മാരിയമ്മ

കഥ/ സുരേന്ദ്രൻ മങ്ങാട്ട്
ഗോവിന്ദാപുരത്ത് ബസ്സിറങ്ങി, സാവധാനം നടന്ന് പുതൂർ തെരുവിൽ എത്തുമ്പോൾ എന്റെ ശ്വാസഗതി വർധിച്ചിരുന്നു.
തെരുവിന്റെ തുടക്കത്തിലുള്ള പെട്ടിക്കടയുടമയെ കണ്ടതും തമിഴനാണെന്ന തിരിച്ചറിവിൽ പേഴ്‌സിൽനിന്നു ഫോട്ടോ എടുത്ത് അയാൾക്കു നേരെ നീട്ടി അറിയുന്ന തമിഴിൽ ആരാഞ്ഞു:
“ഇന്ത ആളെ തെരിയുമാ…”
“തെരിയും സാർ.. മാരിയമ്മ താൻ.”
സംശയലേശമന്യേ പെട്ടെന്നുതന്നെ പെട്ടിക്കടയ്ക്കുള്ളിലിരുന്ന വികലാംഗനായ മനുഷ്യന്റെ ഉറച്ച ശബ്ദം. മറുപടി ലഭിച്ചതോടെ ഫോട്ടോ ഭദ്രമായി ഞാൻ പേഴ്‌സിന്റെ ഉള്ളറകളിലെ സ്വകാര്യതയിലേക്കിറക്കി വയ്ക്കുമ്പോൾ ആവശ്യപ്പെടാതെതന്നെ ആ മനുഷ്യൻ വാചാലനായി.
“ഇന്ത ഫോട്ടോയില് പാക്കണമാതിരിയേയല്ലപ്പ ..ഇപ്പോ
അന്ത പാട്ടിക്ക് അറുപത് അറുപത്തിരണ്ട്ക്ക് മേലെ പ്രായം താൻ…”
ഒരു സിഗരറ്റുവാങ്ങി കത്തിക്കുന്നതിനിടയിലെ എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ മലയാളവും തമിഴും കൂട്ടിക്കലര്‍ന്ന ഭാഷയിൽ അയാൾ തുടര്‍ന്നു:
“അന്ത മെയിൻ റോഡില്ലിയാ..അതിലെ കൊഞ്ചം നടന്ന്, ലെഫ്റ്റ് സൈഡ് കോവിൽ തെരുവ് റോഡ്. നാലഞ്ച് മിനിറ്റ് നടന്താ മട്ടും മാരിയമ്മൻ കോവിൽ പാക്കലാം… പക്കത്തില് താൻ മാരിയമ്മാവുടെ വീട്…”
കടക്കാരനോട് നന്ദി പറഞ്ഞ്, കക്ഷി പറഞ്ഞ വഴിയെ നടക്കുമ്പോൾ വര്‍ഷങ്ങൾക്കുമുമ്പ്, കൃത്യമായി പറഞ്ഞാൽ എട്ടുവര്‍ഷം മുമ്പ് ഓഫീസുമുറിയുടെ മൂലയിൽ എണ്ണക്കറുപ്പിന്റെ കരുത്തുള്ള മാരിയമ്മയുടെ നിസ്സംഗഭാവം മനസ്സിൽത്തെളിഞ്ഞു. എന്തൊരു ശാന്തതയും മൂര്‍ച്ചയുമായിരുന്നു ആ കണ്ണുകള്‍ക്ക്.
പരാതിക്കാരായ വൃദ്ധദമ്പതികൾ എനിക്കു മുമ്പിലുള്ള കസേരയിലിരുന്ന് സംസാരിക്കുന്നതിനിടയിലും ഇടയ്ക്കെല്ലാം അവളെ രൂക്ഷമായി നോക്കുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു.
ഈ സ്ത്രീ തന്നെയാണോ…?
തിരിച്ചറിവിന്റെ അനിവാര്യത നിയമത്തിനുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞിരിക്കണം. വര്‍ത്തമാനകാലത്തിന്റെ ഭൂപടത്തിലേക്കിറങ്ങിയ ഞാൻ കടക്കാരൻ പറഞ്ഞ തെരുവിലേക്കിറങ്ങിയപ്പോൾ നീലം ചേര്‍ത്ത് കുമ്മായം പൂശിയ ഓടിട്ട വീടുകളുടെ നീണ്ടനിരകളാണ് കാഴ്ചയിലുടക്കിയത്. പരിസരഭംഗി ആസ്വദിക്കാതെ ഞാൻ വീണ്ടും ഭൂതകാലത്തിന്റെ മേച്ചിൽ പുറങ്ങളിലേക്ക് പറന്നു.
പരാതിക്കാരി അന്നാമ്മയുടെ സഹോദരൻ സുനാമിയിൽ മരണപ്പെട്ടു പോയതാണ്. ആശുപത്രിയിൽ പോയി മടങ്ങിവരവെ അന്നാമ്മയുമായി പരിചയപ്പെട്ട മാരിയമ്മയാണ് ആനന്ദിമഠത്തിൽനിന്ന് സുനാമി ബാധിതര്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്ന കാര്യം അറിയിച്ചത്. അന്ന് തന്നോടൊപ്പം വീട്ടിലെത്തി അലമാരയിൽനിന്നു സ്വര്‍ണം മോഷ്ടിച്ച ആ സ്ത്രീയെ മുഖാമുഖം കാണുന്നതിലെ അരിശം ഇന്നും അന്നാമ്മയിൽ നിറഞ്ഞുനിന്നിരുന്നു. എന്നിട്ടും മാരിയമ്മയുടെ പേര് മുമ്പ് പരാതി നല്‍കുന്ന സമയത്ത് അവര്‍ക്ക് ഓര്‍ത്തുപറയാൻ കഴിഞ്ഞിട്ടില്ലായിരുന്നു. അത്ര സംഭാഷണവൈദഗ്ദ്യമുള്ള സ്ത്രീയായി ഒറ്റ നോട്ടത്തിൽ മാരിയമ്മയെ തോന്നിക്കുന്നില്ല.
“ഇവൾ തന്നെയാണെന്ന് ഉറപ്പാണോ?” എന്റെ ചോദ്യത്തിന് തീയിൽ ചവിട്ടിയതുപ്പോലെ അന്നാമ്മ കസേരയിൽനിന്നെഴുന്നേറ്റ് മാരിയമ്മയ്ക്കു നേരെ കുതിയ്ക്കാനായി ആഞ്ഞു.
“ഈ അസത്തിന്റെ മുഖം മറക്കാനാവില്ല. എവിടെ കൊണ്ടുപോയി വച്ചെടീ…..” അന്നാമ്മയുടെ ചീറലിനിടയിലേക്ക് ഹാഫ്‌ഡോർ തുറന്നകത്തേക്കുവന്ന പോലീസുകാരി അവരെ പിടിച്ചുമാറ്റി സമാധാനിപ്പിച്ച് ഇരുത്തി.
ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ല എന്ന ഭാവത്തിൽ മാരിയമ്മ അപ്പോഴും നിസ്സംഗഭാവം തുടര്‍ന്നു.
പ്രതിയുടെ വിശദമായ മൊഴിയെടഴുപ്പിനായി വനിതാ പോലീസിനോടൊപ്പം ഓഫീസുമുറിക്ക് പുറത്തേക്ക് മുടന്തിക്കൊണ്ട് മാരിയമ്മ നടന്നു.
അവരുടെ മുടന്ത് ആക്‌സിഡന്റിൽ സംഭവിച്ചതാണെന്ന് അന്നാമ്മ പറഞ്ഞു. അവരോട് അന്നു വീട്ടിൽവച്ച് മാരിയമ്മ പറഞ്ഞിരുന്നുവത്രേ. എന്നാൽ, പോലീസിനോട് മാരിയമ്മ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല.
ഞാൻ അവരെ പറഞ്ഞയച്ച ശേഷം ഇന്റെറോഗേഷൻ മുറിയിൽ ചെല്ലുമ്പോൾ മുറിയിൽ രണ്ടു പോലീസുകാർക്കു മുമ്പിൽ തലകുനിച്ച് മരക്കസേരയിൽ ഇരിക്കുകയായിരുന്നു മാരിയമ്മ.
“കഥകളെന്തെങ്കിലും പറയാനുണ്ടോ?”
എന്റെ ചോദ്യത്തിന് നേരെ മാരിയമ്മ തലയുയര്‍ത്തി. പിന്നെ കസേരയിൽനിന്നെഴുന്നേറ്റു.
തിരക്കുള്ള ബസ്സിൽ ഒരു സ്ത്രീയുടെ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് മാരിയമ്മയെ നാട്ടുകാർ പിടികൂടി എന്റെ സ്റ്റേഷനപ്പുറമുള്ള സത്ത് സ്റ്റേഷനിലെത്തിച്ച് മോഷണശ്രമത്തിന് കേസെടുക്കുന്നത്. ആളുകളെ സംസാരിച്ച് വീഴ്ത്തി മോഷണം നടത്തിയ ശൈലികണ്ട് സൗത്ത് പോലീസ് ഇവിടത്തെ പരാതിക്കാരി അന്നാമ്മയെ ആ സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോഴാണ് മാരിയമ്മയെ പ്രതിസ്ഥാനത്തുറപ്പിച്ച് അന്നാമ്മ തിരിച്ചറിയുന്നത്. അങ്ങനെ അന്നാമ്മയുടെ പത്തുപവൻ വീട്ടിൽവച്ച് കവര്‍ന്നെടുത്ത കേസിലേക്ക് മാരിയമ്മയുടെ പേരുവിവരങ്ങൾ ചേര്‍ക്കപ്പെട്ടു.
“കോടതിയിൽനിന്നു പോലീസ് കസ്റ്റഡിയിൽ വാങ്ങിച്ചതാണല്ലോ. നമ്മൾ നേരിട്ട് അറസ്റ്റ് ചെയ്തിട്ടില്ല. പരാതിക്കാർ ഉറപ്പിച്ചു മൊഴിതന്ന സ്ഥിതിക്ക് നമുക്കായി മാറ്റാനും പറ്റില്ലല്ലോ സർ…” കേസെഴുതുന്ന പോലീസുകാരൻ എന്റെ ചിന്താകുഴപ്പങ്ങളെയകറ്റാൻ ശ്രമിച്ചു. വീട്, മക്കൾ, ജീവിതോപാധിയെന്തെന്നൊക്കെയുള്ള പൊതുചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളൊഴികെ മറ്റന്വേഷണ വിചാരണകളെല്ലാം ഉത്തരമില്ലാതെ നിര്‍വികാരമായി കരിനീലിച്ചു കിടന്നു.
പട്ടണത്തിലെ ബസ്‌സ്‌റ്റാന്‍ഡിനടുത്ത് കനാലിനു ചേര്‍ന്ന് നാലുസെന്റ് കോളനിയിലുള്ള മാരിയമ്മയുടെ വീട് പരിശോധനയ്ക്കിറങ്ങുമ്പോഴും ചോദ്യങ്ങൾക്കുനേരെയുള്ള അവരുടെ മൗനം എന്നെ അസ്വസ്ഥമാക്കികൊണ്ടിരുന്നു. പരിശോധനയിൽ അടുക്കളയിലെ ഒരു വെറ്റിലചെല്ലത്തിൽനിന്നു സ്വര്‍ണാഭരണങ്ങൾ അടങ്ങിയ ചെറുപൊതി ലഭ്യമായി എന്ന വാര്‍ത്ത അവരുടെ മകനിലുണ്ടാക്കിയ അമ്പരപ്പ് ചെറുതല്ലായിരുന്നു. ഞാൻ വിണ്ടും വര്‍ത്തമാനകാലത്തിന്റെ റോഡിലൂടെ സഞ്ചരിക്കാൻ തുടങ്ങി.
റോഡ് മുന്നോട്ട് പോകുന്തോറും ടാർ ചെയ്ത ലക്ഷണമുണ്ടായില്ല. മാരിയമ്മൻ കോവിൽ ഇപ്പോൾ കാണാം. കൂട്ടംകൂടി കുട്ടികൾ കളിക്കുന്ന ഒരൊഴിഞ്ഞ പറമ്പ് ദൃശ്യമായി. അതിനടുത്തുള്ള വീട്ടുമുറ്റത്ത് അസാമാന്യ കഴുത്തുനീളമുള്ള ഒരു പൂവൻകോഴിയെ കെട്ടിയിട്ടിരിക്കുന്നു. എതിരെ വരുന്ന അലസനായ ഒരു മൂരിക്കുട്ടന് വഴിയൊഴിഞ്ഞു ഞാൻ നടന്നു. മാരിയമ്മന്‍കോവിലിനു മുന്നിലെ റോഡിലൂടെ മുന്നോട്ടുപോകുമ്പോൾ, കയറ്റമുള്ള ചെമ്മൺ റോഡ് വലതുതിരിഞ്ഞു പോകുന്നതുകണ്ടു.