ഊരുവേട്ട – വർഗീസ് അങ്കമാലി
മൂപ്പന്മാർ പിരിഞ്ഞുപോയി. അവസാനത്തെ കാളരാത്രിക്ക് ഇനിയും നാഴികയേറുന്നു. മരോട്ടിയെണ്ണയുടെ മണംപരത്തി പുകയുന്ന പന്തത്തിന്റെ ഇത്തിരിവെട്ടത്തിൽ ഷഡ്ക്കർമാക്കളിൽ തലമൂത്ത വൃദ്ധൻ ഇരയെ പരിശോധിച്ചു. വെളിച്ചം മങ്ങിയപ്പോൾ കാട്ടുപന്നിയുടെ മേദസ്സിട്ട് നിലവിളക്കിന്റെ തിരിയുടെ നാളം പെരുക്കി.
പല്ലുകളൊന്നും കൊഴിഞ്ഞുപോകാത്ത, എല്ലുവളവില്ലാത്ത, ചടപ്പില്ലാത്ത, തൊണ്ടക്കുഴിമുതൽ കീഴോട്ട് ജനനേന്ദ്രിയംവരെ മുറ്റിയ എണ്ണമെഴുക്കുള്ള രോമമുള്ള, ഉറച്ചപേശികളും, തുള്ളിത്തുളുമ്പാത്ത ഉണ്ണിക്കുടവയറും, വിരിഞ്ഞ തോളുകളും, ലക്ഷണമൊത്ത ചോരത്തിളപ്പുള്ള ബലിവസ്തുവിനെ അവർ ചാപ്പകുത്തി. ക്ഷേത്രകവാടത്തിൽ നടയിരുത്തി.
പതിഞ്ഞ താളത്തിലായി തുടികൊട്ട്. പനമ്പട്ടകളിൽ കൊട്ടിപ്പാടുന്ന കാറ്റിന്റെ തേങ്ങൽ പിള്ളക്കരച്ചിലായി. മൂകതയുടെ ആവരണം ഭൂമിയെ ശ്വാസംമുട്ടിച്ചു. ഇരുട്ടിന്റെ മറ്റൊരു തോടായ് അതു ഉറച്ചുനിന്നു. അകലെ ഉൾവനങ്ങളിൽനിന്ന് തുടികൊട്ടിന്റെ താളം അടുത്തുവന്നു.
അമ്മ കേഴുകയാണ്. തന്റെ ഉദരത്തിൽനിന്നു പുറത്തുവന്ന ഇത്തിരിപ്പോന്ന കുഞ്ഞിന്റെ കരച്ചിൽ മുതൽ, മകൻ വളർന്ന് അച്ഛനെക്കാൾ വലുതായി മുഴുത്ത മാംസപേശികളും വിടർന്ന മാറും യോദ്ധാവിന്റെ ധൈര്യവും ഭാവവുംപൂണ്ട നിമിഷംവരെ അമ്മ ഓർത്തു. ഒടുവിൽ യുവാവായ അവന്റെ ഊഴവും വന്നെത്തിയിരിക്കുന്നു.
കണ്ണീരിൽ മഞ്ഞൾ കൂടിക്കുഴഞ്ഞപ്പോൾ നീറ്റലാണ് ആയമ്മയ്ക്കു തോന്നിയത്. ഇരുമ്പുകോലിൽ കോർത്ത് ചുട്ടെടുത്ത മാംസം മണക്കുന്ന കൊട്ടയുടെ കല്ലിൽ ചാരിയിരുന്ന് എല്ലാം കാണുന്നുണ്ട് അമ്മ. ഇരുട്ടിന്റെ കമ്പളത്തിനുള്ളിൽ ഗരുഡന്റെ വേഷംപൂണ്ട്, ഒരു കൈയിൽ പരിചയും മറുകയ്യിൽ വാളുമായ് തൂക്കുചാടിൽ മകൻ കിടക്കുന്ന രംഗമോർത്തപ്പോൾ തലചുറ്റലുണ്ടായി അമ്മയ്ക്ക്.
തൂക്കുചാടിന്റെ ഉയരത്തിലെ ചലനം അവസാനിക്കുമ്പോൾ, ഭഗവതിയുടെ ശക്തിപൂണ്ട നഖങ്ങളിൽനിന്നു ചോര ഇറ്റുവീഴുമ്പോൾ, ഇരയുടെ ശ്വാസം നുരകുത്തി പതകുത്തി മൂക്കിൽ ഉറഞ്ഞുകൂടുമ്പോൾ, പിന്നെ പുലരുംമുമ്പ് അവശിഷ്ടങ്ങളായ് എല്ലുംതോലും തലമുടിയും തൂക്കുകാലിനു കീഴെ കാണുമ്പോൾ, മൂപ്പന്മാർ ദേവിയുടെ മഹാത്മ്യം ഏറ്റുപാടും. ദേശത്തിനുവേണ്ടിയുള്ള ഇരയുടെ നിയോഗം അതോടെ അവസാനിക്കുന്നു. വീണ്ടും അടുത്തയാണ്ടിൽ മറ്റൊരു ബലിക്ക് നറുക്ക് വീഴുന്നു.
കോട്ടവാതിലടഞ്ഞു. ബലിഷ്ടനായ ഒരാൾ തൂക്കുചാടിനു മുന്നിലെത്തി. ഇരുട്ടിൽ ഏതോ ശക്തി ചലിക്കുന്നതുപോലെ തൂക്കുചാടിന്റെ ബലം തിട്ടപ്പെടുത്തി അയാൾ നിന്നു. സംഘം ഇരയുടെ മുന്നിലെത്തി. ഇളംമാനിനെ കിട്ടിയ ചെന്നായ്ക്കൂട്ടങ്ങളെപ്പോലെ അവർ ഇരയെപ്പൊതിഞ്ഞു. കൽവിളക്കിൽനിന്നു പടർന്ന വെളിച്ചത്തിന്റെ ഒരു കീറ് ഇരയുടെ മുഖത്തുതട്ടി. വാലിട്ടു കരിമഷിയെഴുതിയ കണ്ണുകൾ ആരെയോ തേടുന്നുണ്ടായിരുന്നു. തലയിൽ ചുവപ്പുശീല കെട്ടി, അരയിൽ പട്ടുചുറ്റി ചമയങ്ങളോടെ നിൽക്കുന്ന കാമുകനെത്തേടുന്ന പെൺകുട്ടിയുടെ കരച്ചിലിന്റെ ശബ്ദത്തെ ഒപ്പംചേർത്തു, തുടിയൊച്ച.
അമ്മ തേങ്ങി. ചിത്രത്തൂണിൽ മുഖംപൂഴ്ത്തി അമ്മ തേങ്ങിക്കൊണ്ടേയിരുന്നു. സംഘം കുനിച്ചുനിറുത്തിയ ഇരയിപ്പോൾ ഒരുമാൻപേട. ചിലമ്പിന്റെയും തുടിയുടെയും നാദം ഉച്ചസ്ഥായിയിലായി.
ശ്വാസത്തിന്റെ സംക്രമണം നോക്കി ഉഴിഞ്ഞ് പുറത്തെ പേശികളിൽ രണ്ടെണ്ണം കിള്ളിയെടുത്തു ഇരുവശങ്ങളിലും നില്ക്കുന്ന രണ്ട് മുട്ടാളന്മാർ. പിന്നെ, അവരിൽ രണ്ടുപേർ ഇരയുടെ ഇരുചെവികളിലും ഒരേസമയം ഊതി കൊടുങ്കാറ്റ് അഴിച്ചുവിട്ട് തലച്ചോറിനെ വിറളിപിടിപ്പിച്ചു, വണ്ടിന്റെ മൂളൽപോലെ. ഇരയുടെ കണ്ണുകളടഞ്ഞു. അവരിലൊരാൾ ആന കടിച്ചാലും പൊട്ടാത്ത കൊട്ടടയ്ക്ക ഇട്ട് ഇരയുടെ വായ പൂട്ടി. കർണ്ണപ്പഴുതിലെ മൂളൽ അതിന്റെ ശക്തിയിലായപ്പോൾ പേശികളിൽ കൊളുത്തുവീണു. ഒരു പഴുത്ത പേരയ്ക്കയിൽ ഇറങ്ങിപ്പോകുന്നതു പോലെ തൂക്കുചൂണ്ടയുടെ തിളങ്ങുന്ന മറുതല വെളിവായി.
പച്ചമാംസം തുളച്ചുകോർത്തത് അറിയുംമുമ്പേ വായിലെ കൊട്ടടയ്ക്ക വെണ്ണപ്പരുവമായ് കടവായിലൊഴുകി നെഞ്ചിലെ രോമക്കാട്ടിലൊളിച്ചു. ചാടുയർന്നു. ഒരു കൈയിൽ പരിചയും മറുകൈയിൽ വാളുമായ് വെറുങ്ങലിച്ച് ചാടിൽക്കിടക്കുന്ന ഇരയെയും തൂക്കി കഴുമരം ക്ഷേത്ര ഗോപുരത്തിനു മീതെ ഉയർന്നു. ചാടുബന്ധിച്ച് സംഘം കോട്ടവാതിലിനു മുന്നിലെത്തി.
ആരോ അമ്മയുടെ കാലിൽത്തട്ടി. അശ്രീകരം എന്നു പിറുപിറുത്ത് അവരൊന്നായ് ഒഴിഞ്ഞുപോയി. തനിക്കുപരിചയമില്ലാത്ത ഒരുപെൺകുട്ടി കരംപിടിച്ചപ്പോൾ അമ്മ അവളുടെ നേർക്കുനോക്കി.
”ആരാ?” തേങ്ങിക്കൊണ്ട് അമ്മ ചോദിച്ചു.
”മഹേന്ദ്രന്റെ പെണ്ണാണ് ഞാൻ. ദുർഗ്ഗ.”
പനമ്പട്ടകളിൽ ചുറ്റിയടിക്കുന്ന ദുർദ്ദേവതയായി കാറ്റുനിന്നു. ഏതോ പ്രാകൃത അനുഷ്ഠാനത്തിന്റെ തുടർച്ചപോലെ ആദ്യം ഒറ്റയായും പിന്നെ സംഘംചേർന്നും കുറുക്കന്മാർ ഓരിയിട്ടു. ഏതോ രാപ്പക്ഷി കോട്ടവാതിലിൽ ചിറകുതല്ലി ആർത്തുകരഞ്ഞു. ജീവന്റെ ചലനംകെട്ട നിമിഷത്തിൽ ക്ഷേത്രനടയിലെത്തി ദേവിയോട് അമ്മ മകന്റെ ജീവനെ തിരിച്ചുചോദിച്ചു. ദേവിക്കുവേണ്ടി, നരബലിയുടെ അനുഷ്ഠാനത്തിനുവേണ്ടി ഗരുഡനായി ഏകപുത്രൻ ചാടിൽ കിടക്കുന്നു.
കോട്ടയ്ക്കകത്ത് അരയാലിൻചോട്ടിൽ വെണ്ണക്കല്ലുകളായ് എല്ലുകൾ ചിതറിവീഴുന്ന നിമിഷം കാത്ത് ഇര കിടക്കുന്നു. ഏതു നിമിഷവും ദേവിയെത്തും. കുടകപ്പാലപ്പൂക്കൾകൊണ്ട് മാലചാർത്തിയ ധന്യയായ ദേവി ചോരയുണ്ട്, മാംസംഭുജിച്ച് നാടിനെ ഐശ്വര്യപൂർണമാക്കുന്നത് ആ അമ്മ സഹിക്കും. എങ്കിലും തന്റെ ഏക മകനെ കുരുതി കൊടുക്കുവാൻ മനസ്സുവന്നില്ല ആയമ്മയ്ക്ക്.
പാലപ്പൂക്കളുടെ ഗന്ധം പടർന്നൊഴുകി. തണുപ്പിന്റെ നഖങ്ങൾ എഴുന്നുനില്ക്കുന്ന കാറ്റും കോടയും. രാത്രിയുടെ ഭീകരത ഇരട്ടിപ്പിക്കുമാറ് അരയാലിലിരുന്ന് കാലൻകോഴി കൂവി. പിന്നെയത് പറന്നു കാഞ്ഞിരത്തിലിരുന്നു കൂവൽക്കച്ചേരി തുടർന്നു.
മൂപ്പന്മാരുടെ മുഖം ഒന്നൊന്നായി അമ്മയുടെ സ്മൃതിയിൽ മിന്നിമറഞ്ഞു. ശൈത്യത്തിന്റെ അല്ലലറിയാതെ പട്ടുമെത്തയിൽ ഇളംമേനി പുണർന്ന് കൂർക്കംവലിക്കുകയാവും അവരിപ്പോൾ. അവരെയൊന്നായ് പച്ചയ്ക്കു തിന്നുവാൻ അമ്മ കൊതിച്ചു.
കിഴക്ക് ഒരു പൊൻതാരകം ഉദിച്ചത് അമ്മ അറിഞ്ഞു. ഏതോ ശക്തിയുടെ പ്രേരണയാലെന്നപോലെ ദുർഗ്ഗയുടെ കരംപിടിച്ച് സമനിലതെറ്റിയപോലെ അവർ വേച്ചുവേച്ചു നടന്നു. കുങ്കുമത്തട്ടിൽനിന്നു ഒരുപിടിവാരി നെറുകയിലും ശിരസ്സിലുമണിഞ്ഞു. അഴിഞ്ഞ മുടി കൂട്ടിക്കെട്ടി. രുധിരഗന്ധം പരത്തുന്ന ഇരയുടെ മുന്നിലെത്തി അവർ ശക്തി വീണ്ടെടുത്തു. അമ്മ ദേവിയായി, ശക്തിയായി, സംഹാരമൂർത്തിയായി ചോരയിൽ ചവിട്ടിനിന്ന് ചാട് ബന്ധിച്ചിരുന്ന കയർ അഴിച്ചു. അത് ഒരു ഞരക്കത്തോടെ താണുവന്നു.
ഇരയുടെ കാൽ നിലത്തുതൊട്ടപ്പോൾ കയർ അഴിച്ചത് ദുർഗ്ഗയായിരുന്നു. കൊളുത്ത് പുറത്തെ മാംസപേശിയിൽനിന്നു വേർപെടുത്തിയെടുത്തു. തളർച്ചയോടെ, ഞരക്കത്തോടെ മടിയിൽവീണ മകനെ ആശ്ലേഷിച്ച് അമ്മ തേങ്ങി. കണ്ണീർപ്പെയ്ത്തിന്റെ നനവ് മുഖത്തുതട്ടിയപ്പോൾ മകൻ ഉണർന്നു.
കാലൻകോഴിയുടെ കൂവൽ അവസാനിക്കുമ്പോൾ അമ്മയും മകനും ദുർഗ്ഗയും കോട്ടവാതിൽ കടന്ന് കുന്നിന്റെ താഴ്വരയിലെത്തി. ദുർഗ്ഗയായിരുന്നു അവരുടെ വഴികാട്ടി. വേച്ചുവേച്ചു നടന്നുപോകുന്ന അവരെ കണ്ടവർ കൂവി ഒച്ചവച്ചു. ഏതോ ശക്തി കയറൂരിവിട്ടപോലെ സംഘം പെരുകിവന്നു. ഊരു വേട്ടയ്ക്ക് പുറപ്പെടുംപോലെ ആളുകൾ ഒത്തുചേർന്ന് അവരെപ്പൊതിഞ്ഞു. സര്വശക്തിയും സംഭരിച്ച് അമ്മയും മകനും ഓടി. കൂർത്ത കല്ലുകൾ, കുന്നുകൾ, കൈത്തോടുകൾ എല്ലാം താണ്ടി ദേശത്തിന്റെ അതിർത്തിയിലെത്തും മുമ്പേ സൂര്യന്റെ ആദ്യത്തെ രശ്മി കണ്ട് അവർ ആശ്വസിച്ചു.
ആർത്തിയോടെ വളർന്നു തിടംവെച്ച ഇഞ്ചക്കാടുകൾ അവരെ ഒളിപ്പിച്ചു. തൂക്കുചൂണ്ടയുടെ ആകൃതിയിൽ പനമ്പട്ടകൾക്കിടയിൽ തെളിയുന്ന സൂര്യൻ. നദിയിൽച്ചേരുന്ന കൊച്ചരുവിയുടെ മർമ്മരം പാറക്കെട്ടുകൾക്കിടയിൽ വളകിലുക്കമായി. അതിനുമപ്പുറം മലയിറങ്ങുന്ന നദി.
സാന്ദ്രമായ പ്രകാശത്തിൽ, ഞാവൽമരത്തിൽ ബന്ധിച്ചിരുന്ന തോണിയിലേക്ക് ആദ്യം അമ്മയും അവരുടെ കൈപിടിച്ച് മകനും ചാടി. മഹേന്ദ്രന്റെ പുറത്തെ മുറിവിൽനിന്നു വള്ളത്തിലേക്ക് തെറിച്ചുവീഴുന്ന കട്ടച്ചോര തടയാനായി കൈപ്പടം ചേർത്തുപിടിച്ചു അമ്മ. ചോരയുടെ ഉറവ കൈ വിരലുകൾക്കിടയിൽ ചാലിട്ടു.
സംഘം ഓടിയെത്തുംമുമ്പേ, പാമരത്തിന്റെ കയറഴിച്ച് തോണി തള്ളിവിട്ടു ദുർഗ്ഗ. വടക്കുനിന്നു ചീറിയടിക്കുന്ന മലങ്കാറ്റിൽ തോണി ഒഴുകി. സംഘത്തിന്റെ വാൾമുനയിൽ സൂര്യൻ തിളങ്ങി. പീലിവിടർത്തിയാടുന്ന മയിലിനെപ്പോലെ കാറ്റ് കുടഞ്ഞുവിറപ്പിച്ച തോണി നിമിഷങ്ങൾക്കകം ദേശാതിർത്തി പിന്നിട്ടുകഴിഞ്ഞിരുന്നു.
”നിങ്ങൾ ദേവിയെ ധിക്കരിച്ചു.” അലറിവിളിച്ച് കലിതുള്ളിയ സംഘം അടുത്ത ഇരയെ തേടി കുന്നുകയറിപ്പോകുന്നുണ്ടായിരുന്നു.
അമരത്തിലിരുന്ന് മഹേന്ദ്രൻ തുഴഞ്ഞു. തോണിയുടെ അണിയത്തേക്കുനോക്കി അമ്പരപ്പോടെ അമ്മ ചോദിച്ചു.
”അവള് കയറിയില്ലല്ലോ മോനേ? നമ്മുടെ കൂടെയുണ്ടായിരുന്ന ദുർഗ്ഗ.”
”ഏത് ദുർഗ്ഗ? അമ്മയ്ക്ക് തോന്നിയതാലും. ദുർഗ്ഗ നമ്മുടെ അമ്പലത്തിൽത്തന്നെയുണ്ടമ്മേ.”
***
(ഭഗവതി ക്ഷേത്രങ്ങളിൽ ഇപ്പോൾ നടക്കുന്ന ഗരുഡൻതൂക്കത്തിന്റെ പ്രാകൃത അനുഷ്ഠാനം നരബലിയായിരുന്നു. അതിന്റെ കറുത്ത അധ്യായത്തിൽനിന്ന് ഒരേട്.)