പണിയപ്പെരുമ, വേറിട്ട ഒരു വംശീയപഠനം – ജോൺ തോമസ്
ജോർജ് തേനാടിക്കുളം എസ്.ജെ രചിച്ച്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയ, “പണിയപ്പെരുമ – ഒരു വംശീയ സംഗീതപഠനം” എന്ന ഗ്രന്ഥം കേവലം അനായാസമായി സംഭവിച്ച ഒരു കൃതിയല്ല. വൈജ്ഞാനിക പഠനമേഖലയിൽ സംഭവിക്കേണ്ട സമർപ്പണവും ത്യാഗവും ക്ഷമയും സൂക്ഷ്മതയും ആത്മാർത്ഥതയും എല്ലാം ഈ ഗ്രന്ഥത്തിന്റെ പിറവിക്കുപിന്നിൽ ഊടുംപാവുമായി വർത്തിക്കുന്നു. ഈ കൃതി കേവലം വർത്തമാനകാലത്തെ പുസ്തകരചന എന്ന ‘അപ്പംചുടൽ പ്രക്രിയ’യുടെ പരിധിയിൽ ഒരുവിധത്തിലും കണ്ണിചേർക്കാൻ കഴിയുന്നതല്ല.
വംശീയപഠനത്തോടുള്ള സമീപനം എന്തായിരിക്കണം എങ്ങനെ നിർവഹിക്കണം, അതിൽ പുലർത്തേണ്ട സമർപ്പണം എങ്ങനെ വേണം എന്നതിനുള്ള മാർഗരേഖകൂടിയാണ് ഈ ഗ്രന്ഥം. വയനാട്ടിലെ പ്രമുഖ ഗോത്രവിഭാഗമായ പണിയരുടെ ജീവിതവും സംസ്കാരവും ആഴത്തിൽ അവരുടെ തട്ടകങ്ങളിൽനിന്നുതന്നെ അനുഭവിച്ചറിഞ്ഞതിൽനിന്നാണ് ഇങ്ങനെയൊരു സമഗ്രമായ പഠനം തയ്യാറാക്കുവാൻ സാധിച്ചത്. ഒരു വ്യാഴവട്ടം തന്നെ ഗ്രന്ഥകാരൻ ഇതിനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.
“കേരളത്തിലെ ഒട്ടുമിക്ക സമൂഹങ്ങൾക്കും വട്ടക്കളി രൂപത്തിലുള്ള നാട്ടുനൃത്തങ്ങൾ ഉണ്ടെന്ന് ഓർമ്മിക്കുക. ജൂതരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും വട്ടക്കളിയുടെ വിവിധ മാതൃകകൾ തങ്ങളുടെ നാടൻ കലാപൈതൃകത്തിന്റെ ഭാഗമായി പരിഗണിക്കുന്നു. വിവിധ ജാതിക്കാർക്കും ദേശക്കാർക്കും ഉണ്ട് വട്ടക്കളികൾ. അവയ്ക്കെല്ലാം തനിമയുണ്ടുതാനും. സമൂഹം തങ്ങളുടെ കർതൃത്വത്തെ എങ്ങനെ വട്ടക്കളിയുമായി കണ്ണി ചേർക്കുന്നു എന്നാണ് അന്വേഷിച്ചറിയേണ്ടത്. പൊരുൾ തിരിക്കലാണ് പ്രധാനം. വ്യത്യാസങ്ങളും പൊതുമയും പരിഗണിച്ചുള്ള പഠനത്തിലൂടെ വട്ടക്കളി അപഗ്രഥിച്ചാൽ കേരള സംസ്കാരവിശകലനത്തിനുള്ള രാജപാത തുറന്നു കിട്ടും. അത്തരം അന്വേഷണംതന്നെ സാംസ്കാരികോദ്ഗ്രഥനത്തിനുള്ള സംഭാവനയാകും. ഒപ്പം അറിവുവഴികളെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗതധാരണകൾ നവീകരിക്കപ്പെടുകയും ചെയ്യും. അങ്ങനെയാണ് നല്ല ഗവേഷണം സമൂഹത്തെയും അറിവിനെയും പരിപോഷിപ്പിച്ച് സംസ്കരിക്കുന്നത്.” പ്രഫ.സ്കറിയ സക്കറിയ ഈ ഗ്രന്ഥത്തിന് എഴുതിയ അവതാരികയിൽ വിശദീകരിക്കുന്നു.
ഒൻപതു അധ്യായങ്ങളിൽ സമഗ്രമായ രൂപത്തിൽത്തന്നെ പണിയസമൂഹത്തിന്റെ വംശീയചരിത്രത്തെ ഇഴപിരിച്ചു സൂക്ഷ്മവിശകലനം നിർവഹിക്കുന്നതിൽ ഗ്രന്ഥകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ തുടർപഠനം നടത്തുന്നവർക്കും ഗോത്രസംസ്കൃതിയുടെ വംശീയതയെക്കുറിച്ച് ഗവേഷണം നടത്തുന്നവർക്കും ഈ ഗ്രന്ഥം ഒരു നാഴികക്കല്ലായിരിക്കും എന്നതിൽ സംശയമില്ല.
പണിയഗോത്ര സമൂഹത്തിന്റെ പുരാവൃത്തചരിതം ഈ ഗ്രന്ഥത്തിനു ഒരു മുതൽക്കൂട്ടാണ്. അവരുടെ തനതു ഭാഷയിൽത്തന്നെ അതു രേഖപ്പെടുത്തിയതാണ് കൂടുതൽ പ്രസക്തമായ കാര്യം. വസ്തുതകൾ അതിന്റെ നിയതമായ രൂപത്തിൽ അവതരിപ്പിക്കുമ്പോഴാണല്ലോ കൂടുതൽ വിശ്വാസ്യത ലഭിക്കുക. “പണിയപ്പെരുമ” എന്ന ഗ്രന്ഥത്തിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷത ഇത് കേവലം ഗോത്രസംസ്കൃതിയെക്കുറിച്ചുള്ള ഒരു വൈജ്ഞാനിക ഗ്രന്ഥം എന്ന തലം വിട്ടു ഫിക്ഷന്റെ ചാരുതയും അപൂർവമായി കൈവരിക്കുന്നുണ്ട് എന്നതാണ്.
പണിയ നാട്ടറിവുകളും, പണിയസമൂഹത്തിന്റെ പഴഞ്ചോല്ലും വട്ടക്കളിയെ സംബന്ധിക്കുന്ന പുരാവൃത്തങ്ങളും കുറത്തിനാടകത്തെ സംബന്ധിച്ചുള്ള ഐതിഹ്യങ്ങളും, സംഗീതോപകരണ വിജ്ഞാനീയത്തിൽ തുടി, കുഴൽ എന്നിവയെ സംബന്ധിക്കുന്ന സമഗ്രവിവരങ്ങളും ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
പണിയസമൂഹത്തിനു ഒരുതരത്തിലും ഒഴിച്ചുനിറുത്താൻ കഴിയാത്തതാണ് സംഗീതവും തുടിയും കുഴലും. ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും അവർ വട്ടക്കളി പാട്ടുകളെ തുടി, കുഴൽ എന്നിവയിലൂടെ സന്ദർഭത്തിനു പാകമായ നിലയിൽ പങ്കുവയ്ക്കുന്നുണ്ട്. സന്തോഷത്തിലും, സന്താപത്തിലും രോഷത്തിനും എല്ലാം അവർ പരിഹാരം കണ്ടെത്തുന്നത് പട്ടിലൂടെയാണ്. അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തിനും ഇണങ്ങുന്ന തരത്തിലുള്ള പാട്ടുകൾ മെനഞ്ഞുണ്ടാക്കുന്നതിൽ പ്രത്യേക വൈഭവമാണിവർ പ്രകടിപ്പിക്കുന്നത്. വായ്മൊഴിയിലൂടെ മാത്രമാണിവർ പാട്ടുകൾ അടുത്ത തലമുറയിലേക്കു പകരുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ഉല്പത്തി മുതലുള്ള ചരിത്രവും മിത്തും എല്ലാംതന്നെ അടുത്ത തലമുറയ്ക്ക് പകർന്നു കിട്ടുന്നു.
വട്ടക്കളിയുടെ സാമൂഹിക മാനത്തെക്കുറിച്ചുള്ള ദീർഘമായ പഠനമാണ് ഇതിന്റെ 7,8 അധ്യായങ്ങളിൽ വിശദമായി ചർച്ചചെയ്യുന്നത്.
ഭാരതത്തിലെ പരിഷ്കൃതസമൂഹം ഇനിയും സ്ത്രീകൾക്ക് 30 ശതമാനം സംവരണം നൽകുന്നതിനുള്ള നിയമം അട്ടത്ത് വച്ചിരിക്കുന്ന സാഹചര്യത്തിലാണ് പണിയ സമൂഹത്തിനിടയിലുള്ള സ്ത്രീ സാന്നിധ്യത്തെകുറിച്ച് നമ്മൾ ആലോചിക്കേണ്ടത്. ഗോത്രപാരമ്പര്യങ്ങളിൽ സ്ത്രീകൾക്ക് വലിയ പ്രാമുഖ്യമാണ് അവർ കൽപ്പിച്ചിട്ടുള്ളത്. സ്ത്രീകളെ ഒരു നിലയിലും അവർ പാർശ്വവൽക്കരിക്കാൻ ശ്രമിക്കുകയോ ഇകഴ്ത്തി കാണിക്കുകയോ ചെയ്യുന്നില്ല. പല സന്ദർഭങ്ങളിലും സ്ത്രീകളുടെ പ്രാധാന്യം പുരുഷന്മാരെക്കാൾ ഉയരത്തിലാണെന്ന് കാണാൻ സാധിക്കും.
സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിൽ ഗ്രന്ഥകാരൻ കാണിക്കുന്ന സവിശേഷ ശ്രദ്ധ എടുത്തു പറയേണ്ടതുതന്നെയാണ്. സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ വ്യത്യസ്തമായ താൽപര്യങ്ങൾ തന്നെ ആവാം ഇതിന് കാരണം. പ്രത്യേകിച്ചും ഈ ഗ്രന്ഥത്തിന്റെ അനുബന്ധമായി പലതരത്തിലുള്ള വട്ടക്കളി പാട്ടുകൾ അവതരിപ്പിക്കുന്നത് അപൂർവമായ ശേഖരം എന്നുതന്നെ വിശേഷിപ്പിക്കാം. ഗോത്രസംസ്കൃതിയുടെ സംഗീത പാരമ്പര്യത്തിന്റെ സൂക്ഷ്മമായ തലങ്ങളിലേക്കു കൂടി കടന്നുപോകുന്നതിൽ ഗ്രന്ഥകാരൻ കാണിക്കുന്ന വൈഭവം ഈ ഗ്രന്ഥത്തെ തികച്ചും വ്യത്യസ്തമായ ഒരു ഗവേഷണസൃഷ്ടിയാക്കി മാറ്റുന്നുണ്ട്.
വട്ടക്കളി പാട്ടിലെ വിവിധ ഇനങ്ങൾ, അവയുടെ സ്വഭാവസവിശേഷതകൾ, അതിന്റെ ആലാപനത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള പങ്ക് എന്നിവ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അതേപോലെ, പണിയ പാട്ടിനങ്ങളെ ഏഴായി വർഗീകരിക്കുന്നതിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. വട്ടക്കളിപ്പാട്ടുകൾ, പണിയപ്പാട്ടുകൾ, താരാട്ടുപാട്ടുകൾ, വിനോദപ്പാട്ടുകൾ, കഥാപാട്ടുകൾ, അനുഷ്ഠാനപ്പാട്ടുകൾ, നാടകപ്പാട്ടുകൾ എന്നിങ്ങനെയാണ് ഏഴുവിധത്തിലുള്ള തരംതിരിവ്.
തുടി, കുഴൽ എന്നീ സംഗീതോപകരണങ്ങളുടെ ഉത്ഭവവും അതിന്റെ നിർമാണ പ്രക്രിയയിൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും സവിസ്തരമായിത്തന്നെ പ്രതിപാദിക്കുന്നു. ഇതിൽ പരാമർശിക്കുന്ന വിവരങ്ങൾ സംഗ്രഹിക്കുന്നതിലേക്ക് ഗ്രന്ഥകാരൻ അനുഭവിച്ചിട്ടുള്ള കഠിനമായ പരിശ്രമങ്ങളെ നമ്മൾക്ക് വിസ്മരിക്കുക എളുപ്പമല്ല. തുടി നിർമ്മാണം എന്നത് പണിയരെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമുള്ള ഒരു അനുഷ്ടാന പ്രക്രിയയാണ്. തുടി നിർമ്മിക്കുന്നതിനു വേണ്ട മരം കണ്ടെത്തുന്നതിൽനിന്നുമാണ് ഈ അനുഷ്ടാനം ആരംഭിക്കുന്നത്. മരം മുറിക്കുന്നതിനു മുൻപ് പ്രത്യേകമായ പൂജകൊണ്ട് ഉദ്ദേശിക്കുന്നത് പ്രകൃതിയിൽ നിന്നുള്ള എന്തിനെയും എടുക്കുന്നതിനു മുൻപ് പ്രകൃതിയോട് അനുമതി തേടേണ്ടതുണ്ട്. ഏതെങ്കിലും ഒരു മരമല്ല ഇതിനായി കണ്ടെത്തുന്നത്. എല്ലാ അർത്ഥത്തിലും ലക്ഷണമൊത്ത മരമാണ് കണ്ടെത്തുന്നത്. പൂജാകർമങ്ങൾക്കുശേഷം മരം മുറിച്ചു കഷണങ്ങളാക്കിയ ശേഷം അതിനെ ചെത്തി രൂപപ്പെടുത്തുന്നു. അതിനുള്ള ചടങ്ങുകൾ വളരെ പ്രധാനമാണ്.ഒരുവർഷം നീണ്ടുനിൽക്കുന്ന പരിശ്ശീലനത്തിലൂടെയാണ് തുടി നിർമാണം വശമാക്കുന്നത്. ഇതിന്റെ പൂജകൾ, നിർമാണത്തിനുള്ള ഉപകരണങ്ങൾ, സൂക്ഷ്മത, ധ്യാനം എന്നിവ വളരെ പ്രധാനമാണ്. ഒരു തുടി പൂർണത പ്രാപിക്കുന്നത് 10 മുതൽ 15 ദിവസം കൊണ്ടാണ്. തുടി, പണിയരെ സംബന്ധിച്ചിടത്തോളം വിശുദ്ധ വസ്തുവായി പരിഗണിക്കപ്പെടുന്നതിനാൽ വളരെ സൂക്ഷ്മമായാണ് ഇതു തയ്യാറാക്കുന്നത്. നിർമാണം പൂർത്തീകരിച്ചു കഴിയുന്നതോടെ തുടി ഒരു പാവനവസ്തുവായി മാറുന്നു എന്നാണ് പണിയവിശ്വാസം. തുടി സ്വരത്തെ ദൈവസ്വരമായും, തുടിയിലൂടെ അഭൗമ ചൈതന്യം പ്രസരിക്കുന്നു എന്നുമാണ് സങ്കല്പം.
അതേപോലെ, കുഴൽ അഥവാ ചീനി മറ്റൊരു ദിവ്യ വസ്തുവാണ്. നൂറ്റൊന്നു ദൈവങ്ങളുടെ പ്രതീകമായി നൂറ്റൊന്നു കുഴൽസ്വരങ്ങൾ ഉണ്ടെന്നാണ് ഇവരുടെ വിശ്വാസം.തുടി നിർമ്മിക്കുന്നവർതന്നെയാണ് കുഴലും ഉണ്ടാക്കുന്നത്.
പണിയരെ സംബന്ധിക്കുന്ന ആദികഥ രസകരമാണ്. വയനാട്ടിലെ പോളൻമൂപ്പനാണ് ഈ കഥ വിവരിച്ചത്. ‘ആങ്ങളയും പെങ്ങളുമായ ചെമ്പനോടും കെമ്പിയോടും അരയ്ക്ക് താഴെ ഭാര്യാഭർത്താക്കന്മാരായും അരയ്ക്ക് മേലെ സഹോദരീസഹോദരന്മാരായും ജീവിക്കാൻ നിർദേശിച്ചത് ഇവരെ കെണിവച്ച് പിടിച്ച ഇപ്പിമല കൗണ്ടരാണ്. ഇവരുടെ സന്തതിപരമ്പരകളാണ് പണിയസമൂഹം എന്നാണ് ഇവർ വിശ്വസിക്കുന്നത്. സവർണ്ണസമൂഹം ആദിവാസി ഗോത്രസമൂഹങ്ങളെ അടിമകളാക്കിയതിന്റെ ചരിത്രമാണ് ഇത്തരം കഥകളിൽ അന്തർലീനമായി കിടക്കുന്നത് എന്നു സൂക്ഷ്മവായനയിൽ മനസ്സിലാക്കാം.
ദൈവത്തിൽ തുടങ്ങി ദൈവത്തിൽ അവസാനിക്കുന്നതാണ് വട്ടക്കളി അവതരണം എന്നതുപോലെ പണിയ ജീവിതത്തിന്റെ സമസ്തമേഖലകളും ഇതുപോലുള്ള വിശ്വാസങ്ങളുമായി ഇടകലർന്നു കിടക്കുന്നു എന്ന് വ്യക്തമാണ്. ഗോത്രസമൂഹത്തെ സംബന്ധിച്ച അന്വേഷണകൃതികൾക്കിടയിൽ “പണിയപ്പെരുമ ഒരു വംശീയ സംഗീതപഠനം” എന്ന കൃതി വേറിട്ട് നിൽക്കും എന്ന കാര്യത്തിൽ സംശയമില്ല.