ദ്രാവക ആധുനികതയും വിഭ്രാന്തിയുടെ മലയാളിലോകവും – ഡോ. സെബാസ്റ്റ്യൻ ജോസഫ്

ദ്രാവക ആധുനികതയും  വിഭ്രാന്തിയുടെ മലയാളിലോകവും   –  ഡോ. സെബാസ്റ്റ്യൻ ജോസഫ്

സമകാലിക കേരളീയസമൂഹത്തിൽ ദ്രുതഗതിയിൽ സംഭവിക്കുന്ന സാംസ്കാരികവും, സാമൂഹികവും, ബൗദ്ധികവുമായ മാറ്റങ്ങളെക്കുറിച്ചുള്ള ഒരു വിമർശനാത്മക പഠനം. ആഗോളവൽക്കരണം, സാങ്കേതികവിദ്യയുടെ അതിപ്രസരം, ഉപഭോക്തൃ സംസ്കാരം എന്നിവ മലയാളിസമൂഹത്തിൽ വരുത്തിയ പരിവർത്തനങ്ങളെയും, അതിന്റെ ഭാഗമായി പൊതുചിന്താഗതിക്കും, വിമർശനാത്മക ബോധത്തിനും സംഭവിക്കുന്ന ശോഷണത്തെയും ഈ ലേഖനത്തിൽ വിലയിരുത്തുന്നു. പരമ്പരാഗത മലയാളിത്തനിമയുടെ സ്വത്വം നഷ്ടപ്പെടുന്നതിനെക്കുറിച്ചും, ചിന്തിക്കുന്ന സമൂഹത്തിൽനിന്ന് ചിന്തയില്ലാത്ത ഉപഭോക്താക്കളായി മലയാളി മാറുന്നതിനെക്കുറിച്ചുമുള്ള ആശങ്കകൾ പങ്കുവയ്ക്കുന്ന ലേഖനം.


എല്ലാ മാധ്യമങ്ങളും നമ്മുടെ ജീവിതങ്ങളെ കൃത്രിമദൃശ്യങ്ങളാൽ സമ്പന്നമാക്കാനും യാദൃച്ഛികമൂല്യങ്ങൾ നിക്ഷേപിക്കാനുമുള്ള ഉപകരണങ്ങളാണ്. മാർഷൽ മക് ലൂഹൻ


മലയാളിയുടെ സംസ്കാരം രൂപപ്പെട്ടത് ചരിത്രപരമായ സാമൂഹിക/രാഷ്ട്രീയ/സാമ്പത്തികവ്യവഹാരങ്ങളിലൂടെയും,  ഭൂമിശാസ്ത്രപരമായി സവിശേഷതയുള്ള ഒരു പ്രദേശമെന്ന നിലയ്ക്കുമാണ്. മലയാളിത്തം/മലയാളിത്തനിമ എന്ന വിശേഷണങ്ങളൊക്കെ അതിന്റെ വ്യതിരക്തതകൊണ്ടുതന്നെ ഒരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരവുമാണ്. അറബിക്കടലും, നദികളും, പശ്ചിമഘട്ട പർവതനിരകളുമൊക്കെ നമ്മുക്കു സമ്മാനിച്ച ഒരു പ്രദേശത്തനിമയാണ് മലയാളിയുടെ സംസ്കാരത്തിലെ കാതൽ. പാശ്ചാത്യവ്യാപാരത്തിലൂടെയും, മിഷണറിവിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയും മലയാളിക്കു കൈവന്ന വൈജ്ഞാനിക വ്യതിരക്തത, ഇപ്പോഴും മലയാളിയെ മുന്നോട്ടു നയിക്കുന്ന ശക്തമായ ചരിത്ര ചാലകശക്തിയാണ്. സ്വന്തമായി ചിന്തിക്കുവാൻ സാധിച്ച മലയാള അറിവൊളി (നവോത്ഥാനമെന്ന് ചിലർ വിളിക്കുന്ന) നായകന്മാരാണ്, സ്വതന്ത്ര വിമർശ സാമൂഹികബോധത്തിന്റെ വിത്തുപാകൽ നടത്തിയ ആദ്യ മലയാളി പൊതുബുദ്ധിജീവികൾ. കാന്റ് പറയുന്ന നവോത്ഥാനചിന്തയുടെ കാതലായ ചിന്തിക്കുവാനുള്ള ധൈര്യം ആദ്യം കാണിച്ചുകൊടുത്തവർ. ഇങ്ങന മലയാളിയുടെ സാംസ്കാരികമായ വേറിട്ട ചിന്തകളുടെയും, വൈജ്ഞാനിക വ്യവഹാരങ്ങളുടെയും ഫലമായാണ് മലയാളിയുടെ ആധുനിക സാമൂഹികബോധം പൊതുമണ്ഡലത്തിലെ പ്രതിരോധത്തിന്റെയും, പ്രതിഫലനാത്മകമായ ചിന്തയുടെയും വിളനിലമായി മാറിയത്. വിമർശചിന്തയുടെ വലിയ പിൻബല പാരമ്പര്യമൊന്നുമില്ലാതെ മലയാളി നേടിയെടുത്ത മാനവികതാബോധത്തിന്റെയും, രാഷ്ട്രീയബോധത്തിന്റെയും തട്ടിലാണ് മലയാളിത്തനിമയുടെ ആവിഷ്കാരങ്ങൾ അരങ്ങേറിയത്.


സംസ്കാരിക ആഗോളവൽക്കരണം, സ്വകാര്യവൽക്കരണം, വാണിജ്യവൽക്കരണം 90-കൾക്കുശേഷം ആഗോളതലത്തിൽ സൃഷ്ടിച്ചെടുത്ത ഒരുതരം നവ ഉപഭോക്തൃസംസ്കാരത്തിന്റെ അലയടികൾ ഏറ്റവും പ്രതിഫലിച്ചുകാണുന്ന പ്രദേശവും മലയാളികളുടെ കേരളംതന്നെയാണ്. പുതുതായെത്തുന്ന സാങ്കേതിക, സാംസ്കാരിക ഉല്പനങ്ങളെയും, വാണിജ്യ ആശയങ്ങളെയും പെട്ടന്നുതന്നെ സ്വീകരിക്കുന്ന ഒരു മലയാളി മനസ്സ്, മേൽപ്പറഞ്ഞ, വിമർശ സാമൂഹികബോധത്തിന്റെ കണികപോലും ഇല്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തിയോ എന്നത് ഏവരെയും ഭയപ്പെടുത്തുന്ന ചിന്തയാണ്. മലയാളിക്കെന്തു സംഭവിച്ചു? മലയാളിത്തനിമയുടെ സ്വത്വത്തെ മലയാളി ഉപേക്ഷിച്ചുവോ? ബൗദ്ധികപ്രവർത്തനങ്ങളിൽ നിരന്തരമായി ഏർപ്പെട്ടിരുന്ന മലയാളി വെറും ഗാഡ്ജെറ്റുകളാൽ നിയന്ത്രിക്കുന്ന, ചിന്തിക്കാത്ത സമൂഹമായി പരിവർത്തനപ്പെട്ടു പോയോ? ഇത്, മലയാളിയുടെ മാത്രം പ്രശ്നമാണോ, അതോ ആഗോളതലത്തിൽ രൂപപ്പെട്ട സാങ്കേതിക സംവിധാനങ്ങളാൽ തളയ്ക്കപ്പെട്ട ചിന്താമണ്ഡലത്തിന്റെ പ്രകൃതമാണോ, എന്നാലോചിക്കുന്നത് വളരെ പ്രസക്തമായ പ്രശ്നമാണ്.


ഇല്ലാതാവുന്ന പൊതുചിന്ത/ ചിന്താമണ്ഡലം


നാമൊക്കെ കുറച്ചു കാലങ്ങൾക്ക് മുമ്പുവരെ തികഞ്ഞ അവജ്ഞതയോടുകൂടി കണ്ടിരുന്ന ഒരു പ്രയോഗമാണ്, ബുദ്ധിജീവികൾ എന്നത്. എന്തിനെയും സാധാരണ മനുഷ്യന്, പൗരന്, ഗ്രഹിക്കാൻ പറ്റാത്ത ഭാഷയിൽ സംവേദിക്കുകയും, ആശയങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്ന കുറെയേറെ മ്യൂസിയംപീസുകൾ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്നവർ. ആശയങ്ങളെ ഭയക്കാതിരുന്ന കാലത്ത് അവർ ബുദ്ധിജീവികളും, ആശയങ്ങളെ, ശാസ്ത്രീയ ബോധ്യത്തിൽനിന്നും പഠന/ഗവേഷണ മേഖലകളിൽനിന്നും ഉയർന്നുവന്ന ആശയങ്ങളെ പ്രസരിപ്പിക്കുന്നവരെ ഭയക്കുന്നകാലത്ത് അവർ രാജ്യദ്രോഹികളുമായി മാറുന്ന കാഴ്ചയാണ് വർത്തമാന ഇന്ത്യയിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ആശയ ഉർവരതയെന്നത്, തികച്ചും, ഫാസിസ്റ്റ് വിരുദ്ധ മണ്ഡലമായി കാണാൻ തുടങ്ങിയിട്ട് കാലമേറെ ആയിരിക്കുന്നു. ചിന്തിക്കാത്ത, പ്രതികരിക്കാത്ത, ആശയങ്ങൾ പ്രകടിപ്പിക്കാത്ത, ന്യൂട്രലൈസ്ഡ് പൗരന്മാർ, ശാസ്ത്രീയ ഗവേഷണരംഗത്തു പോലും, വസ്തുനിഷ്ഠമായ ചിന്തകളെ മറക്കാൻ പ്രേരിപ്പിക്കുന്ന വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇരകളും/ പ്രജകളുമായി മാറിയിരിക്കുന്ന അവസ്ഥയാണ് നാം അഭിമുഖീകരിക്കുന്ന നഗ്നസത്യം. ഇത്, ഇന്ത്യയുടെമാത്രം പൊതുവായ പ്രകൃതമല്ലയെങ്കിലും,സവിശേഷമായ ഒരു ഇന്ത്യൻ അവസ്ഥയും, സന്ദർഭവും ആശയ ഉർവരതയെ നിർജീവമാക്കുന്ന കാഴ്ചകളാണ് നാം കാണുന്നത്.


ആശയങ്ങൾ ഉണ്ടാവുന്നതെങ്ങനെയാണ്?


വ്യവസ്ഥാപരമായി പുലർത്തിപോന്നിരുന്ന വിജ്ഞാനമാതൃകകളെയും, ചട്ടക്കൂടുകളെയും അപഗ്രഥിച്ച്, നിരാകരിച്ച്, നിർമിക്കുന്ന ജ്ഞാനരൂപങ്ങളാണ് ആശയങ്ങളുടെ നിലപാടുതറയുടെ അടിസ്ഥാനം. ചിന്തിക്കാനൊരു മനസ്സ് എങ്ങനെ പരുവപ്പെട്ടു വരുന്നു എന്നത് പ്രത്യേകം പഠനവിഷയമാക്കേണ്ട സാമൂഹികവസ്തുതയാണ്. ആശയ ഉർവരത എന്നത്  തികച്ചും സാങ്കേതികവൽക്കരിക്കപ്പെട്ട കാലത്ത് നിന്നുകൊണ്ട് ആശയനിർമിതിയുടെ വ്യത്യസ്ത ആവിഷ്ക്കാരങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്, ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും, അത്തരത്തിലുള്ള ചിന്തകൾ, മാർട്ടിൻ ഹൈഡഗർ പറഞ്ഞ, ചിന്തിക്കാത്ത സമൂഹത്തിന് (unthinking society) അനിവാര്യമാണ്. എല്ലാക്കാലത്തും ചിന്തിക്കുന്ന സമൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ചിന്തകൾ സാമൂഹികമണ്ഡലത്തിലെ സവിശേഷമായ  കുടമാറ്റങ്ങൾക്ക് വിധേയപ്പെട്ടത് പൊതുമണ്ഡലത്തിന്റെ ആവിർഭാവത്തിലൂടെയാണ്. യുർഗൻ ഹാബർമാസ്, അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ, പൊതുമണ്ഡലത്തിന്റെ ഘടനാപരമായ രൂപാന്തരീകരണം (Structural Transformation of the Public Sphere) എന്ന ഗ്രന്ഥത്തിൽ സ്വകാര്യ മണ്ഡലങ്ങളിൽനിന്നു പൊതുമണ്ഡലത്തിന്റെ ജനിതകമാറ്റം അപഗ്രഥിക്കുന്നുണ്ട്. ഹാബർമാസിന്റെ പ്രധാനവാദങ്ങൾ ഇവയൊക്കെയാണ്:


പതിനെട്ടാം നൂറ്റാണ്ടിലെ ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ഉദയം (ഫ്രാൻസ്, ഇംഗ്ലണ്ട്), സലോണുകൾ, കോഫി ഹൗസുകൾ, വായനാ സമൂഹങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്നുയർന്നുവന്ന പൊതുചർച്ചകൾ, പൊതുമണ്ഡലത്തിന്റെ രൂപീകരണത്തിലെ അച്ചടിമാധ്യമങ്ങളുടെ പങ്ക്, മൂലധനശക്തികളുടെ വരവിനോടൊപ്പം പൊതുമണ്ഡലത്തിന്റെ മാറ്റവും അതിനൊപ്പം ഉയർന്ന വിപണിയധിഷ്ഠിത ക്യാപിറ്റലിസം പൊതുചർച്ചകളെ വാണിജ്യവൽക്കരിക്കുകയും ചെയ്തപ്പോൾ മാധ്യമങ്ങൾ വിനോദോപാധിയെന്നവണ്ണം അധഃപതിക്കുകയുംചെയ്തു. ഇരുപതാംനൂററാണ്ടിൽ നാം കാണുന്നത് അടിസ്ഥാനം പൊളിഞ്ഞ (debased public sphere) പൊതുമണ്ഡലമെന്നാണ് ഹാബർമാസ് വാദിക്കുന്നത്. ഹാബർമാസിന്റെ ചിന്തയ്ക്കൊപ്പം, അദ്ദേഹത്തിന്റെ ഫ്രാങ്ക്ഫർട്ട് സ്കൂളിൽപ്പെട്ട ഹോർക്കീ മെറും, അഡോർണോയും പറഞ്ഞ സംസ്കാരവ്യവസായമെന്ന (culture industry) എന്ന ആശയംകൂടി ചേർത്തുവച്ചു വായിക്കുമ്പോൾ ഇന്നത്തെ പൊതുമണ്ഡലത്തിന്റെ തകർച്ച വ്യക്തമാകും. കച്ചവട, മൂലധന  താൽപര്യങ്ങൾക്കനുസരിച്ച് വാർത്തകൾ സൃഷ്ടിക്കുന്ന ഒരു വ്യവസായ സംസ്കാരവ്യവസ്ഥയുടെ സമഗ്രാധിപത്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് ചിന്തയെ തല്ലിക്കെടുത്തുന്ന അവസ്ഥയ്ക്കു കാരണമായി.


ചിന്തയില്ലാതാകുന്നതും, പൊതു അഭിപ്രായ രൂപവൽക്കരണത്തിന്റെ തട്ടകമായ മണ്ഡലങ്ങൾ ക്ഷയിക്കുന്നതും, പൊതു ബുദ്ധിജീവികളുടെ വംശനാശത്തിനു കാരണമാകുന്നു. ഇത്, വ്യക്തിപരമായ ഒരു പ്രശ്നമല്ല. വ്യവസ്ഥാപരമായ മാറ്റങ്ങൾ മൂലം സംഭവിക്കുന്ന രൂപാന്തരീകരണമാണ്. സംസ്കാരമെന്നത്, ഒരോ കാലഘട്ടത്തിന്റെയും രാഷ്ട്രീയ,സാമ്പത്തിക, സാംസ്കാരിക മേഖലകളുടെ തനിമ വെളിപ്പെടുത്തുന്ന സംജ്ഞയാണ്. അത് അതിൽത്തന്നെ നിലനിൽക്കുന്ന, കെട്ടുറപ്പുള്ള ഒരു ഘടനയല്ല. വർത്തമാന കാലഘട്ടത്തിലെ സംസ്കാരം ദ്രാവക ആധുനികതയുടെ   (Liquid modern condition) അല്ലെങ്കിൽ ദിനംപ്രതി രൂപംമാറുന്ന ക്യാപിറ്റലിസ്റ്റ് സംവിധാനത്തിന്റെ പ്രതിഫലനമാണ്. കണ്ണാടിയിൽത്തെളിയുന്നമാത്രയിൽ അത് മറ്റൊന്നായി മാറും. ഒരു ആശയരൂപീകരണത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ അതു മറ്റൊരാശയമായി മാറുന്ന ചിന്തയുടെ വിഭ്രാന്തിപരത്തുന്ന കാലത്താണ് നാം ഇന്നു നിൽക്കുന്നത്.


മാധ്യമ മാസ്മരികത’: മാധ്യമ ധർമത്തിന്റെ രൂപാന്തരീകരണം


ഇതിൽ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരുന്ന ഘടനയാണ് മാധ്യമസംസ്കാരം. ഈയടുത്ത കാലത്ത് പുറത്തിറങ്ങിയ ഡോ.ജോർജ് സെബാസ്റ്റ്യന്റെ, മാധ്യമമാസ്മരികതയിൽ, മുന്നോട്ടുവയ്ക്കുന്ന പ്രധാനനിരീക്ഷണം എന്തുകൊണ്ടും ശ്രദ്ധേയമാണ്: സത്യത്തിൽ മൂല്യങ്ങളില്ല എന്നുള്ളതല്ല ഇന്നിന്റെ പ്രശ്നം; അതിന്റെ കുഴമറിച്ചിലാണ്. സത്യം, സ്നേഹം, നീതി സമത്വം എന്നീ അടിസ്ഥാനമൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കും, ബോധ്യങ്ങൾക്കും വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സംസ്കാരത്തിൽ എന്നും നിലനിൽക്കുന്ന മൂല്യങ്ങളെ എങ്ങനെ നിലനിറുത്താമെന്നതാണ് കാതലായ പ്രശ്നം. ഇതു വളരെ പ്രസക്തമായ നീരീക്ഷണവും വാദമുഖവുമാണ്. ഈ കുഴമറിച്ചിലിനും മാധ്യമ കച്ചവട തന്ത്രങ്ങൾക്കും മാധ്യമങ്ങളല്ല ഉത്തരവാദികൾ, മാധ്യമ കച്ചവടതന്ത്രങ്ങളാണ്. അത് നയിക്കുന്ന വ്യവസായ ഭീമൻമാരാണ്. പുതിയ രുചിബോധങ്ങളെ സൃഷ്ടിക്കുന്ന കോർപ്പറേറ്റ് ഭീമന്മാരായ കൊക്കോകോളയും, കെ.എഫ്.സിയും, മാക്ഡോണാൾഡുമൊക്കെ ചെയ്യുന്ന രുചിമാറ്റത്തിന്റെ മാധ്യമരസതന്ത്രമാണ് മാധ്യമ കച്ചവടവൽക്കരണത്തിന്റെ ഏറ്റവും പുതിയ മാതൃക. ഇത്, മാധ്യമങ്ങളുടെ സമൂലമായ മൂല്യവ്യവസ്ഥയെ അട്ടിമറിക്കുന്ന അവസ്ഥയിലൊന്നുമെത്തിയിട്ടില്ല. മറിച്ച്, ചിന്തിക്കാൻ മെനക്കെടാത്ത, ധൈര്യപ്പെടാത്ത നവമലയാളി മനസ്സിനെ നിർമിക്കുകയാണ്. സാന്ദർഭികമായി, കേരളം, പത്തൊൻപതാംനൂറ്റാണ്ടിന്റെ പകുതിക്കുശേഷവും, ഇരുപതാംനൂററാണ്ടിന്റെ തുടക്കത്തിലും കണ്ടനുഭവിച്ച ചിന്താമണ്ഡലത്തിന്റെ ഉഗ്രശക്തിയെ മറന്നു തുടങ്ങിയപോലെ തോന്നുന്നു. ഈയടുത്ത കാലത്ത്, ജെ. ദേവിക എഴുതിയ ഒരു ലേഖനത്തിൽ മാത്രമാണ്, ഗ്രീഷ്മയുടെ വിഷപ്രയോഗത്തിന്റെ, കുലസ്ത്രീബാന്ധവത്തെ അപഗ്രഥിച്ചുകണ്ടത്. അല്ലാത്തിടങ്ങളിലെല്ലാം, അതിലെ നാടകീയരംഗങ്ങൾക്ക് മിഴിവേറുന്ന മാധ്യമ-ചിന്താ പ്രവർത്തനങ്ങളാണ് നടന്നത്. ഒരു സംഭവത്തിന്റെ, ഉൾക്കാമ്പിലേക്കു കടന്നുചെന്നു ചിന്തിക്കുവാനുള്ള ധൈര്യം, ജാതി, മത, ലിംഗ ബോധ്യങ്ങൾതന്നെ തട്ടിത്തെറിപ്പിക്കുന്ന അവസ്ഥ.


മാർക്കോ ഇഫക്ട് എന്തു പറയുന്നു?


ഈയടുത്തകാലത്ത് മലയാളത്തിലറങ്ങിയ മാർക്കോ എന്ന ചലചിത്രംതന്നെ പഠനവിധേയമാക്കേണ്ട ഒന്നാണ്. കൊല്ലുന്ന സിനിമാറ്റിക് ഫാക്ടറി എന്നാണ് ഞാൻ ആ ചിത്രത്തെ വിശേഷിപ്പിക്കുവാൻ ആഗ്രഹിക്കുന്നത്. നിരന്തരമായിട്ട് പകപോക്കലും കൊല്ലലും നടക്കുന്ന ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്നത് കേരളത്തിന്റെ മറ്റൊരു മനോഭാവത്തെയാണ്. രക്തംകണ്ടാൽ ഭയന്നു വിറയ്ക്കുന്നവർപോലും വലിയ ആവേശത്തോടെയാണ് മാർക്കോയെ എതിരേറ്റത്. എന്താണോ ഭയക്കുന്നത്, അതുതന്നെ കാണുവാനും കേൾക്കുവാനും അവർ അതിയായി ആഗഹിക്കുന്നു. പുതിയകാല സാങ്കേതികസംവിധാനങ്ങളും, പ്രചരണ തന്ത്രങ്ങളും, ഇവിടെ ചലച്ചിത്രത്തെ ഒരു ജനപ്രിയ സ്റ്റാൻഡേർഡൈസ്ഡ് ഉൽപന്നമാക്കി മാറ്റുന്നു. ഇവിടെയാണ് മാനവിക മൂല്യങ്ങളുടെ പുനഃസംഘാടനം നടക്കുന്നത്. ഇതു കാണുന്ന പ്രേക്ഷകർ നാളെ സമൂഹത്തിലെ കൊലപാതികളായി മാറുകയല്ല,  മറിച്ച് യഥാർഥജീവിതത്തിൽ അവർ കാണുന്ന/കേൾക്കുന്ന ക്രൂരതയുടെ ഇരകൾ മാത്രമായി മാറുന്നു. കേരളത്തിന്റെ മനോഭാവമാറ്റത്തിന് പ്രധാന കാരണം, മാധ്യമങ്ങളുടെ അതിരുകടന്ന ആവിഷ്കാരങ്ങളല്ല, മറിച്ച്, തകിടം മറിഞ്ഞ മൂല്യങ്ങളെ മനസ്സിലാക്കുവാനുള്ള സാമൂഹികസാക്ഷരതയുടെ കഴിവില്ലായ്മയാണ്. മറ്റൊരു വീക്ഷണകോണിലൂടെ നോക്കിയാൽ, മാധ്യമസാക്ഷരതയുടെ കുറവുതന്നെയാണ്. എൻജിനീയറിംഗും, മെഡിസിനും, ബിസിനസ് മാനേജ്മെന്റും പഠിപ്പിക്കുവാനുള്ള മലയാളിവ്യഗ്രത, ചിന്തിക്കുന്ന യുവമനസ്സുളെ സൃഷ്ടിക്കുന്നത് വെറും പാപ്പരത്തമായി കണ്ടതിന്റെ ദുർവിധി കൂടിയാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന വലിയ സാമൂഹികപ്രശ്നം, ബൗദ്ധിക പ്രശ്നമെന്ന് ഉറപ്പിച്ചു പറയാം.