ഓർഹൻ പാമുക്കിന്റെ മനസ്സ്

മനോഹരമായ വാക്കുകളും മനോഹരമായ വരകളുംകൊണ്ട് സമൃദ്ധമായ ഈ പുസ്തകത്തിലേക്ക് ഇടയ്ക്കൊക്കെ ഒരു മ്യൂസിയത്തിലേക്കെന്നപോലെ കടന്നുചെല്ലാൻ പാമുക് സ്നേഹികൾക്ക് കഴിയും.
“I would prefer my inner painter to be more mature. Could it be that my urge to paint? is a longing for childhood?” ചിത്രകാരനാകുക എന്നത് ഓർഹൻ പാമുക് ഒരുകാലത്ത് താലോലിച്ച വലിയൊരു സ്വപ്നമായിരുന്നു. എന്നാൽ, അദ്ദേഹം ആഗ്രഹിച്ചത് എഴുത്തുകാരനാവാനായിരുന്നു. അതു സംഭവിക്കുകയും ചെയ്തു. സ്വപ്നവും ആഗ്രഹവും ഒരുമിച്ചുചേർന്ന അദ്ദേഹത്തിന്റെ ഒരു പുസ്തകം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. “Memories of Distant Mountains: Illustrated Notebooks – by Orhan Pamuk. “പാമുക്കിന്റെ നോട്ടുബുക്കുകളിൽ നിന്നു സമാഹരിച്ച ഒരു പുസ്തകമാണിത്. മനോഹരമായ ഈ പുസ്തകത്തിൽ അദ്ദേഹം വരച്ച ചിത്രങ്ങളും കുറിപ്പുകളുമാണുള്ളത്. ഓരോ പേജിലെയും ചിത്രങ്ങൾക്കകത്താണ് അദ്ദേഹം തന്റെ ചിന്തകൾ എഴുതിയിട്ടുള്ളത്. ചിത്രങ്ങളിൽ മലയും കുന്നും മരങ്ങളും കടലും വീടുകളും ആകാശവും മനുഷ്യരും പൂന്തോട്ടങ്ങളും ഒക്കെ കാണാനുണ്ട്. കൂട്ടത്തിൽ ആ വലിയ മനസ്സിലെ ആലോചനകളും. ഇവ എഴുതപ്പെട്ട കാലഗണനയ്ക്കനുസരിച്ചല്ല പുസ്തകത്തിൽ ചേർത്തിട്ടുള്ളത്. അദ്ദേഹംതന്നെ പറയുന്നത് അവ emotional order- ലാണ് – വൈകാരികക്രമത്തിലാണ് എന്നാണ്. തീർച്ചയായും ആ ക്രമം ഇതിനെ കൂടുതൽ മികവുറ്റതാക്കുന്നുണ്ട്.
പാമുക് എന്ന എഴുത്തുകാരന്റെ മനസ്സിലേക്ക് തുറന്നുവച്ച മനോഹരമായ ഒരു കിളിവാതിലാണ് ഈ പുസ്തകം എന്നു പറയാം. അദ്ദേഹം കണ്ട മനുഷ്യരുടെയും ജീവിച്ച നഗരങ്ങളുടെയും ചുറ്റുപാടുകളുടെയും ആത്മാവിഷ്കാരമാണ് ഇതിലെ ചിത്രങ്ങളെല്ലാം. അദ്ദേഹത്തിലെ ചിത്രകാരനും എഴുത്തുകാരനും തമ്മിൽ നടത്തുന്ന ഒരു സ്വകാര്യസംഭാഷണം എന്നും ഇതിനെ വിശേഷിപ്പിക്കാം. ഇതിലദ്ദേഹത്തിന്റെ സ്വപ്നങ്ങളുണ്ട്, ആശങ്കകളുണ്ട്, ആഹ്ലാദമുണ്ട്. എന്തിനേറെ, അദ്ദേഹത്തിന്റെ രാഷ്ട്രീയംപോലും ഇതിൽനിന്നു വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. ഓരോ പേജിലും വായനക്കാർക്ക് ഏറെനേരം ധ്യാനനിരതരായി നിൽക്കേണ്ടി വരും. അവയിൽ രണ്ടുതരം സൗന്ദര്യം കാണാൻ കഴിയുന്നു. വാക്കിന്റെയും വരയുടെയും സൗന്ദര്യം. അവയുടെ മേളനം വായനക്കാരുടെ മനസ്സിൽ പുതിയൊരനുഭൂതി സൃഷ്ടിക്കുന്നുമുണ്ട്. ഒരിടത്ത് അദ്ദേഹം പറയുന്നു: “I am a novelist through and through. Writing novels means – for me – being able to feel the world in deeper way than painting can portray…” മനോഹരമായ വാക്കുകളും മനോഹരമായ വരകളുംകൊണ്ട് സമൃദ്ധമായ ഈ പുസ്തകത്തിലേക്ക് ഇടയ്ക്കൊക്കെ ഒരു മ്യൂസിയത്തിലേക്കെന്നപോലെ കടന്നുചെല്ലാൻ പാമുക് സ്നേഹികൾക്ക് കഴിയും.
നെൽസൻമണ്ടേലയുടെ മലയാളി അനുയായികൾ
ചരിത്രത്തിലെ അസാധാരണമായ അധ്യായങ്ങളിൽ പങ്കാളികളായിരുന്നിട്ടും അറിയപ്പെടാതെ പോകുന്ന ചില മനുഷ്യരുണ്ട്. അത്തരത്തിലൊരാളാണ് ബില്ലി നായർ. ദക്ഷിണാഫ്രിക്കയിലെ റോബൻദ്വീപിലെ ജയിൽ പ്രസിദ്ധമാണല്ലോ. നെൽസൻ മണ്ടേല ദീർഘകാലം ഏകാന്തത്തടവിൽ കഴിഞ്ഞ ജയിൽ. അതു പിന്നീട്, 1994- ൽ ഒരു ചരിത്രമ്യൂസിയമായി മാറ്റപ്പെട്ടു. അവിടെ മണ്ടേല കിടന്ന മുറിക്കു മുന്നിൽ അദ്ദേഹത്തിന്റെ പേര് എഴുതിവച്ചിട്ടുണ്ട്. അവിടെനിന്ന് അല്പം അകലെയായി മറ്റു ചില സഹതടവുകാരുടെ പേരുകളും കാണാം. അതിൽ ഒരു പേരാണ് ‘ബില്ലിനായർ.’ ആ ബോർഡിലെ പേരെഴുതിയ കാർഡിൽ അവരെ ജയിലിൽ പ്രവേശിപ്പിച്ചപ്പോഴുള്ള വ്യക്തിവിവരങ്ങളും എഴുതിവച്ചിട്ടുണ്ട്: “ബില്ലി നായർ, മതം – ഹിന്ദു, കുറ്റകൃത്യം – ഭരണകൂടത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി. 1964 ഫെബ്രുവരി 28-ന് കോടതി ശിക്ഷിച്ചു. 20 വർഷം ശിക്ഷ അനുഭവിച്ചു. 1984 ഫെബ്രുവരി 27-ന് ജയിൽ മോചിതനായി.”
ലോകം അറിയാതെപോയ, നമ്മളറിയാതെപോയ, മലയാളിയായ ഈ ചരിത്രപുരുഷനാണ് ജി.ഷഹീദ് എഴുതിയ ‘’മണ്ടേലയോടൊപ്പം – പോരാടിയ രണ്ടു മലയാളികൾ” എന്ന പുസ്തകത്തിലെ ആദ്യനായകൻ. മുതിർന്ന മാധ്യമപ്രവർത്തകനായ ഷഹീദ് വിപുലമായ ഒരന്വേഷണത്തിലൂടെ ബില്ലിനായരുടെ ജീവിതകഥ കണ്ടെത്തുകയായിരുന്നു.
‘തമ്പീ’ എന്ന് മണ്ടേല സ്നേഹത്തോടെ വിളിച്ചിരുന്ന ബില്ലിനായർ ആഫ്രിക്കൻ സ്വാതന്ത്ര്യസമരത്തിലെ ഒരത്ഭുത കഥാപാത്രമാണ്. 1994-ൽ ദക്ഷിണാഫ്രിക്കൻ പാർലമെന്റിലേക്ക് എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ഈ ട്രേഡ് യൂണിയൻ നേതാവ് പാലക്കാട് കുണ്ടളശ്ശേരി സ്വദേശി കൃഷ്ണൻനായരുടെ മകനാണ്. അദ്ദേഹം പൊതുജീവിതത്തിലേക്കു വന്നതിന്റെയും മണ്ടേലയുടെ വിശ്വസ്തനായി മാറിയതിന്റെയും അദ്ദേഹത്തോടൊപ്പം ജയിലിലടയ്ക്കപ്പെട്ടതിന്റെയും ചരിത്രം ഷഹീദ് പുസ്തകത്തിൽ മനോഹരമായി വിവരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരപുത്രൻ എന്നാണ് പലരും ബില്ലിനായരെ വിശേഷിപ്പിച്ചിരിക്കുന്നത്. നിർഭാഗ്യവശാൽ ലോകം അദ്ദേഹത്തെ അറിഞ്ഞില്ല. കൂട്ടത്തിൽ നമ്മൾ മലയാളികളും. ഈ വിടവ് നികത്തുന്ന പുസ്തകമാണ് ഷഹീദിന്റേത്.
ഈ അന്വേഷണത്തിനിടയിൽ മറ്റൊരു മലയാളി പോരാളിയെപ്പറ്റിക്കൂടി ഷഹീദ് അറിയാനിടയായി. അയാളുടെ പേരാണ് പോൾ ജോസഫ്. ബില്ലി നായരുടെ സുഹൃത്തും മണ്ടേലയുടെ അനുയായിയുമായിരുന്ന പോൾ ജോസഫ് മുവ്വാറ്റുപുഴയിൽനിന്നു ജൊഹാനസ്ബർഗിലെത്തിയ അന്നമ്മയുടെ മകനാണ്. പോൾ ജോസഫിന്റെ അവിസ്മരണീയമായ ജീവിതകഥയാണ് ഷഹീദ് പുസ്തകത്തിന്റെ അവസാന ഭാഗത്ത് വിവരിക്കുന്നത്.
ഈ പുസ്തകത്തിലൂടെ ഷഹീദ് എന്ന മാധ്യമപ്രവർത്തകൻ ദക്ഷിണാഫിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ ഇടപെടുകയാണ്. ആ ചരിത്രത്തെ പൂർത്തിയാക്കുകയാണ്. നമ്മുടെ നാടുമായി രക്തബന്ധമുള്ള രണ്ടു മനുഷ്യർ എങ്ങനെയാണ് നെൽസൻ മണ്ടേലയെന്ന യുഗപുരുഷന്റെ അനുയായികളായി പോരാട്ടജീവിതം നയിച്ചതെന്ന് വിശദമാക്കിത്തരുന്ന ഈ കൃതി എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. (മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികൾ – ജി.ഷഹീദ്, മാതൃഭൂമി ബുക്സ് )
ആരെ വിശ്വസിക്കാം?
രാഷ്ട്രീയവിശകലന പുസ്തകങ്ങൾ ഏറെ വായിക്കുന്ന ഒരാളാണ് ഞാൻ. എന്തൊക്കെപ്പറഞ്ഞാലും വർത്തമാനകാലത്തെ നിയന്ത്രിക്കുന്നത് രാഷ്ട്രീയമാണല്ലോ? ഇന്നിപ്പോൾ അത് ഒരുതരം അസ്വസ്ഥതയുളവാക്കുന്ന നിലയിലേക്ക് തരംതാണിരിക്കുന്നു. ചില മൂല്യങ്ങളിലും അറിവിലും നമുക്കൊക്കെ ഉത്തമവിശ്വാസമായിരുന്നു. അതൊക്കെ പൊള്ളയായ വാദങ്ങളാൽ ചോദ്യംചെയ്യപ്പെടുന്ന കാലമാണിത്. അടിസ്ഥാനബോധ്യങ്ങളില്ലാത്ത ഒരു തലമുറയിൽ അങ്കലാപ്പുണ്ടാക്കി വശീകരിക്കാനാണ് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത്. ഇതിനായി അവർ പുതിയ പുസ്തകങ്ങൾ എഴുതിക്കുന്നു. ഗൗരവമായ പഠനങ്ങൾ എന്ന തോന്നലുണ്ടാക്കുന്ന, വിപുലമായ പൊളിച്ചെഴുത്ത് എന്ന ലേബലിൽ വരുന്ന ധാരാളം കള്ളനാണയങ്ങളെ ഇന്നിപ്പോൾ പ്രമുഖരായ പ്രസാധകരിലൂടെ രംഗത്തെത്തിക്കുന്നു. ചരിത്രത്തെ അഭിവൃദ്ധിപ്പെടുത്തൽ എന്നാണ് ഇത്തരക്കാരുടെ അവകാശവാദം. തീർപ്പുകല്പിക്കപ്പെട്ട പല രാഷ്ട്രീയ പ്രശ്നങ്ങളും വീണ്ടും വിവാദബുദ്ധിയോടെ തുറന്നിടുകയാണ്. മതവീക്ഷണത്തോടെ ചരിത്രത്തെ പുനർ വായനയ്ക്ക് വിധേയമാക്കപ്പെടുന്നു.
വായനക്കാരെ പ്രതിസന്ധിയിലാക്കുന്ന പുതിയ പ്രവണതയാണിത്. ഇത്തരത്തിലുള്ള ഒരു പുസ്തക രചയിതാവാണ് വിക്രം സമ്പത്ത്. അദ്ദേഹം അടുത്ത കാലത്തായി ടിപ്പു സുൽത്താനെക്കുറിച്ച് ഒരു ബൃഹദ്ഗ്രന്ഥം രചിച്ചിട്ടുണ്ട് (Tipu Sultan – The Saga of Mysore’s Interregnum – Vikram Sampath- Penguin Random House). ടിപ്പുവിന്റെ ദുർപ്രവൃത്തികളുടെ ഒരു സഞ്ചയം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഗ്രന്ഥം. പ്രശ്നം അതിലൊരു ചരിത്രവീക്ഷണമില്ല, രാഷ്ട്രീയവീക്ഷണം മാത്രമേയുള്ളൂ. സമ്പത്തിന്റെ മറ്റൊരു രചന വി.ഡി. സവർക്കറെക്കുറിച്ചായിരുന്നു (Savarkar- Two volume biography – Penguin Random House). സവർക്കർ എന്ന ഹിന്ദുത്വ പ്രത്യയശാസ്ത്ര നേതാവിനെ ഇന്ത്യയിൽ വളർന്നുവരുന്ന പുതിയകാല രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ പുതുക്കിപ്പണിയുന്ന ഒരു രചന. ഇന്ത്യയുടെ ചരിത്രബോധ്യങ്ങളിലും രാഷ്ട്രീയ ബോധ്യങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിക്കുവാനായി നടക്കുന്ന ബോധപൂർവമായ പുതിയൊരുതരം ധൈഷണിക വ്യായാമങ്ങളാണ് ഇവയെന്ന് വായനക്കാർ അറിഞ്ഞിരിക്കണം.
എന്നാൽ, ഇതിനിടയിലും ചില ആശ്വാസങ്ങൾക്ക് വകയൊരുങ്ങുന്നുണ്ട്. ഒരുകാലത്ത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രമുഖവക്താവായിരുന്ന പ്രശസ്ത മാധ്യമപ്രവർത്തകൻ അരുൺ ഷൂരിയുടെ പുതിയൊരു പുസ്തകം വന്നിട്ടുണ്ട്. The New Icon- Savarkar and The Facts (Penguin Random House) എന്ന ഗ്രന്ഥം വിക്രം സമ്പത്തിനുള്ള മറുപടിയാണെന്നു തോന്നുന്നു. സവർക്കറെക്കുറിച്ചുള്ള വലതുപക്ഷ വാദഗതികളുടെ മുനയൊടിക്കുന്ന രചനയാണ് ഷൂരിയുടേത്. തീർത്തും വ്യത്യസ്തമായ ഒരു നിലപാടാണ് അരുൺ ഷൂരി ഇതിലെടുത്തിരിക്കുന്നത്. ഒരുവേള അദ്ദേഹത്തിൽനിന്ന് ആരും പ്രതീക്ഷിക്കാത്തത്. ഹിന്ദുത്വരാഷ്ടീയത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പത്തിനു പോറലേറ്റുവോ എന്നു തോന്നിപ്പിക്കുന്ന ഈ രചന സവർക്കറിന്റെ രാഷ്ട്രീയമുഖത്തെ വസ്തുതകളുടെ പിൻബലത്തോടെ തുറന്നുകാട്ടുന്നു. അദ്ദേഹം പുസ്തകം അവസാനിപ്പിച്ചുകൊണ്ടെഴുതിയ വാചകം ഇതാണ്: “Save Hinduism from Hindutva” (Page 527) ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അനുയായികൾപോലും അങ്കലാപ്പിലാവുന്ന അവസ്ഥയാണിത്. ഇത്തരം പുസ്തകങ്ങളുടെ വായനക്കാരോട് എനിക്കു പറയുവാനുള്ളത് കരുതിയിരിക്കണം എന്നു മാത്രമാണ്.
ആരാണ് സാംസ്കാരികനായകർ?
ജനുവരി 12-ന്റെ മാതൃഭുമി വാരാന്തപ്പതിപ്പിൽ എഴുത്തുകാരൻ ആനന്ദുമായുള്ള ഒരു സംഭാഷണം വന്നിട്ടുണ്ട്. അതിലദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നു: “കേരളത്തിൽ എഴുത്തുകാരെ സാംസ്കാരികനായകന്മാരെന്നു പറയും. സത്യത്തിൽ, അവർ സാംസ്കാരിക നായകന്മാരൊന്നുമല്ല. സംസ്കാരത്തെ ചലിപ്പിക്കുന്നത് എഴുത്തുകാരല്ല. നീതിക്കുവേണ്ടി ദാഹിക്കുന്നവരാണ് അതു ചെയ്യുന്നത്.” ഒരളവുവരെ ഇതു ശരിയാണ്. നീതിയുടെ പക്ഷത്തുനിലകൊള്ളുന്ന, നീതിക്കുവേണ്ടി ദാഹിക്കുന്ന എഴുത്തുകാരുടെ എണ്ണം കേരളത്തിൽ കുറഞ്ഞുവരുന്നു. എഴുത്തിലൂടെ നേടിയെടുക്കുന്ന പ്രശസ്തിയിൽ അവരുടെ കാഴ്ചയ്ക്ക് മങ്ങലേറ്റതുപോലെ. അവർക്ക് പൊതുവിൽ സമൂഹത്തെപ്പറ്റി ആകാംക്ഷകളില്ല, ആശങ്കകളില്ല. അവർക്ക് നീതിയെപ്പറ്റി വ്യാകുലതുകളുമില്ല. ഇതൊരു വലിയ പ്രതിസന്ധിയാണ്. കക്ഷിരാഷ്ട്രീയത്തോട് ചേർന്നുനിൽക്കുമ്പോഴും നീതിയുടെ പക്ഷത്താണ് എന്ന ഉറച്ച ബോധ്യം എഴുത്തുകാർക്കുണ്ടാവണം. എം.ടി.വാസുദേവൻ നായർ ഒരിക്കൽ പറഞ്ഞത് ഞാൻ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ അല്ല. എല്ലായ്പ്പോഴും മനുഷ്യപക്ഷത്താണ് എന്നാണ്. ഇതായിരിക്കണം എഴുത്തുകാരന്റെ നിലപാട്. നീതികേട് എവിടെക്കണ്ടാലും ചൂണ്ടിക്കാണിക്കുവാനുള്ള ആർജവം കാണിക്കുന്നവർക്കു മാത്രമേ സംസ്കാരത്തിന്റെ വക്താക്കളാവാൻ അവകാശമുള്ളൂ.
എഴുത്തുകാരും ഭരണകൂടവും
എം.മുകുന്ദൻ ഈയിടെ നിയമസഭ പുസ്തകോത്സവത്തിൽ നടത്തിയ ഒരു പ്രസംഗം വിവാദമായിരുന്നു. നിയമസഭയുടെ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുകുന്ദൻ. അദ്ദേഹത്തിന്റെ വാചകങ്ങൾ ഇങ്ങനെയായിരുന്നു:
“സമൂഹത്തിന്റെ ആധികളും ആശങ്കകളും മറ്റാരെക്കാളും എഴുത്തുകാർക്കറിയാം. അതുകൊണ്ട് ഭരണകൂടവും എഴുത്തുകാരും ഒന്നിച്ചുനിന്നു പ്രവർത്തിക്കണം. എഴുത്തുകാർ അധികാരത്തിൽനിന്ന് അകന്നുനിൽക്കണം എന്നാണ് പൊതുവിൽ പലരും പറഞ്ഞു കേട്ടിട്ടുള്ളത്. സാഹിത്യഅക്കാദമിയുടെ അധ്യക്ഷനായി എന്നെ നിയോഗിച്ചപ്പോൾ അധികാരത്തിന്റെ ഒപ്പം നിൽക്കാൻ പാടില്ല എന്നാണ് പലരും അഭപ്രായപ്പെട്ടത്. അക്കാദമിയുടെ തലപ്പത്ത് എഴുത്തുകാരനല്ലെങ്കിൽ പിന്നെയാരാണ് എന്നാണ് ഞാൻ ചിന്തിച്ചത്. നമുക്കൊരു കച്ചവടക്കാരനെ അല്ലെങ്കിൽ ഒരു ഫാക്ടറി ഉടമയെ സാഹിത്യഅക്കാദമിയുടെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരാൻ സാധിക്കുമോ? എഴുത്തുകാർ അധികാരത്തിന്റെ കൂടെ നിൽക്കരുത് എന്നു പറയുന്നത് ഒരു തെറ്റായ ധാരണയാണ്… (തുടർന്ന് കാസ്ട്രോയും മാർകേസും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റിയും നെഹ്രുവും മുൽക്ക് രാജ് ആനന്ദുമായുണ്ടായ അടുപ്പത്തെയുംപ്പറ്റി മുകുന്ദൻ സൂചിപ്പിച്ചു.) സർക്കാറും ഏഴുത്തുകാരും ഒരുമിച്ച് ജനനന്മക്കായി പ്രവർത്തിക്കണം. സർക്കാർ എഴുത്തുകാർക്ക് പുരസ്കാരം നൽകിയാലും നൽകിയിട്ടില്ലെങ്കിലും എഴുത്തുകാർ സർക്കാരിന്റെ കൂടെ നിൽക്കണം. കാരണം, നമുക്ക് പ്രധാനം ജനനന്മയാണ്. അതിനായി നമ്മൾ സർക്കാരുമായും പ്രതിപക്ഷവുമായും എല്ലാവരുമായും എഴുത്തുകാർ സഹകരിച്ച് പ്രവർത്തിക്കണം. കാരണം നമ്മുടെ ലക്ഷ്യം ജനനന്മയാണ്. അതുകൊണ്ട് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷത്തിന്റെയും കൂടെ നിൽക്കുവാൻ ഞാൻ ശ്രമിക്കും.”
ഇതിലെ ചില വരികൾ അടർത്തിയെടുത്താണ് ടി. പത്മനാഭൻ ഉൾപ്പടെയുള്ളവർ മുകുന്ദനെ വിമർശിച്ചത്. ഇതിലെ പ്രധാനവാദം എഴുത്തുകാർ പൂർണമായും അധികാരത്തിൽനിന്ന് മാറിനിൽക്കേണ്ടതുണ്ടോ എന്നതാണ്. മുകുന്ദൻ ചോദിച്ച ചോദ്യം പ്രസക്തമാണ്. സാഹിത്യഅക്കാദമികൾ നടത്തേണ്ടത് എഴുത്തുകാരല്ലാതെ കച്ചവടക്കാരാണോ? തീർച്ചയായും അല്ല. എഴുത്തുകാർ അധികാരത്തിന്റെ അടിമകളാവാതിരുന്നാൽ മതി. അവർക്ക് ഭരണകൂടത്തോട് കലഹിക്കുവാൻ സാധിക്കണം. അധികാരത്തെയും ഭരണാധികാരികളെയും വിമർശിക്കാൻ സാധിക്കണം. ഭരണത്തോട് സഹകരിച്ചുകൊണ്ടുതന്നെ നീതിക്കുവേണ്ടി നിലകൊള്ളാൻ സാധിക്കണം. ജനനന്മ ഉറപ്പുവരുത്താൻ സാധിക്കണം. ഇതാണ് മുകുന്ദൻ ഉദ്ദേശിച്ചത് എന്നാണ് ആ പ്രഭാഷണം നേരിൽക്കേട്ടിരുന്ന എനിക്കു തോന്നിയത്. അങ്ങനെ ചെയ്യാൻ കഴിയും എന്നു തെളിയിച്ച എഴുത്തുകാരനാണ് എം.ടി.വാസുദേവൻ നായർ. സാഹിത്യഅക്കാദമിയിലും തുഞ്ചൻപറമ്പിലും അദ്ദേഹം അധികാരസ്ഥാനത്തിരുന്നു. അവയുടെ നിലവാരം മെച്ചപ്പെടുത്തുവാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. അപ്പോഴും എഴുത്തുകാരന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചു. ഭരണാധികാരികൾ അദ്ദേഹത്തെ ബഹുമാനിച്ചു. ആ വാക്കുകളെ വിലമതിച്ചു. അത്തരം എഴുത്തുകാരെയാണ് സാംസ്കാരികനായകർ എന്നു വിശേഷിപ്പിക്കേണ്ടത്. അത്തരക്കാരെയാണ് സമൂഹം കാത്തിരിക്കുന്നത്.