വാളുകൾ കലപ്പയായി മാറ്റണം  – പി. കെ. ഹോര്‍മിസ് തരകൻ

വാളുകൾ കലപ്പയായി മാറ്റണം   – പി. കെ. ഹോര്‍മിസ് തരകൻ

പീസ്കോര്‍ണർ


കഴിഞ്ഞദിവസം ഞാൻ പങ്കെടുത്ത ഒരു ദിവ്യബലിയിൽ വൈദികൻ നടത്തിയ പ്രഭാഷണം എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു. യേശുവിന്റെ പിറവിത്തിരുനാൾ ആഘോഷത്തിന് ഒരുക്കമായിട്ടുള്ളതും ക്രിസ്മസ് കാലത്തിന്റെ പ്രാധാന്യം വെളിവാക്കുന്നതുമായ ബൈബിൾ ഭാഗങ്ങളാണ് ഡിസംബർ മാസത്തിൽ ദേവാലയങ്ങളിൽ വായിക്കുകയെന്നു വിശദീകരിച്ചുകൊണ്ടാണ് വൈദികൻ പ്രസംഗം തുടങ്ങിയത്. “അവർ അവരുടെ വാളുകൾ കലപ്പകൾ ആക്കി മാറ്റും” എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഒരിക്കൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു പോയപ്പോൾ കണ്ട ഒരു പ്രതിമയെക്കുറിച്ച് വൈദികൻ പറഞ്ഞു. ഭീമാകാരനായ ഒരാൾ അയാളുടെ വാൾ മടക്കി ഒരു കലപ്പയുടെ രൂപത്തിലാക്കുവാൻ ശ്രമിക്കുന്ന രംഗമായിരുന്നു ആ ശില്പത്തിൽ ചിത്രീകരിച്ചിരുന്നത്. അതിനു താഴെ ഏശയ്യാ പ്രവാചകന്റെ വാക്കുകളും എഴുതിച്ചേർത്തിരുന്നു.


ഏശയ്യാ പ്രവാചകന്റെ സമാധാനാഹ്വാന വചനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ പ്രധാനകവാടത്തിന്നരികെ ശില്പരൂപത്തിൽ ചിത്രീകരിക്കുവാൻ കാരണം ആ മഹാപ്രസ്ഥാനത്തിന്റെ പ്രധാനലക്ഷ്യം ലോകശാന്തി എന്നതുതന്നെ ആയിരിക്കണം. സോവിയറ്റ് യൂണിയണിലെ പ്രമുഖ ശില്പിയായ എവ്ജെനി വുക്കെറ്റിക് (Evgeny Vuchetich)1959-ൽ, ശീതയുദ്ധം രൂക്ഷമായിരുന്ന കാലത്ത് നിർമിച്ച ഈ ശില്പം, സോവിയറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കൾ ഐക്യരാഷ്ട്രസഭയ്ക്ക് സംഭാവന ചെയ്തതാണ്. വളരെ വൈരുധ്യംനിറഞ്ഞ ഒരു കാര്യമായി നമുക്ക് തോന്നിയേക്കാം. ആ വൈരുധ്യത്തെക്കുറിച്ച്, റഷ്യയും യുക്രെയിനുമായുള്ള യുദ്ധം ലോകസമാധാനത്തെ താറുമാറാക്കുന്ന ഈ ഘട്ടത്തിൽ, ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് അല്ലെങ്കില്‍ ഒരു ആണവയുദ്ധത്തിലേക്ക് ലോകം വഴുതി വീഴുമോ എന്നു നാം പേടിക്കാൻ ഇടയാക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്ന ഈ കാലയളവിൽ, ഭൂമിയിൽ സമാധാനം സ്ഥാപിക്കാൻ വന്ന യേശുവിന്റെ പിറവിയുടെ അനുസ്മരണവേളയിൽ വിചിന്തനംചെയ്യുന്നത് ഉചിതമായിരിക്കും.


സംഗതിവശാൽ, അതേ ദിനംതന്നെ ‘ഫോറിൻ അഫയേഴ്സ്’ എന്ന പ്രസിദ്ധീകരണത്തിന്റെ ഏറ്റവും പുതിയ പതിപ്പിൽ താണ്ട് മിന്റ് – ഊ എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ആയിരുന്ന, മ്യാൻമാർകാരനായ ഊ താണ്ടിന്റെ കൊച്ചുമകനാണ് ഈ ലേഖകൻ. ഐക്യരാഷ്ട്രസഭ  ഇന്നു നേരിടുന്ന പ്രതിസന്ധിയിൽനിന്ന് അതിനെ രക്ഷപ്പെടുത്താൻ സാധിക്കുമോ എന്നതിനെക്കുറിച്ചായിരുന്നു ആ ലേഖനം. “Liberating the United Nations – Realism and Hope” എന്ന പുസ്തകം നിരൂപണം ചെയ്തുകൊണ്ടാണ് താണ്ട് തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകത്തിന്റെ ഗ്രന്ഥകർത്താക്കളായ റിച്ചാർഡ് ഏ. ഫാക്, ഹാൻസ് ഫോൺ സ്പോണെക് എന്നിവരും ഐക്യരാഷ്ട്രസഭയിൽ ദീർഘകാലം ജോലി ചെയ്തിട്ടുള്ളവരാണ്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍,  കാലാവസ്ഥാവ്യതിയാനം തൊട്ട് ആണവഭീഷണിവരെയുള്ള എല്ലാ പ്രശ്നങ്ങളും കാര്യക്ഷമതയോടെ കൈകാര്യംചെയ്യാൻ സാധിക്കുന്ന ഒരു സംഘടനയായി അതു വളരണം എന്നാണ് അവർ വാദിക്കുന്നത്. ഇപ്പോഴത്തെ പ്രധാനപ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിൽ ഐക്യരാഷ്ട്രസഭ നേരിടുന്ന നിസ്സഹായതയും അപര്യാപ്തതയും മനസ്സിലാക്കിക്കൊണ്ടുതന്നെ അവർ പറയുന്നു, ഇന്ന് ഈ ലോകസംഘടന എന്നത്തെക്കാൾ പ്രാധാന്യവും ആവശ്യകതയും ഉള്ള ഒന്നായിത്തീർന്നിരിക്കുന്നു എന്നാണ്. അത് എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചും അവർ ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്നുണ്ട്. എന്നാൽ, താണ്ട് മിന്റ് ഊവിന്റെ അഭിപ്രായം മറ്റൊന്നാണ്. എല്ലാ കാര്യങ്ങളും കൈകാര്യംചെയ്യുവാനും എല്ലാ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാനും ശ്രമിക്കുന്നതിനു പകരം ഐക്യരാഷ്ട്രസഭ അതിന്റെ പ്രധാന ഉത്തരവാദിത്വത്തിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആ പ്രധാന ഉത്തരവാദിത്വം യുദ്ധങ്ങള്‍ തടയുക എന്നുള്ളതാണുതാനും. ഇതു ചെയ്യാൻ കഴിയുന്ന ഒരു കാര്യംതന്നെയാണ് എന്നാണ് താണ്ടിന്റെ വിശ്വാസം.


ദാഗ് ഹാമർഷോൾഡ്, ഹാവിയർ പെരെസ് ദ ക്വെയാർ, തന്റെ പിതാമഹനായ ഊ താണ്ട് എന്നിവരുടെയും സേവനങ്ങൾ ഓർത്തുകൊണ്ട് ലേഖകൻ പറയുന്നത് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവി അലങ്കരിക്കുന്നയാൾക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രജ്ഞൻ എന്ന ബഹുമതിയും ചുമതലയും കൂടി ഉണ്ട് എന്നാണ്. അദ്ദേഹത്തിന്, അപകടം പിടിച്ചതും കുഴപ്പങ്ങൾ നിറഞ്ഞതുമായ ഈ കാലഘട്ടത്തിൽ പോലും സംഘട്ടനങ്ങൾക്കും വിവാദങ്ങൾക്കും പരിഹാരം കണ്ടെത്തുവാനുള്ള അവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും എന്നാണ് താണ്ടിന്റെ വിശ്വാസവും വാദവും. വരുംവർഷങ്ങളിൽ യുദ്ധത്തിനും സമാധാനത്തിനുമിടയിലുള്ള വിടവുനികത്താനും ആ വലിയ സ്ഥാപനത്തിനും അതിന്റെ സാരഥിക്കും കഴിയും എന്നുള്ളതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.


ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ അന്നു രാവിലെ കേട്ട ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ രണ്ടാം അധ്യായത്തിലെ നാലാമത്തെ വാക്യം ഒന്നുകൂടി ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. “അവിടുന്ന് … ജനപദങ്ങളുടെ തർക്കങ്ങൾ അവസാനിപ്പിക്കും. അവരുടെ വാൾ കലപ്പയും കുന്തം വാക്കത്തിയുമായി അടിച്ചുടച്ചു വാർക്കും. രാജ്യം രാജ്യത്തിനെതിരെ വാളുയുർത്തുകയില്ല”.