ഇന്നിലൂടെ നാളെയുടെ സഞ്ചാരങ്ങളിലേക്ക്

ഇന്നിലൂടെ  നാളെയുടെ സഞ്ചാരങ്ങളിലേക്ക്

റ്റിസി മറിയം തോമസ് (മനഃശാസ്ത്ര അദ്ധ്യാപിക, എഴുത്തുകാരി), 


ആഷ്‌ലി മറിയം പുന്നൂസ് (മനഃശാസ്ത്ര അദ്ധ്യാപിക)


തലമുറകൾ തമ്മിലുള്ള സംഘർഷങ്ങൾ ഒരു സാധാരണ പ്രതിഭാസമാണ്, എന്നിരുന്നാലും, സൗഹൃദപരവും ലളിതവുമായ സഹവാസം എങ്ങനെ സാധ്യമാക്കാം എന്നത് ഒരു പ്രധാന ചോദ്യമാണ്. ഈ ലേഖനത്തിൽ, ആ പ്രശ്നത്തിനുള്ള ചില പരിഹാരങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്നു.


രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളെ പ്രതിരോധമാക്കി മാറ്റിയ ശ്രേഷ്ഠതലമുറയും, ബേബി ബൂമേഴ്‌സും അനുഭവസമ്പന്നമായ തങ്ങളുടെ ജീവിതത്തിന്റെ പൂർണതയിലേക്ക് അടുക്കുമ്പോൾ, ഭൂമിശാസ്ത്രപരമായ അതിർത്തികളെപ്പോലും ചിന്താശേഷികൊണ്ട് ഭേദിക്കാൻ പര്യാപ്തമാകുന്ന ഒരു തലമുറ തങ്ങളുടെ അറിവനുഭവങ്ങളുടെ പ്രയാണം ആരംഭിക്കുകയാണ്. മുൻകാലങ്ങളെക്കാൾക്കൂടുതൽ,  ജനറേഷൻ അതായത് തലമുറകളെക്കുറിച്ചുള്ള സംസാരങ്ങൾ നമ്മുടെ പൊതുസമൂഹത്തിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.  


പ്രധാനമായും രണ്ടു കാരണങ്ങളാണ് ഈയൊരു മാറ്റത്തിനുള്ളത്. ഒന്ന്, തൊഴിൽചെയ്യാനും സാധാരണ ജീവിതം നിർബാധം തുടരാനുമുള്ള ആരോഗ്യവും മാനസികശേഷിയുമുള്ള മുതിർന്ന തലമുറ സമൂഹത്തിലെ  എല്ലാ മേഖലകളിലും ദൃശ്യമാവുന്നു. അതോടൊപ്പം, സാങ്കേതികവിദ്യയിൽ നിപുണരായ ‘ന്യൂ ജനറേഷൻ’ എന്നു വിളിപ്പേരുള്ള യുവതലമുറ സാമൂഹികമാധ്യമങ്ങളിലൂടെ ഒരു സമാന്തരലോകമെന്നവണ്ണം ഇടംപിടിക്കുന്നു. ഈ രണ്ടു തലമുറകൾക്കുമിടയിൽ ഇനിയും ഉപ തലമുറകളും അവരുടെ വ്യക്തിവൈജാത്യങ്ങളുമുണ്ട്. വേണമെങ്കിലും ഇല്ലെങ്കിലും വ്യത്യസ്തങ്ങളായ ചിന്തകളും അഭിരുചികളും ആശയവിനിമയ രീതികളുമുള്ള തലമുറകൾ ഇടകലർന്നുള്ള സമൂഹമണ്ഡലങ്ങളെയാണ് നമുക്കിനി നേരിടാനുള്ളത്.


ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളും അതിനോടു ചേർന്നുള്ള സാമൂഹിക,സാംസ്കാരിക മണ്ഡലങ്ങളിലെ പരിവർത്തനങ്ങളുമാണ് പുതുതലമുറയുടെ അടയാളപ്പെടുത്തൽ. തലമുറകൾ തമ്മിലുള്ള വ്യത്യാസത്തിന്റെ ദൈർഘ്യവും ദൂരവും കുറഞ്ഞുവരുന്ന ഈ കാലത്ത്, വ്യത്യസ്തമായ മാനസികവ്യാപാരങ്ങളിൽക്കൂടെയാണ് ഓരോ കാലഘട്ടത്തെയും പ്രതിനിധീകരിക്കുന്ന മനുഷ്യർ കടന്നുപോകുന്നത്. സാങ്കേതികതയുടെ വിത്തുകൾ വളക്കൂറോടെ വളരുന്ന മണ്ണിലേക്ക് ജനിച്ചുവീണവരും (Natives) ഈ വളർച്ചയിലേക്ക് കുടിയേറിയവരും (Migrants)തമ്മിലുള്ള മാനസിക വ്യാപാരങ്ങളിലെ വ്യത്യാസങ്ങൾ ഏറെയാണ്.


സാങ്കേതികത സാധാരണത്വം നേടിയ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ ജനിച്ചുവളർന്നു എന്നതാണ് 1995 മുതൽ 2009 വരെയുള്ള Gen Z-ന്റെയും 2010 മുതൽ 2024 വരെയുള്ള Gen ആൽഫയുടെയും പ്രത്യേകത. വിപ്ലവാത്മകായ ചരിത്രാന്തരീക്ഷത്തിലൂടെ വളർന്ന് മൂല്യാത്മക ജീവിതമാർജിച്ച മുൻ തലമുറ വിവരസാങ്കേതികവിദ്യയുടെ  ലോകത്തോട് ചേർന്നുനിൽക്കുവാൻ നിർബന്ധിതരാകുന്നു. അടിസ്ഥാനപരമായ ഈ വ്യത്യാസമാണ് തലമുറകൾ തമ്മിലുള്ള ഇടപെടലുകളെ ചിലപ്പോഴെങ്കിലും സങ്കീർണമാക്കുന്നത്.


ഇന്റർനെറ്റ്, കൃത്രിമബുദ്ധി (AI), തുടങ്ങിയവയുടെ വളർച്ചയ്ക്ക് സാക്ഷികളായ പുതുതലമുറ, വ്യത്യസ്ത ശാസ്ത്രസങ്കേതങ്ങളെ അവയുടെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങൾക്കപ്പുറമുള്ള സാധ്യതകളെ കണ്ടെത്തി  ഉപയോഗിക്കുന്നു. ഇതു ക്രിയാത്മകമായ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ, ഇതിന്റെ മനഃശാസ്ത്ര വിശകലനങ്ങൾ വൈജ്ഞാനികതലത്തിൽ പുതുതലമുറയ്ക്ക് ഉണ്ടാകുന്ന കോട്ടങ്ങളെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ചടുലമായ ദൃശ്യപരിവർത്തനങ്ങൾ കഴിവുകൾ മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും, അതുമൂലം ശ്രദ്ധ കുറയാനും അതു മറ്റു മാനസികപ്രവർത്തനങ്ങളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.


ഒരേസമയം ഒന്നിൽക്കൂടുതൽ പ്രവൃത്തികളിൽ ഏർപ്പെടുകയും,കാര്യക്ഷമമായി അവ പൂർത്തീകരിക്കുകയും ചെയ്യുന്നത് പുതിയ തലമുറയുടെ പ്രത്യേകതയാണ്. സാങ്കേതിക സംവിധാനങ്ങളെ ഇതിനനുയോജ്യമായി ഉപയോഗിക്കാൻ പ്രാപ്തമായ പുതുതലമുറയ്ക്ക് ഒപ്പമെത്താൻ, പഴയ തലമുറ ഏറെ ശ്രമിക്കുന്നുണ്ട്. സംവേദനോപാധികളുടെ വികാസത്തിനൊപ്പം മനുഷ്യന്റെ ജീവിതരീതിയിൽ ഉണ്ടായ മാറ്റങ്ങളെ അവലോകനംചെയ്ത് ഉൾക്കൊള്ളാൻ ഇവിടെ സാധ്യമാകണം.


സാമൂഹികബന്ധങ്ങളുടെ നിർവചനത്തിലും, നിലനില്പിലും ഉണ്ടായ മാറ്റങ്ങൾ തലമുറകൾ തമ്മിലുള്ള ആശയപരമായ വ്യത്യാസത്തിന്റെ മറ്റൊരു വശമാണ്. സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ച് വിദൂരമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ഏറെ പ്രാവീണ്യം നേടുന്ന പുതുതലമുറയുടെ വ്യക്തികളുമായുള്ള വൈകാരിക അടുപ്പത്തിന്റെ ആഴം കുറഞ്ഞുവരുന്നു. ഒറ്റപ്പെട്ട തുരുത്തുകളായി മാറുന്ന മനുഷ്യർ എല്ലാക്കാലത്തും ഉണ്ടെങ്കിലും ഇന്നനുഭവിക്കുന്ന ഏകാന്തതയ്ക്കുപോലും ചില യാന്ത്രികഭാവങ്ങൾ ഉണ്ടാകുന്നുണ്ട്.


മാനസികാരോഗ്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങളിൽ വന്ന മാറ്റമാണ് ഈ കാലഘട്ടം കൈവരിച്ച വലിയ നേട്ടങ്ങളിലൊന്ന്. മാനസിക ബുദ്ധിമുട്ടുകളെ ഒരു രോഗാവസ്ഥയായിപ്പോലും പരിഗണിക്കാതിരുന്ന കാലത്തുനിന്നു നാം ഏറെ മാറിയിട്ടുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള തിരിച്ചറിവും തുറന്നുപറച്ചിലുകളും അവയുടെ സ്വീകാര്യതയും വർധിച്ചത്  പരിവർത്തനത്തിന്റെ പാതയിൽ നാം നേടിയ വലിയ മുന്നേറ്റമാണ്. ഈ മുന്നേറ്റത്തിനു മധ്യത്തിലും വർധിച്ചുവരുന്ന ആത്മഹത്യാനിരക്ക് ഉൾപ്പെടെ പുതുതലമുറയുടെ മാനസികാരോഗ്യം നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. ജീവനത്തിനുള്ള ബദ്ധപ്പാടുകൾ കുറയുകയും ജീവിതത്തിന്റെ സങ്കീർണതകൾ വർധിക്കുകയും ചെയ്യുന്നത് മാനസിക സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്. പ്രതിസന്ധികളെ കാര്യക്ഷമമായി നേരിടുവാൻ ഈ തലമുറ പ്രാപ്തമാവേണ്ടതിന് നമ്മുടെ വൈകാരിക സംവേദനങ്ങൾ കൂടുതൽ ശക്തിപ്പെടണം.


നമ്മുടെ ചലനാത്മകതയെ നിർണയിക്കുന്നത്, ചുറ്റുപാടുകൾ കൂടിയാണെന്നുള്ള പരിസ്ഥിതി ചിന്ത തലമുറകളുടെ വ്യത്യാസങ്ങളില്ലാതെ നമുക്കിടയിൽ വളർന്നുവരേണ്ടതുണ്ട്. സാമൂഹിക ഉത്തരവാദിത്വവും ഭാവിയോട് പ്രതിബദ്ധതയും ഉണ്ടാകുവാൻ പുതിയ സാധ്യതകൾ, പാരമ്പര്യങ്ങളുടെ


പകിട്ടും പുതുമയുള്ള ആശയങ്ങളും കോർത്തിണക്കി കണ്ടെത്തണം.


തലമുറകൾ തമ്മിലുള്ള പരസ്പര പങ്കുവയ്ക്കലിലൂടെ മാത്രമേ തമ്മിലറിയാനും പഠിക്കാനും കഴിയൂ എന്ന മനസ്സിലാക്കലാണ് തലമുറകൾ തമ്മിലുള്ള പഠനം (intergenerational learning) എന്ന സമീപനം. വ്യതിരിക്തമായ പാതകളിലൂടെയാണ് ഓരോ തലമുറയും അറിവുകളും നൈപുണികളും മനോഭാവവും നേടിയെടുക്കുന്നത്. അതുകൊണ്ട് ഒരു ജീവിതകാലത്തെ നിഷ്പക്ഷതയോടെ  സമീപിച്ചാൽ ഓരോ തലമുറയുടേയും വൈവിധ്യം  മനസ്സിലാക്കാനാവില്ല. ഓരോ വ്യക്തിയും  ആർജിച്ചെടുത്ത ജ്ഞാനം പരസ്പരം പകുത്തെടുക്കുമ്പോൾ അറിവിനപ്പുറം അവർ നേടുന്നത്  മനുഷ്യരെന്ന നിലയിൽ സംവേദനക്ഷമതയും, അടക്കവും, മനസ്സുറപ്പുമാണ്.


പ്രായഭേദത്തിനപ്പുറം, ഒന്നിച്ചുള്ള സമഗ്രമായ വളർച്ചയുടെ അനന്യതയെ പിന്തുണയ്ക്കാൻ വിവിധ തലങ്ങളിൽ തലമുറകൾ തമ്മിലുള്ള പഠനം നടക്കുന്നുണ്ട്. കുടുംബാതിർത്തിക്കുള്ളിൽ നടക്കുന്ന കുടുംബപരമായ തലമുറകൾ തമ്മിലുള്ള പഠനം (Familial intergenerational learning), കുടുംബബന്ധങ്ങൾക്കപ്പുറം അറിവ് സംവേദനം നടക്കുന്ന  കുടുംബപരമല്ലാത്ത തലമുറകൾ തമ്മിലുള്ള പഠനം (Extrafamilial intergenerational learning), പാര്‍പ്പിടങ്ങളിലെയും (intergenerational housing), തൊഴിലിടങ്ങളിലെയും തലമുറകൾ തമ്മിലുള്ള അറിവിന്റെ സംവേദനം എന്നിവ ഇതിന് ഉദാഹരണമാണ്.


ആധുനികാനന്തരകാലവും പിന്നിട്ട്  ഇന്നിലേക്ക്  മനുഷ്യചേതന മിഴിതുറക്കുമ്പോൾ, സമയനിബിഡമല്ലാതെ കാലം കുതിക്കുമ്പോൾ, നമ്മുടെ ഇടപെടലുകൾ പാരസ്പര്യ പരിപുഷ്‌ഠമാക്കുവാൻ അറിവും അനുഭവങ്ങളും കൂടിച്ചേരണം. ‘ഭൂതകാലക്കുളിർ’ പകരുന്ന അനുഭവങ്ങളും ‘ ഉത്ഭൂതമാക്കുന്ന’ അറിവുകളും ചേർന്ന് മാനവരാശിയുടെ മുൻപോട്ടുള്ള യാത്ര കൂടുതൽ സുന്ദരമാകട്ടെ. ഈ സുന്ദരപാതയിൽ ഇന്നലെകളിൽനിന്ന് സുഗമമായ സഹവാസത്തിന്റെ ഇന്നിലൂടെ നമുക്ക് നാളെയിലേക്ക് ഒരുമിച്ച് സഞ്ചരിക്കാം.