അറിവും തലമുറകളുടെ വിടവും – ജീവൻ ജോബ് തോമസ്

അറിവും തലമുറകളുടെ വിടവും – ജീവൻ ജോബ് തോമസ്

യുക്തിയുടെയും വിശകലനത്തിന്റെയും പിന്‍ബലത്തിൽ മാത്രം അറിവിനെ സ്വീകരിക്കണം എന്ന ചിന്താധാരയുടെ പിന്‍ബലത്തിൽ വളര്‍ന്നുവികസിച്ച വിദ്യാഭ്യാസവ്യവസ്ഥ തന്നെ അനുസരണയുടെയും വിധേയത്വത്തിന്റെയും അളവുകോലുകളെക്കൊണ്ട് മനുഷ്യനെ തരംതിരിക്കുന്ന സാഹചര്യത്തെ നിര്‍മ്മിച്ച വലിയ വിരോധാഭാസമാണ് മാനവചരിത്രത്തിന്റെ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളുടെ സാരം. അറിവ്‌ ചീഞ്ഞ വ്യവസ്ഥയുടെ കുത്തൊഴുക്കിലേക്ക് ചാടിപ്പോകാതിരിക്കാനുള്ള മനുഷ്യന്റെ ആയുധമാണ്. ആ ആയുധത്തെ ഭക്ഷണസമ്പാദനത്തിന്റെയും മാര്ഗതമാക്കി മാറ്റിയതിലൂടെയാണ് മനുഷ്യൻ സ്വയം പുതിയ തടവറകൾ തീര്ത്തഷത്. അതിനെ വിപുലമായ അതിജീവനത്തിന്റെ രാഷ്ട്രീയമായി പുനരാനയിക്കേണ്ട ബാധ്യത മുൻ തലമുറയുമായി കാഴ്ചപ്പാടിന്റെ വിടവുകൾ ഉള്ച്ചേതര്ന്നര പുതിയ തലമുറയുടെ ജൈവബാധ്യതയാണ്.


പോൾ ക്രുറ്റ്സൺ എന്ന വിഖ്യാത ഡച്ച് രസതന്ത്രജ്ഞനാണ് 2000-ത്തിൽ ആന്ത്രോപ്പൊസീൻ (Anthropocene) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇപ്പോഴത്തെ ഭൗമശാസ്ത്രപരമായ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ പേര് അതാണ്‌. ഭൗമശാസ്ത്രപരമായി ഭൂമിയുടെ ജീവിത കാലഘട്ടങ്ങളെ പലതായി തിരിച്ചുപോന്നിട്ടുണ്ട്. ആ കണക്കിൽ ഭൂമിയുടെ ജീവിതം ഇപ്പോൾ ഹോളോസീൻ കാലഘട്ടത്തിലാണ്. ക്രുറ്റ്സൺ ആന്ത്രോപ്പൊസീൻ എന്ന വാക്ക് ഉപയോഗിച്ചതിനുശേഷം ശാസ്ത്രകാരന്മാർ വിപുലമായി ആ വാക്ക് ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോൾ ഏതാണ്ട് ആ വാക്ക് ഭൂമിയുടെ വര്‍ത്തമാന കാലഘട്ടത്തെ കുറിക്കുന്നതായി മാറിക്കഴിഞ്ഞു.


ഹോളോസീൻ അവസാനിച്ചു. ഇനി ആന്ത്രോപ്പോസീൻ കാലമാണ്. മനുഷ്യന്റെ സ്വാധീനം ഭൂമിയുടെ മുഴുവൻ ജീവിതത്തെയും ആഴത്തിൽ ബാധിക്കുന്ന കാലം എന്നാണ് ആന്ത്രോപ്പോസീൻ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമിയിലെ ഏറ്റവും ഒടുവിലുണ്ടായ ‘ഐസ് ഏജ്‌’ അവസാനിച്ച പതിനായിരം വര്‍ഷം മുൻപാണ് ഹോളോസീൻ കാലഘട്ടം തുടങ്ങിയത്. അതിനുശേഷം മാത്രമാണ് മനുഷ്യൻ കൃഷി തുടങ്ങിയത്, നമുക്കറിയാവുന്ന ചരിത്രം ആരംഭിച്ചത്. നാം സാങ്കേതികമായി കൂറ്റൻ ഉപകരണങ്ങൾ പടുത്തുയര്‍ത്തിയത്. ഭൂമിയുടെ കാലാവസ്ഥയിലും ഇവിടത്തെ ജൈവപരിസ്ഥിതിയിലും എല്ലാം മനുഷ്യൻ സൃഷ്ടിക്കുന്ന അതിസമ്മർദത്തിന്റെ ഫലമായി ആ കാലഘട്ടം പിന്തള്ളപെട്ടിരിക്കുന്നു. മനുഷ്യൻ ഭൂമിയുടെ ജീവിതത്തെ വേര്‍തിരിക്കുന്ന തരത്തിൽ സ്വാധീനമുള്ള ജീവിയായി വളര്‍ന്നിരിക്കുന്നു.


എന്താണ് മനുഷ്യനെ ഈ കരുത്തിലേക്ക് വളര്‍ത്തിയത്? ലക്ഷക്കണക്കിനു വര്‍ഷങ്ങൾ നായാടികളായി അലഞ്ഞുതിരിഞ്ഞ മനുഷ്യൻ സംസ്കാരങ്ങളുടെ ഉത്ഭവത്തോടെ എങ്ങനെയാണ് ഇങ്ങനെ കരുത്തനായത്? അനുഭവങ്ങളിലൂടെ ജീവിതകാലത്ത് രൂപപ്പെട്ട അറിവുകളെ ഏറ്റവും കാര്യക്ഷമമായി തലമുറകളിലൂടെ പകര്‍ന്നുനല്‍കിയതാണ് അതിനുകാരണം എന്നു വേണമെങ്കിൽ ഒറ്റവരിയിൽ ഉത്തരമൊതുക്കാം. തലമുറകൾ തമ്മിൽ അറിവിലും ചിന്തയിലും ആവേശങ്ങളിലും നിലനില്‍ക്കുന്ന വ്യത്യാസങ്ങളെ എങ്ങനെ മനുഷ്യൻ എന്ന ജീവി മെരുക്കിനിര്‍ത്തി എന്നതിന്റെ ചരിത്രമാണ് ആ ഉത്തരം.


ജീവികൾക്കെല്ലാം അവരുടേതായ സാങ്കേതികവിദ്യകളുണ്ട്. അവ ജീവിതംകൊണ്ട് നേടിയെടുക്കുന്ന അറിവുകളുണ്ട്. ജീവികളെല്ലാം പ്രധാനമായും ജനിതകത്തിലൂടെയാണ് തങ്ങളുടെ ജീവിതത്തെ സംബന്ധിക്കുന്ന അറിവുകൾ വരും തലമുറകള്‍ക്ക് പകര്‍ന്നുനല്‍കുന്നത്. ജനിതകത്തിനും അപ്പുറം ഓരോ ജീവിയും തങ്ങളുടെ അറിവുകൾ പുതുതലമുറകള്‍ക്ക് പകര്‍ന്നുനല്‍കുന്നുണ്ട്. ആ പ്രക്രിയയിൽ ഒരുപക്ഷേ, ഏറ്റവും കാര്യക്ഷമത പുലര്‍ത്തുന്ന ജീവിയാണ് മനുഷ്യൻ. അവൻ കൈകാര്യംചെയ്യുന്ന ഭാഷ എന്ന വലിയ സാങ്കേതികവിദ്യയുടെ അതിനിഗൂഡമായ സങ്കീർണതയാണ് അതിനു മനുഷ്യനെ സഹായിക്കുന്നത്. മറ്റൊരു ജീവികള്‍ക്കും ഇല്ലാത്തത്ര അറിവുകളുടെ ശേഖരം മനുഷ്യൻ ആര്‍ജിച്ചെടുത്തിരിക്കുന്നു. ആ അറിവുകളെക്കൊണ്ടാണ് മനുഷ്യൻ ഭൂമിയിലെ ഏറ്റവും അതിജീവന സാധ്യതയുള്ള ജീവിയായി മാറിയത്. അറിവാകുന്നു ഭാവിയിലേക്കുള്ള മനുഷ്യന്റെ ഏറ്റവും കരുത്തുറ്റ യാത്രാപേടകം.


അറിവ് എന്നത് തലമുറകളുടെ ബോധത്തിന്റെ നിലവറയാണ്. അത് വ്യത്യസ്തമായ രീതികളിൽ നമ്മിലേക്ക് സഞ്ചരിച്ചെത്തും. പാമ്പിനെ നേരെചൊവ്വെ കണ്ടിട്ടുപോലുമില്ലാത്തവരും, പാമ്പിന്റെ സ്വഭാവം എന്താണെന്ന് അറിയാത്തവരും പാമ്പിനെ ഭയപ്പെടും. നാലുകാലിൽ നടന്ന കുരങ്ങുജീവി രണ്ടുകാലിലെ നടത്തത്തിലേക്ക് പരിണമിച്ചപ്പോൾമുതൽ നേരിട്ട ഏറ്റവുംവലിയ അതിജീവന പ്രശ്നങ്ങളിലൊന്നാണ് വിഷമുള്ള പാമ്പ്. പാമ്പിനോടുള്ള ഭയം തലമുറകളിലൂടെ ജനിതകമായി എങ്ങനെയാണ് സഞ്ചരിച്ച് നമ്മളിലെത്തിയത് എന്ന് നമുക്കൊരു പിടിയുമില്ല. പക്ഷേ, ഇത്തരത്തിൽ ഒരുപാടറിവുകൾ തലമുറകളിലൂടെ ജനിതകമായി നമ്മുടെ ഉപബോധങ്ങളിൽ ഫീഡ് ചെയ്യപ്പെട്ടത് നമുക്ക് തിരിച്ചറിയാനാകും.


ഓരോ കുഞ്ഞും തന്റെ അനുഭവത്തിലൂടെ കാര്യങ്ങളെ പഠിക്കേണ്ടതുണ്ട്. തീയിൽ കൈതൊട്ടാൽ പൊള്ളും. വെള്ളത്തിൽ വീണാൽ ശ്വാസംമുട്ടും. മഴനനഞ്ഞാൽ പനിപിടിക്കും എന്നിങ്ങനെ അറിവുകൾ മനുഷ്യശിശു അനുഭവങ്ങളിലൂടെ ആര്‍ജിക്കേണ്ടതുണ്ട്. ഓരോ വ്യക്തിയും വളര്‍ന്നുവലുതാകുന്നത് കുഞ്ഞായിരിക്കുമ്പോൾ മുതൽ അവൻ ആര്‍ജിക്കുന്ന അനുഭവങ്ങളെ അറിവുകളായി പരിവര്‍ത്തനം ചെയ്തുകൊണ്ടാണ്. പക്ഷേ, മനുഷ്യന്റെ മസ്തിഷ്കം വളരെ സൂക്ഷ്മമായ ഒരു കരുത്ത് ആര്‍ജിച്ചു വച്ചിട്ടുണ്ട്. കൂടുതൽ കരുത്തുറ്റ ഒരു അതിജീവന ഉപാധിയാണ് അത്. നമുക്ക് ലഭിക്കുന്ന മുൻ അനുഭവങ്ങളെ ആസ്പദമാക്കിയുള്ള അറിവുകളെ വിശ്വസിക്കുക എന്നതാണ് ആ അതിജീവന ഉപാധി. മുതിര്‍ന്നവരാണ് നമ്മുടെ അറിവിന്റെ കലവറകൾ. അവർ തങ്ങളുടെ മുൻതലമുറകളിൽനിന്നു പകര്‍ന്നു കിട്ടിയതും തങ്ങൾ ജീവിതത്തിലൂടെ അനുഭവിച്ച് ആർജിച്ചതും ആയ അറിവുകളെ കുഞ്ഞുങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കുന്നു. ഈ അറിവിന്റെ പാരമ്പര്യമാണ് മനുഷ്യന്റെ അതിജീവനശേഷിയുടെ ആധാരം.


പക്ഷേ, ആ പ്രക്രിയയ്ക്ക് വളരെ സൂക്ഷ്മമായ ഒരു പ്രശ്നമുണ്ട്. വിഖ്യാത ജീവശാസ്ത്രകാരനും യുക്തിവാദ ചിന്തകനുമായ റിച്ചാര്‍ഡ്‌ ഡോക്കിന്‍സ് തന്റെ “ഗോഡ്‌ ഡെല്യൂഷ”നിൽ ആ പ്രശ്നത്തെ വിശകലനം ചെയ്യുന്നുണ്ട്. പ്രശ്നത്തിന്റെ ആഴം വിശദീകരിക്കാൻ ഡോക്കിന്‍സ് ഒരു ഉദാഹരണം പറയുന്നു. തന്റെ കുട്ടിക്കാലത്ത് ഒരു മത ഉപദേശകൻ പറഞ്ഞ കഥയാണ്‌ അദ്ദേഹം ഉദാഹരിക്കുന്നത്. അനുസരണയുടെ മഹത്വം വിശദീകരിക്കാൻ വേണ്ടിയാണ് ആ കഥ ഉപദേശകൻ പറഞ്ഞത്. പട്ടാളക്കാരുടെ ഒരു കൂട്ടം അവരുടെ ക്യാപ്റ്റന്റെ ആജ്ഞകൾ അനുസരിച്ചുകൊണ്ട് ഒരു വഴിയിലൂടെ മാര്‍ച്ച് ചെയ്തു വരുകയായിരുന്നു. മാര്‍ച്ച് ചെയ്തുവരുന്ന വഴി ഒരു റെയിൽവേ ക്രോസിൽ എത്തിയപ്പോൾ തീവണ്ടി വരുന്നുണ്ടായിരുന്നു. എന്നാൽ, ക്യാപ്റ്റന്റെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു. അയാൾ മാര്‍ച്ചിനുള്ള ആജ്ഞകൾ തുടർന്നു കൊണ്ടിരുന്നു. അനുസരണയുള്ള പട്ടാളക്കാർ തങ്ങളുടെ മാർച്ചും തുടര്‍ന്നു. എല്ലാവരും തീവണ്ടികയറി മരിച്ചു. സ്കൂളിൽ വച്ച് കേട്ട ആ കഥ ഇപ്പോൾ താൻ വിശ്വസിക്കുന്നില്ല എന്ന് ഡോക്കിന്‍സ് പറയുന്നു. പക്ഷേ, ഒന്‍പതു വയസുണ്ടായിരുന്ന കാലത്ത് താൻ ആ കഥ വിശ്വസിച്ചിരുന്നു. ആ കഥയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഇന്നദ്ദേഹത്തിന് തിരിച്ചറിവുണ്ട്. ചോദ്യംചെയ്യാത്ത അനുസരണയുടെ പാഠം ആയിരുന്നു ആ കഥ. അതു കുട്ടിയുടെ മസ്തിഷ്കത്തെ യുക്തിരഹിതമായ വിശ്വാസത്തിന്റെ കഠിനതടവറയിൽ തറച്ചിടുന്ന പ്രക്രിയയാണ്. ആ യുക്തിരാഹിത്യത്തെ മാനസികമായി എതിര്‍ത്തു തോല്പിക്കാനുള്ള ശേഷി നമ്മുടെ തന്നെ ബോധത്തിൽ രൂഡമൂലമാണ്. പക്ഷേ, കുട്ടിക്കാലം മുതൽ അനുസരണയുടെയും ഉത്തരവാദിത്വത്തിന്റെയും പാഠങ്ങൾ ഉറച്ചുപോയ മനുഷ്യമനസ്സുകൾ സാഹചര്യങ്ങളെ യുക്തിപൂർവം വിശകലനംചെയ്ത് തീവണ്ടിക്കടിയിൽപ്പെടാതെ ഓടിമാറാനുള്ള ആർജവം കാണിക്കാറില്ല എന്ന വസ്തുത ഡോക്കിന്‍സ് ചൂണ്ടിക്കാണിക്കുന്നു. മതത്തിന്റെ തീവ്രശിക്ഷണങ്ങൾക്കകത്ത് വളര്‍ന്നുവരുന്ന സാധാരണ മനസ്സ് എങ്ങനെയാണ് യുക്തിരാഹിത്യത്തിലേക്ക് ചുവടുവയ്ക്കുന്നത് എന്നു വിശദീകരിക്കാനാണ് ഡോക്കിന്‍സ് ഈ ഉദാഹരണം ഉപയോഗിക്കുന്നത്. പക്ഷേ, ജീവിതത്തിൽ നാം ഇടപെടുന്ന സകല സാഹചര്യങ്ങളിലും നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്ന വളരെ സൂക്ഷ്മമായ ഒരു പ്രേതബാധയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ കഥ. മതത്തിന്റെ മാത്രം സ്വാധീനമല്ല ഈ തരം സാഹചര്യങ്ങളെ നിര്‍വചിക്കുന്നത്. ശാസ്ത്രത്തിന്റെ യുക്തിഭദ്രതയുടെ ലേബൽ ഒട്ടിച്ചുവരുന്ന പല തീവണ്ടികൾക്കും തലവച്ചുകൊടുക്കുന്ന യുക്തിവാദ വിശ്വാസങ്ങളെത്തന്നെ നമുക്ക് കണ്ടെത്താൻ കഴിയും. അതുകൊണ്ടുതന്നെ വളരെ ആഴത്തിൽ മനുഷ്യസ്വഭാവവുമായി ഇഴുകിച്ചേര്‍ന്ന ഒരു പ്രതിഭാസമാണത്.


മനുഷ്യന്റെ അറിവ് എന്നത് തലമുറകളിലൂടെ പകര്‍ന്നുപോന്ന അനുഭവജ്ഞാനത്തെ വിശ്വാസത്തിലെടുത്തതിന്റെകൂടി ഫലമാണ്. ആ അറിവുകൾതന്നെ പലപ്പോഴും സാഹചര്യങ്ങൾക്കനുസരിച്ചുള്ള യുക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽനിന്നു നമ്മെ തടയുന്നു എന്നു കാണാം. അറിവിന്റെ ആ വലിയ പ്രക്രിയയെ വളരെ സംഘടിതമായ ഒരു വലിയ മുന്നേറ്റത്തിലേക്ക് വഴിതെളിച്ച സാഹചര്യമാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങൾ സൃഷ്ടിച്ചത്. വ്യവസായവൽക്കരണത്തിന്റെയും യൂറോപ്യൻ നവോഥാനത്തിന്റെയും ആധുനിക സയൻസിന്റെയും വികാസത്തോടെ രൂപപ്പെട്ട ഒരു വിശാല പ്രക്രിയയാണത്. ആ വിദ്യാഭ്യാസ പ്രക്രിയ മനുഷ്യനെ അളന്നു തിരിക്കുന്ന ഒരു രീതിയുണ്ട്. അതു വളരെ വ്യക്തമായ ഒരു ഉൽപാദന പ്രക്രിയയാണ്. ഒരു വലിയ ജനസംഖ്യയെ വ്യത്യസ്ത പ്രായങ്ങളിലുള്ള ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് ബോധനങ്ങൾ നല്‍കുന്ന വ്യവസ്ഥയാണത്. ബോധനത്തിനായി തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ വളരെ സൂക്ഷ്മമായ അധികാരശ്രേണി നിലനില്‍ക്കുന്നു. ഗണിതവും വ്യത്യസ്ത സയൻസുകളും ഏറ്റവും മുകളിലും മാനവിക വിഷയങ്ങൾ അവയ്ക്ക് താഴെയും കലകളും മറ്റും ഏറ്റവും അടിത്തട്ടിലും ആയി രൂപപ്പെട്ട ഒരു ശ്രേണിയിലാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലെ വിഷയങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. വ്യവസായവത്കരണത്തിന്റെ ആവശ്യത്തിനനുയോജ്യമായി രൂപംകൊണ്ട ശ്രേണിയാണത്.


ബോധനത്തിന്റെ പ്രക്രിയയിൽ വിവരങ്ങൾ കുട്ടികളിലേക്ക് അധ്യാപകർ പകര്‍ന്നു നല്‍കുകയും അവർ തലയിൽ നിറച്ച അറിവുകൾ ഓര്‍മ്മ പരിശോധനയിലെന്ന പോലെ പകര്‍ത്തി എഴുതുകയും ചെയ്യുന്നു. പരീക്ഷയുടെ നിലവാരം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത് കുട്ടികളിലെ ഒരു കഴിവിന്റെ ശ്രേണീബദ്ധ തലം നിർമിക്കുന്നതിന് അനുയോജ്യമായിട്ടാണ്. കുട്ടികളുടെ ബൗദ്ധികനിലവാരത്തെ ഈ പരീക്ഷാസമ്പ്രദായംകൊണ്ട് അളക്കുമ്പോൾ ഒരു ബെൽ രൂപത്തിലുള്ള ഗ്രാഫിലാണ് കുട്ടികൾ പെടുക. ഒന്നുമുതൽ പത്തുവരെയുള്ള സ്കെയിലിൽ കുട്ടികളെ അളന്നാൽ പത്തു പോയന്റ് ലഭിക്കുന്നവർ വളരെ കുറച്ചും ഒന്‍പതു ലഭിക്കുന്നവർ അതിലും കൂടുതലും നാലിനും ഏഴിനും ഇടയിൽ പെട്ടു കിടക്കുന്നവര്‍ ബഹുഭൂരിപക്ഷവും ഏറ്റവും കുറഞ്ഞ പോയന്റു കിട്ടുന്നവർ ഏറ്റവും കൂടുതൽ പോയന്റു കിട്ടുന്നവരെപ്പോലെത്തന്നെ ഏറ്റവും കുറവും ആയിരിക്കുന്ന വിതരണം ആണ് ഈ വിദ്യാഭ്യാസ വ്യവസ്ഥ നിര്‍മ്മിച്ചെടുക്കുന്നത്. പരീക്ഷകളിൽ കുട്ടികള്‍ക്ക് ലഭിക്കുന്ന ഗ്രേഡുകൾ ഭാവിയിലെ അവരുടെ സാമൂഹിക, സാമ്പത്തിക നിലവാരത്തെയും നിര്‍ണ്ണയിക്കുന്നു. വിദ്യാഭ്യാസം അങ്ങനെ ആത്യന്തികമായി ഒരു അരിപ്പയായി മാറുന്നു. ആ അരിപ്പയിൽ അനുസരണയും വിധേയത്വവും തിരഞ്ഞെടുക്കപ്പെടുകയും ആ വ്യവസ്ഥയോട് ഭിന്നാഭിപ്രായങ്ങൾ പ്രദര്‍ശിപ്പിക്കുന്നവരുടെ യാത്ര തടയപ്പെടുകയും ചെയ്യുന്നു. ആ വിദ്യാഭ്യാസ വ്യവസ്ഥയിലൂടെ നിങ്ങൾ എത്രമാത്രം കൂടുതൽ സഞ്ചരിക്കുന്നുവോ അത്രമാത്രം കൂടുതൽ വിധേയത്ത്വമുള്ളവരും അനുസരണയുള്ളവരും ആയി നിങ്ങൾ മാറുന്നു.


നമ്മുടെ ശരീരത്തിന്റെ നിറത്തെപ്പോലെയോ നമ്മുടെ അവയവങ്ങളുടെ നീളത്തെപ്പോലെയോ സ്ഥിരമായ ഒരു അളവിൽ നിലനില്‍ക്കുന്ന ഒരു സംഗതിയായി നമ്മുടെ ബുദ്ധിയെ അവലോകനം ചെയ്യുന്ന ഒരു വ്യവസ്ഥിതിയാണ് ഇന്ന് ആഗോളതലത്തിൽ മേൽക്കോയ്മ നേടിയിരിക്കുന്നത്. വ്യവസായവത്കരണത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപംകൊണ്ട് സാമൂഹിക എന്‍ജിനീയറിങ്ങിന്റെ ഉൽപന്നമാണ് ആ വ്യവസ്ഥ. ബുദ്ധിയെ സംബന്ധിച്ച ഈ തരത്തിലുള്ള ചിന്തയുടെ ചരിത്രം വളരെ നീണ്ടതാണ്. അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും ഒക്കെ കാലത്തോളം പഴക്കമുള്ളത്. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ നവോത്ഥാനത്തിന്റെ ഭാഗമായി പുനരുജ്ജീവനം കിട്ടിയ ആശയങ്ങളാണ് അവ. മനുഷ്യന്റെ അറിവിനെ വളരെ ദൃഡമായ ഒരു അടിത്തറയൊരുക്കാനും തങ്ങളുടെ മുൻതലമുറകളുടെ മനസുകളിൽ പുകഞ്ഞു കിടന്നത് എന്ന് അവർ വിശ്വസിച്ച മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന അന്ധവിശ്വാസങ്ങളെയും മിത്തുകളെയും തുടച്ചുനീക്കാനും തത്വചിന്തകരും ബുദ്ധിജീവികളും നടത്തിയ വിപുലമായ ശ്രമത്തിന്റെ പരിണിതിയാണിത്. ഒരുതരത്തിൽ മുൻതലമുറയുടെ അറിവുകളോടെ നടത്തിയ കലാപമാണ് ആ ശ്രമങ്ങൾ. തലമുറകൾതമ്മിൽ കാഴ്ചപ്പാടുകളിൽ നിലനില്‍ക്കുന്ന വ്യത്യാസത്തെ ആഴത്തിൽ ചൂഷണംചെയ്തതിന്റെ ഫലമായി ഉണ്ടായ ചിന്താവിപ്ലവമാണ് അത്. ആ മുന്നേറ്റത്തിന്റെ ഭാഗധേയം നിര്‍ണ്ണയിച്ച ഒരു പ്രധാന ആശയം യുക്തിയുടെയും വിമര്‍ശനാത്മക സമീപനത്തിന്റെയും പ്രാധാന്യത്തിലുള്ള ആഴത്തിലുള്ള വിശ്വാസമായിരുന്നു. യുക്തിപരമായ വിശകലനത്തിലൂടെയല്ലാതെ, പ്രത്യേകിച്ചും ഗണിതപരമായ യുക്തിയിലൂടെയല്ലാതെ, ഒരു തരത്തിലുള്ള അറിവിനെയും നമ്മൾ സ്വീകരിക്കരുത് എന്ന് അവർ വാദിച്ചു. നവോത്ഥാനത്തിന്റെ ഭാഗധേയം നിര്‍ണ്ണയിച്ച മറ്റൊരു പ്രധാന ആശയം സയന്റിഫിക്ക് ആശയങ്ങളെ പിന്തുണയ്ക്കുന്ന തരത്തിൽ തെളിവുകള്‍ക്കുള്ള പ്രാധാന്യമായിരുന്നു. നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന തെളിവുകളെ അടിസ്ഥാനമാക്കിമാത്രം തീരുമാനമെടുക്കുക. കേട്ടുകേള്‍വികളെയും അന്ധവിശ്വാസങ്ങളെയും പിന്തുണയ്ക്കാതിരിക്കുക.


യുക്തിയുടെയും തെളിവുകളുടെയും ഈ രണ്ടു ധാരണകളുടെയും അടിസ്ഥാനത്തിലാണ് പാശ്ചാത്യലോകത്ത് ബൗദ്ധികവിപ്ലവം അരങ്ങേറിയത്. തനിക്കു മുൻപുള്ള തലമുറ പകർന്നുതരുന്ന അറിവിനെ യാതൊരു വിശകലനവും കൂടാതെ വിഴുങ്ങുന്ന ശീലത്തെയാണ് ഈ പദ്ധതി ആക്രമിച്ചത്. തലമുറകൾ തമ്മിലുള്ള വിടവിനെ ചിന്താലോകത്ത് പരിഹരിക്കാതെ പിടിച്ചുനിറുത്തുക എന്നതായിരുന്നു ആ പദ്ധതിയുടെ ആത്യന്തികസാരം. ശാസ്ത്രീയരീതിയുടെ വികാസവും പുതിയ കാഴ്ചപ്പാടുകളുടെയും, വിശകലനരീതികളുടെയും ആശയങ്ങളെയും വസ്തുക്കളെയും പ്രതിഭാസങ്ങളെയും വര്‍ഗീകരണങ്ങളുടെയും വികാസമാണ് അതിലൂടെ നടന്നത്. അതാണ്‌ ഭൂമിയെക്കുറിച്ചും ആകാശങ്ങളെക്കുറിച്ചുമുള്ള ഏറ്റവും ആഴത്തിലും സൂക്ഷ്മതയിലുമുള്ള അറിവുകൾ നമുക്ക് നല്‍കിയത്. വ്യവസായവിപ്ലവത്തിന് വഴിയൊരുക്കിയത് അതാണ്‌, അങ്ങനെയാണ് ഇപ്പോൾ കാണുന്ന തരത്തിലുള്ള രാഷ്ട്രീയത്തിന്റെയും പാണ്ഡിത്യത്തിന്റെയും വ്യാപാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും രൂപങ്ങൾ ഉയര്‍ന്നുവന്നത്. മനുഷ്യൻ സ്വയം ഹോളൊസീനിൽനിന്നു ആന്ത്രോപ്പൊസീനിലേക്ക് ഭൂമിയെ പരിണമിപ്പിച്ചത് ഇങ്ങനെയാണ്.


യുക്തിയുടെ ഈ സ്വാധീനം പ്രധാന സയന്‍സുകളിൽനിന്നു പിന്നീട് സൈക്കോളജി, മെഡിസിൻ, സോഷ്യോളജി, ആന്ത്രോപ്പോളജി തുടങ്ങിയ തലങ്ങളിലേക്കും വളരുകയായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാംനൂറ്റാണ്ടിലുമായി പൊതുവിദ്യാഭ്യാസം വളര്‍ന്നതോടെ അതും പൂര്‍ണ്ണമായും അറിവിനെയും ബുദ്ധിയെയും സംബന്ധിക്കുന്ന ഈ കാഴ്ചപ്പാടുകളുടെ പിന്‍ബലത്തിലായിത്തീര്‍ന്നു. വ്യവസായികവിപ്ലവത്തിന്റെ പെരുകിവരുന്ന ആവശ്യത്തെ നിവര്‍ത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസം കുത്തനെ വളര്‍ന്നപ്പോൾ വളരെ എളുപ്പത്തിൽ വ്യക്തികളെ അരിച്ചെടുത്ത് തരം തിരിക്കേണ്ടതിന്റെ ആവശ്യം വളര്‍ന്നുവന്നു. ബുദ്ധിയെ അളക്കാനള്ള ലളിതവല്കൃതമായ വഴികൾ രൂപംകൊണ്ടു. ഗണിതയുക്തിയുടെയും ഭാഷാപ്രാവീണ്യത്തിന്റെയും അടിസ്ഥാനത്തിൽ മനുഷ്യന്റെ ബുദ്ധിയെ നിര്‍വചിക്കുകയും പിന്നീട് അതിന്റെ മാത്രം ബലത്തിൽ മനുഷ്യനെ തരംതിരിക്കുകയും ചെയ്യുന്ന രീതികൾ വികസിച്ചു വന്നത് ഇങ്ങനെയാണ്.


യുക്തിയുടെയും വിശകലനത്തിന്റെയും പിന്‍ബലത്തിൽ മാത്രം അറിവിനെ സ്വീകരിക്കണം എന്ന ചിന്താധാരയുടെ പിന്‍ബലത്തിൽ വളര്‍ന്നുവികസിച്ച വിദ്യാഭ്യാസവ്യവസ്ഥ തന്നെ അനുസരണയുടെയും വിധേയത്വത്തിന്റെയും അളവുകോലുകളെക്കൊണ്ട് മനുഷ്യനെ തരംതിരിക്കുന്ന സാഹചര്യത്തെ നിര്‍മ്മിച്ച വലിയ വിരോധാഭാസമാണ് മാനവചരിത്രത്തിന്റെ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളുടെ സാരം.


“ദ മാട്രിക്സ്” എന്ന വച്കോവിസ്കി സഹോദരങ്ങൾ ചെയ്ത സിനിമ ആധുനികകാലത്തിന്റെ ഈ പ്രതിസന്ധിയെ അടയാളപ്പെടുത്തുന്ന ക്ലാസിക്ക് ആണ്. മുതിര്‍ന്ന തലമുറ അതുണ്ടാക്കിയ പണ്ട് അവർ പരിഷ്കരിച്ച “മാട്രിക്സി”ലേക്കു വളര്‍ന്നുവരുന്ന തലമുറയെ തളച്ചിടും. “മാട്രിക്സു”കൾ നിരന്തരം ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും. ആ പിടിച്ചുവലി മുതിര്‍ന്നതലമുറയുടെ ജൈവപരമായ ബാധ്യതയാണ്. ആ സമ്മര്‍ദത്തെ പുതിയതലമുറ എങ്ങനെയാണ് പിന്തള്ളുന്നത് എന്നതിനനുസരിച്ചാണ് ഈ ജീവി വര്‍ഗത്തിന്റെ മുന്നോട്ടുള്ള പോക്ക്.


അറിവ്‌ ചീഞ്ഞ വ്യവസ്ഥയുടെ കുത്തൊഴുക്കിലേക്ക് ചാടിപ്പോകാതിരിക്കാനുള്ള മനുഷ്യന്റെ ആയുധമാണ്. ആ ആയുധത്തെ ഭക്ഷണസമ്പാദനത്തിന്റെയും മാര്‍ഗമാക്കി മാറ്റിയതിലൂടെയാണ് മനുഷ്യൻ സ്വയം പുതിയ തടവറകൾ തീര്‍ത്തത്. അതിനെ വിപുലമായ അതിജീവനത്തിന്റെ രാഷ്ട്രീയമായി പുനരാനയിക്കേണ്ട ബാധ്യത മുൻ തലമുറയുമായി കാഴ്ചപ്പാടിന്റെ വിടവുകൾ ഉള്‍ച്ചേര്‍ന്ന പുതിയ തലമുറയുടെ ജൈവബാധ്യതയാണ്.