അതിര്‍ത്തികൾ – സച്ചിദാനന്ദൻ

അതിര്‍ത്തികൾ  – സച്ചിദാനന്ദൻ

“എല്ലാറ്റിനും ഒരതിര്‍ത്തിയുണ്ട്.” പൊക്കം കൂടിയയാൾ തന്നോടു അങ്ങനെ  പറഞ്ഞപ്പോഴാണ് ആ അഞ്ചരയടിക്കാരൻ  ‘അതിര്‍ത്തി’ എന്ന വാക്കിന്റെ അര്‍ത്ഥങ്ങളെക്കുറിച്ച് ആദ്യമായി ആലോചിക്കാൻ തുടങ്ങിയത്: ആ വാക്ക് ആദ്യമായി കേട്ടയാളെപ്പോലെ.  അതിര്‍ത്തികളെക്കുറിച്ച് അയാൾ കുട്ടിക്കാലം മുതലേ കേട്ടിരുന്നു. അച്ഛൻ വേലി കെട്ടുമ്പോഴെല്ലാം അയല്‍ക്കാരനുമായി അതിര്‍ത്തിയെച്ചൊല്ലി വഴക്കിടുന്നതു മുതൽ രാജ്യങ്ങൾ തമ്മിൽ അതിര്‍ത്തിയെച്ചൊല്ലി യുദ്ധം ചെയ്യുന്നതുവരെ. പക്ഷേ,   ഇത് ആ ദൃശ്യമായ അതിര്‍ത്തിയല്ലായിരുന്നു- രണ്ടു ജാതിക്കാരോ മതക്കാരോ വര്‍ഗക്കാരോ വംശക്കാരോ നിറക്കാരോ തമ്മിലുള്ള അതിര്‍ത്തികൾപോലെ, ആധാരത്തിലോ  ഭൂപടത്തിലോ രേഖപ്പെടുത്താത്ത, പ്രയോഗത്തിൽ മാത്രം ഒളിഞ്ഞിരിക്കുന്ന, അതിര്‍ത്തികൾ.


നല്ലൊരു വായനക്കാരനായിരുന്ന രാഘവന്റെ ജീവിതം പിന്നീട് അന്നോളമുള്ളതായിരുന്നില്ല. അയാള്‍ക്ക് അതിര്‍ത്തികളുടെ അതിര്‍ത്തിയോളം പോകണമായിരുന്നു. ഇരയും യജമാനനും ആരെന്ന് തീരുമാനിച്ചതാരാണ്- ദൈവം? സമൂഹം? സമ്പത്ത്? തൊലിയുടെ നിറം? ജനിച്ച ജാതി? മതം? നാട്? ലിംഗം? ജ്ഞാനം? അയാള്‍ക്ക് അധികാരത്തിന്റെ ഉറവിടം കണ്ടുപിടിക്കണമായിരുന്നു. അത് രാഘവനെ ചിന്താക്കുഴപ്പത്തിൽ ആക്കാതിരുന്നില്ല, കാരണം പലപ്പോഴും അധികാരം വന്നുചേരുന്നത് പലയിടത്തുനിന്നായിരുന്നു. അല്ലെങ്കിൽ ദരിദ്രനായ ഒരു സവര്‍ണ്ണൻ എങ്ങനെയാണ് സമ്പന്നനായ ഒരു അവര്‍ണ്ണനെക്കാൾ മീതേ ആകുന്നത്? അഥവാ, പുസ്തകം കണ്ടിട്ടില്ലാത്ത  ഒരു വെള്ളക്കാരൻ ലോകപ്രശസ്തനായ ഒരു ആഫ്രിക്കൻ ബുദ്ധിജീവിയെ തടവിലിടാൻ മാത്രം മേന്മ നേടുന്നത്? ഒരു വെറും പട്ടാളക്കാരന്, അയാൾ ദൈവരാജ്യത്തിൽ വിശ്വസിക്കുന്നതുകൊണ്ടു മാത്രം,  മഹാനായ ഒരു അറബിക്കവിയെ ഒറ്റ വെടികൊണ്ട് കൊല്ലാൻ കഴിയുന്നത്?   സിവിൽസര്‍വീസിലുള്ള ഒരു ദലിതനെ ഒരു ബ്രാഹ്മണശിപായി  പരിഹസിക്കുന്നത്? സമർഥയായ ഒരു വനിതാമന്ത്രിയെ, അബദ്ധം മാത്രം ചെയ്യുന്ന ഒരു പുരുഷമന്ത്രി അടക്കിഭരിക്കുന്നത്? അധികാരത്തിന്റെയും അവകാശത്തിന്റെയും പ്രശ്നം വിചാരിച്ചിരുന്നപോലെ ലളിതമല്ലെന്ന്  രാഘവന് പെട്ടെന്നുതന്നെ ബോദ്ധ്യപ്പെട്ടു.


അധികാരത്തിന്റെ ബലതന്ത്രത്തെക്കുറിച്ച് ഗാന്ധി മുതൽ മാര്‍ക്സും ഫൂക്കോയും എഴുതിയിരുന്നതു വരെ രാഘവൻ വായിച്ചു. അടുത്തുതന്നെ താമസിച്ചിരുന്ന നല്ലൊരു സൈദ്ധാന്തികനായ രാജഗോപാലനിൽനിന്നാണ് അയാൾ പുസ്തകങ്ങൾ കടംവാങ്ങിയത്.  ലോകത്തുണ്ടായ ഏകാധിപതികളെക്കുറിച്ചു പഠിച്ചു: ചരിത്രം, ജീവചരിത്രം, ആത്മകഥ, ജനാധിപത്യത്തെക്കുറിച്ചുള്ള പല സിദ്ധാന്തങ്ങൾ. പക്ഷേ,   അവയെല്ലാം പല ഉത്തരങ്ങളാണ് നല്‍കിയത്. ചിലർ അധമത്വബോധം കൊണ്ടാണ് അധികാരം ആഗ്രഹിച്ചത്; ചിലർ അഹങ്കാരം കൊണ്ടും. ചിലർ ശത്രുക്കളെ  കണ്ടുപിടിക്കയായിരുന്നു; ചിലർ സൃഷ്ടിക്കുകയും. അധികാരവിമര്‍ശകർപോലും, അധികാരം നേടുമ്പോൾ അതു നിലനിറുത്താൻ എന്തും ചെയ്യുന്നത് അയാൾ വായിച്ചും കണ്ടുമറിഞ്ഞു. ജനാധിപത്യത്തിന്റെപേരിൽ അധികാരത്തിലെത്തിയവർ    സമഗ്രാധിപതികളായി. സ്വാതന്ത്ര്യസമരം നയിച്ചവർ ജനങ്ങള്‍ക്ക് നിത്യമായ അസ്വാതന്ത്ര്യം വിധിച്ചു. നിയമത്തിൽനിന്ന് നീതി അപ്രത്യക്ഷമാകുന്നതും പ്രചാരണത്തിൽനിന്ന് സത്യം ഭയന്നോടുന്നതും രാഘവൻ കണ്ടു. ഇപ്പോൾ അയാളുടെ ചിന്ത, ഇതു മനുഷ്യൻ എന്ന ജീവിയുടെതന്നെ ഒരു പ്രശ്നമാകുമോ എന്നായിരുന്നു. കാരണം ഇതു മറ്റു ജീവികളുടെ കാര്യത്തിലെന്ന പോലെ മനുഷ്യന് ഒരു അതിജീവന പ്രശ്നമായിരുന്നില്ല. മനുഷ്യന്റെ അഹംബോധത്തിൽ തന്നെ അധികാരമോഹവും ഉണ്ടോ? ഹാര്‍ട്ടും  നെഗ്രിയും പറയുംപോലെ സ്നേഹത്താൽ ഒന്നിക്കുന്ന ജനതതി ആണോ ശരിയായ ജനാധിപത്യം സ്ഥാപിക്കുക? പലയിടത്തും ജനതതികൾ പ്രതിരോധത്തിന്നിട്ട പൂക്കളുടെ പേരെല്ലാം നന്ന്; പക്ഷേ,   അവയിൽ മുള്ളുകൾ ഉണ്ടോ എന്ന് എങ്ങനെ അറിയും? ജനതതികൾതന്നെ ചരിത്രത്തിന്റെ ഒരു തിരിവിൽവച്ചു ജനക്കൂട്ടങ്ങളായാലോ?  നേതാക്കളും വഴികാട്ടികളും നിയന്ത്രണങ്ങളും ആവശ്യമില്ലാത്തത്ര സംസ്കൃതരാണോ മനുഷ്യർ? അവിടെയും അധികാരത്തിന്റെ പേരിൽ വടംവലികൾ ഉണ്ടാവില്ലേ?


ഈ കഥ ഒരു പ്രബന്ധമായിത്തീരും മുന്‍പ് രാഘവന്റെ കുടുംബത്തെയെങ്കിലും വായനക്കാർ  അറിയണം എന്നെനിക്കുണ്ട്. രാഘവന്റേത് ഒരു പ്രണയ വിവാഹമായിരുന്നു.  സ്വന്തം ഓഫീസിലെ വേറൊരു മതക്കാരി ആയിരുന്നു വധു. രാഘവന്റേത് ഒരു മതേതര കുടുംബം ആയിരുന്നെങ്കിലും, വധു മുസ്ലീം ആണെന്നറിഞ്ഞപ്പോൾ അവർ പെട്ടെന്ന് മതവിശ്വാസികളായി. രാഘവനോട് വേറെ വീടു വാടകയ്ക്കെടുത്ത് താമസിക്കാൻ “സ്നേഹപൂർവം നിര്‍ബന്ധിച്ചു.”  (മലയാളത്തിൽ പറഞ്ഞാൽ, ‘ഇനി വീട്ടിൽ കയറണ്ടാ’ എന്നു പറഞ്ഞു)  രാഘവന് കുടുംബം എന്ന സ്ഥാപനം, മതേതരത്വം എന്ന സങ്കല്പം ഇവയെക്കുറിച്ചെല്ലാം ആലോചിക്കാൻ   നല്ലൊരവസരം കിട്ടി എന്നര്‍ഥം. ആദ്യം ഹലീമയ്ക്കും അദ്ഭുതം ഉണ്ടായെങ്കിലും, അവളുടെ കുടുംബംകൂടി വിവാഹത്തെ  എതിര്‍ത്തപ്പോൾ അദ്ഭുതം മാറി. അന്ന് ‘ലൗ ജിഹാദ്’   എന്ന സംജ്ഞ പ്രചാരത്തിൽ വന്നിട്ടില്ലാത്തതിനാൽ ആ ആരോപണം ഉണ്ടായില്ലെന്നു മാത്രം. രണ്ടുപേരും ഉടൻതന്നെ രാഘവന്റെ ഓഫീസിന്നടുത്ത് ഒരു വാടകവീട്ടിലേക്ക് മാറുകയും അവര്‍ക്ക് രണ്ടു പെണ്‍കുട്ടികൾ ജനിച്ചപ്പോൾ മതവും ജാതിയും തിരിച്ചറിയാൻ പ്രയാസമായ പേരുകൾ കണ്ടുപിടിക്കുകയും ചെയ്തു.  അപ്പോഴാണ്‌  രാഘവന് മനസ്സിലായത് അത്തരം പേരുകൾ ഇന്ത്യയിൽ എത്ര അപൂര്‍വമാണെന്ന്. അധികവും ദേവീ-ദേവന്മാരുടെ പേരായിരുന്നു. പുഷ്പവിപ്ലവങ്ങൾ സംഭവിച്ചിട്ടില്ലെങ്കിലും അവസാനം അവര്‍ക്ക് പൂക്കളുടെ പേരുതന്നെയാണ് കിട്ടിയത് : സീനിയ, ഡാലിയ. പക്ഷേ,   സ്കൂൾമുതൽ ഓരോ ഫോമും പൂരിപ്പിക്കുമ്പോഴും അവര്‍ക്ക് തങ്ങളുടെ മതങ്ങൾ എഴുതുകയും കുട്ടികൾക്കു മതം ഇല്ലെന്നു ചേര്‍ക്കുകയും വേണ്ടിവന്നു.  വിദ്യാസമ്പന്നരിൽനിന്നുകിട്ടിയ തുറിച്ചുനോട്ടങ്ങൾ എല്ലാം അവർ ഓര്‍മയുടെ സ്കൂള്‍സഞ്ചിയിലിട്ടു.


പക്ഷേ,   അധികാരം രാഘവന് ഒരു  കീറാമുട്ടി തന്നെയായിരുന്നു. താൻ തന്നെയും ഭര്‍ത്താവ്, അച്ഛൻ എന്നീ നിലകളിൽ അധികാരം പ്രയോഗിക്കുന്നില്ലേ എന്നയാള്‍ക്ക്‌ സംശയമായി. അപ്പോൾ അയാള്‍ക്ക്‌ നല്ല അധികാരപ്രയോഗം, ചീത്ത അധികാരപ്രയോഗം എന്നീ ഗണങ്ങൾ ഉണ്ടാക്കേണ്ടിവന്നു. താൻ നടത്തുന്നത് നല്ല അധികാരപ്രയോഗമാണോ എന്നയാൾ ആലോചിച്ചു. അടുക്കളയിൽ അയാൾ ഇടയ്ക്കിടയ്ക്ക് സഹായിക്കുമായിരുന്നു, പക്ഷേ,   അതു മതിയോ? ഹലീമയും ജോലിക്കു പോകുന്നതല്ലേ? ജോലി ഒപ്പം ചെയ്യേണ്ടേ? അതെങ്ങനെ കണക്കുകൂട്ടും? കുട്ടികളെ പഠിക്കാൻ നിര്‍ബന്ധിക്കുന്നതും ഡാന്‍സ് പരിശീലിക്കാൻ അയയ്ക്കുന്നതും നല്ല അധികാരപ്രയോഗമാണോ? ചില രാത്രികളിലെങ്കിലും ഹലീമയുടെ ഭാവം ശ്രദ്ധിക്കാതെ താൻ രതിയിൽ ഏര്‍പ്പെടാറില്ലേ?  ഓഫീസിലെ തന്റെ പെരുമാറ്റത്തിൽ അധികാരത്തിന്റെ ഛായ ഉണ്ടാകാറില്ലേ? രാഘവന് താൻ ‘രാഘ’ എന്നും ‘വൻ’ എന്നും  രണ്ടാളാവുംപോലെ തോന്നി.


അധികാരം കുറയ്ക്കാൻ അയാൾ ജോലി ഉപേക്ഷിച്ച് അടുക്കളപ്പണിചെയ്യുന്ന കാര്യം ആലോചിക്കാതിരുന്നില്ല. പക്ഷേ,   അപ്പോൾ വരുമാനം കുറയും. രണ്ടു കുട്ടികളെ പഠിപ്പിച്ചു വലുതാക്കണ്ടേ? ഈ ‘വലുതാക്കലും’ ഒരു തരം അധികാരമോഹമല്ലേ? അവർ വല്ല ഐ.ഏ.എസ്സുകാരും ആയാൽ എന്തു ചെയ്യും? ഐ.പി.എസ്സാണെങ്കിൽ അതിലും ഭീകരം. പക്ഷേ,   അവർ പഠിക്കാതിരുന്നാൽ ഇക്കാലത്ത് ആരാണ് അവരെ കൂട്ടത്തിൽക്കൂട്ടുക? മനുഷ്യരുടെ ജീവനുമുകളിൽപ്പോലും അധികാരമുള്ള റൗഡികൾ മാത്രം. അതു പിന്നെ ആലോചിക്കാം എന്ന് അയാൾ തീരുമാനിച്ചു. ഭ്രാന്തുപിടിക്കുന്നതും കുഴപ്പമാണല്ലോ. എന്തും ചെയ്യാനുള്ള അധികാരത്തെ അല്ലേ ഭ്രാന്തെന്നു നാം വിളിക്കുന്നത്? അല്ലെങ്കിൽ, അധികാരവും മാനസികമായ ഒരു അസ്വാസ്ഥ്യമല്ലേ?


ഇതിനകം ഒരുകാര്യം അയാള്‍ക്ക്‌ വ്യക്തമായിരുന്നു. ലോകത്തിൽ അധികാരമുള്ളവരും  അധികാരം ഇല്ലാത്തവരുമുണ്ട്, അഥവാ അധികാരം കൂടിയവരും കുറഞ്ഞവരുമുണ്ട്. ശരിയായ സമരം അവർ തമ്മിലാണ്. എന്നും അങ്ങനെ ആയിരുന്നു. ഇതുവരെയുള്ള സൈദ്ധാന്തികരെല്ലാം ഏതെങ്കിലും ഒരു അധികാരത്തിലാണ് ഊന്നിയത്. ലിംഗം, ജാതി, പണം, പദവി… അങ്ങനെ. പക്ഷേ,   പലതരം അധികാരങ്ങൾ ഒരിടത്ത് ഒന്നുചേരുമ്പോഴാണ് അതു സമഗ്രാധിപത്യമാകുന്നത്. അപ്പോൾ ഭരണാധികാരമുള്ളവർ പണം, ജാതി, മതം, വംശം, ലിംഗം ഇങ്ങിനെ പലതരം അധികാരങ്ങളുള്ളവരെ  ചേര്‍ത്തുനിര്‍ത്തുന്നു. അങ്ങനെ ജനാധിപത്യം ഇല്ലാതാകുന്നു.


തന്റെ കണ്ടുപിടിത്തം ‘ഹുറേ’ എന്നു വിളിച്ചുപറയാൻ രാഘവൻ ആഗ്രഹിച്ചു. പക്ഷേ,   അധികാരം പല വേഷത്തിൽ മഞ്ചലിലും കാറിലുമായി ചുറ്റിനടക്കുകയായിരുന്നു. ചാരനിറമുള്ള  ഒരു പൂച്ച മാത്രം ‘മ്യാവൂ’ എന്ന് പ്രതികരിച്ചു.