പ്രഫ.എം.കൃഷ്ണൻ നായർ സാഹിത്യവാരഫല സാമ്രാജ്യത്തിലെ ചക്രവര്‍ത്തി – അഡ്വ.പാവുമ്പ സഹദേവൻ

പ്രഫ.എം.കൃഷ്ണൻ നായർ  സാഹിത്യവാരഫല  സാമ്രാജ്യത്തിലെ ചക്രവര്‍ത്തി – അഡ്വ.പാവുമ്പ സഹദേവൻ

മലയാളസാഹിത്യത്തിലെ മാലിന്യംനിറഞ്ഞ ഈജിയൻതൊഴുത്ത് വൃത്തിയാക്കിയ ഹെർക്കുലീസുമായിരുന്നു എം.കൃഷ്ണൻ നായർ. അസ്തിത്വവാദ തത്വചിന്തയിലുണ്ടായിരുന്ന അസാമാന്യ പരിജ്ഞാനം അദ്ദേഹത്തിലെ നിരൂപകന്റെ ബൗദ്ധികമൂർച്ചയെ കൂടുതൽ സൂക്ഷ്മതലത്തിലേക്കുയർത്തി. പശ്ചാത്യലിബറലിസവും റൊമാന്റിസിസവും അഡ്വഞ്ചറിസവും സ്വാതന്ത്ര്യബോധവുമാണ് അദ്ദേഹത്തെ നിർഭയനും കരുത്തുറ്റവനുമായ സാഹിത്യ-നിരൂപക-വിമർശകനാക്കി മാറ്റിയത്.


ജാതിമതഭാഷാദേശീയരാഷ്ട്രീയ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകൾക്കതീതമായി സാഹിത്യത്തെ നിരൂപണ വിമർശനങ്ങൾക്ക് വിധേയമാക്കിയ അതുല്യപ്രതിഭാശാലിയായിരുന്നു എം.കൃഷ്ണൻ നായർ. സാഹിത്യലോകത്തെ, ശക്തമായ പ്രതിപക്ഷവിമർശനംകൊണ്ട് അദ്ദേഹം ജനാധിപത്യവൽക്കരിക്കുകയും നവീകരിക്കുകയും ചെയ്തു. ചെറുപ്പക്കാർ ജനാധിപത്യവിമർശനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിൽനിന്നാണ്. ഏതൊരു വിദ്യാർഥിയും വിമർശനത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് നിരൂപണസാഹിത്യത്തിൽനിന്നാണ്. മികച്ച സാഹിത്യനിരൂപണ, വിമർശനപാഠങ്ങൾ പഠിച്ചുവരുന്നവർ കഴിവുറ്റ പാർലമെന്റേറിയന്മാരാവുകയും അതു പരോക്ഷമായി പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ,  സാഹിത്യവിമർശനം മരിച്ചുകൊണ്ടിരിക്കുകയും പാർലമെന്ററിജനാധിപത്യം വിമർശനരാഹിത്യത്തിന്റെ സഹാറ മരുഭൂമിയായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നത് വർത്തമാനകാലത്തെ ദുരന്തകരമായ രാഷ്ട്രീയാവസ്ഥയാണ്.


1969-ൽ എസ്.കെ.നായർ  ‘മലയാളനാട്’ വാരിക ആരംഭിച്ചപ്പോൾ അതിലാണ് ആദ്യമായി ‘സാഹിത്യ വാരഫലം’ വെളിച്ചം കണ്ടത്. എസ്.കെ.നായരും വി.ബി.സി. നായരുംകൂടി വാരികയിൽ ആനുകാലിക രചനകളെ നിരൂപണം ചെയ്യുന്ന ഒരു സ്ഥിരംപംക്തി തുടങ്ങുന്നതിനെ സംബന്ധിച്ച് കൗമുദി ബാലകൃഷ്ണനുമായി ആലോചിക്കുകയും, അങ്ങനെ എസ്.കെ.നായർ ഈ പംക്തിക്ക് ഒരു പേരു നിർദേശിക്കാൻ കെ.ബാലകൃഷ്ണനോട് ആവശ്യപ്പെടുകയും ചെയതു. അങ്ങനെ ബാലകൃഷ്ണൻ നിർദേശിച്ച ‘സാഹിത്യവാരഫലം’ എന്ന ശീർഷകം വളരെ നിർബന്ധിച്ചാണ് കൃഷ്ണൻനായരെക്കൊണ്ട് എസ്.കെ.നായരും വി.ബി.സി. നായരും കൂടി അംഗീകരിപ്പിച്ചെടുത്തത്. ജേർണലിസം ഭാഷയിൽപ്പറഞ്ഞാൽ, പിന്നീട് കൃഷ്ണൻനായർക്ക് പുറകോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എസ്.കെ.നായർ നിരവധി പത്രമാസികകളും വാരികകളും വാങ്ങി കൃഷ്ണൻനായരുടെ മേശപ്പുറത്ത് വച്ച് കൊടുക്കുമായിരുന്നു. അങ്ങനെ കൃഷ്ണൻനായരുടെ സാഹിത്യവാരഫലം എന്ന ഈ യജ്ഞകാണ്ഡവും കർമ്മകാണ്ഡവും ഏകദേശം ഒരു വ്യാഴവട്ടക്കാലം മലയാളനാടിൽ തുടരുകയുണ്ടായി. അതിനുശേഷം ജയചന്ദ്രൻനായർ പത്രാധിപരായിരുന്ന കലാകൗമുദിയിലും പിന്നീട് മലയാളം വാരികയിലുമായി ഏകദേശം നാലുപതിറ്റാണ്ടോളം സാഹിത്യവാരഫലസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്നു പ്രഫ.എം. കൃഷ്‌ണൻനായർ.


പാശ്ചാത്യ സാഹിത്യതത്വചിന്തയും പാശ്ചാത്യതത്വശാസ്ത്രവും കൃഷ്‌ണൻനായർ ആഴത്തിൽ പഠിച്ച് മനസിലാക്കിയിരുന്നു. യുറോപ്യൻ നവോത്ഥാന പ്രസ്ഥാനവും വ്യവസായവിപ്ലവവും ഫ്രഞ്ച് വിപ്ലവാശയങ്ങളും വ്യക്തിവാദ ചിന്താഗതികളും  യുറോപ്യൻ ജ്ഞാനോദയചിന്തകളും  റാഷണലിസവും സയൻന്റിഫിക് ടെമ്പറും കൃഷ്ണൻനായരുടെ ചിന്തയെ സ്വാധീനിക്കുകയും അത്തരമൊരു വ്യക്തിത്വരൂപീകരണം അദ്ദേഹത്തെ കരുത്തുറ്റ ഒരു സാഹിത്യനിരൂപകനാക്കി മാറ്റുകയും ചെയ്തു. അസ്തിത്വവാദ തത്വചിന്തയിലുണ്ടായിരുന്ന അസാമാന്യ പരിജ്ഞാനം അദ്ദേഹത്തിലെ നിരൂപകന്റെ ബൗദ്ധികമൂർച്ചയെ കൂടുതൽ സൂക്ഷ്മതലത്തിലേക്കുയർത്തി. പശ്ചാത്യലിബറലിസവും റൊമാന്റിസിസവും അഡ്വഞ്ചറിസവും സ്വാതന്ത്ര്യബോധവുമാണ് അദ്ദേഹത്തെ നിർഭയനും കരുത്തുറ്റവനുമായ സാഹിത്യ-നിരൂപക-വിമർശകനാക്കി മാറ്റിയത്.


പശ്ചാത്യ – പൗരസ്ത്യ – ഭാരതീയ – സാഹിത്യസിദ്ധാന്തങ്ങളെ അനുകരിച്ചായിരുന്നില്ല കൃഷ്ണൻനായർ തന്റെ സാഹിത്യനിരൂപണപദ്ധതി നടത്തിയിരുന്നത്. സാഹിത്യനിരൂപണത്തെ സംബന്ധിച്ച് അദ്ദേഹത്തിന് തനതായ ദർശനവും കാഴ്ചപ്പാടും ഉണ്ടായിരുന്നു. വിശ്വസാഹിത്യത്തെ നിരൂപണത്തിന്റെ മാനദണ്ഡമായി സ്വീകരിച്ച കൃഷ്ണൻ നായർക്ക് മലയാള സാഹിത്യരചനകളും എഴുത്തുകാരും വെറും ‘കൃമികീടങ്ങളായി’ തോന്നിയെങ്കിൽ അതിൽ അദ്ഭുതപ്പെടേണ്ട കാര്യമില്ല. ഒ.എൻ.വിയെയും വയലാറിനെയും വെറും മാറ്റൊലിക്കവികൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജോസഫ് മുണ്ടശ്ശേരിയെ ‘ജീർണതയുടെ നായക’നെന്നും, മാധവിക്കുട്ടിയുടെ ‘സ്വയംവരം’ എന്ന കഥയെ ‘ജുഗുപ്സാവഹം’ എന്നുമാണ് കൃഷ്ണൻനായർ പരിഹസിച്ചത്. ഒ.വി.വിജയന്റെ ‘കടൽത്തീരം’ വിദേശ കഥയുടെ അനുകരണമാണെന്ന്  അദ്ദേഹം ആരോപിച്ചു. പി.കെ.ബാലകൃഷ്ണനുമായി പിണങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ’ എന്ന നോവലിനെ കൃഷ്ണൻനായർ കൊന്നുകൊലവിളിച്ചു. “ഞാനും മാധവിക്കുട്ടിയും മറ്റും” എന്ന് ഒരിക്കൽ ഡി.വിനയചന്ദ്രൻ എഴുതിയപ്പോൾ, നക്ഷത്രമെവിടെ (മാധവിക്കുട്ടി) പുൽക്കൊടി (വിനയചന്ദ്രൻ) എവിടെ എന്ന് സാഹിത്യവാരഫലത്തിൽ എഴുതി വിനയചന്ദ്രനെ ആക്ഷേപിച്ചത്,  സാഹിത്യനഭോമണ്ഡലത്തിൽ വൻ വിവാദങ്ങൾക്ക്  തിരികൊളുത്തി. മാധവിക്കുട്ടിയെ വിനയചന്ദ്രന്റെ പേരിനോടൊപ്പം ചേർത്തെഴുതിയത് കൃഷ്ണൻനായർക്ക് ഇഷ്ടപ്പെട്ടില്ല. ഏതു കൊലകൊമ്പനെയും കൃഷ്ണൻനായർ തന്റെ സാഹിത്യനിരൂപണക്കളരിയിൽ അടിച്ചുവീഴ്ത്തുമായിരുന്നു.


അങ്ങനെ മലയാള സാഹിത്യനിരൂപണ സാമ്രാജ്യത്തിലെ ചെങ്കോലും കീരീടവുമില്ലാത്ത ഏകച്ഛത്രാധിപതിയായി നാലു പതിറ്റാണ്ടോളം കൃഷ്ണനായർ അടക്കിവാണു. നീതിബോധവും സത്യസന്ധതയും കൈമുതലായുള്ള മധ്യയുഗത്തിലെ വീരയോദ്ധാവിനെപ്പോലെ (feudal knights) തന്റെ സാഹിത്യവാരഫലസാമ്രാജ്യത്തിലെ അങ്കക്കളരിയിൽ ഒട്ടേറെ സാഹിത്യകാരന്മാരെ കൃഷ്ണൻ നായർ കുത്തിമലർത്തുകയും അടിച്ചുവീഴ്ത്തുകയും മലർത്തിയടിക്കുകയും ചെയ്തു. അങ്ങനെ സാഹിത്യകാരന്മാരിൽ ബഹുഭൂരിപക്ഷവും അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി.


ഒന്നാംകിട ബുദ്ധിജീവികൾമുതൽ വളരെ സാധാരണക്കാരായ തൊഴിലാളികൾവരെ അദ്ദേഹത്തിന്റെ സാഹിത്യവാരഫലം വായിച്ചാസ്വദിച്ചിരുന്നു. “ചില യുവകവികൾ പകൽ പെൺകുട്ടികളെക്കുറിച്ച് കവിത എഴുതുകയും രാത്രിയിൽ അവരെ മാനഭംഗപ്പെടുത്തുകയും ചെയ്യുന്നു” എന്ന് കൃഷ്ണൻനായർ പറഞ്ഞപ്പോൾ, തിരുനെല്ലൂർ കരുണാകരൻ രോഷംകൊണ്ട് പൊട്ടിത്തെറിച്ചു. എന്നാൽ, കുറച്ചുനാൾ കഴിഞ്ഞ് തിരുനല്ലൂരിനെ വഴിയിൽക്കണ്ടപ്പോൾ, അദ്ദേഹം പിന്നീടെഴുതിയ മറ്റൊരു കവിതയെ പുകഴ്ത്തിപ്പറയാനും കൃഷ്ണൻനായർ മടിച്ചില്ല. സാഹിത്യവാരഫലത്തിൽ കാണുന്ന കർക്കശക്കാരനായ നിരൂപകന്റെ മുഖമായിരുന്നില്ല എം. കൃഷ്ണൻ നായർക്ക് വീട്ടിലുണ്ടായിരുന്നത്. അവിടെയെത്തുന്ന അതിഥികളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും, ചായ നൽകി സൽക്കരിക്കുകയും, സ്നേഹപൂർവം ഒരു പുസ്തകം സമ്മാനിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ആതിഥ്യമര്യാദയും സ്നേഹവും ആരെയും ആകർഷിക്കുന്നതായിരുന്നു. പൊതുവേദികളിൽ  പ്രത്യക്ഷപ്പെടുന്നതിൽ     താല്‍പര്യമില്ലാതിരുന്ന കൃഷ്ണൻനായർ, തിരുവനന്തപുരത്തെ സാഹിത്യഗ്രൂപ്പുകളിലോ ക്ലിക്കുകളിലോ ലോബീയിങ്ങിലോ അകപ്പെട്ടിരുന്നില്ല. വളരെ അച്ചടക്കമുള്ള ഒരു ജീവിതമാണ് അദ്ദേഹം എന്നും നയിച്ചിരുന്നത്. സാഹിത്യവാരഫലത്തിലെ ലേഖനങ്ങളെല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ, വയനാട്ടിലെ രാഷ്ട്രീയക്കാരനും സാഹിത്യകാരനുമായ ഏച്ചോം ഗോപി എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നു കൃഷ്ണൻനായർ പറയുമായിരുന്നു. വിദേശത്തുനിന്നു വരുത്തിയ പുസ്തകങ്ങൾ ഫ്ലൈറ്റിലെത്തുമ്പോൾ, അതു വിമാനത്താവളത്തിൽനിന്നുതന്നെ കൈപ്പറ്റി സ്വയം കാറോടിച്ചുപോകുന്ന കൃഷ്ണൻനായരുടെ ദൃശ്യം, മലയാളസാഹിത്യത്തിലെ അപൂർവങ്ങളിൽ അപൂർവമായ ഒരു വിസ്മയമാണ്.


കൃഷ്ണൻനായർ എന്ന ശക്തനായ നിരൂപകന്റെ സാന്നിധ്യം മലയാള സാഹിത്യലോകത്ത് ഒരു അദൃശ്യശക്തിയായി നിലനിന്നു. ‘സാഹിത്യവാരഫലം’ എന്ന അദ്ദേഹത്തിന്റെ പംക്തി നാല്പതു വർഷത്തോളം സാഹിത്യത്തെ സ്വാധീനിച്ചു. ആ സ്വാധീനത്തെ ചെറുക്കാൻ ചില എഴുത്തുകാർ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഇന്നും ആ നിരൂപണപാരമ്പര്യം ചില എഴുത്തുകാരുടെ രചനകളെ പിന്തുടരുന്നു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെയും യൂണിവേഴ്സിറ്റി ലൈബ്രറിയിലെയും എറണാകുളം മഹാരാജാസ് കോളേജിലെയും ബഹുഭൂരിപക്ഷം ഗ്രന്ഥങ്ങളും അദ്ദേഹം വായിച്ചുതീർക്കുകയുണ്ടായി. പുസ്തകം വാങ്ങാനായി മിക്കവാറും തിരുവനന്തപുരം നഗരത്തിലൂടെ സായാഹ്നസവാരി നടത്തുന്ന കൃഷ്ണൻനായർ, മോഡേൺ ബുക്സും കറന്റ് ബുക്സും എൻ.ബി.എസ്സും സന്ദർശിച്ചശേഷം സ്പെൻസർ ജംഗ്ഷനിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ പോയി നല്ല ചൂടു ചായ കുടിക്കും; പിന്നെ വായുവിലേക്ക് സിഗരറ്റ് പുകച്ചുവിട്ട് ചിന്തയുടെ നീലാകാശത്തിലേക്കു പറന്നുപോകും.


പ്രോക്രാസ്റ്റിയൻ കട്ടിൽ ഉപയോഗിച്ച് സാഹിത്യനിരൂപണത്തെ വെട്ടിമുറിക്കുകയോ വലിച്ചുനീട്ടുകയോ ചെയ്യുന്ന വിമർശനരീതി കൃഷ്ണൻനായർക്ക് പഥ്യമായിരുന്നില്ല. മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെയും സ്ട്രക്ച്ചറലിസത്തിന്റെയും  ഡീകൺസ്ട്രക്ഷന്റെയും ആധുനികവാദത്തിന്റെയും അത്തരം സൈദ്ധാന്തിക കട്ടിലുകൾ അദ്ദേഹം കൊടുംകാടുകളിലേക്ക് വലിച്ചെറിഞ്ഞു. “കേവലമായ കാവ്യാത്മകസൗന്ദര്യമായിരുന്നു കൃഷ്ണൻനായരുടെ സാഹിത്യനിരൂപണത്തിന്റെ മാനദണ്ഡവും അളവുകോലും” എന്ന് കവി  തിരുനല്ലൂർ കരുണാകരൻ നിരീക്ഷിക്കുന്നുണ്ട്. അപാരമായ ഓർമശക്തിക്കുടമയായിരുന്നു അദ്ദേഹം. ധാരളം നോവലുകളും ക്ലാസിക്കുകളും വായിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് ഏറെ താല്‍പര്യം. നോവലിലാണ് ജീവിതാവബോധവും ദർശനവും കുടികൊള്ളുന്നതെന്നദ്ദേഹം പറയുമായിരുന്നു. “അപാരമായ വായനക്കാരൻ” എന്നാണ് കൃഷ്ണൻനായരെ മാധവിക്കുട്ടി വിശേഷിപ്പിച്ചത്. വിക്ടർ യൂഗോയുടെ ‘പാവങ്ങൾ’ 19 പ്രാവശ്യം കൃഷ്ണൻനായർ വായിച്ചതായി എൻ.ഇ.സുധീർ രേഖപ്പെടുത്തുന്നുണ്ട്. തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് അദ്ദേഹം പുസ്തകം വാങ്ങാനായി മാറ്റിവച്ചിരുന്നു. അദ്ദേഹത്തിന്റെ ഹോം ലൈബ്രറിയിൽ ഏകദേശം 75,000-ത്തിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്നു. (മാർക്സിന്റെ സ്വകാര്യലൈബ്രറിയിൽ ആയിരത്തിൽ താഴെ പുസ്തകങ്ങളെ ഉണ്ടായിരുന്നുള്ളൂ എന്ന് ഓർക്കുക.) ഉന്നതസാഹിത്യം മുതൽ ലളിതമായ പൾപ്പ് ഫിക്ഷൻ വരെ – അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നു.


അദ്ദേഹത്തിന്റെ സാഹിത്യവാരഫലക്കോടതിയിലെ ജഡ്ജ്മെൻറുകളും ഓർഡറുകളും വായിക്കാൻ ആസ്വാദനലോകം  അതീവജാഗ്രതയോടെയും ആകാംഷയോടെയും  കൗതുകത്തോടെയുമാണ് കാത്തിരുന്നത്. ഗ്രീക്ക് പുരാണത്തിലെ പ്രൊമിത്യൂസിനെപ്പോലെ, കൃഷ്ണൻനായർ യൂറോപ്യൻ, ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അറിവിന്റെ അഗ്നി മലയാളത്തിലെ സാധാരണവായനക്കാർക്ക് പകർന്നുനൽകി. അതുപോലെ, മലയാളസാഹിത്യത്തിലെ മാലിന്യംനിറഞ്ഞ ഈജിയൻതൊഴുത്ത് വൃത്തിയാക്കിയ ഹെർക്കുലീസുമായിരുന്നു അദ്ദേഹം. സാഹിത്യവാരഫലപംക്തി ഏറെക്കുറെ പിന്നിട്ടപ്പോഴേക്കും ഒരു സിനിമാതാരത്തെപ്പോലെ പ്രശസ്തനും ശ്രദ്ധേയനുമായി മാറിയിരുന്നു കൃഷ്ണൻനായർ.


സാഹിത്യനിരൂപണ വിമർശനത്തിൽ കൃഷ്ണൻനായർ വച്ചുപുലർത്തിയ ബുദ്ധിപരമായ സത്യസന്ധതയും ആരുടെയും മുഖം നോക്കാതെയുളള നിശിതമായ വിമർശനവുമാണ് സാഹിത്യവാരഫലപംക്തിയെ അത്യന്തം ജനകീയമാക്കിയത്. കാൾ മാർക്സിന്റെ അന്ത്യയാത്രയിൽ വെറും പതിനൊന്നുപേർ മാത്രമാണ് പങ്കെടുത്തത് എന്നതുപോലെ, കൃഷ്ണൻനായർക്ക് യാത്രാമൊഴി നൽകാനെത്തിയ സാഹിത്യകാരന്മാരുടെ എണ്ണവും വിരലിലെണ്ണാവുന്നത്ര മാത്രമായിരുന്നു. ഈ കുറഞ്ഞ പങ്കാളിത്തം അവരുടെ ജീവിതത്തിന്റെ മഹത്വത്തെയും അതുല്യമായ സംഭാവനകളെയും കൂടുതൽ പ്രകാശമാനമാക്കുന്നു.