തോട്ടിയുടെ മകൻ കാലാതീതമായ പ്രസക്തി – എം.കെ.സാനൂ

മലയാള സാഹിത്യത്തിലെ കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ ‘തോട്ടിയുടെ മകൻ’ എന്ന നോവലിനെക്കുറിച്ചുള്ള വിശകലനം. കേസരി എ. ബാലകൃഷ്ണപിള്ളയുടെ സ്വാധീനം, നോവലിന്റെ ഇതിവൃത്തം, കഥാപാത്രങ്ങൾ, പ്രമേയം, ശൈലി, സാമൂഹിക പ്രസക്തി, കാലാതീതമൂല്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം കൂടാതെ തകഴിയുടെ സാഹിത്യജീവിതത്തെയും രചനാശൈലിയെയുംകുറിച്ചുള്ള അവലോകനവും.’തോട്ടി’ എന്നൊരു വർഗം ഇന്നു നമ്മുടെ സമൂഹത്തിലില്ല. എങ്കിലും ‘തോട്ടിയുടെ മകൻ’ അതിന്റെ പ്രതീകാത്മകസ്വഭാവംമൂലം ആസ്വാദകരെ എക്കാലത്തും വശീകരിച്ചുകൊണ്ടിരിക്കും. അടിമകൾ അവരെ അടിമകളാക്കുന്ന യജമാനവർഗത്തിനെ പോരാടുന്നതിന്റെ കഥ ഇശുക്കുമുത്തുവിൽനിന്ന് ചുടലമുത്തുവിലൂടെ മൂന്നാംതലമുറക്കാരനായ മോഹനിൽവരെ തകഴി വിവരിക്കുന്നത്, ആ കഥ ആധുനിക ജീവിതത്തിലും തുടരുന്നു.
ജന്മവാസനയുടെ പ്രേരണയിലാണ് തകഴി ശിവശങ്കരപ്പിള്ള കഥയെഴുതാൻ മുതിർന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ കഥകളെഴുതിത്തുടങ്ങി. കൈനിക്കര കുമാരപിള്ളയെപ്പോലുള്ളവരുടെ അഭിനന്ദനം ചില കഥകൾക്ക് കിട്ടാതിരുന്നില്ല. എങ്കിലും കഥാരചന മികവുറ്റതാകണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണെന്നു പഠിച്ചത് കേസരി എ. ബാലകൃഷ്ണപിള്ളയിൽനിന്നാണ്. തിരുവനന്തപുരത്ത് പ്ലീഡർഷിപ്പിനു പഠിക്കുന്ന കാലത്ത് ‘കേസരി സ്‌കൂളി’ലെ അംഗമാകാനള്ള അവസരം അഥവാ സൗഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു.
കഥ, ചെറുകഥയായാലും നോവലായാലും, കലാശില്പമാണെന്ന് കേസരി എ. ബാലകൃഷ്ണപിള്ള ആവർത്തിച്ചു പോന്നിരുന്നു. അവിടെ രൂപഘടനയിൽ പ്രത്യേകമായ ശ്രദ്ധ ചെലുത്തിയേ തീരൂ. കഥാസാമഗ്രികൾ ശ്രദ്ധാപൂർണമായ വിവേചനത്തോടുകൂടിയല്ലാതെ തിരഞ്ഞെടുക്കാൻ പാടില്ല. അവയുടെ ക്രമീകരണത്തിലും ആവുന്നത്ര ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ലോകസാഹിത്യത്തിലെ ചെറുകഥകളും നോവലുകളും ദൃഷ്ടാന്തമായെടുത്തുകൊണ്ട് കേസരി ഈ ശില്പകലാരഹസ്യം ആവർത്തിച്ചു വിവരിച്ചുകൊണ്ടിരുന്നു.
കഥാരചനയ്ക്ക് എത്രത്തോളം അഭ്യാസബലവും നിരീക്ഷണവും ആവശ്യമാണെന്ന ധാരണ തന്നിൽ വളർത്തിയത് ഋഷിതുല്യനായ കേസരിയാണെന്ന് തകഴി പിൽക്കാലത്ത് കൃതജ്ഞതയോടുകൂടി ആവർത്തിച്ചുകൊണ്ടിരുന്നു.
ശാസ്ത്രജ്ഞന്റെ നിരീക്ഷണബുദ്ധി തകഴിയിൽ സഹജമായിരുന്നു. നിരീക്ഷണവിധേയമായ യാഥാർഥ്യങ്ങൾക്ക് കലാശില്പത്തിന്റെ രൂപം നൽകേണ്ടതെങ്ങനെയെന്നു ആഴത്തിൽ മനസ്സിലാക്കാൻ സാധിച്ചത് കേസരിയുടെ സദസ്സിൽ വച്ചാണ്.
ബാഹ്യയാഥാർഥ്യങ്ങൾക്കടിസ്ഥാനമായ ആന്തരികചലനങ്ങളിലാണ് അദ്ദേഹത്തിന്റെ ദൃഷ്ടികൾ പതിയുക. മനസ്സിന്റെ സൂക്ഷ്മഭാവങ്ങൾക്കാണ് സാഹിത്യത്തിൽ പ്രാധാന്യമെന്ന് അദ്ദേഹം അറിയുകയും ചെയ്തിരുന്നു. ആദ്യമായെഴുതിയ നോവലിൽത്തന്നെ ആ അറിവ് പ്രയുക്തമായിരുന്നു. ‘ത്യാഗത്തിനു പ്രതിഫലം’ എന്നതാണ് ആ നോവൽ.
തിരുവനന്തപുരത്ത് പ്ലീഡർഷിപ്പിനു പഠിക്കുന്ന കാലത്തെഴുതിയ ആ നോവലിൽ നന്തൻകോടു പാർക്കുന്ന പാവപ്പെട്ടവരുടെ ജീവിതമാണ് ആവിഷ്‌കൃതമായിരിക്കുന്നത്. ദാരിദ്ര്യമനുഭവിക്കുമ്പോൾ ശരീരം വിറ്റ് അല്പം പണം നേടുന്നത് തെറ്റായി കാണാത്ത സ്ത്രീകൾ അവിടെ കുറവല്ല. അങ്ങനെയൊരു യുവതിയാണ് അതിലെ നായിക. പാറുക്കുട്ടി എന്നു പേര്.
അവളും ഒരു സഹോദരനും മാത്രമേ ആ കുടുംബത്തിലുള്ളൂ. ഇളയ സഹോദരനായ ഗോപിയെ ഉയർന്ന പദവിയിലെത്തിക്കണമെന്ന ആഗ്രഹമേ അവൾക്കുള്ളൂ. അവൻ പഠിക്കാൻ മിടുക്കനുമാണ്. പഠനത്തിനാവശ്യമായ പണമുണ്ടാക്കാൻ ശരീരം വിൽക്കുകയല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല. അതിഷ്ടമല്ലെങ്കിലും ത്യാഗബുദ്ധിയോടുകൂടി അവൾ ആ വഴി സ്വീകരിച്ചു. പഠിച്ചുയരുന്നതിനാവശ്യമായ പണം ഗോപിക്കു നൽകുന്നതിൽ അവൾക്കു സന്തോഷം മാത്രമല്ല, അഭിമാനവും തോന്നിയിരുന്നു.
പഠിച്ചുയർന്ന് സമൂഹത്തിന്റെ ഉന്നതസ്ഥാനത്തെത്തിച്ചേർന്നപ്പോൾ സഹോദരനായ ഗോപി നിന്ദയോടും വെറുപ്പോടും കൂടിയല്ലാതെ ആ സഹോദരിയെ കാണാൻ കഴിയുന്നില്ല. രോഗിണിയായി ദാരിദ്ര്യത്തിലും വേദനയിലും നിപതിക്കുകയെന്നത് സ്വാഭാവികം.സ്വയം ദുഃഖമനുഭവിച്ചുകൊണ്ട് പാറുക്കുട്ടി അനുഭവിച്ച ത്യാഗത്തിന് പ്രതിഫലമായി ലഭിച്ചത് ഒടുങ്ങാത്ത ദുരിതം മാത്രം.ഹൃദയസ്പർശിയായ ഈ നോവൽ കപടസദാചാരത്തിന്റെ ഇരകളായ മാന്യന്മാരെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. ‘അശ്ലീലം’ എന്ന മുറവിളിയും ആക്രോശങ്ങളും അവരിൽ നിന്നുയർന്നു.
അതിന്റെ തീവ്രത കണ്ടപ്പോൾ താനൊരു നോവലിസ്റ്റായിരിക്കുന്നു എന്ന ആത്മവിശ്വാസത്തിലേക്ക് തകഴി ശിവശങ്കരപ്പിള്ള ഉയരുകയും ചെയ്തു.
സമൂഹത്തിന്റെ ഇരുണ്ടമേഖലകളിൽ കഴിയുന്നവരുടെ ജീവിതം കണ്ടെത്തുകയും, പ്രകോപനപരമായ രീതിയിൽ അവരുടെ അവസ്ഥ ചിത്രീകരിക്കുകയും ചെയ്യാനുള്ള വാസന തന്റെ രചനാവ്യക്തിത്വത്തിലെ ശക്തമായ ഘടകങ്ങളിലൊന്നാണെന്ന തിരിച്ചറിവാണ് ആ അനുഭവം തകഴിയിലുണർത്തിയത്. മേനി നടിക്കുന്ന മാന്യന്മാരുടെ സദാചാരം ശുദ്ധകാപട്യമാണെന്ന തിരിച്ചറിവും അതോടൊപ്പം അദ്ദേഹത്തിനുണ്ടായി. അക്കൂട്ടരെ പ്രകോപിപ്പിക്കുന്നിടത്ത് താൻ കാവ്യസത്യം ആവിഷ്‌കരിക്കുക എന്ന ധർമം നിർവഹിക്കുക മാത്രമേ ചെയ്യുന്നുള്ളു.
ഇപ്രകാരമൊരു സർഗാത്മകഗുണത്തിൽനിന്നാണ് തകഴിയുടെ രണ്ടിടങ്ങഴി, തോട്ടിയുടെ മകൻ മുതലായ നോവലുകൾ രൂപംപ്രാപിച്ചത്. ‘നാഗരിക നരലോകത്തിൽ ശ്യാമമാകൃതി പൂണ്ട നിഴൽ കണക്കെ’ കഴിഞ്ഞുകൂടുന്ന പുലയരുടെ അവസഥയും ആ അവസ്ഥയിലുണ്ടാകുന്ന മാറ്റവും ‘രണ്ടിടങ്ങഴി’ എന്ന നോവലിൽ പ്രത്യേകതരം ചാരുതയായി കലർന്നിരിക്കുന്നു. അക്കാര്യം പ്രത്യേകമായ പരിഗണനയർഹിക്കുന്നു. കാരണമെന്തെന്നാൽ –
ജാതിസമ്പ്രദായംമൂലം ചലനരഹിതവുമായി എത്രയോ കാലം ജീർണപ്രായമായി തുടരുന്ന ചരിത്രമാണ് കേരളത്തിനുള്ളത്. അതിലെ വൈകൃതം കണ്ടിട്ടാണ് സാത്വികാത്മാവായ വിവേകാനന്ദസ്വാമികൾ ‘ഭ്രാന്താലയം’ എന്നു ഈ ഹൃദയഹാരിയായ രാജ്യത്തെപ്പറ്റി പറഞ്ഞത്. എന്നാൽ, സമൂഹത്തിന്റെ ബാഹ്യാഭ്യന്തര യാഥാർഥ്യങ്ങളുടെ ആവിഷ്കരണമായ സാഹിത്യത്തിൽ ഭൂതക്കണ്ണാടി വച്ചുനോക്കിയാൽപ്പോലും ഈ വികൃതയാഥാർഥ്യം നമുക്കു കാണാനാവില്ല. അത് ഏറെ തുടിച്ചുനിൽക്കുന്നത് നോവലിലാണ്. മനുഷ്യരായി ജീവിക്കാൻ അനുവദിക്കപ്പെടാത്ത പറയർ, പുലയർ, ഉള്ളാടൻ മുതലായ ജാതിക്കാർ ഈ മനോഹര രാജ്യത്തുണ്ടായിരുന്നു എന്ന് നമ്മുടെ നോവലുകളിൽ നിന്നു ഊഹിച്ചെടുക്കാൻപോലും വായനക്കാർക്കു കഴിയുകയില്ല.
‘തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ’ – എന്നെഴുതാൻ ഒരു പിന്നോക്ക ജാതിക്കാരനേ മുതിർന്നുള്ളൂ.
നരനുനരനശുദ്ധവസ്തുപോലും
ധരയിൽ നടപ്പതു തീണ്ടലാണുപോലും
നരകമിവിടമാണു ഹന്ത! കഷ്ടം!
ധരയിതിലിങ്ങനെ വല്ല നാടുമുണ്ടോ? – എന്ന ചോദ്യം, സമൂഹത്തിന്റെ കരണക്കുറ്റിക്കടിക്കുന്ന രീതിയിൽ ചോദിക്കാൻ അദ്ദേഹത്തിനു മാത്രമേ തന്റേടം കിട്ടിയുള്ളൂ.
തൊള്ളായിരത്തിമുപ്പതുകളിൽ പുരോഗമനപ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ മാത്രമാണ് കപടനാട്യ (hypocrisy) ത്തിന്റെ പൊയ്മുഖം എഴുത്തുകാരുടെ വദനളിൽ നിന്നു സമൂഹം ചിന്തിയെറിയുന്നുത്.
അതിന്റെ ഗുണഫലം ഹൃദയാവർജകമായി പ്രത്യക്ഷപ്പെട്ടത് ഏതു കഥാകൃത്തിന്റെ രചനയിലാണെന്നു ചോദിച്ചാൽ തകഴി ശിവശങ്കരപ്പിള്ള എന്നു ഉത്തരം നൽകാൻ എനിക്കു തെല്ലും മടിയില്ല. ‘രണ്ടിടങ്ങഴി’, ‘തോട്ടിയുടെ മകൻ’ എന്നീ നോവലുകൾ മൂർത്തമായ ഉദാഹരണങ്ങളായി നമ്മുടെ മുന്നിൽ, കാലത്തെ വെല്ലുവിളിച്ചുകൊണ്ട്, നിലനിൽക്കുന്നു.
പുലയജാതിയിൽപ്പെട്ട മനുഷ്യർ ജീവിതാവകാശങ്ങൾ നിഷേധിക്കപ്പെട്ട് ഈ പ്രബുദ്ധരാജ്യത്ത് ജീവിക്കുന്നുണ്ടെന്നും അവരുടെ അദ്ധ്വാനമാണ് ഏവർക്കും വിശപ്പടക്കാനുള്ള നെല്ലു വിളയിക്കുന്നതെന്നും ‘രണ്ടിടങ്ങഴി’ വെളിപ്പെടുത്തി. ആ പുലയരാകട്ടെ, വിശപ്പകറ്റാൻ കഴിയാതെ വലയുകയും ചെയ്യുന്നു. ആ ദയനീയാവസ്ഥയിൽനിന്ന് അക്കൂട്ടർ സ്വാവകാശബോധത്തോടെ (വർഗ്ഗബോധത്തോടെ) ഉണരാൻ തുടങ്ങുന്നതിന്റെ ജീവനുള്ള കഥയാണ് ആ നോവലിലുള്ളത്.* (അത് വായിച്ചാസ്വാദിച്ചതിന്റെ ലഹരിയിൽ കമ്മ്യൂണിസ്റ്റു നേതാവായ ടി.വി. തോമസ് രചയിതാവായ തകഴിയെ പ്രശംസിച്ചുകൊണ്ട് ഒരു പ്രസ്താവന അന്നു പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത് ഞാനോർമിക്കുന്നു).
‘തോട്ടിയുടെ മകൻ’ എന്ന നോവലിൽ തകഴി അതിനെക്കാളധികം മുന്നോട്ടുനീങ്ങുന്ന സൂക്ഷ്മ നിരീക്ഷപാടവത്തിന്റെയും സർഗാത്മകതയുടെയും സംയോഗമാണതിൽ പ്രകടമാക്കുന്നത്.
ആരാണ് തോട്ടി? ആധുനികതലമുറയ്ക്ക് ഈ ചോദ്യത്തിനുത്തരം നൽകാൻ കഴിയുകയില്ലെന്നു ഞാൻ കരുതുന്നു. അവരെ ‘കക്കൂസ്’ എന്ന വാക്ക് ഞാൻ ഓർമിപ്പിക്കട്ടെ. കക്കൂസ്, സെപ്റ്റിക്ക്ടാങ്ക് എന്നിവയെന്തെന്ന് അവർക്കറിയാം. സെപ്റ്റിക്ക്ടാങ്ക് പ്രചാരത്തിലായിട്ട് കാലമധികമായിട്ടില്ല. അതിനുമുമ്പ് കക്കൂസുകളിലെ ബക്കറ്റുകളിലോ അതുപോലുള്ള പാട്ടകളിലോ മനുഷ്യർ വിസർജിച്ചുപോന്നു. നഗരങ്ങളിലെ കഥയാണിത്.
നാട്ടിൻപുറങ്ങളിൽ പറമ്പുകൾ, തോട്ടരികുകൾ തുടങ്ങിയ ഇടങ്ങൾ അതിനുപയോഗപ്പെടുത്തിപ്പോന്നു. അവിടെ രഹസ്യമെന്നൊന്നുണ്ടായിരുന്നില്ല.
ഓരോ ദിവസവും രാവിലെ ഒരാൾ വന്ന് മറ്റൊരു ബക്കറ്റിലെ വിസർജ്യം തന്റെ കൈവശമുള്ള പാട്ടയിൽ പകർത്തിക്കൊണ്ടുപോവുകയും, ചക്രം പിടിപ്പിച്ചിട്ടുള്ള വീപ്പപോലുള്ള വണ്ടിയിലാക്കി എവിടേക്കോ കൊണ്ടുപോവുകയും ചെയ്യുന്നു. ആ ജോലി ചെയ്യുന്നയാളാണ് തോട്ടി. അപ്രകാരം ശേഖരിക്കുന്ന മാലിന്യം വീപ്പവണ്ടിയിലൊതുക്കി അയാൾ റോഡിലൂടെ വലിച്ചുകൊണ്ടുപോകുന്നതു പകൽസമയത്താണ്. അയാളെപ്പറ്റി ‘തീട്ടവണ്ടിക്കാരൻ’ എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്.
വണ്ടിയുമായി അയാൾ റോഡിലൂടെ നീങ്ങുമ്പോൾ ആളുകൾ മൂക്കുപൊത്തും. മാലിന്യംനീക്കി ദിവസേന കക്കൂസുകൾ വൃത്തിയാക്കുന്നവർ എവിടെനിന്നു വരുന്നു, എവിടെ പാർക്കുന്നു എന്നൊന്നും ആളുകൾ അന്വേഷിക്കാറില്ല. എല്ലാ മാസവും ഒന്നാം തീയതി അയാൾ ഓരോ വീട്ടിലും ഒരപരാധിയെപ്പോലെ എത്തുകയും കൈനീട്ടുകയും ചെയ്തു. കിട്ടുന്ന തുകയും വാങ്ങി അയാൾ ‘മാന്യന്മാരുടെ’ കൺമുന്നിൽനിന്നു മറയുന്നു.