ലിംഗനീതി കേരളവും മാറണം – തുളസി കെ. രാജ്

ലിംഗനീതി  കേരളവും മാറണം – തുളസി കെ. രാജ്

തൊഴിലിടങ്ങളിലെ അസമത്വം സമൂഹത്തിൽ നാം കണ്ടുവരുന്ന വിവേചനത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ്. ആണിനും പെണ്ണിനും വളരെ കർശനമായ കല്പനകൾ നൽകുന്ന ഒരു സമൂഹത്തിൽ തൊഴിലിടങ്ങളിൽ മാത്രം ലിംഗസമത്വം ഉണ്ടാവുക എന്നുള്ളത് എളുപ്പമായ കാര്യമല്ല.കേരളത്തിലെ ലിംഗസമത്വത്തെക്കുറിച്ച് ഒരു അവബോധം നൽകുന്നതിനും, കൂടുതൽ ചർച്ചകൾക്കും, പ്രവർത്തനങ്ങൾക്കും പ്രേരിപ്പിക്കുന്ന ലേഖനം.


ആരോഗ്യം, സാക്ഷരത, ജീവിതനിലവാരം എന്നീ മേഖലകളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീപുരുഷ അസമത്വം കേരളത്തിൽ താരതമ്യേന കുറവാണെങ്കിലും പല  തട്ടുകളിലും ലിംഗസമത്വം മലയാളികൾക്ക് നേടിയെടുക്കാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. സമൂഹത്തിലെ പല മേഖലകളിലും അസമത്വം വളരെ പ്രകടമാണ്. സിനിമ മേഖലയിൽ തുല്യതയ്ക്കായി സ്ത്രീകൾ നടത്തുന്ന പോരാട്ടം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ  പ്രസിദ്ധപ്പെടുത്തലിൽ എത്തിനിൽക്കുന്നു. റിപ്പോർട്ടും തുടർന്നു നടന്ന ചർച്ചകളും നമ്മുടെ സാംസ്കാരിക ചരിത്രത്തിലും സിനിമ ചരിത്രത്തിലും ഒരു വഴിത്തിരിവാണ്. മലയാളസിനിമയിലെ ലിംഗപരമായ അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും ഒരു യഥാർഥ ചെറുചിത്രം ആദ്യമായി പൊതുചർച്ചയിൽ കൊണ്ടുവരാനായി എന്നുള്ളതാണ് റിപ്പോർട്ടിന്റെ പ്രാധാന്യം. സിനിമയിൽ മാത്രമല്ല മറ്റു സാംസ്കാരിക രംഗങ്ങളിലും ഇത്തരം റിപ്പോർട്ടുകൾ വരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച വിഷയങ്ങൾ ചർച്ചചെയ്യണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. റിപ്പോർട്ടിനുശേഷം പല മാധ്യമചർച്ചകളും വാർത്തകളും സിനിമയിലെ ലൈംഗിക അതിക്രമത്തിലേക്ക് ചുരുങ്ങിപ്പോയെങ്കിലും നമ്മുടെ സാംസ്കാരിക അന്തരീക്ഷം എത്രത്തോളം സ്ത്രീ സൗഹാർദപരമാണ് എന്നു ചർച്ചചെയ്യാനുള്ള ഒരവസരംകൂടിയാണ് റിപ്പോർട്ട് നമുക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നത്.


നൈജീരിയൻ എഴുത്തുകാരിയായ ചിമാമാന്റെ അഡിച്ചി (Chimamanda Adichie) ഫെമിനിസം എന്ന പദത്തിനുപകരം മനുഷ്യാവകാശം എന്ന പദം ഉപയോഗിച്ചാൽപ്പോരേ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഇങ്ങനെയാണ്: ഫെമിനിസം തീർച്ചയായും മനുഷ്യാവകാശങ്ങളുടെ ഭാഗമാണ്; എന്നാൽ, മനുഷ്യാവകാശങ്ങൾ എന്നുള്ള അവ്യക്തമായ പദപ്രയോഗം ഒരു ലിംഗത്തിന്റെ പ്രത്യേകമായ പ്രശ്നത്തെ നിഷേധിക്കലാണ്. ഈ ബോധ്യത്തോടുകൂടിവേണം സ്ത്രീസമത്വത്തെ പറ്റിയുള്ള ഏതു ചർച്ചയും നാം ആരംഭിക്കുവാൻ.


അലിഖിത നിബന്ധനകളും സ്ത്രീ പ്രാതിനിധ്യവും


‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന മലയാളസിനിമയുടെ ഹിന്ദി റീമേക്കായ ‘മിസ്സിസ്’  ബോളിവുഡിൽ ഇതിനകംതന്നെ ഒരുപാട് ചർച്ചകൾക്കു വിധേയമായിട്ടുണ്ട്. വളരെ സാധാരണയായി സ്ത്രീകൾ അടുക്കളയിൽ ജോലിചെയ്യുന്നതിന് സിനിമയാക്കാൻ മാത്രം എന്താണുള്ളത് എന്നതാണ് ഉയർന്നുവരുന്ന ചോദ്യങ്ങളിൽ ഒന്ന്.  വളർന്നുവരുമ്പോൾമുതൽ ഓരോ പെൺകുട്ടിക്കും നാം കല്പിച്ചുകൊടുക്കുന്ന വളരെ നിശിതമായ ഒരു ചട്ടക്കൂടുണ്ട്. എങ്ങനെ ഇരിക്കണം എന്നും ഏതു വേഷം ധരിക്കണമെന്നും ആരോട് സംസാരിക്കണമെന്നും എങ്ങനെ ഒരു ഉത്തമകുടുംബിനി ആകാമെന്നും തുടങ്ങിയ ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണത്. ചെയ്യുന്ന ജോലികൾമുതൽ ഇഷ്ടാനിഷ്ടങ്ങൾവരെ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ കല്പിച്ചുകൊടുക്കുന്ന ഒരു സമൂഹത്തിൽത്തന്നെയാണ് നാം ഇപ്പോഴും ജീവിക്കുന്നത്. അഭേദ്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള അത്തരം നിയന്ത്രണങ്ങൾക്കിടയിലേക്കാണ് മേൽപ്പറഞ്ഞ സിനിമകൾ വരുന്നത്. മലയാളിക്ക് വളരെ പരിചിതവും പഴമയേറിയതുമായ ലിംഗഭേദങ്ങളെയാണ് അത്തരം നൂതനാശയങ്ങൾ തകർത്തെറിയുന്നത്. അതിലൂടെ അഭ്യസ്തവിദ്യരെന്നു  സ്വയം അഹങ്കരിക്കുന്ന മലയാളികളുടെ കാപട്യവും പൊള്ളത്തരവും പൊളിച്ചുകളയുന്നുണ്ട് സിനിമ. സിനിമ നിർണായകമായ ഒരു സാമൂഹിക ഉപകരണം ആകുന്നത് ഇത്തരം ഇടപെടലുകളിലൂടെയാണ്.  


പുരുഷാധിപത്യം നിറഞ്ഞ ഒരു സമൂഹത്തെ പെട്ടെന്നുതന്നെ അസ്വസ്ഥമാക്കാൻ അത്തരം ഇടപെടലുകൾക്ക് കഴിയുന്നുമുണ്ട്. തൊഴിലിടങ്ങളിലെ അസമത്വം സമൂഹത്തിൽ നാം കണ്ടുവരുന്ന വിവേചനത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ്. ആണിനും പെണ്ണിനും വളരെ കർശനമായ കല്പനകൾ നൽകുന്ന ഒരു സമൂഹത്തിൽ തൊഴിലിടങ്ങളിൽ മാത്രം ലിംഗസമത്വം ഉണ്ടാവുക എന്നുള്ളത് എളുപ്പമായ കാര്യമല്ല.  


സിനിമ,കല,സാഹിത്യം എന്നു തുടങ്ങി ഏതു മേഖലയിലും ആവട്ടെ സ്ത്രീകൾ സംസാരിക്കുന്നതിനും പെരുമാറുന്നതിനും എഴുതിവച്ചിട്ടില്ലാത്തതും എന്നാൽ കർക്കശമായതുമായ സാമൂഹിക നിബന്ധനകളുണ്ട്. നേതൃസ്ഥാനങ്ങളിൽ പുരുഷന്മാർ ആയിരിക്കണമെന്ന ശാഠ്യവും വരുന്നത് ഈ ചിന്താശൈലിയിൽനിന്നാണ്.


അഭിഭാഷകവൃത്തിയിലെ സ്ത്രീസാന്നിധ്യത്തെക്കുറിച്ച് നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബാംഗ്ലൂരിൽ സംഘടിപ്പിച്ച  ഒരു വർക്ക് ഷോപ്പിൽ ഈയിടെ ഈ ലേഖിക പങ്കെടുക്കുകയുണ്ടായി. പല കണക്കുകൾക്കിടയിൽ അഭിഭാഷകരുടെയും ന്യായാധിപന്മാരുടെയും ഇടയിലെ സ്ത്രീ പ്രാതിനിധ്യവും ചർച്ചയ്ക്ക് വിധേയമായി. ഉദാഹരണത്തിന്, കണക്കുകൾ അനുസരിച്ച്, എൻറോൾചെയ്യുന്ന സ്ത്രീ അഭിഭാഷകരുടെ എണ്ണം മൊത്തത്തിന്റെ 15% മാത്രമാണ്. ഇന്ത്യയിലെ പല ഹൈക്കോടതികളിലായുള്ള 788 ന്യായാധിപരിൽ 107 പേർ, അതായതു 13% മാത്രമാണ് സ്ത്രീകൾ.(ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, കൃഷ്ണ പി. എസിന്റെ സെപ്റ്റംബർ 2024-ലെ    റിപ്പോർട്ട് ) ഈയിടെ ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ബാർ അസോസിയേഷനുകളും ബാർ കൗൺസിലുകളും ‘ഓൾഡ് ബോയ്സ് ക്ലബ്’ ആണെന്ന് ശരിയായി അഭിപ്രായപ്പെടുകയുണ്ടായി.


മറ്റു തൊഴിലിടങ്ങളിലും സാംസ്കാരിക മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. സിനിമ സംഘടനകളുടെ നേതൃത്വനിരയിലും അസോസിയേഷനുകളിലും സ്ത്രീപ്രാതിനിധ്യം വളരെ കുറവാണ്. ഈ വിഷയംതന്നെയാണ് ഹേമകമ്മിറ്റിയുടെ റിപ്പോർട്ടിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സിനിമയുടെ നിർമാണം, സംവിധാനം, സാങ്കേതികവശം, വിതരണം എന്നീ മേഖലകളിലും സ്ത്രീകളുടെ എണ്ണം കുറവാണ്. ഇതു തീർച്ചയായും സ്ത്രീകളുടെ സർഗാത്മക കുറവുകൊണ്ടല്ല. മറിച്ച്, ഒരു തൊഴിലിടം എന്നുള്ള രീതിയിൽ സിനിമ സ്ത്രീകൾക്ക് അപരിചിതമാവുന്നതുകൊണ്ടുതന്നെയാണ്. ദൃശ്യമാധ്യമരംഗത്തും അച്ചടിമാധ്യമരംഗത്തും എഡിറ്റോറിയൽ പദവികളിൽ സ്ത്രീകൾ വരുന്നത് വിരളമാണ്. മലയാളത്തിലെ ഏറ്റവും പ്രമുഖ പത്രങ്ങളുടെയും ആഴ്ചപ്പതിപ്പുകളുടെയും എഡിറ്റർമാരുടെയും അല്ലെങ്കിൽ അവയിലെ എഴുത്തുകാരുടെയും എണ്ണം പരിശോധിക്കുകയാണെങ്കിൽ അപൂർവമായാണ് സ്ത്രീസാന്നിധ്യം കാണപ്പെടുക. സ്ത്രീകളുടെ സാമൂഹികമായ ഈ അസാന്നിധ്യംകൊണ്ടുതന്നെയാണ് സ്ത്രീസംവരണം തുല്യതയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർദേശമായി മുന്നോട്ടു വന്നിട്ടുള്ളത്. സംവരണം ഇല്ലാതെ സാമൂഹികഘടകങ്ങൾകൊണ്ട് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് ലിംഗസമത്വം എന്ന ധാരണ മാറ്റേണ്ടിയിരിക്കുന്നു. ഭരണഘടന നിലവിൽവന്നതിനുശേഷം എഴുപത്തഞ്ചോളം വർഷങ്ങൾ പിന്നിട്ടെങ്കിലും സാംസ്കാരികരംഗത്തെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ നമുക്ക് ഒട്ടേറെ മുന്നേറാനായിട്ടില്ല.


നിയമവും നീതിയും


തൊഴിലിടങ്ങളിലും കല, സാഹിത്യം തുടങ്ങിയ മേഖലകളിലും കൃത്യമായ നിയമ നിയന്ത്രണങ്ങൾ ഇല്ല എന്നതുതന്നെയാണ് വിവേചനവും അസമത്വവും തുടരാനുള്ള പ്രധാന കാരണം.  പ്രതിവർഷം നൂറുകണക്കിന് കോടി രൂപ വരുമാനം ഉണ്ടാക്കുന്ന സിനിമ വ്യവസായം ആകട്ടെ, മാധ്യമരംഗമാകട്ടെ, ജോലിസ്ഥലത്തെ നിയന്ത്രണങ്ങൾ ഓരോ കമ്പനിയുടെയും സ്ഥാപനത്തിന്റെയും സ്വയംഭരണത്തിന് വിട്ടുകൊടുത്തിരിക്കുന്ന അവസ്ഥയാണുള്ളത്. ഇത് നിർഭാഗ്യകരമാണ്. സ്ത്രീ സുരക്ഷയെ സംബന്ധിച്ചാണെങ്കിൽ 2013-ലാണ് ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള നിയമം നിലവിൽവന്നത്. എങ്കിലും ഇപ്പൊഴും പല മേഖലകളിലും ഈ നിയമം യഥാവിധി നടപ്പിലാക്കിയിട്ടില്ല. നിയമപ്രകാരം ഒരു ആന്തരിക പരാതികമ്മിറ്റി ജോലിസ്ഥലങ്ങളിൽ രൂപീകരിക്കേണ്ടതുണ്ട്. ഒരു ലൈംഗികാതിക്രമം നടക്കുകയാണെങ്കിൽ ഒരു സ്ത്രീക്ക് ഈ കമ്മിറ്റിയെ പരാതിയുമായി സമീപിക്കാം. എന്നാൽ, കമ്മിറ്റി, തൊഴിൽ ഉടമകളുടെയും കുറ്റവാളികളുടെയും സ്വാധീനത്തിൽനിന്നും ഇടപെടലുകളിൽനിന്നും മുക്തമാണ് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. സിനിമയിലും മാധ്യമ-സാഹിത്യരംഗങ്ങളിലും കൃത്യമായ കരാറുകൾ ഇല്ല എന്നുള്ളതും നിയമത്തിന്റെ കർശനമായ ചട്ടക്കൂട് നിലവിലില്ല എന്നുള്ളതും ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും ആക്കം കൂടുന്നു. പരസ്പരം അംഗീകരിക്കുന്നതിൽ മലയാളിക്കുള്ള പൊതു വിമുഖതയും സ്ത്രീകളുടെ കഴിവുകളെയും കഴിവുള്ള സ്ത്രീകളെയും ഇകഴ്ത്തുന്ന ഒരു പ്രത്യേക പങ്ക് നിർവഹിക്കുന്നുണ്ട്.


ഇന്ത്യൻ ഭരണഘടന നിലവിൽവരുന്നതിന് ഒരു ദിവസം മുൻപ് ഡോ. ബി. ആർ. അംബേദ്കർ പറഞ്ഞത് ഇങ്ങനെ: “1950 ജനുവരി 26 വൈരുധ്യങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. രാഷ്ട്രീയത്തിൽ നമുക്ക് തുല്യതയും എന്നാൽ, സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ അസമത്വവും ആണുണ്ടാവുക. രാഷ്ട്രീയത്തിൽ നാം ‘ഒരു വോട്ട് ഒരു മൂല്യം’ എന്ന തത്വം അംഗീകരിക്കും. എന്നാൽ, നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ നാം ഈ തത്വം നിഷേധിക്കുന്നത് തുടരും.” അംബേദ്കറുടെ ഈ ആകുലത സ്ത്രീ സമത്വത്തിന്റെ കാര്യത്തിൽ ഏറെ പ്രസക്തമാണ്.


ഭരണഘടനയിലെ പതിനാലാം അനുച്ഛേദം തുല്യത ഉറപ്പുനൽകുന്നു പതിനഞ്ചാം അനുച്ഛേദം ലിംഗപരമായ വിവേചനം നിരോധിക്കുന്നു. എന്നാൽ, സാമൂഹിക അസമത്വം ഭരണഘടനയ്ക്കുമാത്രം പരിഹരിക്കാവുന്ന ഒന്നല്ല. അതിന് ഭരണകൂടത്തിന്റെ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുടെ ഒരു കൂട്ടായ ശ്രമം ആവശ്യമാണ്. കേരള സിലബസിലെ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ അടുക്കളയിൽ ജോലിചെയ്യുന്ന അച്ഛന്റെ ചിത്രവും ഉൾപ്പെടുത്തിയത് വിപ്ലവാത്മകരമായിരുന്നു.  ഇത്തരം ചെറിയ – വലിയ തുടക്കങ്ങളാണ് മാറ്റങ്ങൾക്ക് നാന്ദി കുറിക്കുക.


(ലേഖിക: സുപ്രീംകോടതി അഭിഭാഷക)