ജെൻ’സി’ കുട്ടികളും ന്യൂജനറേഷൻ അധ്യാപകരും

ജെൻ’സി’ കുട്ടികളും  ന്യൂജനറേഷൻ അധ്യാപകരും

ഒരു സത്യകഥ


അഗത കുര്യൻ

(അധ്യാപിക, ട്രയിനർ, ക്രിയേറ്റവ് ബുക്ക്‌ എഡിറ്റർ, വിവർത്തക)


കുട്ടികൾക്കാവശ്യമുള്ള അവരുടെ പ്രതീക്ഷകൾപ്പുറം ഉയരാനാവുന്ന അവരുടെ ‘ബഡ്ഢി’യായ, അവരിൽനിന്നു നിരന്തരം പഠിക്കുന്ന, അപ്ഡേറ്റഡായ,’വൈബു’ള്ള അധ്യാപകരാവുക എന്നതാണ് ഇനിയുള്ള കാലത്തെ അധ്യാപകർക്കുള്ള പ്രതീക്ഷയും വെല്ലുവിളിയും.


അധ്യാപനം എന്നത് സേവനമായും സാധ്യതയും കച്ചവടമായും ഒക്കെ കണ്ടിരുന്ന കാലത്തുനിന്ന് വൻ പരിണാമമാണ് ജെൻ’സി’യുടെ ഉദയത്തോടെ സംഭവിച്ചത്. ക്ലാസ്സ്‌ റൂം എന്നത് അധ്യാപകരുടെ അറിവും പാണ്ഡിത്യവും ആശയധാരകളും ഒക്കെ അവതരിപ്പിക്കാനുള്ള, അധികാരം ഉപയോഗിക്കാനുള്ള വേദിയാണെന്ന പരമ്പരാഗത പൊതുബോധത്തെയും നിമിഷംപ്രതി തച്ചുടയ്ക്കുന്നുണ്ട് ജെൻ‘സി’കൾ. അധ്യാപകരുടെ റോൾ ‘സഹപഠിതാവ്’ എന്നതായിരിക്കണമെന്ന വിദ്യാഭ്യാസ കമ്മീഷൻ കണ്ടെത്തലുകൾ പോലും ഈ തലമുറയുടെ സ്വത്വനിർമിതിയുമായി ചേർത്തു വായിക്കുമ്പോൾ അപ്രസക്തം എന്നു കാണാനാവും.


ഇത്തരം പുരോഗമനപരമായ മാറ്റത്തിന് മറുവശം കൂടിയുണ്ട്. ഈയടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച, “സാറിനെ ഞാൻ പുറത്തു വച്ച്  തീർക്കും” എന്ന് ആക്രോശിക്കുന്ന 18 വയസ്സുകാരൻ  ആൺകുട്ടിയുടെ വീഡിയോ അത്രയൊന്നും പരിഷ്കരിക്കപ്പെട്ടിട്ടില്ലാത്ത അധ്യാപക-വിദ്യാർഥി പൊതുബോധങ്ങളുടെ തെളിവാണ്. “ഈ പുതുതലമുറയുടെ രീതികൾ എത്ര മോശമാണ്.  അവർക്ക് യാതൊരു മൂല്യങ്ങളും ഇല്ല. ഇത്രയും മോശമായ കുട്ടികൾ. ഫുൾടൈം ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും… ഇവർ എന്താണ് ഇങ്ങനെ?  ഈ തലമുറയ്ക്ക് ലസ്റ്റ് ആണുള്ളത് ലവ് അല്ല.”എന്നിങ്ങനെ പരാതിപ്പെട്ടി തുറക്കുന്ന അധ്യാപകസമൂഹവുമുണ്ട്. ജെൻ’സി’ കുട്ടികളുടെ ഇടപെടൽ നിമിത്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിവച്ചിരിക്കുന്ന, കമന്റ് ബോക്സ് ഓഫ് ചെയ്യുന്ന അധ്യാപകരുടെ എണ്ണവും കുറവല്ല. ഇൻസ്റ്റഗ്രാം എന്നു കേട്ടിട്ടുപോലും ഇല്ലാത്ത അധ്യാപകരും ധാരാളമാണ്. കുട്ടികളെ നിയന്ത്രിക്കാനാവാത്ത, അവരെ നന്നായി ‘ഡീൽ ചെയ്യാൻ’ അറിയാത്ത അധ്യാപകരും ഇന്ന് കൂടിക്കൊണ്ടിരിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് മൈൻഡ്ഫുൾ ടീച്ചിംഗ്/  റിഫ്ലക്റ്റീവ് പ്രാക്ടീഷണിങ് എന്നിങ്ങനെയുള്ള അധ്യാപനരീതികൾക്ക് പ്രസക്തിയേറുന്നത്.


ഈയടുത്ത് വൈറലായ ഏകദേശം ഒരു മില്യൺ ആളുകൾ കണ്ട വീഡിയോയാണ് കോട്ടയം മണർകാട് സെന്റ്. മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുടെ നൃത്തം. ‘മണിച്ചിത്രത്താഴ്’ സിനിമയിലെ ഏറെ പ്രശസ്തമായ നൃത്തരംഗം പുനരവതരിപ്പിക്കപ്പെട്ടപ്പോൾ എന്റെ ശ്രദ്ധയാകർഷിച്ചത് അതുകണ്ട് കൈയടിക്കുന്ന കുട്ടികളാണ്. ആ വീഡിയോയിൽ വന്ന കമന്റുകളിൽ ഒന്ന് ഇപ്രകാരമാണ്. “ഇതൊക്കെയാണ് ഇപ്പോഴത്തെ വൈബ് സ്കൂളുകൾ നമ്മൾ പഠിക്കുമ്പോഴും ഉണ്ടായിരുന്നു കുറെ ചാക്കോ മാഷന്മാരും കാലൻ മത്തായിമാരും. “സ്കൂൾജീവിതം അധ്യാപകരാൽ വെറുത്തുപോയ ഒരു കുട്ടിയെ ഇവിടെ കണ്ടെത്താനാവും.


കുട്ടികൾ അധ്യാപകരിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നത്? അധ്യാപകർ നൽകുന്നതെന്ത്‌? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കും പ്രസക്തിയേറുകയാണ്. കുട്ടികളെ വ്യക്തികളായിപ്പോലും പരിഗണിക്കാത്ത കാലത്തുനിന്നാണ് ഈ മാറ്റം ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ഈയടുത്ത് പുറത്തിറങ്ങിയ എസ്.ഹരീഷിന്റെ ‘പട്ടുനൂൽപ്പുഴു’ എന്ന നോവലിലും പ്രമേയമാവുന്നത് അദൃശ്യനാക്കപ്പെടുന്ന, പരിഗണനകളൊന്നും ലഭിക്കാത്ത സാംസ എന്ന കുട്ടിയുടെ ദയനീയജീവിതമാണ്. ശൈശവത്തിൽ അമിത ശ്രദ്ധയും പരിഗണനയും ലഭിക്കുകയും പിന്നീട് ബാല്യകൗമാരങ്ങളിലേക്ക് പോകുമ്പോൾ അവഗണന നേരിടുകയും ചെയ്യുന്ന കുട്ടികളുടെ സാമൂഹിക-മനോവികാസം ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.


കുട്ടിയെ സംബന്ധിക്കുന്ന ഇത്തരം അവസ്ഥകളെ കണക്കിലെടുത്ത് അധ്യാപകർ പെരുമാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജീവനുള്ള ഫയൽ ആയും, കമ്പ്യൂട്ടർ ആയും ഒക്കെ കുട്ടികളെ കാണുന്ന ഇവർ ചോരയുംനീരുമുള്ള മനുഷ്യരായി വ്യക്തികളായി വിദ്യാർഥികളെ കാണുന്നുണ്ടോ എന്നത് സംശയമാണ്.  പ്രതിഫലനാത്മക അധ്യാപന രീതി ഉപയോഗിക്കുന്നത് ക്ലാസ്സ്‌റൂമുകളിൽ ഫലപ്രദമാണ്. കുട്ടികളുടെ പ്രതികരണങ്ങളിൽനിന്ന്‍ അവരുടെ അവസ്ഥ, താൽപര്യം, അറിവ്, നിലവാരം എന്നിവയൊക്കെ മനസ്സിലാക്കി അതനുസരിച്ച് അധ്യാപനത്തെ ചിട്ടപ്പെടുത്തുന്ന രീതിയാണിത്.


എ.ഐയുടെയും മറ്റു സാങ്കേതികവിദ്യകളുടെയും ഫലപ്രദമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ക്ലാസ്സ്‌റൂം അധ്യാപനത്തെ മാറ്റേണ്ടതുണ്ട്. തങ്ങളെക്കാൾ മോശമായ അറിവില്ലാത്ത ഒരുകൂട്ടമാണ് ക്ലാസ്സിൽ ഉള്ളതെന്നുള്ള മിഥ്യാധാരണയോടെ ക്ലാസിലെത്തിയാൽ ആ ഭാവത്തിന് വൻ തിരിച്ചടിയേറ്റ് മടങ്ങേണ്ടിവരും അധ്യാപകർക്കെല്ലാം.


ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ട്  ഉള്ള അധ്യാപകരെയും ഇനിയുള്ള കാലത്തിന് ആവശ്യമാണ്. പുതുതലമുറയുടെ വ്യക്തിത്വരൂപീകരണത്തിലും സ്വത്വനിർമിതിയിലും ആശയാവിഷ്കരണത്തിലും ഇൻസ്റ്റഗ്രാം വഹിക്കുന്ന പങ്ക് വിവരണാതീതമാണ്. റീൽസുകളിലൂടെയും ചിത്രങ്ങളുടെ ക്യാപ്ഷൻസുകളിലൂടെയും ജീവിതപാഠങ്ങളും മൂല്യങ്ങളും മനസ്സിലാക്കുന്ന തലമുറയിലേക്ക് എത്താൻ, അവരോട് അടുക്കാൻ, അവരെ പഠിപ്പിക്കാൻ ഇൻസ്റ്റഗ്രാമിലെ അക്കൗണ്ട് അനിവാര്യമാകുന്നു.


കുഞ്ഞുങ്ങളുടെ പ്രതീക്ഷകൾക്ക് ഒപ്പമെത്തുന്ന രീതിയിൽ അവരെ ചേർത്തുപിടിക്കാനും അധ്യാപകർക്ക് സാധിക്കേണ്ടതുണ്ട്. കൗമാരക്കാരായ ജെൻ‘സി’കളെ  തീണ്ടാപ്പാട് അകലെ മാറ്റിനിറുത്തി പഠിപ്പിക്കുന്ന, സംസാരിക്കുന്ന നയങ്ങളൊക്കെ മാറ്റിപ്പണിയേണ്ടിയിരിക്കുന്നു. ആൺ-പെൺ ദ്വന്ദങ്ങൾക്കപ്പുറം വിശാലമായ കാഴ്ചപ്പാട് ജൻഡറിനെ സംബന്ധിച്ചു പുതുതലമുറ വച്ചുപുലർത്തുന്നുണ്ട്. പ്രണയബന്ധങ്ങൾ, ജീവിതം, വൈകാരികത, വിജയം എന്നിവയെക്കുറിച്ചെല്ലാം അവർ വച്ചുപുലർത്തുന്ന വിശാലത പലപ്പോഴും അധ്യാപകർക്കില്ല എന്നുള്ളതും സത്യമാണ്. ചിലപ്പോഴെങ്കിലും പുതുതലമുറയിലേക്കെത്തുന്ന വികലമായ കാഴ്ചപ്പാടുകളെ മുൻനിറുത്തി അവരെ വിമർശിക്കാൻ മാത്രമാണ് അധ്യാപകസമൂഹം ശ്രമിക്കാറുള്ളത്. കുറ്റപ്പെടുത്തലുകൾക്കപ്പുറം ക്രിയാത്മകമായി കുട്ടികൾക്കുവേണ്ടി എന്തുചെയ്യാനാവും എന്നാണ് അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന സമൂഹം ചിന്തിക്കേണ്ടത്.


ആൺകുട്ടിയും പെൺകുട്ടിയുമൊരുമിച്ച് നിന്നാലോ വർത്തമാനം പറഞ്ഞാലോ കപടസദാചാരബോധത്തോടെ അവരെ സമീപിക്കുന്ന അധ്യാപകർ ധാരാളമുണ്ട്. ഒരുമിച്ച്, കൈപിടിച്ചു നടന്നുപോയ ആൺകുട്ടിയെയും പെൺകുട്ടിയും താക്കീത് ചെയ്യാനായി വിളിച്ചുവരുത്തിയ അധ്യാപികയോട്  “ഞങ്ങൾ തമ്മിൽ സൗഹൃദം മാത്രമേയുള്ളു.. ടീച്ചറിന്റെ മനസിനും ചിന്തയ്ക്കുമാണ് പ്രശ്ന”മെന്നു തർക്കിച്ച പെൺകുട്ടിയെ നമ്മൾ പരിഗണിക്കേണ്ടതുണ്ട്.


ക്ലാസ്റൂമുകൾക്കുള്ളിലെ അധികാരനിർമിതിയെയും ന്യൂജനറേഷൻ ചോദ്യംചെയ്യുന്നുണ്ട്. വിദ്യാർഥികൾ പദവിയിൽ അധ്യാപകരെക്കാൾ താഴെയായിരിക്കണം എന്ന ബോധ്യത്തെ/ബോധത്തെ തച്ചുടയ്ക്കുന്നു. തങ്ങൾക്ക് ഒപ്പം ബെഞ്ചിലിരിക്കുന്ന തങ്ങളുടെ ‘ബഡ്ഢി’യായി അധ്യാപകരെയാണ് അവർക്ക് താൽപര്യവും ആവശ്യവും. സ്വാതന്ത്ര്യബോധം, സമത്വം എന്നതൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്ന പുതുതലമുറ തങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും ധൈര്യപൂർവം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, പരമ്പരാഗതരീതികൾ പിന്തുടരുന്ന അധ്യാപകർക്ക് ഈ തലമുറയുടെ സംശയങ്ങളെ അഭിമുഖീകരിക്കാനോ മറുപടി നൽകാനോ സാധിക്കാതെ വരുന്നുണ്ട്.


ഇത്തരം പ്രതീക്ഷകളെക്കൂടി പങ്കുവയ്ക്കുന്ന വിധത്തിലാവണം അധ്യാപകർ പാകപ്പെടേണ്ടത്. ന്യൂജനറേഷൻ അധ്യാപകർക്ക് മാത്രമേ ഇനിയുള്ള കാലത്ത് പ്രസക്തിയുണ്ടാവുകയുള്ളു. ‘ഒരു കുഞ്ഞിനും ട്രോമയുണ്ടാക്കാത്ത’ ടീച്ചർ ആവാൻ  ശ്രമിക്കുന്ന ഒരാൾക്ക് ധാരാളം പ്രതിസന്ധികൾ അതിജീവിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങൾ വളരെ സ്നേഹത്തോടെ മാത്രം ഓർക്കുന്ന അവരെ നന്നായി ട്രീറ്റ് ചെയ്തു പ്രതിസന്ധികളിൽ ചേർത്തുനിറുത്തിയ, അതു പ്രണയനൈരാശ്യം മുതൽ അസ്തിത്വപ്രതിസന്ധിവരെയാകാം- ടീച്ചറാവാനുള്ള പരിശ്രമം അവസാനിക്കുന്നില്ല.


കുട്ടികൾക്കാവശ്യമുള്ള അവരുടെ പ്രതീക്ഷകൾപ്പുറം ഉയരാനാവുന്ന അവരുടെ ‘ബഡ്ഢി’യായ, അവരിൽനിന്നു നിരന്തരം പഠിക്കുന്ന, അപ്ഡേറ്റഡായ, ‘വൈബു’ള്ള അധ്യാപകരാവുക എന്നതാണ് ഇനിയുള്ള കാലത്തെ അധ്യാപകർക്കുള്ള പ്രതീക്ഷയും വെല്ലുവിളിയും. അതു നിറവേറ്റുന്നവർ മാത്രം നിലനിൽക്കുന്ന രംഗമായി വിദ്യാഭ്യാസമേഖല അഴിച്ചുപണിയപ്പെടുകതന്നെ ചെയ്യും.