ലോകസാഹിത്യത്തിലെ നമ്മുടെ ഇടം

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സവിശേഷമായ ഒന്നായിരുന്നു. അതിന്റെ പിളർപ്പ് വലിയൊരുവിഭാഗം ജനതയിൽ വൈകാരിക സംഘർഷത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ, അതൊന്നും നമ്മുടെ എഴുത്തുകാരുടെ ഭാവനയെ വേണ്ടത്ര ഉത്തേജിപ്പിച്ചില്ല. മലയാളഭാവനയുടെ വ്യാപ്തിയും ആഴവും ലോകനിലവാരത്തോളമൊന്നും ഉയർന്നില്ല എന്നത് സത്യംതന്നെയാണ്. ദൃഢമായ സൗന്ദര്യശില്പങ്ങൾ നമ്മുടെ സാഹിത്യത്തിൽ, നോവലിലോ, ഇതര സാഹിത്യ വിഭാഗങ്ങളിലോ ഉണ്ടായില്ല.
‘ലോകസാഹിത്യത്തിൽ മലയാളഭാവനയുടെ ഇടം’ എന്ന വിഷയത്തിൽ ഇപ്പോൾ വലിയ സംവാദങ്ങൾ നടക്കുന്നുണ്ട്. അടുത്തകാലത്ത് കേരളത്തിൽ നടന്ന സാഹിത്യോത്സവങ്ങളിലെല്ലാം ഈ വിഷയം ചർച്ചചെയ്തതായി കാണുന്നു. ആ അന്വേഷണം നല്ലതാണ്. എന്നാൽ, നമ്മുടെ പുതിയകാല എഴുത്തുകാരിൽ പലരും ഈ വിഷയത്തിൽ വേണ്ടത്ര അന്വേഷണങ്ങൾ നടത്തിയിട്ടില്ല എന്നുവേണം മനസ്സിലാക്കാൻ. സാഹിത്യത്തിൽ പ്രധാനമായ ഒരിനം തീർച്ചയായും നോവലുകളാണല്ലോ. നോവലുകളെ ഒഴിച്ചുനിറുത്തിക്കൊണ്ട് സാഹിത്യത്തെ മനസ്സിലാക്കുവാൻ സാധിക്കുകയില്ല. ലോകനോവലിന്റെ മഹത്തായ പാരമ്പര്യത്തിൽ ചേർത്തുനിറുത്താൻ പറ്റിയ ഒരു മികച്ച സൗന്ദര്യസൃഷ്ടി നാളിതുവരെ മലയാളിയുടെ ഭാവനയിൽ നിന്നുണ്ടായിട്ടില്ല. ഈ യാഥാർഥ്യം തുറന്നുപറയുന്നതിൽ വിഷമിച്ചിട്ടു കാര്യമില്ല. അതു മറച്ചുപിടിച്ചുകൊണ്ട് ലോക നോവലുകളിൽ ഇടംനേടാതെ പോയതിന് മറ്റുകാരണങ്ങൾ നിരത്തി വാദിക്കുന്നത് അസംബന്ധമാണ്. ഇനി ലോകസാഹിത്യത്തിലെ മാസ്റ്റർപീസുകളെ മാറ്റിനിറുത്തി ഒന്നാലോലിച്ചുനോക്കുക. ലോകത്തിലെ സാഹിത്യ വായനയിൽ മലയാളഭാവനയുടെ പ്രാതിനിധ്യം എത്രത്തോളമുണ്ട്? മറ്റു ഭാഷയിലെ വായനക്കാർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള എത്ര നോവലുകൾ മലയാളത്തിൽ നിന്നുണ്ടായിട്ടുണ്ട്? ഉത്തരം നിരാശാജനകമാണ്. ഇതൊരു കുറ്റപ്പെടുത്തലല്ല; യാഥാർഥ്യം പറയലാണ്. അടിസ്ഥാനപരമായി സാഹിത്യം ഒരു നൈസർഗികപ്രക്രിയയാണ്. സർഗാത്മകഊർജ്ജം നമുക്ക് കൃത്രിമമായി ഉണ്ടാക്കാൻ പറ്റില്ലല്ലോ. അത്തരം വലിയ ഊർജ്ജം നമുക്കിടയിൽ കുറവാണ് എന്ന യാഥാർഥ്യത്തെ അംഗീകരിക്കുവാൻ നമ്മുടെ എഴുത്തുകാരും വായനക്കാരും തയ്യാറാവണം.
കാലപ്രവാഹത്തിൽ മാറ്റങ്ങൾ വരുമായിരിക്കും. ഈ പറഞ്ഞതുകൊണ്ട് മലയാളത്തിൽ നല്ല നോവലുകൾ അഥവാ സാഹിത്യസൃഷ്ടികൾ ഇല്ല എന്ന വിവക്ഷയില്ല. തീർച്ചയായും മികച്ച പല രചനകളും നമുക്കു മുന്നിലുണ്ട്. മറ്റു ഭാരതീയഭാഷകളിലെ സാഹിത്യത്തോട് കിടപിടിക്കുന്ന രചനകൾ ഉണ്ടായിട്ടുണ്ട് എന്ന കാര്യവും അവിതർക്കിതമാണ്. എന്നാൽ, കണ്ണടച്ച് ഇരുട്ടാക്കുന്ന ഏർപ്പാട് മലയാളത്തിലെ എഴുത്തുകാർ ഉപേക്ഷിക്കണം. സത്യം കാണാൻ വിസമ്മതിച്ച്, സത്യം മറച്ചു വയ്ക്കാനായി മറ്റു കാരണങ്ങൾ കണ്ടെത്തിക്കൊണ്ടിരുന്നിട്ട് പ്രയോജനമില്ല. മികവിനെ കണ്ടെത്താനും ആദരിക്കാനും ആഘോഷിക്കാനും മുമ്പെന്നത്തെക്കാളും സജ്ജമായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. സാധ്യതകളുടെ വിശാലമായ ലോകത്ത് ഒറ്റപ്പെടലിന്റെ മുഖത്തിന് തീർച്ചയായും ആത്മപരിശോധന ആവശ്യമാണ്. പ്രതിഭാദാരിദ്ര്യത്തെ അംഗീകരിക്കുകതന്നെ വേണം. നമുക്ക് അനുഭവങ്ങൾ കുറവാണ് എന്നൊരു കാര്യം മിക്കപ്പോഴും ഒരു കാരണമായി പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ, അതൊരു നല്ല കാരണമായി ലോകസാഹിത്യ പരിചയമുള്ളവർ കണക്കാക്കുകയില്ല.
വ്യക്തിബന്ധങ്ങളിലെ ആഴങ്ങൾ കണ്ടെത്താൻ പ്രതിഭാശാലികൾക്ക് കഴിയും. ലോകത്തെ മികച്ച രചനകളിൽ പലതും ഇത്തരം വൈകാരികാനുഭവങ്ങളുടെ നിറവിൽനിന്നും ഉണ്ടായതാണ്. എന്നാൽ, അത്തരം ഭാവനാവിലാസവും മലയാളത്തിൽ മികച്ച സൗന്ദര്യനുഭവങ്ങൾ സൃഷ്ടിച്ചില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സവിശേഷമായ ഒന്നായിരുന്നു. അതിന്റെ പിളർപ്പ് വലിയൊരുവിഭാഗം ജനതയിൽ വൈകാരിക സംഘർഷത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ, അതൊന്നും നമ്മുടെ എഴുത്തുകാരുടെ ഭാവനയെ വേണ്ടത്ര ഉത്തേജിപ്പിച്ചില്ല. മലയാളഭാവനയുടെ വ്യാപ്തിയും ആഴവും ലോകനിലവാരത്തോളമൊന്നും ഉയർന്നില്ല എന്നത് സത്യംതന്നെയാണ്. ദൃഢമായ സൗന്ദര്യശില്പങ്ങൾ നമ്മുടെ സാഹിത്യത്തിൽ, നോവലിലോ, ഇതര സാഹിത്യ വിഭാഗങ്ങളിലോ ഉണ്ടായില്ല.
ലോകത്തെ പല ഭാഷകളിലും വലിയ സൗന്ദര്യ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. നമ്മുടെ ഭാഷയിൽ എടുത്തുകാണിക്കാവുന്ന രീതിയിലുള്ള അത്തരം നൂതന പരീക്ഷണങ്ങളും കാണാനില്ല. നമ്മുടെ തനതായ സാംസ്കാരിക പശ്ചാത്തലത്തിൽ വിരാജിച്ചുകൊണ്ടുതന്നെ ആധുനികമനുഷ്യന്റെ ജീവിത പ്രഹേളികകളെ ആഴത്തിൽ ഒപ്പിയെടുക്കാൻ നമ്മുടെ പുതിയകാല എഴുത്തുകാർക്ക് കഴിയട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നു. മികച്ചതിനെ കണ്ടെത്തി സ്വീകരിക്കാനും പുറംലോകവായനകളിലേക്ക് എത്തിക്കാനും മടികാട്ടാത്ത ഒരു പ്രസാധകലോകം ഇന്നിപ്പോൾ നമുക്കു ചുറ്റുമുണ്ട്. ആദ്യപടിയായി നമ്മുടെ എഴുത്തുകാർ സ്വയം വിമർശനത്തിന് സമയം കണ്ടെത്തണം. ആത്മാദരം ഒരു രോഗമാണെന്ന് തിരിച്ചറിയുകയും വേണം.
കാദംബരി ദേവിയുടെ കഥ.
സ്ത്രീ-പുരുഷ ബന്ധങ്ങളിലെ ആഴങ്ങൾ കാണിച്ചുതരുന്ന എഴുത്ത് സാഹിത്യത്തിന്റെ തുടക്കം മുതൽ കാണാൻ കഴിയും. മനുഷ്യർ സാംസ്കാരികമായി ജീവിച്ചുതുടങ്ങിയതുമുതൽ അവന്റെ മുന്നിലെ വെല്ലുവിളികളിലൊന്നാണ് സ്ത്രീ-പുരുഷ ബന്ധങ്ങളിൽ അടിച്ചേല്പിക്കപ്പെട്ട സദാചാരവിലക്കുകൾ. ഇക്കാര്യത്തിൽ മറ്റു ജീവികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം മനുഷ്യർക്ക് നിഷേധിക്കപ്പെട്ടു. ലൈംഗികതയുടെ നൈസർഗികാനുഭവത്തെ മനുഷ്യന് നിയന്ത്രിക്കേണ്ടതായി വന്നു. അതുമൂലമുണ്ടായ പ്രതിസന്ധികൾ എപ്പോഴും സാഹിത്യത്തിന്റെ വിഷയമായിട്ടുണ്ട്. സാംസ്കാരികമായ മാറ്റങ്ങളും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തിരിച്ചറിവുകളും കാലം കഴിയുന്തോറും വലിയതോതിൽ ഉണ്ടാകുന്നുണ്ടെങ്കിലും ഇന്നും അതൊരു പ്രഹേളികയായിത്തന്നെ തുടരുന്നു. അത്തരമൊരു ബന്ധത്തിന്റെ അസാധാരണകഥ പറയുന്ന ഒന്നാണ് ‘കാദംബരിയുടെ ആത്മഹത്യാ കുറിപ്പ്’ എന്ന നോവൽ. (Kadambari Devi’s Suicide Note). ഞാനിത് ഓഡിയോ ബുക്കായി കേൾക്കുകയായിരുന്നു. സ്റ്റോറിടെൽ എന്ന ആപ്പിൽ (Storytel) പ്രശസ്ത ബംഗാളി നടി കൊങ്കണ സെൻശർമയുടെ (Konkona Sensharma) മനോഹരമായ വായനയിൽ അസാധാരണമായ അനുഭവമായി എന്നിലേക്കത് നിറയുകയായിരുന്നു.
രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരൻ ജ്യോതിന്ദ്രനാഥ ടാഗോറിന്റെ പത്നിയായിരുന്നു കാദംബരി ദേവി. 1884 ഏപ്രിൽ 21-ന് ഇരുപത്തിയഞ്ചാം വയസ്സിൽ അവർ ആത്മഹത്യചെയ്തു. മരണം എന്താണെന്ന് ടാഗോർ തിരിച്ചറിയുകയായിരുന്നു. അവർ തമ്മിൽ അത്രയധികം ഇഷ്ടത്തിലായിരുന്നു. ടാഗോറിന്റെ പ്രിയപ്പെട്ട നോതുൻ ബൗതാൻ. ടാഗോറിനെ അവർ റോബി എന്നു വിളിച്ചു. അവർതമ്മിൽ അസാധാരണമായ അടുപ്പമായിരുന്നു. ടാഗോറിന്റെ എഴുത്തുജീവിതത്തെ അവർ ഏറെ സ്വാധീനിച്ചു. ടാഗോറിന്റെ വിവാഹംകഴിഞ്ഞ് നാലുമാസങ്ങൾ കഴിഞ്ഞാണ് ഈ സഹോദരപത്നി ആത്മഹത്യചെയ്തത്. അവരെന്തിനാണ് ആത്മഹത്യചെയ്തത്? ഉത്തരംകിട്ടാത്ത ആ ചോദ്യം ടാഗോർ പണ്ഡിതന്മാരെപ്പോലും കുഴപ്പിച്ച ഒന്നായിരുന്നു. കാദംബരി ദേവി എഴുതിയതെന്ന് പറയപ്പെടുന്ന ഒരു ആത്മഹത്യാക്കുറിപ്പ് അന്നുതന്നെ നശിപ്പിക്കപ്പെട്ടിരുന്നു എന്നാണ് പൊതുധാരണ. ആ ആത്മഹത്യാകുറിപ്പിനെ ഭാവനയിൽക്കണ്ട് ചെറിയൊരു നോവൽ പുറത്തുവന്നിട്ടുണ്ട്. രഞ്ജൻ ബന്ദോപാദ്ധ്യായ് എഴുതിയ ഒരു ചെറിയ നോവൽ. അതിന്റെ ഓഡിയോ ബുക്കാണ് ഞാൻ സ്റ്റോറിടെല്ലിൽ കേട്ടത്. ഏതായാലും ഈ രചന സ്ത്രീ-പുരുഷ ബന്ധത്തിന്റെ ആഴങ്ങളെ കാണിച്ചുതരുന്നുണ്ട്. അതുണ്ടാക്കുന്ന ആഹ്ലാദവും വേദനയും വളരെ ചെറിയവാക്കുകളിലൂടെ അവതരിപ്പിക്കുന്നു. തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു ഈ ഓഡിയോ പുസ്തകത്തിന്റെ കേൾവി.
മുഗങ്ങളുടെ മരണം
മൃഗങ്ങൾക്ക് അവയുടെ മരണം മനസ്സിലാവുമോ? അവരെന്തായാണ് മരണത്തെ അറിയുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരംതേടുന്ന നല്ലൊരു പഠനഗ്രന്ഥമാണ് സൂസാന മോൺസോ (Susanna Monso) രചിച്ച Playing Possum – How Animals Understand Death. മൃഗങ്ങളുടെ മരണത്തെക്കുറിച്ച് നമ്മളധികമൊന്നും ആലോചിക്കാറില്ല. അവയുടെ സ്വാഭാവികമരണം നമ്മൾ അറിയാറില്ല എന്നതാണ് യാഥാർഥ്യം. ഇതേക്കുറിച്ച് എന്നെ ചിന്തിപ്പിച്ച ഒരു ഹിന്ദി കവിതയുണ്ട്. വിഷ്ണു ഖരേ എഴുതിയ പരിശ്രമം എന്ന കവിത. ഇംഗ്ലീഷ് പരിഭാഷയാണ് ഞാൻ ആദ്യം വായിച്ചത്. അതിലെ ചില വരികൾ നോക്കാം.
“ Of birds returning happily home in the evening
I would like to ask an inauspicious question.
Where do you go to die, birds?
But they sail by looking at me or not looking,
like school girls
Unmindful of the old man with vacant eyes
Sitting on a cold bench in the solitary park.
To me the death of birds is a mystery
Not the death of the decorative ones in the cages
who cling to metal so fiercely when they die
Nor would I try to understand
the bodies of crows caught in speeding wheels
Or among live wires in sudden flight-
For a bird’s death from man-made things
is not my subject.
ടെലിവിഷൻ ജേണലിസ്റ്റായ ബാബു രാമചന്ദ്രനാണ് ഈ കവിതയെ എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ബാബു അതു മനോഹരമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘മരണത്തിന്റെ പുസ്തകം’ എന്ന അദ്ദേഹത്തിന്റെ സമാഹാരത്തിൽ ചേർത്തിട്ടുമുണ്ട്.
സൂസാന മോൺസോയുടെ പുസ്തകം മൃഗങ്ങളും മരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്. അതിപ്പോൾ ഒരു പ്രത്യേക പഠന വിഷയമാണ്. Comparative thanatology എന്നാണ് ഈ പഠനശാഖ അറിയപ്പെടുന്നത്. മാഡ്രിഡ് കാരിയായ ഗ്രന്ഥകാരി ഫിലോസഫി പ്രഫസറാണ്. തീർച്ചയായും അറിവിന്റെ പുതിയൊരു ലോകം ഇത് നമുക്ക് മുന്നിൽ തുറന്നിടുന്നു. (Playing Possum – How Animals Understand Death – Susana Monso – Princeton University Press)
ആത്മകഥയിലെ മാർപ്പാപ്പ
“നമ്മുടെ ജീവിതമാണ് നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യമായ പുസ്തകം. നിർഭാഗ്യവശാൽ വളരെ കുറച്ചുപേർ മാത്രമേ ഇത് വായിക്കുന്നുള്ളൂ. അതും മരണത്തിനു മുൻപായി ജീവിതത്തിന്റെ സായാഹ്നത്തിൽ മാത്രം. എന്നിരുന്നാലും മറ്റെല്ലായിടങ്ങളിലും വ്യർഥമായി അന്വേഷിച്ചുകൊണ്ടിരുന്നത് ഒടുവിലവർ കൃത്യമായും ഈ പുസ്തകത്തിൽ കണ്ടെത്തും. അപ്പോഴവർ സ്വയം ചോദിക്കും: എന്റെ ജീവിതത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ? സ്വന്തം ജീവിതത്തെ അപ്രകാരം പുനരാവിഷ്കരിക്കുകയെന്നത് അത്യന്തം മനോഹരവും ഹൃദയസ്പർശിയുമായ ഒരു സമ്പർക്കരീതിയാണ്. നമുക്കുള്ളിൽ അതുവരെ അജ്ഞാതമായി കിടന്നിരുന്ന ചെറുതും ലളിതവുമായവയെ കണ്ടെത്താൻ അതു നമ്മെ സഹായിക്കുന്നു.” ഇത് ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകളാണ്.
Life – My Story Through History എന്ന മാർപ്പാപ്പയുടെ ആത്മകഥയിലാണ് ഞാനിതു വായിച്ചത്. അടുത്തകാലത്ത് വായിച്ച നല്ലൊരു ആത്മകഥയാണിത്. അദ്ദേഹം ജീവിച്ച കാലഘട്ടത്തിലെ സംഭവങ്ങളെ സ്വന്തം ജീവിതാനുഭവങ്ങളോടൊപ്പം ചേർത്തു വിവരിക്കുകയാണ് മാർപ്പാപ്പ. ഒരു സാധാരണമനുഷ്യന്റെ ആകുലതകളും സന്തോഷങ്ങളുമാണ് ഈ ക്രിസ്തീയ പുരോഹിതനെയും നയിച്ചത് എന്ന് നമുക്കിതിലൂടെ മനസ്സിലാക്കാൻ കഴിയും.
ഫുട്ബോൾ പ്രേമിയും പുസ്തകപ്രേമിയുമായൊരു സാധാരണ മനുഷ്യനെ ഞാനിതിൽക്കണ്ടു. കളിക്കളത്തിൽ മാറഡോണ ഒരു കവി ആയിരുന്നു എന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ എഴുതിയിരിക്കുന്നത്. ഫുട്ബോളിനെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് പല അധ്യായങ്ങളും തുടങ്ങിയിട്ടുള്ളത്. കോവിഡ് കാലത്തെക്കുറിച്ച് പറയുമ്പോൾ അലസ്സാൻഡ്രൊ മൻസോണിയുടെ ‘ദ് ബിട്രോത്ത്ഡ് ‘ എന്ന ക്ലാസിക് നോവലിനെ അദ്ദേഹം ഓർത്തെടുക്കുന്നു. മനുഷ്യർക്ക് പരമപ്രാധാന്യം നൽകിയ ഫാദർ അബോൻഡിയോ എന്ന നോവലിലെ കഥാപാത്രത്തെ മാർപ്പാപ്പ മനസ്സിൽ സ്മരിക്കുന്നു. ആ നോവലിന് സ്രോതസ്സായി മാറിയ കർദിനാൾ ഫെദെറികോയുടെ ‘ദെ പെസ്റ്റിലെൻഷ്യ’ എന്ന ചരിത്രപുസ്തകത്തെ ഓർക്കുന്നു. ഇതൊക്കെ വായിച്ച് അത്ഭുതാദരങ്ങളോടെ ഞാൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരാധകനായി മാറുന്നു. അദ്ദേഹത്തിന്റെ ചില വരികൾകൂടി ഞാനിവിടെ എടുത്തെഴുതാം.