കൈത്തഴക്കം തെളിയുന്ന കരവിരുതിന്റെ  വേറിട്ട ചാരുത – ഗോപി  മംഗലത്ത്

കൈത്തഴക്കം തെളിയുന്ന  കരവിരുതിന്റെ  വേറിട്ട ചാരുത – ഗോപി  മംഗലത്ത്

രാജ്യം പത്മശ്രീ നൽകി ആദരിച്ച ‘പാവങ്ങളുടെ വാസ്തുശില്പി’ എന്ന് അറിയപ്പെടുന്ന ബ്രിട്ടീഷ് വാസ്തുശില്പകാരൻ ലാറി ബേക്കറും ഭാര്യ ഡോ. എലിസബത്തും തിരുവനന്തപുരത്തെ നാലാഞ്ചിറയിലായിരുന്നു താമസിച്ചിരുന്നത്. അവർ ദത്തെടുത്ത് ജീവിതമാർഗം കാണിച്ചതിലൂടെ വളർന്ന ജി. രഘു ഇന്ന് ഇന്ത്യയിലെ പ്രമുഖ ശില്പികളിൽ ഒരാളാണ്. തനിക്ക് ജീവിതവും മേൽവിലാസവും നൽകിയ അവരെ അദ്ദേഹം ദൈവതുല്യം സ്മരിക്കുന്നു. രഘു ഇപ്പോൾ മധ്യപ്രദേശിലെയും ബംഗളൂരുവിലെയും സ്വന്തം സ്റ്റുഡിയോകളിൽ ശില്പകലയിൽ സജീവമാണ്.  ശില്പകലയില്ലാത്ത ഒരു ജീവിതം രഘുവിന് സങ്കല്പിക്കാൻപോലും കഴിയില്ല.


ബാല്യകാലത്ത് ഒരുവിധം ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കുടുംബത്തിലാണ് ജി. രഘുവും മൂത്ത അഞ്ചുപേരും അമ്മയുമുൾപ്പെടെ കഴിഞ്ഞത്. രണ്ടാമത്തെ വയസ്സിൽ അച്ഛൻ മരിച്ചു. അമ്മയാണ് രഘുവിനെ സ്കൂളിൽ ചേർത്തത്. രഘു അതൊന്നും അന്നത്തെ സാഹചര്യത്തിൽ നടക്കുമെന്നുപോലും കരുതിയതല്ല. അമ്മ ഒറ്റയ്ക്ക് ആറുമക്കളുടെ  കാര്യങ്ങൾ  എങ്ങനെ നോക്കിനടത്തിയെന്നോർക്കുമ്പോൾ ഇപ്പോഴും രഘു അത്ഭുതപ്പെടും. എട്ടാംവയസ്സിലാണ് രഘു ലാറി ബേക്കറെ കണ്ടുമുട്ടുന്നത്.


നാലാഞ്ചിറയിൽ  ലാറി ബേക്കർ വാങ്ങിച്ച സ്ഥലം ഒരു കുന്നായിരുന്നു. അതിനൊന്നും കോട്ടംതട്ടാതെ, ഒരു ഉറൂമ്പിനെപ്പോലും നോവിക്കാതെയാണ്  അദ്ദേഹം വീടുവച്ചത്. ലെപ്രസി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്നു എലിസബത്ത് ബേക്കർ. അവർ കുട്ടികള്‍ക്ക് കളിക്കാൻ ലാറി ബേക്കർ ഉപയോഗിച്ചശേഷം കളഞ്ഞ പേപ്പർ, കളർ പെൻസിൽ ഒക്കെ കൊണ്ടുവരുമായിരുന്നു. രഘുവിന് കിട്ടുന്ന കടലാസില്‍ അപ്പപ്പോൾ തോന്നുന്നത് വരച്ച് അവർക്കുതന്നെ തിരികെ കൊടുക്കുമായിരുന്നു. അവർക്കത് ഇഷ്ടപ്പെട്ടതിനാലാകാം ദീപാവലി പോലുള്ള ഉത്സവസമയത്ത് ഡോക്ടർ രഘുവിന് പ്രത്യേകതരം കുടങ്ങളും, കലവും നൽകി. രഘുവതിൽ മനോഹരമായ ഡിസൈനുകൾ കളറുപയോഗിച്ചു വരച്ചുചേർത്ത് തിരികെ നൽകി. രഘുവിന് പഠിക്കാനാവശ്യമായ പുസ്തകങ്ങളും വസ്ത്രങ്ങളും ഭക്ഷണവും ഡോക്ടർതന്നെയാണ് വാങ്ങിച്ചുകൊടുത്തിരുന്നത്.


ബേക്കറും ഭാര്യയും രഘുവിനോടെപ്പോഴും തിരുവനന്തപുരം പാളയത്തെ ഫൈനാർട്സ് കോളെജിൽ കല പഠിക്കാൻ പോകുന്നതിനെപ്പറ്റി പറയുമായിരുന്നു.  അവരുടെ നിര്‍ബന്ധപ്രകാരം രഘു അവിടെ  രണ്ടുതവണ പ്രവേശനപരീക്ഷ എഴുതിയെങ്കിലും കിട്ടിയില്ല. തിരുവനന്തപുരത്തുള്ളപ്പോൾ രഘു ഇടയ്ക്കിടെ ഫൈൻ ആർട്സ് കോളെജിൽ പോയി അവിടത്തെ വിദ്യാർഥികളുടെ പഠനരീതി കണ്ടുനിൽക്കും. ലൈഫ് സ്റ്റഡിയും, നേച്ചർസ്റ്റഡിയും, ക്ലേമോഡലിംഗും ക്രീയേറ്റീവ് ഡ്രോയിങും മോഡേൺ ആർട്ടും എന്താണെന്നതിനെക്കുറിച്ച്   പ്രാഥമികമായ അറിവെങ്കിലും നേടാൻ രഘുവിന്റെ ആ സന്ദർശനങ്ങൾകൊണ്ടാണ് സാധിച്ചത്. മൂന്നാംതവണ പരീക്ഷ എഴുതി റാങ്കോടെ പാസ്സായ രഘു തിരുവനന്തപുരം ഫൈനാർട്സ് കോളെജിലെ വിദ്യാർഥിയായി.


ആദ്യം ലാറി ബേക്കറും രണ്ടാമത് ഭോപ്പാൽ ഭാരത് ഭവനിലെ ജെ. സ്വാമിനാഥനുമാണ് രഘുവിന്റെ ജീവിതം വഴിതിരിച്ചുവിടുന്നത്. തിരുവനന്തപുരം ഫൈനാർട്സ് കോളെജിൽ പഠിക്കുമ്പോൾ ഭാരത് ഭവനിലെ സ്റ്റുഡന്റസ് റെസിഡൻസി ക്യാമ്പിലേക്ക് രണ്ടുപേരിൽ ഒരാളായി രഘുവിനെ തിരഞ്ഞെടുത്തു. അന്ന് ഭാരത് ഭവന്റെ നല്ല കാലഘട്ടമായിരുന്നു. പ്രമുഖരായ എല്ലാ കലാകാരന്മാരും അവിടെ സന്ദർശിക്കുമായിരുന്നു. രൂപന്തറിലാണ് ലളിതകലാ വിഭാഗം. അതിന്റെ തലവനായിരുന്നു ജെ. സ്വാമിനാഥൻ. രഘുവിന്റെ സ്റ്റോൺ കാർവിങ്  സ്വാമിനാഥൻ നിരന്തരം ശ്രദ്ധിക്കുമായിരുന്നു. ഒരുനാൾ അദ്ദേഹം രഘുവിനെ കണ്ടപ്പോൾ അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞാൽ ഭാരത് ഭവനിലേക്ക് വന്നോളൂ അവിടെ വർക്ക് ചെയ്യാൻ സൗകര്യമൊരുക്കാമെന്നു പറഞ്ഞു. അന്നത്തെകാലത്ത് ഭാരത് ഭവനിൽ വർക്ക് ചെയ്യുക എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. അതിനാൽ അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞയുടനെ രഘു ഭാരത് ഭവനിലെത്തി. രണ്ടുമാസം കഴിഞ്ഞ് പൈസ തീർന്നപ്പോൾ  ജെ. സ്വാമിനാഥൻ സ്കോളർഷിപ്പ് ശരിയാക്കി കൊടുത്തു.


’87, ’88 കാലഘട്ടങ്ങളിൽ പോട്ടറിയുടെ സ്വാധീനം വളരെയുണ്ടായിരുന്നു.  ഭാരത് ഭവനിൽ വച്ചാണ് രഘു സിറാമിക് ശില്പങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത്. തുടക്കത്തിൽ പലരും പുച്ഛിക്കുകയും സിറാമിക് ശില്പങ്ങൾക്ക് വില്പന ഉണ്ടാകില്ലെന്നും ഉപദേശിച്ചിരുന്നു. എന്നാൽ രഘു ചെയ്ത കുറച്ചു ശില്പങ്ങൾ രൂപാന്തർ കളക്ഷനിലേക്ക് ജെ. സ്വാമിനാഥൻ പൈസ കൊടുത്ത് വാങ്ങിച്ചപ്പോൾ സ്വന്തം വഴി തിരിച്ചറിഞ്ഞു.  രഘുവിന്റെ സിറാമിക് വർക്കുകളുടെ ആദ്യ പ്രദര്‍ശനം നടന്നത് മുംബൈ ജഹാംഗിർ ആർട്ട് ഗാലറിയിലായിരുന്നു. അന്നൊക്കെ ഇത്തരത്തില്‍ ഒരിടം കിട്ടാൻ ബുക്ക് ചെയ്ത് കാത്തിരിക്കണമായിരുന്നു. ഇതൊന്നും നോക്കാതെ രഘു കുറെ വർക്ക് ഫോട്ടോസും പ്രൊഫൈലുമായി നേരെ ബോംബേക്ക് പോയി ജഹാംഗിർ ആർട്ട് ഗാലറി ഡയക്ടറുമായി സംസാരിച്ചു. വളരെ തുറന്നമനസ്സോടെ വിശദമായി രഘു കാര്യങ്ങൾ അവതരിപ്പിച്ചു. എല്ലാം കേട്ട ഡയക്ടറർ പറഞ്ഞു: “നിങ്ങൾക്ക്   ജഹാംഗിർ ആർട്ട് ഗാലറിയെക്കുറിച്ചും ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചും ഒന്നുമറിയില്ല എന്നു മനസ്സിലായി. വളരെ നേരത്തെ ബുക്ക് ചെയ്തവർപോലും  ഇപ്പോഴും കാത്തിരിക്കുന്നു. നിങ്ങൾ ഇപ്പോൾ ബുക്ക് ചെയ്താൽ എന്നേക്കാവുമെന്ന് പിന്നീടറിയിക്കാം.” തന്റെ അവസ്ഥ മനസ്സിലാക്കി  വർക്ക് എക്സിബിറ്റു ചെയ്യാനുള്ള ഒരവസരം തരണമെന്ന് രഘു വീണ്ടും അപേക്ഷിച്ചു. അദ്ദേഹം അപ്പോൾ നല്ലൊരു അഭിപ്രായം പറഞ്ഞു: “ഇവിടെ ഉടനെ പ്രദർശനം നടത്തുന്ന ഏതെങ്കിലും ഒരു പെയിന്ററെ കാണൂ. അയാളുടെ ചിത്രങ്ങൾ ചുമരിലാണല്ലോ, നിങ്ങളുടെ ശില്പങ്ങൾ ഫ്ളോറിലും. ആരെങ്കിലും സമ്മതിച്ചാൽ ഞാനെന്തെങ്കിലും വഴിയുണ്ടാക്കാം.” അങ്ങനെ രഘു ഒരു ചിത്രകാരനെ കണ്ടെത്തി കാര്യം പറഞ്ഞു. അയാൾ സമ്മതിച്ചു. ഗാലറിക്കാർ ഉടനെ അയാളുടെ സമ്മതം എഴുതി വാങ്ങിച്ചു. അങ്ങനെ രഘുവിന്റെ സിറാമിക് ശില്പങ്ങളുടെ പ്രദർശനം അവിടെ നടന്നു. മിക്കവാറും ശില്പങ്ങളും ആളുകൾ വാങ്ങിച്ചുകൊണ്ടുപോയി.


പലരും രഘുവിനോട് പറയാറുണ്ട്, ‘കുട്ടിത്തവും നിഷ്കളങ്കതയും നിറഞ്ഞുനിൽക്കുന്ന ശില്പങ്ങൾ കാണാൻ തന്നെ രസമാണ്. കൊച്ചുപിള്ളേർ ചെയ്തപോലെ തോന്നും…’ അതിനെക്കുറിച്ച് രഘുതന്നെ പറയുന്നു:  ട്രൈബ്സിന്റെ കപടതയില്ലായ്മ എന്റെ വർക്കിലും കടന്നുവന്നതാകാമെന്ന് കരുതുന്നു. എന്നെ അടുത്തറിയുന്നവർക്കറിയാം ഞാൻ ഒരുപാട് കാര്യങ്ങളിൽ വിവരമില്ലാത്തവനാണ് എന്ന്. സത്യത്തിൽ എനിക്ക് ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിൽ താൽപര്യമില്ല എന്നതാണ് വാസ്തവം. അത്  ലോകത്തോ, ഇന്ത്യയിലോ, കേരളത്തിലോ  ആയിക്കോട്ടെ  പലതിലും ഞാൻ വലിയ ശ്രദ്ധ കൊടുക്കാറില്ല. ഞാൻ രാവിലെ സ്റ്റുഡിയോയിൽ എത്തിയാൽപ്പിന്നെ അതാണെന്റെ ലോകം. വർക്കിനെകുറിച്ചുമാത്രമാണെന്റെ ചിന്തയും പ്രവൃത്തിയും. മറ്റു പല ആർട്ടിസ്റ്റുകളും ഒത്തിരികാര്യങ്ങളിൽ ഇടപെടുന്നു, ചർച്ചചെയ്യുന്നു, ഗ്രൂപ്പായി വർക്ക് ചെയ്യുന്നു. ഇതിലൊന്നും എന്നെ കാണില്ല. ഞാൻ എന്റെ വർക്കിനെ മാത്രം കൂടുതൽ സ്നേഹിക്കുന്നു. കൂടുതൽ മെച്ചപ്പെടുത്താൻ നോക്കുന്നു.


തിരുവനന്തപുരത്തു കോളെജ് ഓഫ് ഫൈൻ ആർട്സിൽ പഠിക്കുമ്പോൾ ഞാനധികം വർക്ക് ചെയ്തിരുന്നില്ല. അതിനുള്ള താല്‍പര്യമോ മനസ്സോ പാകപ്പെടുത്താൻ പറ്റിയ അന്തരീഷം എന്റെ കാര്യത്തിലുണ്ടായിരുന്നില്ല. ആദ്യകാലം മുതൽ ധാരാളം സ്കെച് ചെയ്യുമായിരുന്നു. അതിൽ ചിലതിനെ എടുത്ത് ഡ്രോയിങ് പൂർത്തീകരിക്കുമായിരുന്നു. പിന്നീടാണ് ചെറിയരൂപത്തിൽ ശില്പത്തിലേക്ക് കൊണ്ടുവരുന്നത്. ഇത് വലുതാക്കി ശില്പം ചെയ്യുമ്പോൾ മാറ്റങ്ങൾ വരുത്തുമായിരുന്നു. മാറ്റം അതാതുകാലത്തെ സാഹചര്യവും, മോഡേൺ കോൺസെപ്റ്റും, വ്യക്തിത്വവും, പ്രകൃതിയിലെ  വ്യതിയാനവും മൂലം സംഭവിക്കാം. എന്റെ എല്ലാ വർക്കുകളും ഇന്ത്യൻ ഗ്രാമങ്ങളിലെയും, മധ്യപ്രദേശിലെയും, വയനാട്ടിലെയും ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള പഠനങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇപ്പോഴും പ്രധാന ആശയം ഇന്ത്യൻ ട്രൈബൽസാണ്. ഇനി ശില്പങ്ങളിലെ രൂപങ്ങളെപ്പറ്റി പറയുകയാണെങ്കിൽ  മനുഷ്യരൂപങ്ങള്‍ക്കൊപ്പം പശുക്കൾ, പൂച്ച, പക്ഷി, പട്ടി ഇങ്ങനെയുള്ള ജന്തുക്കളുടെ ഒരു നിരതന്നെ കാണാൻ കഴിയും. ഇവയുമായി നല്ലൊരു ബന്ധം മനുഷ്യർക്ക് വരുന്നുണ്ട്. ഒന്നില്ലെങ്കിൽ മറ്റൊന്നിന് നിലനിൽക്കാൻ കഴിയില്ല. ഒരുതരം പരസ്പര ബന്ധുത്വം ഇതിന്റെയൊക്കെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. നമ്മുടെ ലോകത്ത് മനുഷ്യനും മൃഗങ്ങളും പക്ഷികളും ഒത്തുരുമയോടെ ജീവിക്കണമെങ്കിൽ പരസ്പരം സ്നേഹത്തോടെയുള്ള ബന്ധം വേണം. അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങൽ ഇല്ലെങ്കിൽ എങ്ങനെ ലോകം മുന്നോട്ടുപോകും? ഇങ്ങനെ ജീവിക്കാൻ കഴിയില്ല. അതനുസരിച്ചാണ് ഞാൻ വർക്ക് ചെയ്യുന്നത്. ചില സമയത്ത് പ്രത്യേക വിഷയങ്ങൾ കേന്ദ്രികരിച്ചു വർക്ക് ചെയ്യാറുണ്ട്. ഒരേ വിഷയത്തിൽ  ആറുമാസങ്ങൾ തുടങ്ങി  രണ്ടുവർഷങ്ങൾവരെ ചിലപ്പോൾ വർക്ക് തുടരാറുണ്ട്. എന്നാലും ഈ വിഷയത്തിൽ അതാതുസമയം തോന്നുന്ന ക്രിയാത്മകമായ  മാറ്റങ്ങൾ ഉൾപ്പെടുത്താറുണ്ട് .


“ഗർഭിണിയായ സ്ത്രീ’ എന്ന ശില്പം രഘു വളരെ മുൻപേ ചെയ്തതാണ്. പിന്നീട് അദ്ദേഹം ആ വിഷയം വീണ്ടും ചെയ്തിട്ടില്ല. ഗർഭിണിയായ സ്ത്രീയെ ശില്പത്തിൽ കൊണ്ടുവരാം, പക്ഷേ, അവരുടെ ഉദരത്തിൽ കിടക്കുന്ന കുട്ടിയുടെ രൂപവും ഭാവങ്ങളും ഓരോ സമയത്തെ ചലനങ്ങളും എങ്ങനെ പുറത്ത് കാണിക്കാൻ കഴിയും എന്നതിനെപ്പറ്റി പഠിച്ച് വളരെ ശ്രദ്ധയോടെ കുറച്ച് വർക്കുകൾ രഘു ചെയ്തു. അമ്മയുടെ ഉദരത്തിനകത്തുള്ള കുട്ടിയെ എങ്ങനെ പ്രതിഫലിപ്പിക്കും എന്ന് ആലോചിച്ചാണ് രഘു ആശയത്തിനും ശൈലിക്കും മീഡിയത്തിനും അനുസരിച്ച് വ്യത്യാസങ്ങൾ വരുത്തി ശില്പങ്ങൾ തീർത്തത്.


“എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വിഷയം ശില്പമാക്കിയതിനെക്കുറിച്ച് പറയാം. ഒരാൾ കസേരയിലിരുന്ന് പുകവലിക്കുന്ന ശില്പങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. 20 വർഷങ്ങൾക്കുമുൻപ്, ബാംഗ്ലൂരിലെ ഗ്രാമത്തിൽ താമസിക്കുമ്പോൾ ഞാൻ വനപ്രദേശത്ത് നടക്കാൻ പോകുമായിരുന്നു. അവിടെ പശുക്കളെ മേയ്ക്കാൻ വരുന്ന പ്രായമായ ആളുകൾ, പശുക്കളെ കാട്ടിൽ വിട്ട് വലിയ ആൽമരങ്ങളുടെ കീഴിലിരുന്ന് പുകവലിക്കും. പശുക്കൾ പുല്ല് തിന്നാനായി കാട്ടിലേക്ക് പോകും. ഏകദേശം മൂന്നുമണിയോടെ വെള്ളം കുടിക്കാനായി പശുക്കൾ തടാകത്തിലെത്തും. വെള്ളം കുടിച്ചു കഴിയുമ്പോളാണ് പശുക്കൾ തങ്ങളുടെ യജമാനന്മാരെ ഓർക്കുന്നത്. അവർ കൂട്ടത്തോടെ യജമാനനെ തേടി ആൽമരത്തിനടുത്തെത്തും. അപ്പോഴും പ്രായമായ യജമാനൻ പുകവലി ആസ്വദിച്ച് അവിടെ ഇരിക്കുന്നുണ്ടാകും. എനിക്കിത് ഇഷ്ടപ്പെട്ട വിഷയമാണ്. എനിക്ക് ശരിക്കും ഗ്രാമീണ അന്തരീക്ഷമാണ് ഇഷ്ടം. അതൊരിക്കലും എന്റെ ജീവിതത്തിൽനിന്നും പ്രവൃത്തിയിൽനിന്നും ഒഴിവാക്കാനാവില്ല.”


അതുപോലെ ‘ഹെഡ്’ എന്ന വിഷയത്തിൽ നിരവധി ശില്പങ്ങൾ രഘു ചെയ്തിരുന്നു. തലയ്ക്കകത്ത് ഒരുപാടു സംഭവങ്ങളുണ്ട്. ഏതൊരു ജീവിയെ സംബന്ധിച്ചും തലയാണ് ശരീരത്തിലെ പ്രധാനഘടകം. അവിടെനിന്നാണ് എല്ലാവിധ നിര്‍ദേശങ്ങളും പ്രവര്‍ത്തനവും വരുന്നത്. തലയുടെ അകത്തുനടക്കുന്ന  കാര്യങ്ങൾ എങ്ങനെ പുറത്തു കാണിക്കാം എന്നതായിരുന്നു ഈ വിഷയത്തിൽ ഓരോ ശില്പം ചെയ്യുമ്പോഴും രഘു ചിന്തിച്ചത്. പലതരത്തിലും രൂപഭാവത്തിലുമുള്ള ‘ഹെഡ്’  ശില്പങ്ങൾ തീർത്തു. ഇപ്പോഴും വേറിട്ട ‘ഹെഡ്’ ശില്പങ്ങൾ ചെയ്യുന്നു. ഇപ്പോൾ കുറേക്കൂടി രൂപഭാവങ്ങൾ  എങ്ങനെ ശില്പത്തിൽ കൊണ്ടുവരാൻ കഴിയും അതെങ്ങനെ പ്രതിഫലിപ്പിക്കാൻ കഴിയും, മനുഷ്യർക്ക് പെട്ടെന്നുണ്ടാകുന്ന വികാരങ്ങൾ എങ്ങനെ കലയില്‍ കൊണ്ടുവരാം എന്നൊക്കെ ആലോചിക്കുന്നുണ്ടിപ്പോൾ രഘു. ആദ്യകാലത്ത് തലയുടെ പ്രതലം പോളിഷ് പോലെയായിരുന്നു. അതിപ്പോൾ മാറ്റി.


കൈകൊണ്ട് ശില്പം ചെയ്യുമ്പോൾ മനസ്സും കൈയും തലയും ചേർന്നുള്ള എസ്തെറ്റിക് തലത്തിലുള്ള ‘ഹെഡ്’ ശില്പമാണ് ഉണ്ടാകുന്നത്. ഉദാഹരണത്തിന് ഇന്നിപ്പോൾ യോഗ ഒഴിച്ചുകൂടാൻപറ്റാത്ത വിഷയമാണ്. ലോകമെമ്പാടും സാർവത്രികമായി സ്വീകരിക്കുകയും പരിശീലിക്കുകയും ചെയ്യുന്നു. യോഗ ചെയ്യുമ്പോൾ ശരിക്കൊരു ഉണർവും മാനസികമായി ഉന്മേഷവും തോന്നും. ചില അസുഖങ്ങൾ യോഗ സ്ഥിരമായി ചെയ്യുമ്പോൾ മാറാറുണ്ട്. രഘു പതിവായി യോഗയും അതിന്റെ വിവിധ രൂപങ്ങളും പരിശീലിക്കുന്നു. കുറെക്കാലം ചെയ്തു ചിലർ അതങ്ങു നിര്‍ത്തും. യോഗ വിശാലമാണ്. അതൊരിക്കലും അവസാനിക്കുന്നില്ല. രഘു, തന്റെ കലാപരമായ സൃഷ്ടികളിൽ, അതിനെ തുടർച്ചയായി രൂപാന്തരപ്പെടുത്തുകയും പലവിധത്തിൽ ശില്പത്തിലേക്ക് സംയോജിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം അനുഭവങ്ങൾ ഇതിനു കൂടുതൽ സഹായിക്കുന്നുമുണ്ട്.


‘അമ്മയും കുട്ടിയും’ എന്ന വിഷയത്തിൽ രഘു ധാരാളം ശില്പങ്ങൾ ചെയ്തിട്ടുണ്ട്. സ്നേഹം, മാതൃത്വം, വാത്സല്യം തുടങ്ങിയ ബന്ധങ്ങളുടെ പവിത്രതയും ആഴവും വ്യക്തമാക്കുന്ന ശില്പങ്ങളാണ് അവയെല്ലാം. അമ്മയും കുഞ്ഞും, അമ്മയുടെ മടിയിലിരുന്ന് കുസൃതി കാണിക്കുന്ന കുഞ്ഞ്, കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ, കുഞ്ഞിന് ചോറ് വാരിക്കൊടുക്കുന്ന അമ്മ, കുഞ്ഞിനെ വാരിയെടുത്ത് ഉമ്മവെക്കുന്ന അമ്മ തുടങ്ങിയ വിഷയങ്ങൾ ശില്പങ്ങളായി മാറുമ്പോൾ, ലോകത്തിന് സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഊഷ്മളമായ ബന്ധത്തിന്റെയും ആവശ്യകതയെക്കുറിച്ച് രഘു നമ്മെ ഓർമിപ്പിക്കുന്നു. ഇപ്പോൾ നമ്മൾ കേൾക്കുന്നത് ഒരുപാട് ജീവനുകൾ പൊലിഞ്ഞുവീഴുന്ന രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളെക്കുറിച്ചാണ്. സ്നേഹമില്ലായ്മയാണ് ഇതിന് കാരണം. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുമ്പോൾ, നിഷ്കളങ്കരായ മനുഷ്യരെയാണ് അവർ ആക്രമിക്കുന്നത്. ചോരച്ചൊരിച്ചിൽ ഒഴിവാക്കുക തന്നെ വേണം. എല്ലാ അമ്മമാരും നല്ല രീതിയിൽ മക്കളെ വളർത്തിയാൽ ഈ ലോകത്ത് സ്നേഹവും സമാധാനവും തനിയെ വരും. ആ പ്രതീക്ഷയിലാണ് ഈ വർക്കുകളെല്ലാം രഘു ചെയ്തത്. അമ്മ കുട്ടിയുടെ തലയിൽ പേൻ നോക്കുന്ന ശില്പത്തിന് ഒരുപാട് ശ്രദ്ധ കിട്ടുകയും, അത് രഘുവിന്റെ ഏറ്റവും മികച്ച ശില്പങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.


ഇന്നത്തെ ഇൻസ്റ്റലേഷൻ പലതും കോമാളിത്തരമായി മാറുന്നതായി രഘു സംശയിക്കുന്നു. പലർക്കും അധ്വാനിക്കാൻ കഴിയില്ല. പിന്നെ, വേറെ ചിലതിപ്പോൾ എല്ലാം എളുപ്പവഴിയില്‍ ചെയ്യുന്നതാണ് പഥ്യം. ബാംഗ്ലൂർ ചിത്രകലാപരിഷത്തിൽ കുട്ടികൾക്ക് പഠിക്കാൻ സൗകര്യമുണ്ട്. അവിടെ സാധാരണ ക്ലാസുകളിലും, ഈവനിംഗ് ക്ലാസുകളിലും വലിയ ഫീസ് ഈടാക്കി ബിഎഫ്എ കോഴ്സുകൾ പഠിപ്പിക്കുന്നു. മിക്കവാറും കുട്ടികളുടെ മാതാപിതാക്കളും വിദേശത്താണ്. അവർക്ക് ഒരു സർട്ടിഫിക്കറ്റ് മാത്രമാണ് ആവശ്യം, തുടർന്ന് വിദേശത്തേക്ക് പോകുവാനാണ് അവരുടെ ലക്ഷ്യം. ഇപ്പോൾ പല ആർട്സ് കോളെജുകളിലും ഇതുപോലെയുള്ള പ്രവണതകൾ കാണുന്നുണ്ടെന്ന് രഘു പരിഭവിക്കുന്നു.