എത്ര നിർവികാരമിപ്പുതുതാം തലമുറ – സജയ് കെ.വി. (കോളെജ് അധ്യാപകൻ, എഴുത്തുകാരൻ,നിരൂപകന്‍)

എത്ര  നിർവികാരമിപ്പുതുതാം  തലമുറ  – സജയ് കെ.വി.  (കോളെജ് അധ്യാപകൻ, എഴുത്തുകാരൻ,നിരൂപകന്‍)

വൈലോപ്പിളളിയുടെ ‘കണ്ണീർപ്പാട’ത്തിലെ വരിയാണ് ഇവിടെ തലവാചകമായി ചേര്‍ത്തത്. പുതുതലമുറയെ ശകാരിക്കാൻ  ഏതുതലമുറയുടെയും ആവനാഴിയിൽക്കാണും ഇത്തരം വാഗ്ശസ്ത്രങ്ങൾ. പലപ്പോഴും മുനയൊടിഞ്ഞു മടങ്ങാനാവും അവയുടെ വിധിയെന്നു നമുക്കറിയാം. കാരണം കാലം പഴയവരാക്കാത്ത മനുഷ്യരില്ല. പഴമ പുതുമയെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും മടിക്കുകയോ സ്വയം പ്രതിരോധിക്കുകയോ ചെയ്യും. അനുനിമിഷം പുതുക്കുകയും വേറൊന്നായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പുഴയിലാണ് നമ്മൾ. പുഴയെയും ഒഴുക്കിനെയും ചെറുക്കുന്നവർ കടപുഴകിയേക്കാം. ഒന്നുകിൽ ഒഴുക്കാവുക; അല്ലെങ്കിൽ, ഒഴുക്കിനൊപ്പമാവുക. ഒഴുക്കിനെതിരേ നീന്താനാവില്ല.


‘ജനറേഷൻ ബീറ്റ’ എന്ന പുതുതലമുറയെ വരവേൽക്കാൻ കാത്തു നിൽക്കുകയാണ് ലോകം ഇപ്പോൾ. ‘ജനറേഷൻ എക്സും’ ‘സെഡും’ ‘മില്ലേനിയൽസു’മായിരുന്നു അവരുടെ മുൻഗാമികൾ. അവസാനം പറഞ്ഞവരുടെ കൂട്ടത്തിലാണ് ഇതെഴുതുന്നയാൾ. സാങ്കേതികവിദ്യാപ്രളയത്തിലേക്കു പിറന്നുവീണവരാണ് എനിക്കു പിന്നാലെ വന്നവർ. ഭാവനയെയും ഭാവുകത്വത്തെയുംവരെ അതു സ്വാധീനിക്കുന്നു. ആഗോളമലയാളിയാണ് ഇന്നത്തെ മലയാളി. കൊറിയയിലും ജപ്പാനിലുമെന്നല്ല ലോകത്തിന്റെ ഏതു കോണിലുമിരുന്ന് എഴുതുന്നവരാണവർ. എം.മുകുന്ദന്റെ ‘നൃത്തം’ എന്ന നോവലിൽ യൂറോപ്പിലിരുന്ന്, തിരുവോണനാൾ പി.കുഞ്ഞിരാമൻ നായരെ വായിക്കുന്ന ‘അഗ്‌നി ‘ എന്ന കഥാപാത്രമുണ്ടായിരുന്നു. ഇന്നത്തെ മലയാളസാഹിത്യത്തിന്റെകൂടി രൂപകമാവാം അത്. യൂറോപ്പിലിരുന്നുകൊണ്ടും ഇന്നത്തെ മലയാളി എഴുതുന്നു. മറിച്ച് കേരളത്തിലായാലും ഈ നില സാധ്യമാണെന്നുകൂടി ഓർക്കണം. ഇന്റർനെറ്റ് എന്ന ആഗോളവലയിലാണ് നാം. എവിടെനിന്നും എപ്പോഴും ആരോടും ചാറ്റ്ചെയ്യാം. ലോകസാഹിത്യവും സിനിമയും അതിന്റെ ഏറ്റവും പുതിയ മിടിപ്പുകളും എപ്പോഴും വിരൽത്തുമ്പിൽ. ഹാൻ കാങ്ങിന് നൊബേൽ കിട്ടും മുൻപ് അവർ നമ്മുടെ ഭാഷയിലേക്കു പരിഭാഷപ്പെട്ടിരുന്നു എന്നോർക്കണം. ഇപ്പോൾ എഴുത്തച്‌ഛനെഴുതുന്നത് പനയോലയിലല്ല; തിരയെഴുത്തിലാണിപ്പോൾ തിരയടിക്കുന്നത് മലയാളം. ‘ശബ്ദതാരാവലി’കൂടി ഡിജിറ്റലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. ഞാനിപ്പോൾ ഡോ.കെ.ഭാസ്കരൻ നായരെയും മഹാകവി കുമാരനാശാനെയും വായിക്കുന്നത് സ്മാർട്ട് ഫോണിന്റെ തിരയിൽ.


പുതിയ എഴുത്തും ഭാവുകത്വവും ഇതിനോടൊപ്പം സംഭവിക്കുന്നുണ്ട്. പഴയവർ കൂടുതൽ പഴയവരാവുകയോ സ്വയം പുതുക്കാൻ നിർബന്ധിതരാവുകയോ ചെയ്യുന്നു. പുതിയ സിനിമയോടൊപ്പം ഭാവനയുടെ ചലച്ചിത്രങ്ങളും രൂപംകൊള്ളുന്നു. ഭിന്നലൈംഗികതയും പാരിസ്ഥിതികതയും സ്ത്രീവാദവും ദമിതരുടെയും ദളിതരുടെയും സ്വത്വബോധവും അരങ്ങ് കൈയടക്കിയിരിക്കുന്നു. ഒരു മാധവിക്കുട്ടിയല്ല, ഒരുപാട് മാധവിക്കുട്ടിമാർ. നോവലും കവിതയും സദാ മുഖരവും നവസാന്നിധ്യനിബിഡവും. ‘എ.ഐ’ എന്ന നിർമിതബുദ്ധിയാണ് ഈ പുതിയ കഥയിലെ നായകനും പ്രതിനായകനും. മനുഷ്യാനന്തര – സത്യാനന്തരകാലവുമാണിത്. എങ്കിലും ഇവ രണ്ടും, മനുഷ്യനും സത്യവും, അതിജീവിക്കുകതന്നെ ചെയ്യുമെന്ന പ്രത്യാശയിലാണ് എന്റെ തലമുറ. ആ പ്രത്യാശയുടെ പന്തമാണ് ഞങ്ങൾക്ക് പുതിയവരുടെ കൈകളിലേല്പിക്കാനുള്ളത്. അവർ അതു കെടാതെ സൂക്ഷിക്കും എന്ന പ്രത്യാശയും ഞങ്ങൾക്കുണ്ട്. ‘മൗസ്’, കമ്പ്യൂട്ടർമൗസായിക്കഴിഞ്ഞാലും ‘ആമസോൺ’ എന്ന ബൃഹദാരണ്യം ഒരു ഓൺലൈൻ ക്രയോപാധിയായി മാറിക്കഴിഞ്ഞാലും പണ്ടത്തെയാ ചുണ്ടെലിയും അമസോണിലെ ജൈവവൈവിധ്യക്കലവറയും ശേഷിക്കുമല്ലോ (അഥവാ ശേഷിക്കണമല്ലോ).  ‘മഹാഭാരതം- ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ’ എന്ന പേരിലാണ് കെ.സി. നാരായണന്റെ പുത്തൻ ‘ഭാരതപര്യടനം’ എഴുതപ്പെടുന്നത്. മാരാരിൽനിന്ന് കെ.സി.യിലേയ്ക്കുള്ള ദൂരം, കടലാസിൽനിന്ന് നവമാധ്യമത്തിരയിലേക്കു കൂടിയുള്ള ദൂരമോ അകലമോ. അപ്പോഴും വായിക്കപ്പെടുന്നത് മഹാഭാരതമാണ് എന്നോർക്കണം; ആ പ്രാക്തനകഥാസരിൽസഞ്ചയം. ‘കഥാസരിൽസഞ്ചയനം’ എന്ന പേരിൽ ഡി.വിനയചന്ദ്രന്റെ കവിതയുണ്ട്. നദികളുടെ സഞ്ചയനകാലം കൂടിയാണിത്. വർഗീയതയും വംശീയതയും പുത്തൻ ‘ഡ്രാക്കുളീയത’ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ ദംഷ്ട്രകൾക്ക് കൂർപ്പുകൂട്ടുന്ന കാലം. ലോകം മൊബൈൽസ്ക്രീനിലേക്ക് സങ്കോചിക്കുന്നു; ഒപ്പം മനുഷ്യത്വവും. ചുവപ്പു മങ്ങി, കാവി തെളിയുന്നു. ഇന്ത്യയുടെ സാംസ്കാരികവൈവിധ്യത്തിന്റെ മഴവില്ലിനെയും മാറാല മൂടിയിരിക്കുന്നു. ‘ഗാമോഫോബിയ’ പോലുള്ള പുതുവാക്കുകൾ മലയാളിയുടെ പദകോശത്തിലും ഇടം കണ്ടെത്തുന്നു.


‘പ്രേമമൊരുമിനീരായ് കാണുവോർ,കായിൻ പേരിൽ


പൂ മതിക്കുവോർ’ എന്ന് വൈലോപ്പിള്ളിയെത്തന്നെ നമ്മൾ വീണ്ടുമോർത്തുപോകുന്നു. ആ കവിയെത്തന്നെ ഉദ്ധരിച്ചുകൊണ്ട്, അതിനാൽ, ഈ കുറിപ്പിനു വിരാമമിടാമെന്നു കരുതുന്നു:


‘തലയാന തൻ ചോടും തൻ ചോടുമുളക്കുന്നൂ


പല നാൾ പിമ്പേ വരും കൊച്ചുകൊമ്പന്മാർ ഗൂഢം,


തൻ ചുവടൊപ്പം തടം വെയ്ക്കവേ, നേതാവിനെ,


വഞ്ചനയാലേ കുത്തിമറിച്ചു മുന്നേറുവാൻ’ ( തച്ചന്റെ മകൻ).


കവിയുടെ അവസാനകാലരചനകളിലൊന്നായ ‘ഞങ്ങളുംഇവരും നാട്ടുകാരും’ എന്ന കവിതയിലേതാണ്  ഈ വരികൾ:


‘പഴയവരായീ ഞങ്ങൾ കഴിഞ്ഞൊരു കാൽ നൂറ്റാണ്ടാൽ, ഒരു ദിവസത്താൽ …’


മറ്റൊരു കവിതയിൽ ഇങ്ങനെയും:


‘രണ്ടക്ഷരം ചേർത്തെഴുതീടിലുന്മദം


കൊണ്ടക്ഷമം നാം കവിയായ് നടിക്കുവോർ


പ,ണ്ടക്ഷതം വിദ്യയിൽ നോറ്റ വമ്പരെ


കണ്ടക്ഷണം ഹാ ! വിനയം പഠിക്കുകിൽ ! ‘