ഒരു തുള്ളി വെളിച്ചംതേടി – സംഗീത് മോൻസി (യുവകവി)

ഒരു തുള്ളി വെളിച്ചംതേടി –  സംഗീത് മോൻസി  (യുവകവി)

ഒരു പുതിയവെളിച്ചം ആരാണ് മോഹിക്കാത്തത്. ആരെയോ കാത്തിരിക്കുന്നതുപോലെ. കാലം ഏതായാലും. പുതുതലമുറയെ അതു വേറിട്ടൊരു തലത്തിലേക്കു കൊണ്ടുചെന്നെത്തിക്കുന്നു. ഷേക്സ്പിയറും എലിയറ്റും ഡോസ്‌റ്റോവസ്കി മുതൽ നമ്മുടെ ഒ.വി.വിജയനും മുകുന്ദനും ആനന്ദുമെല്ലാം എഴുത്തിനെ ഈ ഒരു വെളിച്ചത്തിലേക്കാണ് നയിച്ചിട്ടുള്ളത്. ചിലത് ഇരുണ്ട വെളിച്ചമാവാം.  അതെല്ലാം നമ്മുടെ ഈടുവയ്പ്പുകളാണ് സിനിമയും ചിത്രകലയുമെല്ലാം. പുതുതലമുറ അത് ഒട്ടും പിന്നിലാക്കിയിട്ടുമില്ല. പ്രമുഖർ വെട്ടിത്തെളിച്ച വഴിയിലേക്ക് പുതുതലമുറയ്ക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്. മാർക്കേസും കാഫ്കയും ഓരോ കാലത്ത് കലയെ അനുഭവങ്ങൾക്കൊണ്ട് പുതുക്കിയിട്ടുണ്ട്. അത് ഒരു പുത്തനുനർവാണ് കലയ്ക്ക് നൽകിയിട്ടുള്ളത്. കാഫ്ക്കയാണെങ്കിൽ മുൻപേ ഉണ്ടായിരുന്നതുപോലെ ലോകത്തിന്റെ ഇരുണ്ടമൂലകളിൽ മിടിച്ചുകൊണ്ടിരുന്നു. എല്ലാം അനുഭവങ്ങളാണ്. മനുഷ്യന്റെ ലോകത്തിന്റെ അനുഭവങ്ങൾ. പുത്തൻ ആശയങ്ങളും പുത്തൻ ചിന്തകളും എത്തിനിൽക്കുന്നതും ഇവിടെത്തന്നെ.


ഇന്നത്തെ യുവാക്കൾ സോഷ്യൽമീഡിയയിലും ഗെയിമുകളിലും മറ്റും മുഴുകുന്നുണ്ട്, ശരി തന്നെ. ഇന്നത്തെ ലോകത്തിന്റെ ആവശ്യവും അതുതന്നെ. എന്നാൽ ഇതിൽനിന്നു വേറിട്ടൊരു ചെറുപ്പക്കാരുടെ കൂട്ടായ്മ മൊട്ടിട്ടു വിരിയുന്നത് നമുക്ക് കണ്ടില്ലെന്നു നടിച്ചുകൂടാ. സെൽഫികൾക്കും റീലുകൾക്കുമപ്പുറം ലോകം ഉണ്ട്. അതു ഫാഷനായി കണ്ടാലും മതി കലയെ പ്രണയിക്കുന്ന, സാഹിത്യോത്സവങ്ങളിൽ വ്യാപൃതരായ ഒരു ചെറു കൂട്ടം ചെറുപ്പക്കാർ ഇന്നും ഇവിടെ അവശേഷിക്കുന്നു. അവർ എഴുത്തിലൂടെ കൊണ്ടു വരുന്ന ഉത്സാഹം നല്ലതല്ലേ.


ഇന്നത്തെ സമൂഹത്തിൽ രാഷ്ട്രീയം അവിടെ നിൽക്കുന്നുണ്ട്. യുവത്വം അതിനോട് ഒട്ടും മുഖം തിരിക്കുന്നില്ല. തനിക്കു പറയാനുള്ളത് എന്തും വെട്ടിത്തുറന്ന് പറയാനുള്ള ആർജവത്വം യുവസമൂഹം ഊന്നൽകൊടുക്കുന്നുണ്ട്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും യുവജനതയ്ക്ക് കൊടുക്കുന്ന ശക്തി ഒന്നു വേറെ തന്നെയാണ്. വാർധക്യത്തിലുള്ള നേതാക്കളെ അവർ ഒട്ടും തള്ളിപ്പറയുന്നുമില്ല. അവരെ ചേർത്തുപിടിച്ച് മുന്നോട്ടു പോവുകയാണ്. കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്നെ നിരാശപ്പെടുത്തുന്ന പലതുമുണ്ട്. ഒരു സ്വാഗതപ്രസംഗകനെപ്പോലെ സ്ഥാനത്തും അസ്ഥാനത്തും നമ്മൾ കേരളത്തെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ചെറുപ്പക്കാർ ഒന്നടങ്കം ഊരുതെണ്ടി മറുനാടുകളിലേക്ക് പലായനംചെയ്യുന്നു. നല്ലതാണോ? ഇതെക്കുറിച്ചൊക്കെ ഇത്രയും മനുഷ്യരുള്ള കേരളം സത്യസന്ധമായി ആലോചിക്കേണ്ടതല്ലേ?


പഴയ തലമുറയ്ക്ക് പല വെല്ലുവിളികളും തരണം ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. ഇന്നത്തെ യുവ തലമുറയ്ക്ക് ടെക്നോളജിയും സാമൂഹിക അടിത്തറയും കാര്യങ്ങൾ കുറെക്കൂടി സുഗമമാക്കി. എന്നിരുന്നാലും കഴിഞ്ഞതെല്ലാം ഓർമിക്കാൻ മറക്കാതിരുന്നാൽ മതി. യുവസമൂഹം മൂല്യബോധം ഉള്ളവരല്ല എന്നു പറയുന്നത് ഞാൻ കേൾക്കാതെയല്ല. ഓരോ കാലത്തും അതതിന്റെ മൂല്യങ്ങൾ സ്വാംശീകരിക്കുകയും ഉയിർകൊള്ളുകയുമാണ്; വിലപിടിച്ച സ്വാനുഭവങ്ങളിലൂടെ. ഒരാൾ തന്നോടുന്നെ എന്നപോലെ സമൂഹത്തോട് പറയാനാണ് ഓരോന്നും എഴുതുന്നത്. ഒരു പൂവിന്റെ ഇതൾവിരിയുന്നതുപോലെയാണ് ഓരോ സൃഷ്ടിയും വിരിയുന്നത്. ഈ പൂക്കൾക്കു പറയാനുള്ളത് ഓരോ കഥകളാണ്, ഒരുപക്ഷേ, ആരും പറയാത്ത കഥകൾ. തന്നെത്തന്നെ ഈ സമൂഹത്തിൽ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു മാധ്യമാണ് കല എക്കാലത്തും.


ഈ കഴിഞ്ഞ നവംബറിലാണ് Matter of Time എന്ന എന്റെ പുസ്തകം പ്രകാശനം ചെയ്തത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ എഴുതിത്തുടങ്ങുകയായിരുന്നു ഞാൻ. എന്റെ വേദനകളുടെ പ്രചോദനം ആവണം. അതിലെ അവസാനകവിതയായ ‘Dancing Legends’ എന്ന കവിതയിൽ ‘Let us toast to nothingness’ എന്ന് ടി. എസ്. എലിയറ്റ്, ഷേക്സ്പീയറോട് പറയുന്നത് അനന്തതയിലേക്കുള്ള ഒരു അഭിവാദ്യമാണ്. എല്ലാ മനുഷ്യരും കാലങ്ങളായി അതിന്റെ താഴ്‌വരയിലുണ്ട്. ലോകസാഹിത്യം കാലത്തിന്റെ കടൽപോലെയാണ്. ലോകത്തെ ഇന്നും അദൃശ്യമായ ഒരു വെളിച്ചം നയിക്കുന്നുണ്ട്, ഇനിയും കെട്ടു പോയിട്ടില്ലാത്ത ആ വെളിച്ചം ഒരു പ്രതീക്ഷയാണ്. ഇന്നത്തെയും എന്നത്തെയും ഒരു പുത്തൻ പ്രതീക്ഷ. അതിലേക്കാണ് ഈ സമൂഹത്തിന്റെ ഒരുമാത്ര മാത്രമായ ഞാനും ഉറ്റു നോക്കുന്നത്.