നിത്യതയുടെ തീരങ്ങൾ ‘ടമോഗ’ കഥകൾ – വൈക്കം മുരളി

നിത്യതയുടെ തീരങ്ങൾ  ‘ടമോഗ’ കഥകൾ – വൈക്കം മുരളി

സ്പാനിഷ് എഴുത്തുകാരൻ ജൂലിയൻ റിയോസി (Julian Rios)ന്റെ  നിഴലുകളുടെ ഘോഷയാത്ര: ടാമഗോയുടെ നോവൽ (Procession of Shadows: The Novel of Tamago) എന്ന നോവലിന്റെ വായന. ടമോഗ എന്ന സാങ്കല്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒൻപത് ചെറുകഥകളിലൂടെ വികസിക്കുന്ന നോവലാണ് ഇത്.


ഇരുപതാംനൂറ്റാണ്ട് ദർശിച്ച സ്പാനിഷ് എഴുത്തുകാരിൽ എന്തുകൊണ്ടും ശ്രദ്ധേയനയ മഹാപ്രതിഭയാണ് ജൂലിയൻ റിയോസ്. സ്‌പെയിനിലെ പ്രഥമഗണനീയ സ്ഥാനം വഹിക്കുന്ന പോസ്റ്റ് മോഡേണിസ്റ്റ് എഴുത്തുകാരനായി അദ്ദേഹത്തെ ആസ്വാദകരും നിരൂപകരും വിലയിരുത്തുന്നു. ലാറ്റിനമേരിക്കൻ എഴുത്തുകാരായ ഒക്ടേവിയൊ പാസും കാർലോസ് ഫുയന്തസും ജൂലിയൻ റിയോസിന്റെ രചനകളെ മഹാനായ ജെയിംസ് ജോയ്‌സിന്റെ രചനകളുമായിട്ടാണ് തുലനം ചെയ്തിരിക്കുന്നത്. അദ്ദേഹം രചിച്ച രചിച്ച രണ്ടു പുസ്തകങ്ങളുടെ സഹഎഴുത്തുകാരനായി ഒക്ടേവിയൊപാസ് പ്രവർത്തിച്ചിട്ടുണ്ട്.


1941 മാർച്ച് 11-ാം തീയതി സ്‌പെയിനിലെ വിഗൊ-ഗാലിസിയായിലാണ് അദ്ദേഹം ജനിച്ചത്. ഇപ്പോൾ പാരീസ് നഗരത്തിന്റെ ബാഹ്യപ്രദേശമായ ഗ്രാമപ്രദേശത്തു താമസിക്കുന്നു. പോസ്റ്റ് മോഡേണിസത്തിന്റെ സർഗാത്മകമായ ചൈതന്യം വിട്ടുപോകാതെ സ്വന്തം രചനകളെ വേറിട്ടുനിറുത്തുന്ന അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ട്.


ജൂലിയൻ റിയോസിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിൽ ഒന്നാണ് ‘ലാർവ ഒരു മിഡ്സമ്മർ നൈറ്റ്‌സ് ബാബൽ’ (Larva: A Midsummer Night’s Babel) എന്ന ബൃഹത്തായ നോവൽ. പ്രശസ്ത മെക്സിക്കൻ എഴുത്തുകാരനായ കാർലോസ് ഫുയന്തസ് ഈ നോവലിനെ “ഭാഷയുടെ ഒരു മഹാ ഇതിഹാസം” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സ്പാനിഷ് ഭാഷയിൽ എഴുതപ്പെട്ട ഈ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ രണ്ട് ഭാഷകളുടെയും സർഗാത്മകത ഒട്ടും ചോരാതെയാണ് നിർവഹിച്ചിരിക്കുന്നത്. റിയോസിനെ സമകാലിക സ്പാനിഷ് എഴുത്തുകാരിൽ ഏറ്റവും വിശാലവീക്ഷണമുള്ള ഒരാളായി കണക്കാക്കുന്നു.


നിഴലുകളുടെ ഘോഷയാത്ര


1960-കളുടെ അവസാനവട്ടത്തിൽ ജൂലിയൻ റിയോസ് തന്റെ ആദ്യ നോവൽ എന്നു വിശേഷിപ്പിക്കാവുന്ന പുസ്തകത്തിന്റെ രചന തുടങ്ങി. പക്ഷേ, അന്നത്തെ അധികാരിയായിരുന്ന ഏകാധിപതി ഫ്രാങ്കോയുടെ സെൻസർഷിപ്പിന്റെ പ്രതിരോധം അതിജീവിക്കുവാനാവില്ലെന്ന ഭയത്താൽ പുസ്തകത്തിന്റെ പൂർണരൂപം പ്രസാധകർക്കു കൊടുക്കേണ്ടയെന്നു തീരുമാനിച്ചു. പിന്നീടുണ്ടായ ഒൻപതുവർഷക്കാലം അതിനെച്ചൊല്ലി ഒന്നും സംഭവിക്കാതെ വിസ്മരിക്കപ്പെട്ടുവെങ്കിലും അതിനുശേഷം നോവലിസ്റ്റ് സ്‌പെയിനിലേക്ക് തിരിച്ചുവന്നപ്പോൾ അതിലേക്ക് ഒരിക്കൽക്കൂടി തിരിച്ചുവരുവാൻ തീരുമാനിക്കുകയായിരുന്നു. ‘നിഴലുകളുടെ ഘോഷയാത്ര’യെന്ന പേരിൽ പുറത്തുവന്ന അതിനുള്ളിൽ സ്‌നേഹത്തെക്കുറിച്ചും യുദ്ധത്തെക്കുറിച്ചും പ്രതികാരത്തെക്കുറിച്ചുമുള്ള കഥകളുടെ ഒരു പ്രപഞ്ചമാണുണ്ടായിരുന്നത്. ഇവയെല്ലാംതന്നെ കേന്ദ്രിതമായിരുന്നത് ‘ടമോഗ’ എന്ന പേരിലറിയപ്പെടുന്ന ഒരു ഭാവനയിലെ ഗ്രാമത്തിലാണ്. അവിടെ പ്രതികാരത്തിന്റെ അടങ്ങാത്ത ആവേശം തലമുറകളിൽനിന്നു തലമുറകളിലേക്ക് കത്തിക്കയറുകയായിരുന്നു. അവിടത്തെ ഓരോ മൂലയിലും കലാപം അതിന്റെ അടയാളങ്ങൾ അവശേഷിപ്പിക്കുകയും ചെയ്തിരുന്നു. ലാർവയും പൗണ്ടമോണിയവുമൊക്കെ രചിച്ച റിയോസിന്റെ സങ്കീർണമായ ഒരു ആഖ്യാനരീതിവിട്ട് പുതിയ ഒരു തലത്തിലേക്ക് കടന്നുവരവിന്റെ വൈവിധ്യമാണ് നാം തിരിച്ചറിയുന്നത്. മറ്റുള്ള നിരവധി വിഖ്യാത സ്പാനിഷ് എഴുത്തുകാരുടെ രചനകൾ തിരിച്ചറിയുന്ന നാം ജൂലിയൻ റിയോസിനെ കാണാതെ പോകുന്നു. വേദനിപ്പിക്കുന്ന ഒരു നിയോഗമാണിത്. പക്ഷേ, കാർലോസ് ഫുയന്തസും ഒക്ടോവിയെപാസും അദ്ദേഹത്തെ സ്പാനിഷ്ഭാഷയിലെ ഏറ്റവും മികച്ച എഴുത്തുകാരുടെ ഗണത്തിലാണ് പെടുത്തുന്നത്. വായന ഒരിക്കലും ചില പ്രത്യേക എഴുത്തുകാരിൽ മാത്രം പരിമിതപ്പെട്ടുപോവരുത്.


ടമോഗ എന്ന സാങ്കല്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒൻപത് ചെറുകഥകളിലൂടെ വികസിക്കുന്ന നോവലാണ് ഇത്. നിക് കെയിസ്റ്ററിന്റെ മികച്ച പരിഭാഷ വായന എളുപ്പമാക്കുന്നു. 1966-നും 1968-നുമിടയിൽ മാഡ്രിഡിൽ എഴുതിയ ഈ കൃതിയുടെ തിരിച്ചുവരവ് സ്പാനിഷ്സാഹിത്യത്തിലെ ഒരു വലിയ സംഭവമായിരുന്നു. 1968-ൽ ലണ്ടനിലേക്ക് പോയ റിയോസ് പിന്നീട് തിരിച്ചുവരാൻ ആഗ്രഹിച്ചില്ലെങ്കിലും, ഗലീസിയയുടെ ഗൃഹാതുരത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു. സാങ്കല്പിക പട്ടണവും അവിടത്തെ കഥാപാത്രങ്ങളും അവരുടെ ജീവിതാനുഭവങ്ങളും, സഹജീവികളുടെ ജീവിതസമസ്യകളും ചേർന്നൊരുക്കുന്ന ഒരു സർഗാത്മക പ്രപഞ്ചമാണ് ഈ നോവലിന്റെ ഇതിവൃത്തം.


ഈ നോവലിലെ ചില കഥകൾക്ക് പ്രത്യേക പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘രണ്ടാമത്തെ വ്യക്തി’ (Second Person) എന്ന കഥയ്ക്ക് 1969-ലെ ‘ഗബ്രിയൽ മിറോ’ പുരസ്കാരവും, ‘തീരങ്ങളില്ലാത്ത നദി’ (The River without Banks)  എന്ന മികച്ച കഥയ്ക്ക് ‘ഹൂച്ചാ ഡി പ്ലാറ്റാ’ പുരസ്കാരവും ലഭിച്ചു. ഫ്രാങ്കോയുടെ സെൻസർഷിപ്പിനെ റിയോസ് ഭയപ്പെട്ടിരുന്നു. പ്രത്യേകിച്ചും ജൂലൈ മാസത്തിലെ വേട്ടയാടൽ (Hunting in July) പ്രസാധനരംഗത്തെ വരാൻപോകുന്ന ഒരു പേക്കിനാവായി അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. ഒടുവിൽ പുറത്തുവരില്ലെന്ന് കരുതിയ ഈ നോവൽ 2007-ൽ പ്രസിദ്ധം ചെയ്തു.


ഉപ്പുപാടങ്ങളാൽ ചുറ്റപ്പെട്ട ടമോഗ ഏകാന്തവും നിശ്ചലവുമാണ്. അലസരായ ഗ്രാമീണർ, അവരുടെ പന്തയങ്ങൾ, വേശ്യാലയങ്ങളിലെ വാരാന്ത്യസ്വപ്നങ്ങൾ എന്നിവയെല്ലാം കഥയിൽ നിറയുന്നു. വാരാന്ത്യത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ കഥകൾ, പട്ടണവാസികളുടെ കൂട്ടായ ശബ്ദത്തിലൂടെയാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. കഥകൾ എന്നത് നുണപറച്ചിലുകളുടെ ചായംപൂശിയ രൂപങ്ങളാണ്. അവയ്ക്ക്  ഇതിഹാസസമാനമായ ഒരു മാനം കൈവരുന്നു. ഇവയിൽച്ചിലത് ഈ സമാഹാരത്തിലെ മികച്ച കഥകളിലൊന്നായ മോർട്ടെസിന്റെ കഥ (Mortes Story)യിലെയും തീരങ്ങളില്ലാത്ത ഒരു നദിയിലെയും  ആഖ്യാതാക്കളുടെ ഭാവനകളുമായി ഇഴചേർന്നു കിടക്കുന്നവയാണ്. ഇവ രണ്ടിലെയും ആഖ്യാതാക്കൾ നിഗൂഢസ്വഭാവക്കാരായ അപരിചിതരോ അല്ലെങ്കിൽ, ഏതാണ്ട് അതിനോടു ഒത്തുചേർന്ന് കിടക്കുന്നവരോ ആണ്. അവർ രണ്ടുപേരും ടമോഗയിലേക്കു കടന്നുവരുന്നത് ഒരു സൈറൻ ഗാനത്തിന്റെ ആകസ്മികമായ സ്വാധീനത്താൽ ആകൃഷ്ടരായിട്ടാണ്.


ടമോഗ പട്ടണത്തിലെ ജീവിതം ദുസ്സഹമാണെങ്കിലും, മരണത്തിന് ഏറ്റവും അനുയോജ്യമായ ഒരിടം കൂടിയാണത്. ജീവിതസമസ്യകളിൽ എവിടെയും സംഭവിക്കാവുന്ന ദാർശനികളായ ഒരു തലം ഇവിടെ നിഗൂഢമായി ചേർന്നുകിടക്കുന്നുണ്ട്.


ഇവിടത്തെ ആളുകൾ ജീവിതകാലം മുഴുവൻ ഒരു കഥയിലെ കഥാപാത്രങ്ങളെപ്പോലെ ഇവിടെ ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്. തകർച്ച നേരിടുന്ന വീടുകളിൽ, ജീവിക്കുന്ന ഭൂതങ്ങളെപ്പോലെ അവർ കഴിയേണ്ടിവരുന്നു. എന്നാൽ, അവരതിനെ ഒരുതരം ഗൃഹാതുരത്വത്തോടെയാണ് സമീപിക്കുന്നത്.  അവരുടെ പൂർവകാലം ആസക്തികളുടെയും പരാതികളുടെയും രൂപത്തിൽ മനസ്സിൽനിന്നു വിട്ടുപോകാതെ നിലനിന്നിരുന്നു. ഈ കഥകളിലൂടെ സഞ്ചരിക്കുന്ന ആസ്വാദകന് പഴയ ക്ലാസ്സിക് കഥാരചനകളുടെ ലോകം ഒരിക്കൽക്കൂടി മനസ്സിലേക്കു കടന്നുവരും. അത്യപൂർവമായ ഒരനുഭവംതന്നെയാണിത്. ടമോഗ എന്ന ഫിക്ഷണൽ ഭൂമികയിൽ സംഭവിക്കുന്നതാണെങ്കിൽക്കൂടി അതിനെ തികച്ചും ആധുനികമായ ഒരാഖ്യാനത്തിന്റെ സൃഷ്ടിപരമായ മൗലികത പകർന്നുകൊടുക്കുവാൻ റിയോസിനു കഴിഞ്ഞിട്ടുണ്ട്. ഈ സമാഹാരത്തിന്റെ രൂപവും ഭാവവും അതിലെ കഥകളുടെ പശ്ചാത്തലമായി വരുന്ന ഭൂമികയുടെ ലേബ്രിൻതിയൻ വിന്യാസത്തിന്റെ ആവിഷ്‌ക്കാരംകൊണ്ടുള്ള സർഗാത്മകധന്യതയുടെ നിഴൽപ്പാടുകൾക്കുള്ളിൽ നിൽക്കുമ്പോഴെ ശരിക്കും തിരിച്ചറിയുവാൻ കഴിയൂ.


‘നിഴലുകൾ’ എന്ന കഥ ഡോണ സാക്രമെന്റൊ ആന്ദ്രിയനിയുടെ കഥയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ധനികനായ ഒരു വ്യവസായിയുടെ പുത്രിയാണീ കഥാപാത്രം. ഏതാണ്ട് അരനൂറ്റാണ്ട് കാലത്തോളം കുടുംബഫോട്ടോയിലേക്കു നോക്കി ജീവിതംനയിച്ച ഇവർ പല നുണപ്രചരണങ്ങൾക്കും വിധേയമായികൊണ്ടിരുന്നു. പിന്നീടാണവരുടെ ജീവിതത്തിലെ കൂടുതൽക്കാര്യങ്ങൾ നാമറിയുന്നത്. അവർ ശരിക്കും സ്‌നേഹിച്ചിരുന്ന, അവരുടെ ആഹ്ലാദങ്ങൾക്കു പിന്നാലെ പോകുന്ന ചൂതുകളിക്കാരനായ ഭർത്താവിന്റെ സ്വയംഹത്യയെക്കുറിച്ചറിയുന്നത്. അതിനുമുമ്പ് പണത്തിന്റെ കാര്യത്തിൽ ഇരുവരും വാദത്തിലേർപ്പെട്ടിരുന്നതായറിയുന്നത്. ഒരു ദുരന്തകഥാപാത്രമായിട്ടാണ് റിയോസ് ഇവരെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ദൂഃഖപൂർണമായ ഒരു ദാമ്പത്യബന്ധം അവരെയാകെ ഉലയ്ക്കുകയും ചെയ്തിരുന്നു. അതോടെ ഒരു മതിഭ്രംശത്തിനു അവർ വിധേയമാകുന്നുണ്ട്. ഡോണാ സാക്രമെന്റൊ ആൻന്ദ്രിയനിലൂടെ ജീവിതകഥ റിയോസിന്റെ ഭാവനയിലൂടെ വിടരുമ്പോൾ മികച്ച കഥകളിലൊന്നായിതു മാറും; ഒരിക്കൽ അവളെ വിട്ടുപോയ ഭർത്താവിന്റെ ടമോഗയിലേക്കുള്ള തിരിച്ചുവരവും അവൾ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. കഥാപാത്രങ്ങളുടെ ജീവിതത്തിലെ മുഴക്കങ്ങളുടെ സാന്ദ്രമായ അവസ്ഥ വായനയെ മറക്കാനാവാത്ത അനുഭവമാക്കിമാറ്റുന്നു.


ശരിക്കും തന്റെ മാസ്റ്റർപീസായ ‘ലാർവ’യ്ക്കുമുമ്പാണ് റിയോസ് ‘നിഴലുകളുടെ ഘോഷയാത്ര’ എഴുതിയത്. അതായത് 1966-നും 1968-നുമിടയിൽ എന്നുതന്നെ അനുമാനിക്കണം. പക്ഷേ, പ്രസിദ്ധപ്പെടുത്തിയത് വളരെ വൈകിയാണെന്നുമാത്രം. ഈ സമാഹാരത്തിലെ കഥകളിലെ കഥാപാത്രങ്ങൾ അവരുടെ മാനസികസംഘർഷങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവരുമാണ്. അവരുടെ നിയോഗങ്ങൾ അവ ഏതൊക്കെ രീതിയിലുള്ളവയാണെങ്കിലും അവ ഏറ്റുവാങ്ങുവാൻ വിധിക്കപ്പെട്ടവരുമായിരുന്ന ടമോഗയിൽനിന്നു അവർക്കൊരു മോചനവും സാധ്യമായിരുന്നില്ല. ഒരു മറച്ചുവയ്ക്കുവാനാവാത്ത ലേബ്രിൻതിന്റെ സാന്നിധ്യം ഈ കഥകളിലുണ്ട്. ഉത്തരാധുനികതയുടെ സ്പർശമുള്ള ഈ കഥകൾ കാലത്തെ അതിജീവിക്കുകയും ചെയ്യും.


‘തീരങ്ങളില്ലാത്ത നദി’ എന്ന കഥ ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. കഥയിലെ പ്രധാന കഥാപാത്രമായ ഹൊസ്സെ ഔഗസ്തോ ഇഗ്‌ളിസായിസ് തന്റെ അറുപതാം വയസ്സിൽ, ഒരു ഒക്ടോബർമാസരാത്രിയിൽ ചില അസ്വസ്ഥജനകമായ സ്വപ്നങ്ങൾ കണ്ടുകൊണ്ട് ഉണരുമ്പോൾ, ഭാര്യയായ സിസിലിയയെ തിരയുന്നു. ഭാര്യയുടെ പേര് വിളിച്ചുണരുമ്പോൾ അവൾ തന്റെ അടുത്തില്ലെന്നും, അവൾ ഉണ്ടായിരുന്ന സ്ഥാനം എന്നന്നേക്കുമായി ശൂന്യമായിരിക്കുന്നു എന്നും അയാൾ തിരിച്ചറിയുന്നു. അവൾക്കൊപ്പമുള്ള ജീവിതാനുഭവങ്ങളിലൂടെയുള്ള ഏകാന്തസഞ്ചാരമാണിതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ടമോഗയിൽ അവർ ഒരുമിച്ചുണ്ടായിരുന്ന കാലഘട്ടത്തിലെ തീവ്രമായ ഓർമകൾ അയാളെ എപ്പോഴും പിന്തുടരുന്നു. സ്വപ്‌നത്തിൽ അയാളുടെ യാത്ര അവസാനിക്കുന്നത് ഒരു ശ്മശാനത്തിലാണ്. അവിടെവച്ച് അയാൾ ഒരു വൃദ്ധനായ മനുഷ്യനെ കാണുന്നുണ്ട്. അയാളോട് പട്ടണത്തിന്റെ പേരു ചോദിക്കണമെന്നുപോലും തോന്നി: അതേ, ടമോഗൊയിൽ ആരും അന്യരല്ല. അവരുടെ വേദനകൾക്കും ദുഃഖങ്ങൾക്കും സമാനതകളുടെ സ്പർശം അനുഭവപ്പെട്ടിരുന്നു.


ശ്മശാനത്തിലെ ഫലകങ്ങളിൽ ആദ്യം അയാൾ മാതാവിന്റെ നാമം തിരിച്ചറിഞ്ഞു. ഈ ലോകത്ത് അവരുണ്ടായിരുന്ന കാലത്തിന്റെ ദൈർഘ്യം രേഖപ്പെടുത്തിയിരുന്നു. അതിനുതാഴെ പിതാവിന്റെ രൂപരേഖകൾ. അവസാനത്തെ ഭാഗം വായിച്ചപ്പോൾ അയാളാകെ സംഭ്രമചിത്തനായി. ഒരുപക്ഷേ, ഇവിടെ ഒരു തെറ്റുപറ്റിയിരിക്കാം. അയാൾ സ്വയം സമാധാനിച്ചു. പുറത്തേക്കുള്ള വഴിക്കായി അയാൾ തിരഞ്ഞു. തനിക്കവിടേക്കു കടക്കുവാൻ വാതിൽ തുറന്നുതന്ന വൃദ്ധനായ മനുഷ്യനെ സഹായത്തിനായി ഉറക്കെ അലറിവിളിച്ചു. പക്ഷേ, അവിടേക്കാരും വന്നില്ല. വാതിൽ തള്ളിത്തുറന്നയാൾ തന്റെ കാറിന്റെ സമീപത്തേക്കു പാഞ്ഞു. ഞാനൊരു സ്വപ്‌നത്തിനുള്ളിലാണ്… അയാൾ വിചാരിച്ചു. ആകെ ശാന്തത വീണ്ടെടുക്കുവാനുള്ള ഒരു ശ്രമവും അയാൾ നടത്തി.


കാറിൽ മടങ്ങിപോകുമ്പോൾ കോരിച്ചൊരിയുന്ന മഴ അയാൾക്കു മുന്നിൽ ഒരു തിരശ്ശീല വീഴ്ത്തി. ഒരു കനത്ത വളവ് തിരിഞ്ഞപ്പോൾ കാർ കുതിക്കുമ്പോൾ, അവിടെ അയാൾ ശിലാരൂപത്തിലെ കുരിശ് കണ്ടയിടം ഒരിക്കൽക്കൂടി കണ്ടതുപോലെ. ഇവിടെ അതുണ്ടാകുമെന്ന് ഞാൻ തിരിച്ചറിയേണ്ടതായിരുന്നു. കൂടുതലൊന്നും ചിന്തിക്കുവാനോ പറയുമാനോ ഉള്ള നേരം അവിടെയുണ്ടായിരുന്നില്ല. എതിരെനിന്നു ഓടിവന്ന ഒരു ട്രക്ക് വളവിൽ തെന്നി ഗതിമാറി അയാൾ ഓടിച്ചിരുന്ന കാറിൽ ഇടിച്ചു. ഉയർന്ന വേഗതയിലുള്ള ഭാരിച്ച ഒരാഘാതം. കഥ അവസാനിക്കുമ്പോൾ വായനക്കാരുടെ മനസ്സിലും ചിന്തകളിലും ഔഗസ്തോയുടെ രൂപം ഭ്രമാത്മകമായ ഒരു ചിത്രം തെളിയിപ്പിക്കും. ‘സ്വപ്‌നങ്ങളിലെ സഞ്ചാരം’ പലപ്പോഴും ‘തീരങ്ങളില്ലാത്ത നദി’യിലൂടെയുള്ള ഒന്നുപോലെയാണ്. ‘നിഴലുകളുടെ ഘോഷയാത്രകൾ’ എവിടെയും അവസാനിക്കുന്നുമില്ല.


ജൂലിയൻ റിയോസ് എന്ന അതുല്യനായ എഴുത്തുകാരൻ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് എന്തുകൊണ്ടും അർഹനാണ്. ഒരു വലിയ കാലഘട്ടത്തിന്റെ ദീപ്തമായ പ്രതീകമാണീ എഴുത്തുകാരൻ. അദ്ദേഹത്തിന്റെ രചനകളുടെ വായന നമ്മെകൊണ്ടു ചെന്നെത്തിക്കുന്നതും വൈവിധ്യമാർന്ന ആധുനികതയുടെ സ്പർശം പകരുന്ന ഒരു ലോകത്താണ്. ഫിക്ഷണൽ ഭൂമികയായ ടമോഗ ജൂലിയൻ റിയോസിനൊപ്പം മായാതെ നില്‍ക്കുന്നു. ലാര്‍വ എന്ന മാസ്റ്റര്‍പീസിലൂടെ വായനക്കാർ കടന്നുപോവുകയും വേണം. അത്യപൂർവമായ സംഭവിക്കുന്ന ഒന്ന്.. അതാണ് ലാർവയും പൗണ്ടമോണിയവും പ്രൊസഷൻ ഓഫ് ഷാഡോസും.