യു.ജി.സിയുടെ കരട് നിർദേശങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖല ചലനാത്മകമാക്കും – ഡോ. സാബു തോമസ്

യു.ജി.സിയുടെ കരട് നിർദേശങ്ങൾ  ഉന്നതവിദ്യാഭ്യാസ മേഖല ചലനാത്മകമാക്കും – ഡോ. സാബു തോമസ്

യുവതലമുറയുടെ വൈവിധ്യമാർന്ന അഭിരുചികളെയും കഴിവുകളെയും ഫലപ്രദമായി പ്രയോജനപ്പെടുത്തി, നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ കൂടുതൽ ചലനാത്മകവും അന്താരാഷ്ട്ര നിലവാരമുള്ളതുമാക്കുന്നതിന് ഘടനാപരവും വീക്ഷണപരവുമായ പരിവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്.


ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ ഗുണനിലവാരവും സാമൂഹിക പങ്കാളിത്തവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി പുതിയ മാർഗനിർദേശങ്ങളുടെ കരട്  ദേശവ്യാപകമായ അക്കാദമിക ചർച്ചകൾക്കും നിർദേശങ്ങൾക്കും വേണ്ടി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) ചെയർമാന്റെ സാന്നിധ്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഈ വർഷമാദ്യം പുറത്തുവിട്ടിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത്, കൂടുതല്‍ ചലനാത്മകമായ ഭാവി വിഭാവനംചെയ്യുക എന്നതാണ് യു.ജി.സി ലക്ഷ്യംവയ്ക്കുന്നത്. 


പ്രധാനമായും കോളെജ് അധ്യാപക നിയമനം, സ്ഥാനക്കയറ്റം, വൈസ് ചാൻസലർ നിയമനം തുടങ്ങിയ കാര്യങ്ങളിലാണ് സുപ്രധാനമായ മാറ്റങ്ങൾ നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഈ പരിഷ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിവർത്തനങ്ങൾക്കും നൂതനാശയങ്ങൾക്കും ആവിഷ്കാരങ്ങൾക്കും കൂടുതൽ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നു നിസ്സംശയം പറയാം.


നിലവിലുള്ള വ്യവസ്ഥ പ്രകാരം, മൂന്നുമുതൽ അഞ്ചുവരെ അംഗങ്ങൾ അടങ്ങിയ ഒരു സെർച്ച് കമ്മിറ്റിയാണ് സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, വൈസ് ചാൻസലർ നിയമനങ്ങൾ പലപ്പോഴും വിവാദങ്ങൾക്കും നിയമപരമായ നടപടികൾക്കും വിഷയീഭവിക്കാറുണ്ട്. പുതിയ കരട് നിർദേശത്തിൽ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള അധികാരം പൂർണമായും ചാൻസലർക്ക് നൽകുന്നു. ചാൻസലർ നിയമിക്കുന്ന മൂന്നംഗ സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളെല്ലാം സർവകലാശാലയുമായോ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായോ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലാത്ത പ്രമുഖ വ്യക്തിത്വങ്ങളായിരിക്കണം. അവർ നിലവിൽ ചാൻസലർമാരോ, ഡയറക്ടർമാരോ അല്ലെങ്കിൽ മുൻപ് ഈ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളവരോ ആയിരിക്കണം എന്നു നിഷ്കര്‍ഷിക്കുന്നു.


സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി അധ്യക്ഷനും, യു.ജി.സി. ചെയർമാന്റെ പ്രതിനിധിയും സർവകലാശാലയുടെ ഉന്നതസമിതി നിർദേശിക്കുന്ന പ്രഗത്ഭരായ അക്കാദമിക് വിദഗ്ദ്ധനും ഉണ്ടായിരിക്കും. ഈ ഘടന വൈസ് ചാൻസലർ സ്ഥാനാർഥികളെ കണ്ടെത്തുന്നതിലും ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിലുമുള്ള നിർണായക പ്രക്രിയയിൽ എല്ലാ പ്രധാന പങ്കാളികൾക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ്. കൃത്യമായ മാനദണ്ഡങ്ങളും ചിട്ടയായ നടപടിക്രമങ്ങളും രൂപീകരിക്കേണ്ടതും, ഈ പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കാൻ ഒരു കേന്ദ്രിതസംവിധാനം അനിവാര്യമാണെന്നതും ഈ മേഖലയുടെ ശുദ്ധീകരണത്തിന് അത്യാവശ്യമാണ്.


പൊതുഭരണം, വ്യവസായ സ്ഥാപനം, പൊതു നയരൂപീകരണ സ്ഥാപനം, പൊതുമേഖലാ സ്ഥാപനം തുടങ്ങിയ മേഖലകളിലെ ഉയർന്ന തസ്തികകളിൽ പത്ത് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അക്കാദമികമായ അടിത്തറയും പരിഗണിച്ച് വൈസ് ചാൻസലർ സ്ഥാനത്തേക്ക് പ്രഫഷണലുകളെക്കൂടി ഉൾപ്പെടുത്തുന്നത് യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കുന്നതിനുള്ള ഒരു നല്ല നിർദേശമാണ്. സർവകലാശാലകൾ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് ഉത്തേജകശക്തിയായി പ്രവർത്തിക്കേണ്ട ഈ കാലഘട്ടത്തിൽ, വിവിധ മേഖലകളിൽനിന്നുള്ള ഭരണപരമായ വൈദഗ്ദ്ധ്യം സ്വീകരിക്കുന്നത് ഗുണകരവും അനിവാര്യവുമാണ്. വിജ്ഞാനസമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന കേരളത്തിന് വ്യവസായ ആവശ്യകതകളെയും നയപരമായ ചട്ടക്കൂടുകളെയും കുറിച്ച് വ്യക്തമായ ധാരണയുള്ള വൈസ് ചാൻസലർമാരുടെ സാന്നിധ്യം വളരെയധികം പ്രയോജനം ചെയ്യും. പ്രമുഖ അന്താരാഷ്ട്ര സർവകലാശാലകൾ പലപ്പോഴും വ്യവസായവിദഗ്ധരുടെ ഉപദേശം സ്വീകരിക്കുന്ന രീതി പിന്തുടരുന്നതുപോലെ, ഈ മാനദണ്ഡം 21-ാം നൂറ്റാണ്ടിലെ സർവകലാശാലകളുടെ വികസിച്ചുവരുന്ന ദൗത്യത്തെ പ്രായോഗികമായി അംഗീകരിക്കുന്നതിനു തുല്യമാണ്. ഇതിനെ അക്കാദമികകാര്യങ്ങളിലെ കൈകടത്തലായി തള്ളിക്കളയുന്നത്, ആധുനിക ഉന്നതവിദ്യാഭ്യാസത്തിന്റെ ഇന്റർ ഡിസിപ്ലിനറി സ്വഭാവത്തെ  വിലയിരുത്തുന്നതിലെ പിഴവും ഒരു സങ്കുചിതകാഴ്ചപ്പാടുമാണ്.


കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവകലാശാലകളിൽ ഒരു ഏകീകൃത തിരഞ്ഞെടുപ്പ് രീതി നടപ്പിലാക്കാൻ യു.ജി.സി. മുന്നോട്ടുവരുന്നത് പ്രശംസനീയമായ മറ്റൊരു കാര്യമാണ്. സുതാര്യതയും ഏകീകൃതസ്വഭാവവും സ്വയംഭരണത്തിന് പ്രതിബന്ധമല്ല; മറിച്ച്, നീതിയും ന്യായവും അടിസ്ഥാനമായ ഒരു ഭരണസംവിധാനം കെട്ടിപ്പടുക്കുന്നതിന്നുള്ള അടിത്തറയായി വർത്തിക്കും. എല്ലാ സർവകലാശാലകളിലും കൃത്യവും സുതാര്യവുമായ തിരഞ്ഞെടുപ്പുരീതി ഉറപ്പുവരുത്തുന്നത്, പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുന്നതിനും ആരോഗ്യകരമായ മത്സരബുദ്ധി വളർത്തുന്നതിനും അത്യാവശ്യമാണ്.  പ്രത്യേക സംസ്ഥാന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഏകീകൃത രീതിയെ എതിർക്കുന്നവരുടെ വാദഗതികൾ പലപ്പോഴും തുല്യ അവസരങ്ങൾക്കും യോഗ്യതാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പിനുമുള്ള മൗലികതത്വങ്ങളെ അവഗണിക്കുന്നതിനു തുല്യമാണ്.


തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ ഭരണപരമായ കാര്യക്ഷമത, നേതൃത്വപാടവം, സഹകരണ വൈദഗ്ദ്ധ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നത് ഉചിതമായ സമീപനമാണ്. ഒരു വൈസ് ചാൻസലർ എന്നത് കേവലം അക്കാദമിക കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു ഭരണകർത്താവ് എന്നതിലുപരി ഒരു വലിയ സ്ഥാപനത്തിന്റെ മുഖ്യ കാര്യനിർവഹണ ഉദ്യോഗസ്ഥൻ കൂടിയാണ്. ആധുനിക സർവകലാശാലാഭരണത്തിന്റെ സങ്കീർണമായ വെല്ലുവിളികളെ തരണംചെയ്യാൻ വിവിധങ്ങളായ കഴിവുകൾ അദ്ദേഹത്തിന് അനിവാര്യമാണ്. അക്കാദമിക മികവിന് മാത്രം മുൻഗണന നൽകി ഈ മാനദണ്ഡങ്ങളെ അവഗണിക്കുന്നത് ഇന്നത്തെ സർവകലാശാലാ പശ്ചാത്തലത്തിൽ ഒരു വൈസ് ചാൻസലർ നിറവേറ്റേണ്ട ബഹുമുഖകർത്തവ്യങ്ങളെ വിലകുറച്ചു കാണുന്നതിനു തുല്യമാകും.


വിദ്യാഭ്യാസരംഗത്ത് വളർച്ചയും വൈവിധ്യവും കൊണ്ടുവരാനുള്ള മുന്നൊരുക്കങ്ങൾ കരടുവിജ്ഞാപനത്തിലുണ്ട്. മികവാർന്ന തിരഞ്ഞെടുപ്പ് രീതി പിന്തുടരുന്നതും, സ്ഥാനാർഥികളുടെ സംഭാവനകളും, വിപുലമായ അക്കാദമിക സ്വാധീനവും പരിഗണിച്ച് അവരെ വിലയിരുത്തുന്നതിന് സമിതികളെ അനുവദിക്കുന്നതും യോഗ്യതാധിഷ്ഠിത സമ്പ്രദായത്തോടുള്ള യു.ജി.സിയുടെ ആത്മാർഥതയുടെ തെളിവായി വേണം കരുതാൻ. കേവലം സംഖ്യാപരമായ അളവുകോലുകൾക്കപ്പുറം, ഓരോ സ്ഥാനാർഥിയുടെയും അക്കാദമിക സംഭാവനകളുടെ ആഴവും പരപ്പും വിലയിരുത്തുന്നത് വിവേകപൂർണവും സൂക്ഷ്മവുമായ ഒരു സമീപനമാണ്.


വൈസ് ചാൻസലർ  നിയമനത്തിനായുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ നിർദിഷ്ട മാർഗനിർദേശങ്ങൾ അധികാരപരിധി ലംഘിച്ചുകൊണ്ടുള്ളതല്ല, മറിച്ച് നമ്മുടെ സർവകലാശാലകളുടെ ഭരണ നേതൃത്വത്തെ കൂടുതൽ ശക്തമാക്കുന്നതിനുതകുന്ന സന്ദർഭോചിതമായ ഒരു ഇടപെടലാണ് എന്നാണ് ഞാൻ കരുതുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗണ്യമായ മുന്നേറ്റത്തിനൊരുങ്ങുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം, ഈ മാർഗനിർദേശങ്ങൾ സർവകലാശാലകളുടെ നിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സഹായകമായ ഒരു സുപ്രധാന അവസരമാണ് നൽകുന്നത്. യോഗ്യതാധിഷ്ഠിത സമ്പ്രദായം, സുതാര്യത, സമഗ്രമായ  നേതൃത്വ തിരഞ്ഞെടുപ്പ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യു.ജി.സി., കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഉന്നത വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിന് ഒരു നല്ല അടിത്തറ പാകുകയാണ്. അതുകൊണ്ടുതന്നെ ഈ പുരോഗമനപരമായ നടപടികൾ സ്വീകരിക്കേണ്ടതും, അവയുടെ ഫലപ്രദമായ നടത്തിപ്പിനായി കൂട്ടായി പ്രവർത്തിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. സർവകലാശാലകളുടെ സ്വയംഭരണാധികാരവും ജനാധിപത്യപരമായ ഭരണരീതിയും കൂടുതൽ  ശക്തിപ്പെടുത്താൻ ഇത് സഹായകമാകും.


(ലേഖകന്‍: കോട്ടയം, മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ)