നാം നാളെയുടെ നാണക്കേട്* – പി.എഫ്.മാത്യൂസ്

നാം നാളെയുടെ നാണക്കേട്* –  പി.എഫ്.മാത്യൂസ്

സമകാലിക കേരളീയസമൂഹത്തിലെ ധാർമികജീർണത, മൂല്യച്യുതി, മാധ്യമസ്വാധീനം, അധികാര ദുർവിനിയോഗം, പണാധിപത്യം തുടങ്ങിയ വിഷയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന ലേഖനം.  


ജീവിക്കുന്ന മനുഷ്യർക്കിടയിൽ ഇല്ലാത്ത തുല്യത മരിച്ചവർക്കിടയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു കഥാപാത്രമാണ് മരപ്പാഴ്. പെരുവഴിയിൽ അനാഥമായി കാണപ്പെടുന്ന ശവശരീരം ശേഖരിച്ച് സെമിത്തേരിയിലെ സമ്പന്നരുടെ കുഴിമാടം തുറന്ന് അതിൽ സംസ്കരിച്ചുകൊണ്ടാണ് ഈ തുല്യത കൈവരിക്കാൻ അയാൾ ശ്രമിച്ചത്. അനാഥശവങ്ങളെ അത്ര എളുപ്പത്തിൽ കിട്ടാനിടയില്ല എന്നു തിരിച്ചറിഞ്ഞപ്പോൾ സദാചാരഗുണ്ടകൾ അടിച്ച് കാനയിലേക്കിട്ട മനുഷ്യനെ കൊല്ലാൻപോലും അയാൾ തയ്യാറാകുന്നു. മൂങ്ങ എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയ മരപ്പാഴ്  എന്ന കഥയുടെ ബീജം എവിടെനിന്നു കിട്ടിയതാണെന്ന് ചിലർ ചോദിച്ചുവെങ്കിലും മറുപടി പറയുന്നതിനുപകരം ഈ കഥാപാത്രത്തെ വീണ്ടും വികസിപ്പിച്ച് കാണായ്മ എന്ന നോവലിൽ ഉൾപ്പെടുത്തുകയാണ് ഞാൻ ചെയ്തത്. നോവലിലേക്കുള്ള യാത്രയിൽ ആ കഥാപാത്രം കൂടുതൽ അക്രമാസക്തനായി മാറിയിരുന്നു.


അക്രമങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്ന സിനിമകൾപോലും കാണാത്ത ഒരാളാണ് ഇത് ചെയ്തത്. കഴിഞ്ഞവർഷം രചിച്ച മറ്റൊരു കഥയിൽ ദീർഘകാലം ഒരുമിച്ചുകഴിഞ്ഞ ഭാര്യയെ കുറ്റബോധമില്ലാതെ അനായാസം കൊന്നുകളയുന്ന ഒരു ഭർത്താവിനെ ചിത്രീകരിച്ചിട്ടുണ്ട്. നക്ഷത്രമില്ലാത്ത വീട് എന്നാണാ കഥയുടെ പേര്. ഈ കഥകൾ ഞാൻ അറിയാതെ എഴുതിപ്പോയതാണ്. സാഹിത്യചർച്ചയ്ക്കിടയിൽ ഒരു ചോദ്യം വന്നപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് ഞാൻ ചിന്തിച്ചതുതന്നെ. ജീവിതത്തിൽനിന്ന് സംഭരിച്ചതും സ്വാംശീകരിച്ചതുമായ അനുഭവങ്ങളാണല്ലോ ഒരാളെക്കൊണ്ട് കഥകളും നോവലുമൊക്കെ എഴുതിപ്പിക്കുന്നത്. ജീവിതത്തിൽ ഇല്ലാത്തതൊന്നും ഞാൻ എഴുതിയിട്ടില്ല എന്ന സമാധാനമാണ് ചർച്ചയിൽ ഞാൻ പറഞ്ഞത്. ചുറ്റുവട്ടങ്ങളിൽനിന്ന് വീണുകിട്ടിയവ തന്റെ മാധ്യമത്തിലൂടെ പരിവർത്തിപ്പിച്ച് ഒരു കലാവസ്തുവാക്കിമാറ്റുകയാണ് ഒരു കലാകൃത്ത് ചെയ്യുന്നത്. അതുകൊണ്ടുതന്നെ എഴുത്തുകാരുടെയും കലാകൃത്തുക്കളുടെയും നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. സമൂഹത്തിലേക്കു വരുന്ന കലാസൃഷ്ടികളെക്കാളും പ്രാധാന്യവും സ്വാധീനവും വാർത്താമാധ്യമങ്ങൾക്കുണ്ട്. ടെലിവിഷൻവാർത്തകളിൽ അക്രമവാർത്തകൾ ചിത്രീകരിക്കുന്നത് ആക്രമാസക്തമായ സിനിമകളിലെ എഡിറ്റിംഗ് രീതിയും പശ്ചാത്തലസംഗീതവും ഉപയോഗിച്ചാണ്. കൂടുതൽ ആളുകളെ വാർത്താ ഉൽപന്നത്തിലേക്ക് ആകർഷിക്കാൻ വേണ്ടിയാണിതു ചെയ്യുന്നതെന്നു നമുക്കറിയാം. കൂടുതൽ ഉപഭോക്താക്കൾ, കൂടുതൽ പണം എന്ന കോർപ്പറേറ്റ് മൂല്യം മാത്രമാണ് ഇവിടെ ഭരിക്കുന്നത്. ദിവസവും ഈ വാർത്തകൾ കാണാനിടയാകുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം ചേർന്നതാണ് നമ്മുടെ ചുറ്റുപാടുകളും സാധാരണജീവിതവും എന്ന മാനസികാവസ്ഥയിലെത്തുന്നു. ഈ വാർത്തകൾ വിപണനമൂല്യത്തിനായി എഡിറ്റിങ്ങിലൂടെയും സംഗീതത്തിലൂടെയും നാടകീയമാക്കി അവതരിപ്പിച്ചിരിക്കുകയാണെന്ന സത്യം തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്യും. അതാണ് മാധ്യമമുതലാളിയുടെ ദർശനവും കാഴ്ചപ്പാടും. നിർഭാഗ്യവശാൽ പണം എന്ന ഒരൊറ്റ ‘ദർശനം’ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.


അധികാരത്തിന്റെ തോളിൽ കൈയിട്ടു നിൽക്കുന്നതും മൂല്യംതന്നെയാണെന്ന് മുതിർന്ന ഒരു സാഹിത്യകാരൻ പ്രഖ്യാപിച്ചതിനു പിന്നാലെ ഭരണാധികാരിയെ പ്രകീർത്തിച്ചുകൊണ്ട് പാട്ടെഴുതിയ സർക്കാർ ജീവനക്കാരന് സ്ഥാനക്കയറ്റം കിട്ടി. ഈ വർഷത്തെ ആദ്യത്തെ സാംസ്കാരികഫലിതം ഉദ്ഘാടനംചെയ്യപ്പെട്ടത് അങ്ങനെ. അധികാരത്തിന്റെ ആൾരൂപമായ ഭരണാധികാരികൾ എക്കാലത്തും വൈതാളികർക്ക് പട്ടുംവളയും കൊടുത്തു ചേർത്തുനിറുത്തിയിരുന്നു. കുംഭകോണത്തിൽ പങ്കാളിയായതിന് വിചാരണനേരിടുന്ന മതമേലധ്യക്ഷൻ വിഷയത്തിൽനിന്ന് ഭക്തജനങ്ങളുടെ ശ്രദ്ധതിരിക്കാനായി ആരാധനാക്രമങ്ങളിലെ അഭിപ്രായഭിന്നത ചർച്ചയ്ക്കെടുത്ത് കലഹമുണ്ടാക്കുമ്പോഴും ഇതേ അശ്ലീലതയുണ്ട്. ചിലതു കാണുകയും ചിലതു കാണാതിരിക്കുകയും ചെയ്യുക എന്നത് ഈ കാലഘട്ടത്തിന്റെ ‘പത്രധർമവും പൗരധർമ്മ’വുമാണ്. ചിലരെ രക്ഷിക്കാനായി ചലച്ചിത്രമേഖലയിലെ സ്ത്രീസുരക്ഷാ റിപ്പോർട്ട് ദീർഘകാലം ഐസ് പെട്ടിയിൽ വച്ചതും ഗതികെട്ടപ്പോഴതു പുറത്തെടുത്ത് മാനംകാക്കാൻ നോക്കിയതുമെല്ലാം ഇക്കാലത്തെ ക്രൂരഫലിതങ്ങളാണ്. ഇന്ത്യക്കാരെ സൈനികവിമാനത്തിൽ കൈവിലങ്ങണിയിച്ച് നാടുകടത്തിയ വേളയിലും നിശ്ശബ്ദനായി നോക്കിയിരുന്ന ഭരണാധികാരിയെ ചിത്രീകരിച്ച കാർട്ടൂൺ അപ്രത്യക്ഷമായതും ഇന്നത്തെ ഇന്ത്യയിൽ ഇതൊക്കെ സ്വാഭാവികമല്ലേ എന്നു നമ്മൾ നിസ്സാരവൽക്കരിച്ചതുമെല്ലാം എത്രമാത്രം അശ്ലീലമായി മാറിയിരിക്കുന്നു എന്നതിനു തെളിവാണല്ലോ. 


സത്യവും സൗന്ദര്യവും ആവിഷ്കരിക്കുന്ന എഴുത്താളെ ഇരുട്ടിൽ നിറുത്തി കൂടുതൽപ്പണം നേടുന്നയാൾ മാത്രമാണ് വലിയ സാഹിത്യകാരൻ എന്ന മട്ടിൽ വലിയൊരു വിഭാഗം വായനക്കാരും  ചിന്തിച്ചുതുടങ്ങി. പ്രസാധകരും മാധ്യമങ്ങളും ചേർന്ന് വിപണിവിജയം നേടിയ എഴുത്തുകാരന് കൂടുതൽ പ്രത്യക്ഷം കൊടുക്കാൻ മത്സരിക്കുകയും ചെയ്യുന്നു.  കലാകാരൻ പഴയകാലത്തെന്നതുപോലെ ഇക്കാലത്തും പട്ടിണിയിൽ ജീവിതം തുലയ്ക്കണം എന്നല്ല പറഞ്ഞുവരുന്നത്. പത്തുവർഷം മുമ്പ് വേദിയിൽ കാണികളോട് വിപ്ലവം പ്രസംഗിച്ച എഴുത്തുകാരൻ ഇപ്പോൾ അതേ വാഗ് ചാതുരിയോടെ പറയുന്നത് ജീർണിച്ച സാഹിത്യം എഴുതിയാണെങ്കിലും കോടികൾ സമ്പാദിക്കണം, ഈ സമൂഹത്തിന് നല്ല കല ആവശ്യമില്ല എന്നൊക്കെയാണ്. 


പണം മാത്രം എന്ന ലക്ഷ്യത്തിലേക്ക് സ്വാഭാവികമായി എത്തിപ്പെടുന്ന സാംസ്കാരികമായ അപചയത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നതെന്ന് വ്യക്തമാണ്. ഇത്തരം  ജീർണതകളെയും അധികാരാസക്തിയെയും മോടിപിടിപ്പിക്കാതെ അതിന്റെ ആശ്ലീലതയോടെ ആവിഷ്കരിച്ച ‘ധർമപുരാണം’ പോലെയുള്ള കൃതികൾ രചിക്കപ്പെട്ട നാടാണിതെന്നത് മാത്രമാണ് ആശ്വാസമായി മുന്നിലുള്ളത്.