സാംസ്‌കാരികകേരളം റിവേഴ്‌സ് ഗിയറിൽ – ഹമീദ് ചേന്നമംഗല്ലൂർ

കേരളത്തിന്റെ സാംസ്കാരികമൂല്യച്യുതിയെക്കുറിച്ചുള്ള ഒരു വിമർശനാത്മക വിലയിരുത്തൽ. ഒരുകാലത്ത് പുരോഗമനപരവും സാംസ്കാരികസമ്പന്നവുമായിരുന്ന കേരളം ഇന്ന് ‘റിവേഴ്‌സ് ഗിയറിൽ’ സഞ്ചരിക്കുകയാണെന്നുവേണം കരുതാന്‍.ബുദ്ധിജീവികളുടെ വിധേയത്വം, റാഗിങ് പോലുള്ള സാമൂഹിക ദുഷ്പ്രവണതകൾ, വർദ്ധിച്ചുവരുന്ന അക്രമങ്ങൾ, ദുരഭിമാനക്കൊലകൾ, പൗരബോധമില്ലായ്മ, ശാസ്ത്രീയ വീക്ഷണത്തിന്റെയും നവോത്ഥാനമൂല്യങ്ങളുടെയും തകർച്ച തുടങ്ങിയ നിരവധി ആശങ്കാജനകമായ പ്രവണതകൾ ചൂണ്ടിക്കാട്ടാനുണ്ട്.വിദ്യാഭ്യാസസമ്പ്രദായത്തിലെയും രാഷ്ട്രീയപ്പാർട്ടികളുടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിലെയും വീഴ്ചകളെയുംകുറിച്ച്  ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.


എഴുത്തുകാർ സർക്കാരിനോടൊപ്പം നിൽക്കണം എന്നു പറഞ്ഞ ഒരു പ്രമുഖ സാഹിത്യകാരൻ ജീവിക്കുന്ന ഇടമാണ് കേരളം. അങ്ങേയറ്റം ജനവിരുദ്ധവും പ്രതിലോമപരവുമായ അത്തരമൊരു അഭിപ്രായപ്രകടനം നടത്താൻ മാത്രം രാഷ്ട്രീയ-ബൗദ്ധിക ദാസ്യത്തിനടിപ്പെട്ടവർ സംസ്ഥാനത്തുണ്ടെന്നത് അന്ധാളിപ്പിക്കുന്ന സംഗതിയാണ്. പക്ഷേ, വിചിത്രമെന്നപോലെ ഭയാനകംകൂടിയായ കാര്യം, പല മട്ടിൽ പുരസ്‌കാരിതനായ ഒരെഴുത്തുകാരൻ ഇമ്മട്ടിലൊരു പ്രസ്താവന നടത്തിയിട്ടും അതിനെതിരേ നാവുയർത്താൻ, ഒരുപക്ഷേ, ടി. പത്മനാഭനൊഴികെ പൊതുവേ മറ്റാരും മുന്നോട്ടുവന്നില്ല എന്നതത്രേ. സർഗാത്മക, ധൈഷണിക മേഖലകളിൽ പ്രവർത്തിക്കുന്നവർ വാഴുന്നവരെ നമിച്ചും സ്തുതിച്ചും കഴിഞ്ഞോളണം എന്ന തത്ത്വം ഒരേസമയം സാംസ്‌കാരികദൂഷണത്തിന്റെയും സാംസ്‌കാരിക കൗശലത്തിന്റെയും അടയാളമാണ്.


സാംസ്‌കാരിക (സാമൂഹിക) അഴുക്കുവത്കരണം കേരളത്തെ ആഴത്തിൽ ഗ്രസിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുതയിൽ അടിവരയിടാനാണ് ഉപര്യുക്ത എഴുത്തുകാരന്റെ പ്രസ്താവന മുകളിൽക്കുറിച്ചത്. ജനങ്ങളുടെ സാമൂഹികബോധത്തെ നവീകരിക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കേണ്ടവർ നിശ്ശബ്ദരും നിഷ്‌ക്രിയരുമാകുന്നിടത്ത് സമൂഹത്തിന്റെ ക്രിമിനൽവത്കരണം അനായാസം നടക്കും. റാഗിങ് നിരോധിക്കുകയും ശിക്ഷാർഹമാക്കുകയും ചെയ്തിട്ടും നമ്മുടെ കലാലയങ്ങളിലും ഹോസ്റ്റലുകളിലും ആ നിഷ്ഠൂരത നിർബാധം തുടരുന്നു. പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ മരണത്തിലേക്കു നയിച്ച സമാനതകളില്ലാത്ത ക്രൂരതകൾതൊട്ട് കോട്ടയം ഗവ. നഴ്‌സിംഗ് കോളെജിലെ ജൂനിയർ വിദ്യാർഥികൾ നേരിട്ട കൊടുംപീഡനം വരെയുള്ള സമീപകാല സംഭവങ്ങൾ കൈചൂണ്ടുന്നത് നമ്മുടെ കാമ്പസ്സുകളെ ബാധിച്ച പുഴുക്കുത്തുകളിലേക്കു മാത്രമല്ല, അത്തരം പുഴുക്കുത്തുകൾ അർബുദസമാനമായി വളരാൻ കൂട്ടുനിന്ന രാഷ്ട്രീയനേതൃത്വത്തിലേക്ക് കൂടിയാണ്. ചില പ്രബല വിദ്യാർഥി സംഘടനകളിൽപ്പെട്ടവർ റാഗിങ് വീരന്മാരായി വിലസുന്നുണ്ടെന്നത് രഹസ്യമല്ല. അത്തരക്കാർക്ക് ഒരളവിലും സംരക്ഷണം നൽകില്ലെന്ന് നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ യഥാകാലം ദൃഢനിശ്ചയം ചെയ്തിരുന്നുവെങ്കിൽ, ഹിംസാത്മക റാഗിങ് കാമ്പസ്സുകളിൽ അരങ്ങേറുമായിരുന്നില്ല.


ഇങ്ങനെ പറയുമ്പോൾ റാഗിങ്ങിന്റെ ഭൂതം മാത്രമാണോ സാംസ്‌കാരികകേരളത്തെ ആവേശിച്ചിരിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയരും. തീർച്ചയായും അല്ല. കേരളത്തിന്റെ സാമൂഹിക മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങളുടെ ഒരു പരമ്പരതന്നെ നമ്മുടെ മുമ്പിലുണ്ട്. അന്ധവിശ്വാസജന്യമായ നരഹത്യ കേരളത്തിനു പുറത്തുള്ള ചില സംസ്ഥാനങ്ങളിൽ ദീർഘകാലമായി നടന്നുവരുന്നത് മാധ്യമദ്വാരാ നാം അറിയുന്നുണ്ട്. ആ തിന്മയിൽനിന്ന് നാം മുക്തരാണെന്ന ധാരണ നാം വച്ചുപുലർത്തുകയും ചെയ്തിരുന്നു. പക്ഷേ, അടുത്തകാലത്ത് കേരളക്കരയിൽ ചിലയിടങ്ങളിൽ മൂഢവിശ്വാസങ്ങളുടെ പേരിൽ കുഞ്ഞുങ്ങളും മുതിർന്നവരും കൊലചെയ്യപ്പെട്ട നടുക്കുന്ന വാർത്തകൾ നമുക്ക് വായിക്കേണ്ടിവന്നു.


മറ്റൊരു നിഷ്ഠുരത്വം ദുരഭിമാനക്കൊലയാണ്. സ്വജാതിയിൽനിന്നോ സ്വമതത്തിൽനിന്നോ അല്ലാതെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നവരെ നിർമൂലനംചെയ്യുന്ന നീചത്വം ഉത്തരേന്ത്യയിൽ പരക്കേയുണ്ട്. കീഴ്ജാതിക്കാരൻ മേൽജാതിക്കാരിയെ പ്രണയിച്ചാൽ (വിവാഹംചെയ്താൽ) അയാളെ സ്ത്രീയുടെ അടുത്തബന്ധുക്കൾ അരിഞ്ഞുതള്ളുന്ന ഏർപ്പാട് അവിടെ അപൂർവമല്ല. മതംമാറിയുള്ള വിവാഹത്തിനും മരണമാണ് ശിക്ഷ. ഈ പ്രവണ കേരളത്തിലേക്കും കുടിയേറിയതു കാണാം. മിശ്രവിവാഹത്തിന്റെ പേരിൽ മകളെയോ മകളുടെ ഭർത്താവിനെയോ കൊലചെയ്ത പിതാക്കളെ/സഹോദരെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നാമെല്ലാം കണ്ടതും കേട്ടതുമാണ്.


പണത്തിനുവേണ്ടി അച്ഛനമ്മമാരെ നിർദയം വെട്ടിവീഴ്ത്തുന്ന മക്കൾ, പ്രണയനഷ്ടത്തിന്റെ പേരിൽ കാമുകിമാരെ പട്ടാപ്പകൽ നടുറോഡിൽ കുത്തിമലർത്തുന്ന കാമുകന്മാർ, സംശയത്തിന്റെ പേരിൽ ഭാര്യമാരുടെ കഥകഴിക്കുന്ന ഭർത്താക്കന്മാർ, കാമുകനോടൊപ്പം ജീവിക്കാൻവേണ്ടി പറക്കമുറ്റാത്ത മക്കളെ കിണറ്റിലെറിഞ്ഞോ അല്ലാതെയോ ഇല്ലതാക്കുന്ന അമ്മമാർ, പിഞ്ചുബാലികമാരെപ്പോലും ബലാൽസംഗം ചെയ്തുകൊല്ലുന്ന കശ്മലർ – ഇതൊന്നും അഭിനവകേരളത്തെ സംബന്ധിച്ചടത്തോളം അത്യപൂർവ സംഭവങ്ങളല്ലാതായി മാറിയിട്ടുണ്ട്. ദശകങ്ങളായി കണ്ടുവരുന്ന രാഷ്ട്രീയക്കൊലപാതകങ്ങൾക്കും ഗുണ്ടാവിളയാട്ടങ്ങൾക്കും പുറമേ, രാഷ്ട്രീയേതരമായ കാരണങ്ങളുടെ പേരിലുള്ള രക്തച്ചൊരിച്ചിലുകളുടെ എണ്ണവും വണ്ണവും സംസ്ഥാനത്ത് കൂടിവരുന്നു എന്നത് അത്യുക്തിയല്ലതന്നെ.


ചെറുപ്രായംതൊട്ട് കുട്ടികളിൽ വളർത്തിക്കൊണ്ടുവരേണ്ട ഒരു ഗുണവിശേഷമാണ് പൗരബോധം. നമ്മുടെ വിദ്യാഭ്യാസമോ കക്ഷിരാഷ്ട്രീയ സംവിധാനമോ ആ ബോധം വളർത്തിയെടുക്കുന്നതിന് സഹായകമായിത്തീരുന്നുണ്ടോ? ദിവസങ്ങൾക്കുമുമ്പ് എനിക്കുണ്ടായ ഒരനുഭവം പറയട്ടെ. ഏഴെട്ട് വിദ്യാർഥികൾ (ആണും പെണ്ണും) ഫുട്പാത്തിൽ കൂട്ടംകൂടിനിന്നു സംസാരിക്കുന്നു. കാൽനടക്കാരെ കണ്ടിട്ട് അവർ നടപ്പാതയിൽനിന്ന് മാറുന്നില്ല. കാൽനടക്കാർ വാഹനത്തിരക്കുള്ള റോഡിലിറങ്ങി നടന്നുകൊള്ളണം എന്ന ഭാവത്തിൽ അവർ തങ്ങളുടെ ‘കൂട്ടംപറച്ചിൽ’ ഫുട്പാത്തിൽ തുടർന്നു.


പൗരബോധമുള്ള വിദ്യാർഥികൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. പഴിപറയേണ്ടത് അവരെയല്ല; പൗരബോധം പരിപോഷിപ്പിക്കുമാറുള്ള വിദ്യാഭ്യാസം കുഞ്ഞുന്നാളിലേ അവർക്ക് പകർന്നുകൊടുക്കാത്ത നമ്മുടെ അധ്യയനസമ്പ്രാദയത്തെയാണ്. രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട് ഇക്കാര്യത്തിൽ അത്രതന്നെ ഉത്തരവാദിത്വം. തെരുവുകൾ കൈയേറി പ്രകടനങ്ങളോ സമ്മേളനങ്ങളോ നടത്തരുതെന്ന് കോടതി പലതവണ നിർദേശിച്ചിട്ടും നമ്മുടെ രാഷ്ട്രീയപാർട്ടികൾ ആ നികൃഷ്ടസമ്പ്രദായം ഉപേക്ഷിക്കാൻ തയ്യാറായിട്ടുണ്ടോ? പൗരബോധമോ ജനാധിപത്യമര്യാദകളോ അല്ല, ആൾക്കൂട്ടഹുങ്കാണ് അവരെ നയിക്കുന്നത്.


നടപ്പാതമുടക്കിയുള്ള സല്ലാപങ്ങളോ റോഡുകൾ കൈയേറിയുള്ള ജാഥകളോ സമ്മേനങ്ങളോ ഒന്നും പരിഷ്‌കൃത രാഷ്ട്രങ്ങളിൽ നാം കാണില്ല. അവിടങ്ങളിലെ പൊതുസമൂഹവും പാർട്ടികളും സർക്കാരുകളും പൗരബോധത്തിന് നൽകുന്ന പ്രാധാന്യം നിമിത്തമാണ് ആ രാഷ്ട്രങ്ങൾ ആ നില കൈവരിച്ചത്. ആൾക്കൂട്ടബലമുപയോഗിച്ച് പൗരരുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് മഹാപാതകമായി അവർ മനസ്സിലാക്കുന്നു.


ഏത് സമൂഹത്തിന്റെയും സാംസ്‌കാരിക രൂപീകരണത്തിൽ മൂന്ന് ഘടകങ്ങൾക്ക് വലിയ പങ്കുണ്ട്. മുകളിൽപ്പറഞ്ഞ പൗരബോധംതന്നെ ഒന്ന്. രണ്ട്, ശാസ്ത്രാവബോധം (scientific temper).  മൂന്ന്, നവോത്ഥാനമൂല്യങ്ങളോടുള്ള പ്രതിബദ്ധത – ശാസ്ത്രാവബോധം ഇന്ത്യൻ ഭരണഘടനയുടെ 51-എ വകുപ്പിൽ പ്രതിപാദിച്ചിട്ടുള്ള കാര്യമാണ്. ശാസ്ത്രാവബോധം (ശാസ്ത്രീയവീക്ഷണം) പരിപോഷിപ്പിക്കുക എന്നത് പൗരരുടെ മൗലികകർത്തവ്യങ്ങളിൽപ്പെടുന്നു എന്നു ഭരണഘടന ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ആ മനോനിലയിലേക്ക് പൗരരെ ഉയർത്തിക്കൊണ്ടുവരണമെങ്കിൽ കിന്റർഗാർട്ടൻ തൊട്ട് അതിനുള്ള ശിക്ഷണം കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. അന്ധവിശ്വാസങ്ങൾക്കും മൂഢാചാരങ്ങൾക്കുമെതിരെയുള്ള ബോധവത്കരണം കുഞ്ഞുന്നാളിലേ കിട്ടേണ്ടതാണ്. സർവോപരി, രാഷ്ട്രീയപ്പാർട്ടികൾ ശാസ്ത്രീയവീക്ഷണത്തിന്റെ ആവശ്യകതയിൽ ശക്തമായി ഊന്നുകയും അത് സമൂഹത്തിൽ പ്രാവർത്തികമാക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്.


ശാസ്ത്രാവബോധവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് നവോത്ഥാന മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്ന ഘടകം. ശ്രീനാരായണഗുരു ശാസ്ത്രാവബോധം എന്ന സംജ്ഞ ഉപയോഗിച്ചിട്ടില്ലായിരിക്കാം. പക്ഷേ, ജാതിപ്പിശാചിനെതിരേ അദ്ദേഹം ആശയസമരം നടത്തിയപ്പോൾ മതത്തെക്കുറിച്ചും ജാതിയെക്കുറിച്ചും യുക്ത്യധിഷ്ഠിതമായി ചിന്തിക്കണമെന്ന് അദ്ദേഹം നടത്തിയ ആഹ്വാനം ശാസ്ത്രാവബോധത്തിന്റെ ഉൽപന്നമാണ്. വിശ്വാസങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ ഉലകല്ലിലിട്ട് മാറ്റുരച്ചു നോക്കിവേണം സ്വീരിക്കാൻ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കേരളത്തിലെ (ഇന്ത്യയിലെ) ഏതെങ്കിലും മുഖ്യധാരാപാർട്ടി ആ നിലപാട് അനുവർത്തിക്കുന്നുണ്ടോ? യുക്തിയുടെയും ശാസ്ത്രീയവീക്ഷണത്തിന്റെയും ഉരകല്ലിലിട്ടല്ല, മറിച്ച് വോട്ട് ബാങ്കിന്റെ മാത്രം ഉരകല്ലിലിട്ടാണ് അവ എന്തിനെയും ഏതിനെയും വിലയിരുത്തുന്നത്. അന്ധാചാരവിരോധം വോട്ടിനെ പ്രതികൂലമായി ബാധിക്കുമെങ്കിൽ പാർട്ടികൾ അന്ധാചാരങ്ങളെ എതിർക്കാൻ പോവില്ല. ഭരണഘടന ഉറപ്പുനൽകുന്ന ലിംഗസമത്വം എന്ന പുരോഗമനാശയത്തെ പിന്താങ്ങിയാൽ തങ്ങളുടെ വോട്ടുപെട്ടിയുടെ കനം കുറയുമെന്നുവന്നാൽ അവർ പിന്നെ ലിംഗസമത്വത്തെക്കുറിച്ച് മിണ്ടുകയേ ഇല്ല. നവോത്ഥാനമൂല്യങ്ങളോടും മികവാർന്ന പൗരബോധത്തോടും തെളിഞ്ഞ ശാസ്ത്രാവബോധത്തോടും കൂറുപുലർത്തുന്ന രാഷ്ട്രീയപ്പാർട്ടികളുടെ അഭാവത്തിൽ സാംസ്‌കാരികകേരളം ഇപ്പോൾ സഞ്ചരിക്കുന്നത് റിവേഴ്‌സ് ഗിയറിലാണെന്ന് പറയുന്നത് അതിശയോക്തിയാവില്ല.