെ ഫലമായി 1215-ൽ പ്രബലരായ പ്രഭുക്കന്മാർ രാജാവിനെതിരെ പരസ്യമായി കലാപം നടത്തി. ഈ സാഹചര്യത്തിൽ,രാജാവിന്റെ അധികാരം നിയമപരമായി പരിമിതപ്പെടുത്തുന്നതിന് മഹത്തായ ഉടമ്പടി (മാഗ്ന കാർട്ട) തയ്യാറാക്കാൻ നിര്‍ബന്ധിതനായി. 1215 ജൂൺ 15-ന് ഇംഗ്ലണ്ടിലെ വിൻഡ്‌സറിനടുത്തുള്ള തേംസ് നദീതീരത്തുള്ള റണ്ണിമീഡിൽ വച്ച് കിംഗ് ജോൺ ഇതില്‍ മുദ്രവച്ചു.
ബ്രിട്ടനിൽ കാലാകാലങ്ങളായി തുടർന്നുപോന്ന രാജാക്കന്മാരുടെ ഏകാധിപത്യത്തിലും ചൂഷണങ്ങളിലും അടിച്ചമർത്തലുകളിലും വീർപ്പുമുട്ടിയ ജനങ്ങളുടെ ഏറെ ശ്രമകരമായ ദൗത്യമായിരുന്നു അത്. ഉടമ്പടിനടപ്പിൽ വരാതിരിക്കാൻ രാജാവ് ആവുന്നത്ര പരിശ്രമിച്ചു.ഇന്നസെൻറ് മൂന്നാമൻ മാർപാപ്പയെ കൂട്ടുപിടിച്ച് പ്രസ്തുത ഉടമ്പടിയെ തള്ളിപ്പറയുകയും ചെയ്തു. രാജാവിന്റെ മേലുള്ള ഏതൊരു നിയന്ത്രണങ്ങളെയും പോപ്പ് എതിർത്തു, ഇംഗ്ലണ്ടിലെയും അയർലണ്ടിലെയും രാജവാഴ്ചയ്ക്കും രാജാക്കന്മാരുടെ അന്തസ്സിനും “പാപ്പൽ അധികാരപരിധിക്കും” മേലുള്ള കടന്നുകയറ്റമാണെന്ന് വാദിച്ചു.എന്നാൽ, ചില അവകാശങ്ങൾ വിളംബരം ചെയ്യുന്നതിനും നിയമ നടപടിക്രമങ്ങളെ ആദരിക്കുന്നതിനും രാജാവും ഭരണകൂടവും നിയമത്തിന് അധീനമാണെന്ന് അംഗീകരിക്കുന്നതിനുമായി ജോണ്‍ രണ്ടാമന് ഈ നിയമസംഹിതയിൽ ഒപ്പിടേണ്ടതായി വന്നു. ഇതിൻപ്രകാരം ബ്രിട്ടീഷ് ജനതയുടെ അന്യായമായ തടങ്കൽ, അമിതമായ നികുതിപ്പിരിവ് തുടങ്ങിയവ അവസാനിപ്പിക്കാൻ രാജാവ് തയ്യാറായി.
രാജാവിന് എന്തു ചെയ്യാം എന്തു ചെയ്യാൻ പാടില്ല എന്നതാണ് മാഗ്നാകാർട്ടയുടെ ഉള്ളടക്കം. അനീതിപരമായ ഫ്യൂഡൽവ്യവസ്ഥയെ നിയന്ത്രിക്കുന്ന പ്രമാണങ്ങളും ഉടമ്പടിയിലുണ്ട്. “ഒരു പൗരനെയും രാജ്യത്ത് നിലവിലിരിക്കുന്ന നിയമത്തിലൂടെയല്ലാതെ പിടികൂടുകയോ തടവിലാക്കുകയോനാടുകടത്തുകയോ ചെയ്യരുതെന്ന്”മുപ്പത്തിയൊന്‍പതാം പ്രമാണവും“ഞങ്ങൾ ആർക്കും വിൽക്കില്ല, ഞങ്ങൾ ആർക്കും നീതിയോ അവകാശമോ നിഷേധിക്കില്ല” എന്ന് നാല്പതാം പ്രമാണവും അനുശാസിക്കുന്നു. നിയമത്തിനുമുൻപിൽ ഏവരും തുല്യരാണെന്നആപ്തവാക്യം ലോകത്തിനു സമ്മാനിച്ചത് മാഗ്നകാർട്ടയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും വോട്ടവകാശത്തെയും ഇത് പിന്തുണയ്ക്കുന്നുണ്ട്. രാജാവിനു മാത്രമല്ല,സ്വതന്ത്രരായ എല്ലാ പൗരരർക്കും സ്വത്ത് സംരക്ഷണാവകാശമുണ്ടെന്ന് ഉടമ്പടി ഊന്നിപ്പറയുന്നു. ലോകജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വീര്യംപകരാൻ ഇന്നും മാഗ്നകാർട്ടയ്ക്കു കഴിയുന്നു.
മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം ഉൾപ്പെടെ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ നിയമനിർമാണത്തിന് മാഗ്നകാർട്ട കാരണമായിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന, അവകാശ ബിൽ, മുൻ ബ്രിട്ടീഷ് ആധിപത്യപ്രദേശങ്ങളിലെയുംഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലെയും ഭരണഘടനകളും മറ്റും ഈ ഉടമ്പടിയിൽ നിന്നു പ്രചോദനമുൾക്കൊണ്ട് രചിക്കപ്പെട്ടവയാണ്. ലോക ജനാധിപത്യത്തിന്റെ പ്രതീകം കൂടിയാണ് മാഗ്നാകാർട്ട.
ഭാരതത്തിന്റെ ഭരണഘടന നിലവിൽവന്നിട്ട് എഴുപത്തിയഞ്ചുവർഷം തികഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ രാജ്യത്തിന് നിലനില്‍ക്കാൻ കഴിയുന്നത് ഭരണഘടനയുടെ ശക്തിചൈതന്യംകൊണ്ട് മാത്രമാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, മതനിരപേക്ഷത തുടങ്ങിയവ ഭാരതീയ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളാണ്. എന്നാൽ, ഈ മൗലികഘടകങ്ങളെ മാറ്റിമറയ്ക്കാനുള്ള ശ്രമങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അത്യധികം അപലപനീയമാണ്. ജനാധിപത്യത്തെ സംരക്ഷിക്കേണ്ട ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസതയും ചോദ്യംചെയ്യപ്പെടുന്നുണ്ട്. പല ബില്ലുകളും ചർച്ചകൂടാതെ പാർലമെന്റിൽ പാസാകുന്നത് ജനാധിപത്യവിരുദ്ധമാണ്. പ്രാദേശികതലത്തിലുംആഗോളതലത്തിലും ഇത്തരം ഏകാധിപത്യപ്രവണതകൾ ഏറിവരുന്നു. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ടുപോയ ഭരണഘടനാമൂല്യങ്ങൾ തിരികെപ്പിടിക്കുന്നതിനും ഓരോ ഭാരതീയനും ഉത്തരവാദിത്വമുണ്ട്. രാജ്യത്തിന്റെ ഭരണഘടനയെ പൊതുസമൂഹം തങ്ങളുടെ ‘മാഗ്നകാർട്ട’യായി ഏറ്റെടുത്തെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ.